Connect with us

Video Stories

മരണം വിതക്കുന്ന മരുന്നു ക്ഷാമം

Published

on

പകര്‍ച്ചവ്യാധികളുടെ നീരാളിക്കൈകള്‍ കേരളത്തെ മരണക്കിടക്കയില്‍ വരിഞ്ഞുമുറുക്കിയ സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകളുടെ ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കാലവര്‍ഷം പെയ്തു തുടുങ്ങും മുമ്പെ പനി മരണം പടര്‍ന്നുപിടിച്ച സംസ്ഥാനത്ത് പ്രതിരോധ മരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്നു അന്നുതന്നെ ബോധ്യപ്പെട്ടിട്ടും നിഷ്‌ക്രിയത്വം തുടരുന്ന ആരോഗ്യ മന്ത്രിയുടെ നടപടി നാണക്കേടാണ്. പകര്‍ച്ചപ്പനി മരണ നിരക്ക് ദൈനംദിനം കൂടുന്നത് പൊതുസമൂഹത്തെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഉന്നത മെഡിക്കല്‍ കോളജുകളില്‍പോലും മരുന്ന് ലഭിക്കാതെ നൂറു കണക്കിന് രോഗികളാണ് മരണത്തോട് മല്ലടിക്കുന്നത്. ഇതില്‍ ഏറെയും ഡിഫ്തീരിയയും ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണ്‍ ബാധിതരുമാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പാടുപെടുന്ന ആരോഗ്യവകുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാതെ സര്‍ക്കാര്‍ ഇനിയും അലംഭാവം തുടരുന്നത് അംഗീകരിക്കാനാവില്ല. കാലവര്‍ഷം കനത്തതോടെ കേട്ടുകേള്‍വിയില്ലാത്ത പല രോഗങ്ങളും മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നത് ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനവും തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മലയോര മേഖലയിലും തീരദേശത്തും വ്യത്യസ്ത തരത്തിലുള്ള പകര്‍ച്ചവ്യാധികളാണ് പടര്‍ന്നുപിടിക്കുന്നത്. തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചില്ലെങ്കില്‍ മാരകമായി ഭവിക്കുന്ന ഇത്തരം രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കാതിരുന്നതാണ് മരണ നിരക്ക് വര്‍ധിക്കാനിടയായത്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രതിരോധ വാക്‌സിനുകള്‍ തീര്‍ന്നത് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പല വാക്‌സിനുകളും ലഭ്യമല്ല. ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന പ്രതിരോധ യജ്ഞങ്ങള്‍ കേവലം ചടങ്ങുകളായി മാറിയിരിക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആസ്പത്രികളില്‍ വാക്‌സിനുകള്‍ കിട്ടാതായിട്ടും കാരണം തിരക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല എന്നതാണ് വസ്തുത. ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, വില്ലന്‍ചുമ, ബി.സി.ജി, മഞ്ഞപ്പിത്തം, മെനഞ്ചൈറ്റിസ്, അഞ്ചാംപനി തുടങ്ങിയവക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന മരുന്നുകളാണ്. സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനുകള്‍ക്കു വേണ്ടി ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രികളെയാണ്. എന്നാല്‍ പനി ബാധിച്ചു ചികിത്സ തേടി വരുന്നവര്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ ആസ്പത്രി അധികൃതര്‍ കൈ മലര്‍ത്തുന്നത് എത്രമാത്രം ആപത്കരമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് അനുഭവപ്പെടുന്ന സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നുകള്‍കൂടി കിട്ടാക്കനിയായതോടെ പൊതുജനം മരണക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടു. അഞ്ചാംപനിയെ പ്രതിരോധിക്കുന്ന മീസില്‍സ്, മുണ്ടിവീക്കത്തിന് നല്‍കുന്ന എം.എം.ആര്‍, പോളിയോ കുത്തിവെപ്പ് വാക്‌സിനായ ഐ.വി.പി തുടങ്ങിയവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് കേരളം. ഡിഫ്തീരിയയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഈ വാക്‌സിനുകള്‍കൂടി നല്‍കേണ്ടതുണ്ട്. മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ശിശുമരണ നിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ പേരില്‍ സാര്‍വദേശീയ പ്രശസ്തി കൈവരിച്ച കേരളത്തില്‍ പ്രതിരോധ മരുന്നുകളുടെ അഭാവം കാരണം കുട്ടികള്‍ മരണത്തിന് കീഴടങ്ങുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ശിശു മരണത്തിന് കാരണമാകുന്ന രോഗങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ സാര്‍വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടിയിലൂടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്ത സംസ്ഥാനമായിരുന്നു നമ്മുടേത്. നിലവില്‍ രോഗം ബാധിച്ചവരെല്ലാം പ്രതിരോധ കുത്തിവെപ്പ് കിട്ടാത്ത കുട്ടികളാണ് എന്നത് ചിന്തനീയമാണ്. ഇത്തരം രോഗബാധിതരായ കുട്ടികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത മറ്റു കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ടെന്ന കാര്യം ഗൗരവമേറിയതാണ്.
രാജ്യത്തെ മൂന്നില്‍ രണ്ടുഭാഗം കുട്ടികള്‍ക്ക് മാത്രമേ സമയാസമയം പ്രതിരോധ കുത്തിവെപ്പ് ലഭിക്കുന്നുള്ളൂവെന്ന് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല ആരോഗ്യ വിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിരോധ മരുന്ന് കയറ്റുമതിയില്‍ ലോക രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ പ്രതിവര്‍ഷം 26 മില്യന്‍ കുട്ടികളാണ് ജനിക്കുന്നത്. ഇതില്‍ 65 ശതമാനത്തിനു മാത്രമാണ് യഥാസമയം പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നത്. ഇക്കാരണത്താല്‍ ശിശുമരണ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനിച്ച ശേഷം ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ നല്‍കേണ്ട അഞ്ചാം പനിയുടെ പ്രതിരോധ വാക്‌സിന്‍ വെറും 12 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. ഇങ്ങനെ പ്രതിരോധ മരുന്ന് കിട്ടാതെ വളരുന്ന കുട്ടികളില്‍ ഭൂരിപക്ഷവും അഞ്ച് വയസ്സിന് മുമ്പ് മരണമടയുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഈ അവസ്ഥ തുടര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അരോഗ്യ മേഖലയിലെ പ്രഗത്ഭര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആരോഗ്യ മേഖലയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആരോഗ്യമന്ത്രി ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് സംസ്ഥാനത്തെ പകര്‍ച്ചപ്പനി മരണ നിരക്ക് ഗണ്യമായി വര്‍ധിക്കാനിടയാക്കിയത് എന്ന തിരിച്ചറിവ് മന്ത്രിക്കു വേണം. ഇത്തരം വിഷയങ്ങളില്‍ പൊതു കൂട്ടായ്മയിലൂടെ പ്രശ്‌നപരിഹാരം കണ്ടിരുന്ന പാരമ്പര്യം സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനസുവച്ചില്ല എന്നതും സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചയാണ്. ഇനിയും ആസ്പത്രി വരാന്തകളില്‍ മനുഷ്യ ജീവനുകള്‍ പിടിഞ്ഞുവീഴുന്നത് ആവര്‍ത്തിക്കാതിരിക്കാനുള്ള ആര്‍ജവത്വമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്യന്തം ആപത്കരമായ അവസ്ഥയിലേക്ക് കേരളം വഴുതിവീഴുമെന്ന കാര്യം തീര്‍ച്ച.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.