Connect with us

Video Stories

ചിന്താപ്രബുദ്ധത കൈമോശം വന്ന മുസ്‌ലിം സമൂഹം

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

മനുഷ്യന് സ്രഷ്ടാവായ ദൈവം അറ്റമില്ലാത്ത കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അവന് വേണ്ടിയാണ് ആകാശത്തിലും ഭൂമിയിലുമുള്ള ഈ എണ്ണമറ്റ വസ്തുക്കളെല്ലാം സൃഷ്ടിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. തന്റെ ബുദ്ധിയും കഴിവുകളും ഉപയോഗപ്പെടുത്തി ചിന്തിച്ചും പഠന ഗവേഷണങ്ങള്‍ നടത്തിയും പ്രപഞ്ച വസ്തുക്കളെ ജീവിത പുരോഗതിക്കും സൗഭാഗ്യ പൂര്‍ത്തീകരണത്തിനും പ്രയോജനപ്പെടുത്താന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിജ്ഞാന ഗവേഷണ രംഗത്ത് അത്ഭുതകരമായ പുരോഗതിയാണ് ഇന്ന് മനുഷ്യന്‍ നേടിയിട്ടുള്ളത്. എന്തെല്ലാം പുതിയ ഉപകരണങ്ങള്‍. മനുഷ്യ ശരീരത്തിലെ ദൈവിക ദൃഷ്ടാന്തങ്ങള്‍ ഓരോന്നും ശാസ്ത്രം വെളിച്ചത്ത് കൊണ്ടുവരുന്നു. അതിനനുസരിച്ച് ചികിത്സാ രംഗത്തും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദൈവം നല്‍കിയ എല്ലാ രോഗത്തിനും അവന്‍ മരുന്നും നല്‍കിയിട്ടുണ്ട് എന്ന് പ്രവാചകന്‍ പ്രസ്താവിച്ചുവെങ്കിലും മരുന്നും ചികിത്സയും ഓരോന്നും മനുഷ്യന്‍ അനുദിനം കണ്ടുപിടിക്കുന്നേയുള്ളൂ.
എന്നാല്‍ ലോകത്ത് ഇന്ന് ദൃശ്യമാകുന്ന ഈ പുരോഗതിക്കെല്ലാം അടിത്തറ പാകിയത് മുസ്‌ലിംകളാണെന്നത് അനര്‍ഹമായ അവകാശവാദമല്ല, മറിച്ച് അനിഷേധ്യമായ ചരിത്ര സത്യമാണ്. വൈദ്യ ശാസ്ത്ര വിശാരദനും വൈദ്യ ശാസ്ത്രത്തില്‍ അടിസ്ഥാന ഗ്രന്ഥമായി ഇന്നും ഗണിക്കപ്പെടുന്ന ‘അല്‍ഖാനൂന്‍ ഫ്വിത്തിബ്ബി’ന്റെ കര്‍ത്താവുമായ ഇബ്‌നുസീന, സസ്യശാസ്ത്രരംഗത്ത് മികവുറ്റ ഗ്രന്ഥങ്ങള്‍ രചിച്ച ഇബ്‌നുല്‍ ബൈത്വാര്‍, പ്രകാശ വിജ്ഞാനത്തിന്റെ ഉപജ്ഞാതാവായി ഗണിക്കപ്പെടുന്ന ഇബ്‌നുല്‍ ഹൈസം, കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ അരിസ്റ്റോട്ടില്‍ കൃതികളുടെ വ്യാഖ്യാതാവായ ഫിലോസഫര്‍ ഗോള ശാസ്ത്ര പണ്ഡിതന്‍ എന്നീ നിലക്കെല്ലാം പ്രഗത്ഭനായ ഇബ്‌നുറുശ്ദ്, സമുദ്ര ശാസ്ത്രത്തില്‍ വിദഗ്ധനും സമുദ്ര സഞ്ചാരിയുമായ ഇബ്‌നുമാജിദ്, ഗണിത ശാസ്ത്രത്തില്‍ ആധികാരിക ഗ്രന്ഥം രചിക്കുകയും ആള്‍ജിബ്ര കണ്ടുപിടിക്കുകയും ചെയ്ത അല്‍ ഖുവാരിസ്മി, വൈദ്യം, ഫിലോസഫി, ഗണിതം, ഗോള ശാസ്ത്രം, സാഹിത്യം തുടങ്ങിയ എല്ലാ വിജ്ഞാനങ്ങളിലും നിപുണനും ആദ്യമായി ആസ്പത്രി നിര്‍മ്മിച്ച പ്രഗത്ഭനുമായ റാസി, രസതന്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ ലോകത്തെ പരിചയപ്പെടുത്തിയ ജാബിര്‍ ഇബ്‌നു ഹയ്യാന്‍ തുടങ്ങിയവര്‍ നടത്തിയ പഠനങ്ങളും ഗവേഷണങ്ങളുമാണ് ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് അടിത്തറ പാകിയത്. അവരുടെ കാലഘട്ടം വരെ ലോകത്ത് വിവിധ നാടുകളിലുണ്ടായിരുന്ന പഠനങ്ങള്‍ സ്വാംശീകരിച്ച് ഗവേഷണം നടത്തി അവര്‍ പുതിയ വിജ്ഞാന സംഭാവനകള്‍ ലോകത്തിന് കാഴ്ചവെക്കുകയായിരുന്നു.
വിചിത്രമെന്ന് പറയട്ടെ ഈ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും അവര്‍ ജനിച്ച സമുദായത്തില്‍ പിന്‍ഗാമികളുണ്ടായില്ല. മുന്‍ഗാമികളെ പഠന ഗവേഷണങ്ങള്‍ക്കും ചിന്തക്കും പ്രേരിപ്പിച്ച ഖുര്‍ആന്‍ പിന്‍ഗാമികളില്‍ ആ സ്വാധീനം ചെലുത്തിയില്ല. അതേയവസരം ഇതര ജനവിഭാഗങ്ങള്‍ മുസ്‌ലിംകളുടെ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവരുടെ ചിന്തകളുടെയും ഗവേഷണ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്ത് ലോക നേതൃത്വത്തിലെത്തി. വിശ്വാസികളോട് ഖുര്‍ആന്‍ ഏത് നന്മയിലും മുന്‍പന്തിയിലെത്താന്‍ ആഹ്വാനം ചെയ്യുന്നു. ‘നേരത്തെ പുറപ്പെടുന്ന എന്റെ സമുദായത്തിനാണ് അനുഗ്രഹം’- പ്രവാചകന്‍ പറയുന്നു. രാവിലെ കാക്കയുണരും മുമ്പ് വിജ്ഞാന സമ്പാദന വഴിയില്‍ പുറപ്പെടാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്യുമായിരുന്നു. വിശ്വാസികള്‍ ഈ ദുനിയാവിലും മരണശേഷമുള്ള പരലോക ജീവിതത്തിലും മുന്നിലെത്താന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ‘നിങ്ങള്‍ സ്വര്‍ഗപ്രവേശനം തേടുമ്പോള്‍ സ്വര്‍ഗത്തിലെ ഏറ്റവും ഉന്നതസ്ഥാനമായ ഫിര്‍ദൗസ് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക’- പ്രവാചകന്‍ ഉണര്‍ത്തുന്നു. മുസ്‌ലിംകളില്‍ പ്രവാചകന്‍ വളര്‍ത്തിയ ഈ ഔന്നത്യബോധമാണ് റോമ, പേര്‍ഷ്യന്‍ രാജ്യങ്ങള്‍ കീഴടക്കി ഇന്ത്യയും തുര്‍ക്കിസ്താനും സ്‌പെയിനും വരെയുള്ള പ്രദേശങ്ങള്‍ അവര്‍ ഇസ്‌ലാമിന്റെ പതാകക്ക് കീഴിലാക്കിയത്. പ്രതാപത്തിന്റെ ഉച്ചിയില്‍ വിരാജിക്കുന്ന മുസ്‌ലിംകളെ ജനം ഭയപ്പെടുകയും ആദരിക്കുകയും ചെയ്തു.
പിന്നീടെന്താണ് സംഭവിച്ചത്. സുഖലോലുപതയിലുള്ള ഭ്രമം അവരില്‍ ശക്തിപ്പെട്ടു. ആലസ്യത്തിന്റെ മടിയില്‍ അവര്‍ സുഖ നിദ്രകൊണ്ടു. ഈ അവസ്ഥ നാഗരികതകളുടെ തകര്‍ച്ചയിലാണ് എത്തിച്ചേരുക എന്ന അല്ലാമ ഇബ്‌നുഖല്‍ദൂന്‍ ചരിത്രത്തിന്റെ തത്വശാസ്ത്രം വിവരിക്കുന്ന പ്രസിദ്ധ ഗ്രന്ഥമായ മുഖദ്ദിമയില്‍ സ്ഥാപിച്ചിട്ടുണ്ട്. തകര്‍ന്ന ഇരുപത്തൊന്നു നാഗരികതകളെപ്പറ്റി പഠനം നടത്തിയ ടോയന്‍ബിയും ഈ തത്വം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടവര്‍ നിര്‍മ്മാണ ശക്തി ക്ഷയിച്ചവരും ഭൂരിപക്ഷത്തില്‍ സ്വാധീനം നഷ്ടപ്പെട്ടവരുമാവുകയും സമൂഹത്തിന്റെ ഐക്യം തകര്‍ന്നു പിളര്‍പ്പ് വ്യാപകമാവുകയും ചെയ്യുമ്പോഴും നാഗരികത നിലംപതിക്കുമെന്ന് ടോയന്‍ബി സ്ഥാപിക്കുന്നു. സ്‌പെയിനിന്റെ തകര്‍ച്ചയില്‍ വിലപിച്ചുകൊണ്ട് കവി പാടിയതിങ്ങനെ:
‘അവര്‍ ഭിന്നിച്ചു, പല കക്ഷികളായി
ഓരോ ഖബീലക്കും ഓരോ അമീറുല്‍
മുഅ്മിനീനും ഓരോ മിമ്പറും’
വിമാനം കണ്ടുപിടിക്കുന്നതിന് റൈറ്റ് സഹോദരന്മാര്‍ക്ക് വെളിച്ചമേകിയ അബ്ബാസുബ്‌നു ഫിര്‍നാസിന്റെ പിന്‍തലമുറയില്‍പ്പെട്ട സുല്‍ത്താന്‍ ഖാന്‍സുവിന്റെ മുമ്പില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഒരു യൂറോപ്യന്‍ വ്യവസായി ഒരു പുതിയ ആയുധം എന്ന നിലക്ക് തോക്ക് പ്രദര്‍ശിപ്പിച്ചു. ഈ ആയുധത്തിന് ഓര്‍ഡര്‍ പിടിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. സുല്‍ത്താന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു പറഞ്ഞതിങ്ങനെ: ‘മുഹമ്മദ് നബിയുടെ സുന്നത്ത് ഉപേക്ഷിച്ച് നാം നസാറാക്കളുടെ സുന്നത്ത് സ്വീകരിക്കുകയോ’ നബിയുടെ കാലത്തെ അമ്പും വില്ലും വാളും പരിചയും കുന്തവുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. വ്യാപാരി തിരിച്ചുപോകുമ്പോള്‍ ഇങ്ങനെ പ്രതികരിച്ചു: ‘ഈ തോക്കുകൊണ്ട് തന്നെ ഈ രാജാവ് വധിക്കപ്പെടുന്നത് നമുക്ക് കാണാം.’ ഇത് പറഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ രാജാവ് വെടിയുണ്ടയേറ്റ് പിടഞ്ഞു മരിക്കുന്നതാണ് കണ്ടത്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലും സിറിയയിലും നാലു കൊല്ലം കഴിച്ചുകൂട്ടിയ ഒരു യൂറോപ്യന്‍ സഞ്ചാരി എഴുതി: ‘സാഹിത്യം, കല, ശാസ്ത്രം തുടങ്ങിയ എല്ലാ സാംസ്‌കാരിക രംഗങ്ങളിലും അധ:പതനം ബാധിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ തീരെയില്ല. വാച്ച് കേടുവന്നാല്‍ നന്നാക്കാന്‍ പോലും വിദേശത്തു പോകണം.’ അന്നത്തെ അല്‍ അസ്ഹര്‍ സര്‍വകലാശാല മേധാവിയായ ശൈഖ് മുഹമ്മദ് ഇന്‍ബാബിയോട് ഒരാള്‍ ചോദിക്കുന്നു: ‘മുസ്‌ലിംകള്‍ക്ക് കണക്കും രസതന്ത്രവും ഭൂമിശാസ്ത്രവും പഠിക്കാന്‍ പാടുണ്ടോ? ശൈഖ് അല്‍പം ആലോചിച്ചു നിന്ന് കരുതലോടെ പറയുന്നു: ‘അതെ, അനുവദനീയമാണ്- അതിന്റെ പ്രയോജനം ബോധ്യപ്പെട്ടാല്‍ മാത്രം.’ ഈ തകര്‍ച്ചയെല്ലാം ദൈവ വിധിയാണെന്നും അതിന് വഴങ്ങിക്കൊടുക്കുകയല്ലാതെ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമായിരുന്നു അവരെ പിടികൂടിയ ധാരണ- കവി പാടിയപോലെ:
‘വിധി അതിന്റെ പാട്ടിന് സഞ്ചരിക്കട്ടെ
നീ ഒഴിഞ്ഞ മനസ്സുമായി വീട്ടില്‍ സുഖമായി ഉറങ്ങൂ!’
അതെ, പരിഷ്‌കര്‍ത്താക്കളും പണ്ഡിതന്മാരും രംഗത്തു വന്ന് മുസ്‌ലിം സമൂഹത്തെ ഈ ഉറക്കില്‍ നിന്ന് വിളിച്ചുണര്‍ത്തി. പക്ഷേ, അപ്പോഴേക്കും യൂറോപ്യര്‍, മുസ്‌ലിംകളുടെ പൂര്‍വികര്‍ വളര്‍ത്തിയെടുത്ത ചിന്തകളുമായി ബഹുദൂരം മുന്നോട്ടുപോയിരുന്നു. അവര്‍ക്കൊപ്പമെത്താന്‍ കഴിയാതെ മുസ്‌ലിംകള്‍ പകച്ചുനിന്നു. ‘മുസ്‌ലിംകള്‍ എന്തുകൊണ്ട് പിന്നോക്കമാവുകയും മറ്റുള്ളവര്‍ മുന്നേറുകയും ചെയ്തു’ എന്ന ഗ്രന്ഥം ലോകത്തിന് കാഴ്ചവെച്ച ശകീബ് അര്‍സലാന്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ചു നിലകൊണ്ടു തന്നെ പാശ്ചാത്യര്‍ നേടിയ അറിവുകള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കണമെന്നും മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം പാതി പിന്നിട്ട ഇന്ന് മുസ്‌ലിം സമൂഹം എവിടെയാണ് നിലകൊള്ളുന്നത്. ചിന്താരാംഗത്ത് കൂടുതല്‍ പിന്നിലേക്ക് ഉള്‍വലിയുകയാണ്. പാശ്ചാത്യര്‍ സമ്മാനിച്ച ആധുനികോപകരണങ്ങള്‍ മുസ്‌ലിംകളെ മയക്കി കിടത്തുമ്പോള്‍ അവ സമ്മാനിച്ചവര്‍ വായിച്ചും പഠിച്ചും ചിന്തയെ ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. വാഹനത്തിലും ക്ലിനിക്കിലും വഴിയിലുമെല്ലാം വായിച്ചു കൊണ്ടിരിക്കുന്ന യുറോപ്യനെയും അമേരിക്കക്കാരനെയും ജപ്പാന്‍കാരനെയുമാണ് കാണുകയെന്ന് പല എഴുത്തുകാരും പ്രസ്താവിക്കുന്നു. ‘വായിക്കുക’ എന്ന ആദ്യ ദൈവിക വചനം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ കൈവശം വെക്കുന്നവരോ, വായനയുടെ സമൂഹം എന്ന മുഖമുദ്ര തന്നെ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചിന്ത നശിച്ച ഒരു സമൂഹത്തെയാണ് ഐ.എസ്, അല്‍ഖാഇദ, ബൊക്കോ ഹറാം തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളിലൂടെ ലോകം നോക്കി കാണുന്നത്. പൂര്‍വകാല പണ്ഡിതന്മാര്‍ അവര്‍ ജീവിച്ച ലോകത്തും നൂറ്റാണ്ടിലും വിജ്ഞാനത്തിലും ചിന്തയിലും ഉന്നത ശ്രേണിയില്‍ വിരാജിക്കുന്നവരായിരുന്നു. അവരുടെ പിന്‍മുറക്കാര്‍ പൂര്‍വീകര്‍ അവസാനിപ്പിച്ചേടത്തു നിന്ന് അവര്‍ വെട്ടിത്തെളിയിച്ച പാതക്ക് നീളം കൂട്ടി യാത്ര തുടരുന്നതിന് പകരം അവിടെ തന്നെ ചുറ്റിക്കറങ്ങുന്നതാണ് ചിന്തക്കും പുരോഗതിക്കും വലിയ തടസ്സമായത്.
വ്യക്തികളില്‍ നിന്നാണ് മാറ്റം തുടങ്ങേണ്ടത്. ഓരോ വിശ്വാസിയും ഈമാനിന്റെ അടിത്തറയില്‍ ഉറച്ചു നിന്ന് ഇമാം ശാഫിഇയെയും ഇബ്‌നു തൈമിയയും ഇബ്‌നു റുശ്ദിനെയും പോലെ വായിച്ചും കേട്ടും കണ്ടും പഠിച്ചും കൂടുതല്‍ അറിവ് നേടി ചിന്തയെ പരിപോഷിപ്പിക്കുക. ദൈവം തനിക്കേകിയ കഴിവുകള്‍ ഉപയോഗപ്പെടുത്തി മനുഷ്യനന്മക്ക് തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കുക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.