Connect with us

Video Stories

ചെമ്പനോട നല്‍കുന്ന മുന്നറിയിപ്പ്

Published

on

ഒന്നരക്കൊല്ലമായി ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ കരമടയ്ക്കാന്‍ കഴിയാതെ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത വായിച്ച് ഞെട്ടാത്തവരുണ്ടാകില്ല. വര്‍ഷങ്ങളായി അടച്ചുവന്ന കരം പൊടുന്നനെയാണ് റവന്യൂ അധികൃതര്‍ സ്വീകരിക്കാതായത്. തുടര്‍ന്ന് നിരവധി തവണ വില്ലേജോഫീസ് കയറിയിറങ്ങിയിട്ടും നികുതി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ മകളുടെ വിവാഹം മുടങ്ങുമെന്ന ഭീതിയിലും നാണക്കേടിലുമാണ് കോഴിക്കാട് ചക്കിട്ടപാറക്കടുത്ത ചെമ്പനോട കാവില്‍പുരയിടത്തില്‍ കെ.ജെ തോമസ് എന്ന ജോയ് ( 57) ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെ വില്ലേജോഫീസിനുമുന്നിലെ കമ്പിയില്‍ കയര്‍കെട്ടി തൂങ്ങിമരിച്ചത്. കരം സ്വീകരിക്കുകയും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയുമുണ്ടായെങ്കിലും ഈ ദാരുണ സംഭവം ഉയര്‍ത്തുന്ന നിരവധിചോദ്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്.
ജോയിയുടെ പേരിലുള്ള ഭൂമിയില്‍ എണ്‍പത് സെന്റ് രണ്ടുവര്‍ഷം മുമ്പാണ് ഭാര്യ മോളിയുടെ പേരിലേക്ക് മാറ്റിയത്. ഇതിന് പോക്കുവരവ് നടത്താതെയും കരം സ്വീകരിക്കാതെയുമാണ് വില്ലേജ്അധികൃതര്‍ ഇദ്ദേഹത്തെ മരണത്തിലേക്കെത്തിച്ചത്. പത്തു ലക്ഷം രൂപയുടെ കടം തീര്‍ക്കാനും പുതിയ വായ്പയെടുക്കാനുമായിരുന്നു ജോയിയുടെ ശ്രമം. ഇതിനായി ആവശ്യപ്പെട്ട കര രസീതി നാട്ടുകാര്‍ കൂടിയായ വില്ലേജ്ഓഫീസര്‍ സണ്ണി, വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് എന്നിവര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടായിരുന്നു. പലരുടെയും കരമടച്ചത് കൈക്കൂലി വാങ്ങിയാണെന്നാണ് ആരോപണം. ഇതിന് തയ്യാറാകാതിരുന്നതാണ് കരം സ്വീകരിക്കാതിരിക്കാന്‍ കാരണമായി പറയുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച്, പ്രതികള്‍ ഗുരുതരമായ വീഴ്ച വരുത്തിയതായാണ് സൂചന. ഇതുസംബന്ധിച്ച രേഖകളില്‍ കൃത്രിമം കാട്ടിയതായി ജോയിയുടെ സഹോദരനും നാട്ടുകാരും ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഇന്നലെ നടത്തിയ പരിശോധനയിലും ക്രമക്കേടുകള്‍ കണ്ടതായാണ് വിവരം.
ഭൂമിയുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് പരാതികളാണ് ഓരോ വില്ലേജോഫീസുകളിലും കെട്ടിക്കിടക്കുന്നത്. ഇവയുടെ നിജസ്ഥിതി കണ്ടെത്തി അര്‍ഹരായവര്‍ക്ക് അത് നിവൃത്തിച്ചുകൊടുക്കുന്നതിന് ഇന്നുള്ള സംവിധാനം പര്യാപ്തമല്ലെന്നാണ് പണ്ടു മുതലുള്ള അനുഭവം. 2016 ഏപ്രിലിലാണ് തിരുവനന്തപുരം വെള്ളറട വില്ലേജോഫീസ് മറ്റൊരു കര്‍ഷകന്‍ തീവെച്ച് നശിപ്പിച്ചത്. ഭൂ രേഖകള്‍ സംബന്ധിച്ച് നിരവധി തവണ അപേക്ഷിച്ചിട്ടും നിവൃത്തിച്ചുകൊടുക്കാതിരുന്നതായിരുന്നു തീവെപ്പിന് കാരണം. പലരും തീരാപ്രയാസത്തില്‍ ചിന്തിച്ചുപോകുന്ന അരുതായ്മയാണ് സാംകുട്ടിയുടെയും ജോയിയുടെയും കാര്യത്തില്‍ സംഭവിച്ചതെന്നതാണ് സത്യം. ഇതുപോലെതന്നെയാണ് വര്‍ഷങ്ങളായി കരം സ്വീകരിച്ചിരുന്ന 12 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ നീതിതേടി വയനാട് സിവില്‍ സ്‌റ്റേഷനുമുന്നില്‍ രണ്ടു വര്‍ഷമായി കാഞ്ഞിരത്തിനാല്‍ ജെയിംസ് നടത്തിവരുന്ന സത്യഗ്രഹം.
സര്‍ക്കാര്‍ സംവിധാനം പൗരന്മാര്‍ക്ക് പ്രാപ്യമാകുന്നില്ലെന്ന പരാതി ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. വില്ലേജോഫീസ് പോലെ സാധാരണക്കാരുമായി അടുത്ത ബന്ധമുള്ള സര്‍ക്കാര്‍ സംവിധാനം ജനങ്ങളുടെ അപേക്ഷകളില്‍ ഉടന്‍ നടപടിയെടുക്കേണ്ടതുണ്ടെങ്കിലും അത് പലപ്പോഴും ഉണ്ടാവാറില്ല. ഇതിനു കാരണം ഉദ്യോഗസ്ഥരുടെ നേര്‍ക്കുണ്ടായേക്കാവുന്ന നടപടിയാണെന്ന് അവര്‍ പറയുമെങ്കിലും കിമ്പളം എന്ന ലക്ഷ്യമാണ് പലപ്പോഴും ഈ വൈകലിന് കാരണമാകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തിരിയെങ്കിലും പിടിപാടും ധൈര്യവുമുള്ളവര്‍ മാത്രമാണ് ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കൊതിക്കെതിരെ വിജിലന്‍സിനെയും മറ്റും സമീപിക്കാറുള്ളത്. പരസ്യമായി പ്രതികരിച്ചാല്‍ പിന്നീടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഭയന്ന് പലരും പിന്മാറുകയും ജീവിതാവസാനം വരെ അതിന്റെ പ്രതികാരം നേരിടേണ്ടിവരികയും ചെയ്യുന്നവരും നമുക്കിടയിലുണ്ട്. 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ വിവരാവകാശ നിയമവും 2012ലെ സേവനാവകാശ നിയമവുമൊക്കെ നിലവിലുള്ളപ്പോഴാണ് അതൊന്നും തന്റെ രക്ഷക്ക് എത്താതെ ജോയിക്ക് ജീവനൊടുക്കേണ്ടിവന്നത്. ഉദ്യോഗസ്ഥര്‍ എത്രകണ്ട് ഈ നിയമങ്ങളെ ബഹുമാനിക്കുന്നു എന്നതിന്റെകൂടി തെളിവാണീ സംഭവം. വിവരാവകാശ നിയമപ്രകാരം ശിക്ഷയും മറ്റും കൊണ്ട് ഒട്ടേറെ മാറ്റങ്ങളുണ്ടാക്കാനായെങ്കിലും കേരളത്തില്‍ പാസാക്കിയ സേവനാവകാശ നിയമപ്രകാരം ഇന്നുവരെയും ഒരൊറ്റ ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗം വാദിക്കുന്നതിനും അവരുടെ ആനുകൂല്യങ്ങള്‍ക്കുമായി സംഘടനകള്‍ നിരവധിയുണ്ടെങ്കിലും പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതിലല്ല അവരുടെ താല്‍പര്യം. പഞ്ചിങ് പോലുള്ള സംവിധാനങ്ങളുടെ കാര്യത്തില്‍ എല്ലാ സര്‍ക്കാരുകളും പരാജയപ്പെടുന്നതുമാത്രം മതി അഴിമതിമുക്തവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യത്തിന്റെ ഗതിയളക്കാന്‍. വിജിലന്‍സ് സംവിധാനമാകട്ടെ പലപ്പോഴും നിഷ്‌ക്രിയമാകുന്നു.
ലോകത്ത് അഴിമതിയുടെ കാര്യത്തില്‍ എഴുപത്തൊമ്പതാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്തെ 65 ശതമാനം പേര്‍ കൈക്കൂലി നല്‍കിയാണ് സര്‍ക്കാരില്‍ കാര്യം സാധിക്കുന്നതെന്ന് ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെ പഠനം പറയുന്നു. ഓരോ സര്‍ക്കാര്‍ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കസേരയിലേറിയത്. ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ജീവനക്കാരുടെ ഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകാത്തതെന്തുകൊണ്ടാണ്. സര്‍ക്കാര്‍ ആരുടേതെന്നു നോക്കിയാണ് പല പ്രധാന തസ്തികകളിലും വേണ്ടപ്പെട്ടവര്‍ നിയോഗിക്കപ്പെടുന്നത്. രാഷ്ട്രീയകക്ഷികളുടെ ഉന്നത ശ്രേണിയിലുള്ളവര്‍ക്കുവരെ ഈ നിയമനങ്ങളില്‍ നേരിട്ടുപങ്കുണ്ട്. നയങ്ങള്‍ നടപ്പാക്കലാവില്ല പലപ്പോഴും ഇത്തരം നിയമനങ്ങള്‍ക്കു പിന്നിലുള്ളത്. നമുക്കും കിട്ടണം പണം എന്നതുതന്നെയാണ് ലക്ഷ്യം. സ്വാഭാവികമായും താഴേക്കിടയിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ സന്ദേശം എത്തുന്നു. അടുത്തിടെ സെക്രട്ടറിയേറ്റ് കോമ്പൗണ്ടില്‍ വെച്ചാണ് പൊതുമരാമത്തുവകുപ്പിലെ ഉന്നതഉദ്യോഗസ്ഥയെ കോഴകൈപ്പറ്റുന്ന ദൃശ്യത്തിന്റെ സഹായത്തോടെ പിടികൂടിയത്. തദ്ദേശസ്വയംഭരണം, റവന്യൂ, എക്‌സൈസ്, വാണിജ്യനികുതി, ഗതാഗതം തുടങ്ങിയ വകുപ്പുകളൊക്കെ കാലങ്ങളായി കൈക്കൂലിയുടെ നീരാളിപ്പിടുത്തത്തിലാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നതാണ് ജീവനക്കാരുടെ നിലപാട്. ഒറ്റപ്പെട്ട സംഭവമല്ലെന്നുപറഞ്ഞ് സുഖിപ്പിച്ചാല്‍ തീരുന്നതല്ല ഈ പ്രശ്‌നം. ഇനിയൊരു ജോയി ഉണ്ടാകാതിരിക്കാന്‍ ക്രിയാത്മകമായി എന്തു നടപടി സ്വീകരിക്കുന്നുവെന്നാണ് ജനം ഉറ്റുനോക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.