Connect with us

Culture

കണ്ണുനീരിന്റെ വെളിച്ചം

നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്.

Published

on

 

സജയ്.കെ.വി/ചിത്രീകരണം: സിഗ്നി ദേവരാജ്

നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്. ‘നരനായിങ്ങനെ’, ‘ധർമ്മസമരം’, ‘മുഖത്തോടു മുഖം’ തുടങ്ങിയ കവിതകളിൽ ദരിദ്രനോ സമ്പന്നനോ അല്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഈ ദയനീയനെ നമ്മൾ നേർക്കുനേർ കാണുന്നു.
‘ഇത്തിരി നേരമെഞ്ചിനീയറായ്
ഇത്തിരിനേരം പ്യൂണായും
ഇത്തിരിനേരം കണക്കപ്പിള്ളയായ്
ഇത്തിരിനേരം കവിയായും
ഉദിച്ച സൂര്യനെ വലിച്ചിഴച്ചു ഞാ-
നുദധിയിൽത്തള്ളിയുറങ്ങുന്നൂ;
അവനാട്ടേ വീണ്ടും കിഴക്കുദിപ്പൂ; ഞാ-
നതു കണ്ടാൽ പിടഞ്ഞെഴുന്നേൽപ്പൂ’ (നരനായിങ്ങനെ) എന്നതാണയാളുടെ ജീവിതക്രമം.
‘നരനായിങ്ങനെ മരിച്ചുഭൂമിയിൽ/ നരകവാരിധി നടുവിൽ ഞാൻ’ എന്നു കരുതുന്ന ഒരാൾ. ‘മുഖത്തോടുമുഖം’ എന്ന കവിതയിൽ ഇയാളുടെ ആത്മഗതം നമ്മൾ കൂടുതൽ തെളിമയോടെ ഇങ്ങനെ ഉയർന്നു കേൾക്കുന്നു.
‘ആവുമെങ്കിൽ ഭഗവാനെന്റെ
വിയർപ്പംഗീകരിക്കുക:
സത്യസന്ധതയുണ്ടെങ്കിൽ-
ക്കൺതുറന്നിതു കാണുക:
എന്റെ വേർപ്പിൻ സമുദ്രത്താൽ
ചൂഴപ്പെട്ടവനാണു ഞാൻ.
ഞാനിതിൽ താണുപോയാലും
നിലനിൽക്കുമിതക്ഷയം.’ ജീവിത സമുദ്രം എന്നതിന് അക്കിത്തത്തിന്റെ ഭാഷയിൽ വിയർപ്പിന്റെ വറ്റാക്കടൽ എന്നാണർത്ഥം.
‘അബ്ദുള്ള’ എന്ന അക്കിത്തം കവിത ലളിതമാണ്; ഒപ്പം അത്രമേൽ ഹൃദയസ്പർശിയും. ഒരിക്കൽ ഒരു തീവണ്ടി യാത്രയ്ക്കിടെ, യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് കവി പണ്ടത്തെ സഹപാഠിയും അന്നത്തെ സമ്പന്ന വിദ്യാർത്ഥിയുമായിരുന്ന അബ്ദുള്ളയെ. ഇപ്പോളയാൾ ഒരു ‘മുച്ചൂടും പ്രാകൃതനായ രോഗി’. ഒന്നുരണ്ടു കുശലോക്തികൾ പരസ്പരം കൈമാറാനേ ഇടകിട്ടിയുള്ളൂ. അടുത്ത സ്റ്റേഷനിൽ അബ്ദുള്ള ഇറങ്ങി. ‘നിർഭരാശ്രുക്കളായ് കെട്ടിപ്പുണരുന്നു/ നിസ്സഹായാത്മാക്കൾ രണ്ടു പേരും!’ അബ്ദുള്ള പറയാതെ പോയ ജീവിത വേദനയുടെ കടുംകയ്പു മുഴുവൻ കവി തനിച്ചിരുന്ന്, ഭാവനയാൽ, അയവിറക്കി. കവിത അവസാനിക്കുന്നതിങ്ങനെ-
‘പിന്നത്തെ സ്റ്റേഷനിൽ തീവണ്ടി നിൽക്കെ ഞാൻ
കണ്ണു മിഴിച്ചുടൻ വാച്ചു നോക്കി
കണ്ണെവിടെപ്പോയി, വാച്ചെവിടെപ്പോയി?
കണ്ണീരു മാത്രമാണീ പ്രപഞ്ചം!’
ആത്മമിത്രത്തെയോർക്കുമ്പോൾ പ്രപഞ്ചം മുഴുത്ത ഒരു കണ്ണുനീർത്തുള്ളിയായി മാറുന്ന ഈ ഹൃദയാലുത്വമാണ് അക്കിത്തം കവിതയുടെ കാതൽ.
‘നീലിയാട്ടിലെ തണ്ണീർപ്പന്തൽ’ എന്ന കവിതയിലെ ‘വളവിങ്കൽ മൂസ്സ’യേയും ഓർക്കാം, ഇതോടൊപ്പം. നീലിയാട്ടിലെ തണ്ണീർപ്പന്തൽ ഈ കവിതയിൽ ഒരു സ്ഥലവും സ്ഥാവരബിംബവും രൂപകവുമാണ്. അവിടെ ബസ്സു കാത്തിരിക്കുകയാണ് ആയിടെ വിവാഹതനായ കവി. ഒരു നാളേയ്ക്കു പോലും നവവധുവിനെ പിരിഞ്ഞിരിക്കാനാവാത്തതിലുള്ള പൊറുതിമുട്ടലിലാണയാൾ. അപ്പോഴാണ് വൃദ്ധനും പ്രസാദവാനും പരോപകാര തൽപ്പരനുമായ മൂസ്സയുടെ വരവ്.
‘ആറടിയിലും മീതെപ്പൊങ്ങിയ ശരീരത്താ-
ലാജാനുബാഹുക്കളാ, ലാഹ്‌ളാദ സൗലഭ്യത്താൽ,
വാരിയാലൊടുങ്ങാത്ത സേവനൗത്സുക്യത്താലും,
വായിലെപ്പുളിങ്കുരു പോലെഴും പൽപ്പുറ്റാലും,
ജീവിതം സുസമ്പന്നം, സുഭിക്ഷം, സുസന്തൃപ്ത-
മീവയോവൃദ്ധന്നാരും സ്വന്തമാളാണീ മന്നിൽ’.
-മൂസ്സ കൊടുത്ത മുറുക്കാനാസ്വദിച്ച്, നർമ്മസംഭാഷണത്തിലേർപ്പെട്ട് പിരിയാൻ നേരം ‘കുട്ടികളില്ലേ മൂസ്സയ്ക്ക്?’ എന്ന കവിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിക്കുകയാണ് ചെയ്യുന്നത് വൃദ്ധൻ. അയാളുടെ സ്വകാര്യ സങ്കടങ്ങളെക്കുറിച്ച് ഒന്നുമുരിയാടാതെ, ആ ദുഃഖത്തെയും ദുഃഖത്തെ ഇന്ധനമാക്കുന്ന നന്മയുടെ വെളിച്ചത്തെയും ഏതാനും ചില ഈരടികളിൽ, മുഴങ്ങുന്ന പദാവലികളാൽ ആവിഷ്‌കരിച്ച് പിൻവാങ്ങുകയാണ് അക്കിത്തം. അപ്പോഴും നന്മയുടെ തണ്ണീർപ്പന്തലായി മൂസ്സ വായനക്കാരുടെ മനസ്സിൽ തങ്ങുന്നു; ദുഃഖത്തിന്റെ വെളിച്ചമാണ് നന്മ എന്ന അധികാർത്ഥദീപ്തിയോടെ.
മനുഷ്യനിലും മനുഷ്യ നന്മയിലുമുള്ള ഈ അചഞ്ചല വിശ്വാസത്തോടൊപ്പം പരദുഃഖത്തെ ആത്മദുഃഖമാക്കാനും അപരനുവേണ്ടി തപിക്കാനുമുള്ള ശേഷിയാലുമാണ് അക്കിത്തം കവിത, മലയാള കവിതയിലെ ഒറ്റപ്പെട്ട പ്രകാശഗോപുരമായി മാറുന്നത്. പ്രസിദ്ധമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അത് ബോംബിനായ് ‘ദുർവ്യയം ചെയ്യേണ്ട’ ആണവശക്തിയുപയോഗിച്ച് ‘അന്ധഗ്രാമക്കവല’യിൽ ‘സ്‌നേഹദീപം’ കൊളുത്താനുള്ള ആഹ്വാനമായി മാറുന്നു. അണുഭേദനത്താൽ അപാരമായ ഊർജ്ജവും സംഹാരോർജ്ജവും സൃഷ്ടിക്കാമെന്ന് ശാസ്ത്രം; കേവലമൊരു കണ്ണുനീർത്തുള്ളി പിളർന്നാൽ അതിനെയും നിഷ്പ്രഭമാക്കുന്ന സ്‌നേഹോർജ്ജം കണ്ടെത്താമെന്ന് അക്കിത്തം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.