Connect with us

Video Stories

തിരിച്ചടിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Published

on

കെ.പി ജലീല്‍

രാജ്യത്തെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദിയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഇന്ത്യയിലെ ജനങ്ങളിലേക്കുതന്നെ തിരിച്ചടിക്കുകയാണ്. നോട്ടു റദ്ദാക്കല്‍ നടപടി വന്‍ പരാജയമെന്ന് വ്യക്തമാകുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ബാങ്കിങ് വൃത്തങ്ങളില്‍ നിന്നുള്ള അനൗദ്യോഗിക കണക്കുകള്‍ . ഇതുപ്രകാരം പിന്‍വലിച്ച 15.4 ലക്ഷം കോടിയുടെ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളിലെത്തിയതായാണ് ബാങ്കിങ് വൃത്തങ്ങളെ ഉദ്ധരിച്ച് സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കള്ളപ്പണം രണ്ടു ശതമാനം മാത്രമേ ഉള്ളൂ എന്ന് പലരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. 15.4 ലക്ഷം കോടിയില്‍ 14.97 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കള്ളപ്പണം രാജ്യത്തുള്ളത് വെറും അമ്പതിനായിരം കോടിയില്‍ താഴെയാണെന്നാണ് വ്യക്തമാകുന്നത്. ഇത് പിടിച്ചെടുത്തില്ലെങ്കില്‍ തന്നെയും സര്‍ക്കാരിനോ രാജ്യത്തിനോ കാര്യമായ ഒരു കോട്ടവും വരാന്‍ പോകുന്നതാവില്ല. ഒന്നര മാസത്തിനകം ഏതാണ്ട് 4200 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ആദായ നികുതി വിഭാഗം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാലിതുവരെയും റിസര്‍വ് ബാങ്ക് ഔദ്യോഗികമായി കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല എന്നത് പദ്ധതി പരാജയപ്പെട്ടതായി സമ്മതിക്കുന്നുവെന്നതിന്റെ തെളിവാണ്. പാര്‍ലമെന്ററി സമിതിയില്‍ നല്‍കിയ വിവരമനുസരിച്ച് സര്‍ക്കാര്‍ തലേന്ന് നല്‍കിയ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കൈമലര്‍ത്തുന്നത്. ഇന്നലെ പോലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ അദ്ദേഹം കാട്ടിയ തിടുക്കം കുനിയാന്‍ പറയുമ്പോള്‍ നിലത്തിഴയുന്ന വിധേയനെയാണ് വെളിച്ചത്താക്കിയത്. ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയെയാണ് സത്യത്തില്‍ മോദിയും പട്ടേലും ചേര്‍ന്ന് പൊളിച്ചടുക്കിയിരിക്കുന്നത്.
രാജ്യത്തെ 85 ശതമാനം പണമാണ് പ്രധാനമന്ത്രി ജനങ്ങളില്‍ നിന്ന് ഒറ്റയടിക്ക് ‘കൊള്ളയടി’ച്ചത്. അമ്പതു ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നും രാജ്യത്തെ അഞ്ചു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ കള്ളപ്പണം തിരിച്ചുവരില്ലെന്നും അതുവഴി രാജ്യത്ത് നല്ല കറന്‍സികള്‍ മാത്രം പ്രചാരത്തിലാവുമെന്നും കള്ളപ്പണക്കാരെ കുടുക്കാനാവുമെന്നുമായിരുന്നു പ്രധാന മന്ത്രിയുടെയും ഭരണ കക്ഷിക്കാരുടെയും വാഗ്ദാനങ്ങള്‍. എന്നാല്‍ ഇതെല്ലാം വീണ്‍വാക്കുകളായെന്നാണ് പുതിയ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൂചന. ഇതിലൂടെ രാജ്യത്തെ പകുതിയോളം വരുന്ന സാധാരണക്കാരും പാവങ്ങളുമാണ് വെട്ടിലാകുന്നത്. പണക്കാര്‍ക്ക് ഒരു വിധ ബുദ്ധിമുട്ടുകളും ഏല്‍ക്കേണ്ടിവരുന്നില്ല.
അമ്പത് ദിവസം പിന്നിട്ടശേഷം ഡിസംബര്‍ 31ലെ പുതുവര്‍ഷ സന്ധ്യയില്‍ പ്രധാനമന്ത്രി നടത്തിയ രണ്ടാമത്തെ ദേശീയപ്രഭാഷണത്തില്‍ നോട്ടു ബന്ധനത്തെയും എത്ര രൂപ ബാങ്കിലേക്ക് വന്നുവെന്നതിനെക്കുറിച്ചും ഒന്നും പറയാതിരുന്നതിലെ ദുരൂഹത ഇപ്പോള്‍ വ്യക്തമാകുകയാണ്. കഴിഞ്ഞ ഡിസംബര്‍ 13ന് 12.44 ലക്ഷം കോടി രൂപ ബാങ്കുകളില്‍ പഴയ നോട്ടുകളായി തിരിച്ചെത്തിയെന്നായിരുന്നു ഡിസംബര്‍ 19ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ജനങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. വെറും ഒരു മാസവും അഞ്ചു ദിവസവും കൊണ്ട് മുക്കാല്‍ പങ്ക് നോട്ടുകളും തിരിച്ചെത്തിയെന്ന് വെളിപ്പെടുത്തപ്പെട്ടതോടെ തന്നെ പദ്ധതി പാളിയെന്ന് സൂചനകളുണ്ടായിരുന്നു. എന്നാലും പ്രധാനമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ഇത് മന:പൂര്‍വം മറച്ചുവെക്കുകയായിരുന്നു മോദിയെന്നാണ് ഇപ്പോള്‍ പകല്‍ പോലെ തെളിയുന്നത്. ദിവസമെന്നോണം മാറിമറിഞ്ഞുവന്ന ഉത്തരവുകള്‍ മാത്രം മതി ദീര്‍ഘദൃഷ്ടിയില്ലാത്തതായിരുന്നു നടപടിയെന്ന് വ്യക്തമാകാന്‍. രണ്ടു മാസമായിട്ടും നോട്ടു നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാത്രമല്ല, പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് ഉറപ്പു നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് അധികൃതരെലല്ലാം.അതുകൊണ്ടാണ് ഇപ്പോള്‍ കാര്‍ഡ് സംവിധാനത്തേക്ക് മാറാനുള്ള ഉപദേശം. ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കുപോലും കാര്യങ്ങളുടെ നിയന്ത്രണമില്ലെന്ന തോന്നലാണ് ജനങ്ങളിലുണ്ടാക്കിയത്. കാലാവധിക്കുശേഷവും ജെയ്റ്റിലി പറഞ്ഞത് എത്ര രൂപ ബാങ്കില്‍ തിരിച്ചെത്തിയെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനങ്ങളോട് ചെയ്ത കൊടും ക്രൂരതയാണ് ഫലത്തില്‍ നോട്ടു ബന്ധനത്തിലൂടെ നടത്തിയിരിക്കുന്നത്. പിന്‍വലിച്ചതിന്റെ പകുതിയിലധികം നോട്ട് മാത്രമേ ഇതിനകം സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കാനായിട്ടുള്ളൂ. എട്ടു ലക്ഷം കോടി രൂപയാണ് 2000 രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകളായി അച്ചടിച്ചിരിക്കുന്നത്. ഇതില്‍ നാലിലൊന്നുമാത്രമാണ് 500 രൂപയുടേത്. നോട്ടച്ചടിക്കുന്നതിനുള്ള പേപ്പറും മഷിയും ഇല്ലെന്നതും സര്‍ക്കാരിന് നാല് പ്രസുകള്‍ മാത്രമേ രാജ്യത്തുള്ളൂ എന്നതുമാണ് കാരണം. ഇതിനുപുറമെയാണ് അച്ചടിച്ച നോട്ടുകളുടെ പിശകുകള്‍.
നടപടിയിലൂടെ ജനങ്ങളുടെയും സമ്പദ് രംഗത്തിന്റെയും ഇടപാടുകള്‍ നിലച്ചിരിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. പണമില്ലാതെ തൊഴില്‍മേഖല തകര്‍ന്നുതരിപ്പണമായിരിക്കുന്നു. ചെറുകിട വ്യാപാരികളും വ്യവസായികളും തൊഴിലാളികളും മാന്ദ്യത്തിന്റെ കരാളഹസ്തങ്ങളിലായിരിക്കുന്നു. കര്‍ഷകര്‍ ആവശ്യത്തിന് പണം ലഭിക്കാതെ വിളകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുകയോ റോഡില്‍ തള്ളുകയോ ചെയ്യുന്നു. സൂററ്റ്, മഥുര, തിരുപ്പൂര്‍ തുടങ്ങിയ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ തൊഴിലിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പണിയില്ലാതെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയിരിക്കുന്നു. കേരളത്തിലെ 25 ലക്ഷത്തിലധികം വരുന്ന ബംഗാളികളും ബീഹാറികളും നാടുപിടിച്ചു. ഗ്രാമങ്ങളില്‍ പട്ടിണിയുടെ വിളയാട്ടം കണ്ടു തുടങ്ങി. ഇതുമൂലം ഉണ്ടായ നഷ്ടം ശത കോടികള്‍ വരും. ആകെയുണ്ടായിരിക്കുന്ന നേട്ടം 15 ശതമാനത്തിന്റെ അധിക ആദായ നികുതി കിട്ടിയെന്നതു മാത്രമാണ്. രാജ്യത്തിന് സംഭവിച്ചിരിക്കുന്ന വന്‍ ദുരന്തം കണക്കിലെടുക്കുമ്പോള്‍ ഇത് എത്രയോ തുച്ഛവും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരഉല്‍പാദനത്തിലും കോടികളുടെ കുറവാണ് ഉണ്ടാകാന്‍ പോകുന്നത്.
ഇനി നാലു മാസമെടുത്തു മാത്രമേ ഇത്രയും നോട്ടുകള്‍ അച്ചടിക്കാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. നോട്ട് അച്ചടിക്കുന്നതിനും അവയുടെ വിതരണത്തിനുമായി 1.25 ലക്ഷം കോടി രൂപയോളം ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടി നോക്കുമ്പോള്‍ രാജ്യം പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച പോലെ വന്‍ തോതിലുള്ള സാമ്പത്തിക മാന്ദ്യത്തിലാകും ചെന്നെത്തുക. രാജ്യങ്ങളെല്ലാം സാമ്പത്തിക കുതിപ്പിനും പണം പരമാവധി വിപണിയില്‍ വിതരണത്തിനുമാണ് ശ്രമിക്കുന്നതെന്ന് വരികെ എന്തുകൊണ്ടാണ് മോദി ഈ സാഹസത്തിനു മുതിര്‍ന്നതെന്നാണ് ആശങ്കപ്പെടുന്നത്. ബാങ്കുകളില്‍ പരമാവധി പണം എത്തിക്കുകയാണ് ലക്ഷ്യമെന്നാണെങ്കില്‍ ഇതുകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. കുത്തക വ്യവസായികള്‍ കോടിക്കണക്കിന് രൂപ വായ്പയായും സബ്‌സിഡിയായും വാങ്ങിയെടുത്തുകൊണ്ടുപോയി കിട്ടാക്കടം വരുത്തി രാജ്യത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് ഇതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്. ധനകാര്യ വര്‍ഷത്തിന്റെ മൂന്നാമത്തെ ക്വാര്‍ട്ടറില്‍ രണ്ടര ലക്ഷം കോടിയുടെ പദ്ധതികള്‍ പകുതിയായി കുറയുമെന്ന് ‘സെന്റര്‍ ഫോര്‍ ഇന്ത്യന്‍ എക്കണോമി’യിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. അരുണ്‍കുമാര്‍ പറയുന്നതനുസരിച്ച് രാജ്യം വലിയ മണ്ടത്തരത്തിന് വിധേയമായിരിക്കുകയാണ്. രാജ്യത്തും പുറത്തും ഇന്ത്യയെ സ്‌നേഹിക്കുന്ന നിരവധി സാമ്പത്തിക വിദഗ്ധരുണ്ടായിരിക്കെ എന്തുകൊണ്ടാണ് ഇവരോടൊന്നും കൂടിയാലോചിക്കാതെ ഇത്തരമൊരു മണ്ടത്തരത്തിന് പ്രധാനമന്ത്രി തയ്യാറായതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. മാത്രമല്ല, കള്ളപ്പണം എന്നത് ഗുണപരമായും സാമ്പത്തിക രംഗത്ത് സ്വാധീനം ചെലുത്തുന്നതാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രൊഫ. അരുണ്‍കുമാര്‍ പറയുന്നു. ഒരാള്‍ റിയല്‍ എസ്റ്റേറ്റില്‍ പണം ചെലവഴിക്കുമ്പോള്‍ കള്ളപ്പണവും വെള്ളപ്പണവും രണ്ടും ചേര്‍ന്ന് അത് സമ്പദ് വ്യവസ്ഥയില്‍ ഇഴുകിച്ചേരുന്നുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. പിന്‍വലിച്ചതോടെ ലക്ഷം കോടികള്‍ ബാങ്കിലെത്തിയെങ്കിലും അതുകൊണ്ട് രാജ്യത്തെ സമ്പദ് രംഗത്തിന് ഇനി പ്രയോജനകരമാവില്ല.
നാലര ലക്ഷം കോടി കള്ള നോട്ടാണെന്ന വാദമാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നത്. നോട്ടു നിരോധിച്ചില്ലെങ്കില്‍ തന്നെയും ആദായ നികുതി വകുപ്പിന്റെയും മറ്റും നേതൃത്വത്തില്‍ കള്ളപ്പണം അഥവാ ഡെഡ്മണി പിടിച്ചെടുക്കാമായിരുന്നു. ഇതിന് തയ്യാറായെങ്കിലും വകുപ്പിന് വേണ്ടത്ര ഉദ്യോഗസ്ഥരും ജീവനക്കാരുമില്ലാത്തതുമൂലമാണ് കഴിഞ്ഞ കാലങ്ങളില്‍ അത് നടക്കാതെ പോയത്. ഇപ്പോള്‍ പിടിച്ചെടുക്കപ്പെട്ട കള്ളപ്പണമാകട്ടെ ഇനി കേസും കൂട്ടവുമായി ഏറെ നാള്‍ കഴിഞ്ഞേ ഉപയോഗിക്കാനുമാവൂ. പലതും തിരിച്ചുകൊടുക്കേണ്ട അവസ്ഥയും വന്നേക്കും. മതിയായ തെളിവില്ലാതെയാണ് തന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമമോഹനറാവു പറയുന്നത്.
അച്ചടിച്ച് മുഴുവന്‍ പണവും തിരിച്ചുവന്ന് ജനങ്ങള്‍ അവ ഉപയോഗിച്ചുതുടങ്ങാനും മാനസികമായി ഇനിയവര്‍ തയ്യാറാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പലരും പണം വീടുകളില്‍ ഇപ്പോള്‍ തന്നെ ഡെഡ് മണിയായി സൂക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ പകുതിയോളം പേരെങ്കിലും 2000 രൂപയുടെ ഒരു നോട്ടുതന്നെ വീടുകളില്‍ സൂക്ഷിച്ചാല്‍ മാത്രം ഒന്നര ലക്ഷം കോടിയോളം രൂപ ആയിനത്തില്‍ മാത്രം വൃഥാവിലാകും. ഇതുകൂടാതെ ചില്ലറ നോട്ട് അടിക്കാനും സമയമേറെ എടുക്കേണ്ടിവരും. അമേരിക്കയും യൂറോപ്പുമൊക്കെ കള്ളപ്പണത്തിന്റെ ശല്യം പേറുന്നവരായിട്ടും ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നിട്ടില്ല. മാത്രമല്ല കള്ളപ്പണം എന്നത് ബഹുഭൂരിപക്ഷവും നോട്ടിലൂടെ ശേഖരിച്ചുവെക്കുന്നതല്ല എന്ന തിരിച്ചറിവു കൂടിയാണ് ഇന്ത്യ നല്‍കുന്ന പാഠം. ഇന്ത്യയില്‍ നിന്ന് വന്‍കിട കുത്തകകള്‍ വഴി 80 ലക്ഷം കോടി രൂപ പുറത്തേക്ക് ഒഴുകിയിട്ടുണ്ടെന്ന് പറയുമ്പോഴും അതൊന്നും പണമായല്ല എന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവില്‍ പ്രവാസികളുടെ കയ്യിലുള്ള പഴയ നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന അവസ്ഥ കൂടി വരുത്തിയത് ഇനിയും പണം തിരിച്ചെത്തരുതെന്ന് കരുതിയാണോ എന്നും സംശയിക്കണം.
ഇതൊക്കെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടിയ പോലെ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടും എന്നേ പറയാനുള്ളൂ. ഇതിലൂടെ അപ്രമാദിത്വം ചമയുന്ന മോദിക്ക് താല്‍ക്കാലികമായി നേട്ടമുണ്ടാകാമെങ്കിലും പാര്‍ട്ടിയുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള വന്‍ പ്രതിഷേധത്തെ നേരിടാന്‍ കഴിയാതെ ഒളിച്ചോടേണ്ട അവസ്ഥയാകും സംഭവിക്കുക. എന്തു ശിക്ഷ വേണമെങ്കിലും തന്നോളൂ എന്ന മോദിയുടെ വാക്കുകള്‍ അറംപറ്റാനുള്ള സാധ്യതയും വിദൂരമല്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.