Connect with us

Video Stories

വിവാദങ്ങള്‍ക്കിടെ മുങ്ങുന്ന വിലക്കയറ്റം

Published

on

സംസ്ഥാനത്ത് സിനിമാമേഖലയും പൊലീസും റവന്യൂവകുപ്പുമൊക്കെ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഉത്തരവാദപ്പെട്ടവര്‍ കാണാതെ പോകുന്ന ഒന്നാണ് നിത്യോപയോഗ സാധനങ്ങളുടെ വാണം പോലുള്ള വിലക്കുതിപ്പ്. പച്ചക്കറിയുടെ വിലയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി വന്‍ വിലക്കയറ്റം ദൃശ്യമായിരിക്കുന്നത്. അരിയുടെ വില രണ്ടുമാസം മുമ്പുതന്നെ അമ്പത് രൂപ കിലോക്ക് എന്ന രീതിയിലെത്തിയിരുന്നു. അതവിടെയും നില്‍ക്കുന്ന മട്ടില്ല. മാംസ വിഭവങ്ങളുടെ വിലയിലും കാര്യമായ വര്‍ധനയുണ്ടായിട്ടും ഇവയെ നിയന്ത്രിക്കാനുത്തരവാദപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയോ മറ്റ് അല്‍പമായ വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുകയോ ചെയ്ത് തടിതപ്പുന്ന കാഴ്ചയാണ് കാണാനാകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി തക്കാളിയുടെ വില കിലോക്ക് എണ്‍പതിനും നൂറിനും ഇടയിലാണ്. ചെറിയുള്ളിയുടെ വിലയും ഏതാണ്ട് ഇതോടൊപ്പം നില്‍ക്കുന്നു. ബീന്‍സ്, ബീറ്റ്‌റൂട്ട്, വഴുതിന, കാരറ്റ്, വെണ്ട, മുരിങ്ങക്കായ തുടങ്ങി ഒരു കറിക്ക് അത്യാവശ്യം വേണ്ട പച്ചക്കറിയൊക്കെയാണ് സാധാരണക്കാരന് പിടികിട്ടാത്ത വിധം വാനിലുയര്‍ന്നിരിക്കുന്നത്. ഇവയില്‍ പലതിനും ശരാശരി കിലോക്ക് അമ്പത് രൂപയാണ് ഇന്നലത്തെ വില. തക്കാളി കിലോക്ക് പതിനഞ്ചില്‍ നിന്നാണ് നൂറിലേക്ക് കുതിച്ചത്. കോഴിക്ക് തമിഴ്‌നാട്ടില്‍ കിലോക്ക് 85 രൂപയുള്ളപ്പോള്‍ കേരളത്തില്‍ 150 രൂപവരെയെത്തിനില്‍ക്കുന്നു. കിലോ 85 രൂപക്ക് കോഴി വില്‍ക്കണമെന്നുപറഞ്ഞ മന്ത്രിയെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.
വിലക്കയറ്റം സംഭവിക്കുന്നത് സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഇല്ലാത്തതുമൂലമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന നിത്യോപയോഗ വസ്തുക്കളുടെ വിലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ഉദാസീനതയാണ് പ്രശ്‌നത്തിന് കാരണമെന്നതാണ് നേര്. തമിഴ്‌നാട്ടില്‍ രാവിലെ ഏതാനും മൊത്തക്കച്ചവടക്കാര്‍ ചേര്‍ന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറിയുടെയും മറ്റും വില നിര്‍ണയിക്കുന്നത്. ഇത് അന്നന്നത്തെ സപ്ലൈയും ഡിമാന്റും എന്ന സാമ്പത്തികതത്വം വെച്ചുകൊണ്ടുള്ളതല്ലെന്ന് പരക്കെയുയര്‍ന്ന ആക്ഷേപമാണ്. എന്തുവന്നാലും കേരളം ഇവ വാങ്ങും എന്നതാണ് വില നിശ്ചയത്തിനുള്ള മാനദണ്ഡം. അതുകൊണ്ടുതന്നെ കിലോക്ക് രണ്ടു രൂപയുണ്ടാകുമ്പോഴും കേരളത്തിലെ തക്കാളിക്ക് ഇരുപതും നാല്‍പതും രൂപവരെ ഉണ്ടായ അനുഭവങ്ങള്‍ നമ്മിലുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വരള്‍ച്ച കാരണം ഉല്‍പാദനം ഇടിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നതെങ്കിലും വടക്കേ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സവോള, ഉരുളക്കിഴങ്ങ് പോലുള്ള ഇനങ്ങള്‍ക്ക് വില കയറിത്തന്നെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും വിശദീകരിച്ചുതന്നാല്‍ നന്നായിരിക്കും.
അടുത്ത കാലത്താണ് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പച്ചക്കറികള്‍ കൂട്ടത്തോടെ റോഡിലെറിഞ്ഞ് കര്‍ഷകര്‍ അതത് സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ ദുര്‍ഗവുമായി രംഗത്തെത്തിയത്. മധ്യപ്രദേശില്‍ ഇതിനകം ഈ വര്‍ഷം ഇരുപതോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഉത്പാദനം കൂടിയതാണ് അവിടെ വില കുറയാന്‍ കാരണമെങ്കില്‍ സര്‍ക്കാരുകള്‍ ഇടപെട്ട് വില ഒരുപരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചില്ല എന്നാണ് കര്‍ഷക സംഘടനകളുടെ പരാതി. പകരം സമരവുമായി രംഗത്തെത്തിയവരുടെ നേര്‍ക്ക് വെടിയുണ്ടകള്‍ പായിച്ച് മധ്യപ്രദേശില്‍ അഞ്ചു കര്‍ഷകരെയാണ് പൊലീസ് കൊലപ്പെടുത്തിയത്. ഇതോടെ സമരവീര്യം തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു സര്‍ക്കാരുകളുടെ ഉദ്ദേശ്യം എന്ന ്‌വ്യക്തമായി. യു.പിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലുമൊക്കെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എങ്ങനെ എപ്പോള്‍ ഫലവത്താകുമെന്ന് കാത്തിരിക്കുകയാണ് കര്‍ഷകര്‍.
കേരളത്തില്‍ അരിയുടെ വില നാല്‍പതില്‍ നിന്ന് അമ്പത് രൂപയിലേക്ക് കുത്തനെ കയറിയത് റേഷന്‍ ധാന്യങ്ങള്‍ കേന്ദ്രം പൊടുന്നനെ കുറച്ചതിനെതുടര്‍ന്നായിരുന്നെങ്കിലും ബംഗാളില്‍ നിന്ന് അരിയെത്തിച്ച് വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമം താല്‍ക്കാലികമായി മാത്രമാണ് വിജയിച്ചത്. കിലോക്ക് 25 രൂപക്ക് നല്‍കിയിരുന്ന ബംഗാള്‍ അരി തീരെ നിലവാരം കുറഞ്ഞതാണെന്ന കാരണത്താല്‍ ജനം മുഖംതിരിച്ചതിനാല്‍ അത് ഇപ്പോള്‍ നിലച്ചരിക്കുകയാണ്. റേഷന്‍ കടകള്‍ ആളും അര്‍ത്ഥവുമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. നാലുതരം കാര്‍ഡുകള്‍ നല്‍കി ജനങ്ങളെ തരംതിരിച്ച് റേഷന്‍ വിതരണം നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പൊതിയാത്തേങ്ങ കിട്ടിയ അവസ്ഥയിലാണ് പുതിയ കാര്‍ഡുടമകളിപ്പോള്‍.
കര്‍ക്കിടക മാസം പിറന്നതോടെ ഇനിയും പച്ചക്കറിയുടെ ആവശ്യവും വിലയും ഉയരാനാണിട. ബലിപെരുന്നാളും ആഗതമാകുകയാണ്. ഓണത്തിനും കഷ്ടി ഒന്നര മാസം മാത്രം. വരുന്ന ഓണത്തിനെങ്കിലും വിലക്കയറ്റമില്ലാത്ത വിപണി സ്വപ്‌നം കാണുകയാണ് കര്‍ഷകര്‍. ഇത്തവണ കാലവര്‍ഷത്തിലും മഴയിലുമുണ്ടായിരിക്കുന്ന കുറവ് ‘ഒരുമുറം പച്ചക്കറി’പോലുള്ള പദ്ധതികളുടെ വിജയത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ട്.
വലിയ വായില്‍ ഗിരിഭാഷണം നടത്താനല്ലാതെ വിപണിയില്‍ കാര്യക്ഷമമായി ഇടപെടാനാവില്ലെന്ന് ഇതിനകം തെളിയിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അധികാരമേറ്റയുടന്‍, ഇനിയുള്ള അഞ്ചുകൊല്ലം കേരളം വിലക്കയറ്റമില്ലാത്ത സംസ്ഥാനമാകുമെന്നൊക്കെയായിരുന്നു തട്ടിവിടല്‍. ഇപ്പോള്‍ റിക്കോര്‍ഡ് വിലക്കയറ്റമുണ്ടായിട്ടും ഭക്ഷ്യം, കൃഷി വകുപ്പുകള്‍ അനങ്ങുന്നില്ല. കൃഷി വകുപ്പിലാകട്ടെ അഴിമതിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ നടപടിക്ക് വിധേയമാകുന്ന അവസ്ഥയാണുള്ളത്. ഭക്ഷ്യവകുപ്പിന് മന്ത്രിതന്നെയുണ്ടോ എന്ന തോന്നലാണ് മലയാളികള്‍ക്ക് ഉണ്ടായിട്ടുള്ളത്.
ഇന്നത്തെ അവസ്ഥവെച്ചുനോക്കുമ്പോള്‍ കേരളത്തില്‍ അടുത്ത ഓണം വരെയും വിലകള്‍ തല്‍സ്ഥിതി തുടരുമെന്നാണ് അനുമാനിക്കേണ്ടത്. ചരക്കുസേവന നികുതി ഒഴിവായതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെയും ഇറച്ചിക്കോഴിയുടെയുമൊക്കെ വില ഇടിയുമെന്ന് വീമ്പിളക്കിയ മന്ത്രിമാര്‍ ഇപ്പോള്‍ ജനങ്ങളുടെ ക്ഷമയും സഹനശേഷിയും സാമ്പത്തികനിലവാരവും പരീക്ഷിക്കുകയാണ് എന്നാണ് കരുതേണ്ടത്. അല്ലെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുമെന്ന് വാക്കാല്‍ പോലും നടപടിയെടുക്കാത്ത സര്‍ക്കാരുകളെയും അവയുടെ മന്ത്രിമാരെയും പറ്റി എന്തുപറയാനാണ്. ആവശ്യമുള്ളതിന്റെ വെറും അഞ്ചുശതമാനം മാത്രം ഉത്പാദിപ്പിക്കുന്ന കേരളത്തിന് വിലയുടെ കാര്യത്തിലെങ്കിലും നിയന്ത്രണം കൈപിടിയിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവി തന്നെ ഇരുട്ടിലാകുമെന്നാണ് കരുതുന്നത്. എല്ലാത്തിനും അതിര്‍ത്തിയിലെ വണ്ടി കാത്തിരിക്കുന്ന കാലത്ത് മദ്യവും ടൂറിസവും കൊണ്ട് പണമുണ്ടാക്കി സാധനങ്ങള്‍ വാങ്ങിത്തിന്ന് ജീവിക്കാമെന്ന ചിന്ത സര്‍ക്കാരുകള്‍ക്കുകൂടി വന്നുചേരുന്നിടത്താണ് വലിയ അപായം പതിയിരിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.