Connect with us

Video Stories

ഹിന്ദുത്വ വര്‍ഗീയത നികുതിച്ചെലവിലോ

Published

on


ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയത്തെതുടര്‍ന്ന് രൂപീകരിച്ച ബി.ജെ.പി സര്‍ക്കാര്‍ ഏതാനും ദിവസത്തെ അതിന്റെ പ്രകടനംകൊണ്ട് അത്രതന്നെ രാജ്യത്ത് ആശങ്കകളും പടര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്രഷായെ മാധ്യമപ്രവര്‍ത്തകരെപോലും അറിയിക്കാതെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്തി സ്വന്തം പാര്‍ട്ടിക്കാരെപോലും ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷായും പാര്‍ട്ടിയിലെ അപ്രമാദിത്വം ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ സര്‍ക്കാരില്‍ നേരിയ എതിര്‍സ്വരങ്ങളെ വെച്ചുപൊറുപ്പിച്ചുവെങ്കിലും, ഇത്തവണ അവിടെയും ഏകസ്വരത്തിനേ പ്രസക്തിയുള്ളൂവെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. താരതമ്യേന മിതവാദിയായ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെയും എന്‍.ഡി.എയിലെ രണ്ടാമന്മാരെയും പുറത്തുനിര്‍ത്തിയാണ് മോദി തന്റെ രണ്ടാമൂഴം ആരംഭിച്ചിരിക്കുന്നത്. സുഷമക്കുപുറമെ മേനകഗാന്ധി, ഉമാഭാരതി എന്നിവരാണ് തഴയപ്പെട്ട മറ്റുപ്രമുഖര്‍. പകരം പാര്‍ട്ടിയിലെ തീവ്രവാദികളായ അമിത്ഷാ, ആന്ധ്രയില്‍നിന്നുള്ള ജി.കിഷന്‍ റെഡ്ഡി, പശ്ചിമബംഗാളിലെ നിത്യാനന്ദ് റായ്, ബീഹാറിലെ ഗിരിരാജ്‌സിംഗ് തുടങ്ങിയവര്‍ക്കാണ് മന്ത്രിക്കസേരകള്‍ നല്‍കിയിരിക്കുന്നത്. ഒരു പാര്‍ട്ടിയെ സംബന്ധിച്ച് തീവ്രചിന്താഗതികളും തദ്‌നടപടികളും അതിലെ അംഗങ്ങളെ മാത്രമാണ് ബാധിക്കുകയെങ്കില്‍ ഇവിടെ ഭരണ നിര്‍വഹണത്തിനുമേലാണ് പഴയ കടുംകൈകള്‍ നീണ്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയായി കഴിഞ്ഞ മന്ത്രിസഭയില്‍ ആദ്യാവസാനം പ്രവര്‍ത്തിച്ച മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാജ്‌നാഥ്‌സിംഗിന്റെ ഇടം അമിത്ഷാ പൂര്‍ണമായും കവര്‍ന്നിരിക്കുകയാണിപ്പോള്‍. ആഭ്യന്തര വകുപ്പില്‍നിന്ന് പ്രതിരോധത്തിലേക്കാണ് രാജ്‌നാഥിന് സ്ഥാനമാറ്റം. പ്രോട്ടോകോള്‍ അനുസരിച്ച് രാജ്‌നാഥ്‌സിംഗാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ രണ്ടാമന്‍. എന്നിട്ടും കഴിഞ്ഞതവണ ഉണ്ടായിരുന്ന ആറ് ക്യാബിനറ്റ് ഉപസമിതികളില്‍നിന്ന് ഇത്തവണ അദ്ദേഹത്തെ തഴഞ്ഞത് പാര്‍ട്ടിയിലും സര്‍ക്കാരിലും വലിയ ഒച്ചപ്പാടുണ്ടാക്കിയതായാണ് വാര്‍ത്ത. കഴിഞ്ഞദിവസം രൂപീകരിച്ച ഏഴ് മന്ത്രിസഭാഉപസമിതികളില്‍നിന്നാണ് സിംഗിനെ പുറന്തള്ളി ആറിലും അമിത്ഷാ അധ്യക്ഷനായത്. ബഹളങ്ങള്‍ കാരണം പിന്നീട് സര്‍ക്കാരിന് തിരുത്തി ഉത്തരവ് ഇറക്കേണ്ടിവന്നുവെന്നത് മോദിയുടെ പുത്തരിയിലെ കല്ലുകടിയാണ്.ഒരുപാര്‍ട്ടിയിലെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വകുപ്പുവെച്ചുമാറ്റം എന്നുമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ എങ്കിലും അമിത്ഷായുടെ വരവില്‍ മറ്റുപലതും മണക്കുന്നുണ്ട്.
കശ്മീരിന്റെ പ്രത്യേകപദവി, പൗരത്വഭേദഗതി, ആര്‍.എസ്.എസ്-ബി.ജെ.പിക്കാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ തുടങ്ങിയവയില്‍ കൂടുതല്‍ കടുത്ത നടപടികളാണ് ഷായില്‍നിന്ന് ജനം ആശങ്കപ്പെടുന്നത്. ഇതിനുകാരണം അദ്ദേഹത്തിന്റെ തീവ്രവര്‍ഗീയ പശ്ചാത്തലംതന്നെയാണ്. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരിക്കവെ 2002 ലെ രണ്ടായിരം പേരുടെ വംശഹത്യാനന്തരകാലത്ത് അമിത്ഷാ അവിടെയും ആഭ്യന്തര മന്ത്രിയായിരുന്നുവെന്ന് അറിയുമ്പോഴാണ് മോദി-ഷാ രസതന്ത്രം മനസ്സിലാകുക. അന്ന് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രതിയായിരുന്നയാളാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുന്നത്. ഇസ്രത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ഷായെ വിചാരണക്ക് വിളിപ്പിച്ച സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് ലോയയുടെ മരണത്തിലെ സംശയത്തിന്റെ കുന്തമുന നീളുന്നത് ഇപ്പോഴും അമിത്ഷായിലേക്കാണ്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണക്കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഇപ്പോഴും അഗ്നിപരീക്ഷ കഴിഞ്ഞ് ഷാ പുറത്തുവന്നിട്ടില്ല. ഈ കേസില്‍ ജഡ്ജിയെ മാറ്റിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മുഖ്യ ന്യായാധിപനെതിരെ വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടായി കിടക്കുന്നു. മാത്രമല്ല, രാജ്യത്തെ മുസ്്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്ന് പരസ്യമായി ആക്ഷേപിച്ചയാള്‍ കൂടിയാണ് ഷാ. ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടികളായ ആഭ്യന്തര വകുപ്പിലെ സഹമന്ത്രിമാരുടെ കാര്യം അതിലും കഷ്ടമാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് സഹമന്ത്രിമാരായ ജി. കിഷന്‍ റെഡ്ഡിയുടെയും നിത്യാനന്ദ്‌റായിയുടെയും കാര്യത്തില്‍ ഓര്‍മ വരുന്നത്. രാജ്യത്തെ സ്‌ഫോടനങ്ങളിലെല്ലാം ഹൈദരാബാദിന് പങ്കുണ്ടെന്നും മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള ഭീകര സ്ഥലമാണ് അതെന്നുമായിരുന്നു കിഷന്റെ കഴിഞ്ഞദിവസത്തെ വിവാദ വായ്ത്താരി. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ പലതവണ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പിയുടെ നേതാവാണ് രാജ്യത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള ഈ മന്ത്രി. മോദിയെ വിമര്‍ശിച്ചയാളുടെ കൈവിരലുകള്‍ അറുക്കണമെന്ന് പറഞ്ഞയാളാണ് മറ്റൊരു ആഭ്യന്തര സഹമന്ത്രി റായി. മൃഗ സംരക്ഷണ സഹമന്ത്രി ഗിരിരാജ്‌സിംഗ് ചോദിച്ചത്, റമസാന്‍ ഇഫ്താറിന് എന്തിനിത്ര പ്രാധാന്യം നല്‍കണമെന്നായിരുന്നു. സത്യപ്രതിജ്ഞ ചെയ്തശേഷം ഒരാഴ്ചക്കിടെ മോദിയുടെ ടീമംഗങ്ങളോരോരുത്തരും നടത്തുന്ന ഇത്തരം വാചകക്കസര്‍ത്തുകള്‍ ജനങ്ങളില്‍ വിശിഷ്യാ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ഭീതി ചെറുതല്ല. സര്‍വരുടെയും സര്‍ക്കാരെന്നും സര്‍വരുടെയും വികസനമാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞ മോദിയുടെ ആദ്യ ഊഴത്തില്‍നിന്ന് കുറച്ചുകൂടി കടന്ന് സര്‍വരുടെയും വിശ്വാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ മോദിക്ക് ഈ വാക്കത്തികളെക്കുറിച്ചൊന്നും മിണ്ടാട്ടമില്ല. പ്രഥമമന്ത്രിസഭായോഗത്തില്‍, വാക്കുകളും നടപടികളും സൂക്ഷ്മതയോടെയായിരിക്കണമെന്ന് മന്ത്രിമാരെ ഉപദേശിച്ചയാളാണ് മോദി.
രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായിരിക്കവെ രാജ്യത്തെ ക്രമസമാധാനനില വളരെയധികം താഴ്ന്നിരുന്നുവെങ്കിലും അമിത്ഷായുടെ കാലത്ത് അതെത്രകണ്ട് ഭീകരമാകുമെന്ന് ഇനിയും കാണാനിരിക്കുന്നതേ ഉള്ളൂ. ഷായുടെ ഗതകാല ചെയ്തികള്‍ തീര്‍ച്ചയായും ശുഭസൂചനകങ്ങളല്ല ജനങ്ങളുടെ മനോമുകുരങ്ങളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്. എല്ലാ സ്വേച്ഛാധിപത്യത്തിനും ഒരന്ത്യമുണ്ട്. മോദിയുടെയും ഷായുടെയും കരുനീക്കങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നെങ്കിലും വൈകാതെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. വ്യാഴാഴ്ചത്തെ കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തപ്പെട്ട ഉത്തരവ് തരുന്ന സന്ദേശവും അതുതന്നെ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.