Connect with us

Video Stories

നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകരെ ഇനി കാണാം

Published

on

നമ്മുടെ പൊതുസമൂഹത്തില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ആ ശക്തിയുടെ വിലാസം സമൂഹമാണ്. വാര്‍ത്തകളുടെ ലക്ഷ്യം സമൂഹ നന്മയാവുമ്പോള്‍ അത് ഭരണക്കൂടത്തിനുള്ള വഴികാട്ടിയുമാണ്. പരസ്പര പൂരകമാവാറുള്ള ഈ വിശ്വാസ ബന്ധത്തിന്റെ തെളിവാണ് നമ്മുടെ നാടിന്റെ ഇന്നത്തെ വികസനവും വിലാസവും. പക്ഷേ ഭരണകൂടം നിയന്ത്രണമെന്ന വിലാസത്തില്‍ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്ന പുതിയ മാധ്യമ ചട്ടങ്ങള്‍ ആ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. വാര്‍ത്ത വ്യക്തിഗമല്ല,. വാര്‍ത്തകളുടെ ഉറവിടങ്ങളും ഏകമുഖമല്ല. വാര്‍ത്തകളുടെ ലക്ഷ്യം വിശാലമായ സമൂഹമാവുമ്പോള്‍ അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒളിക്കാന്‍ പലതുമുണ്ടാവും. വാര്‍ത്താ സമ്മേളനങ്ങള്‍ മാത്രമല്ല വാര്‍ത്തകളുടെ ഉറവിടം. അന്വേഷണാത്മകതയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന വിശാല താല്‍പ്പര്യ സഞ്ചാരത്തില്‍ പിറവിയെടുക്കുന്ന വാര്‍ത്തകളില്‍ നാടിന്റെ മുഖം തന്നെ മാറിയ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഈ അന്വേഷണാത്കതയില്‍ പൊലീസിംഗ് ഇല്ല- ചോദിച്ചും പറഞ്ഞുമുള്ള വിചാരണ കുറിപ്പാണ്. അത് പാടില്ലെന്ന് പുതിയ നിബന്ധന ആര്‍ക്കാണ് തണലാവുക. വാര്‍ത്തകള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പോവുന്നതിന് മുമ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് അനുമതിയെടുക്കണമെന്ന വ്യവസ്ഥയില്‍ മരിക്കുന്നത് വാര്‍ത്തകളും നാടുമാണ്. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥ ആര്‍ക്കുമറിയാവുന്നതാണ്. അഴിമതി സര്‍ക്കാര്‍ ഓഫീസുകളുടെ മുഖമുദ്രയും. ഭരണകൂടം ഏത് തരത്തിലുള്ള വിലക്കുകള്‍ കൊണ്ട് വന്നിട്ടും നിര്‍ബാധം തുടരുന്ന വിനോദമായിരിക്കുന്നു കൈക്കൂലിയും അഴിമതിയും. ഇത് തുറന്ന് കാട്ടാന്‍ നമ്മുടെ സംവിധാനത്തിലെ ഏക വഴി മാധ്യമങ്ങളാണ്. മുന്‍കൂര്‍ അനുമതി തേടി ഒരു സര്‍ക്കാര്‍ ഓഫീസില്‍ വാര്‍ത്ത തേടി പോവുമ്പോള്‍ മാധ്യമ പ്രവര്‍ത്തകന് ലഭിക്കുക വെളുത്ത കടലാസിലെ വ്യാജ മറുപടിയാണ്.
നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണകൂടത്തിലെ ആരെ കാണാനും പ്രയാസമില്ല. പക്ഷേ പൊതുസ്ഥലങ്ങളില്‍ പോലും മന്ത്രിമാരെയോ സീനിയര്‍ ഉദ്യോഗസ്ഥരെയോ കാണാന്‍ അനുമതി വേണമെങ്കില്‍ ഈ തത്സമയ കാലത്ത് എന്താണ് വാര്‍ത്തകളുടെ ഭാവി…? ഓരോ കാലത്തെയും ഭരണകൂടങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെയും അഴിമതികളെയും ഉദ്യോഗസ്ഥ തലത്തിലെ കൊളളരുതായ്മകളെയെുമെല്ലാം തുറന്ന് കാട്ടുന്ന മീഡിയാ ശരി വഴി വിജയം നേടുന്നത് രാഷ്ട്രീയം തന്നെയാണ്. ഓരോ അഞ്ച് വര്‍ഷത്തെ ഭരണ കാലാവധിയും പരിശോധിക്കുമ്പോള്‍ ഇത് പകല്‍ പോലെ വ്യക്തമാവും. ശക്തമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പിന്തുണയിലാണ് രാഷ്ട്രീയം വിജയിക്കുന്നത്.
കേരളത്തിന്റെ മാധ്യമ പാരമ്പര്യം സത്യസന്ധമാണ്. വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമെല്ലാം നെടുനായകത്വം നല്‍കിയ മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തമായ പിന്തുടര്‍ച്ചയാണ് ഇന്നിന്റെ പ്രതിനിധികള്‍. ചോദ്യങ്ങള്‍ ഭയരഹിതമായാണ് എല്ലാവരും ചോദിക്കാറുള്ളത്. അസുഖകരങ്ങളായ ചോദ്യങ്ങളില്‍ നിന്ന് നേതാക്കള്‍ മെയ്‌വഴക്കത്തോടെ പിന്മാറാറുണ്ട്. അവരെ ആരും വേട്ടയാടാറില്ല. അമേരിക്കയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ നിരോധിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നായിരുന്നു വൈറ്റ് ഹൗസ് ഭാഷ്യം… മാധ്യമ പ്രവര്‍ത്തകന് രക്ഷ തേടി കോടതിയില്‍ പോവേണ്ടി വന്നു. ഹിതവും അഹിതവും തീരുമാനിക്കപ്പെടുന്നത് സത്യത്തിന്റെ അളവ്‌കോലിലാണ്. അസത്യമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ നമ്മുടെ നാട്ടില്‍ നീതിപീഠമുണ്ട്. അതിന് മുന്നില്‍ മാധ്യമങ്ങളെ, മാധ്യമ പ്രവര്‍ത്തകരെ വിചാരണ ചെയ്യാം.
മുഖ്യമന്ത്രി കേരളത്തെ ഏത് ദിശാകോണില്‍ നിന്നാണ് കാണുന്നത്…? അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവാനോ അതല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാവാനാണോ അദ്ദേഹം ശ്രമിക്കുന്നത്…? ഏകാധിപത്യത്തിന്റെ കാലം കഴിഞ്ഞെന്നും കണ്ണുരുട്ടിയാല്‍ ജനം പേടിക്കില്ലെന്നും അദ്ദേഹം തിരിച്ചറിയേണ്ടിയിരിക്കുന്നു… കടക്ക് പുറത്ത് എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുമ്പോള്‍ അദ്ദേഹത്തോട് പൊതുസമൂഹത്തിനുള്ള അവഞ്ജ മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല… താന്‍ ചെയ്യുന്നതെല്ലാമാണ് ശരിയെന്നും ശരിയാണ് എപ്പോഴും താനെന്നും അദ്ദേഹം വിശ്വസിക്കുന്നതിലാണ് തെറ്റ്. മാധ്യമ പ്രവര്‍ത്തകര്‍ പ്രശസ്തരായ വ്യക്തികളോട് സംസാരിക്കുന്നതിന് പോലും അനുമതി തേടണമെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി സ്വന്തം വകുപ്പായ പി.ആര്‍.ഡിയുടെ പോരായ്മകള്‍ കാണണം… പി.ആര്‍.ഡിയുമായി മാധ്യമ ലോകം പൂര്‍ണമായി സഹകരിക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ വാര്‍ത്തകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ വരുന്നത് എന്ന അടിസ്ഥാന കാര്യവും മുഖ്യമന്ത്രി മനസ്സിലാക്കേണ്ടിയിരിക്കുന്നു.. പി.ആര്‍.ഡിയിലെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നവരാണ്. എല്ലാ വാര്‍ത്തകളും ഇനി നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് പി.ആര്‍.ഡി ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി കല്‍പ്പിച്ചാല്‍ എന്ത് വാര്‍ത്തകളാണ് അവര്‍ക്ക് നല്‍കാനാവുക എന്നതും മുഖ്യമന്ത്രിയും സര്‍ക്കാരും പരിശോധിക്കട്ടെ… ആ കാലമാണെങ്കില്‍ ഇവിടെ ദേശാഭിമാനി പത്രം മാത്രം മതിയാവും.
മാറിയ കാലത്തെക്കുറിച്ചാണ് നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടത്… അല്ലെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കേണ്ടത്. മാധ്യമങ്ങളെ വാര്‍ത്തകളില്‍ നിന്ന് വിലക്കിയാലും നട്ടെല്ലുളള മാധ്യമ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തനവും ഇവിടെയുണ്ടാവും. ഇത് ജനാധിപത്യ ഇന്ത്യയാണ്. മോദിയും പിണറായി വിജയനുമല്ല ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്- അംബേദ്ക്കറുടെ ഭരണഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, സഞ്ചാര സ്വാതന്ത്ര്യമുണ്ട്, അഭിമുഖ സ്വാതന്ത്ര്യമുണ്ട്.. ഇന്ത്യയെ ഇന്ത്യയാക്കുന്നത് ഈ അമുല്യ നിയമഗ്രന്ഥമാണ്. മാധ്യമ ലോകത്തിന് അതാണ് പ്രധാനം. അതാണ് എല്ലാവരും ഉയര്‍ത്തിപ്പിടിക്കുന്നതും.
ഭരണകൂടത്തെ ഭയന്ന് വാര്‍ത്തകളെ ഉപേക്ഷിക്കാനാവില്ല. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥ അറിയാത്തവര്‍ ആരാണുള്ളത്…? സെക്രട്ടറിയേറ്റില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ ആര്‍ക്കാണ് അറിയാത്തത്… മന്ത്രി മന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് എന്തെല്ലാം നടക്കുന്നു… സ്വന്തക്കാരെ ഉന്നത ഉദ്യോഗങ്ങളില്‍ തിരുകി കയറ്റാന്‍ മന്ത്രിമാര്‍ നടത്തുന്ന വഴിവിട്ട ശീലങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ അവരെയെല്ലാം താങ്ങി നിര്‍ത്തുന്ന മുഖ്യമന്ത്രിയാണ് മാധ്യമങ്ങള്‍ക്ക് നേരെ വിലാശ നിയന്ത്രണ മുദ്രാവാക്യവുമായി രംഗത്ത് വന്നിരിക്കുന്നത്…. മലപ്പുറത്തുകാരനായ ഒരു മന്ത്രി നടത്തിയ വിശാല ബന്ധുനിയമനം നാട്ടില്‍ പാട്ടായിട്ടും അദ്ദേഹത്തെ സ്വന്തം ചിറകില്‍ ഒളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് വാര്‍ത്തകളോട് ക്രൂരത കാട്ടുന്നത്. അഴിമതിയെ തുറന്ന് കാട്ടാനും അനീതികള്‍ക്കെതിരെ പട പൊരുതാനും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വക്കം അബ്ദുള്‍ഖാദര്‍ മൗലവിയെ പോലെ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ പോലുളള മുന്‍ഗാമികളുണ്ട്… അവരെയും ദ്രോഹിച്ചിരുന്നല്ലോ ഭരണകൂടം… ഈ പുതിയ കാലത്തെ അഭിനവ ദിവാന്മാരുടെ പിന്തിരിപ്പന്‍ നടപടികള്‍ക്കെതിരെ ശക്തമായി തുലിക ചലിപ്പിക്കാന്‍ ഇവിടെയുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരിക്കും ഇനിയുളള ദിവസങ്ങള്‍. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ശക്തിയോടെ കര്‍മ നിരതമാവും. അവിടെയാണ് സര്‍ക്കാര്‍ പേടിക്കേണ്ടത്. സ്തുതി പാടനമല്ല മാധ്യമ പ്രവര്‍ത്തനമെന്നും പി.ആര്‍.ഡി അല്ല വാര്‍ത്താ കേന്ദ്രമെന്നും ഇനിയുള്ള ദിവസങ്ങള്‍ തെളിയിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.