Connect with us

Video Stories

ഇന്ത്യന്‍ നിലപാട് പ്രശംസാര്‍ഹം

Published

on

ലോകത്തെ വന്‍ശക്തിയായും അന്താരാഷ്ട്രരംഗത്തെ അപ്രഖ്യാപിത പൊലീസായും വിശേഷിപ്പിക്കപ്പെട്ടുവരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടനയില്‍ ആ രാജ്യത്തിന് സംഭവിച്ച ദയനീയ തോല്‍വി. ഫലസ്തീനിലെയും ജറുസലേമിലെയും ഇസ്രാഈലി അധിനിവേശ സേനയുടെ കടന്നാക്രമങ്ങളെ അപലപിക്കുന്ന പ്രമേയത്തിന് ലഭിച്ച അത്യഭൂതപൂര്‍വമായ പിന്തുണ ലോകത്ത് സാമാന്യനീതിയും നിയമക്രമവും ഇന്നും നിലനില്‍ക്കുന്നുണ്ടെന്നതിനുള്ള ഉത്തമദൃഷ്ടാന്തമാണ്. 128നെതിരെ ഒന്‍പതു വോട്ടുകള്‍ക്കാണ് പ്രമേയം പാസായിരിക്കുന്നത്. ഫലസ്തീന്‍ പ്രദേശമായ ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് ഡിസംബര്‍ ആറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെതുടര്‍ന്ന് ലോക സമൂഹത്തിന് മുന്നില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരുന്ന അമേരിക്കയുടെ തീട്ടൂരത്തിനേറ്റ അടിയുടെ ആഘാതത്തില്‍ നിന്ന് ആ രാജ്യത്തിന് പെട്ടെന്നൊന്നും മോചിതമാകാനാകില്ലെന്ന് തീര്‍ച്ച.
193 അംഗ യു.എന്‍ പൊതുസഭ വിളിച്ചുചേര്‍ത്ത പ്രത്യേകസമ്മേളനത്തിലാണ് അമേരിക്കക്കും ഇസ്രാഈലിനും ഇത്രയും കനത്ത തിരിച്ചടി നേരിടേണ്ടിവന്നിരിക്കുന്നത്. അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെ 128 രാജ്യങ്ങളാണ് പൊതുസഭയുടെ ഫലസ്തീന്‍ അനുകൂല പ്രമേയത്തെ പിന്തുണച്ചതെങ്കില്‍ അമേരിക്കയും ഇസ്രാഈലും ഏതാനും ചെറുദ്വീപ് രാഷ്ട്രങ്ങളും മാത്രമാണ് ഇവര്‍ക്ക് കൂട്ടിനുകിട്ടിയത്. ടോഗോ, മാര്‍ഷല്‍ ദ്വീപുകള്‍ തുടങ്ങി ഏഴ് രാജ്യങ്ങള്‍ മാത്രം. കനഡ, ആസ്‌ട്രേലിയ തുടങ്ങി 35 രാജ്യങ്ങള്‍ ഇരുചേരിയിലും ചേരാതെ വിട്ടുനിന്നു. ഇതില്‍ പലര്‍ക്കും അമേരിക്കയുമായുള്ള കരാറുകളാലാണ് അതിന് നിര്‍ബന്ധിതമാകേണ്ടിവന്നത്. അതേസമയം ഇന്ത്യയും റഷ്യയും ചൈനയും അടക്കം പ്രമേയത്തെ അനുകൂലിച്ചുവെന്നതിന് വലിയ പ്രാധാന്യമുണ്ട്. പൊതുവില്‍ അറബ്-മുസ്‌ലിം പ്രശ്‌നങ്ങളില്‍ അടുത്തകാലത്തായി പുറംതിരിഞ്ഞുനില്‍ക്കുന്ന ഇന്ത്യയുടെ യശസ്സിന് വലിയ മൂല്യവര്‍ധനയാണ് ഈ നടപടി മൂലം ലഭിച്ചിരിക്കുന്നത്. ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യ പതിറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുന്ന അനുഭാവപൂര്‍ണമായ നയത്തിന്റെ തുടര്‍ച്ചയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളതെങ്കിലും ഇതിന് തയ്യാറായ ഇന്ത്യാസര്‍ക്കാരിന്റെ ആര്‍ജവം പ്രശംസാര്‍ഹം തന്നെയെന്നതില്‍ തര്‍ക്കമില്ല. അടുത്തകാലത്ത് ഇസ്രാഈല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമാദി കിലോമീറ്ററുകള്‍ മാത്രമകലെയുള്ള ഫലസ്തീന്‍ സന്ദര്‍ശിക്കാതിരുന്നത് വലിയ രോഷത്തിന് വഴിവെച്ച സാഹചര്യത്തില്‍ വിശേഷിച്ചും. ലോക ജനാധിപത്യത്തിന്റെ നെറുകെ നിലകൊള്ളുന്ന നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ച് മറിച്ചൊരു നിലപാട് കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല എന്നതാണ് നേര്.
സ്വന്തം ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് പൗരത്വം പോലുമില്ലാതെ മിസൈലുകള്‍ക്ക് കീഴില്‍ ഉറങ്ങേണ്ടിവരുന്ന അരക്കോടിയോളം വരുന്ന ഫലസ്തീന്‍ ജനതയുടെ ആറു പതിറ്റാണ്ടായ ദുരിതത്തിനുനേര്‍ക്ക് യു.എന്‍ പ്രമേയം ചെറിയ ആശ്വാസമൊന്നുമല്ല വാഗ്ദാനം ചെയ്തിരിക്കുന്നത്. വലിയ വിജയം തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഫലസ്തീനെ സംബന്ധിച്ച ഐക്യരാഷ്ട്രസഭയിലെ നൂറ്റി ഇരുപതോളം പ്രമേയങ്ങളെപോലെ ചവറ്റുകൊട്ടയിലായിരിക്കും ഇതിന്റെ സ്ഥാനവുമെന്നാണ് ഇസ്രാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭിപ്രായം. തങ്ങള്‍ ആരെയും കൂട്ടാക്കില്ലെന്ന കവലച്ചമ്പട്ടിയുടെ ഭാഷയാണ് നെതന്യാഹുവിന്റെ സ്വരത്തിന്. പിടിച്ചടക്കിയ മണ്ണില്‍ അതിന് അവകാശപ്പെട്ടവരെ ടാങ്കുകളും മിസൈലുകളുമുപയോഗിച്ച് കൊന്നുതള്ളുന്ന സയണിസ്റ്റ് ഭരണകൂടത്തില്‍നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും അമേരിക്കയുടെ ഭാഷയാണ് അല്‍ഭുതപ്പെടുത്തുന്നത്. തങ്ങളുടെ കോടിക്കണക്കിന് ഡോളര്‍ സഹായമായും വായ്പയായും വാങ്ങിയെടുത്തവര്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞത് നന്ദികേടാണെന്നാണ് ട്രംപിന്റെ ഭീഷണിയും പരിഹാസവും. സ്വയം അവഹേളിതനാകുന്ന ഒരു കോമാളിയെന്നേ ട്രംപിനെക്കുറിച്ച് ഇക്കാര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കും ലോക സമൂഹത്തിനും പറയാനുള്ളൂ.
ഫലസ്തീനിലെ പൗരന്മാര്‍ക്ക് നീതിയും നിയമവും അംഗീകരിച്ചുകിട്ടാന്‍ നൂറോളം വരുന്ന ലോകത്തെ രാഷ്ട്രങ്ങളും മുന്നോട്ടുവന്നതിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ല. ഇസ്രാഈല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഫലസ്തീനുവേണ്ടിയുള്ള നമ്മുടെ രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടിനെ പിന്താങ്ങിയാണ് സംസാരിച്ചത്. ലോക വന്‍ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ഇടംതടിച്ചുനിന്ന ശീതസമരത്തിന്റെ ശാക്തികകാലത്ത് ചേരിചേരാ രാജ്യങ്ങളെ ഒരുമിച്ചുകൂട്ടി ഫലസ്തീനെ പിന്തുണച്ച പൈതൃകമാണ് ഇന്ത്യക്കും ഈജിപ്തിനും യൂഗോസ്ലാവ്യക്കുമൊക്കെയുള്ളത്. അന്ന് ഫലസ്തീന്‍ വിമോചന സംഘടനയുടെ അധ്യക്ഷനായിരുന്ന യാസര്‍ അറഫാത്തായിരുന്നു നമ്മുടെ ഇഷ്ടസഹചാരിയെന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 1980കളുടെ ഒടുവിലാണ് ആ രാജ്യവുമായി നയതന്ത്രബന്ധം പോലും സാധ്യമാക്കി ഇന്ത്യ തെറ്റായ കീഴ്‌വഴക്കിന് മുതിര്‍ന്നത്. ബി.ജെ. പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആ ബന്ധം ഇന്ന് അരക്കിട്ടുറപ്പിക്കുന്ന കാലവും. ഇതിനിടയിലാണ് നമുക്ക് ലോക സമൂഹത്തിനും അരികുവല്‍കരിക്കപ്പെട്ട ഒരു ജനതക്കും മുമ്പാകെ കൈക്കുമ്പിളുമായി നില്‍ക്കാന്‍ ഉതകുന്ന നിലപാട് ഇന്ത്യാ സര്‍ക്കാര്‍ യു.എന്നില്‍ സ്വീകരിച്ചത് എന്നത് വലിയ ആശ്വാസം നല്‍കുന്നു. റഷ്യയും ചൈനയും ഇസ്‌ലാമിസവുമാണ് തന്റെ രാജ്യത്തിന്റെ ശത്രുക്കളെന്നും ഇന്ത്യ മിത്രമാണെന്നും പ്രഖ്യാപിച്ച് ട്രംപ് നാവ് അകത്തേക്കിട്ടതിനു തൊട്ടുപിന്നാലെയാണ് നാം ഫലസ്തീനെതിരെ അമേരിക്കക്ക് വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പാകിസ്താനൊപ്പം നില്‍ക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
പശ്ചിമേഷ്യന്‍ മേഖലയില്‍ ശാശ്വതമായ സമാധാനം എന്ന നയമാണ് ഇന്ത്യക്കുള്ളത്. ഇരു രാജ്യങ്ങളും അതിനായി അനുരഞ്ജനത്തിന്റേതായ വഴി സ്വീകരിക്കണം. എന്നാല്‍ അതിനെ വഷളാക്കുന്ന തരത്തില്‍ മധ്യസ്ഥ സ്ഥാനത്തുനിന്ന വ്യക്തി തന്നെ മറുകണ്ടം ചാടുക എന്ന നിലയാണ് അമേരിക്കയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഈ ദിനം തങ്ങള്‍ എന്നുമോര്‍ക്കും എന്ന യു.എസിന്റെ യു.എന്‍ പ്രതിനിധി നിക്കി ഹേലിയുടെ വാക്കുകള്‍ പോലെ, അമേരിക്കയുടെ എതിര്‍പ്പിലും ഏടാകൂടത്തിലും എണ്ണമറ്റ പരാജയപ്പെട്ട പ്രമേയങ്ങള്‍ക്കിടെ ഫലസ്തീന് അനുകൂലമായ യു.എന്‍ പ്രമേയം പാസായദിനം മറ്റൊരര്‍ഥത്തില്‍ ചരി്ര്രതത്തില്‍ നിറഞ്ഞുനില്‍ക്കുക തന്നെ ചെയ്യും. ഇതിലൂടെ ട്രംപിനും അദ്ദേഹത്തിന്റെ പിണിയാളുകള്‍ക്കുമാണ് ഇനി ഭയപ്പെടേണ്ടത്. അറബ് രാജ്യങ്ങളും ഇന്ത്യയില്‍ മുസ്‌ലിംലീഗും അടക്കം വിവിധ കക്ഷികളും സംഘടനകളും നടത്തിവരുന്ന പ്രതിഷേധ പരിപാടികള്‍ ഇത്തരത്തിലുള്ള ലോകാഭിപ്രായരൂപീകരണത്തിന് സഹായകരമാണ്. ഇതിനനുസരിച്ചുനീങ്ങാന്‍ ഇനിയും ഇസ്രാഈല്‍ തയ്യാറല്ലെങ്കില്‍ അവരെ അതിന് നിര്‍ബന്ധിതമാക്കുന്ന പരിഹാരം ആരാഞ്ഞേ തീരൂ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.