Video Stories
കൊട്ടാരത്തില്‍ നിന്ന് തടവറയിലേക്ക്
കെ.പി ജലീല്‍
1989 മാര്‍ച്ച് 25. തമിഴ്നാട് നിയമസഭയില്‍ 27 സീറ്റുമായി അണ്ണാ ഡി.എം.കെ പ്രതിപക്ഷത്ത്. നിയമസഭക്കകത്ത് ജയലളിതയുടെയും ഭരണകക്ഷിയായ ഡി.എം.കെയുടെയും വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. സാരി വലിച്ചുകീറപ്പെട്ട നിലയില്‍ ജയലളിത മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. അപ്പോള്‍ അവരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: മുതലമൈച്ചറാകാമേ നാനിന്ത ശട്ടമണ്‍റത്ത്ക്ക് വറമാട്ടേന്‍. (മുഖ്യമന്ത്രിയായിട്ടല്ലാതെ ഞാനിനി തമിഴ്നാട് നിയമസഭയിലേക്ക് വരികയില്ല.) ഈ ശപഥം ഇരുപത്തെട്ട് വര്‍ഷത്തിനുശേഷം ഇന്ന് പലരും ഓര്‍ക്കുന്നുണ്ടാകും. പ്രവചിച്ചതുപോലെ രണ്ടു വര്‍ഷത്തിനുശേഷം സെല്‍വി ജയലളിത 1991ല്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടി മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. തമിഴ്നാട്ടില്‍ അതേ ജയലളിതയുടെ തോഴി ശശികല നിയമസഭാകക്ഷി നേതൃ സ്ഥാനത്തുനിന്ന് നേരെ ജയിലിലേക്ക് പോകുമ്പോള്‍ ഇപ്പോള്‍ ശശികലക്ക് അങ്ങനെയൊരു ശപഥം എടുക്കാനാവില്ലെന്നുമാത്രമല്ല, തമിഴ് ജനതയുടെ വെറുപ്പിന്റെ ചേറിലിറങ്ങിയാണ് സ്വന്തം കര്‍മഫലം കാത്തുവെച്ച തടവറയിലേക്ക് ഈ അറുപത്തൊന്നുകാരി ഒരിക്കല്‍കൂടി യാത്രയാകുന്നത്. മൂന്നു വര്‍ഷത്തിനുശേഷം രണ്ടാമതും. സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും പയറ്റിത്തെളിഞ്ഞവരാണ് നാളിതുവരെയും തമിഴകത്തെ മുഖ്യമന്ത്രിമാരായിരുന്നതെങ്കില്‍ മലയാള സിനിമയിലെ നായകന്റെ ഡയലോഗ് പോലെയാണ് വിവേകാനന്ദ കൃഷ്ണവേണി ശശികലയുടെ മുഖ്യമന്ത്രിസ്വപ്നം. അതിമോഹമാണ് മോളേ, അതിമോഹം!
2011ല്‍ തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ജയലളിതക്ക് ഒരു രഹസ്യ റിപ്പോര്‍ട്ട് നല്കി. വൈകാതെ മുഖ്യമന്ത്രി പദം തോഴി ശശികലയും കുടുംബവും തട്ടിയെടുത്തേക്കുമെന്നായിരുന്നു രഹസ്യ വിവരം. ഇതോടെ ക്ഷുഭിതയായ പുരട്ചി തലൈവി ശശികലയെയും ഭര്‍ത്താവ് നടരാജനെയും മറ്റും പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡനിലെ വേദനിലയത്തുനിന്നും പുറത്താക്കി. ഇത് കനത്ത അടിയാണ് മണ്ണാര്‍കുടി കുടുംബത്തിലേല്‍പിച്ചത്. തങ്ങളുടെ മോഹങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുന്നത് അവര്‍ക്കും പ്രത്യേകിച്ച് ശശികലക്കും താങ്ങാന്‍ പറ്റാവുന്നതിലപ്പുറമായിരുന്നു. അവര്‍ ആറു മാസത്തോളം സ്വയം സഹിച്ചു. ഒടുവില്‍ ക്ഷമ എഴുതിനല്‍കി. ആരോഗ്യം മോശമാകുകയും ഭരണത്തില്‍ നിയന്ത്രണം നഷ്ടമാകുന്നുവെന്ന തോന്നലുളവാകുകയും ചെയ്തതോടെ ശശികലയുടെ മാപ്പപേക്ഷ സ്വീകരിച്ച് അവരെ തിരികെ വിളിച്ചു. എന്നിട്ടും നടരാജനെ അവര്‍ അകറ്റിത്തന്നെ നിര്‍ത്തി. പിന്നീട് ജയലളിതയുടെ മരണത്തിനു ശേഷമാണ് നടരാജനെയും മറ്റും ജയയുടെ മരണ ശയ്യക്കരികെ ജനം കാണുന്നത്.
66.65 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീം കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ജയിലിലേക്ക് പോകുന്ന ശശികലയുടെ പിറകെ മറക്കാനാകാത്ത നിരവധി ഓര്‍മകളുടെ ചങ്ങലക്കെട്ടുകളുണ്ടാകുമെന്നത് തീര്‍ച്ചയാണ്. വീഡിയോഗ്രാഫറായി വന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ, ഏറ്റവും നീണ്ടകാലയളവിലെ അധികാര കേന്ദ്രമായി നിന്ന് പോയസ് ഗാര്‍ഡനിലെ അണിയറക്കാരിയായി തിളങ്ങിയ ശശികല എന്ന മണ്ണാര്‍കുടി കുടുംബാംഗത്തിന് ഇനി കാത്തുവെക്കാന് ഈ സ്മരണകള്‍ മാത്രം. ചരിത്രത്തിലെ ഏറ്റവും വലിയ ചതിയുടെ ആരോപണക്കറ കൂടി പേറിയാണ് ഇവര്‍ അഴിക്കുള്ളിലേക്ക് കുനിഞ്ഞുകടക്കുന്നത്.
അനധികൃത സ്വത്തു സമ്പാദനക്കേസ് ഒരു വശത്തെങ്കില്‍ ജയയുടെ അധികാര കാലം മുഴുവന്‍ നീണ്ട നാല്പതിലധികം അഴിമതിക്കേസുകള്‍ കൂടിയാണ് ശശികല സ്വയം ഏറ്റുവാങ്ങുന്നത്. എല്ലാത്തിനും പുറമെയാണ് തന്റെ യജമാനത്തിയെ തന്നെ കൊലക്കുകൊടുക്കാന്‍ കൂട്ടുനിന്നെന്ന അപഖ്യാതി.
തമിഴ് രാഷ്ട്രീയം എന്നും അങ്ങനെയാണ്. തമിഴ് സിനിമ പോലെ ക്ലൈമാക്സ് രംഗങ്ങളുടെ സസ്പെന്‍സ് ത്രില്ലറുകള്‍. തെന്നിന്ത്യയിലെ ദ്രാവിഡ രാഷ്ട്രീയത്തിന് എന്നും ഇത്തരം വൈകാരിക തലങ്ങള്‍ കാണാം. കാമരാജും തന്തൈപെരിയാറും അണ്ണാദുരൈയും ഖാഇദേമില്ലത്തും മുത്തുവേല്‍ കരുണാനിധിയും എം.ജി.ആറും നേതൃത്വം വഹിച്ച മണ്ണില്‍ ജനതക്ക് എന്നും പ്രിയം ഇവരുടെ ആശയാദര്‍ശങ്ങളോടായിരുന്നു. തമിഴ് രാഷ്ട്രീയം മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടും ജനാധിപത്യത്തിന്റെയും ആശയദാര്‍ഢ്യത്തിന്റെയും ആശയക്കോട്ടയിലേക്ക് തിരിച്ചുവരികയാണ്. കഴിഞ്ഞ മുപ്പതോളം വര്‍ഷം സിനിമാസ്ക്രീനിലെ മായിക ലോകത്തായിരുന്നു തമിഴ് രാഷ്ട്രീയവും അവിടുത്തെ ജനതയും. അഴിമതിയുണ്ടായെങ്കിലും ഇതില്‍ നിന്ന് അല്പമെങ്കിലും അപവാദം കരുണാനിധിയും ഡി.എം.കെയുമായിരുന്നുവെന്നുപറയാം.
അമ്മ കാന്റീന്, അമ്മ സിമന്റ്, അമ്മ തണ്ണീര്‍, അമ്മ ഗ്രൈന്‍ഡര്‍ തുടങ്ങിയ ചിന്ന ചിന്ന ആനുകൂല്യങ്ങളുടെ ഗിമ്മിക്കുകള്‍ കൊണ്ട് പാവപ്പെട്ട ജനതയെ കയ്യിലെടുത്തമ്മാനമാടുകയായിരുന്നു എം.ജി.ആറും ജയലളിതയും. വെള്ളിത്തിരയിലെ വില്ലാളി പരിവേഷങ്ങള്‍ യഥാര്‍ഥ ലോകത്തും അവര്‍ ഇവരില്‍ കണ്ടു. കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ എം.ജി രാമചന്ദ്രന് പിന്നീട് തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം തമിഴരുടെ ഏഴൈതോഴനും പുരട്ചി തലൈവരുമായി കാല് നൂറ്റാണ്ടോളം വാണു. കരുണാനിധിക്ക് ഇടക്ക്ചില്ലറ ഭരണകാലം കിട്ടിയെന്നുമാത്രം. ഇതിനിടെയായിരുന്നു 1987ല്‍ പൊടുന്നനെയുള്ള എം.ജി.ആറിന്റെ മരണം. ഇതോടെ അനിശ്ചിതത്വത്തിലായ തമിഴ ജനത പുതിയ നേതാവിനെ മനസ്സില്‍ കണ്ടു. അത് മറ്റാരുമായിരുന്നില്ല; ജയലളിതയായിരുന്നു- പുരട്ചിതലൈവരുടെ ഇദയക്കനി.
1984 ലാണ് വീഡിയോ ഗ്രാഫര്‍ ജോലിയേറ്റെടുത്ത് ജയയുടെ അടുത്തയാളായി ശശികല പോയസ് ഗാര്‍ഡനിലെത്തുന്നത്. ബന്ധുക്കളെല്ലാം വേര്‍പിരിഞ്ഞ് അമ്മയുടെ അന്ത്യനാളുകള്‍ മാത്രമോര്‍ത്തു കഴിഞ്ഞിരുന്ന ജയക്ക് എല്ലാം തലൈവരായിരുന്നു. പക്ഷേ എം.ജി.ആറിന് രണ്ടു ഭാര്യമാരുണ്ടായിരുന്നുവെന്നത് ഇദയക്കനിയുടെ മോഹങ്ങളെ കരിപ്പിച്ചുകളഞ്ഞു. ഇതോടെയാണ് ശശികല ജയയുടെ ഹൃദയനഭസ്സില്‍ ചേക്കേറുന്നത്. പോയസ് ഗോര്‍ഡനിലെ ഓരോ ചുവരിനും പിന്നീട് ശശികലയായിരുന്നു നിഴലായത്. അതിവേഗം ക്ഷീണിക്കുന്ന ജയയുടെ ആരോഗ്യം ശശികല ഏറ്റെടുത്തു. പാര്‍ട്ടിയിലെയും ഭരണത്തിലെയും ഇഷ്ടാനിഷ്ടങ്ങള്‍ ജയയുടേതില്‍ നിന്ന് പതുക്കെ ശശികലയുടേതായി മാറി. 2001 ആകുമ്പോഴേക്ക് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മുന്നണി നേതാക്കള്‍ക്കുമെല്ലാം ജയയെയല്ല ശശികലയെയാണ് സമീപിക്കേണ്ടത് എന്ന അവസ്ഥ വന്നു. ഇതോടെ ജയയുടെ ആരോഗ്യം തീര്‍ത്തും തകര്‍ന്നു. പ്രമേഹവും കടുത്ത രക്തസമ്മര്‍ദവും അവരെ വേട്ടയാടി. അമിതമായ കൊഴുപ്പടിഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ പലപ്പോഴും അടുത്തുള്ളവരോട് കയര്‍ത്തു. ഈ സമയത്തെല്ലാം പുതിയ അധികാരക്കസേര സ്വപ്നം കാണുകയായിരുന്നു ശശികല. ജയയുടെ പാര്‍ട്ടി പ്രചാരണത്തിന് വീഡിയോ കരാറെടുത്ത്് അടുത്തുകൂടിയ ശശികലയും ഭര്‍ത്താവ് നടരാജനും കുടുംബവും ജയയുടെ എല്ലാ കാര്യത്തിലും താങ്ങും തണലുമായി നിന്നു. ഇതിനിടെയായിരുന്നു ഭരണ നഷ്ടവും കൂട്ട അഴിമതിക്കേസുകളും.
തമിഴ്രാഷ്ട്രീയത്തില്‍ എം.ജി.ആറിന്റെ മരണശേഷം പാര്‍ട്ടിക്കകത്തെ നീണ്ട വഴക്കുകള്‍ക്കൊടുവിലാണ് ജയയുടെ അധികാരാരോഹണം നടക്കുന്നത്. എം.ജി.ആര് മരിച്ച് നാലു വര്‍ഷങ്ങള്‍ക്കകം 1991ല്‍ ജയലളിത സംസ്ഥാന മുഖ്യമന്ത്രിയായി. അന്നു മുതല്‍ ഒടുക്കം വരെയും ഒരുതരം ഏകാധിപത്യ ശൈലിയിലായിരുന്നു ജയലളിതയുടെ ഭരണം. രാജ ഭരണ കാലത്തെ ഓര്‍മിപ്പിക്കുമാറ് തന്റെ മൂന്നു തവണത്തെ ഭരണത്തിലും നേതാക്കളും പ്രവര്‍ത്തകരും പുരട്ച്ചി തലൈവിയുടെ മുന്നില്‍ കിടന്നാണ് വണങ്ങിയത്. ശശികലയായിരുന്നു ഈ സമയത്തെല്ലാം ജയയുടെ അടുത്ത സഹായി. ജയയുടെ അധികാര കാലത്തെല്ലാം നിഴല്‍ പോലെ നടന്ന ശശികലക്ക് മാത്രമാണ് അവരുടെ നിരവധി അഴിമതിക്കേസുകളിലെല്ലാം പങ്ക് എന്ന് ജനം പറയുന്നത് വെറുതെയല്ല.
തങ്ങളുടെ തലൈവിയെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് ജനം ഇപ്പോള്‍ തിരിച്ചറിയുന്നു. അപ്പോളോ ആസ്പത്രിയില്‍ 2016 സെപ്തംബര്‍ 22 ന് രാത്രി പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ആരോഗ്യ നിലയെക്കുറിച്ചോ ചികില്‍സയെക്കുറിച്ചോ ശശികല പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് കൂടി വിവരം നല്‍കിയില്ല. അമ്മാവുക്ക് ഒടമ്പ് ശരിയല്ലൈ എന്ന മറുപടി മാത്രമാണ് തങ്ങള്‍ക്ക് എപ്പോഴും ശശികലയില്‍ നിന്ന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം പോലും പറയുമ്പോള്‍ വിശ്വസിക്കുന്നത് ശശികലയെക്കാളും പനീരിന്റെ വാക്കുകളെയാണെന്നതില്‍ അത്ഭുതമില്ല. രണ്ടു തവണ ജയിലില്‍ പോയപ്പോഴും ജയലളിത കൈമാറിയ തന്റെ മുഖ്യമന്ത്രിക്കസേര പൊന്നുപോലെ കാത്ത പനീര്‍ശെല്‍വത്തിന് ഇന്നമാതിരി ഗതി വന്നുവോ എന്ന ്വിലപിക്കുന്ന ജനതയാണ് തമിഴ് നാട്ടിലിപ്പോള്‍. ശശികലയും കൂട്ടരും മുഖ്യമന്ത്രിക്കസേര പിടിച്ചെടുത്തിരുന്നെങ്കില്‍ തീര്‍ച്ചയായും തങ്ങളുടെ നാടിനെ അവര്‍ മുടിച്ചില്ലാതാക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ആദ്യമായി ഒരു തമിഴ് സ്ത്രീ മുഖ്യമന്ത്രിക്കസേരക്ക് അവകാശം ഉന്നയിച്ചിട്ടും തമിഴ് പെണ്ണുങ്ങളില്‍ മുക്കാലും അതിനെ തള്ളിപ്പറഞ്ഞത് അവര്‍ക്ക് തങ്ങളുടെ തലൈവിയോടുള്ള അടങ്ങാത്ത കൂറും ശശികലയോടുള്ള കൊടും വിരോധവും മൂലമാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ