Connect with us

Video Stories

തോക്കിന്‍തുമ്പിലെ മാധ്യമസ്വാതന്ത്ര്യം

Published

on


ലോകത്തെ ഏറ്റവുംവലുതും മഹത്തായതുമായ ജനാധിപത്യമായാണ് നമ്മുടെ ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടുവരുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യമാത്രമല്ല ഈ വിശേഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് ജനായത്തഭരണപാരമ്പര്യത്തെ അനുകരിച്ചും സ്വാംശീകരിച്ചുമുള്ള ജനാധിപത്യനിയമസംഹിതയാണ് നാം സ്വാതന്ത്ര്യാനന്തരം അനുവര്‍ത്തിച്ചുവരുന്നതെന്നതാണ് അതിന് കാരണം. രണ്ടുതട്ടിലുള്ള പാര്‍ലമെന്റുകള്‍, നിയമസഭകള്‍, തദ്ദേശസ്ഥാപനങ്ങള്‍, ജുഡീഷ്യറി, അവയെക്കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഭരണനിര്‍വഹണവിഭാഗം എന്നിവക്കുപുറമെ ശക്തമായ ഒരു നാലാംതൂണ്‍ അഥവാ മാധ്യമരംഗംകൂടി നമുക്കുണ്ടെന്നാണ് സങ്കല്‍പം. എന്നാല്‍ കഴിഞ്ഞഅഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ മാധ്യമരംഗം കടുത്തപ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.ലോകജനാധിപത്യത്തിലെ ഇന്ത്യയുടെ മഹനീയമായസ്ഥാനത്തിന് ഇടിവുതട്ടുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
റിപ്പോര്‍ട്ടര്‍ സാന്‍സ് ഫ്രണ്ടയേഴ്‌സ് (അതിരുകളില്ലാത്ത ലേഖകര്‍) എന്ന സംഘടനയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞദിവസം പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യസൂചിക ലോകത്തെ 180 രാജ്യങ്ങളില്‍ 140-ാം സ്ഥാനത്താണ്. കമ്യൂണിസ്റ്റ് ഏകാധിപത്യചൈനയും ഉത്തരകൊറിയയുമാണ് ഈവിഷയത്തില്‍ നമ്മുടെ ഏറെയകലയല്ലാതെ നിലകൊള്ളുന്നതെന്നത് നമ്മെ സംബന്ധിച്ചിടത്തോളം ആകുലപ്പെടേണ്ടതുതന്നെയാണ്. രണ്ടുവര്‍ഷം മുമ്പ് 138-ാം സ്ഥാനത്തായിരുന്ന ഇന്ത്യ വീണ്ടും രണ്ടുപോയിന്റ് കൂടിയാണ് മാധ്യമസ്വാതന്ത്ര്യത്തില്‍ നാം വീണ്ടുംപുറകോട്ട് പോകുകയാണെന്ന സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞഅഞ്ചുവര്‍ഷംകൊണ്ട് പത്തുപോയിന്റ് കൂടുതലാണ് ഇന്ത്യയുടെ മാധ്യമഅസ്വാതന്ത്ര്യം. ഇന്ത്യയുടെ വാര്‍ത്താവിനിമയരംഗം കൂടുതല്‍ ജനകീയമല്ലാതാകുന്നു എന്നാണിതിനര്‍ത്ഥം. കോര്‍പറേറ്റുകളും കുത്തകകളും അധികാരിവര്‍ഗവും ചേര്‍ന്ന് മാധ്യമമേഖല കീഴടക്കുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വേണ്ട വിവരങ്ങള്‍ അറിയാതെ പോകുന്നുവെന്നാണ് ഇത് നല്‍കുന്ന ഭയാനകമായ സൂചന. ഭയരഹിതമായി റിപ്പോര്‍ട്ട്‌ചെയ്യാന്‍ കഴിയാത്ത കാലത്തോളം ഏതുസമൂഹത്തിലെയും മാധ്യമസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയും അതുവഴി ഭരണവും ജനങ്ങളും തമ്മിലുള്ള അന്തരം വര്‍ധിക്കുകയുംചെയ്യുക സ്വാഭാവികം.
ഫിന്‍ലന്റ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ തീരെചെറിയ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നിലെങ്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെല്ലാം മാധ്യമസ്വാതന്ത്ര്യനിലവാരം കീഴോട്ട് പോയതായാണ് ആര്‍.എസ്.എഫ് ശേഖരിച്ചിരിക്കുന്ന വിവരം. 170-ാം സ്ഥാനത്തുള്ള ചൈനയില്‍ അറുപതോളം മാധ്യമപ്രവര്‍ത്തകരാണ് അഴിക്കുള്ളില്‍ കഴിയുന്നത്. പാക്കിസ്താനും ബംഗ്ലാദേശുമൊക്കെ ഇക്കാര്യത്തില്‍ നമ്മോടൊപ്പമാണെങ്കിലും അവിടുത്തെയും ഭരണരീതിയനുസരിച്ച് ഇതിനെ സ്വാഭാവികതയായി കാണാവുന്നതാണ്. പാക്കിസ്താന്‍ 142-ാം സ്ഥാനത്താണെങ്കില്‍ ബംഗ്ലാദേശ് 150-ാം സ്ഥാനത്താണ്. ഇതുപോലെയുള്ള ഭരണസംവിധാനമല്ല ഇന്ത്യയിലുള്ളതെന്നോര്‍ക്കണം. കഴിഞ്ഞവര്‍ഷം ആറ് മുഴുസമയ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടു. കശ്മീരിലെ പ്രസിദ്ധമാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്് ബുഖാരി, ബീഹാറിലെ നവീന്‍ നിശ്ചല്‍, ഛത്തീസ്ഗഡിലെ അച്യുത് സാഹു,ഝാര്‍ഖണ്ടിലെ ചന്ദന്‍തിവാരി, ആസാമിലെ അരിന്തം ചൗധരി, മധ്യപ്രദേശിലെ സന്ദീപ്ശര്‍മ എന്നിവരാണിവര്‍. ഗ്രാമീണമാധ്യമപ്രവര്‍ത്തകരുടെ മരണസംഖ്യ ഇതിനുപുറമെയാണ്. സിറിയയെയോ ഇറാഖിനെയോപോലെ യുദ്ധസ്ഥിതിവിശേഷം ഇല്ലാതിരുന്നിട്ടും ഈ കൊലപാതകങ്ങള്‍ നടന്നതിനെ സമൂഹത്തില്‍ പടര്‍ത്തിവിടുന്ന വിദ്വേഷരാഷ്ട്രീയവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. പൊലീസും ഇതരസുരക്ഷാസേനകളും, ഭരണകക്ഷിക്കാര്‍, മാവേയിസ്്റ്റുകള്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനല്‍ സംഘങ്ങള്‍ എന്നിവരില്‍നിന്നാണ് മുഖ്യമായും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം നേരിടേണ്ടിവരുന്നതെന്ന് ഇന്ത്യയെസംബന്ധിച്ച വിവരങ്ങളില്‍ പറയുന്നു. ഈ ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുപോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടക്കുന്നു.
പൊതുസമൂഹത്തിന്റെ കാര്യം ഇരിക്കട്ടെ, മാധ്യമങ്ങള്‍ക്ക് തണലാകേണ്ട ഭരണാധികാരികളുടെ നിലയെന്താണ് ? രാജ്യത്ത് ഇതാദ്യമായി, അധികാരമേറ്റ് അഞ്ചുസംവല്‍സരം പിന്നിടുമ്പോഴും ഒരൊറ്റ ഔദ്യോഗികവാര്‍ത്താസമ്മേളനംപോലും നമ്മുടെ പ്രധാനമന്ത്രി നടത്തിയില്ല എന്നതുമാത്രംമതി ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യത്തെയും ഭരണരംഗത്തെയുംകുറിച്ച് ബോധ്യപ്പെടാന്‍. പ്രധാനമന്ത്രിക്ക് മാധ്യമമേഖലയുമായി ബന്ധമില്ല എന്നതിനര്‍ത്ഥം ജനങ്ങളുമായി അദ്ദേഹത്തിന് വേണ്ടത്ര ബന്ധമില്ല എന്നുതന്നെയാണ്. തന്റെ പാര്‍ട്ടിയുമായി മാത്രം ബന്ധപ്പെട്ടുകൊണ്ട് ജനങ്ങളുമായി നേരിട്ട് ആശവിനിമയം നടത്താമെന്ന ആശയമായിരിക്കാം മോദിക്കുള്ളത്. പകരം 2016നും 2018നും ഇടയില്‍ സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കുന്നവരുടെ സംഖ്യ കുത്തനെ ഉയര്‍ന്നു-1.68 കോടിയില്‍നിന്ന് 3.26 കോടി. കള്ളങ്ങളും അര്‍ധസത്യങ്ങളും സ്വാഭാവികമായും ഇതിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.എന്നാല്‍ ചില കോര്‍പറേറ്റ്‌നിയന്ത്രിത മാധ്യമങ്ങളുമായി സംസാരിക്കാന്‍ നരേന്ദ്രമോദി തയ്യാറായെന്ന വസ്തുത വിസ്മരിക്കാനാകില്ല. തങ്ങളെ വിമര്‍ശിച്ചതിന് ന്യൂഡല്‍ഹി ടി.വിയെ ഒരുദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ഭരണകൂടമാണ് മോദിയുടേത്. എതിരായ വാര്‍ത്തഎഴുതിയതിന്റെ പേരില്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ കൊല്ലപ്പെട്ടത് അറുപതോളംപേരാണ്. ബംഗളൂരുവിലെ പ്രമുഖമാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് തന്റെ ജോലി കഴിഞ്ഞുമടങ്ങവെ കൊലചെയ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരെയും പൗരാവകാശപ്രവര്‍ത്തകരെയും നിരന്തരമായ ആക്രമിച്ചു. ഈ കാലത്തുതന്നെയാണ് കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇടതുപക്ഷസര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തിയ ഭത്‌സനങ്ങള്‍. മാധ്യമ-ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് പുറത്ത് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷക്കാര്‍ സ്വതന്ത്രമീഡിയ എന്ന സംവിധാനത്തെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നതെന്നതിന് കേരളത്തിലുള്‍പ്പെടെ നിരവധിസംഭവങ്ങള്‍ തെളിവാണ്. അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടന പറയുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകവകുപ്പ് ഇല്ലാത്തത് പൗരനുതുല്യമാണ് മാധ്യമപ്രവര്‍ത്തകരും എന്നതുകൊണ്ടാണ്. അതിനാല്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയും അപഹസിച്ചുമുള്ള അധികാരികളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും നടപടികള്‍ പൗരനെതിരെയുള്ളതുതന്നെയാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.