Connect with us

Video Stories

പണിതിട്ടും പണിതിട്ടും തീരാത്ത ദേശീയപാത

Published

on

രാജ്യത്തെതന്നെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ദേശീയപാത-544ന്റെ ആറു വരിപ്പാതാവികസനം തുടങ്ങിയിട്ട് വര്‍ഷം ഏഴു കഴിഞ്ഞെങ്കിലും കേരളത്തില്‍ അതിന്റെ നല്ലൊരുഭാഗത്തിന്റെ നിര്‍മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് മുതല്‍ വിവിധ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചും സാധനങ്ങളുമായി പോകുന്നവരുടെയും എണ്ണമറ്റ വാഹനയാത്രക്കാരുടെയും ഏക ആശ്രയമായ സേലം-കന്യാകുമാരി ദേശീയ പാതയിലെ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള 28 കിലോമീറ്റര്‍ ഭാഗമാണ് ഏറെക്കാലമായി പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. ഇതിനിടയിലെ ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കമാണ് വടക്കഞ്ചേരിക്ക് സമീപം തൃശൂര്‍ ജില്ലാതിര്‍ത്തിയായ കുതിരാന്‍ മലയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ തുരങ്കം നിര്‍മിക്കാന്‍ വനംവകുപ്പിന്റെ ഉള്‍പ്പെടെ അനുമതി ലഭിക്കാന്‍ വൈകിയെങ്കിലും അതിനുശേഷവും നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ ആശങ്കകളും ദുരിതവുമാണ് യാത്രക്കാര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ നിന്നടക്കമുള്ള അതിവിദഗ്ധ തൊഴിലാളികളെയും ബൂമര്‍പോലുള്ള അത്യാധുനിക യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തുരങ്ക നിര്‍മാണം ഒച്ചിനേക്കാള്‍ പതുക്കെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഇതിന്റെ പണി തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നിര്‍മാണം മുടന്തി നീങ്ങുക തന്നെയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലുള്ളവര്‍ പ്രയോജനപ്പെടുത്തുന്ന പാത കൂടിയാണ് ദേശീയപാതയുടെ പാലക്കാട് -മണ്ണുത്തി ഭാഗം. തൃശൂര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ ആതുരാലയങ്ങളിലേക്കുള്ള റൂട്ടും ഇതുതന്നെ. വളരെ കഷ്ടതരമാണ് ഈ ഭാഗത്തെ യാത്ര. വര്‍ഷകാലത്തുപോയിട്ട് ഇപ്പോള്‍ പോലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് ഈ ഭാഗം. മണ്ണുത്തി, ഇരുമ്പുപാലം, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മേല്‍പാലങ്ങളും പാതിവഴിയിലാണ്. കൊച്ചി തുറമുഖത്തുനിന്നുള്ള ചരക്കുകള്‍ കേരളത്തിന് പുറത്തേക്ക്് കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്ന പ്രധാന റൂട്ടാണിതെന്നത് നമ്മുടെ റോഡ് വികസനവുമായി ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചിട്ടില്ലെന്ന് തോന്നുന്നു. കൊച്ചി മുതുല്‍ പാലക്കാട് വരെയുള്ള ജില്ലകളിലേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും യന്ത്ര സാമഗ്രികളുമൊക്കെ കൊണ്ടുവരുന്ന പ്രധാന പാതകൂടിയാണിത്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം പിന്നിട്ടിരിക്കവെയാണ് അതിനുശേഷമുള്ള ഭാഗം ഇന്നും അഴിയാക്കുരുക്കായി തുടരുന്നത്.
തൊഴിലാളികളുടെ പണിമുടക്കാണ് പണി പുരോഗമിക്കുന്നതിന് തടസ്സമെന്നാണ് കരാറുകാര്‍ പറയുന്നതെങ്കില്‍ അതിന് കാരണം അവര്‍ക്ക് അര്‍ഹമായ ശമ്പളവും വേതനവും സമയാസമയം കൊടുത്തുതീര്‍ക്കാന്‍ കഴിയാത്തതാണെന്നതാണ് വാസ്തവം. ഇത്രയും പ്രധാനമായ നിര്‍മാണ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രഗതി കണ്‍സ്ട്രക്ഷന്‍സ് എന്ന കരാര്‍ കമ്പനിയുടെ നിരുത്തരവാദിത്തവും ആര്‍ജവമില്ലായ്മയുമാണ് ഇതിന് വഴിവെച്ചതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം ഇല്ലാതായതാണ് മുഖ്യതടസ്സമായി നിലകൊള്ളുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനുകീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് പാത നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല. എന്നാല്‍ സേലം മുതലുള്ള ഭാഗം പാലക്കാട് വടക്കഞ്ചേരി വരെ നാലു വരിയായി വീതികൂട്ടാന്‍ കാട്ടിയ വ്യഗ്രതയും താല്‍പര്യവും എന്തുകൊണ്ട് ബാക്കിഭാഗത്ത് ഇല്ലാതെ പോയി എന്നത് ചോദ്യച്ഛിഹ്നമായി ജനങ്ങളുടെയും നിത്യയാത്രക്കാരുടെയും മുന്നില്‍ തുറിച്ചുനില്‍ക്കുകയാണ്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് പാറപൊട്ടിക്കേണ്ടതില്ലാത്തതാണ് എന്ന കാരണം സമ്മതിച്ചാല്‍ തന്നെ വടക്കഞ്ചേരി-മണ്ണുത്തി ഭാഗത്ത് സാധാരണഗതിയില്‍ എടുക്കേണ്ട സമയമല്ല കരാറുകാര്‍ എടുത്തത്. പല തവണയായി ഒരു വര്‍ഷത്തോളമാണ് പാത നിര്‍മാണം മുടങ്ങിയത്. മഴക്കാലത്തെ പഴിച്ചെങ്കിലും മറ്റൊരു പ്രധാന കാരണമായത് കരാറുകാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത വായ്പയുടെ പലിശ കുമിഞ്ഞുകൂടിയതുമൂലം തുടര്‍ ഫണ്ട് അനുവദിക്കാതിരുന്നതിനാലാണ്. സര്‍ക്കാരിന്റെ ഇടപെടലുകള്‍മൂലം അടുത്തകാലത്താണ് വായ്പ വീണ്ടും അനുവദിച്ചുതുടങ്ങിയത്. പറഞ്ഞസമയത്ത് പണി തീര്‍ക്കാതിരുന്നതാണ് പണം തുടരെ അനുവദിക്കാതിരിക്കാനുള്ള കാരണമായി ബാങ്കുകള്‍ പറഞ്ഞത്. അതിനിടെ കല്ലും ചീളുകളും തുരങ്കത്തിന് സമീപം താമസിക്കുന്നവരുടെ പുരകളിലും പരിസരത്തും വന്നുപതിക്കുന്നുവെന്ന പരാതികൂടിയായതോടെ പണി വീണ്ടും നിലക്കുകയായിരുന്നു.
കുതിരാന്‍ തുരങ്കത്തിന്റെ ഇടതു പാത പണി പൂര്‍ത്തിയായെങ്കിലും നിലച്ചിരിക്കുന്നത് വലതു പാതയിലാണ്. കഴിഞ്ഞ ആഗസ്റ്റിലോ വര്‍ഷാവസാനത്തോടെയോ ഇടതുപാത തുറന്നുകൊടുക്കുമെന്ന് കരാറുകാര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല തുരങ്കത്തിനകത്തെ സുരക്ഷാക്രമീകരണങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞില്ല. നിരവധി വലിയ ചരക്കുവാഹനങ്ങള്‍ ഒരേസമയം കടന്നുപോകുന്ന റൂട്ടിലെ തുരങ്കത്തില്‍ ഉണ്ടായേക്കാവുന്ന അപകട ഭീഷണി ഓര്‍മിപ്പിക്കാന്‍ സംസ്ഥാന അഗ്നിശമനസേനക്ക് തന്നെ ഇടപെടേണ്ടിവന്നു. തുരങ്കത്തിലേക്കുള്ള അപ്രോച്ച് പാതയും ഇരുമ്പുപാലത്തിന് ബദലായ കൂറ്റന്‍ പാലവും നിര്‍മാണം പൂര്‍ത്തിയാക്കുന്നതും വൈകുകയുണ്ടായി. ഇതേ പാതയില്‍ വടക്കഞ്ചേരി ഭാഗത്ത് പണിപൂര്‍ത്തിയായി ഭാഗികമായി തുറന്നുകൊടുത്ത ഭാഗങ്ങളില്‍ പൊട്ടല്‍ കണ്ടതും കരാറുകാരുടെ അനാസ്ഥയിലേക്കും ഭാവിയിലെ ഭീഷണിയിലേക്കുമാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഈ ഭാഗം പൊളിച്ചുപണിതെങ്കിലും ദേശീയ പാതയുടെ കാര്യത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒളിച്ചുകളിക്കുകയാണെന്ന പരാതിക്ക് ഇതിടയാക്കി.
ആദ്യ ഘട്ടത്തിലെ പതിവു പരിദേവനങ്ങളും പരാതികളും മാറ്റിവെച്ച് സര്‍ക്കാര്‍ നല്‍കിയ തുക സ്വീകരിച്ചാണ് ദേശീയപാതയരികിലെ സ്വകാര്യ ഭൂമികള്‍ പൊതു ആവശ്യം കണക്കിലെടുത്ത ദേശസ്‌നേഹം മുന്‍നിര്‍ത്തി നാട്ടുകാര്‍ വിട്ടുനല്‍കിയത്. എന്നാല്‍ അതിനെപോലും പരിഹസിക്കുന്ന രീതിയിലായി ദേശീയപാത 544ലെ വടക്കഞ്ചേരി-മണ്ണുത്തിപാത നിര്‍മാണം. ജനങ്ങളുടെ ചെലവില്‍ നിര്‍മിക്കുന്ന പ്രധാന പദ്ധതിക്ക് ഇത്രയും കാലതാമസം വരാന്‍ കാരണമാകുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ വൃന്ദവും ബന്ധപ്പെട്ട സര്‍ക്കാര്‍-രാഷ്ട്രീയ നേതൃത്വവും ഏറ്റെടുക്കുകതന്നെ വേണം. കേന്ദ്ര സര്‍ക്കാരിന്റെ മേലാളന്മാര്‍ക്ക് പ്രസ്താവന നടത്താന്‍ മാത്രമുള്ള പദ്ധതിയായി കേരളത്തിലെ ജനോപകാരപ്രദമായ ഒരു പദ്ധതി മാറാന്‍ പാടില്ലായിരുന്നു. സേലം, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ ആറുവരി ഇതിനകം യാഥാര്‍ത്ഥ്യമായിരിക്കെ, കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ മികച്ച ഉദാഹരണമായി വേണം ഇതിനെ വിലയിരുത്താന്‍. ഇരുഭാഗത്തെയും ജനപ്രതിനിധികളും ഇനിയെങ്കിലും മൗനം വെടിഞ്ഞേതീരൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.