Connect with us

Video Stories

ഇന്ധനവില വര്‍ധനവില്‍ കണ്ണു തുറക്കാത്തതെന്ത്?

Published

on

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ കണ്ണുംപൂട്ടിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ നിസ്സംഗതയാണ് തുടരുന്നത്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് പൊതുജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്; കാലവര്‍ഷക്കെടുതിയുടെ ആഴക്കയത്തില്‍നിന്നു അതിജീവനം തേടുന്ന കേരളത്തില്‍ പ്രത്യേകിച്ചും. ഇക്കണക്കിന് വില വര്‍ധനവ് തുടരുകയാണെങ്കില്‍ ഒന്നര മാസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില നൂറു രൂപയിലെത്തുമെന്ന കാര്യം തീര്‍ച്ച. ആഗസ്റ്റ് മൂന്നു മുതല്‍ ഇതുവരെ പെട്രോള്‍ ലിറ്ററിന് 3.04 രൂപയും ഡീസലിന് ലിറ്ററിന് 3.68 രൂപയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ പത്തു രൂപയിലധികം ഇന്ധന വില ഉയര്‍ന്നു. ഒറ്റയടിക്ക് വിലവര്‍ധിക്കുമ്പോഴുള്ള പ്രതിഷേധം ഒഴിവാക്കാന്‍ എണ്ണക്കമ്പനികള്‍ കണ്ടെത്തിയ സൂത്രമാണ് ദൈനംദിനമുള്ള വിലക്കയറ്റം. ചെറിയ തോതിലുള്ള വിലക്കയറ്റത്തിലൂടെ ഒരു വര്‍ഷംകൊണ്ട് വര്‍ധിപ്പിക്കേണ്ടതിന്റെ പതിന്മടങ്ങ് വര്‍ധിപ്പിക്കുന്ന ഈ തീവെട്ടിക്കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലക്കയറ്റമാണ് രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്നു ന്യായീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ക്രൂഡോയിലിനു വിലക്കുറവുള്ള ഘട്ടത്തിലും പകല്‍ക്കൊള്ള തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ക്രൂഡോയില്‍ വിലയെ പഴിചാരിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അമേരിക്കയുടെ വിദേശ നയമാണ് ഇന്ത്യയിലെ ഇന്ധന വിലക്കു കാരണമെന്നു ഗവേഷണം നടത്തി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്!
അടിക്കടിയുള്ള ഇന്ധന വില വര്‍ധനവിനു കാരണം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഉത്പാദനക്കുറവാണെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രണ്ടാഴ്ച മുമ്പ് പറഞ്ഞത്. ക്രൂഡോയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ധനവും രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതായി മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുടെ വികല നയങ്ങളാണ് ഇന്ധന വിലക്കു കാണമെന്ന പുതിയ അവകാശവാദവുമായാണ് കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കയുടെ വികല നയങ്ങള്‍മൂലം വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞുവെന്നും ഇന്ത്യന്‍ രൂപക്കും തകര്‍ച്ച നേരിട്ടുവെന്നും ഇതാണ് ഇന്ധനവില കുതിച്ചുയരാന്‍ കാരണമെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എണ്ണ കമ്പനികളുടെ വില വര്‍ധനവ് തടഞ്ഞുവച്ച അതേ മന്ത്രിയാണ് പൊള്ളയായ വാദങ്ങളുമായി എണ്ണക്കമ്പനികളുടെ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം മുതല്‍ എണ്ണവില വീണ്ടും ക്രമാതീതമായി വര്‍ധിപ്പിക്കുന്നതാണ് കാണുന്നത്. വില നിയന്ത്രണാധികാരം നഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ ഇംഗിതത്തിനൊപ്പം നില്‍ക്കുന്ന എണ്ണക്കമ്പനികളെ പിടിച്ചുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ മനസുവെക്കാത്തതിന്റെ സാംഗത്യമാണ് മനസിലാകാത്തത്. പൊതുജനങ്ങളെ ഇത്രമേല്‍ പ്രയാസത്തിലാക്കുന്ന ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിയാളിയാല്‍ മാത്രമേ ഇന്ധനവില വര്‍ധനവിന് ഇനി കൂച്ചുവിലങ്ങിടാനാകുകയുള്ളൂവെന്ന കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്.
സ്വകാര്യ പെട്രോളിയം കമ്പനികളെ സഹായിക്കുന്ന തരത്തിലുള്ള നയമാണ് എന്‍.ഡി.എ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. ക്രൂഡോയില്‍ വിലയിടിയുമ്പോഴെല്ലാം എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നിഷേധിക്കുകയും ഖജനാവില്‍ മുതല്‍ക്കൂട്ടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഏറെ പ്രതികൂലമായാണ് ബാധിക്കുന്നത്. അധിക നികുതിയായി ലഭിക്കുന്ന ഒരു രൂപ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇത് തെല്ലും ആശ്വാസത്തിനു വക നല്‍കുന്നതല്ല. വിലക്കയറ്റം ഉള്‍പ്പെടെ ജനങ്ങള്‍ ഇക്കാരണത്താല്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് തീരുവ ലിറ്ററിന് 11 രൂപ 48 പൈസ ആയിരുന്നത് നിലവില്‍ 19 രൂപ 48 പൈസയാണ്. 69 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഡീസലിന്റെ കേന്ദ്ര നികുതി 4 രൂപ 46 പൈസ ആയിരുന്നത് ഇന്ന് 15 രൂപ 33 പൈസയാണ്. അതായത് 243 ശതമാനം വര്‍ധന. ക്രൂഡോയിലിന്റെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയുടെ നിശ്ചിത ശതമാനമാണ് നികുതിയായി ചുമത്തുന്നത്. അതുകൊണ്ടു തന്നെ പെട്രോളിയം ഉത്പനങ്ങള്‍ക്ക് ഉണ്ടാകുന്ന വില വര്‍ധനവിന് ആനുപാതികമായി നികുതി ഉയരുകയും ചെയ്യും.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 9.20 രൂപയായിരുന്നു. ഇത് 2018 ജനുവരി ആയപ്പോഴേക്കും 19.48 രൂപയായാണ് ഉയര്‍ത്തിയത്. ഡീസലിന്റെ എക്‌സൈസ് നികുതിയാകട്ടെ 3.46 രൂപയില്‍ നിന്നും 15.33 രൂപയാക്കുകയും ചെയ്തു. 2014ല്‍ ക്രൂഡോയിലിന്റെ വില ബാരലിന് 106 ഡോളര്‍ ആയിരുന്നത് 2018ല്‍ 61 ഡോളറായി കുറയുകയാണ് ചെയ്തത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരുന്ന ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിന് എന്തു ന്യായമാണുള്ളത്? പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കുന്നതിനാണ് വില ഭീമമായി ഉയര്‍ത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. പെട്രോളിയം കമ്പനികളുടെ കൊള്ളയും കേന്ദ്ര സര്‍ക്കാറിന്റെ നികുതിയുംകൂടി ചേര്‍ന്നപ്പോള്‍ ഇന്ധനവില കത്തിയാളി എന്നതാണ് സത്യം.
പതിനാലാം ധനകാര്യ കമ്മിഷന്റെ തീര്‍പ്പുപ്രകാരം ആദായനികുതിയുടെയും എക്‌സൈസ് ഡ്യൂട്ടിയുടെയും നാല്‍പതു ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ കൗശലപൂര്‍വമാണ് ഇക്കാര്യം കൈകാര്യം ചെയ്തുവരുന്നത്. എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചാല്‍ വരുമാനം സംസ്ഥാനവുമായി പങ്കുവെക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് കേന്ദ്രം പലപ്പോഴും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി തുടങ്ങിയ നികുതികളാണ് വര്‍ധിപ്പിക്കുന്നത്. ഈ നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രചോദിതം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായി ഉയര്‍ത്തി. അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ടു രൂപയില്‍ നിന്നു ആറു രൂപയായി ഉയര്‍ത്തി. സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് ആറു രൂപയില്‍ നിന്നു ഏഴു രൂപയായി ഉയര്‍ത്തി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന നികുതികളല്ല. എക്‌സൈസ് നികുതിക്കു പുറമെ എണ്ണക്കമ്പനികളില്‍നിന്നുള്ള ഇന്‍കംടാക്‌സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്, ലാഭ വിഹിതം എല്ലാംകൂടി കണക്കാക്കിയാല്‍ കഴിഞ്ഞ വര്‍ഷം 61,032 കോടി രൂപയാണ് കേന്ദ്രസര്‍ക്കാറിനു ലഭിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ഈ ഇനത്തില്‍ പൂജ്യമാണ് വരുമാനം എന്നതാണ് വസ്തുത. എണ്ണക്കമ്പനികളുടെ ലാഭവും അതിന്മേലുള്ള നികുതിയും വിഹിതവുമെല്ലാം വര്‍ധിപ്പിക്കുമ്പോള്‍ ഒറ്റവര്‍ഷം കൊണ്ട് 12,000 കോടിയുടെ വര്‍ധനവാണ് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നത്. ഇത് പലവിധേന സാധാരണക്കാരുടെ പിരടിയില്‍ വലിയ ഭാരമായി പതിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഇനിയും മൗനം തുടര്‍ന്നാല്‍ എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാറും തടിച്ചുകൊഴുക്കുകയും രാജ്യത്തെ ജനങ്ങള്‍ മെലിഞ്ഞുണങ്ങി പട്ടിണിയിലാവുകയും ചെയ്യും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.