Connect with us

Career

Career Chandrika | അഭിരുചിയുണ്ടോ ആര്‍ക്കിടെക്ടാവാം; തിളങ്ങാന്‍ ‘നാറ്റ’

ഇത്തവണ ജൂണ്‍ 12, ജൂലായ് 3, ജൂലായ് 24 എന്നീ തീയതികളിലായി മൂന്ന് തവണകളിലാണ് ‘നാറ്റ’ നടക്കുന്നത്.

Published

on

പി ടി ഫിറോസ്‌

രൂപകല്‍പനയോട് അഭിനിവേശവും കലാകാരന്റെ ഭാവനയും ചിത്രരചനപാടവും ഒപ്പം ഗണിതശാസ്ത്രാഭിരുചിയുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന തിളക്കമാര്‍ന്ന കരിയര്‍ മേഖലയാണ് ആര്‍ക്കിടെക്ച്ചര്‍. അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.ആര്‍ക്ക് ബിരുദമുള്ളവര്‍ക്കാണ് ആര്‍ക്കിടെക്ട് ആയി ജോലി ചെയ്യാനാവുക. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചറിന്റെ നിയന്ത്രണത്തിലുള്ള 470ഓളമുള്ള സ്ഥാപനങ്ങളിലേതിലെങ്കിലും പ്രവേശനം നേടിയാണ് പഠനം പൂര്‍ത്തിയാക്കേണ്ടത്. ബി.ആര്‍ക്ക് പ്രവേശനം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ നടത്തുന്ന ഓണ്‍ലൈന്‍ അഭിരുചി പരീക്ഷയായ നാഷണല്‍ ആപ്റ്റിറ്റിയൂറ്റ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ച്ചര്‍ (‘നാറ്റ’) വഴിയാണ്.

ഇത്തവണ ജൂണ്‍ 12, ജൂലായ് 3, ജൂലായ് 24 എന്നീ തീയതികളിലായി മൂന്ന് തവണകളിലാണ് ‘നാറ്റ’ നടക്കുന്നത്. യഥാക്രമം മേയ് 23, ജൂണ്‍ 20, ജൂലായ് 11 എന്നിങ്ങനെയാണ് പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തിയതികള്‍. ഒന്നോ അതിലധികമോ പരീക്ഷ എഴുതാം. രണ്ട് പരീക്ഷകള്‍ എഴുതിയാല്‍ മെച്ചപ്പെട്ട സ്‌കോര്‍ പരിഗണിക്കും. മൂന്ന് പരീക്ഷകളുമെഴുതിയാല്‍ മെച്ചപ്പെട്ട രണ്ട് സ്‌കോറുകളുടെ ശരാശരിയാണെടുക്കുക. കേരളത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആദ്യ പരീക്ഷ തന്നെ എഴുതുന്നതാവും നല്ലത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവ പഠിച്ച് പ്ലസ്ടു വിജയിച്ചവര്‍ക്കും ഗണിതം ഒരു വിഷയമായെടുത്ത് ത്രിവത്സര ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. 2022ല്‍ പ്ലസ്ടു/ ഡിപ്ലോമ പൂര്‍ത്തിയാക്കുന്നവര്‍ക്കുമപേക്ഷിക്കാം. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് മൊത്തമായും പ്ലസ്ടു പരീക്ഷയില്‍ മൊത്തമായും 50 ശതമാനം മാര്‍ക്ക് വേണം. മള്‍ട്ടിപ്പിള്‍ ചോയ്‌സ്, മള്‍ട്ടിപ്പിള്‍ സെലക്ട്, പ്രീഫെറെന്‍ഷ്യല്‍ ചോയ്‌സ്, ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്പ്, മാച്ച് ദ ഫോളോയിങ് എന്നിങ്ങനെ രീതികളിലുള്ള ചോദ്യങ്ങളുണ്ടാവും.

3 മണിക്കൂര്‍ കൊണ്ട് ഉത്തരം എഴുതി തീര്‍ക്കേണ്ട 200 മാര്‍ക്കുകള്‍ക്കുള്ള 125 ചോദ്യങ്ങളാണുണ്ടാവുക. ചോദ്യങ്ങളുടെ നിലവാരമനുസരിച്ച് 1 മാര്‍ക്ക്, 2 മാര്‍ക്ക്, 3 മാര്‍ക്ക് എന്നിവ ലഭിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. അഖിലേന്ത്യാടിസ്ഥാനത്തില്‍ 3 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാം. ഇന്ത്യക്ക് പുറത്ത് ദുബൈ, മനാമ, ദോഹ, കുവൈത്ത്, മസ്‌കത്ത്, റിയാദ് എന്നിവിടങ്ങളിലടക്കം കേന്ദ്രങ്ങളിലുണ്ട്. ഒരു ടെസ്റ്റ് മാത്രമെഴുതുന്നുവര്‍ 2,000 രൂപയും രണ്ട് ടെസ്റ്റും എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ 4,000 രൂപയും മൂന്ന് ടെസ്റ്റുകളുമെഴുതാന്‍ 5,400 രൂപയും ഫീസടക്കണം. വിദേശ കേന്ദ്രങ്ങളിലിത് യഥാക്രമം 10,000, 20,000, 27,000 രൂപ വീതമാണ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.nata.in സന്ദര്‍ശിക്കാം. ‘നാറ്റ’ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന ബി.ആര്‍ക്ക് കോഴ്‌സിന് പ്രത്യേകമായി അപേക്ഷിക്കണം. കേരത്തിലെ ബി.ആര്‍ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരിക്കണം. ‘നാറ്റ’ സ്‌കോറിനും യോഗ്യതാ പരീക്ഷക്കും തുല്യപരിഗണന നല്കിയായിരിക്കും കേരളത്തിലെ ആര്‍ക്കിടെക്ച്ചര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

എന്നാല്‍ ‘നാറ്റ’ ബാധകല്ലാത്ത ചുരുക്കം ചില പ്രവേശനാവസരങ്ങളുമുണ്ട്. എന്‍ഐടികളിലെ ബി.ആര്‍ക്ക് പ്രവേശനത്തിന് ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഭാഗമായുള്ള അഭിരുചി പരീക്ഷയിലും ഐ.ഐ.ടികളിലെ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് യോഗ്യതയുള്ളവര്‍ക്കായി നടത്തുന്ന ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷയിലുമാണ് യോഗ്യത നേടേണ്ടത്. പ്ലസ്ടുവിന് ശേഷം സംയോജിത മാനേജ്‌മെന്റ് പ്രോഗ്രാമിന് ചേരാം.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഇന്‍ഡോര്‍ ഐ.ഐ.എം നടത്തുന്ന എം.ബി.എക്ക് തുല്യമായ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് കോഴ്‌സിന്റെ പ്രവേശനത്തിനായി ഇപ്പോള്‍ അപേക്ഷിക്കാം. 2020, 21 വര്‍ഷങ്ങളില്‍ പ്ലസ്ടു വിജയിച്ചവരോ ഈ വര്‍ഷം പരീക്ഷ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. ജൂലായ് 2 ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് മെയ് 21 നകം www.iimidr.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. കോഴിക്കോട്, തിരുവനന്തപുരം, ബെംഗളുരു, ചെന്നൈ അടക്കം 34 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയില്‍ മികവ് നേടുന്നവര്‍ക്ക് വ്യക്തിഗത അഭിമുഖവുമുണ്ടാവും. പഠന ചെലവ് അല്‍പം കൂടുതലാണെങ്കിലും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്ല നിലയിലുള്ള തൊഴില്‍ സാധ്യതകളുണ്ട്. 150 സീറ്റുകളാണാകെയുള്ളത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Career

career chandrika:പോളിടെക്‌നിക് കോളജുകള്‍ ശ്രദ്ധേയ സാധ്യതകളൊരുക്കുന്ന സ്ഥാപനങ്ങള്‍

പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം.

Published

on

പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം. പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോളിടെക്‌നിക്കുകളിലെ പഠന ശേഷം ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാര്‍ഥികള്‍ വേണ്ടത്ര പരിഗണിക്കുന്നത് കാണാറില്ല.

കേരള സര്‍ക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ റെയില്‍വേ, ബിഎച്ച്ഇഎല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ബിഎസ്എന്‍എല്‍, ഐടി കമ്പനികള്‍, നിര്‍മാണ, ഉദ്പാദന, മെയിന്റനന്‍സ് കമ്പനികള്‍ തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴിലവസരം നേടാവുന്നതാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റെഷന്‍ ബ്രാഞ്ചുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രായോഗിക തൊഴിലനുഭവങ്ങള്‍ കൂടി ആര്‍ജ്ജിച്ചെടുക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ നാടുകളിള്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാവും.

വിവിധ പഠനശാഖകള്‍ തിരഞ്ഞെടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറക്ക് അനുയോജ്യമായ ഹ്രസ്വകാല കോഴ്‌സുകളും മറ്റു പരിശീലനങ്ങളും നേടി തൊഴിലന്വേഷണത്തിന് വേണ്ട മുന്നൊരുക്കം നടത്താന്‍ പ്രത്യേകം ജാഗ്രത വേണം. നേരിട്ട് തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് പകരം നിബന്ധനകള്‍ക്ക് വിധേയമായി എന്‍ജിനീയറിങ് ബിരുദ കോഴ്‌സുകളിലെ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനമൊരുക്കുന്ന ലാറ്ററല്‍ എന്‍ട്രി, അസോസിയേറ്റ് മെമ്പര്‍ ഓഫ് ദി ഇസ്‌നറ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എഎംഐഇ) എന്നിവ വഴി ഉയര്‍ന്ന യോഗ്യതകള്‍ നേടി കുറേക്കൂടി മികച്ച ജോലികള്‍ നേടാനും ശ്രമിക്കാം. താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ മേഖലയില്‍ സംരഭകത്വവും പരിഗണിക്കാവുന്നതാണ്.

പത്താം തരം കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയിഡഡ്, സ്വാശ്രയ മേഖലകളിലായി നിലവിലുള്ള പോളിടെക്‌നിക്ക് കോളേജുകളില്‍ സിവില്‍. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, കെമിക്കല്‍, ബയോമെഡിക്കല്‍, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, പോളിമര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മന്റ്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ നിരവധി ബ്രാഞ്ചുകളിലായാണ് പഠനാവസരമുള്ളത്. കേള്‍വി പരിമിതരായ കുട്ടികള്‍ക്ക് മാത്രമായി കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയിറിംഗ് എന്നിവ പഠിക്കാന്‍ അവസരമുള്ള പോളിടെക്‌നിക്കുകളുമുണ്ട്. 2021 മുതല്‍ റോബോട്ടിക്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ ഫോറന്‍സിക്, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മേഖലയിലെ പഠനാവസരങ്ങള്‍ക്ക് പുറമെ ചില പോളിടെക്‌നിക്ക് കോളേജുകളില്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസസില്‍ ഡിപ്ലോമയുമുണ്ട്.

സാങ്കേതിക വിഭാഗത്തിലെ ഓരോ പ്രോഗ്രാമിലെയും 10 ശതമാനം സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. ഇതിനായി 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച പ്ലസ്ടു/ വിഎച്ച്എസ്ഇ, എന്‍സിവിടി/എസ്.സി.വി.ടി/കെജിസിഇ എന്നിവയിലേതെങ്കിലുമൊന്ന് പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.

എല്ലാ ബ്രാഞ്ചുകളും ഒരേ നിലവാരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നല്‍കുന്നതെന്ന തിരിച്ചറിവോടെ അവരവരുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും നോക്കി വിവേകത്തോടെ വേണം പഠനശാഖ തിരഞ്ഞെടുക്കാന്‍. ഓരോ ബ്രാഞ്ചും പഠിച്ചാലുള്ള തൊഴിലവസരങ്ങളും തുടര്‍ പഠന സാധ്യതകളും മനസ്സിലാക്കേണ്ടത്യാവശ്യമാണ്. ഉദാഹരണത്തിന് ആര്‍ക്കിടെക്ച്ചര്‍ ശാഖ തിരഞ്ഞെടുത്താല്‍ ലാറ്ററല്‍ എന്‍ട്രി വഴി ബി.ആര്‍ക്ക് കോഴ്‌സിന് പ്രവേശനം നേടാനാവില്ല എന്നതാദ്യമേ അറിയണം. സൈദ്ധാന്തികവും പ്രായോഗികവുമായ പഠനമേഖലകളില്‍ അവഗാഹം നേടുന്നതിനോടൊപ്പം ജോലി നേടാനാവശ്യമായ മത്സരപരീക്ഷകളിലെ മികവ് പുലര്‍ത്താനുള്ള തയ്യാറെടുപ്പ്, ആശയ വിനിമയ ശേഷി, ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലെ പരിജ്ഞാനം, നേതൃഗുണം എന്നിവയും പ്രധാനമാണെന്നത് മറക്കരുത്.

2022-23 വര്‍ഷത്തെ പ്രവേശന നടപടികള്‍ വിശദമാക്കുന്ന പ്രോസ്‌പെക്ടസ് www.polyadmission.org എന്ന വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പോളിടെക്‌നിക് കോളജിലും ലഭ്യമായ കോഴ്‌സുകളുടെ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ടാവും.

Continue Reading

Career

career chandrika:ബിരുദ പ്രവേശനം; സൂക്ഷ്മതയോടെ അപേക്ഷ സമര്‍പ്പിക്കാം

പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍.

Published

on

പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. കൂടുതല്‍ പേര്‍ ഉപരിപഠന മേഖലയായി തിരഞ്ഞെടുക്കാറുള്ളത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ തുടര്‍ പഠനാവസരങ്ങളാണ്. ഓട്ടണോമസ് കോളേജുകള്‍ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളുടെ പ്രവേശനത്തിന് അതത് സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത പ്രവേശന നടപടികള്‍ വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്. ഇതിനായി കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവേശന നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ്, കോളജ് എന്നിവ സംബന്ധിച്ച ധാരണ കൃത്യമായി ഉണ്ടാവേണ്ടതുണ്ട്. കോഴ്‌സുകളെയും കോളേജുകളെയും മുന്‍ഗണനാടിസ്ഥാനത്തില്‍ പട്ടികയുണ്ടാക്കിവേണം അപേക്ഷ സമര്‍പ്പിക്കാന്‍. സ്വാശ്രയ കോളേജുകളിലെയും മറ്റു കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലെയും പഠന സാധ്യതകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താരതമ്യേന ഉയര്‍ന്ന ഫീസ് വരുമെന്നത് ഓര്‍ക്കണം. പട്ടികയിലെ ആദ്യ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം തുടര്‍ ഓപ്ഷനുകള്‍ റദ്ദാവുന്നതിനാല്‍ മുന്‍ഗണനാക്രമം വളരെ പ്രധാനമാണെന്നത് മറക്കരുത്.

ഒരേ കോഴ്‌സ് തന്നെ വിവിധ കോളജുകളില്‍ പഠിക്കാനാവസരമുണ്ടെങ്കിലും നിലവാരമുള്ള കോളജുകള്‍ കണ്ടെത്താനും മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. അവരുവരുടെ വീടിനടുത്ത സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുക എന്നതിന് പകരം വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ പ്രവേശനത്തിനായി വെബ്‌സൈറ്റില്‍ കേന്ദ്രീകൃത അലോട്‌മെന്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രോസ്‌പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കണം. എയിഡഡ്, സ്വാശ്രയ കോളജുകളിലെ സമുദായ, മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ കേന്ദ്രീകൃത അലോട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം യൂണിവേഴ്‌സിറ്റികളുടെ നിബന്ധനകള്‍ക്കനുസൃതമായി കോളജുകളിലെ പ്രത്യേകം അപേക്ഷിക്കണം. കേരള, എംജി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളില്‍ കേന്ദ്രീകൃത അലോട്‌മെന്റ് വഴിയുള്ള ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലെ പ്രവേശനത്തിന് യഥാക്രമം https://admissions. kerala universtiy.ac.in/, https://cap. mgu.ac.in/, https://admission. uoc.ac.in/, https://admission. kannuruniverstiy. ac.in/ എന്നീ വെബ്‌സൈറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓട്ടണോമസില്‍ അപേക്ഷ വെവ്വേറെ

കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളില്‍ അഫിലിയേഷനുള്ള ഓട്ടണോമസ് കോളേജുകള്‍ അക്കാദമിക രംഗത്തും മറ്റു മേഖലകളിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ്. അക്കാദമിക സ്വയം ഭരണമുള്ളതുകൊണ്ടുതന്നെ കോഴ്‌സുകളിലെ പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ കൃത്യതയോടെയും സമയബന്ധിതമായും നടക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഓട്ടണോമസ് കോളജുകളില്‍ നടത്തപ്പെടുന്ന വിവിധ ബിരുദ, ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് സര്‍വകലാശാലകള്‍ക്ക് പകരം അതത് കോളജുകളില്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. മിക്ക ഓട്ടണോമാസ് കോളജുകളിലെയും പ്രവേശന നടപടികള്‍ വളരെ നേരത്തെത്തന്നെ ആരംഭിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത ഓട്ടണോമസ് കോളജുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. അതത് കോളജുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാലിക്കറ്റ് സര്‍വകലാശാല

ഫാറൂഖ് കോളജ് കോഴിക്കോട്
സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്
എം.ഇ.എസ് കോളജ് മമ്പാട്, മലപ്പുറം
െ്രെകസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് ജോസഫ്‌സ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് തോമസ് കോളജ്, തൃശൂര്‍
വിമല കോളേജ്, തൃശൂര്‍

മഹാത്മാഗാന്ധി സര്‍വകലാശാല

മഹാരാജാസ് കോളജ്, എറണാകുളം
സെന്റ് തെരേസാസ് കോളജ്, എറണാകുളം
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്
സേക്രഡ് ഹാര്‍ട്ട് കോളജ്, തേവര, എറണാകുളം
സെന്റ് ആല്‍ബര്‍ട്ട് കോളജ്, എറണാകുളം
മാര്‍ അത്തനോഷ്യസ് കോളജ്, കോതമംഗലം
അസംഷന്‍ കോളജ്, ചങ്ങനാശേരി
സി.എം.എസ് കോളജ്, കോട്ടയം
എസ്.ബി കോളജ്, ചങ്ങനാശേരി
മരിയന്‍ കോളജ്, കുട്ടിക്കാനം

കേരള സര്‍വകലാശാല

ഫാതിമ മാതാ നാഷണല്‍ കോളജ്, കൊല്ലം
മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം

Continue Reading

Career

career chandrika: ശാസ്ത്രം പഠിച്ചുയരാന്‍ ഐഎസിഎസില്‍ പ്രവേശനം നേടാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്.

Published

on

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ കൊല്‍ക്കത്തയിലെ ജാദവ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (ഐഎസിഎസ്) ശാസ്ത്ര ഗവേഷണ മേഖലയിലെ ഏറെ പഴക്കമുള്ള സ്ഥാപനമാണ്. പ്ലസ്ടു സയന്‍സ് വിഷയങ്ങളെടുത്ത് പഠിച്ചവര്‍ക്ക് ഈ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിനു ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ശാസ്ത്ര പഠന മേഖലയില്‍ നിലാവാരമുള്ള പഠന, ഗവേഷണ പരിശീലനത്തിന് അവസരമൊരുക്കുന്ന ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ ആധുനിക ഗവേഷണ മേഖലകളുമായി ഇടപെടാനാവസരം ലഭിക്കും.

അപ്ലൈഡ് & ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മെറ്റീരിയല്‍സ് സയന്‍സസ്, മാത്തമാറ്റിക്കല്‍ & കമ്പ്യൂട്ടേഷണല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിങ്ങനെ വിവിധ സ്‌കൂളുകളാണ് ഐഎസിഎസ്‌ന്റെ ഭാഗമായുള്ളത്. ആദ്യ മൂന്ന് സെമസ്റ്ററുകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‌സ്, ബയോളജി എന്നീ വിഷയങ്ങളിലെ അടിസ്ഥാന പാഠങ്ങളും നാലാം സെമസ്റ്റര്‍ മുതല്‍ സീറ്റു ലഭ്യതക്കും മറ്റു യോഗ്യതകള്‍ക്കുമനുസൃതമായി ഈ വിഷയങ്ങളിലേതെങ്കിലുമൊന്ന് മുഖ്യ വിഷയമായി തിരഞ്ഞെടുക്കാനുമവസരമുണ്ടാവും. ഏഴാം സെമസ്റ്റര്‍ മുതല്‍ ഗവേഷണത്തില്‍ പങ്കാളിത്തവുമുണ്ടാവും.
യുജി പ്രീ ഇന്റര്‍വ്യൂ സ്‌ക്രീനിങ്ങ് ടെസ്റ്റ് (യു.പി.എസ്.ടി) വഴി നടക്കുന്ന പ്രവേശനത്തിന് 2022ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്ക് ജൂണ്‍ 15 വരെ http://iacs.res.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജൂലായ് 9 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ 4 വിഷയങ്ങളില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും.

+2 വിന് 60% മാര്‍ക്ക് നേടുകയും പ്രവേശന പരീക്ഷയില്‍ മികവ് തെളിയിക്കുകയും ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂവിലെ പ്രകടനം കൂടി പരിഗണിച്ച് അഡ്മിഷന്‍ നല്‍കും. കെവിപിവൈ ഫെലോഷിപ്പ് ലഭിച്ചവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നാലാം വര്‍ഷത്തിലെത്തിയാല്‍ പ്രതിമാസ സ്‌റ്റൈപ്പന്റുമുണ്ടാവും.

‘സിഫ്‌നെറ്റി’ലെ കോഴ്‌സുകള്‍ക്ക് ജൂണ്‍ 20 വരെ അപേക്ഷിക്കാം

‘സിഫ്‌നെറ്റ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് നടത്തുന്ന നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (നോട്ടിക്കല്‍ സയന്‍സ്) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. മത്സ്യബന്ധന രീതികള്‍, നോട്ടിക്കല്‍ സയന്‍സ്, മത്സ്യബന്ധന ബോട്ടുകളുടെ പ്രവര്‍ത്തനം, പരിപാലനം എന്നിവയെക്കുറിച്ച ആഴത്തിലുള്ള അറിവ് പകരാന്‍ ഈ കോഴ്‌സ് സഹായകരമാവും.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്‌സ് മത്സ്യബന്ധന മേഖലയില്‍ വൈദഗ്ധ്യമുള്ള ആളുകളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അംഗീകാരമുണ്ട് 45 സീറ്റുകളാണുള്ളത്.ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 50 % മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഫലം കാത്തിരിക്കുന്നവര്‍ക്കുമപേക്ഷിക്കാം. ജൂലായ് രണ്ടിന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലടക്കം നടക്കുന്ന പ്രവേശന പരീക്ഷയിലെ പ്രകടനത്തിന്റെയും മറ്റു അക്കാദമിക മികവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

മാത്തമാറ്റിക്‌സിലും സയന്‍സിലും 40% മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്‌സുകള്‍ക്കപേക്ഷിക്കാം. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ എന്‍സിവിടി ക്രഫ്ട്മാന്‍ ട്രെയ്‌നിങ് സ്‌കീമിന്റെ ഭാഗമായാണ് നടത്തുന്നത്. സിഫ്‌നെറ്റ് കൊച്ചിക്ക് പുറമെ ചെന്നൈയിലും വിശാഖപട്ടണത്തും ഈ കോഴ്‌സുകളുണ്ട്. പ്രതിമാസം 1,500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ സ്‌റ്റൈപന്റോടെ പരിശീലനം ലഭിക്കും. യൂണിഫോമിനായി ഒറ്റത്തവണ അലവന്‍സായി 2,500 രൂപയും ലഭിക്കും. ജൂലായ് 16 നാണു പ്രവേശന പരീക്ഷ നടക്കുന്നത്.
എല്ലാ കോഴ്‌സുകളുടെയും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.cifnet.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഡയറക്ടര്‍, സിഫ്‌നറ്റ്, ഫൈന്‍ ആര്‍ട്‌സ് അവന്യു, കൊച്ചി, 682016 എന്ന വിലാസത്തില്‍ ജൂണ്‍ 20 നകം ലഭിക്കണം.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.