Connect with us

Video Stories

പകപോക്കലിന്റെ ടു.ജി പാഠം

Published

on

രണ്ടാം യു.പി.എ സര്‍ക്കാറിനുമേല്‍ കരിനിഴലായി പതിച്ച ടു.ജി സ്‌പെക്ട്രം അഴിമതി ആരോപണ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ്. ജനാധിപത്യ ഭരണ സംവിധാനത്തിനും ഉന്നത ഭരണാധികാരികള്‍ക്കുമെതിരെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്ന കാട്ടുനീതിയെ പൊളിച്ചടുക്കുന്നതാണ് പാട്യാല കോടതി വിധി.

സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെയും കുറ്റക്കാരനായി കാണാനാവില്ലെന്നും മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടാല്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ മടിയില്ലെന്നുമുള്ള കോടതി ജഡ്ജ് ഒ.പി സെയ്‌നിയുടെ വാക്കുകള്‍ നീതിനിര്‍വഹകരിലെ അണയാത്ത സത്യസന്ധതയുടെ അടയാളമാണ്. മൂന്നു കുറ്റപത്രങ്ങളിലായി സി.ബി.ഐ പ്രതിചേര്‍ത്ത 14 പേരും കുറ്റക്കാരല്ലെന്നു കണ്ടെത്തിയ കോടതി വിധി പകപോക്കല്‍ രാഷ്ട്രീയ ഗൂഢാലോചനക്കേറ്റ കനത്ത തിരിച്ചടികൂടിയാണ്. ഉദ്യോഗസ്ഥര്‍ക്കുപോലും വ്യക്തമാവാത്ത നിയമ വ്യവസ്ഥകളിലെ പാളിച്ചകളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെടുന്ന വിരോധാഭാസത്തെ പരിഹസിക്കുകയും കേസെടുത്ത ഉത്സാഹം തെളിവുകള്‍ സ്ഥാപിക്കുന്നതില്‍ ഇല്ലാതെപോയ സി.ബി.ഐയുടെ നിസഹായതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത കോടതിയുടെ പരാമര്‍ശങ്ങള്‍ പാഠമായി പകര്‍ത്തേണ്ടതുണ്ട്.
കേട്ടപാതി, കേള്‍ക്കാത്തപാതി എന്ന നിലയില്‍ നഷ്ടക്കണക്കുകള്‍ പെരുപ്പിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുന്‍ സി.എ.ജി വിനോദ് റായി ചെയ്ത പാപത്തിന്റെ കറ ആയിരം ഗംഗയില്‍ കഴുകിയാലും മാഞ്ഞുപോകില്ല. ശക്തമായ മതേതര – ജനാധിപത്യ ഭരണ സംവിധാനത്തെ അട്ടിമറിക്കപ്പെടുകയും ഫാസിസ്റ്റുകള്‍ക്ക് അധികാരാരോഹണത്തിന് അവസരമൊരുക്കുകയും ജനപ്രതിനിധികള്‍ക്ക് കാരാഗ്രഹങ്ങളുടെ കറുത്ത വാതിലുകള്‍ തുറന്നിട്ടു കൊടുക്കുകയും ചെയ്യുന്നതിന് നിമിത്തമായ മഹാപാതകത്തിന് കാലം മാപ്പുതരില്ല. 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നു എന്നതായിരുന്ന സി.എ.ജിയുടെ കണ്ണുംപൂട്ടിയുള്ള റിപ്പോര്‍ട്ട്. ജനഹിതഭരണം തുടരുകയായിരുന്ന രണ്ടാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് ഈ റിപ്പോര്‍ട്ടും അനുബന്ധ നടപടികളുമാണ്. എന്നാല്‍ ഇന്നലെ കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇത് ഊതിവീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന് ബോധ്യമായി. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പതിനെട്ടടവും പയറ്റിയതാണ്. പക്ഷെ, ഒരു ആരോപണത്തിലെങ്കിലും കഴമ്പുണ്ടെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കോടതിയുടെ പരിഹാസത്തിനും പഴികേള്‍ക്കലിനും പാത്രമായി എന്നത് വലിയ നാണക്കേടായി.സി.ബി.ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസും ഉള്‍പ്പെടെ മൂന്നു വിധിന്യായങ്ങളിലും നൂലിഴ പരിശോധിച്ച് നെല്ലും പതിരും വേര്‍തിരിച്ചാണ് പ്രത്യേക കോടതി വിധി പറഞ്ഞത്. അതിനാല്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോവുന്നതിന്റെ സാംഗത്യം പ്രോസിക്യൂഷനു മുമ്പില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ 122 സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ടു.ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായി എന്നതാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്. ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്റ്റാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളെ പ്രതിചേര്‍ത്തതാണ് മറ്റൊരു കേസ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന പേരില്‍ 2014ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കിയത് മൂന്നാമത്തെ കേസ്. ഈ മൂന്നു കേസുകളും ഇഴകീറി പരിശോധിച്ച കോടതിക്ക് ആരോപണ വിധേയരെ പ്രതിയാക്കാന്‍ ഒരു കച്ചിത്തുമ്പു പോലും കിട്ടിയില്ല. ആരോപണങ്ങള്‍ തെളിയിക്കാനോ അവയെ നീതീകരിക്കാന്‍ ഉതകുന്ന തെളിവ് ഹാജരാക്കാനോ കഴിയാതിരുന്ന സി.ബി.ഐയെ വിചാരണ വേളയില്‍ ജഡ്ജി കണക്കിനു വിമര്‍ശിക്കാന്‍ കാരണം ഇതായിരുന്നു. വാക്കുകളില്‍ ഒരു തരത്തിലുമുള്ള ഔപചാരികതയും കൂട്ടിയിണക്കാതെയുള്ള വിമര്‍ശത്തിന് ജഡ്ജിയെ പ്രേരിപ്പിച്ചത് കേസിന്റെ അനന്തരഫലങ്ങള്‍ തന്നെയാണെന്നര്‍ത്ഥം.
‘കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരിശോധിച്ചതില്‍ നിന്ന് ഇതിന്റെ അനന്തര ഫലമായി എനിക്ക് കാണാന്‍ കഴിയുന്നത് ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ സി.ബി.ഐ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്. ആ നിലക്ക് നോക്കിയാല്‍ കുറ്റപത്രം ഊതിപ്പെരുപ്പിച്ചതാണ്. ഔദ്യോഗിക രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ വ്യാഖ്യാനിക്കാതിരിക്കുകയോ ചില ഭാഗങ്ങള്‍ മാത്രം വായിക്കുകയോ ചെയ്താണ് സി.ബി.ഐ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സാക്ഷികള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിച്ചതാണ് കുറ്റപത്രത്തിലെ കാര്യങ്ങളത്രയും. ഇക്കാര്യങ്ങള്‍ തന്നെ സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്. ടു.ജി സ്‌പെക്ട്രത്തിന്റെ പ്രവേശന തുകയില്‍ പരിഷ്‌കാരം വേണമെന്നു ഫിനാന്‍സ് സെക്രട്ടറി പറഞ്ഞത്, നിയമത്തിലെ ഒരു വകുപ്പ് എ. രാജ ഇല്ലാതാക്കിയത് തുടങ്ങിയ കുറ്റപത്രത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണ്’ – ജഡ്ജി ഒ.പി സെയ്‌നിയുടെ പ്രധാന നിരീക്ഷണങ്ങളാണിത്. ഇതോടെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് ബി.ജെ.പിയും ഇടതുപക്ഷവും കൊട്ടിഘോഷിച്ച കേസിന്റെ മര്‍മംപോലും തകര്‍ന്നിരിക്കുകയാണ്.
കോടതി വിധി കോണ്‍ഗ്രസിനു മാത്രമല്ല, മതേതര പൊതുബോധത്തിന് പൊതുവെ പുതിയ ഊര്‍ജം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എതിരാളികളുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ ബോംബാണ് നനഞ്ഞ പടക്കമായി പരിണമിച്ചത്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷനായുള്ള അവരോധവും ഗുജറാത്തില്‍ പാര്‍ട്ടിക്കുണ്ടായ വര്‍ധിത മുന്നേറ്റത്തിനുമൊപ്പം ടു. ജി കേസ് വിധിയും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കും. രണ്ടാം യു.പി.എ സര്‍ക്കാറിനെ മലര്‍ത്തിയടിക്കാനും മന്‍മോഹന്‍ സിങ്ങിന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള രാഷ്ട്രീയ ഗൂഢാലോചനയായി ടു.ജി കേസിനെ കാണാം. സി.എ.ജി റിപ്പോര്‍ട്ടും എ. രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ളവരെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതിന്റെ ഭാഗമായി ചേര്‍ത്തുവായിക്കാം. പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വേട്ടയാടിയതിന്റെ ദുരദ്ദേശ്യവും കണ്ടറിയാം. ഇതിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയിലേക്കു കടന്നെത്താം.
ആറു വര്‍ഷത്തിനിപ്പുറം കേസിന്റെ വഴിയിലെ ക്ലേശതകള്‍ക്കപ്പുറം പ്രതികളെന്ന് പ്രഖ്യാപിക്കപ്പെട്ടവരുടെ പരിശുദ്ധത പകല്‍പോലെ പ്രകടമായതിന്റെ പൊരുള്‍ പ്രബുദ്ധ ജനത പഠിക്കട്ടെ. അമേരിക്കയിലെ വാട്ടര്‍ഗേറ്റിനു ശേഷം ലോകം കണ്ട രണ്ടാമത്തെ കൊടിയ കുംഭകോണമെന്നു കൊട്ടിപ്പാടി നടന്നവര്‍ ഇനിയെങ്കിലും വായടക്കട്ടെ. സത്യമേവ ജയതേ…

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.