Connect with us

Video Stories

ചാക്കുകൊണ്ട് വേണ്ട വോട്ടുപിടുത്തം

Published

on


കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കവെ ബി.ജെ.പിഅതിന്റെ തനിനിറം പരമാവധി പുറത്തെടുത്തിരിക്കുകയാണിപ്പോള്‍. ആ പാര്‍ട്ടിയുടെ 2019ലെ അവസാനബസ്സിലേക്ക് ആളുകളെ വാരിവലിച്ച് തിരുകിക്കയറ്റാന്‍ നേതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രതിപക്ഷത്തെ രണ്ടും മൂന്നുംനിര നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇതിനായി അവര്‍ സമീപിക്കുന്നത്. സ്വന്തമായി വികസനത്തിന്റെയോ ക്ഷേമത്തിന്റെയോ ഭരണനേട്ടങ്ങളോ ക്രമസമാധാനരംഗത്തെ ഭദ്രതയോ പോലും അവകാശപ്പെടാനില്ലാതെ മൂക്കറ്റം അഴിമതിയിലും കെടുകാര്യസ്ഥതയിലും പൊതുമുതല്‍ കൊള്ളയിലും അഭിരമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയിലെ നേതാക്കളാണ് ഏത്രനിലവാരം വരെ താണും വളഞ്ഞവഴിയിലൂടെ ഭരണത്തില്‍ തുടരാമെന്ന് വ്യാമോഹിക്കുന്നത്. അടുത്തിടെ കര്‍ണാടകത്തിലും മുമ്പ് ഗുജറാത്തിലും പയറ്റിയ അതേതന്ത്രംതന്നെയാണ് ഇപ്പോള്‍ ഏതാണ്ടെല്ലാ സംസ്ഥാനത്തുമായി ബി.ജെ.പി വ്യാപിപ്പിച്ചിരിക്കുന്നത്. ഭരണസ്വാധീനം, അതിനുവഴങ്ങിയില്ലെങ്കില്‍ പണം, അതുമല്ലെങ്കില്‍ ഭീഷണി എന്നിവയാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കുനേരെ പാര്‍ട്ടിക്കാരും ഭരണക്കാരും ചേര്‍ന്ന് പുറത്തെടുത്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഏതാനും രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഈ കെണിയില്‍ വീണുപോകുന്നുണ്ടെന്നതിന് ഉദാഹരണമാണ് ഏതാനും ദിവസമായി നാം കേട്ടുകൊണ്ടിരിക്കുന്ന ചില നേതാക്കളുടെ രാഷ്ട്രീയ മറുകണ്ടംചാട്ടങ്ങള്‍.
തെരഞ്ഞെടുപ്പ്തീയതികളും പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കുകയും അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ സംവിധാനവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴുമാണ് ദിനേനയെന്നോണം ബി.ജെ.പി നേതാക്കള്‍ ഓരോ കുട്ടിനേതാക്കളുടെ കൈയുംപിടിച്ച് വാര്‍ത്താലേഖകര്‍ക്കുമുമ്പിലെത്തുന്നത്. അതിലൊന്നാണ് വ്യാഴാഴ്ച കോണ്‍ഗ്രസ് വിട്ട്പുറത്തുവന്ന ടോം വടക്കന്റെ പരകായപ്രവേശം. വടക്കനെ ബി.ജെ.പി വക്താവ് രവിശങ്കര്‍പ്രസാദാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വലിയ നേട്ടമായി അവതരിപ്പിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തിയതായി പ്രഖ്യാപിച്ചത്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയെയും കൂട്ടി വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പി വക്താവ് ഇതൊരു റിഹേഴ്‌സല്‍ മാത്രമാണന്നും വലുത് വരാനിരിക്കുന്നുവെന്നും പറഞ്ഞ് മഹാകാര്യം നേടിയെന്ന രീതിയിലാണ് വടക്കനെ ചേര്‍ത്തുനിര്‍ത്തി പാര്‍ട്ടി അംഗത്വം നല്‍കുന്നതായി പ്രഖ്യാപിച്ചത്.
യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ‘ആയാ റാം-ഗയാ റാം’ കാലുമാറ്റ രാഷ്ട്രീയത്തിന്റെ തനിസ്വരൂപം ദൃശ്യമായത് 2017 ജൂലൈയിലെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് അവിടെനിന്ന് പാര്‍ട്ടി അധ്യക്ഷനെയും കേന്ദ്രമന്ത്രി സ്മൃതിഇറാനിയെയും വിജയിപ്പിക്കാനും കോണ്‍ഗ്രസ്‌നേതാവ് അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനും കോണ്‍ഗ്രസിന്റെ അമ്പതോളം എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉരുളക്കുപ്പേരി പോലുള്ള നടപടി മൂലമായിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലെ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയെയും ബി.ജെ.പി റാഞ്ചി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹം മോദിയെ പ്രശംസിച്ചാണ് മറുകണ്ടം ചാടിയത്. സി.പി.എം സ്വതന്ത്ര എം.എല്‍.എയായിരുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും നേരത്തെ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. ത്രിപുരയിലും പശ്ചിമബംഗാളിലും കൂട്ടത്തോടെയാണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ എം.എല്‍.എമാരെ റാഞ്ചി സംസ്ഥാനഭരണം പിടിക്കാന്‍ ബി.ജെ.പിയും അമിത്ഷാ -മോദി നേതൃത്വവും അടുത്തിടെ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അവരെ നിരാശരാക്കി രണ്ടുപേരെ മാത്രമാണ് കിട്ടിയത്. പണം കൊടുത്താണ് ഇവരെ സ്വാധീനിച്ചതെന്നാണ് വിവരം. പാലക്കാട്ട് ഏക ബി.ജെ.പി നഗരസഭാഭരണം പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഒരു കൗണ്‍സിലര്‍ക്ക് ലക്ഷങ്ങള്‍ കോഴകൊടുത്ത് രാജിവെപ്പിച്ച് യു.ഡി.എഫിന്റെ അംഗസംഖ്യ കുറച്ച നാണംകെട്ടചെയ്തി കാട്ടിയതും ഇതേ ബി.ജെ.പി ആയിരുന്നു. ഇതേ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നാനൂറിലധികം ഭൂരിപക്ഷത്തിന് വിജയിപ്പിച്ച് ജനം പകരംവീട്ടിയത് ഇക്കൂട്ടര്‍ക്ക് പാഠമാകുമോ? ഹരിയാനയിലെ 1996ലെ സ്വതന്ത്രഎം.പി അരവിന്ദ് ശര്‍മയെ ബി.ജെ.പി വാങ്ങിയത് കഴിഞ്ഞദിവസമാണ്. ഇതിന് ചെലവാക്കുന്ന പണത്തിന്റെ ഉറവിടം തുറന്നുകാട്ടപ്പെടണം.
കോണ്‍ഗ്രസിന്റെയോ ഇതരപാര്‍ട്ടികളുടെയോ നാമമാത്രരായ നേതാക്കന്മാരെ ബി.ജെ.പി റാഞ്ചുന്നതുകൊണ്ട് ആ പാര്‍ട്ടികള്‍ക്ക് കാര്യമായൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ലെന്നുമാത്രമല്ല, ആദര്‍ശം തൊട്ടുതീണ്ടാത്ത ഇത്തരം അധികാരമോഹികളെവെച്ച് ഒരു വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണ ്‌സത്യം. മതേതരപാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെപോലുള്ള തീവ്രവര്‍ഗീയകക്ഷിയിലേക്ക് ചേക്കേറിയ ആളുടെ മതേതരബോധം പ്രത്യേകിച്ച് പരിശോധിക്കേണ്ടതില്ല. സത്യത്തില്‍ ടോംവടക്കനെ പോലുള്ള കോണ്‍ഗ്രസ് വക്താവിനെ ചാക്കിലാക്കുക വഴി ബി.ജെ.പി ഉന്നംവെക്കുന്നത് അദ്ദേഹത്തിലൂടെ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുമെന്നല്ല, മറിച്ച് കോണ്‍ഗ്രസിന് അതുവഴി മാനസികമായ തിരിച്ചടി നല്‍കുകമാത്രമായിരിക്കണം ഈ തിരഞ്ഞെടുപ്പുവേളയിലെ ഗൂഢോദ്ദേശ്യം. ഒരു പഞ്ചായത്ത് വാര്‍ഡില്‍പോലും ജയിക്കാന്‍ സാധിക്കാത്തയാള്‍ക്ക് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ പാര്‍ലമെന്റ് സീറ്റ് വേണമെന്ന് പറയുന്നതിലെ അനൗചിത്യം ഊഹിക്കാനെളുപ്പം.
തെരഞ്ഞെടുപ്പു കഴിയുന്നതിനുമുമ്പ് പരമാവധിപേരെ ചാക്കിട്ടുപിടിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് തിരിച്ചടി നല്‍കാമെന്ന് കണക്കൂകൂട്ടുന്ന ബി.ജെ.പിക്ക് സത്യത്തില്‍ സംഭവിക്കുന്നത് അവരുടെതന്നെ സ്വന്തം ആദര്‍ശചോഷണമാണ്. വര്‍ഗീയതയും സമ്പത്തും പറഞ്ഞ് ആളെ കൊന്നും കൊലവിളിച്ചും മുന്നേറുന്ന പാര്‍ട്ടിക്ക് അതുപോലെ പ്രവര്‍ത്തിക്കാന്‍ ആളെ സമാഹരിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ അല്‍പന്മാര്‍ തന്നെയാണ് അതിന് അനുയോജ്യര്‍. അധികാരത്തിലിരിക്കുമ്പോള്‍ സ്വന്തം സംഘടനയുടെ സ്വാദ് ആവോളം നുകര്‍ന്നശേഷം അതില്ലാത്തപ്പോള്‍ കളംമാറുന്ന ഭൈമീകാമുകരുടെ രാഷ്ട്രീയം പൊതുരംഗത്തിന് തന്നെ തീരാകളങ്കമാണ്. അതിന് പ്രേരിപ്പിക്കുന്നതും ചുക്കാന്‍ പിടിക്കുന്നതും രാജ്യംഭരിക്കുന്ന നേതൃത്വമാണ് എന്നതിനെ മാത്രമേ ഭയപ്പെടാനുള്ളൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.