Connect with us

Culture

ദ്രാവിഡ രാഷ്ട്രീയത്തിന്റെ നെടുംതൂണ്‍

Published

on

കെ.പി. ജലീല്‍

തമിഴ്‌നാട്ടില്‍നിന്ന് ശ്രീലങ്കയിലേക്ക് സമുദ്രത്തിനിടയില്‍ പാലമുണ്ടെന്നും ഇത് രാമഭഗവാന്‍ നിര്‍മിച്ച രാമസേതു ആണെന്നും പറഞ്ഞ് പ്രചാരണം അഴിച്ചുവിട്ടസമയം. മുഖ്യമന്ത്രിയും സാഹിത്യകാരനുമായ കരുണാനിധി പറഞ്ഞു: ‘ ചിലര്‍ പറയുന്നു. രാമനാണ് രാമസേതു നിര്‍മിച്ചതെന്ന്. 17 ലക്ഷം വര്‍ഷം മുമ്പ് ജനിച്ചതെന്ന് പറയുന്ന രാമനെക്കുറിച്ച് ഇവര്‍ക്കെന്തറിവാണുള്ളത്. ഇനി അങ്ങനെയെങ്കില്‍ അയാള്‍ ഏത് എഞ്ചിനീയറിംഗ് കോളജിലാണ് പഠിച്ചതെന്ന് വ്യക്തമാക്കണം’. വിവാദം ബി.ജെ.പി സര്‍ക്കാരും സംഘപരിവാരവും കത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞത് വാല്‍മീകിയുടെ ആശയമാണ്. രാമന്‍ മുഴുക്കുടിയന്‍ ആണെന്നാണ് വാല്‍മീകി പറഞ്ഞിട്ടുള്ളത്. ഞാനത്ര പറഞ്ഞോ. എന്റെ നേതാവുതന്നെ രാമസ്വാമി ( പെരിയാര്‍ ഇ.വി രാമസ്വാമി ) ആണ്. കലൈഞ്ജറുടെ വാക്കുകള്‍ ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ തീപ്പൊരി വിതറുമെങ്കിലും ഒന്നും സംഭവിച്ചില്ല. അതായിരുന്നു തമിഴകത്തിന്റെ മനസ്സറിയുന്ന, അദ്ദേഹത്തെ അറിയുന്ന മുത്തുവേല്‍ കരുണാനിധി എന്ന തമിഴ് മക്കളുടെ കലൈഞ്ജര്‍.
ഗൗരവം നിറഞ്ഞ പൊതുരംഗത്ത് മാത്രമല്ല, സിനിമയിലും കരുണാനിധിയുടെ അ്ര്‍ഥഗര്‍ഭമായ തമാശകള്‍ നിറഞ്ഞുനിന്നത് ജനം നന്നായി ആസ്വദിച്ചു. ഒരു കണക്കിന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുമായാണ് തമാശകളുടെ കാര്യത്തില്‍ കരുണാനിധിയെ സാമ്യപ്പെടുത്താനാവുക.
രാഷ്ട്രീയത്തിലായിട്ടും കരുണാനിധി തമിഴ്‌നാട്ടുകാര്‍ക്ക് എന്നും കലാകാരന്‍ (കലൈഞ്ജര്‍ ) ആണ്. നീണ്ട എട്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യവും അത്രത്തോളം തന്നെ സാഹിത്യ സിനിമാ കലാ സപര്യയും ഒത്തുചേര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്യപൂര്‍വ വ്യക്തിത്വത്തിന് ഉടമയാണ് മുത്തുവേല്‍ കരുണാനിധി. ജയലളിത എങ്ങനെ തമിഴ്‌നാട്ടുകാര്‍ക്ക് ‘അമ്മ’ യായോ അതേ പോലെയാണ് ഈ തൊണ്ണൂറുകളിലും അവര്‍ക്ക് കലൈഞ്ജറായി നിലനിന്നത്. ഒരു ഭാഗത്ത് വ്യക്തിപൂജയിലധിഷ്ഠിതമായ അധികാരരാഷ്ട്രീയമാണെങ്കില്‍, തികച്ചും ജനാധിപത്യപരവും ധിഷണാധിഷ്ഠിതവുമായിരുന്നു കരുണാനിധിയുടെ രാഷ്ട്രീയം. ഇതില്‍ നിന്ന് അദ്ദേഹം മരണം വരെയും വ്യതിചലിച്ചില്ല. ഏതെങ്കിലും താരത്തെ ഡി.എം.കെയുടെ തലപ്പത്ത് കൊണ്ടുവരാമായിരുന്നിട്ടും കരുണാനിധി ആ വഴി ചിന്തിച്ചതേയില്ല. പക്ഷേ അദ്ദേഹത്തിന് പലപ്പോഴും ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിയും വന്നു. എന്തുതന്നെയായാലും തമിഴ്‌നാട്ടിനെ ഇന്നത്തെ നിലയില്‍ പരുവപ്പെടുത്തിയെടുത്തതില്‍ കരുണാനിധിയുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. കരുണാനിധി 1924 ജൂണ്‍ മൂന്നിന് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ താലൂക്കിലെ നാഗപട്ടണത്താണ് ജനിച്ചത്. ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു മാതാപിതാക്കളിട്ട പേര്. അച്ഛന്റെ പേര് മുത്തു. അമ്മ അഞ്ജുകം. മൂന്നുഭാര്യമാരില്‍ ദയാലുഅമ്മാളും രാജാത്തി അമ്മാളുവുമാണ് ജീവിച്ചിരിപ്പുള്ളത്. മരണപ്പെട്ട ആദ്യഭാര്യ പത്മാവതി പ്രശസ്ത സംഗീതജ്ഞന്‍ ചിദംബരം എസ്. ജയരാമന്റെ സഹോദരിയാണ്. മൂന്നിലുമായി ആറുമക്കള്‍. രണ്ട് പെണ്‍തരികള്‍. സെല്‍വിയും കനിമൊഴിയും . അളഗിരി, സ്റ്റാലിന്‍, തമിളരശ്, സെല്‍വി എന്നിവരാണ് രണ്ടാം ഭാര്യയിലേത്. ആദ്യഭാര്യയില്‍ ആകെ എം.കെ മുത്തുവാണുള്ളത്. കനിമൊഴി മാത്രമാണ് രാജാത്തിയുടേത്. പലരും രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയവര്‍. ടുജീ സ്‌പെക്ട്രം വിവാദത്തിലൂടെ ജയിലില്‍ പോകേണ്ടിവന്നു കനിമൊഴിക്ക്. അവര്‍ രാജ്യസഭാ എം.പിയായിരിക്കെയാണ് ഇതുണ്ടായത്. ജയലളിതക്ക് രണ്ടാം വട്ടം തുടര്‍ച്ചയായി മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ കഴിഞ്ഞതും ഈ അഴിമതി മൂലമായിരുന്നു.
ജയലളിതയുടെ ജയ ടി.വി പോലെ ‘കലൈഞ്ജര്‍ ‘ടെലിവിഷന്‍ കരുണാനിധിയുടെ പേരിലുള്ളതാണ്. എന്നും രാജ്യത്തെയും തമിഴ്‌നാട്ടിലെയും കരുനീക്കങ്ങളുടെ തന്ത്രജ്ഞനായിരുന്നു ഇദ്ദേഹം. എം.ജി.ആറിന്റെ താരപ്രഭക്കുമുന്നില്‍ മാത്രമാണ് ഇദ്ദേഹത്തിന് വഴങ്ങേണ്ടിവന്നത്. ജയലളിത തിളങ്ങിനിന്നപ്പോഴും രണ്ടുതവണ മുഖ്യമന്ത്രിയാകാന്‍ കരുണാനിധിക്ക് കഴിഞ്ഞത് അദ്ദേഹത്തെ ജനം മറന്നിട്ടില്ല എന്നതിന്റെ തെളിവായിരുന്നു.
പത്താം വയസ്സില്‍ തന്നെ കഥകളെഴുതിത്തുടങ്ങിയ കരുണാനിധി അഞ്ചുതവണ മുഖ്യമന്ത്രിയായ രാജ്യത്തെ അപൂര്‍വ വ്യക്തിത്വമാണ് . രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രായോഗികതയുടെയും നാസ്തികതയുടെയും ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. ദ്രാവിഡ രാഷ്ട്രീയത്തിന് നാസ്തികതയുടെയും നിരീശ്വരത്വത്തിന്റെയും ഭാവം നല്‍കിയ പെരിയാര്‍ ഇ.വി രാമസ്വാമി നായക്കരും അണ്ണാ ദുരൈയുമാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുക്കള്‍. സിനിമയിലും സാഹിത്യത്തിലും വിലസുമ്പോള്‍ തന്നെ രാഷ്ട്രീയത്തിലും അദ്ദേഹം ഒരു കൈ നോക്കി. ബ്രാഹ്മണ്യത്തിന്റെ മേലാള നുകങ്ങളില്‍ ആണ്ടുകിടന്ന തമിഴ് ജനതക്ക് പ്രതീക്ഷയുടെ മിന്നലാട്ടം പകര്‍ന്നുനല്‍കിയ പെരിയാറിലും അണ്ണാ ദുരൈയിലും കാമരാജിലും കരുണാനിധിയുടെ അംശങ്ങള്‍ കാണാം. തിരിച്ചും അങ്ങനെ തന്നെ. സ്വതന്ത്ര ഇന്ത്യയില്‍ ഒരു സംസ്ഥാനമാകെ ഹിന്ദിക്കെതിരെയും ബ്രാഹ്മണ്യത്തിന്റെ ചൂഷണവ്യവസ്ഥിതിക്കെതിരെയും രാഷ്ട്രീയാധികാരം പ്രയോഗിച്ച ഏക സംസ്ഥാനമാണ് തമിഴ്‌നാട്. മിക്ക കഥകളിലും ഭുപ്രഭുത്വത്തിനെതിരായ വാചകങ്ങള്‍ തീപ്പൊരിയായി. വിധവാവിവാഹം, അയിത്തം, പുനര്‍വിവാഹം, ഇതിന് അവര്‍ കടപ്പെട്ടിരിക്കുന്നത് ഈ മൂന്നുനേതാക്കളിലാണ്. 1968ലാണ് കരുണാനിധി ദ്രാവിഡ മുന്നേറ്റ കഴകം എന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരത്തേക്ക് കടന്നുവരുന്നത്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച കോണ്‍ഗ്രസിനായിരുന്നു അതുവരെയും സംസ്ഥാനത്ത് വേരുണ്ടായിരുന്നത്. എന്നാല്‍ പെരിയാര്‍ തുടങ്ങിവെച്ച ദ്രാവിഡ വികാരം ഉയര്‍ത്തിവിട്ടുകൊണ്ടുള്ള പോരാട്ടം തമിഴ് മനസ്സുകളില്‍ കോണ്‍ഗ്രസിനെതിരായ വികാരം ഉയര്‍ത്തിവിട്ടു. ഒരു തരത്തില്‍ജനമനസ്സുകളില്‍ ഈ തിയറി കോരിയിട്ടത് സിനിമയിലൂടെയായിരുന്നു. കരുണാനിധിയുടെ കരവിരുതില്‍ വാര്‍ന്നുവീണ വാചകങ്ങളാണ് ഡയലോഗുകളായി തമിഴ് മക്കളില്‍ അങ്കുരിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ സുവര്‍ണകാലത്തിന് തുടക്കമിട്ടത് അങ്ങനെയായിരുന്നു.
കാമരാജിനോടൊത്തുള്ള സഹവാസം വെടിഞ്ഞ് അണ്ണാദുരൈ ഡി.എം.കെ രൂപീകരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തോടൊപ്പം നിന്ന കരുണാനിധിക്ക് നീണ്ട അഞ്ചുതവണ മുഖ്യമന്ത്രിയായപ്പോഴും പിന്നീടും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എം.ജി.ആറായിരുന്നു പക്ഷേ ഇടക്കാലത്ത് ഈ അശ്വമേധത്തെ അല്‍പം തടുത്തുനിര്‍ത്തിയത്.
കരുണാനിധിയിലൂടെ തുടര്‍ന്നുവന്ന ദ്രാവിഡ നാസ്തികരാഷ്ട്രീയം പതുക്കപ്പതുക്കെ ഉപരിപ്ലവത്തിലേക്ക് മാറിയത് മലയാളിയും സിനിമാ നടനുമായ എം.ജി.ആറിലൂടെയായിരുന്നു. എണ്ണമറ്റ സിനിമകള്‍ക്ക് ഇരുവരും ആകര്‍ഷണത്തിന്റേതൊപ്പം ആശയത്തിന്റെയും പരിമളം നല്‍കി. കരുണാനിധിയുടെ ഡയലോഗും എം.ജി.ആറിന്റെ നാട്യവും വെള്ളിത്തിരയില്‍ ഒത്തുചേരുമ്പോള്‍ ജനം കയ്യടിക്കുക മാത്രമല്ല. ഓരോ വാക്കും നെഞ്ചോട് ചേര്‍ത്തുപിടിച്ചു അവര്‍. തമിഴ്‌നാട്ടിലെ 39 ലോക് സഭാ സീറ്റിലും വിജയിച്ച് തേര് തെളിച്ച കാലവും കരുണാനിധിക്ക് അഭിമാനിക്കാം. 2004ലായിരുന്നു ഈ വിജയം. മുസ്‌ലിം ലീഗിനോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്നും ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. പാവപ്പെട്ടവരും ദലിതുകളും മുസ്‌ലിം കളും ദേശീയ മുഖ്യധാരയിലെത്തിയാല്‍ മാത്രമേ ജനാധിപത്യം പരിപൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകൂ എന്ന സുചിന്തിത കാഴ്ചപ്പാടായിരുന്നു കലൈഞ്ജര്‍ക്ക്. പലപ്പോഴും കോണ്‍ഗ്രസിനോടൊപ്പമാണ് അദ്ദേഹം സഖ്യമുണ്ടാക്കിയത്. ഒരു തവണ പക്ഷേ ഈ വഴി വേറിട്ടുപോയത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ മാത്രം. എപ്പോഴും അണിയുന്ന സ്വന്തം ബ്രാന്‍ഡ് കറുത്ത കണ്ണട തമിഴ്‌നാട് രാഷ്ട്രീയത്തിലെ പലര്‍ക്കും സമ്മാനിച്ചതിന് പി്ന്നില്‍ കരുണാനിധിയാണ്. എം.ജി.ആറും പിന്നീട് എണ്ണമറ്റ അനുയായികളും ഇന്നും കറുത്ത കണ്ണട തമിഴ് രാഷ്ട്രീയത്തിന്റെ ഫാഷനായി കൊണ്ടുനടക്കുന്നു.
ഹിന്ദി വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്ന കാലത്താണ് കരുണാനിധി തന്റെ പതിനാലാം വയസ്സില്‍ പൊതുരംഗത്തേക്കിറങ്ങുന്നത്. രാജ്യം ഹിന്ദി, ഇംഗ്ലീഷ് ,മാതൃഭാഷ എന്നീ ത്രിഭാഷാ സമ്പ്രദായം സ്വീകരിക്കണമെന്ന കാഴ്ചപ്പാടിന് വിരുദ്ധമായി ഹിന്ദി അടിച്ചേല്‍പിക്കുന്നുവെന്നാരോപിച്ചായിരുന്നു തമിഴ്‌നാട്ടിലെ പ്രക്ഷോഭം. ജസ്റ്റിസ് പാര്‍ട്ടിയുടെ അഴഗിരി ്‌സ്വാമിയുടെ പ്രസംഗമാണ് കൊച്ചുകരുണാനിധിയെ രാഷ്ട്രീയത്തിലേക്ക ് ആകര്‍ഷിച്ചത്. കള്ളക്കുടി സമരമായിരുന്നു കരുണാനിധിയുടെ രാഷ്ട്രീയ രംഗത്തെ ആദ്യത്തേത്. കള്ളക്കുടിയെ ഡാല്‍മിയാപുരം എന്നാക്കിയതിനെതിരെ പ്രക്ഷോഭം നയിച്ച കലൈഞ്ജറുടെയും അനുയായികളുടെയും നേര്‍ക്ക് വെടിയുതിര്‍ത്തതില്‍ രണ്ടുപേര്‍ മരിച്ചു. ഇതോടെ കരുണാനിധി പ്രശസ്തനായി .ഡി.എമ.കെയുടെ ബാനറില്‍ തിരുച്ചിറപ്പള്ളിയിലെ കുളിത്തലൈയില്‍ നിന്നാണ് ആദ്യമായി എം.എല്‍.എ ആയത്. 1962ല്‍ പാര്‍ട്ടിയുടെ ട്രഷററായി. 1967ല്‍ മന്ത്രിയും. 1969ല്‍ തന്റെ എല്ലാമെല്ലാമായ നേതാവ് അണ്ണാദുരൈ മരിച്ചതോടെ മുഖ്യമന്ത്രിക്കസേരയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു.
1969ലെ കരുണാനിധി മന്ത്രിസഭയെ രണ്ടുവര്‍ഷത്തിനകം കേന്ദ്രത്തിലെ ഇന്ദിരാഗാന്ധി മന്ത്രിസഭ പിരിച്ചുവിട്ടു. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം 1971 മുതല്‍ 76 വരെ മുഖ്യമന്ത്രിയായി നാട് ഭരിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1989ലും 1996ലും ജയലളിതയുടെ കക്ഷിയെ തോല്‍പിച്ചാണ് മുഖ്യമന്ത്രിയായത്. 89ലും രണ്ടുവര്‍ഷം മാത്രമാണ് മുഖ്യമന്ത്രിയായിരുന്നത്. 1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കരുണാനിധി മന്ത്രിസഭയെ പിരിച്ചുവിട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പക്ഷേ കരുണാനിധി തന്നെ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 2001ല്‍ അദ്ദേഹത്തെ ജയലളിത സര്‍ക്കാര്‍ അണിമതിക്കേസില്‍ ഉദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വന്‍ വാര്‍ത്തയായി. തമിഴകം കലഹങ്ങളുടെ പൂരപ്പറമ്പായി. പിന്നീട് കരുണാനിധിയും ജയലളിതയെ അഴിമതിക്കേസ് കാട്ടി ജയലിലടച്ചത് സ്വാഭാവികവുമായി.
ആദ്യമൂന്നുതവണക്ക് ശേഷം ( ഇതില്‍ രണ്ടുതവണ രണ്ടുവര്‍ഷം വീതം) 1996ലും 2001ലും അഞ്ചുവര്‍ഷം വീതം അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് ജയലളിത 2011ലും 2016ലുമായി രണ്ടുതവണ തുടര്‍ച്ചയായി ജയലളിത മുഖ്യമന്ത്രിയാകുന്നത് കണ്ടാണ് കരുണാനിധി എട്ടുപതിറ്റാണ്ടുനീണ്ട രാഷ്ട്രീയരംഗവും നാലര പതിറ്റാണ്ടു നീണ്ട അധികാര രാഷ്ട്രീയവും വിട്ട് കാലയവനികയിലേക്ക് മറയുന്നത്. ‘നെഞ്ചുക്ക് നീതി ‘ എന്ന ആത്മകഥയില്‍ അദ്ദേഹം തന്റെ ദീര്‍ഘകാല കലാരാഷ്ട്രീയ രംഗം വിശദീകരിക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിന്റെ സുഹൃത്ത് എന്ന പദവി തമിഴ്‌നാട് മുസ്‌ലിം മക്കള്‍ കക്ഷി അദ്ദേഹത്തിന് നല്‍കിയത് അദ്ദേഹത്തിന്റെ മുസ്‌ലിം ബന്ധത്തിന് തെളിവാണ്. അണ്ണാമലൈ സര്‍വകലാശാലയാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.