Connect with us

Video Stories

ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രീ

Published

on


മുഖ്യമന്ത്രി പിണറായി വിജയന്‍ തമാശ പറയുമെന്ന് ആരും കരുതുന്നില്ല. ഇന്നലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവണ്‍മെന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം പക്ഷേ ഫലിതമായേ കാണാന്‍ കഴിയൂ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ ഘഠോരമായ പ്രസംഗം നടത്തിയിട്ടുള്ളത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് സര്‍ക്കാരും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും വാദിക്കുമെങ്കിലും അരിയാഹാരം കഴിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നതില്‍ തര്‍ക്കമില്ല.
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും അഴിമതിക്കാര്‍ ജയിലില്‍ വസിക്കേണ്ടിവരും എന്നൊക്കെയായിരന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ സാരാംശം. മാത്രമല്ല, ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണ നേതൃതലത്തിലും അഴിമതിയുടെ ലാഞ്ചനയേ ഇല്ലെന്ന് കൂടി അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അഴിമതിയില്ലെന്ന് ഇത്ര ആത്മവിശ്വാസത്തോടെ പറയണമെങ്കില്‍ കുറഞ്ഞ നിലക്കൊന്നും നുണപറയാനുള്ള ശേഷി പോര. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നടന്ന അനേകമനേകം ആരോപണങ്ങള്‍, അതില്‍ മിക്കതും സാമ്പത്തിക ആരോപണങ്ങളാണെന്ന് തിരിച്ചറിയാത്ത ആളല്ല മുഖ്യമന്ത്രി. വോട്ടെടുപ്പിന്റെ ഇരുപത്തിനാലാം യാമത്തില്‍ തന്റെ പ്രസ്താവനയില്‍ ആരെങ്കിലും തെന്നിവീണ് വിശ്വസിച്ചാലോ എന്ന കുബുദ്ധിയല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിയുടെ മനസ്സില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല.
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സാമ്പത്തിക ആരോപണങ്ങളാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ഉയര്‍ന്നുവന്നിട്ടുള്ളത്. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ടും ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ടും ഗുരുതര സാമ്പത്തിക ആരോപണമാണ് സര്‍ക്കാരിന് നേരെ ഉന്നയിക്കപ്പട്ടത്. എല്ലാ നിയമവും കാറ്റില്‍ പറത്തി ബ്രൂവറി അനുവദിച്ചത് പിന്നീട് റദ്ദാക്കി. നാടുനീളെ ബിയര്‍ പാര്‍ലറുകളും ബാറുകളും അനുവദിച്ചപ്പോഴും സര്‍ക്കാരിന് നേരെ അഴിമതി ആരോപണം ഉയര്‍ന്നു. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങള്‍ പോലുമുണ്ടായി. എന്നാല്‍ ഒരു ആരോപണത്തിലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനൊപ്പം മന്ത്രിമാര്‍ നടത്തിയ സ്വജനപക്ഷ നിയനമനങ്ങള്‍ വേറെ. പി.എസ്.സിയുടേയും സര്‍വകലാശാലയുടേയും വിശ്വാസ്യത നശിപ്പിക്കുന്ന നടപടികള്‍ മറ്റൊരു വശത്ത്. ബന്ധുവിന് ജോലി നല്‍കിയതിന്റെ പേരില്‍ മന്ത്രിസഭയിലെ രണ്ടമനായിരുന്ന ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇതേ കുറ്റം ചെയ്ത കെ.ടി ജലീലിന്റെ കസേരക്ക് ചെറിയ ഇളക്കം പോലുമുണ്ടായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഇപ്പോള്‍ കെ.ടി ജലീല്‍ അകപ്പെട്ടിരിക്കുന്നത്. ആദ്യം മന്ത്രിബന്ധുവിന് അര്‍ഹരെ മാറ്റി നിര്‍ത്തി ജോലി നല്‍കിയതാണ് വിവാദമായതെങ്കില്‍ ഇപ്പോള്‍ മന്ത്രിയുടെ പി.എസിന്റെ അയല്‍ക്കാരന് മാര്‍ക്ക് ദാനം നടത്തിയതാണ് വിവാദം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ അശേഷം തെറ്റില്ലെന്നാണ് മന്ത്രി ജലീലിന്റെ പുതിയ നിലപാട്. മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്ന അതേസമയത്ത് തന്നെയാണ് മന്ത്രി ജലീല്‍ തന്റെ വഴിവിട്ട നടപടിയെ വ്യാഖ്യാനിച്ച് ന്യായീകരിക്കാന്‍ ശ്രമിച്ചത്. മാര്‍ക്ക്ദാനത്തിലൂടെ പി.എസിന്റെ തോറ്റ അയല്‍ക്കാരനെ ജയിപ്പിച്ച നടപടി ശരിയെന്നാണ് ജലീലീന്റെ വാദം. താന്‍ ചെയ്യുന്ന മനുഷ്യത്വം ചട്ടവിരുദ്ധമാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് ജലീല്‍.
മുഖ്യമന്ത്രി അഴിമതി വിരുദ്ധ പ്രസംഗം നടത്തുമ്പോള്‍ തന്റെ മന്ത്രിസഭയിലെ അംഗം ചട്ടം ലംഘിച്ചും സ്വജനപക്ഷപാതം കാട്ടുമെന്ന് വിളിച്ചു പറയുകയാണ്. ആകാശം ഇടിഞ്ഞുവീണാലും ഭൂമി പിളര്‍ന്നാലും ചട്ടം ലംഘിക്കുമെന്ന് ആണയിടുന്ന മന്ത്രിയെ കൂടെകൂട്ടിയാണ് മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അന്വേഷണത്തിന് നടപടിയെടുക്കാത്ത മുഖ്യമന്ത്രി നടത്തുന്ന വാചക കസര്‍ത്തുകള്‍ സ്വന്തം അണികള്‍ക്ക് പോലും വിശ്വാസ്യ യോഗ്യമാകില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിച്ചാല്‍ പോലും കേരളം സഹിക്കും. അത്രമാത്രം അസംബന്ധജടിലമായിപ്പോയി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ യുദ്ധപ്രഖ്യാപനം.
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് മുമ്പ് സിയാലിലേയും കിഫ്ബിയിലെയും കണക്കുകള്‍ സി.എ.ജിക്ക് ഓഡിറ്റ് ചെയ്യാനുള്ള അവസരമെങ്കിലും ഇടതുസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ റബ്‌കോയുടെ കടമെഴുതി തള്ളിയും വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ പരിവാര സമേതം നിയമിച്ചതും അഴിമതിയുടെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടത്. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടിയും വിലകൂടിയ കാറുകള്‍ വാങ്ങിയും കോടികള്‍ പൊടിക്കുമ്പോള്‍ ധാര്‍മികതയുടെ കണിക പോലും പ്രദര്‍ശിപ്പിക്കാത്ത മുഖ്യമന്ത്രി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാനുള്ള വകയെന്നല്ലാതെ ആരും ഗൗരവത്തോടെ കാണുമെന്ന് കരുതാനാകില്ല.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പൂര്‍ണമായി ഇല്ലാതാക്കിയെന്നതാണ് ഇടതുസര്‍ക്കാരിന്റെ നേട്ടം. സംസ്ഥാനത്തിന്റെ പദ്ധതി നടത്തിപ്പ് പൂര്‍ണമായി ബജറ്റില്‍ നിന്ന് അടര്‍ത്തിമാറ്റി കിഫ്ബിയെ ഏല്‍പിച്ച്, കിഫ്ബിയെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ രഹസ്യം കെ.എസ്.ഇ.ബി നല്‍കിയ കരാറില്‍ വെളിപ്പെട്ടു കഴിഞ്ഞു. കോടികളുടെ അഴിമതിയാണ് കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ടു ഉയര്‍ന്നിരിക്കുന്നത്.
അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ ഓര്‍മ ശക്തിക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമായാണ് മാറിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് ഇടതുസര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ ഓര്‍മകളുണ്ടാകുമെന്ന ബോധ്യമാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടാകേണ്ടത്. സ്വജനപക്ഷക്കാരെ ഒപ്പമിരുത്തി അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സിലെ ചോദ്യം മുഖ്യമന്ത്രി കേള്‍ക്കാതെ പോകരുത്: ‘ഇത് എന്തൊരു പ്രഹസനമാണ് മുഖ്യമന്ത്രി….’?

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.