Connect with us

Video Stories

ലജ്ജിക്കട്ടെ കേരളവും സര്‍ക്കാരും

Published

on

സാമൂഹിക രംഗത്ത് പുരോഗമനപരമായ ഒട്ടേറെ സൂചികകള്‍ ചൂണ്ടിക്കാട്ടി പലപ്പോഴും നാം മലയാളികള്‍ ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ അഹമ്മതിക്കാറുണ്ട്. അതിലൊന്നാണ് സ്ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും കാര്യത്തില്‍ നാം പൊതുവില്‍ കാട്ടുന്ന സന്മനോഭാവം. മാറുമറയ്ക്കലിനും സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീസുരക്ഷക്കുമൊക്കെ കേരളത്തിന് സവിശേഷമായ നേട്ടപ്പട്ടികകളുണ്ട്. എന്നാല്‍ അടുത്ത കാലത്തായി നാം കണ്ടുവരുന്ന പുതിയ ചില പ്രവണതകള്‍ ഇക്കാര്യത്തില്‍ വലിയ അഹങ്കാരത്തിനൊന്നും നമുക്ക് വക നല്‍കുന്നില്ല. അവയില്‍ ചിലതാണ് ഏപ്രില്‍ പതിനെട്ടിനും കഴിഞ്ഞ വെള്ളിയാഴ്ചയുമായി നാടിനെയാകെ നാണംകെടുത്തിയ എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസും പയ്യന്നൂരിലെ കുട്ടിക്കു നേരെയുണ്ടായ മാനഭംഗശ്രമവും. ഇവ്വിഷയങ്ങളില്‍ ഉത്തര-പശ്ചിമ സംസ്ഥാനങ്ങളുടെ പാതയിലാണോ കേരളവുമെന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് കേരളീയ സമൂഹവും നമ്മുടെ പൊലീസ് സേനയും സര്‍ക്കാരും. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ സിനിമാതിയേറ്ററില്‍വെച്ച് യുവതിയെയും ഏഴു വയസ്സുള്ള അവരുടെ മകളെയും മാനഭംഗപ്പെടുത്തിയ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയും പയ്യന്നൂരില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മാനഭംഗത്തിന് ശ്രമിച്ച പ്രതിയും സ്വാമി വിവേകാനന്ദന്‍ മുമ്പ് വിശേഷിപ്പിച്ച ഭ്രാന്താലയത്തിന്റെ അവസ്ഥയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് വേണം നിഗമിക്കാന്‍. ജനുവരിയില്‍ ജമ്മുകശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ബി.ജെ.പി നേതാവും പൊലീസുകാരുമടക്കം എട്ടു പേര്‍ ചേര്‍ന്ന് ക്ഷേത്ര പരിസരത്തുവെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊന്ന സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷമാണ് ആ രാക്ഷസീയത നാടും ലോകവുമറിഞ്ഞത്. അത്രത്തോളമെത്തിയില്ലെങ്കിലും ശനിയാഴ്ച പുറത്തുവന്ന കേരളത്തിലെ ഇരട്ടസംഭവങ്ങള്‍ ഓരോ മലയാളിയുടെയും, അവരെവിടെയായിരുന്നാലും, അഭിമാനബോധത്തെ അലകടല്‍സമാനം ഉലയ്ക്കുന്നു.
സ്വര്‍ണം, വെള്ളി വ്യാപാരം നടത്തിവരുന്ന, പത്തോളം വാടകമുറികളുടെ ഉടമസ്ഥനായ, അത്യാവശ്യം രാഷ്ട്രീയ സ്വാധീനത്തിന് പ്രാപ്തനായ വ്യക്തിയാണ് ‘സ്വര്‍ണക്കുട്ടി’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന മൊയ്തീന്‍ കുട്ടി. ഇയാളുടെ കാമാര്‍ത്തിയില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടിയുടെയും അമ്മയുടെയും മാനവും അഭിമാനവും ആരോഗ്യവും ആത്മവിശ്വാസവും മാത്രമല്ല, ജീവിതം തന്നെ തുലഞ്ഞില്ലാതായി. അതിലുമേറെ ഞെട്ടിപ്പിക്കുന്നത് കുട്ടിയുടെ മാതാവ് തന്നെയാണ് സ്വന്തം കുഞ്ഞിനെ ഈ കാമക്കശ്മലന്റെ ലൈംഗിക കേളികള്‍ക്ക് വിട്ടുകൊടുത്തത് എന്ന വിവരമാണ്. സമ്പത്തും സ്വാധീനവുമുണ്ടെങ്കില്‍ ഒരുവിധ ധാര്‍മികതയും മൂല്യവും നിയമവും ബാധകമല്ലെന്ന് വന്നിരിക്കുന്ന കാലഘട്ടമാണിത്. മുമ്പും ഇതൊക്കെ ഇങ്ങനെതന്നെയായിരുന്നെങ്കിലും ജനാധിപത്യ സംവിധാനത്തിനകത്ത് ഇത്തരം കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍ നടന്നു എന്നതാണ് അഭിമാനബോധമുള്ളവരെ അലട്ടുന്ന പ്രശ്‌നം. അതിലുമേറെയാണ് ഒരു സര്‍ക്കാരും പൊലീസും ഇതു സംബന്ധിച്ച പരാതിയില്‍ കൈക്കൊണ്ട അഴകൊഴമ്പന്‍ നിലപാട്. അമ്പത്തെട്ടുകാരനായ പ്രതിയും യുവതിയും പൊലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തിയ നിലക്ക് ഇക്കാര്യത്തില്‍ ഇനി ഇവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം അനുവദിച്ചിരിക്കുന്ന പരമാവധി ശിക്ഷ വാങ്ങികൊടുക്കുകയാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്. എന്നാല്‍ അവിടെമാത്രം നിലക്കുന്നില്ല കേരളീയ പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെയും ഉത്തരവാദിത്തം. ഇത്തരം നീചകൃത്യം നിര്‍വഹിക്കാന്‍ എങ്ങനെ കേരളം പോലൊരു സ്ഥലത്ത് പ്രതിക്ക് ധൈര്യം വന്നു എന്നതാണ് ഓരോരുത്തരും ആലോചിച്ച് പരിഹാരം കാണേണ്ടത്. സാമൂഹികവശാല്‍ പകല്‍മാന്യന്മാരുടെ കൂത്തരങ്ങാണ് കേരളമെന്ന് പരക്കെയുള്ള ആക്ഷേപമാണ്. കത്വയിലെ എട്ടു വയസ്സുകാരിയുടെ പീഡനത്തില്‍ വേദനിച്ച വ്യക്തിയാണത്രെ ഈ മൊയ്തീന്‍കുട്ടി. പുരോഗമന ചിന്തയുടെ കാര്യത്തില്‍ മലയാളി എത്ര മുമ്പിലാണെന്നാലും ലൈംഗികതയുടെ കാര്യത്തില്‍ അവനും, ചില ഘട്ടത്തില്‍ അവളും, എത്രമാത്രം അധമരാണ് എന്നതിന് സൂര്യനെല്ലി മുതല്‍ എടപ്പാള്‍ വരെയുള്ള കേസുകള്‍ തെളിവാണ്. എടപ്പാളിലെ യുവതി പ്രതിയെ രക്ഷിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള മൊഴിയാണ് ആദ്യം കൊടുത്തത്. ഇതിനായി ഇവര്‍ പണം കൈപ്പറ്റിയെന്നുവരെ പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് 25ന് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം തിയേറ്റര്‍ അധികാരികള്‍ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കിയെങ്കിലും പൊലീസിന് അനങ്ങാന്‍ ടി.വിചാനല്‍ വാര്‍ത്ത വേണ്ടിവന്നു. ഈ രാഷ്ട്രീയ നേതൃത്വമാണ് ബി.ജെ.പിയുടെ കശ്മീര്‍ പൊലീസിനെതിരെ രംഗത്തുവന്നതെന്നത് കൗതുകകരമായിരിക്കുന്നു. മാതൃദിനത്തില്‍ മാതാവിന്റെ വിശുദ്ധ പദവിയെ പല്ലിളിച്ചുകാട്ടുന്നതായിരിക്കുന്നു ഇവരുടെ പെരുമാറ്റം. പയ്യന്നൂരില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും പ്രതിയെ പിടികൂടാന്‍ പൊലീസിനും ഇടതുപക്ഷ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഭാഗ്യത്തിന് മാത്രമാണ് അവള്‍ വലിയൊരു ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. തിയേറ്റര്‍ ജീവനക്കാരുടെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും ജാഗ്രത ഇല്ലായിരുന്നെങ്കില്‍ എടപ്പാള്‍ കേസ് തേച്ചുമായ്ച്ചുകളഞ്ഞേനേ. ഇവര്‍ക്കെതിരെ കള്ളക്കേസ് ചാര്‍ത്താനും ശ്രമമുണ്ടത്രെ. മലപ്പുറത്തെ മന്ത്രി താനിടപെട്ടിട്ടില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ഓഫീസിന്റെയും മറ്റും പങ്കാളിത്തം സംശയ നിഴലിലാണ്. മൊയ്തീന്‍കുട്ടിക്കെതിരെ ചുമത്തിയ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പലതും ദുര്‍ബലമാണ് എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വരാപ്പുഴ ശ്രീജിത് കസ്റ്റഡി മരണക്കേസിലേതുപോലെ ഇതും ഇല്ലാതാക്കാനാണ് അധികൃതരുടെ ഒത്താശയോടെ ശ്രമം നടക്കുന്നത്.
അടുത്ത കാലത്തായി ബി.ബി.സി പുറത്തുവിട്ടൊരു സര്‍വേ പ്രകാരം മണിക്കൂറില്‍ നാല് കുട്ടികള്‍ നമ്മുടെ രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. പൊതുവെ ബലഹീന, ഇപ്പോള്‍ ഗര്‍ഭിണിയും എന്ന വിശേഷണമാണ് നമ്മുടെ പൊലീസ് സേനയുടെ കാര്യത്തില്‍ ഇപ്പോള്‍ യോജിക്കുക. വരാപ്പുഴയില്‍ പ്രതിയെ തല്ലിക്കൊല്ലുന്ന കേരള പൊലീസിന് അനിവാര്യമായി നിറവേറ്റേണ്ട ചുമതല പോലും കയ്യൊഴിയുന്ന അനുഭവമാണ് എടപ്പാളിലും പയ്യന്നൂരിലും കണ്ടത്. പൊലീസ് സേനയുടെ കാര്യമാകട്ടെ, ആന കയറിയ കരിമ്പിന്‍തോട്ടംപോലെയും. പൊലീസ് മേധാവിയുടെ ഇണ്ടാസുകള്‍ക്ക് പുല്ലുവില കല്‍പിക്കുന്ന സേനാംഗങ്ങള്‍, അര്‍ധരാത്രിയും പകലുമെന്നുവേണ്ട ഏതുസമയത്തും പിടിച്ചുകൊണ്ടുപോയി കൊല്ലുന്ന കീഴുദ്യോഗസ്ഥര്‍, അവര്‍ക്ക് ഒത്താശ ചെയ്യുന്ന മൂന്നും നാലും കിട ഏമാന്മാര്‍, ഒന്നുകില്‍ കളരിക്കുപുറത്ത്, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്ന കണക്കിന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊലീസിന്റെ തലവന് മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിര്‍രാഷ്ട്രീയക്കാര്‍ക്കുമെതിരെ പ്രസംഗിച്ചുകൊണ്ടിരിക്കാനേ നേരമുള്ളൂ. പൊലീസിന് വീര്യം കുറയുമെന്ന് ഭയന്ന് രണ്ട് മാവോയിസ്റ്റുകളുടെ കൊലയെ ന്യായീകരിച്ച മുഖ്യമന്ത്രി, പൊലീസ് രക്തസാക്ഷികളെ ആദരിക്കുന്നതിനെയും ചുകന്നകൊടിപിടിക്കുന്നതിനെയും ന്യായീകരിക്കുന്നു. കേരളത്തിന് പരമ്പരാഗതമായുണ്ടായിരുന്ന പൊലീസ് മഹിമയുടെ തലപ്പാവിനുപകരം പഴയ ഇടി കുട്ടന്‍പിള്ളയുടെ പൊലീസാക്കി മാറ്റിയതിന് ഇടതുപക്ഷസര്‍ക്കാരിന് ‘അഭിമാനിക്കാം’. അത് പക്ഷേ കേരളീയ പൊതുമന:സാക്ഷിയുടെ നേര്‍ചിത്രമാകുമെന്ന് ധരിച്ചുപോകരുത്. ഇതുപോലൊരു നാറിയ പൊലീസ്ഭരണം കേരളമിതുവരെ കണ്ടിട്ടില്ല. എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്ത, ധാര്‍ഷ്ട്യവും ദുരഭിമാനവും തലക്കുപിടിച്ചുവരുടെ കീഴില്‍ ഇതിലപ്പുറം നടക്കാത്തതുതന്നെ ഭാഗ്യമെന്ന് കരുതാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.