Connect with us

Video Stories

ഭീകരതയെ വേരോടെ പിഴുതെറിയണം

Published

on


ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ധീരനിലപാട് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്നതാണ്. എതിര്‍വാദങ്ങളുന്നയിക്കാതെ ചൈനയെ മാറ്റിനിര്‍ത്തി മസൂദിനെ ആഗോള ഭീകര പട്ടികയില്‍പെടുത്തിയത് കാലങ്ങളായി രാജ്യം തുടരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയംകൂടിയാണ്. യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച പ്രതിരോധത്തില്‍ ചൈനക്കും മസൂദിനും പത്തിമടക്കാനായതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ ‘എട്ടുകാലി മമ്മുഞ്ഞി’ ചമയുന്നത് നാണക്കേടാണ്. ഏറെക്കാലമായി ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യം നിര്‍ണായക ഘട്ടത്തില്‍ തന്നെ ചൈന തിരിച്ചറിഞ്ഞിത് ശ്ലാഘനീയമാണ്. പ്രത്യേകിച്ച്, ആഗോള ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി കൈക്കോര്‍ക്കുന്ന സങ്കീര്‍ണമായ സാഹചര്യത്തില്‍. ഇന്ത്യയിലേക്ക് എത്തുന്നതിനു മുമ്പുതന്നെ ഇന്ത്യന്‍ മണ്ണില്‍ ചോര വീഴ്ത്തുന്നതിനുള്ള കണക്കുകൂട്ടലില്‍ വ്യാപൃതനായിരിക്കെ മസൂദിനെ പ്രതിരോധത്തിലാഴ്ത്താനായത് ഭീകരവാദികള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്. പാര്‍ലമെന്റ് മുതല്‍ പുല്‍വാമ സ്‌ഫോടനം വരെ രാജ്യം ഭീതിയോടെ കേട്ട ഭീകരവാദിയെ പിടിച്ചുകെട്ടും വരെ പതറാത്ത പോരാട്ടമാണ് വേണ്ടത്. ഇവ്വിഷയം പ്രചാരണായുധമാക്കി കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഗിമ്മിക്കു കളിക്കാനാണ് കേന്ദ്ര സര്‍ക്കാറിനു താല്‍പര്യം. ഇതില്‍ നിന്നുതന്നെ ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന്റെ ആത്മാര്‍ത്ഥത എത്രമാത്രമാണെന്നു മനസിലാക്കാവുന്നതാണ്.
1968ല്‍ പാകിസ്താനിലെ ബഹാവല്‍പ്പൂരില്‍ ജനിച്ച മസൂദ് അസ്ഹര്‍ മുപ്പതു വയസിനു മുമ്പ് ഇന്ത്യയെ ചുട്ടുചാമ്പലാക്കുമെന്ന വീരവാദമുയര്‍ത്തിയാണ് ഭീകരവാദിയായത്. മനസിലെ സ്വപ്‌നം പൂവണിയിക്കാനായി 1994 ജനുവരിയില്‍ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടിന്റെ മറവില്‍ ഇന്ത്യയില്‍ കാലുകുത്തുകയും ചെയ്തു. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഫെബ്രുവരിയില്‍തന്നെ മസൂദ് അസ്ഹര്‍ കശ്മീരില്‍ സൈന്യത്തിന്റെ പിടിയിലായി. കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്ന നിരോധിത സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന മസൂദ്, കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് ആഗോള പദ്ധതിയാണ് തയാറാക്കിയത്. ബ്രിട്ടന്‍, ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി മസൂദ് അസ്ഹര്‍ ഇവിടങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടനില്‍ നിന്ന് തുടക്കത്തില്‍ 15 ലക്ഷത്തോളം പാകിസ്താന്‍ രൂപ സമാഹരിച്ചെങ്കിലും സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കാര്യമായ സാമ്പത്തിക സഹായം ലഭിച്ചില്ല എന്നതാണ് പരമാര്‍ത്ഥം. 1992 ഒക്ടോബറിലാണ് ബ്രിട്ടനിലെത്തിയത്. പിന്നീട് ആഗോളതലത്തില്‍ തലയെടുപ്പുള്ള ഭീകരവാദിയായി പരിണമിക്കുന്നതാണ് മസൂദിന്റെ ജീവചരിത്രം. 2000ല്‍ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനക്ക് രൂപം നല്‍കി ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിന് മൂര്‍ച്ച കൂട്ടുകയും ചെയ്തു. പിന്നീട് ഓരോ വര്‍ഷം കഴിയുംതോറും ജെയ്‌ഷെ മുഹമ്മദ് ഇന്ത്യക്ക് ഭീഷണി വിതച്ചുകൊണ്ടിരിക്കുകയായിരുന്നു. മസൂദ് അസ്ഹര്‍ എന്ന ഭീകരനും അദ്ദേഹത്തിന്റെ സംഘടനകളും ഇന്ത്യന്‍ സുരക്ഷാസേനകള്‍ക്ക് നിരന്തരം തലവേദനയുണ്ടാക്കുന്നത് വാര്‍ത്തകളില്‍ നിറയുന്ന കാലമാണ് തൊണ്ണൂറുകള്‍. അവിടം മുതല്‍ ഇവിടം വരെയുള്ള കാലഘട്ടങ്ങളില്‍ ഇത് ശക്തമായതല്ലാതെ തെല്ലും വീര്യം കുറഞ്ഞിട്ടില്ലെന്നു പുല്‍വാമ ഭീകരാക്രമണം തെളിയിക്കുന്നുണ്ട്.
2001ലാണ് ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ ആദ്യത്തെ ഭീകരാക്രമണം നടത്തുന്നത്. അതേ വര്‍ഷം രണ്ടു ഭീകരാക്രമണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രണ്ടു ചോരപ്പുഴകളും ചെന്നു ചേരുന്നത് മസൂദ് അസ്ഹറിന്റെ മടിത്തട്ടിലേക്കു തന്നെയായിരുന്നു. ഒക്ടോബറില്‍ കശ്മീര്‍ നിയമസഭക്കു നേരെയും ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയും നടത്തിയ ആക്രമണങ്ങള്‍ ചരിത്രത്തിനു മറക്കാനാവില്ല. പിന്നീട് 2002ല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിയല്‍ പേളിനെ അസ്ഹറിന്റെ അനുയായികള്‍ തട്ടിക്കൊണ്ടുപോയി അമേരിക്കയുടെ നോട്ടപ്പുള്ളിയാവുകയും അതോടെ ലോകത്തിന്റെ മുമ്പില്‍ വില്ലാളി വീരനായ ഭീകവാദിയായി മുദ്രചാര്‍ത്തപ്പെടുകയും ചെയ്തു. 2008ല്‍ മുംബൈ ഭീകരാക്രമണത്തിലൂടെയും 2016ലെ പത്താന്‍കോട്ട് ആക്രമണത്തിലൂടെയും ഇന്ത്യയെ വിറപ്പിക്കാന്‍ അസ്ഹറിനു കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വളര്‍ച്ചയും പാകിസ്താന്റെ പിന്തുണയും വ്യക്തമാക്കുന്നതാണ്. എന്നാല്‍ മസൂദിനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും പാകിസ്താന്‍ കൂട്ടാക്കിയില്ല എന്നതാണ് ഖേദകരമായ വസ്തുത. ഇക്കാരണത്താല്‍ തന്നെ പല സമയങ്ങളിലും പാകിസ്താനോട് ഇന്ത്യക്ക് പ്രകോപനമായി പെരുമാറേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളാക്കുന്നതിലെ മുഖ്യ സൂത്രധാരനാണ് മസൂദ് അസ്ഹര്‍ എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ലെന്നര്‍ത്ഥം. അസ്ഹറിനെതിരെ ആഗോള തലത്തില്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്ത്യ നിരന്തരം മുന്നോട്ടുവരാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെയാണ്. പാകിസ്താനൊപ്പം ചൈനയും ചേര്‍ന്ന് പാലും തേനും നല്‍കിയതാണ് ഇന്ത്യക്കെതിരെ ഉഗ്രരൂപം പൂണ്ട് ഉറഞ്ഞുതുള്ളാന്‍ ധൈര്യമായത് എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. യു.എന്നില്‍ ഇതുസംബന്ധമായി ചൂടേറിയ ചര്‍ച്ച നടക്കുമ്പോഴെല്ലാം പാകിസ്താനൊപ്പംചേര്‍ന്ന് എതിര്‍വാദങ്ങളുന്നയിക്കുകയായിരുന്നു ഇത്രയും കാലം ചൈന. നാലു തവണയാണ് മസൂദ് അസ്ഹറിനെതിരായ നീക്കങ്ങളെ ചൈന എതിര്‍ത്തത്. എന്നാല്‍ ഇന്ത്യയുടെയും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെയും ശക്തമായ സമ്മര്‍ദങ്ങള്‍ ചൈനയെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
യു.എന്‍ രക്ഷാസമിതിയുടെ അല്‍ഖാഇദ ഉപരോധ സമിതിയാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇതോടെ മസൂദിന്റെ സ്വത്ത് മരവിപ്പിക്കുകയും വിദേശ യാത്രകള്‍ വിലക്കുകയും ചെയ്യുകയാണ്. മസൂദിന്റെ ആയുധക്കടത്തിനും യു.എന്‍ വിലക്കുവച്ചിരിക്കുകയാണ്. 2017 നവംബര്‍ 27ന് പാകിസ്താനിലെ ഒകാറ ജില്ലയില്‍ ചേര്‍ന്ന ജെയ്‌ഷെയുടെ സമ്മേളനത്തില്‍ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധം തുടരുമെന്നായിരുന്നു ജെയ്‌ഷെ മുഹമ്മദിന്റെ പ്രതിജ്ഞ. ഇന്ത്യ-പാകിസ്താന്‍ സൗഹൃദമോ ഉഭയകക്ഷി വ്യാപാരമോ ‘ജിഹാദി’ന് അന്ത്യം കുറിക്കില്ല എന്നതായിരുന്നു ജെയ്‌ഷെ മുഹമ്മദിന്റെ പ്രഖ്യാപനം. നൂറുകണക്കിന് യുവാക്കള്‍ ഇതനായി ജീവത്യാഗം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും മസൂദ് അസ്ഹര്‍ വീമ്പു പറഞ്ഞിരുന്നു. പിന്നീട് 2018 ഫെബ്രുവരിയില്‍ ജെയ്‌ഷെയുടെ യോഗത്തിനു ശേഷം ജമ്മുകശ്മീരിലെ സുഞ്ജുവന്‍ സേനാതാവളത്തില്‍ ചാവേറാക്രമണം നടത്തിയ ജെയ്‌ഷെ അഞ്ചു ഉദ്യോഗസ്ഥരെ വധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് പുല്‍വാമയിലെ ഭീകരവാദത്തിന് പദ്ധതിയിട്ടത്. പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇന്ത്യയോടൊപ്പം ലോകരാഷ്ട്രങ്ങള്‍ നെഞ്ചുറപ്പോടെ നിലയുറപ്പിച്ചാല്‍ പാകിസ്താന്റെയും പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ആഗോള ഭീകരവാദത്തെയും തുടച്ചുനീക്കാനാവും. ഇതിനായുള്ള പുതുപുലരിക്ക് പ്രതീക്ഷ പകരുന്നതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കിയുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പ്രഖ്യാപനം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.