Connect with us

Culture

പന്തുതട്ടി പന്തുതട്ടി…. തോറ്റ കാര്യം ജര്‍മന്‍കാര്‍ അറിഞ്ഞിരിക്കുമോ?

Published

on

മാച്ച് റിവ്യൂ

മുഹമ്മദ് ഷാഫി

ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് മൊബൈലില്‍ ടൈപ്പ് ചെയ്യുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വന്ന ചിന്ത ഇതായിരുന്നു വളരെ നന്നായി കളിച്ചിട്ടും പെറുവും മൊറോക്കോയും ഇറാനുമൊക്കെ ആദ്യറൗണ്ടില്‍ തന്നെ വീണുകഴിഞ്ഞു. റെഡ്കാര്‍ഡിന്റെ ബലത്തില്‍ കൊളംബിയയെ തോല്‍പ്പിച്ച ജപ്പാന്റെയും അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലാന്റിന്റെയും വീരകൃത്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ ലോകകപ്പില്‍ വലിയ അപ്‌സെറ്റുകളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ചെറുടീമുകള്‍ ചാവേറാക്രമണം നടത്തി കയ്യടി വാങ്ങി മടങ്ങുന്നതല്ലാതെ മികച്ച താരനിരയുള്ള ടീമുകളൊന്നും അട്ടിമറി പരാജയം നേരിട്ടിട്ടില്ല… നൈജീരിയയും അര്‍ജന്റീനയും തമ്മിലുള്ള മത്സരം ഒരു മണിക്കൂറിനുള്ളില്‍ ആരംഭിക്കാനിരുന്നതിനാല്‍, ഒരു ആരാധകന്റെ അബോധത്തില്‍ മുളപൊട്ടിയ അശുഭ ചിന്തയാണിതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ, കൃത്യം ഇരുപത്തിനാലു മണിക്കൂറില്‍ അത് സംഭവിച്ചിരിക്കുന്നു. ഫുട്‌ബോള്‍ എന്ന ഗെയിമിലേതിന്റെ ശരിപ്പകര്‍പ്പായ അനിശ്ചിതത്വം ലോകകപ്പില്‍ നിന്ന് ചാമ്പ്യന്മാരെ നിര്‍ദയം പുറത്താക്കിയിരിക്കുന്നു. അമ്പരപ്പിന്റെയും വൈകാരികതയുടെയും നിമിഷങ്ങള്‍ക്കു ശേഷമാലോചിക്കുമ്പോള്‍ ഇതിലെന്തത്ഭുതം എന്നൊരു ചോദ്യം കൂടി അത് സമ്മാനിക്കുന്നു.

ഗ്രൂപ്പ് എഫിലെ മത്സരങ്ങളാരംഭിക്കുമ്പോള്‍, ഈ ലോകകപ്പിലെ ഏറ്റവും ക്രൂരമായ വിധിയിലാവുമോ അവ കലാശിക്കുക എന്നൊരു ഭയമുണ്ടായിരുന്നു. മെക്‌സിക്കോ രണ്ട് മത്സരങ്ങളും ജയിച്ചു നില്‍ക്കുകയായിരുന്നെങ്കിലും ജര്‍മനിക്കും സ്വീഡനും മുന്നേറാനുള്ള തുല്യസാധ്യതകളുണ്ടായിരുന്നു എന്നതാണ് കാരണം. സ്വീഡന്‍ മെക്‌സിക്കോയെയും ജര്‍മനി കൊറിയയെയും തോല്‍പ്പിച്ചിരുന്നെങ്കില്‍, മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചൊരു ടീം കണ്ണീരണിഞ്ഞു മടങ്ങാനുള്ള വ്യക്തമായ സാധ്യത. മെക്‌സിക്കോയെ സ്വീഡന്‍ തോല്‍പ്പിച്ചത് മനസ്സിലാക്കാം; പക്ഷേ, ജര്‍മനി തോറ്റു. അതും കടലാസില്‍ നോക്കുമ്പോള്‍ എല്ലാ മേഖലയിലും തങ്ങളേക്കാള്‍ ബഹുദൂരം പിന്നില്‍ നില്‍ക്കുന്ന ഒരു ഏഷ്യന്‍ ടീമിനെതിരെ.

മരണവക്കത്തുള്ള പോരാട്ടത്തില്‍ ചൂതാട്ടം നടത്താനില്ലെന്നു വ്യക്തമാക്കിയാണ് ജോക്കിം ലോ ജര്‍മന്‍ ടീമിനെ ഒരുക്കിയത്. മസൂദ് ഓസിലിനെയും സമി ഖദീറയെയും മാറ്റ് ഹമ്മല്‍സിനെയുമെല്ലാം പ്ലെയിങ് ഇലവനിലേക്ക് തിരിച്ചുവിളിച്ച് പരിചയസമ്പത്ത് ഉറപ്പുവരുത്തി. മുള്ളര്‍ക്കു പകരം ഗോരറ്റ്‌സ്‌ക വന്നു. സ്വീഡനെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ റൂഡിഗറെ പുറത്തിരുത്തി 22കാരന്‍ നിക്ലാസ് സൂലെക്ക് അവസരം നല്‍കിയതു മാത്രമേ അസ്വാഭാവികമായി തോന്നിയുള്ളൂ. രണ്ടുകളിയില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തിമോ വെര്‍നറെ നിലനിര്‍ത്തിയതില്‍ കുഴപ്പമൊന്നും കാണാനായില്ല. വെര്‍നറുടെ സാന്നിധ്യം എതിര്‍ബോക്‌സിലുണ്ടാക്കുന്ന സ്‌പേസ് ജര്‍മന്‍ ആക്രമണത്തെ സഹായിക്കുകയേ ചെയ്യുന്നുള്ളൂ എന്നാണ് ഞാന്‍ കണ്ടിരുന്നത്.

4-2-3-1 ശൈലിയില്‍ ഓസിലും റുയിസും ഒന്നിച്ച് അണിനിരന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡ് കണ്ടാല്‍ തന്നെ കൊറിയക്കാര്‍ ഭയക്കേണ്ടതായിരുന്നു. ഹോള്‍ഡര്‍മാരായി ക്രൂസും ഖെദിറയും ഒരേസമയം കളിക്കുന്നതിനാല്‍ ആ ഏരിയ ഭദ്രം. ലൈനപ്പ് കാണുമ്പോള്‍ തന്നെ ജര്‍മനി എങ്ങനെ കളിക്കുമെന്ന് ആര്‍ക്കും മനസ്സിലാക്കാം എന്നതായിരുന്നു ഒരേയൊരു പ്രശ്‌നം. പക്ഷേ, അതാണ് അന്തിമ വിശകലനത്തില്‍ തിരിച്ചടിയായതും. ആക്രമണപദ്ധതിയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ലോ ശ്രമിച്ചില്ല. എതിരാളികളെ അയാള്‍ വിലകുറച്ചു കണ്ടതാകണം. കൊറിയക്കാര്‍ ധൈര്യസമേതം ചെറുത്തുനിന്നു. എന്നിട്ടും അവസരങ്ങളൊരുപാടുണ്ടായിരുന്നു. അവയൊന്നും ഗോളിലെത്തിക്കാന്‍ കേളികേട്ട ചാമ്പ്യന്‍നിരക്കായില്ല. എതിര്‍ ഡിഫന്‍സിനെ ഹതാശരാക്കുന്ന അത്ഭുതനീക്കങ്ങളൊന്നും ജര്‍മന്‍ യന്ത്രത്തില്‍ നിന്നു വന്നില്ല. ഇപ്പോഴുണ്ടാകും, ഇപ്പോഴുണ്ടാകും എന്നുകരുതി അവസാനം വരെ കാത്തിരുന്നെങ്കിലും കൊറിയ ഗോളടിച്ചതോടെ പതനം പൂര്‍ണമായി.

കൊറിയക്കാരുടെ ചെറുത്തുനില്‍പ്പാണ് അത്ഭുതപ്പെടുത്തിയത്. 4-4-2 ശൈലിയില്‍ അണിനിരന്ന അവര്‍ക്ക് ആക്രമിക്കുക, പ്രത്യാക്രമണം നടത്തുക എന്നതല്ലാതെ സങ്കീര്‍ണ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. 75 ശതമാനവും പന്ത് ജര്‍മനി കാല്‍ക്കല്‍ വെച്ചൊരു മത്സരത്തില്‍ വേറെന്തു ചെയ്യാന്‍ കഴിയും? പക്ഷേ, അവരുടെ ഡിഫന്‍സീവ് ടാക്ടിക്‌സ് പ്രത്യേകിച്ചും, റിക്കവര്‍ ചെയ്യുന്ന പന്ത് അപകടമേഖലയില്‍ നിന്ന് പുറത്തുകടത്തുന്നതില്‍ കാണിച്ച കൗശലം അതിമനോഹരമായിരുന്നു. എങ്ങനെയും പന്ത് അടിച്ചു പറത്തുക എന്നതല്ല, വീണ്ടെടുക്കുന്ന പന്തിനെ വണ്‍ടച്ചുകളിലൂടെ എതിര്‍ഹാഫിലേക്ക് നയിക്കുക എന്ന പ്ലാന്‍ അവര്‍ കുറ്റമറ്റ രീതിയില്‍ തന്നെ നടപ്പാക്കി. ഗോള്‍ മോഹിച്ച് എല്ലാ ജര്‍മന്‍കാരും കയറിവരുമ്പോള്‍ പ്രത്യാക്രമണം നടത്താന്‍ അവര്‍ക്കു സാധിച്ചതും ധീരവും സര്‍ഗാത്മകവുമായ ഈ രീതി കൊണ്ടാണ്. എല്ലാം മറന്ന് ആക്രമിക്കുമ്പോള്‍ പിന്‍നിരയില്‍ വാതില്‍ തുറക്കപ്പെടുന്നു എന്ന വീഴ്ച ഈ കളിയിലും ലോ പരിഹരിച്ചില്ല. എതിരാളികള്‍ കൊറിയക്കാരായതു കൊണ്ടു മാത്രമാണ് അവര്‍ റെഗുലര്‍ ടൈമില്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടത്.

ബോക്‌സിനു ചുറ്റും പന്തുമായി കറങ്ങി വാതിലില്‍ മുട്ടുകയും തഞ്ചംകിട്ടുമ്പോള്‍ ക്രോസുകളായും ത്രൂപാസുകളായും അത് അപകടമേഖലയിലെത്തിക്കുകയും ചെയ്യുക എന്ന ജര്‍മന്‍ രീതിയെ ഇപ്പോള്‍ പോലും ഞാന്‍ കുറ്റംപറയില്ല. പക്ഷേ, കളിമെനയുന്നതിന്റെ നിര്‍ണായക ഘട്ടത്തില്‍ വേഗംകൂട്ടാതിരുന്നതും ഓരോ നീക്കങ്ങളിലുമുണ്ടായ അനാവശ്യമായ അധികപാസുകളും വ്യക്തിഗത മികവുകളെ ആശ്രയിക്കുന്നതിനേക്കാള്‍ ലോയുടെ പാഠപുസ്തകത്തോട് പുലര്‍ത്തിയ അമിത വിധേയത്വവുമാണ് പ്രശ്‌നമായത്. രണ്ടാം പകുതിയില്‍ ഗോമസിനെയും മുള്ളറെയും കളത്തിലിറക്കിയപ്പോള്‍ ജര്‍മനി എങ്ങനെയെങ്കിലും ജയിക്കുമെന്നു തന്നെ ഞാനുറപ്പിച്ചു. പക്ഷേ, സമയം പോകുന്നതിനനുസരിച്ച് കളിക്കാരുടെ സമ്മര്‍ദം കൂടി. കൊറിയക്കാരാകട്ടെ കൂടുതല്‍ കരുത്തരായി മാറുകയും ചെയ്തു. ഹെക്ടറിനു പകരം ബ്രാന്റ് വന്നപ്പോഴെങ്കിലും കളി ‘ഡു ഓര്‍ ഡൈ’ മോഡിലേക്ക് മാറ്റേണ്ടിയിരുന്നു. പക്ഷേ, കൊറിയക്കാര്‍ക്ക് പന്ത് വീണ്ടെടുക്കാന്‍ പാകത്തിലുള്ള ചത്ത മനോഭാവം ഗോള്‍ വഴങ്ങുംവരെ തുടര്‍ന്നു. ആ ‘ക്രൂസ് നിമിഷം’ സംഭവിച്ചില്ല.

സ്വീഡനെതിരെ കളിക്കുമ്പോള്‍ ജര്‍മന്‍ കളിക്കാരുടെ മനോവീര്യം അത്ഭുതകരമാംവിധം ഉന്നതിയിലായിരുന്നെങ്കില്‍ ഓരോ മിനുട്ടു കഴിയുമ്പോഴും ഇന്നത് കുറഞ്ഞു വരുന്നതായാണ് അനുഭവപ്പെട്ടത്. കളി എണ്‍പത് മിനുട്ട് പിന്നിട്ടപ്പോള്‍ എന്തോ അത്ഭുതത്തിന് കാത്തിരിക്കുന്നതു പോലെയായിരുന്നു ജര്‍മന്‍കാരുടെ ശരീരഭാഷ. മാറ്റ് ഹമ്മല്‍സും വെര്‍നറും തുലച്ച സുവര്‍ണാവസരങ്ങള്‍ക്ക് ദൗര്‍ഭാഗ്യത്തെ പഴി പറയുന്നതില്‍ കാര്യമില്ല. ജര്‍മന്‍ ശൈലിയുടെ ഫിനിഷിങ് പ്ലാന്‍ നടപ്പിലാക്കാന്‍ കളിക്കാര്‍ക്കായില്ലെങ്കില്‍ അതാ പദ്ധതിയുടെ തന്നെ കുഴപ്പമാണ്. രണ്ട് ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍മാര്‍ ബോക്‌സില്‍ കാത്തുനില്‍ക്കുമ്പോള്‍, പന്തവിടെ എത്തിക്കാന്‍ ഇത്രയധികം സമയമെടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാണ്? ഏതായാലും മുങ്ങുന്നയാള്‍ക്കൊരു ചവിട്ടായി കൊറിയയുടെ ഗോള്‍കൂടി വന്നതോടെ ആദ്യറൗണ്ടിലെ വലിയ അപ്‌സെറ്റ് സംഭവിച്ചു കഴിഞ്ഞു. ഗോളുകളല്ല, ജര്‍മന്‍ ഗോളിയുടെ പ്രകടനമാണ് എന്റെ മനസ്സു നിറച്ചത്. എന്തൊരു ധൈര്യവും റിഫഌ്‌സുമാണ് അയാള്‍ പ്രകടിപ്പിച്ചത്!

ഇപ്പോഴാലോചിക്കുമ്പോള്‍, ഇതല്ലാതെ വേറെന്ത് വിധിയാണ് ജര്‍മന്‍കാര്‍ പ്രതീക്ഷിച്ചിരുന്നത്? മെക്‌സിക്കോക്കെതിരെ തോല്‍വി അര്‍ഹിച്ചതു തന്നെയായിരുന്നു. ഗെയിം പ്ലാനിലെ അപാകത അവിടെ മുതല്‍ ദൃശ്യമായിരുന്നു. സ്വീഡനെതിരെ കിട്ടിയത് ഭാഗ്യം കൊണ്ടുള്ള വിജയം മാത്രവും. ഇന്നത്തെ മത്സരത്തില്‍ അവര്‍ തോല്‍വി അര്‍ഹിച്ചിരുന്നില്ല എന്നുമാത്രം പറയാം. പക്ഷേ, അതുകൊണ്ടെന്തു കാര്യം?

മെക്‌സിക്കോ സ്വീഡനെ സമനിലയില്‍ തളക്കുമെന്ന എന്റെ കണക്കുകൂട്ടല്‍ യൂറോപ്യര്‍ തകര്‍ത്തുകളഞ്ഞു. രണ്ടാംപകുതിയിലാണ് അവര്‍ കളിയില്‍ മാറ്റമുണ്ടാക്കിയത്. ഞാനാ മത്സരം ഭാഗികമായേ കണ്ടിരുന്നുള്ളൂ. സമാന്തരമായി നടക്കുന്ന മത്സരത്തെപ്രതിയുള്ള ആശങ്ക അവസാന മിനുട്ടുകളില്‍ മെക്‌സിക്കന്‍ കളിക്കാരുടെ നോക്കിലും നടപ്പിലുമെല്ലാം കാണാമായിരുന്നു. ജയന്റ് കില്ലര്‍മാരായ മെക്‌സിക്കോ ശരാശരിക്കാര്‍ക്കെതിരെ വിറക്കുന്നത് കൗതുകകരമായി.

ഏതായാലും അനീതിയൊന്നും സംഭവിക്കാതെ ഗ്രൂപ്പ് എഫിലെ കളികളും കഴിഞ്ഞു. സ്വീഡനും മെക്‌സിക്കോയും അടുത്ത റൗണ്ടിലെത്തി. ബ്രസീല്‍ കളിക്കാരും ആരാധകര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. ഇനി ഗ്രൂപ്പ് ചാമ്പ്യന്മാരായാലും പ്രീക്വാര്‍ട്ടറില്‍ തന്നെ ജര്‍മനിയുമായി ഏറ്റുമുട്ടേണ്ടി വരില്ല. അതേസമയം, സെര്‍ബിയ മത്സരം കടുത്തതാണു താനും. സെര്‍ബുകളുടെ ജീവന്മരണ പോരാട്ടത്തെ കാനറികള്‍ എങ്ങനെ നേരിടുമെന്നതാണ് ഞാന്‍ കാത്തിരിക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.