Connect with us

Video Stories

യു.ഡി.എഫ് മുക്ത കിനാശേരിക്കായി ഈ യുഗ്മ കലാപം

Published

on

പി.കെ സലാം

ചുളുവില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായാല്‍ പുളിക്കുമോ? അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും സഹോദരന്‍ അയ്യപ്പനും വി.ടി ഭട്ടതിരിപ്പാടിനും ശേഷം കേരളത്തിലെ സാമൂഹ്യ പരിഷകര്‍ത്താക്കളുടെ വംശം കുറ്റിയറ്റിരിക്കുമ്പോഴാണ് സുപ്രീംകോടതി വിധിക്ക് പിന്നാലെ സാമൂഹ്യപരിഷ്‌കര്‍ത്താവായി മുഖ്യമന്ത്രി അവതരിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനമോ? അത് സുപ്രീംകോടതി വിധിയാണ്, കോടതിയില്‍ പോയത് ഞങ്ങളല്ല, ഹിന്ദുമത പണ്ഡിതരുടെ കമ്മീഷനെ വെക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് എന്നിങ്ങനെ കൈ മലര്‍ത്തുന്ന പാര്‍ട്ടി പക്ഷെ കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രം മറ്റൊരു ഭാഗത്ത് ഉരുക്കഴിക്കുന്നുണ്ട്. സഹാദരന്‍ പന്തിഭോജനവും വില്ലുവണ്ടിയും ക്ഷേത്രപ്രവേശന വിളംബരവും മുലക്കരവുമെല്ലാം തരം പോലെ എടുത്തു വീശുന്നു. വത്സന്‍ തില്ലങ്കേരിയെ ശബരിമലയുടെ ബ്രാന്റ് അമ്പാസിഡറാകാന്‍ വിട്ടിട്ട് എല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്ന് സ്വപ്‌നം കാണുകയാണ് സി.പി.എം.
അന്നേ കഷ്ടത്തിലായിരുന്നു കേരളത്തിലെ ബി.ജെ.പി. മലപ്പുറം, വേങ്ങര, ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ട് കുത്തനെ ചോര്‍ന്നതിന്റെ ജാള്യം, കുമ്മനം രാജശേഖരനെ രായ്ക്കുരാമാനം നാടുകടത്തിയതിന്റെ വൈക്ലബ്യം, പരസ്പരം ശത്രു സംഹാര പൂജയുമായി രമേശ സുരേന്ദ്ര കൃഷ്ണദാസ് മുരളീധരനാദികള്‍. നിവൃത്തികെട്ട് പണ്ട് ഊരി വെച്ച കുപ്പായം പൊടി തട്ടിയെടുത്ത് പി.എസ്.(പത്ര സമ്മേളനം) ശ്രീധരന്‍ പിള്ളയെ വെട്ടിയൊട്ടിച്ചിട്ടും ചലനമറ്റ് കിടക്കുകയായിരുന്നു. അതിനും പുറമെയാണ് ശബരിമല യുവതീപ്രവേശനത്തിലെ പ്രതിസന്ധി. രാജ്യത്തൊട്ടാകെ സകല ഹിന്ദുക്കളെയും ജാതി ലിംഗ ഭേദമെന്യേ അമ്പലങ്ങളിലെത്തിച്ചാലേ വിദ്വേഷ രാഷ്ട്രീയം എളുപ്പമാകൂവെന്ന് തീരുമാനിച്ചുറച്ച ആര്‍.എസ്.എസ്. പെണ്ണുങ്ങള്‍ക്കായി അമ്പലങ്ങളെല്ലാം കുത്തിത്തുറപ്പിക്കാന്‍ കച്ച കെട്ടിയിരുന്നു. കേരളത്തിലെ അയ്യപ്പഭക്തര്‍ ആചാരത്തിന്റെ പേരില്‍ യുവതീ പ്രവേശനത്തെ എതിര്‍ത്തപ്പോഴെല്ലാം പശു മാര്‍ക്ക് ആര്‍.എസ്.എസ്. ഭക്തരെന്ന് പേരെടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനും രാജഗോപാലും കുമ്മനവുമെല്ലാം യുവതീപ്രവേശനത്തിനായി വാദിച്ചല്ലോ. വ്രതക്കാലം 14 ദിവസമാക്കണമെന്ന് കെ.സുരേന്ദ്രന്‍ നിര്‍ദേശിക്കുകയും ചെയ്തു. സഞ്ജയന്‍, മോഹന്‍ദാസ്, പരമേശ്വരന്‍ എന്നിങ്ങനെ ഏതാണ്ട് ബുദ്ധിയുള്ളവരെല്ലാം എഴുതിയതും പറഞ്ഞതും വായിച്ച് ഉല്‍ക്കണ്ഠപ്പെട്ടിരിക്കെയാണ് സുപ്രീംകോടതി വിധി വരുന്നത്. ഉടനെ ചാടി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഭക്ത സംഘടനകളെ സംഘ് നേതൃത്വം നേരിട്ട് വിളിച്ചു വിരട്ടിയത് രണ്ടു തവണയെന്നോര്‍ക്കുമ്പോഴാണ് സംഘ് പരിവാര പ്രതിസന്ധിയുടെ ആഴം ബോധ്യമാകൂ.
ഇന്ന് മുഖ്യമന്ത്രി കാട്ടുന്ന മുണ്ടന്‍ വാശിയൊന്നും സുപ്രീംകോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലില്ല. യുവതീപ്രവേശനം വേണ്ട എന്ന യു.ഡി.എഫിന്റെ സത്യവാങ്മൂലം പിന്‍വലിച്ചു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നു എന്നാല്‍ ഹിന്ദുമത പണ്ഡിതരോട് ചോദിച്ചിട്ടു മതിയെന്നാണ് കോടതിയോട് പറഞ്ഞത്. വര്‍ഷങ്ങളായി നില്‍ക്കുന്ന ആചാരങ്ങള്‍ ലംഘിക്കേണ്ട എന്നു തന്നെയാണ് സഖാവ് പത്മകുമാറിന്റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡിന്റെ പക്ഷം.
കോടതി വിധി വന്നു. നടപ്പാക്കാന്‍ സ്വാഭാവികമായും പ്രയാസമുണ്ട്. എന്തു ചെയ്യണം? അല്‍പ്പം സാവകാശം ചോദിച്ചാലോ, സര്‍വ കക്ഷി യോഗം വിളിച്ച് ആലോചിച്ചാലോ, ഉചിതമായ തീരുമാനം എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് വിട്ടാലോ, തന്ത്രി, പന്തളം രാജകുടുംബം, ദേവസ്വം ബോര്‍ഡ് കൂടിയാലോചന നടത്തിയാലോ, വിശ്വാസികളുടെ വികാരം ഒന്നു കൂടി കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലോ…..ജനങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും അതു വഴി വികാരത്തെയും ബാധിക്കുന്ന വിഷയത്തില്‍ അവധാനത സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചു. പകരം കേട്ടത് പതിവ് ധാര്‍ഷ്ട്യം. സര്‍വകക്ഷിയോഗവും കോടതിയില്‍ സാവകാശം ചോദിക്കലുമൊന്നും ഇരട്ടച്ചങ്കുള്ളോര്‍ക്ക് പറഞ്ഞതല്ല. 56 ഇഞ്ച് വീതിയുള്ള നെഞ്ചും ഇരട്ടച്ചങ്കുമൊന്നുമല്ല ഭരണാധികാരിക്ക് വേണ്ടത് ജനമനസ്സ് വായിക്കാനുള്ള ഹൃദയമാണ്. വിധി വന്ന ഉടനെ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കില്‍ ബി.ജെ.പി.യെ അവരുടെ പ്രതിസന്ധിയില്‍ തളച്ചിടാന്‍ കഴിയുമായിരുന്നു.
ഹിന്ദു മത പണ്ഡിതരുടെ കമ്മീഷനെ നിയോഗിക്കണമെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചില്ലെന്നിരിക്കെ, വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ആവുന്നത് ചെയ്തുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ മുറിവ് കൂടുതല്‍ വലുതാക്കാനായിരിക്കാം കുറെ ആക്ടീവിസ്റ്റുകളെ പതിനെട്ടാംപടി കയറ്റാന്‍ ശ്രമിച്ചത്. ആക്ടീവിസ്റ്റുകള്‍ വരേണ്ട എന്ന് ദേവസ്വം മന്ത്രി പറഞ്ഞത് വൈകിയാണ്. ത്രിപ്തി ദേശായിയെ തിരിച്ചയക്കുകയും ചെയ്തു.
ദേശീയ പാതയോരത്ത് മദ്യഷാപ്പു പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചപ്പോള്‍ എല്ലാ ദേശീയ പാതയും പഞ്ചായത്ത് നിരത്തായി പ്രഖ്യാപിച്ച് വിധിയെ പരിഹാസ്യമാക്കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രിക്ക് രാഷ്ട്രീയോപദേശം നല്‍കുന്നതാകട്ടെ ഇഷ്ടമില്ലാത്ത വിധി പ്രഖ്യാപിച്ച ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചായാളാണ്. എന്നു മുതലാണ് സി.പി.എമ്മിന് കോടതി വിധിയോട് ഇത്ര മമതയുണ്ടായതെന്ന് ആരും ചോദിച്ചുപോകും. ഭരണഘടനയിലെ സ്ത്രീപുരുഷ സമത്വത്തിനൊപ്പമാണ് സി.പി.എമ്മെങ്കില്‍ എന്തിന് ഹിന്ദുമത പണ്ഡിതരുടെ കമ്മീഷന്‍? ഈ നിര്‍ദേശം വഴി ശബരിലയിലെ യുവതീപ്രവേശനം കേവല ലിംഗസമത്വ പ്രശ്‌നമല്ല, വിശ്വാസ വിഷയം കൂടിയാണെന്ന് സമ്മതിക്കുന്നു. പോര്‍മുഖത്ത് നില്‍ക്കുന്ന സി.പി.എമ്മിന് ഇപ്പോഴിത് ലിംഗ സമത്വ വിഷയം മാത്രമാണ്.
നേരത്തെ ചെയ്യാമായിരുന്ന ചിലത് വൈകി ചെയ്യുകയുമുണ്ടായി. സര്‍വകക്ഷിയോഗം , ആക്ടീവിസ്റ്റുകളെ നിരാകരിക്കല്‍, സാവകാശം ചോദിച്ച ഹരജി. ഇത് കാണുന്ന ആര്‍ക്കും ഇതിന് പിന്നില്‍ ചിലത് സംശയിക്കാതിരിക്കുകയില്ല. പിണറായി വിജയനും പി.എസ്.ശ്രീധരന്‍ പിള്ളയും അതിന് സാക്ഷ്യപത്രം ഹാജരാക്കുകയും ചെയ്തു. ‘യു.ഡി.എഫ്. മുകത കേരളം’ അതാണ് ഇരുവരുടെയും ലക്ഷ്യം. ഇത് സുവര്‍ണാവസരമാണെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള പ്രവചിക്കുന്നു- സംഘര്‍ഷം ഒഴിയുമ്പോള്‍ കേരളത്തില്‍ ബി.ജെ.പി.യും സി.പി.എമ്മുമേ ഉണ്ടാവൂവെന്ന്. കോണ്‍ഗ്രസ് നേതാക്കളുടെ കോണകവാല്‍ തിരയുന്ന സി.പി.എം. നേതാക്കളും പ്രത്യാശിക്കുന്നത് അതു തന്നെയാണ്. സി.പി.എമ്മിലേക്ക് ആരും വരുമെന്ന് പ്രത്യാശിക്കാത്തതിനാലാണ് ഇവിടെ ഇത്തിരിയെങ്കിലും യാഥാര്‍ഥ്യബോധം കാണാവുന്നത്.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ചുതന്നെയാണ് 1977ല്‍ വാജ്‌പേയിയെയും അഡ്വാനിയെയും കേന്ദ്രമന്ത്രിമാരാക്കിയതും വി.പി.സിംഗിന്റെ തോളത്ത് ചേര്‍ന്ന് നിന്ന് സംഘ്പരിവാറിനൊപ്പം അത്താഴ വിരുന്നൂട്ടിയതും. ഇന്ത്യയിലെ ഉദാരജനാധിപത്യ മതേതര ദേശീയ ചിന്താഗതിക്കാരുടെ സ്വാഭാവിക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജാതിമതവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് പലേടത്തും പതറിയിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും ഇതേ തന്ത്രം സി.പി.എം. പയറ്റിയപ്പോള്‍ കയറി വന്നത് ബി.ജെ.പി.യാണ്. കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കിയിട്ടും നിലം തൊടാനാവാതെ നില്‍ക്കുന്ന ബംഗാളില്‍ നിന്ന് സി.പി.എമ്മിനുള്ള പാഠം എന്താണ്? രണ്ടു കൂട്ടരുടെയും ലക്ഷ്യം കോണ്‍ഗ്രസും യു.ഡി.എഫുമാണ്. അക്രമവും കലാപവും കൊലവിളിയും സംഘര്‍ഷവും മനുഷ്യരെ ഭയപ്പെടുത്തും. സംഘര്‍ഷത്തിലേര്‍പെടുന്ന രണ്ടിലൊരു വിഭാഗത്തില്‍ ചേര്‍ന്നില്ലെങ്കില്‍ ഹാനിയുണ്ടാകുമെന്ന തോന്നലുണ്ടാക്കും. സി.പി.എമ്മും ബി.ജെ.പി.യും ഏര്‍പെട്ടിരിക്കുന്ന പരസ്പര സഹായകമെന്ന് പ്രതീക്ഷിക്കുന്ന വ്യാജ പോരാട്ടത്തിലാണ്. ബി.ജെ.പി.യെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്ന പാര്‍ട്ടിയെന്ന പ്രതിഛായ മതി കേരള ഭരണം നിലനിര്‍ത്താനെന്ന് സി.പി.എമ്മും ഇവരോട് അവരുടെ ഭാഷയില്‍ കൊമ്പ് കോര്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിച്ചാല്‍ മതി രക്ഷക്കെന്ന് ബി.ജെ.പി.യും കരുതുന്നു.
എന്നാല്‍ രാജ്യം മറ്റൊരുയര്‍ത്തെഴുന്നേല്‍പ്പിലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ബി.ജെ.പി.യിതര പാര്‍ട്ടികള്‍ അനിവാര്യമായ യോജിപ്പിന് കോപ്പു കൂട്ടുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്, രാഹുല്‍ ഗാന്ധിയാണ്. കേരളം അത് കാണുന്നുണ്ട്. ഇത് കേരളമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.