Connect with us

Video Stories

അവിശ്വാസം നല്‍കുന്ന വിശ്വാസം

Published

on

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. 545 അംഗ സഭയില്‍ 451 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെതന്നെ 126 നെതിരെ 325 വോട്ട് നേടി ബി.ജെ.പി അനായാസം വിശ്വാസം നേടി. പക്ഷെ കണക്കിലെ കളികള്‍ക്കപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ നടന്ന ബലാബല പരീക്ഷണത്തില്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ സാധിച്ചപ്പോള്‍ ഭരണപക്ഷത്ത് സര്‍വത്ര ആശയക്കുഴപ്പങ്ങളാണ് പ്രകടമായത്. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട അതിക്രമം, അസഹിഷ്ണുത, സാമ്പത്തിക തകര്‍ച്ച, കാര്‍ഷിക വ്യവസായിക തകര്‍ച്ച, റാഫേല്‍ പോര്‍ വിമാന അഴിമതി എന്നിവ പ്രതിപക്ഷം അക്കമിട്ട് നിരത്തിയപ്പോള്‍ പതിവ് പുരപ്പുറ പ്രസംഗത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു പ്രധാനമന്ത്രിയും കൂട്ടരും.
2014 ല്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന തെലുങ്കുദേശം പാര്‍ട്ടി തന്നെയാണ് സര്‍ക്കാറില്‍ അവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയത് എന്നിടത്തു നിന്നുതന്നെ എന്‍.ഡി.എയുടെ തിരിച്ചടി ആരംഭിക്കുന്നുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവന്ന ടി.ഡി.പി ഉന്നയിച്ച ആന്ധ്രയുടെ കാര്യത്തില്‍ പോലും നെഞ്ചത്ത് കൈവെച്ച് ആന്ധ്രക്കൊപ്പമുണ്ടാവുമെന്ന് വികാരഭരിതാനാവാനല്ലാതെ വ്യക്തമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. 2024 ല്‍ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് സാധിക്കട്ടേയെന്ന് ആശംസിച്ച് കൊണ്ട് ഭരണത്തുടര്‍ച്ചയുടെ കാര്യത്തില്‍ തനിക്കുള്ള ഉറപ്പ് പ്രകടമാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അതുകേള്‍ക്കാന്‍ സഖ്യ കക്ഷിയായ ശിവസേനപോലും അകത്തുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. മറ്റൊരു സഖ്യകക്ഷിയായ ജനതാദള്‍ (യു) പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ യാതൊരു താല്‍പര്യവും കാണിച്ചില്ല. ആകെ 25 അംഗങ്ങള്‍ മാത്രമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില ഓളങ്ങള്‍ തീര്‍ത്തു എന്നല്ലാതെ ഒരു പുതിയ സഖ്യകക്ഷിയെപ്പോലും കൂടെ കൊണ്ടുവരാന്‍ കഴിയാത്ത ബി.ജെ.പിക്ക് സഭയിലെ സഖ്യകക്ഷികളുടെ പെരുമാറ്റം കടുത്ത മാനസിക സമ്മര്‍ദ്ദം നല്‍കിയിട്ടുണ്ടാവുമെന്ന് തീര്‍ച്ച. എ.ഐ.ഡി.എം.കെ യുടെ പിന്തുണ ലഭിച്ചത്‌കൊണ്ട് മാത്രമാണ് കണക്കിലെങ്കിലും ബി.ജെ.പിക്ക് വലിയ ക്ഷീണം പ്രകടമാകാതിരുന്നത്.
എന്നാല്‍ പ്രതിപക്ഷത്താവട്ടെ പോരാട്ടത്തിന്റെ പോര്‍മുഖം തുറക്കാനുള്ള സമയം ഇതു തന്നെയാണെന്ന സന്ദേശമാണ് അവിശ്വാസ പ്രമേയ ചര്‍ച്ച സമ്മാനിച്ചിരിക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന തകര്‍പ്പന്‍ പ്രകടനത്തിലൂടെ തന്റെ നേതൃപാഠവം പ്രതിപക്ഷ കക്ഷികളെകൊണ്ട് മുഴുവന്‍ അംഗീകരിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച അദ്ദേഹം തന്റെ ലോക്‌സഭാ കാലയളവിലെ ഏറ്റവും മികച്ച പ്രസംഗമാണ് കാഴ്ചവെച്ചത്. പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും, രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്നും പറഞ്ഞ അദ്ദേഹം റഫാല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും, മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടാണെന്നും തുറന്നടിച്ചു. ആള്‍ക്കൂട്ട കൊലപാതകം, അസഹിഷ്ണുത, സാമ്പത്തിക മാന്ദ്യം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ചെറുകിട കച്ചവടക്കാരുടെ പ്രയാസങ്ങള്‍, പെട്രോള്‍ വില വര്‍ധന തുടങ്ങിയ രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങളും പരാമര്‍ശിച്ച അദ്ദേഹം അവസാനം സഭയെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് മോദിയെ ആലിംഗനം ചെയ്ത്‌കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ സകല വിദേശ രാഷ്ട്രത്തലവന്‍മാരെയും കെട്ടിപ്പിടിച്ച് ആലിംഗനങ്ങളുടെ രാജാവായി മാറിയ മോദി തന്നെ പതറിപ്പോവുകയുണ്ടായി.
ഭരണപക്ഷത്തെ പ്രമുഖരെപ്പോലും ആശയക്കുഴപ്പത്തിലാക്കാനും രാഹുലിന് സാധിച്ചു. തുടക്കത്തില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള പലരും അദ്ദേഹത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുക പോലുമുണ്ടായി. എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലായ അവരില്‍ പലരും പിന്നീട് രാഹുലിനെതിരെ തിരിയുകയായിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും സമീപനത്തില്‍ തനിക്ക് ഒരു പരാതിയുമില്ലെന്ന പരാമര്‍ശത്തിന് അടിവരയിടുകയാണ് രാഹുല്‍ ഇതിലൂടെ വ്യക്തമാക്കിയത്. രാഹുലിന്റെ നീക്കത്തെ പ്രതിപക്ഷം ഒന്നടങ്കം നിറഞ്ഞ കയ്യടികളോടെയാണ് വരവേറ്റത്. അദ്ദേഹത്തിന്റെ പ്രസംഗം ഭരണപക്ഷം നിരന്തരം തടസപ്പെടുത്തുകയും ഒരു തവണ സഭ നിര്‍ത്തിവെക്കേണ്ട സാഹചര്യം വരെ ഉണ്ടാക്കുകയും ചെയ്തതിലൂടെ ലക്ഷ്യത്തില്‍ തന്നെ തറച്ചു എന്ന് ഉറപ്പായിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന ശിവസേനാ മുഖപത്രം സാംനയുടെ വെളിപ്പെടുത്തല്‍ ഭരണകക്ഷികള്‍ തന്നെ രാഹുലിന്റെ നീക്കങ്ങളെ ക്രിയാത്മകമായി വിലയിരുത്തി എന്നതിന് തെളിവാണ്. ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും രാഹുലിനെ പ്രശംസിച്ച് രംഗത്തെത്തുകയുണ്ടായി. രാഹുലിന്റെ പ്രസംഗം ശ്രദ്ധപിടിച്ചു പറ്റുന്നതായിരുന്നുവെന്നും അഭിനന്ദനാര്‍ഹമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
2004 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാഹുലിന്റെ കന്നി പ്രസംഗത്തിന് മാസങ്ങളോളം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം കയ്യടിക്കാന്‍ ഒരുങ്ങി നിന്ന ആ സന്ദര്‍ഭത്തില്‍ യു.പിയിലെ കര്‍ഷക പ്രശ്‌നങ്ങളെ കുറിച്ച് മിനുട്ടുകള്‍ക്കൊണ്ട് അദ്ദേഹം പറഞ്ഞൊപ്പിക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട വിഷയങ്ങളുടെ മുന്‍ഗണനാക്രമം പോലും പ്രസംഗത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷ നിരയില്‍ നിന്ന് സംസാരിച്ച മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുഴുവന്‍ കക്ഷി നേതാക്കളും സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തിയതിലൂടെ കേന്ദ്രം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചിട്ടും അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കാതിരുന്ന സ്പീക്കര്‍ പലപല കാരണങ്ങള്‍ പറഞ്ഞ് കാലാവധി തള്ളിനീക്കുകയായിരുന്നു. വന്‍ വ്യത്യാസത്തില്‍ പ്രമേയം സഭ തള്ളുന്നതിലൂടെ പ്രതിപക്ഷത്തിന്റെ ഐക്യം തകരുകയും അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുകയും ചെയ്യുമെന്ന കണക്കുകൂട്ടലിലൂടെയാണ് നടപ്പു സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്. അതുവഴി തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടി. എന്നാല്‍ കണക്കുകള്‍ക്കപ്പുറം മാനസികമായി മികച്ച മുന്‍തൂക്കമാണ് പ്രതിപക്ഷം നേടിയെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളില്‍ സഭയില്‍ ഇതിന്റെ അനുരണനങ്ങള്‍ പ്രകടമാകുക തന്നെ ചെയ്യും. മോദിസര്‍ക്കാറിന്റെ രീതികളില്‍ വിയോജിപ്പുള്ള മുഴുവന്‍ പേര്‍ക്കും ഒന്നിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം പാര്‍ലമെന്റിനകത്തും പുറത്തും രൂപപ്പെട്ടു വന്നിരിക്കുകയാണ്. ആത്യന്തികമായി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും ഇത് നിമിത്തമായിരിക്കുകയാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.