Connect with us

Culture

ഇനി യാത്രയില്ല

വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു കിഴിശ്ശേരി ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷമാണ് അവസാനയാത്രയായത്.

Published

on

 

പി.ടി. മുഹമ്മദ് സാദിഖ്/ ഫോട്ടോ: അജയ്‌സാഗ

ജിദ്ദയിൽ മലയാളികൾ നടത്തുന്ന ഒരു മെസ്സ്‌റൂമിലാണ് മൊയ്തുവിനെ ആദ്യം കാണുന്നത്. ഉംറ വിസയിൽ വന്ന് സൗദി അറേബ്യയിൽ തങ്ങുന്ന അനേകം അനധികൃത കുടിയേറ്റക്കാരിൽ ഒരാൾ. യാത്രാരേഖകളും താമസരേഖയുമില്ല. മൊയ്തുവിന് അത് പുതുമയുള്ള കാര്യമല്ലല്ലോ. പാസ്സ്‌പോർട്ടും വിസയും പണവുമില്ലാതെ അനേക രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയാണ് മൊയ്തുവെന്ന് അറിയുന്നത് പിന്നീടാണ്. സംസാരിച്ചപ്പോൾ, മൊയ്തു പറഞ്ഞ കഥകളത്രയും വിസ്മയങ്ങളുടേതായിരുന്നു. പതിനാലു വർഷത്തിനിടെ 43 രാജ്യങ്ങളാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്.
നാലാം ക്ലാസ് വരെ സ്‌കൂളിൽ പഠിച്ച മൊയ്തുവിനെ, പള്ളി ദർസിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുർആൻ വചനമാണ്് യാത്രകളിലേക്ക് നയിച്ചത്. പത്താം വയസ്സിൽ വീടു വിട്ടിറങ്ങുമ്പോൾ മാഗല്ലനെ കുറിച്ചോ കൊളംബസിനെ പറ്റിയോ മൊയ്തു കേട്ടിരുന്നില്ല. ഇബ്‌നു ബത്തൂത്തയേയും സുവാൻ സാംഗിനേയും മാർകോ പോളോയേയും പോലുള്ള ലോകസഞ്ചാരികൾ നടത്തിയ യാത്രകളെക്കുറിച്ചും അറിയില്ല.
‘നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക. എന്നിട്ട് നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ ശിക്ഷിക്കപ്പെട്ടത് എങ്ങിനെയെന്ന് നോക്കുക’ -മൊയ്തുവിനെ യാത്രികനാക്കിയ ഖുർആൻ വചനം അതാണ്.
ഞാൻ കാണുന്ന കാലത്ത് ജിദ്ദയിലെ സിത്തീൻ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെലിഫോൺ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു മൊയ്തു. പിടിക്കപ്പെട്ടാൽ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകൾ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്റെ ഇടപാടുകാരുമായി ടെലിഫോണിൽ അനായാസം സംവദിച്ചു.
രേഖയില്ലാത്ത യാത്രകൾ മൊയ്തുവിന് പുത്തരിയല്ലല്ലോ. 41 രാജ്യങ്ങളിലാണ് മൊയ്തു യാത്രാരേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയിൽ വെച്ച് മൊയ്തുവിനെ കാണുമ്പോൾ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.


തുർക്കിയിലേക്ക് ഒരിയ്ക്കൽ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുർക്കി. യാത്രകൾക്കിടയിൽ മൊയ്തുവിനെ പ്രണയിച്ച ഗോക്‌സെന്റെ നാടാണ് അത്. അദാനാ പട്ടണത്തിൽ ചെന്ന്, പറ്റിയാൽ ആ സുന്ദരിയെ ഒരിക്കൽ കൂടി കാണണം. അന്നു കാണുമ്പോൾ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങിനെയായിരുന്നു. മൊയ്തുവിനോട് വർത്തമാനം പറഞ്ഞുപിരിയുമ്പോൾ ഒരു ലോക സഞ്ചാരം പൂർത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങൾ കടന്നുപോയ മൊയ്തുവിന്റെ മനസ്സിൽ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാ കഥകളുണ്ട്.
കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യൻ അഹ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടി ഹജുമ്മയുടെയും മകൻ മൊയ്തു പത്താം വയസ്സിലാണ് നാടുവിടുന്നത്. ഉത്തരേന്ത്യയിലക്കായിരുന്നു ആദ്യ യാത്ര. ലോകം മുഴുവൻ ചുറ്റിക്കറങ്ങണമെന്ന വിചാരം കലശലായിരുന്നുവെങ്കിലും പാസ്സ്‌പോർട്ടോ വിസയോ യാത്രക്കാവശ്യമായെ പണമോ ഒന്നുമില്ല.
ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന കാലത്താണ് പത്രത്തിലൊരു വാർത്ത. പാക്കിസ്താനിലെ സുൽഫിക്കർ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാൻ അതിർത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോൾ സാധാരണ ദിവസങ്ങളിൽ അതിർത്തിയിൽ പട്ടാളക്കാരുടെ കാവലുണ്ടാകില്ലെന്ന് മൊയ്തുവിന്റെ സഞ്ചാര ബുദ്ധി കണ്ടെത്തി. പ്രശ്‌നങ്ങളൊതുങ്ങിയാൽ അതിർത്തി മുറിച്ചുകടക്കാൻ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാക്കിസ്താനിലേക്കാകട്ടെ. പാക്കിസ്താനിലെ കറാച്ചിയിൽ പണ്ട് മൊയ്തുവിന്റെ വാപ്പ ഹോട്ടൽ നടത്തിയിരുന്നു.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃതസറിലൂടെ, അഠാരി വഴി വാഗാ അതിർത്തിയിലെത്തി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല, അതിർത്തി താണ്ടാൻ. മുറിച്ചുകടക്കാൻ പറ്റിയ ഇടം തേടി നടക്കുന്നതിനിടെ സൈനികർ പിടിച്ചു. മുസൽമാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാൽ പന്ത്രണ്ടുകാരന്റെ മേനി മാത്രം. പോലീസ് വിട്ടുവെങ്കിലും പിന്നീട് അതിർത്തി സൈനികരുടെ പിടിയിലായി.
‘മുസൽമാനാണോ’ എന്നായിരുന്നു അവരുടെയും ചോദ്യം. സിക്കുകാരായിരുന്നു സൈനികർ. ഏതോ പുണ്യം ചെയ്യുന്നതുപോലെ അവർ ബൂട്ടുകൊണ്ട് ചവിട്ടിക്കുഴച്ചു. ജീവൻ ബാക്കിയാവുമോ എന്നായിരുന്നു പേടി. ഒടുവിൽ ക്യാപ്റ്റൻ വന്ന് രക്ഷിക്കുകയായിരുന്നു.
കുട്ടിയാണെന്ന് കരുതിയാണ് അവർ വിട്ടയച്ചത്. വീണ്ടും അതിർത്തി കടക്കാൻ പറ്റിയ സ്ഥലം തേടി നടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോൾ ആൾപ്പാർപ്പില്ലാത്ത ഒരു കുടിലിൽ കിടന്നുറങ്ങി. പുലർച്ചെ വീണ്ടും എഴുന്നേറ്റു നടന്നു. ചെന്നുപെട്ടത് പാക്കിസ്താൻ സൈനികരുടെ മുന്നിൽ. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവർ കരുതിയത്. തിരിച്ചു പൊയ്‌ക്കൊള്ളാൻ അവർ സ്‌നേഹപൂർവം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോൾ പട്ടാളക്കാർ പിടിച്ച് ജയിലിലടച്ചു.
മൂന്ന് ദിവസം കഴിഞ്ഞാണ് അവർ വിട്ടയച്ചത്. ഇന്ത്യൻ അതിർത്തിയിൽ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാൽ ഇനി ഇന്ത്യൻ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെ നിന്ന് ലോറിയിൽ ലാഹോറിലേക്ക്…
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്‌ലാമാബാദും കറാച്ചിയും മുൽത്താനും സഖറും നുഷ്‌കിയും കുഹേട്ടയും കറങ്ങി. ഒടുവിൽ അഫ്ഗാനിസ്ഥാനിലെത്തി. ഖണ്ഡഹാറും കാബൂളും മസാറെ ശറീഫും കണ്ടു. പാമീർ മലമ്പാത വഴി കിർഗിസ്ഥാനിലെത്തി. പിന്നെ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാൻ വഴി വീണ്ടും പാക്കിസ്താനിലെത്തി.
പാക്കിസ്താനിൽ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ നാടോടിയാണെന്ന് ബോധ്യം വന്നതിനെ തുടർന്ന് വിട്ടയക്കാൻ തീരുമാനമായി. അധികാരികളിൽനിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്ഥാൻ ഗവർണർ ഇറാനിലേക്ക് പോകാൻ വഴിയൊരുക്കിക്കൊടുത്തു. ഗവർണറുടെ ശുപാർശ പ്രകാരം അതിർത്തിയിലെ കസ്റ്റംസ് ഓഫീസർ ഏർപ്പാടാക്കിയ കാറിൽ ഇറാനിലെ സഹ്ദാനിലെത്തി. അവിടുന്ന് കർമാൻ വഴി ബന്ദർ അബാസിലും മഹ്‌റാനിലുമെത്തി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാൻ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനിൽ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവിൽ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവർ പട്ടാളക്കോടതിയിലെത്തിച്ചു. വിട്ടയക്കാൻ അവർ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വര മൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയിൽ ശിക്ഷ.
തടവിൽ കഴിയുമ്പോൾ ഫ്‌ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാൻ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാർക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോൾ അവരുടെ ഉസ്താദായി. പട്ടാളക്കാർക്ക് ഖുർആൻ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദർസ് പഠനത്തിന്റെ പുണ്യം. ഒടുവിൽ മൊയ്തുവിനെ ഇറാൻ സൈന്യത്തിലെടുത്തു. രണ്ടു തവണ ഇറാഖിനെതിരായ യുദ്ധത്തിൽ ഇറാൻ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞിട്ടുണ്ട്.
1980ൽ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടുന്ന് രക്ഷപ്പെട്ടത്. തന്റെ ലക്ഷ്യം യാത്രയാണ്. ഇറാന്റെ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് മൊയ്തു ഓർക്കുന്നു. മഹർനൂശ് എന്നായിരുന്നു അവളുടെ പേര്.
”എപ്പോഴോ മനസ്സുകൾ തമ്മിൽ അടുത്തപ്പോൾ ഞാനെന്റെ കഥകൾ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു തന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവൾ എനിക്ക് ഊരിത്തന്നു” – എന്നാണ് മൊയ്തു പറഞ്ഞത്.
നനഞ്ഞ കണ്ണുകളുമായി അവൾ യാത്രയാക്കുമ്പോൾ മൊയ്തുവിന്റ മനസ്സ് സഞ്ചാരത്തിന്റെ പുതിയ വഴികൾ തേടുകയായിരുന്നു. തുർക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കിൽ കയറി അങ്കാറയിലൂടെ ഇസ്താംബൂളിലെത്തി. അവിടെ ഒരു ബുക്‌സ്റ്റാളിൽ ജോലി കിട്ടി. ബുക്‌സ്റ്റാൾ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളേജിൽ ചേർന്നു. ഒരു വർഷം തുർക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോർജിയ വഴി മോസ്‌കോയിലെത്തി. ചെച്‌നിയ വഴി ഉക്രൈൻ വരെ യാത്ര ചെയ്തു വീണ്ടും തുർക്കിയിലെത്തി. ഇതിനിടയിൽ കിട്ടിയ ഈജിപ്തുകാരന്റെ പാസ്സ്‌പോർട്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വാതിൽ തുറന്നു. ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ സാധിച്ചത് അങ്ങിനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാൻ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കിൽ ജീവൻ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുർക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയിൽനിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോർദാനും സന്ദർശിച്ചു. ജോർദാൻ നദി നീന്തിക്കടന്നു ഇസ്‌റായിലിലെത്തി.
ജോർദാനിൽനിന്ന് സൗദിയിൽ കടന്നു. സൗദി പട്ടാളക്കാർ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചു കാലം ജോർദാനിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅത് പാർട്ടിയുടെ മുഖപത്രത്തിലും ഇറാൻ വാർത്താ ഏജൻസിയായ ഇർനയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞിരുന്നു.
ഒടുവിൽ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാൻ തുടങ്ങി. ഇരുപത്തിനാല് രാജ്യങ്ങൾ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോൾ മൊയ്തു കീശ തപ്പി നോക്കി. നാൽപത് പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ലാസും പള്ളിദർസുമായി നാടുവിട്ട മൊയ്തു തിരിച്ചെത്തുമ്പോൾ അനവധി ഭാഷകൾ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉർദു, അറബി, ഫാർസി, തുർക്കി, റഷ്യൻ, കുർദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനിൽക്കാനുള്ള ഇംഗ്ലീഷും.
സഫിയയാണ് ഭാര്യ. മക്കൾ: നാദിർഷാൻ ബുഖാരി, സജ്‌ന.
നാട്ടിലെത്തിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളി നീക്കിയത്. നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. രോഗബാധിതനായപ്പോൾ മ്യൂസിയം പൂട്ടി.
വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. തുർക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിംഗ് ഇൻ ദ എഡ്ജ്, ദൂർ കേ മുസാഫിർ, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടിൽ, മരുഭൂ കാഴ്ചകൾ തുടങ്ങി ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷം, ഒക്ടോബർ 10 നു അവസാനയാത്രയായി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.