Connect with us

Video Stories

ഈസ് നോട്ട് കിംഗ്

Published

on

‘പ്രസിഡന്റെന്നാല്‍ രാജാവല്ല. എത്ര പ്രഗത്ഭനാണ് പ്രസിഡന്റെങ്കിലും ചിലപ്പോള്‍ അബദ്ധങ്ങള്‍ ചെയ്യും. അത് ന്യായാധിപനായാലും’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട കേസില്‍ വിധി പറയുമ്പോഴാണ് ജസ്റ്റിസ് കെ.എംജോസഫ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കോട്ടയം അതിരമ്പുഴ കുറ്റിയില്‍ മാത്യു മകന്‍ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രം തള്ളിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. സുപ്രീംകോടതി അഭിഭാഷയായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് കഴിഞ്ഞ ജനുവരിയില്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശക്കുമേല്‍ ഇത്ര കാലം അടയിരുന്നു. ഇന്ദു മല്‍ഹോത്രയെ ജസ്റ്റിസായി നിയമിച്ചും ജോസഫിന്റേത് പുനഃപരിശോധിക്കാനഭ്യര്‍ഥിച്ചും കേന്ദ്രം ഉത്തരവായത് നാട് പ്രതീക്ഷിക്കായ്കയല്ലെങ്കിലും പരിചിതമല്ലാത്തതിനാല്‍ ചെറിയ വൈക്ലബ്യം. പതിവായാല്‍ പ്രശ്‌നമല്ലാതാകും എന്നേ മോദി- അമിത്ഷാജിക്കാലത്ത് പറയാനൊക്കൂ.
കേന്ദ്രത്തിന് പറയാന്‍ എമ്പാടും കാര്യങ്ങളുണ്ട്. ജോസഫ് മലയാളിയാണ്. കേരളക്കരയില്‍ നിന്ന് സ്വയമ്പന്‍ കുര്യന്‍ ജോസഫ് ഇപ്പൊത്തന്നെ സുപ്രീംകോടതി ജസ്റ്റിസായുണ്ട്. പ്രാദേശിക സന്തുലിതത്വം. ദലിത് വിഭാഗത്തിനുള്ള പ്രാതിനിധ്യം ഉറപ്പാക്കണമെന്ന കാര്യവും കേന്ദ്രത്തിന് ബോധ്യമുണ്ട്. ഏതാനും മാസങ്ങളായി കൊളീജയത്തിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയല്ലാത്ത മിക്കവരും അസ്വസ്ഥരാണെന്ന് വ്യക്തമാക്കിയതാണ്. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിന്റെ അടയിരുപ്പിനെ മാത്രമല്ല, ഇതിനുമേല്‍ ചീഫ് ജസ്റ്റിസിന്റെ അര്‍ഥഗര്‍ഭമായ മൗനത്തെയും ചോദ്യം ചെയ്യുകയുണ്ടായി. ഇനിയും മൗനം ദീക്ഷിച്ചാല്‍ ചരിത്രം മാപ്പു തരില്ലെന്ന് ഇവര്‍ പറഞ്ഞത് കൊളീജിയം ശിപാര്‍ശ നടപ്പാക്കാത്തതിനെച്ചൊല്ലിയാണെങ്കില്‍ ശിപാര്‍ശ ഭാഗികമായി തള്ളിയ കേന്ദ്രത്തെ പിന്തുണച്ചിരിക്കുകയാണിപ്പോള്‍ ദീപക് മിശ്ര.
കാര്യം എല്ലാര്‍ക്കും വ്യക്തമായിട്ടുണ്ട്. ഹൈക്കോടതിയിലായാലും എവിടെയായാലും ബി.ജെ.പി ആഗ്രഹിക്കുന്നതു പോലെ വിധി നല്‍കിയില്ലെങ്കില്‍ ഒന്നും ഹിതകരമായിരിക്കില്ല. ജസ്റ്റിസ് ലോയ മറ്റൊരു ചൂണ്ടുപലകയാണ്. കള്ളച്ചൂതും കുതികാല്‍വെട്ടും കൈമുതലാക്കിയ കൗരവ സംഘം അരിയിട്ട് വാഴ്ച നടത്തുകയാണ്. വഴങ്ങാത്തവര്‍ അല്‍പമെങ്കിലും ബാക്കിയുള്ളത് കോടതികളിലാണ്. എല്ലാവരും അനുസരണശീലത്തിലെത്താത്തതിനാല്‍ ആളും തരവും നോക്കി കേസ് നീക്കിക്കൊടുക്കുകയെന്നതാണ് നടപ്പു രീതി. മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്, അതു പാടില്ല. ആയിരത്താണ്ടു പാരമ്പര്യമുള്ള രാജ്യത്തിന്റെ നീതിദേവതയെ അത്രമേല്‍ വ്യഭിചരിക്കരുത് എന്ന് വിളിച്ചു പറയുകയായിരുന്നല്ലോ നാല് മുതിര്‍ന്ന ജഡ്ജിമാര്‍. അവരിലൊരാള്‍ ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വരേണ്ടതാണ്, നടപ്പു രീതിയനുസരിച്ചാണെങ്കില്‍.
2016ലായിരുന്നു ഉത്തരാഖണ്ഡ് വിധി. സുപ്രീംകോടതി ആ വിധിയെ അംഗീകരിക്കുകയും ചെയ്തു. ആയിടെ തന്നെ കെ.എം ജോസഫിനെ ഹൈദ്രബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തതാണ്. കേന്ദ്ര സര്‍ക്കാര്‍ അനങ്ങിയില്ല. അതിന് ശേഷം സുപ്രീംകോടതിയിലേക്ക് നിയമിക്കാന്‍ ജസ്റ്റിസ് ഠാക്കൂറിന്റെ കാലത്ത് പട്ടികയില്‍ വന്നെങ്കിലും പിന്നാലെ വന്ന കെഹാര്‍ വെട്ടി. കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അതൃപ്തി രേഖാമൂലം അറിയിച്ചതാണ്. കൊളീജിയത്തിന്റെ ശിപാര്‍ശ സമ്പ്രദായത്തില്‍ പൂര്‍ണ തൃപ്തനല്ല ജസ്റ്റിസ് ചെലമേശ്വര്‍. കാരണം ശിപാര്‍ശ വൈകിയതിനാല്‍ ചീഫ് ജസ്റ്റിസാകാന്‍ കഴിയാതെ വിരമിക്കേണ്ടിവരുന്നയാളാണദ്ദേഹം. ഇക്കണക്കിന് പോയാല്‍ രണ്ടു വര്‍ഷം കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിക്കേണ്ടിവരുന്ന കെ.എം ജോസഫിന് ഇപ്പോള്‍ പരമോന്നത കോടതിയില്‍ നിയമിതനായാല്‍ അഞ്ചു വര്‍ഷം തുടരാം.
അച്ഛന്‍ ഇരുന്ന കസേരയില്‍ ഒന്നിരിക്കാമെന്നേ കെ.എം ജോസഫിന് മോഹമുണ്ടാകൂ. സുപ്രീംകോടതി ജസ്റ്റിസും അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.കെ മാത്യുവിന്റെയും അമ്മിണി തരകന്റെയും ഈ മകന്‍ ഡല്‍ഹിയിലേയും കൊച്ചിയിലേയും കേന്ദ്രീയ വിദ്യാലയം കഴിഞ്ഞ് ചെന്നൈ ലയോള കോളജിലും പിന്നീട് എറണാകുളം ലോ കോളജിലും ചേര്‍ന്ന് പഠിച്ച് അഭിഭാഷകനായി. ഡല്‍ഹിയിലായിരുന്നു അഭിഭാഷക വൃത്തിക്ക് തുടക്കം കുറിച്ചതെങ്കിലും അടുത്ത വര്‍ഷം തന്നെ കൊച്ചിയിലേക്ക് പറിച്ചുനട്ടു. സിവില്‍, ഭരണഘടന, റിട്ട് ഹര്‍ജികള്‍ എന്നിവയിലാണ് ശ്രദ്ധേയനായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് നിയമനം. ഒമ്പതു വര്‍ഷം കേരള ഹൈക്കോടതിയിലിരുന്ന് വിവാദമായി ഒട്ടേറെ കേസുകളില്‍ വിധി പറഞ്ഞ ജോസഫിനെ 2014ലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേരളത്തിലെ സ്വാശ്രയ കേസുകള്‍ കേട്ട അദ്ദേഹം വേമ്പനാട്ട് കായലിലെ അനധികൃത റിസോര്‍ട്ട് നിശ്ശേഷം പൊളിക്കാന്‍ വിധിച്ചു.
ഉത്തരാഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിയാല്‍ മുണ്ടും ഷര്‍ട്ടുമിട്ട് സൈക്കിളില്‍ സഞ്ചരിക്കാന്‍ മടിക്കാത്ത ജോസഫ് മിടുക്കനാണെന്ന് ദീപക് മിശ്രയുടെ കൊളീജിയം സാക്ഷ്യം വഹിച്ചതാണ്. അപ്പഴാണ് ജോസഫ് മലയാളിയാണ് സീനിയോറിറ്റിയില്‍ നാല്പത്തിരണ്ടാമനാണ് എന്നെല്ലാം വിശദീകരിക്കുന്നത്. കൊളീജിയത്തിന് ഒന്നേ അറിയൂ.- സുപ്രീംകോടതി ജസ്റ്റിസാകാന്‍ യോഗ്യനാണ്. കേന്ദ്രത്തിന് ബോധ്യമാകാത്തതും അതാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.