Connect with us

Travel

ചരിത്രവും പഴങ്കഥകളും പറയുന്ന പൈതൃക നഗരത്തിലൂടെ

പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്‍ക്കപ്പെടുന്നത്.

Published

on

ജാബിര്‍ കാരയാപ്പ്

പൈതൃകം തേടി…പൗരാണികതയുടെ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു യാത്ര…കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹംപി യാത്രയെ ഇങ്ങനെ വിശേഷിപ്പിക്കാം. ചരിത്രവും പഴങ്കഥകളും കൂടിക്കലര്‍ന്ന ഭൂതകാലത്തിന്റെ കഥ പറയുന്ന ഹംപിയിലേക്കുള്ള യാത്ര അല്‍പം ചരിത്ര ബോധത്തോടെയാണെങ്കില്‍ യാത്രികന് അതൊരുപാട് അനുഭവങ്ങള്‍ നല്‍കും. അല്ലെങ്കില്‍ അവയെല്ലാം വെറും പാറക്കൂട്ടങ്ങള്‍ മാത്രമായി തോന്നിയേക്കാം. കാലാവസ്ഥയും വലിയൊരു ഘടകമായ ഹംപി യാത്രക്ക് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് അനുയോജ്യം. നവംബറില്‍ പോലും ചൂടിനു കുറവില്ല.

പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്‍ക്കപ്പെടുന്നത്.
ശില്‍പചാരുത നിറഞ്ഞ കൊട്ടാരങ്ങളും മണ്ഡപങ്ങളുമെല്ലാം കാണാനാവുന്ന, ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപി നഗരം 1336ലാണ് സ്ഥാപിതമാവുന്നത്. മുസ്ലിം കച്ചവടക്കാരും യുറോപ്യന്‍ കച്ചവട പ്രതിനിധികളുമെല്ലാമെത്തിയിരുന്ന ഹംപിയുടെ പ്രതാപം ഡെക്കാന്‍ സുല്‍ത്താന്മാര്‍ വിജയനഗരത്തെ പരാജയപ്പെടുത്തിയതോടെ അസ്തമിക്കുന്നു.

മനോഹരമായ പാറക്കെട്ടുകളാണ് എവിടെയും. ശില്‍പചാരുതക്കൊപ്പം തുംഗഭദ്രാ നദി ഒഴുകുന്നുണ്ട് അരികിലൂടെ. സഞ്ചാരിയുടെ കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ് ഹംപിയിലുടനീളം. ജൈനക്ഷേത്രങ്ങള്‍, ശിവക്ഷേത്രം, ലോട്ടസ് മഹല്‍, ആനപ്പന്തി തുടങ്ങി നിരവധി ചരിത്ര ശേഷിപ്പുകള്‍ ഹംപിയിലെത്തുന്ന സഞ്ചാരിയുടെ മനസിനും കണ്ണിനും മറക്കാനാവാത്ത കുളിര് നല്‍കുന്നു.

ഇന്തോ-ഇസ്ലാമിക് നിര്‍മാണരീതിയാണ് മിക്ക കെട്ടിടങ്ങള്‍ക്കും. പുഷ്‌കര്‍ണി എന്ന് പേരിലറിയപ്പെടുന്ന കുളവും കരിങ്കല്‍ രഥവും സഞ്ചാരികളെ ഹംപിയിലേക്ക് വിളിക്കുന്ന പ്രധാന ആകര്‍ഷണമായി മുന്നിലുണ്ട്. ഹംപിയുടെ കാഴ്ചകള്‍ വിശാലമായ ചരിത്രത്തിലേക്ക് കൊണ്ടുപോകുമെന്നതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചരിത്രാന്വേഷകരെയും പഠിതാക്കളെയും ധാരാളം കാണാം ഇവിടെ. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനവും നടക്കുന്നു.
കണ്ണൂരില്‍ നിന്ന് വയനാട് വഴിയായതിനാല്‍ പതിനഞ്ച് മണിക്കൂറോളം നീണ്ടു ബസ് യാത്ര. വൈകീട്ട് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചയോടെയാണ് ഹംപിക്കടുത്തുള്ള ഹോസ്പെട്ടിലെത്തിയത്. ഒരുപാട് ഹമ്പുകള്‍ കടന്നുള്ള ഹംപിയിലേക്കുള്ള നീണ്ട യാത്ര മനസിനെ ഒന്നുകൂടി വിശാലമാക്കുകയായിരുന്നു.
അല്‍പം വിശ്രമിച്ച് പ്രഭാത ഭക്ഷണം കഴിച്ച് സമയം ഒട്ടും പാഴാക്കാതെ ഹംപിയിലേക്ക് പുറപ്പെട്ടു. ടൂറിസ്റ്റ് ബസ് കണ്ടതോടെ ഗൈഡുമാരും മറ്റും മെല്ലെ മെല്ലെ ഒപ്പം കൂടുന്നുണ്ട്. ഒടുവില്‍ ഒരു ഗൈഡിനൊപ്പം രാവിലെ തന്നെ ഹംപിയുടെ ചരിത്രം തേടി ഞങ്ങള്‍ പുറപ്പെട്ടു. ആദ്യം പോയത് വിത്താല ക്ഷേത്രത്തിലേക്കായിരുന്നു. ഹംപിയിലെത്തിയാല്‍ നിര്‍ബന്ധമായും കണ്ടിരിക്കണം വിജയ് വിത്താല ക്ഷേത്രം. ഗൈഡ് മഞ്ജുനാഥ് ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തി ഹംപിയുടെ ചരിത്രവും പൗരാണികതയുമെല്ലാം പറഞ്ഞ് ഞങ്ങളെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് നയിക്കുകയാണ്.
ചരിത്രം കൃത്യമായി തിരിച്ചറിയാന്‍ ഹംപിയെ ശരിയായി മനസിലാക്കിയ ഒരാള്‍ കൂടെയുണ്ടാവുന്നത് നന്നാവും. അതിനാല്‍ തന്നെ മിക്ക സഞ്ചാരികള്‍ക്കൊപ്പവുംകാണാം ഗൈഡിനെ. ഇനി കാഴ്ചകള്‍ കാണാന്‍ മാത്രമാണെങ്കില്‍ അങ്ങനെയുമാവാം. രണ്ട് ദിവസമെങ്കിലും വേണം ഹംപിയുടെ കാഴ്ചകള്‍ കാണാന്‍. എങ്കിലും ഒരു ദിവസം കൊണ്ട് പ്രധാന സ്മാരകങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും ഒന്നു കറക്കിത്തരും ഗൈഡുമാര്‍. കനത്ത ചൂടില്‍ കൂറ്റന്‍ പാറകള്‍ തരുന്ന കുളിര് മാത്രമാണ് ആശ്വാസം. യാത്ര തടസപ്പെടാത്ത വിധം ലഭിച്ച ചെറിയ മഴയും ഞങ്ങള്‍ക്ക് ആശ്വാസമായി.
ഒരുപാട് ഐതിഹ്യം പറയാനുണ്ട് ഹംപിക്ക്. പമ്പ എന്ന പേരില്‍ നിന്നാണ് ഹംപി എന്ന പേര് വന്നത്. ഏത് ഭാഗത്തും കോട്ട കെട്ടി ഭദ്രമാക്കിയ ഹംപിയെ കീഴടക്കാന്‍ ശത്രുക്കള്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. എതിരാളികള്‍ പലപ്പോഴായി നടത്തിയ അക്രമത്തിന്റെ ശേഷിപ്പുകള്‍ കാണാം കോട്ടകളില്‍. രാജാവിനും രാജകുടുംബത്തിനുമുള്ള എല്ലാ സൗകര്യങ്ങളും മികച്ച ചാരുതയോടെയാണ് നഗരത്തില്‍ പണി തീര്‍ത്തിരിക്കുന്നത്. അതെല്ലാം അറിഞ്ഞുതന്നെ കാണണം. അല്ലെങ്കില്‍ അതെല്ലാം വെറും ശിലകളായി മാത്രം തോന്നിയേക്കാം.

നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ നേര്‍തെളിവുകളായി പുഷ്‌കര്‍ണി കുളവും മറ്റും കണ്‍മുന്നില്‍ കാഴ്ചകളായി എത്തുന്നു.
കൊത്തുപണികളാല്‍ സമൃദ്ധമായ ഹംപിയില്‍ കാണാനേറെയുണ്ട്. ക്ഷേത്രസമുച്ചയത്തിലെ സംഗീതമണ്ഡപവും കല്‍രഥവും ഏറെ പ്രശസ്തമാണ്. കൃത്യമായ അളവില്‍ മുറിച്ചെടുത്ത അടിത്തറയും അതിനു മുകളില്‍ ആനയും കുതിരയും ഉള്‍പ്പെടുന്ന രീതിയിലുള്ള യുദ്ധരംഗങ്ങളും കൊത്തിവെച്ചിരിക്കുന്നത് കാണാം പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍. തൂണുകളില്‍ ഒന്ന് താളബോധത്തോടെ സപര്‍ശിച്ചാല്‍ മെല്ലെ ആസ്വദിക്കാം സംഗീതം. മഞ്ജുനാഥ് കല്ലുകളില്‍ തട്ടി സരിഗമ കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അത് ആസ്വദിക്കാന്‍ നമുക്ക് ആയിരുന്നോ ആവോ…വിശപ്പ് മെല്ലെ മെല്ലെ വരവറിയിക്കുന്നുണ്ട്.
മറ്റൊരു ആകര്‍ഷണമാണ് ആനപ്പന്തി. യുദ്ധങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിലെ ആനകളെ സംരക്ഷിക്കാനായി നിര്‍മിച്ച ചതുരാകൃതിയിലുള്ളൊരു കെട്ടിടമാണ് എലിഫന്റ് സ്റ്റേപ്പിള്‍. 999 ആനകളില്‍ പ്രധാനപ്പെട്ട ആനകള്‍ക്ക് താമസിക്കാനുള്ള പ്രത്യേകയിടം. 11 കൂറ്റന്‍ ഗോപുരങ്ങള്‍ ഇന്തോ-ഇസ്ലാമിക് രീതിയിലാണ് പണിതിട്ടുള്ളത്.
ഇനി ക്വീന്‍സ് ബാത്ത് ഏരിയയിലേക്കാണ്. അന്നത്തെ കാലത്ത് രാജ്ഞിയുടെയും കൊട്ടാരത്തിലെ മറ്റു സ്ത്രീകളുടെയും കുളിപ്പുരയാണ് ക്വീന്‍സ് ബാത്ത്. 30 മീറ്റര്‍ സ്‌ക്വയറിലായി പരന്ന് കിടക്കുന്ന സമചതുരാകൃതിയിലുള്ള ഈ വിസ്മയം ഒരുപാട് ചെറുതൂണുകളും കിളിവാതിലുകളും നിറഞ്ഞതാണ്. വളരെ മികച്ച രീതിയില്‍ ജലവിതരണ സമ്പ്രദായത്തിനുള്ള സംവിധാനങ്ങളും കെട്ടിടത്തിന് പിറകില്‍ കാണാം.
ക്വീന്‍സ് ബാത്ത് ഏരിയ ഓടിക്കറങ്ങി കണ്ടു ഞങ്ങള്‍. ശില്‍പചാരുതക്കൊപ്പം ആസൂത്രണവൈദഗ്ധ്യത്തിന്റെയും മികവ് കാണാം ഹംപിയിലുടനീളം. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും മറ്റുമുള്ള സംവിധാനത്തിലടക്കം കാണാം ഈ വൈദഗ്ധ്യം. അതിനിടയില്‍ നിരവധി ചെറുഅമ്പലങ്ങളിലും വിരിഞ്ഞ താമരയുടെ ആകൃതിയിലുള്ള ലോട്ടസ് മഹലിലുമെല്ലാം ഓട്ടപ്രദക്ഷിണം നടത്താം.
1000 കണക്കിന് അമ്പലങ്ങളുണ്ട് ഹംപിയില്‍. എല്ലാം കാണല്‍ പ്രായോഗികമല്ല. പക്ഷെ വിരുപാക്ഷ, ഹസാര അടക്കമുള്ള പ്രധാന അമ്പലങ്ങള്‍ തീര്‍ച്ചയായും കാണണം. ഹംപിയില്‍ പോയിട്ട് വിരുപാക്ഷ ക്ഷേത്രം കാണാതെ മടങ്ങുന്നത് ശരിയല്ല. യുദ്ധത്തില്‍ ഹംപിയിലെ മിക്ക അമ്പലങ്ങളും നശിച്ചെങ്കിലും വിരുപാക്ഷ അമ്പലം തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഹംപി തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വിരുപാക്ഷ ക്ഷേത്രം.

വിജയനഗര കാലഘട്ടത്തിലെ ഏറ്റവും പ്രധാനിയായ ആരാധനാമൂര്‍ത്തി വിരുപാക്ഷദേവന്റെ ആരാധനക്കായാണ് പണി കഴിപ്പിച്ചത്. കൂറ്റന്‍ പ്രവേശന കവാടങ്ങള്‍, വിശാലമായ ക്ഷേത്രമുറ്റം, വിസ്മയകരമായ രീതിയില്‍ കൊത്തുപണി നിറഞ്ഞ കല്‍ത്തൂണുകളുമെല്ലാം ഹംപിയുടെ ഗതകാലത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഇനിയും കാണാനേറെയുണ്ട് ഈ പൈതൃക നഗരിയില്‍.
കുന്നിന്‍ മുകളിലെ കാഴ്ചകള്‍ നയനാനന്ദകരമാണ്. ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളിലൊന്നായ മങ്കി ക്ഷേത്രം പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. 570 ലധികം പടികള്‍ കയറണം ഇവിടെയെത്താന്‍. മലകയറ്റം കുത്തനെയുള്ളതാണെങ്കിലും മനോഹരമായ കാഴ്ചകള്‍ നടത്തം എളുപ്പമാക്കുന്നു. പ്രദേശവാസികള്‍ കസേരയിലിരുത്തി ചുമടായി പടികള്‍ കയറ്റുന്ന ഫ്രഞ്ച് സ്വദേശിയുടെ മുഖത്തെ ആകാംഷ പറയുന്നുണ്ട് ഇവിടെത്തെ ആശ്ചര്യമെന്തെന്ന്. കൊടുംചൂടിനൊടുവില്‍ ഉയരങ്ങളില്‍ നിന്ന് മെല്ലെ വീശിയടിക്കുന്ന നല്ല കാറ്റ്, ചുറ്റും പരന്നു കിടക്കുന്ന ഹംപി നഗരത്തിന്റെ കാഴ്ച, എല്ലാം കൂടി ഒത്തുവരുമ്പോള്‍ 575 പടികളൊന്നും ഒരുപടിയല്ലെന്ന് തോന്നും. അത്രക്ക് മനോഹരമാണ് ഈ വാനരരാജ്യം.
കിഷ്‌കിന്ധ അഥവാ വാനരരാജ്യമായും അറിയപ്പെടുന്ന ഇവിടെ അധികാരമറിയിച്ച് കുരങ്ങന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നുണ്ട്.

കാഴ്ചകള്‍ കണ്ണിന് കുളിര് നല്‍കുന്നതിനിടയിലും വിശപ്പ് പിടിമുറുക്കുകയാണ്. നേരത്തെ ഏര്‍പ്പാട് ചെയ്തതിനാല്‍ അല്‍പമെങ്കിലും മലയാളി ടച്ചുള്ള ഭക്ഷണം കിട്ടിയിരുന്നു. വിശ്രമിക്കാന്‍ സമയമില്ല. ഭക്ഷണം കഴിച്ച് യാത്ര തുടര്‍ന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം അടുത്തടുത്തായതിനാല്‍ ഹംപിയിലെത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ ഏറെ സമയമുണ്ടാവും. യാത്രക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നില്ലെന്നത് ഹംപി യാത്രയെ എപ്പോഴും സജീവമാക്കുന്നു.
വൈകീട്ടോടെ തുംഗഭദ്ര ഡാം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. തുംഗഭദ്രയില്‍ രാത്രിയോടെ എത്തുന്ന രീതിയില്‍ യാത്രാപദ്ധതി ഒരുക്കിയാല്‍ നല്ലത്. ഡാമിന്റെ രാത്രികാല കാഴ്ചയും പൂന്തോട്ടത്തില്‍ ഒരുക്കിയ ജലനൃത്തവും അത്രത്തോളം നയനനാന്ദകരമാണ്. ഈ കാഴ്ചയും കണ്ട് അന്നത്തെ അനുഭവങ്ങള്‍ക്ക് വിരാമമിട്ട് നേരത്തെ തയ്യാറാക്കിയ റൂമൂകളിലേക്ക് മടങ്ങി. സൂര്യോദയവും സൂര്യാസ്തമയവും കാണാനും സഞ്ചാരികള്‍ ഹംപിയിലെത്തുന്നുണ്ട്.

അടുത്ത ദിവസം രാവിലെ പുറപ്പെട്ടത് ചിത്രദുര്‍ഗ കോട്ടയിലേക്കായിരുന്നു. ഹംപിയില്‍ നിന്ന് 130 ഓളം കിലോമീറ്ററോളം ദൂരമുണ്ട് ചിത്രദുര്‍ഗയിലേക്ക്. ഹംപിയിലെത്തിയാല്‍ ചിത്രദുര്‍ഗ കൂടി പോവുന്നത് നന്നാവും. ഹംപിയെക്കാള്‍ പച്ചപ്പുള്ള പ്രദേശമാണിത്. ഒടുവില്‍ ഉച്ചയോടെ ചിത്രദുര്‍ഗയിലെത്തി. ആകാശത്തോളം കെട്ടിപ്പൊക്കിയ കവാടകള്‍ പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. ഉള്ളറകളിലേക്ക് കയറും തോറും മറ്റൊരു ലോകത്തേക്ക് പോവുകയാണ് കാഴ്ചകള്‍. കാലടികള്‍ ചലിപ്പിക്കും തോറും കോട്ടയുടെ ഗാംഭീര്യം അടുത്തറിയുകയാണ്.
ഇനിയൊമൊരുപാടുണ്ട് യുനെസ്‌കോയുടെ പൈതൃക ലിസ്റ്റിലുള്‍പ്പെട്ട ഹംപിയിലും പരിസരം പ്രദേശങ്ങളിലും. യാത്രപദ്ധതിയില്‍ മറ്റു സ്ഥലങ്ങളുമുള്ളതിനാല്‍ ഒരുവട്ടം കൂടി വരാമെന്ന വാക്കോടെ… മനസില്ലാ മനസുമായി അടുത്ത കേന്ദ്രം ലക്ഷ്യമാക്കി കാലടികള്‍ മെല്ലെമെല്ലെ പിന്നോട്ട് വെച്ചു… യാത്രയും ജീവിതവുമങ്ങനെയാണ്. ഇനിയുമെത്ര ചെയ്തുതീര്‍ക്കാന്‍ എന്നതാണ് അതിന് ജീവവായു നല്‍കുന്നതും.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ഓഫ്‌റോഡ് ട്രാക്കിലെ പെണ്‍പുലി

പുരുഷന്‍മാര്‍ കുത്തകയാക്കിയ ഓഫ്‌റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്‌റോഡ്‌ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്

Published

on

ടി.കെ ഷറഫുദ്ദീന്‍

കയറ്റിറക്കവും കുണ്ടുംകുഴിയും നിറഞ്ഞ ദുഷ്‌കരമായ ട്രാക്കില്‍ എതിരാളികളെ ബഹുദൂരംപിന്നിലാക്കി ഫിനിഷിംഗ് പോയന്റിലെത്തുമ്പോള്‍ ലോകം കീഴടക്കിയ അനുഭൂതിയാണ് ഓരോ ഓഫ്‌റോഡ് ഡ്രൈവര്‍മാര്‍ക്കും. കണ്ടിരിക്കുന്നവരുടെ ചങ്കിടിപ്പ്കൂട്ടുന്ന ഓഫ്‌റോഡ് വേഗപോരാട്ടത്തില്‍ വിസ്മയം തീര്‍ക്കുന്നൊരു വനിതാ ഡ്രൈവറുണ്ട് കോട്ടയത്ത്. പുരുഷന്‍മാര്‍ കുത്തകയാക്കിയ ഓഫ്‌റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്‌റോഡ്‌ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്.

ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെട്ടുതുടങ്ങിയത്

ഭര്‍ത്താവ് ആനന്ദ് മാഞ്ഞൂരാന്‍ പത്ത്‌വര്‍ഷമായി ഓഫ് റോഡിംഗ് രംഗത്തുണ്ട്. വിവാഹ സമയത്തൊക്കെ ഡ്രൈവിംഗ് നന്നായി അറിയുകപോലുമുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് ഓഫ് റോഡിംഗ്‌വാഹനത്തിന്റെ വളയംപിടിച്ച് തുടങ്ങിയത്. 2018ലായിരുന്നുതുടക്കം. ആദ്യമൊക്കെ സാധാരണവണ്ടികളില്‍ നിന്ന് നിന്ന് റെയ്‌സിംഗ് വാഹനങ്ങളുടെ മാറ്റങ്ങളും പ്രത്യേകതകളുമെല്ലാം മനസിലാക്കി. വീടിനോട് ചേര്‍ന്നുള്ള പറമ്പിലായിരുന്നു പരിശീലനം നടത്തിയത്. 2019ല്‍ വാഗമണില്‍ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് ഇവന്റിലാണ് ആദ്യമായി പങ്കെടുത്തത്. ആദ്യമായൊരു വനിതാ ഡ്രൈവര്‍ ട്രാക്കിലിറങ്ങിയത് അന്ന് വലിയശ്രദ്ധനേടി. ദുര്‍ഘടപാതയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഫിനിഷ് ചെയ്ത് വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടവും കരസ്തമാക്കി. ആദ്യഇവന്റില്‍തന്നെ ലഭിച്ച സ്വീകാര്യതവലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ഇതോടെ ഒരുകാര്യം മനസിലാക്കി.. ഓഫ്‌റോഡിംഗ് പുരുഷന്‍മാര്‍ക്ക് മാത്രമല്ല.. സ്ത്രീകള്‍ക്കും വഴങ്ങുമെന്ന്.

തുടക്കത്തില്‍ വാഹനം ഡ്രൈവ് ചെയ്തപ്പോഴുള്ള അനുഭവം

തുടക്കത്തില്‍ വാഹനമോടിക്കല്‍ വെല്ലുവിളിനിറഞ്ഞതായിരുന്നു. സാധാരണവാഹനങ്ങള്‍ ഓടിക്കുന്നതുപോലെ എളുപ്പത്തില്‍ ഓഫ്‌റോഡിംഗ് വാഹനത്തെ വരുതിയിലാക്കാനാകില്ല. വലിയശബ്ദവും കുലുക്കവുമെല്ലാം ശരിക്കും ബുദ്ധുമുട്ടായി. ഫ്രണ്ട് ലൈറ്റ് പൊട്ടിച്ചും ഇന്‍ഡിക്കേറ്റര്‍ തകര്‍ത്തും ബോണറ്റില്‍ മരംമുറിഞ്ഞുവീണുമെല്ലാം വലിയ നാശനഷ്ടത്തോടെയാണ് തുടക്കം. ഓഫ്‌റോഡിനോട് ഇഷ്ടംകാരണം വിട്ടുകൊടുക്കാന്‍തയാറായില്ല. 2019ല്‍ മഹീന്ദ്രയുടെ ഗ്രേറ്റ് എസ്‌കേപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതോടെ മുന്നോട്ട് യാത്രചെയ്യാനുള്ള പ്രചോദനമായി. ഓഫ്‌റോഡിംഗിനായി മാറ്റങ്ങള്‍വരുത്തിയ മഹീന്ദ്ര ക്ലാസിക്കാണ് മത്സരങ്ങളില്‍ ഓടിക്കാറുള്ളത്.

സ്ത്രീകള്‍ അധികം താല്‍പര്യപ്പെടാത്ത മേഖല; പ്രതീക്ഷയുടെ ലോണ്‍

കാറോടിക്കുന്ന സ്ത്രീകള്‍ നിരവധിയുണ്ടെങ്കിലും ഓഫ്‌റോഡ് മത്സരങ്ങളില്‍ അധികമാരും താല്‍പര്യപ്പെടാറില്ല. അപകടസാധ്യതയുണ്ടെന്ന കാരണത്താല്‍ വീട്ടില്‍ നിന്ന് പിന്തുണലഭിക്കുന്നില്ലയെന്നതാണ് പ്രധാനകാരണം. ചുരുങ്ങിയകാലത്തെ പരിശീലനത്തിലൂടെ ഓഫ്‌റോഡ് റൈസിംഗില്‍പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ശ്രമംനടത്തികൂടാ… ഈയൊരു ചിന്തയിലാണ് 2019 ഡിസംബറില്‍ ലേഡീസ് ഓഫ് റോഡ് നെറ്റ്‌വര്‍ക്ക് (എല്‍.ഒ.എന്‍)ക്ലബിന് രൂപം നല്‍കിയത്. ഓഫ് റോഡിംഗിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്യുകയും ഇവന്റുകള്‍ സംഘടിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഓഫ്‌റോഡിംഗ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും വാഹനമില്ലാത്തകാരണത്താല്‍ മാറിനില്‍ക്കുന്നവര്‍ക്കുള്ള അവസരമൊരുക്കുകയായിരുന്നു എല്‍.ഒ.എന്‍. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്ത്രീകള്‍ പങ്കെടുത്തു. ഇതില്‍പങ്കെടുത്തവരില്‍പലരും ആദ്യമായി വാഹനം ഓടിച്ചവരായിരുന്നു. ആദ്യ ഉദ്യമം വന്‍വിജയമായെന്നതിന്റെ തെളിവായിരുന്നു പിന്നീട് നിരവധിപേര്‍ താല്‍പര്യപ്പെട്ട് മുന്നോട്ട് വന്നത്.
കൂടുതല്‍ സ്ത്രീകളെ മോട്ടോര്‍ സ്‌പോര്‍ട്‌സ് കായിക ഇനത്തിലേക്ക് എത്തിക്കുന്നതോടൊപ്പം താല്‍പര്യമുള്ളവര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുകയും ക്ലബ് ഉദ്ദേശിക്കുന്നു. ഡ്രൈവിംഗ് അറിയുന്ന, ഓഫ് റോഡിംഗിനോട് താല്‍പര്യമുള്ളആര്‍ക്കും അംഗത്വമെടുക്കാം. ബിഗനേഴ്‌സ്, ലേഡീസ്

 

Continue Reading

kerala

രാത്രി യാത്രയില്‍ ‘ഡിം’ അടിച്ചില്ലെങ്കില്‍ ഇനി പണികിട്ടും, കുടുക്കാന്‍ ലക്‌സ് മീറ്റര്‍

ലക്‌സ് മീറ്റര്‍ വഴി പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം

Published

on

കൊച്ചി: രാത്രിയാത്രയില്‍ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ വണ്ടിയില്‍ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്ററിന്റെ സഹായത്തോടെയാണ് തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്തുക. ലക്‌സ് മീറ്റര്‍ വഴി പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.

നിയമപ്രകാരം 24 വാട്‌സുള്ള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്‌സുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്സിലും കൂടരുത്. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ബള്‍ബുകളാണ് നിര്‍മാണക്കമ്പനികള്‍ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്‌സ് മീറ്റര്‍ പിടികൂടും.

രാത്രിയിലെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലക്‌സ് മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന കര്‍ശനമാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്‌ക്വാഡിനാണ് മെഷീന്‍ നല്‍കിയിട്ടുള്ളത്. ആഡംബര വാഹനങ്ങളില്‍ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്.

Continue Reading

kerala

നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ച ഇടതുസർക്കാരിനെതിരെ സമരവുമായി ആക്ഷൻ കമ്മറ്റി

റയിൽപാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായാണ് സമരം

Published

on

By

ഇടതു സർക്കാർ പാതിയിലുപേക്ഷിച്ച നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത അട്ടിമറിക്കെതിരെ നീലഗിരി-വയനാട് എൻ.എച്ച് ആന്റ് റെയിൽവേ ആക്ഷൻ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. നഞ്ചൻഗോഡ്-വയനാട്-നിലമ്പൂർ റയിൽപാതയുടെ പ്രവൃത്തികൾ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി ചർച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ തുടക്കമായി ജനുവരി 20ന് കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ ആക്ഷൻ കമ്മറ്റി വയനാട്ടിലെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ധർണ്ണ നടത്തും.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിവിധ കൃസ്ത്യൻ സഭകൾ, മുസ്ലീം സമുദായ സംഘടനകൾ, ആദിവാസി സംഘടനകൾ, വ്യാപാരി വ്യവസായികൾ, ചേംബർ ഓഫ് കോമേഴ്‌സ്, മലബാർ ഡവലപ്‌മെന്റ് ഫോറം, വിവിധ കർഷക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ മുതലായവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാർ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്യും.
100 വർഷത്തിലധികം നീണ്ടുനിന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളേയും സമരങ്ങളേയും തുടർന്നാണ് 2016 ഫെബ്രുവരി 25 ലെ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻഗോഡ്-സുൽത്താൻ ബത്തേരി-നിലമ്പൂർ റയിൽപാതക്ക് അനുമതി ലഭിക്കുന്നതും നിർമ്മാണം തുടങ്ങാനായി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുന്നതും. ഈ പാത നിർമ്മിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെത്തുടർന്ന് 6-5-2016 ന് കേന്ദ്ര സർക്കാർ 30 സംയുക്ത സംരഭ പദ്ധതികളിൽ ഉൾപ്പെടുത്തി 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചു. 24-6-2016 ന് പാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിർണ്ണയ സർവ്വേയും നടത്താനായി കേരള സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. 10-8-2016 ന് റയിൽവേ ബോർഡ് ഈ നടപടികൾക്ക് അംഗീകാരം നൽകി. 9-1-2017 ന് ഇ.ശ്രീധരൻ കൽപ്പറ്റയിൽ എത്തി ജനപ്രതിനിധികളുടെ കൺവൻഷൻ വിളിച്ചുചേർത്ത് പാതയുടെ നിർമ്മാണം സംബന്ധിച്ച വിശദീകരണം നൽകി.
5 വർഷം കൊണ്ട് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത പൂർത്തിയാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. കൊച്ചി മെട്രോ മാതൃകയിൽ പാതക്ക് ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വയനാട് എം.പിയും എം.എൽ.എമാരുമടങ്ങിയ കോർഡിനേഷൻ കമ്മറ്റിയും രൂപീകരിച്ചു.
തുടർന്ന് 6-2-2017ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ കൽപ്പറ്റ ടൗൺഹാളിൽ ജനകീയ കൺവൻഷൻ വിളിച്ചുചേർത്ത് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ഡി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിക്ക് നൽകേണ്ട 8 കോടി രൂപയിൽ 2 കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുകൊണ്ട് 11-2-2017 ന് കേരള സർക്കാർ ഉത്തരവുമിറക്കി. എന്നാൽ അന്ന് രാവിലെ 11 മണിക്കിറങ്ങിയ ഉത്തരവ് ഉന്നതങ്ങളിലെ നിർദ്ദേശത്തെത്തുടർന്ന് 3 മണിയോടെ മരവിപ്പിച്ചു നിർത്തുകയായിരുന്നു ഇടതുസർക്കാർ. ഇ. ശ്രീധരൻ പറഞ്ഞത് പ്രകാരം നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ പണി ഏറെക്കുറെ പൂർത്തിയാവുകയും വയനാട്ടിലൂടെ തീവണ്ടികൾ ഓടുകയും ചെയ്യേണ്ട സമയമാണിത്. എന്നാൽ ചില ലോബികൾ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഉന്നതങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടി ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ പ്രവൃത്തികൾ മുടങ്ങിപ്പോയതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ.മത്തായി, മോഹൻ നവരംഗ് എന്നിവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുമ്പാകെ ആർജവത്തോടെ ഈ വിഷയങ്ങൾ അവതരിപ്പിക്കാൻ വയനാട്ടിലെ ബന്ധപ്പെട്ടവർക്ക് സാധിക്കുന്നുമില്ല. ഈയൊരു സാഹചര്യത്തിലാണ് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായി ആക്ഷൻ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.