More
വെളിച്ചമായി ഒരാള്‍; ഗാര്‍ഹിക ഉപയോഗത്തിന് എല്‍.ഇ.ഡി ബള്‍ബ് നിര്‍മിച്ച കോഴിക്കോട്ടുകാരന്‍ ജോണ്‍സന്റെ ജീവിതം
ജി.രവി
ടെക് ഇലക്ട്രോണിക്‌സില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയാണ്. പഞ്ചായത്ത് ഭാരവാഹികളടക്കം സന്നിഹിതരായിട്ടുണ്ട്. പ്രശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്. എല്‍.ഇ.ഡി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവര്‍- ആരാധനയോടെ ചുറ്റും. അതിനെല്ലാം നടുവില്‍ ഒരു നേരിയ പുഞ്ചിരിയോടെ ജോണ്‍സണ്‍. സന്താപമില്ല. അമിതാഹ്ലാദമില്ല. സംതൃപ്തി മാത്രം. നിറഞ്ഞ സംതൃപ്തി.
പെരുവണ്ണാമൂഴി ഓനിപ്പുഴയോരത്തെ ഈ കൊച്ചുവീട്ടില്‍ ഇത്തരം തിരക്കുകള്‍ സാധാരണം.
തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം തേടിയെത്തുന്ന കുടുംബശ്രീ അംഗങ്ങള്‍. പഞ്ചായത്ത് അധികാരികള്‍. വിദ്യാലയങ്ങളിലെ പരിപാടികളില്‍ ക്ഷണിക്കാനെത്തുന്ന അദ്ധ്യാപകര്‍. വെറുതേ ഒന്നു കണ്ടുപോകാനെത്തുന്ന സന്ദര്‍ശകര്‍. വീടിനോടു ചേര്‍ന്നുള്ള വര്‍ക്ക്‌ഷോപ്പിലെത്തുന്ന ജീവനക്കാര്‍. തിരക്കുകള്‍ അയാള്‍ ആസ്വദിക്കുകയാണ്. ഒരു നിമിഷം പോലും വെറുതെ കളയാനാവില്ലെന്ന തിരിച്ചറിവോടെ.
ഇവിടെ വരെയെത്തിയത് ഒറ്റ ദിവസംകൊണ്ടല്ല. നേടിയതെല്ലാം കഠിനാദ്ധ്വാനത്തിലൂടെ. ശാരീരിക പരിമിതികള്‍ വീട്ടില്‍ തളച്ചിട്ടപ്പോഴും അക്ഷരാഭ്യാസം നേടി. ഇന്ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ കരം ഗ്രഹിച്ച് ജോണ്‍സണ്‍ മുന്നോട്ടുനീങ്ങുന്നു. പരിമിതികളെ അതിജീവിക്കാനുള്ള കഠിനയുദ്ധമായിരുന്നു ആ ജീവിതം.
മഠത്തിനകത്ത് എബ്രഹാമിന് ഒന്‍പതു മക്കളായിരുന്നു. മൂന്നുപേര്‍ ബാല്യത്തില്‍ തന്നെ മരിച്ചു. ബാക്കിയായ ആറു പേരെയും മതിവരുവോളം സ്‌നേഹം നല്‍കി വളര്‍ത്തി. അമ്മ ഏലിക്കുട്ടിക്ക് പറമ്പിലും അടുക്കളയിലും നൂറുകൂട്ടം പണികളുണ്ടാവും. ഒന്നു നടുനിവര്‍ക്കാന്‍ പോലും സമയം തികയില്ല. എന്നാലും ആ തിരക്കുകള്‍ക്കിടയിലും തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ ആ അമ്മ ശ്രദ്ധിച്ചു. എന്നാല്‍ എല്ലാ കുട്ടികളും വളര്‍ന്നപ്പോള്‍ ഒരാള്‍ മാത്രം വളരാന്‍ കൂട്ടാക്കിയില്ല.
ജനിച്ച് ആറാം മാസത്തില്‍ വന്ന ചെറിയൊരു പനിയായിരുന്നു തുടക്കം. അക്കാലത്ത് പനിയൊന്നും ആരും കാര്യമാക്കാറില്ല. ഒരു ചുക്കുകാപ്പിയില്‍ തീരേണ്ട കാര്യമേയുള്ളൂ. ഒന്നു വിയര്‍ത്തങ്ങു പോകും. എന്നാല്‍ ജോണ്‍സനെ പിടികൂടിയ പനി വിട്ടുമാറിയില്ല. വല്ലാത്ത വാശിയോടെ ആ കുഞ്ഞിനെ പൊതിഞ്ഞുനിന്നു. 1969 ആണ് കാലം. നാട്ടില്‍ ഡോക്ടര്‍മാരില്ല.
നാട്ടുവൈദ്യന്മാരുടെ ചികിത്സ. ഒരു ഫലവുമില്ല. ഇനി എന്തു ചെയ്യാന്‍! മുന്നേ പോയ മൂന്നു പേരോടൊപ്പം ഒരാള്‍ കൂടി. വൈദ്യന്മാര്‍ കയ്യൊഴിഞ്ഞു. വീട്ടുകാരുടെ പ്രതീക്ഷയും മങ്ങി. എന്നിട്ടും അവന്‍ പോയില്ല. പിടിച്ചുനിന്നു. അമ്മയുടെ സ്‌നേഹത്തണലില്‍ പോളിയോ എന്ന മഹാ വ്യാധിയോട്. രണ്ടു കാലുകളും ഒരു കയ്യും പൂര്‍ണമായും തളര്‍ന്നു. ശരീരം തളര്‍ന്നു. ഒരു കൈക്ക് ഭാഗികമായ ചലനശേഷി മാത്രം. തളര്‍ന്നുപോയ ഒരു ശരീരത്തില്‍ ഉയര്‍ന്നിരിക്കുന്ന ശിരസ്! അതില്‍ തിളങ്ങുന്ന കണ്ണുകള്‍. ആ കണ്ണുകള്‍ കൊണ്ടവന്‍ ലോകത്തെ നോക്കി. ലോകത്തെ അറിഞ്ഞു. പഠിച്ചു.
കര്‍ഷകരായ ഏലിക്കുട്ടിക്കും അബ്രഹാമിനും മുഴുവന്‍ സമയവും കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിയുമായിരുന്നില്ല. അമ്മയുടെ കൈയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ജോണ്‍സനെ കാത്ത് കോഴികളും പൂച്ചകളും അടുക്കള ചായ്പിനടുത്തുണ്ടാവും. ഇഴഞ്ഞിഴഞ്ഞ് ആ കുട്ടി കിണറ്റിന്‍ കരയിലെത്തുമ്പോഴേക്കും നായ്ക്കള്‍ കൂടി കളിക്കാനെത്തിയിട്ടുണ്ടാവും. തങ്ങളെപ്പോലെ മറ്റൊരു ജീവി എന്ന വലിയ പരിഗണനയായിരുന്നു അത്. വൈകീട്ട് തിരക്കൊഴിഞ്ഞ് അമ്മ വന്ന് എടുത്തുകൊണ്ടുപോകുമ്പോഴേക്കും വലിയൊരു ചളിക്കട്ടയായി അവന്‍ മാറിയിരിക്കും. അതവന്റെ സാമ്രാജ്യമായിരുന്നു. അവിടെയിരുന്നുകൊണ്ടാണ് അവന്‍ ചുറ്റുപാടുകളെ കണ്ടത്. രാവിലെ കുളിച്ചൊരുങ്ങി സഹോദരങ്ങള്‍ സ്‌കൂളിലേക്ക് പോകുന്നത്. അടുത്ത വീട്ടിലെ കുട്ടികള്‍ കുടയും ചൂടി കഥപറഞ്ഞ് നടന്നു നീങ്ങുന്നത്. പാഠപുസ്തകത്തിന്റെ പുതുമണം നുകരാന്‍ ഇടയ്ക്കിടെ തുറന്നു നോക്കുന്നത്.
അവന് എവിടേയും പോകുവാനില്ല.
സ്‌കൂളില്‍ പോകേണ്ട.
പുതുവസ്ത്രങ്ങള്‍ വേണ്ട.
വിശേഷ ദിവസങ്ങളില്ല.
കാലം കഴിയുന്തോറും തന്റെ ലോകം ആ ചെളിക്കുണ്ടാണെന്ന് അവനും തീര്‍ച്ചപ്പെടുത്തി. മനുഷ്യക്കുഞ്ഞുങ്ങളാരും കളിക്കാന്‍ ഇഷ്ടപ്പെടാത്ത അവിടെ, അവന്റെ പഴ കൂട്ടുകാര്‍ അവന് കാവല്‍ നിന്നു. ജോണ്‍സന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടുകാരായിരുന്നു ആ മിണ്ടാപ്രാണികള്‍.
കാലത്തിനനുസരിച്ച് അവന്റെ മനസ്സും ശിരസ്സും വളര്‍ന്നു. രാത്രിയില്‍ മണ്ണെണ്ണ വിളക്കിനു ചുറ്റുമിരുന്നു സഹോദരങ്ങള്‍ എഴുതുന്നതും വായിക്കുന്നതും അവന്‍ കൗതുകത്തോടെ നോക്കിയിരിക്കും. അമ്മ വിരിച്ച, കിടക്കപ്പായയില്‍ കിടന്ന് അതെത്രനേരം വേണമെങ്കിലും അവന്‍ ആസ്വദിക്കും. തനിക്കും പഠിക്കണം. അടുക്കളയില്‍ നിന്ന് അമ്മ പുറത്തേക്കെറിയുന്ന കടലാസു തുണ്ടുകള്‍ അവന്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. എന്നെങ്കിലും അവ തനിക്ക് വായിക്കണം.
മൂന്നാം തരത്തിലെ പാഠപുസ്തകം വായിക്കുകയാണ് ഏട്ടന്‍. കഷ്ടപ്പെട്ട് ഏന്തിവലിഞ്ഞ് ജ്യേഷ്ഠന്റെ അരികിലെത്തി. തോണ്ടിവിളിച്ചു. ഏട്ടന്‍ അവനെ എടുത്ത് അരികിലിരുത്തി. പാഠപുസ്തകം തുറന്നു കിടക്കുന്നു. ഏട്ടന്‍ ഓരോ അക്ഷരങ്ങളായി പറഞ്ഞുകൊടുത്തു. ‘യ’ക്കും ‘അ’യും ‘ന’യും നിറഞ്ഞ കണ്ണുകളോടെ അവന്‍ ആവര്‍ത്തിച്ചുരുവിട്ടു. ജോണ്‍സണ്‍ ആദ്യമായി പഠിച്ച അക്ഷരങ്ങളാണ് അവ. തന്റെ കടലാസ് ശേഖരത്തില്‍ അവന്‍ ആ അക്ഷരങ്ങളെ തേടിപ്പിടിച്ചു. കടലാസ് പെന്‍സില്‍ കൊണ്ട് ആവര്‍ത്തിച്ചെഴുതി. മുറ്റത്തെ മണലിലും അടുക്കളച്ചുവരിലും അക്ഷരങ്ങള്‍ നിറഞ്ഞു ചിരിച്ചു. പിന്നീട് ബാലരമയും പൂമ്പാറ്റയും കളിക്കൂട്ടുകാരായി. വായിക്കാന്‍ പഠിച്ചു. എഴുതാനും!
ഇതിനിടെ വീട് പൊളിച്ചു പണിതു. അടുക്കളയില്‍ അമ്മയോടൊപ്പം കഴിയാന്‍ പറ്റാതായി. പുറത്തെ ചായ്പില്‍ ഇരിപ്പും കിടപ്പുമായി. അക്കാലത്താണ് ജോണ്‍സണ്‍ കളിവണ്ടി ഉണ്ടാക്കിയത്. പഴയ കുടയില്‍ നിന്നും ഊരിയെടുത്ത ചക്രമായിരുന്നു മോള്‍ഡ്. അതില്‍ പ്ലാസ്റ്റിക് ഉരുക്കിയൊഴിക്കും. പഴയ പ്ലാസ്റ്റിക് ബക്കറ്റും മറ്റും. എത്രയോ തവണ കൈപൊള്ളിയിരിക്കുന്നു. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ചക്രത്തില്‍ കുടക്കമ്പി കയറ്റി വണ്ടിയുണ്ടാക്കും. വല്ലപ്പോഴും നാട്ടില്‍ വരുന്ന ലോറികളായിരുന്നു മാതൃക. വണ്ടിക്ക് ചന്തം വേണമെങ്കില്‍ പെയിന്റ് അടിക്കണം. അതിനു ജോണ്‍സണ്‍ പ്രതിവിധി കണ്ടെത്തി. റബ്ബര്‍ ചെരുപ്പ് കത്തിച്ച് ചാരമാകുന്നതിനുമുന്‍പ് മണ്ണെണ്ണയില്‍ ചാലിച്ച് എടുക്കുക.
പെയിന്റായി! ലോറി നിര്‍മ്മാണം തകൃതിയായി നടക്കുന്നതിനിടയില്‍ അടുക്കള ചായ്പും പൊളിച്ചു. ഇരിപ്പ് സ്വീകരണ മുറിയിലായി. അവിടെ ഇതൊന്നും നടക്കില്ലല്ലോ. തീക്കൡയാണ്. പോരെങ്കില്‍ വയ്യാത്ത കുട്ടിയും!
സ്വീകരണ മുറിയിലെ ഇരിപ്പിനിടയിലാണ് പഴയ റേഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ചുവരില്‍ സ്ഥാപിച്ചിരിക്കുകയാണ്. ഓണ്‍ ചെയ്യുമ്പോഴേക്കും ഒരു പച്ച ലൈറ്റ് കത്തിത്തുടങ്ങും. അതു നോക്കി നോക്കിയിരിക്കെ ഇത്തരം ബള്‍ബുകള്‍ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കൂടെ എന്നായി ചിന്ത.
പേരാമ്പ്രയില്‍ പഠിക്കാന്‍ പോകുന്ന കൂട്ടുകാരോട് വിവരം പറഞ്ഞു. അവര്‍ ഒന്നും രണ്ടുമായി എല്‍.ഇ.ഡി. ബള്‍ബുകള്‍ കൊണ്ടുവന്നുകൊടുക്കും. പത്തിരുപത് എണ്ണമാകുമ്പോള്‍ അവ കൂട്ടിയോജിപ്പിക്കുവാന്‍ അവരുടെ കയ്യില്‍ത്തന്നെ കൊടുത്തയക്കും. ഇലക്ട്രിക്കല്‍ ഷോപ്പിലെ ആളുകള്‍ അവര്‍ക്ക് തോന്നുന്ന മാതിരി കൂട്ടിയോജിപ്പിക്കും. തിരിച്ചു വീട്ടിലെത്തിക്കുമ്പോഴേക്കും ഒന്നുകില്‍ വയറുകള്‍ വിട്ടുപോയിട്ടുണ്ടാവും. അല്ലെങ്കില്‍ അവന്‍ ഉപദേശിച്ച രീതിയിലേ ആയിരിക്കില്ല.
താന്‍ സ്വന്തമായി ചെയ്താലേ ശരിയാവൂ എന്നവനു ബോധ്യമായി. വീട്ടില്‍ കറണ്ടില്ല. സോള്‍ഡറിംഗ് അയണില്ല. ഇയ്യമില്ല (ലെഡ്). അതിനും ജോണ്‍സണ്‍ വഴികണ്ടെത്തി. ചാക്കുകള്‍ തുന്നി, വിട്ടുപോകാതിരിക്കാന്‍ ഈയ്യംകൊണ്ട് ഒരു സീല്‍ ഉണ്ടാവും. അവ അടുക്കളയില്‍ നിന്നും മറ്റുമായി തപ്പിയെടുത്തു. പഴയ ഇരുമ്പു തവിയില്‍ ഈയ്യമിട്ട് മെഴുകുതിരി നാളത്തില്‍ പിടിച്ചു. ഈയ്യം ഉരുക്കിയെടുത്തു. എല്‍.ഇ.ഡി. ബള്‍ബുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു മാലയുണ്ടാക്കിയെങ്കിലും അവന് തൃപ്തിയായില്ല. പോരാ പോരാ എന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു.
അമ്മ പ്രാര്‍ത്ഥനയ്ക്കുപയോഗിക്കുന്ന മരക്കുരിശ് അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അവനതില്‍ ബള്‍ബുകള്‍ നിരനിരയായി പിടിപ്പിച്ചു. പ്രാകൃതമായൊരു സാങ്കേതികവിദ്യ ഒരു ബാലന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അടിയറവു പറഞ്ഞു. മെഴുകുതിരികള്‍ അണയാതെ നിന്നു. ഈയ്യം അലിവോടെ ഉരുകിക്കൊടുത്തു. ദിവസങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിനൊടുവില്‍ അതു സാധിച്ചു. പതിവ് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ജോണ്‍സനരികിലെത്തിയ അമ്മ നിറഞ്ഞു കത്തുന്ന മരക്കുരിശും, അതിനു ചുവട്ടിലിരിക്കുന്ന ജോണ്‍സനേയും മാറി മാറി നോക്കി. ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജോണ്‍സന്റെ മൂര്‍ദ്ധാവില്‍ കണ്ണീര്‍ കണങ്ങള്‍ ഇറ്റുവീണു. തന്റെ ഭാവി ജീവിതത്തിനുള്ള അനുഗ്രഹവര്‍ഷമാണ് ആ കണ്ണീര്‍ക്കണങ്ങളെന്ന്, പക്ഷേ, അവനറിയുമായിരുന്നില്ല.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിലാണ് ഗ്രാമത്തില്‍ വൈദ്യുതിയെത്തിയത്. മണ്ണെണ്ണ വിളക്കിന്റെ കരിപ്പുകയില്‍ നിന്നും വീടുകള്‍ കണ്ണഞ്ചിക്കുന്ന പ്രകാശത്തിലേക്കുയര്‍ന്നു. ജോണ്‍സന്റെ വീട്ടിലും വൈദ്യുതിയെത്തി. എന്നാല്‍ സന്ധ്യയാവുന്നതോടെ ബള്‍ബുകള്‍ മങ്ങിത്തുടങ്ങും. വോള്‍ട്ടേജ് പ്രശ്‌നം. ആഡംബരത്തോടെ വീടിന്റെ ഉമ്മറത്ത് സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്‍ സന്ധ്യയോടെ കണ്ണടയ്ക്കും. സമീപത്തെ സിനിമാ ടാക്കീസുകളൊക്കെ അടച്ചുകഴിഞ്ഞാലേ വോള്‍ട്ടേജ് ലഭിക്കൂ. അതിന് പത്തു മണിയൊക്കെയാവും. ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന് ജോണ്‍സണ്‍ ആലോചിച്ചു. ട്യൂബ് ലൈറ്റിന്റെ ചോക്കിലാണ് പ്രശ്‌നം. കുറഞ്ഞ വോള്‍ട്ടേജില്‍ ട്യൂബ് ലൈറ്റിനെ കത്താന്‍ സഹായിക്കുന്ന ചോക്ക് വേണം.
അതിനായി അടുത്ത പരിശ്രമം. ചോക്കുകള്‍ വാങ്ങിക്കൂട്ടി. ചോക്കിന്റെ ഹൃദയമാണ് ട്രാന്‍സിസ്റ്റര്‍. അതില്‍ മാറ്റം വരുത്തണം. ട്രാന്‍സിസ്റ്ററില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തി. ചില പുസ്തകങ്ങള്‍ സംഘടിപ്പിച്ചു വായിച്ചു. കൂടുതല്‍ വ്യക്്തത വരുത്തി. ട്രാന്‍സിസ്റ്ററുകള്‍ ഓരോന്നും പൊട്ടിത്തെറിക്കുന്നതിനനുസരിച്ച് വാശികൂടി. ഏഴായിരത്തോളം ട്രാന്‍സിസ്റ്ററുകള്‍ ഇതിനിടെ പൊട്ടിത്തെറിച്ചു. 14 എണ്ണം മാത്രം തന്റെ ശേഖരത്തില്‍ അവശേഷിക്കെ ജോണ്‍സണ്‍ അത് സാധിച്ചു. 5 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക്.
5 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് അത്ഭുതമായി. വോള്‍ട്ടേജിന്റെ പ്രശ്‌നം എല്ലായിടത്തുമുണ്ടല്ലോ. മലയാള മനോരമയില്‍ ഇതുസംബന്ധിച്ച് വാര്‍ത്ത വരുന്നത് 1993-ലാണ്. ജോണ്‍സന്റെ നേട്ടം നാടറിഞ്ഞു. ചോക്കിന് നിരവധി ആവശ്യക്കാര്‍ വന്നുതുടങ്ങി. വ്യാപാരാടിസ്ഥാനത്തില്‍ ചോക്കുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത് അങ്ങനെയാണ്. പലരും വാങ്ങിക്കൊണ്ടുപോയി. 500 ദിവസം ഗ്യാരണ്ടി നല്‍കിയ ചോക്കുകള്‍ വിതരണത്തിനായി കൊണ്ടുപോയവര്‍ പലരും തിരിച്ചുവന്നില്ല. കടം പറഞ്ഞു വാങ്ങിയവരാകട്ടെ പണം കൊടുത്തതുമില്ല. ചുരുക്കത്തില്‍ ഇതുകൊണ്ട് യാതൊരു സാമ്പത്തിക നേട്ടവും ജോണ്‍സനുണ്ടായില്ല. എന്നാല്‍ ഒരു കാര്യം ജോണ്‍സനു തീര്‍ച്ചയായി. താന്‍ ശ്രമിച്ചാല്‍ പലതും സാധിക്കും എന്ന ആത്മവിശ്വാസം. അതുമാത്രം മതിയായിരുന്നു അയാള്‍ക്ക്.
ചോക്കിന്റെ വിജയത്തോടെയാണ് ജോണ്‍സണ്‍ സ്‌റ്റെബിലൈസറില്‍ പരീക്ഷണം തുടങ്ങിയത്. കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസര്‍ വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. വിലയും കുറവായിരിക്കണം. അന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന സ്റ്റെബിലൈസറിന് 110 വോള്‍ട്ട് എങ്കിലും വേണം. നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസര്‍ വികസിപ്പിച്ചെടുക്കാന്‍ ജോണ്‍സന് കഴിഞ്ഞു. 1250 രൂപ മാത്രം വിലവരുന്ന സ്റ്റെബിലൈസര്‍ വലിയ വാര്‍ത്തയായി. വീട്ടില്‍ ആവശ്യക്കാര്‍ നിരന്തരം വന്നുതുടങ്ങി.
ആവശ്യക്കാര്‍ക്ക് വേണ്ട അളവില്‍ കൊടുക്കണമെങ്കില്‍ ഉല്‍പാദനം കൂട്ടണം. അതിനു മുതലിറക്കണം. ബാങ്കുകളെ സമീപിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. പല വാതിലുകള്‍ മുട്ടി. ഒടുവില്‍ കൊയിലാണ്ടി കാര്‍ഷിക വികസന ബാങ്ക് സഹായിക്കാമെന്നേറ്റു. ആ തുക ഉപയോഗിച്ച് വര്‍ക്ക്‌ഷോപ്പ് വിപുലീകരിച്ചു. വീട്ടിന്റെ ഒഴിഞ്ഞ ഒരു ഭാഗമായിരുന്നു വര്‍ക്ക്‌ഷോപ്പ്.
അവിടെ പന്ത്രണ്ടോളം ജോലിക്കാരും 2 മാനേജര്‍മാരുമൊക്കെയായി. ചോക്ക്, സ്‌റ്റെബിലൈസര്‍ എന്നിവയുടെ കൂടെ സി.എഫ്.എല്‍. എമര്‍ജന്‍സി ലാമ്പും അവിടെ നിര്‍മ്മിക്കുവാന്‍ തുടങ്ങി. 1996 ആകുമ്പോഴേക്കും വീട്ടില്‍ വന്‍ തിരക്കായി. 14 ജീവനക്കാര്‍. വിതരണക്കാര്‍. വിവരങ്ങള്‍ അറിയാന്‍ വരുന്നവര്‍. ജോണ്‍സന്റെ വ്യാപാരം വളരുകയായിരുന്നു.
വീട്ടിലെ തിരക്ക് ചില പ്രയാസങ്ങളുമുണ്ടാക്കി. വീട്ടുകാര്‍ക്കും വരുന്നവര്‍ക്കും ഒരുപോലെ. കുറച്ചുകൂടി സൗകര്യമുള്ള ഒരിടം വേണം. ചെമ്പനോട പെരുവണ്ണാമൂഴി റോഡില്‍ മുറി കണ്ടെത്തി. ക്രമീകരിച്ചു വയറിംഗ് ജോലികള്‍ നടത്തി. ഉപകരണങ്ങള്‍ ഓരോന്നായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇതിനിടയില്‍ പണം നല്‍കാമെന്നേറ്റ ബാങ്ക് പിന്മാറി. പുതിയ ഉപാധികള്‍ വെച്ചു. തരണം ചെയ്യാന്‍ കഴിയാത്ത ഉപാധികള്‍ ആയിരുന്നു അവ. ചുരുക്കത്തില്‍ വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ വര്‍ക്ക് ഷോപ്പിലേക്ക് മാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരുന്നത്.
1998 ജൂലൈ ആദ്യവാരം പുതിയ കെട്ടിടത്തിലേക്ക് മാറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 30-ാം തീയതി ഉറങ്ങാന്‍ കിടന്ന ജോണ്‍സനെ ആരോ വിളിച്ചുണര്‍ത്തി. പുതിയ വര്‍ക്ക്‌ഷോപ്പ് കത്തിച്ചാമ്പലായിരിക്കുന്നു. യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം തകര്‍ന്നുപോയി. കെട്ടിടം തന്നെ വിണ്ടുകീറി നിലംപൊത്താറായിരിക്കുന്നു. ഇത്രയും കാലത്തെ അദ്ധ്വാനമാണ് അതില്‍ മുടക്കിയിരിക്കുന്നത്. അത് പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു. ഒരു രാത്രി! ഒറ്റ രാത്രികൊണ്ട് എല്ലാമവസാനിച്ചിരിക്കുന്നു. എന്നാല്‍ തോല്‍ക്കാന്‍ അയാള്‍ക്ക് മനസ്സില്ലായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ ഒരുഭാഗത്ത്. കൂടെ നിന്നവരൊക്കെയും പിരിഞ്ഞുപോയി. താന്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകളും കൊണ്ടുപോയി. പരാജയപ്പെട്ടുകൂടാ. താന്‍ എത്തിയിടത്തുനിന്നു വീണ്ടും തുടങ്ങണം. ഉപേക്ഷിച്ച സി.എഫ്.എല്‍. എമര്‍ജന്‍സി ലാമ്പ് വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്യാന്‍ ജോണ്‍സണ്‍ ശ്രമമാരംഭിച്ചു. വൈകാതെ പുതിയ ഉല്‍പ്പന്നം വിപണിയിലെത്തി. നാലഞ്ചു ജില്ലകളില്‍ നല്ല വില്‍പനയുണ്ടാക്കിയെടുക്കാന്‍ അതിനു കഴിഞ്ഞു. അതിന്റെ ലാഭം കൊണ്ടു മാത്രം കടങ്ങള്‍ കൊടുത്തുതീര്‍ത്തു.
എല്ലാവരും ഉപേക്ഷിച്ചുപോയപ്പോള്‍ തണലായി നിന്നത് പെരുവണ്ണാമൂഴി പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. വടക്കേല്‍ ആയിരുന്നു. ഉപകരണങ്ങള്‍ സംഘടിപ്പിക്കാനും പുനഃസ്ഥാപിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. ജോണ്‍സനാകട്ടെ തൊഴിലാളികളുടെ എണ്ണം രണ്ടായി ചുരുക്കി. സഹായത്തിനായി ട്രെയിനികളെ നിയമിച്ചു. ട്രെയിനികള്‍ക്ക് അലവന്‍സുകള്‍ കൊടുത്താല്‍ മതിയാകും. അവര്‍ക്കാകട്ടെ ഒരു തൊഴില്‍ പഠിക്കുകയും ചെയ്യാം.
യൂണിറ്റിന്റെ നല്ല നാളുകളില്‍ പലരും പണം നല്‍കി സഹായിച്ചിരുന്നു. തകര്‍ന്ന്, വീണ്ടും ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ വീണ്ടും സഹായികളെത്തി. പണം നല്‍കുന്നവര്‍ക്ക് കൃത്യമായി പലിശ കിട്ടിയാല്‍ മതിയല്ലോ. പുതുതായി വന്നവര്‍ക്ക് പലിശ മാത്രം പോര. പാര്‍ട്ട്ണര്‍ഷിപ്പും കിട്ടണം. അത് കിട്ടില്ലെന്നു മനസ്സിലായപ്പോള്‍, തന്ന തുക മുഴുവന്‍ ഒരുമിച്ചു തിരിച്ചുകിട്ടണമെന്നായി. അതില്‍ അടുപ്പമുള്ളവരും ബന്ധുക്കളുമുണ്ട്. അവര്‍ വര്‍ക്ക്‌ഷോപ്പില്‍ കയറിവന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. നിത്യവും പ്രശ്‌നം നടക്കുന്ന സ്ഥലത്ത് പണം മുടക്കുന്നതു ശരിയല്ലെന്നു തോന്നിയ സംരംഭകര്‍ പിന്തിരിഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മുന്നില്‍. താനൊരിക്കലും രക്ഷപ്പെടരുതെന്ന്, രക്ഷപ്പെടില്ലെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതു പോലെയായിരുന്നു എല്ലാം.
അക്കാലത്തായിരുന്നു അമ്മയുടെ വേര്‍പാട്. ഉറങ്ങാന്‍ കിടന്ന് പിന്നെ എണീറ്റില്ല. ഉറക്കത്തില്‍ അബോധാവസ്ഥയിലായി. മൂന്നു ദിവസം ആ കിടപ്പ്. ആ ദിവസങ്ങളില്‍ ജോണ്‍സണ്‍ കണ്ണും കാതും ആശുപത്രിയില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ക്കായി സമര്‍പ്പിച്ചു. പോയി ശുശ്രൂഷിക്കാന്‍ കഴിയില്ലല്ലോ. ഒടുവില്‍ ആ വാര്‍ത്ത വന്നു. അമ്മ ഇനി ഇല്ല. പൊരുത്തപ്പെടാനാവുമായിരുന്നില്ല. ചേറിലും ചെളിയിലും നിന്ന് തന്നെ കാത്തത് അമ്മയാണ്. സങ്കടങ്ങളില്‍ ചേര്‍ത്തുപിടിച്ചത് ആ കരങ്ങളാണ്. അനുഗ്രഹമായി തന്റെ നിറുകയില്‍ പതിച്ചത് ആ കണ്ണുനീര്‍ത്തുള്ളികളാണ്. ആശുപത്രിയില്‍ നിന്നെത്തിയ അമ്മയുടെ മൃതദേഹം കാണാന്‍ ജോണ്‍സണ്‍ പോയില്ല. മരിച്ച അമ്മയെ തനിക്ക് കാണേണ്ട എന്നായിരുന്നു നിലപാട്. ബന്ധുക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നപ്പോള്‍, ഒരിക്കല്‍ പോലും ജോണ്‍സണ്‍ ആ മുഖത്ത് നോക്കിയില്ല. ജീവന്‍ തുടിക്കുന്ന, സ്‌നേഹത്തിന്റെ ആള്‍രൂപമായ ഒരമ്മ. ആ അമ്മ മതി തനിക്ക്. ഒരു മകനും ഇത്രകണ്ട് ഒരമ്മയെ സ്‌നേഹിച്ചിട്ടുണ്ടാവില്ല. ഒരമ്മയും ഇത്രകണ്ട് ഒരു മകനെ കരുതിയിട്ടുണ്ടാവില്ല. അത്യപൂര്‍വമായ ഒരു ബന്ധം. സാധാരണ മാനദണ്ഡങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും നിര്‍വചിക്കാനാവാത്ത, അത്ര ശക്തമായിരുന്നു ആ ബന്ധം. അമ്മയുടെ വേര്‍പാടോടെ ജോണ്‍സണ്‍ ഒറ്റപ്പെട്ടു. ആത്മവിശ്വാസത്തിന്റെ മണല്‍ത്തരികള്‍ ഓരോന്നായി ഒഴുകിപ്പൊയ്‌ക്കൊണ്ടിരുന്നു. പിടിവള്ളിയില്ലാതെ ജോണ്‍സണ്‍ പിടഞ്ഞു. തകര്‍ച്ചയുടെ ഭീതിദമായ ആ പടവുകളില്‍ താന്‍ തകര്‍ന്നുവീണുപോകുമെന്ന് കരുതിയ നിമിഷങ്ങള്‍. നിരാശ്രയനായി കൈകളുയര്‍ത്തിയ അവന്റെ ശിരസ്സില്‍ മൃദുലമായ ഒരു കൈ സ്പര്‍ശിച്ചു. ഞാനുണ്ട് കൂടെ എന്ന പ്രഖ്യാപനമായിരുന്നു അത്.
കൂവപ്പൊയില്‍ക്കാരി ഉഷ ജോണ്‍സന്റെ അടുത്തെത്തുന്നത് വര്‍ക്ക്‌ഷോപ്പിലെ ട്രെയിനിയായിട്ടാണ്. പത്താം ക്ലാസൊക്കെ കഴിഞ്ഞു നില്‍ക്കുമ്പോഴാണ് അപ്രന്റീസുമാരെ വേണമെന്നുള്ള അറിയിപ്പ് പത്രത്തില്‍ കാണുന്നത്. ഒരു തൊഴില്‍ പഠിക്കാം. അമ്മയെ സഹായിക്കാം. അത്രയൊക്കെയേ ഉഷ വിചാരിച്ചുള്ളൂ. മിനിമം ചാര്‍ജില്‍ ബസ് കയറി പെരുവണ്ണാമൂഴിയിലെത്താം. അവിടെയൊക്കെ ബന്ധുക്കളുമുണ്ട്. ഒന്നും ഭയപ്പെടാനില്ല.
വര്‍ക്ക്‌ഷോപ്പുമായി പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടായില്ല. ചെറിയ ചെറിയ കാര്യങ്ങള്‍. എന്നാല്‍ അതീവ സൂക്ഷ്മത വേണ്ടത്. ഓരോന്നും അവള്‍ പഠിച്ചെടുത്തു. സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു കസേരയില്‍ ജോണ്‍സണ്‍ അടുത്തുതന്നെയുണ്ടാകും. സി.എഫ്.എല്‍. എമര്‍ജന്‍സി ലാമ്പുകളായിരുന്നു അവിടെ നിര്‍മ്മിച്ചിരുന്നത്. അതിന്റെ സാങ്കേതികതയൊന്നും അറിയില്ല. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ കണിശതയോടെ ചെയ്തു തീര്‍ത്തു. ആ ആള്‍ ഒരത്ഭുതമായി അവള്‍ക്ക് തോന്നി. പുറംലോകം കണ്ടിട്ടില്ലാത്ത ഒരാള്‍. കസേരയില്‍ തടവിലാക്കപ്പെട്ടുപോയ ഒരാള്‍. എന്നാല്‍ സംസാരത്തില്‍ അതൊന്നുമില്ല. തന്റെ വിഷയത്തിലെ അഗാധമായ അറിവ്- അതൊന്നുകൊണ്ടുമാത്രം പരിമിതികളെ അതിജീവിക്കുന്ന ഒരാള്‍. സഹതാപമില്ല. എന്തോ ഒരിഷ്ടം. അനുതാപത്തിനുമപ്പുറത്ത് നിര്‍വചനങ്ങള്‍ക്കതീതമായ ഒരിഷ്ടം. അതൊരുപക്ഷേ, ജോണ്‍സനും തിരിച്ചറിഞ്ഞിരിക്കണം.
അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ജോണ്‍സണ് ഉഷയുടെ തണല്‍ വലിയൊരാശ്വാസമായി. പരസ്പര സമ്മതത്തോടെ ഒരുമിച്ചു ജീവിക്കാന്‍ അവര്‍ തീരുമാനിച്ചു. അതത്ര എളുപ്പമായിരുന്നില്ല. എതിര്‍പ്പുകളായിരുന്നു എങ്ങും. ജോണ്‍സന്റെ സ്വത്തില്‍ കണ്ണുവെച്ചിട്ടാണ് എന്നുവരെ ആക്ഷേപങ്ങളുയര്‍ന്നു. ഇയാള്‍ എത്രകാലം ജീവിച്ചിരിക്കും എന്നറിയില്ലല്ലോ. ഒരു പെണ്‍കുട്ടിയെ കഷ്ടപ്പെടുത്താനാണ് ഈ വിവാഹം എന്നതായിരുന്നു മറ്റൊരാക്ഷേപം. പിന്നെ ഉഷ ഹിന്ദുവാണ്. ജോണ്‍സണ്‍ ക്രിസ്ത്യാനിയും. രണ്ടു സമുദായങ്ങള്‍. ഈ ബന്ധം ഒരു സാമുദായിക പ്രശ്‌നമായി കാണാന്‍ വരെ ആളുണ്ടായി. ജോണ്‍സണ്‍ പേരാമ്പ്ര പൊലീസില്‍ പരാതി കൊടുത്തു. പ്രായപൂര്‍ത്തിയായവരല്ലേ രണ്ടുപേരും. സ്വതന്ത്രമായി അവര്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു പൊലീസ് നിലപാട്.
പക്ഷേ, പെരുമണ്ണാമൂഴിയില്‍വെച്ച് വിവാഹം നടത്താന്‍ പറ്റില്ല. അത്രയ്ക്കായിരുന്നു എതിര്‍പ്പ്. പഴയ വടക്കേല്‍ അച്ചന്‍ കരിയാത്തുംപാറയിലാണ്. വിവാഹം നടത്തിക്കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വിവാഹത്തില്‍ സംബന്ധിച്ചത് അഞ്ചാറു പേര്‍ മാത്രം! സ്വര്‍ണാഭരണങ്ങളില്ല. വര്‍ണത്തിളക്കമുള്ള മന്ത്രകോടിയില്ല. ആളും ആരവങ്ങളുമില്ലാത്ത ആ ദേവാലയത്തില്‍വെച്ച് പ്രപഞ്ചനാഥനെ സാക്ഷിയാക്കി ഉഷ ജോണ്‍സന്റേതായി. ജോണ്‍സണ്‍ ഉഷയുടേതും. ഒരു കുഞ്ഞിനെയെന്നോണം തന്റെ ഭര്‍ത്താവിനെ കോരിയെടുത്ത്, ആ വിശുദ്ധാങ്കണം വിട്ടിറങ്ങുന്ന വധുവിനെ നോക്കി നന്മ നേരാനല്ലാതെ ആര്‍ക്ക്, എന്താണ് കഴിയുക!
വിവാഹം കഴിഞ്ഞതോടെ പോകാന്‍ ഇടമില്ലാതായി. പിതാവിന്റെ അനിഷ്ടം ഉണ്ടായിരുന്നതുകൊണ്ട് സ്വന്തം വീട്ടില്‍ പറ്റില്ല. ഉഷയുടെ വീട്ടില്‍ അത്രയും പോലും വയ്യ. പേരാമ്പ്ര ഗസ്റ്റ് ഹൗസിലും ലോഡ്ജിലും ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സിലുമായി അലച്ചിലിന്റെ കാലം. അവിടെ താമസിക്കുമ്പോഴാണ് മൂത്ത മകന്‍ ജനിക്കുന്നത്. 2001 ജനുവരിയില്‍. രണ്ടര വര്‍ഷം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു. വറുതിയുടെ കാലമായിരുന്നു അത്. അരി വാങ്ങാന്‍ പോലും പ്രയാസപ്പെട്ട നാളുകള്‍. ഉപയോഗിക്കാതെ വെച്ചിരുന്ന തന്റെ ഉപകരണങ്ങള്‍ വരെ ജോണ്‍സണ്‍ വാടകയ്ക്ക് നല്‍കി. വാടകപ്പണം കൃത്യമായി കിട്ടിയതുമില്ല.
ക്വാര്‍ട്ടേഴ്‌സ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയതല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. സ്വന്തമായി ഒരു വീടു വേണം. സ്ഥലം വിട്ടുകൊടുക്കാന്‍ ആദ്യം മടിയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടേയും മറ്റും സമ്മര്‍ദ്ദംകൊണ്ട് ജോണ്‍സന് തന്റെ കുടുംബസ്വത്തിലെ ഓഹരി ഭാഗിച്ചുകിട്ടി. അവിടെ ജോണ്‍സന്‍ തന്റെ സ്വപ്‌നവീടിന്റെ തറ കെട്ടി. ഓനിപ്പുഴയുടെ കരയില്‍ ഒരു ഷെഡ് സാവധാനം ഉയര്‍ന്നുവന്നു. ബാക്കിയായ മെഷീനുകളും വീട്ടുപകരണങ്ങളും അവിടെ കൂട്ടിയിട്ടു. പണം നല്‍കാനുള്ള ചിലരൊക്കെ ഈ സമയം സഹായിക്കാനെത്തി. അങ്ങനെ ലഭിച്ചതുകൊണ്ട് കല്ലിറക്കി. സഹായിക്കാന്‍ രണ്ടോ മൂന്നോ പേര്‍ മാത്രം. എന്നിട്ടും വീടുപണി നടന്നു. സങ്കടങ്ങളുടെ പെരുമഴക്കാലത്തെ അതിജീവിക്കാന്‍ സന്തോഷത്തിന്റെ ഒരു കൊച്ചുവീട്. 2003 ജൂലൈ 3-ാം തീയതി അവര്‍ ആ വീട്ടില്‍ താമസമാരംഭിച്ചു.
സ്വന്തം വീട്ടിലെത്തിയതോടെ പുതിയ പ്രതീക്ഷകളായി. ഓരോന്നായി പുനഃരാരംഭിച്ചു. ഒരു വഴിത്തര്‍ക്കത്തില്‍ മധ്യസ്ഥനായി ജോണ്‍സണ്‍ ഇടപെടുന്നത് അപ്പോഴാണ്. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഒരു വഴിവെട്ടണം. മഴക്കാലമാണ്. ജോണ്‍സണ്‍ പണിസ്ഥലത്തു തന്നെയിരുന്നു. മൂന്നു ദിവസം. ആരോഗ്യമേ കുറവ്. തുടര്‍ച്ചയായ അലച്ചില്‍ കാരണം കിടപ്പിലാകാന്‍ താമസമുണ്ടായില്ല. ആസ്പത്രിയില്‍ അഡ്മിറ്റായി. പനി, അണുബാധയായി മാറി. ന്യൂമോണിയ ബാധിച്ച് ജോണ്‍സണ്‍ മരിച്ചുപോയി എന്ന് നാട്ടില്‍ വാര്‍ത്ത പരന്നു. അങ്ങനെ മരിച്ചുപോകാന്‍ ജോണ്‍സണ്‍ തയ്യാറായിരുന്നില്ല. ജീവിക്കണം എന്ന ഇച്ഛാശക്തി അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. എത്ര തല്ലിക്കെടുത്തിയാലും അണഞ്ഞുപോകാത്ത കെടാവിളക്കായിരുന്നല്ലോ അയാള്‍!
ഇക്കാലത്ത് പുതിയ വീട്ടില്‍ വൈദ്യുതിയെത്തി. വൈദ്യുതിയുടെ പിന്‍ബലത്തിലാണ് ജോണ്‍സണ്‍ ഓരോ ചുവടും വെച്ചത്. പക്ഷേ, ഇപ്പോള്‍, വീട്ടിലെത്തിയ വെളിച്ചം ജീവിതത്തെ പ്രകാശമാനമാക്കിയില്ല. അത്രയേറെ ക്ഷീണിതനായിരുന്നു അയാള്‍. കാര്യങ്ങള്‍ നോക്കിനടത്താന്‍ പറ്റാത്ത അവസ്ഥ. ഉല്‍പ്പന്നങ്ങള്‍ ഇല്ല. വരുമാനവും ഇല്ല. പണം നല്‍കാനുള്ളവര്‍ തിരിഞ്ഞുനോക്കിയില്ല. പുറം ലോകവുമായി ബന്ധമില്ല. ഉഷ രണ്ടാമതും ഗര്‍ഭിണിയായതും ഇക്കാലത്തുതന്നെ. വീട്ടു ചെലവുകള്‍ നടത്താന്‍ സ്വന്തം സ്‌റ്റെബിലൈസറും ടെലിവിഷനും വിറ്റു. വര്‍ക്ക്‌ഷോപ്പിലെ ഡൈ ഇരുമ്പുവിലയ്ക്കാണ് തൂക്കിവിറ്റത്. 2004-ല്‍ ഇളയ മകന്‍ ജനിക്കുമ്പോള്‍ ജോണ്‍സണ്‍ ദാരിദ്ര്യത്തിന്റെ അങ്ങേത്തലയ്ക്കലായിരുന്നു. അയല്‍ക്കാരന്‍ ഊരിനല്‍കിയ സ്വര്‍ണമോതിരം പണയം വെച്ചാണ് ആസ്പത്രി ചെലവുകള്‍ നടത്തിയത്.
അപ്പോഴേക്കും സാങ്കേതിക വിദ്യകള്‍ വല്ലാതെ പുരോഗമിച്ചിരുന്നു. അതിനനുസരിച്ച് മാറിയാലേ പിടിച്ചുനില്‍ക്കാനാവൂ. ഭാരമില്ലാത്ത സ്റ്റെബിലൈസര്‍ വന്നു. ലൈന്‍ വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. തന്റെ ഉല്‍പ്പന്നങ്ങള്‍ പഴഞ്ചനായി. ചുവട് മാറ്റിച്ചവിട്ടണം. അങ്ങനെയാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കളില്‍, എല്‍.ഇ.ഡി. ബള്‍ബുകള്‍ വെച്ച് ഫാന്‍സി ഐറ്റമായി വിറ്റു തുടങ്ങിയത്. അക്കാലത്ത് പള്ളിവികാരിയായിരുന്ന ഫാദര്‍. മാതൃപെരുവേലി പലവിധത്തിലും ജോണ്‍സനെ സഹായിച്ചു. സാമ്പത്തിക സഹായം തന്നെ പ്രധാനം. ഒരിക്കല്‍ അദ്ദേഹം നല്‍കിയ 1000 രൂപയാണ്, തന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് അടിത്തറ പാകിയതെന്ന് ജോണ്‍സണ്‍ അഭിമാനപൂര്‍വം ഓര്‍ക്കുന്നു.
2009 വരെ ജോണ്‍സനും പിതാവും തമ്മിലുള്ള ബന്ധം ഒട്ടും സുഖകരമായിരുന്നില്ല. കേരളമാകെ ചിക്കന്‍ഗുനിയ വന്നത് 2007-ല്‍ ആണ്. ചിക്കന്‍ഗുനിയ ബാധിച്ച എബ്രഹാമിനെ കാണാന്‍ ജോണ്‍സണ്‍ തീരുമാനിച്ചു. പത്തു വര്‍ഷത്തിലേറെയായി, ഒരു വിളിപ്പാടകലെയാണെങ്കിലും പോക്കുവരവുകള്‍ ഇല്ലാതെയിരുന്ന രണ്ടു വീടുകള്‍. രോഗക്കിടക്കയില്‍ അവശനായി കിടക്കുന്ന അദ്ദേഹം ആദ്യമൊന്നും ജോണ്‍സനെ തിരിഞ്ഞുനോക്കിയതു കൂടിയില്ല. എന്നാല്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒടുവില്‍ ചുവന്നു കലങ്ങിയ കണ്ണുകളുമായി ആ പിതാവ്, ജോണ്‍സന്റെ കരം ഗ്രഹിച്ചു. നിശ്ശബ്ദതയുടെ ആ നിമിഷങ്ങളില്‍ അവര്‍ പരസ്പരം മാപ്പ് ചോദിച്ചു. ചെറുപ്പം തൊട്ടേ അവഗണിക്കപ്പെട്ട മകനായിരുന്നു ജോണ്‍സണ്‍. അതൊരുപക്ഷേ, അവഗണനയായിരിക്കില്ല. തന്റെ ഇഷ്ടത്തിനൊത്ത് വളരാത്ത മകനെ, അവനെ അങ്ങനെയാക്കിയ വിധിയോടുള്ള പ്രതിഷേധമായിരുന്നിരിക്കാം. അദ്ദേഹം ജോണ്‍സന്റെ രണ്ടു മക്കളേയും മാറോടണച്ചു. തനിക്കൊരിക്കലും ലഭിക്കാത്ത ആ അവസരം, തന്റെ മക്കള്‍ക്ക് ലഭിക്കുന്നതുകണ്ട് ജോണ്‍സന്റെ കണ്ണുകളും ഈറനായി. രോഗപീഡകളകന്നപ്പോള്‍ അദ്ദേഹം ജോണ്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായി. 35 വര്‍ഷം താന്‍ കൊടുക്കാതിരുന്ന വാത്സല്യം മൂന്നു വര്‍ഷംകൊണ്ട് കൊടുത്തുതീര്‍ക്കാനുള്ള തിരക്കായിരുന്നു അദ്ദേഹത്തിന്. 2012-ല്‍ അദ്ദേഹം യാത്രയാവുമ്പോള്‍ പിതൃ-പുത്രസ്‌നേഹത്തിന്റെ ഊഷ്മളമായ ഒരന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. ഒരിലകൊഴിയുംപോലെ സംതൃപ്തനായാണ് അദ്ദേഹം മടങ്ങിയത്.
******
2007-ല്‍ വൈദ്യുത മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ വന്നു. സാധാരണ ബള്‍ബുകള്‍ വൈദ്യുതി കുടിച്ചുവറ്റിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നു. പകരം സി.എഫ്.എല്‍. എന്ന ഉത്തരങ്ങളും പിന്നാലെ വന്നു. 2 ബള്‍ബുകള്‍ വീതം ഓരോ കുടുംബത്തിനും സൗജന്യമായി നല്‍കാനും സര്‍ക്കാര്‍ തയ്യാറായി. സി.എഫ്.എല്‍. ബള്‍ബിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ജോണ്‍സണ്‍ ആലോചിക്കുന്നത് അപ്പോഴാണ്. ഒരു സി.എഫ്.എല്‍. ബള്‍ബിലെ മെര്‍ക്കുറിക്ക് 2 ലക്ഷം ലിറ്റര്‍ വെള്ളത്തെ മലിനമാക്കാന്‍ പറ്റും. അങ്ങനെ ടണ്‍ കണക്കിന് സി.എഫ്.എല്‍. ലാമ്പുകളാണ് വലിച്ചെറിയപ്പെടാന്‍ പോകുന്നത്. ഉപയോഗശൂന്യമായിക്കഴിഞ്ഞാല്‍ വലിച്ചെറിയാതെ പറ്റില്ലല്ലോ. നമ്മുടെ കിണറുകളും തോടുകളും പുഴകളും മലിനമാകാന്‍ അതിന്റെ ചെറിയൊരംശം വേണ്ട. തന്റെ വര്‍ക്ക്‌ഷോപ്പിലും സി.എഫ്.എല്‍. ബള്‍ബുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. തന്നെപ്പോലെ പരിമിതികളുള്ള ഒരു തലമുറ ഉണ്ടായിവരാന്‍, താന്‍ ഒരു തരത്തിലും കാരണമായിക്കൂടാ. ജോണ്‍സണ്‍ തന്റെ സി.എഫ്.എല്‍. യൂണിറ്റ് അടച്ചുപൂട്ടി. പകരം എന്ത് എന്ന ആലോചനകള്‍ക്കിടയിലാണ് അമ്മയുടെ മരക്കുരിശും അതിലെ എല്‍.ഇ.ഡി ബള്‍ബുകളും ഓര്‍മ്മയിലെത്തുന്നത്. ഇനി ഇതാണ് തന്റെ വഴിയെന്ന് ജോണ്‍സണ്‍ തീരുമാനിച്ചു.
സി.എഫ്.എല്‍ ബള്‍ബുകളില്‍ നിന്ന് എല്‍.ഇ.ഡി. ബള്‍ബുകളിലേക്കുള്ള മാറ്റം എളുപ്പമായിരുന്നില്ല. സര്‍ക്കാര്‍ പിന്‍തുണയ്ക്കുന്ന സി.എഫ്.എല്‍. ലോബിയുടെ മുന്നില്‍ ജോണ്‍സണ്‍ വെറും പുഴു! ജില്ലാ വ്യവസായ കേന്ദ്രമോ, പഞ്ചായത്തുകളോ സഹായിച്ചില്ല. ഈ സാഹചര്യത്തിലാണ് എറണാകുളത്ത് പത്രസമ്മേളനം നടത്തുന്നത്. എല്‍.ഇ.ഡി. ബള്‍ബുകളുടെ ഡെമോണ്‍സ്‌ട്രേഷന്‍ ജോണ്‍സന്‍ തന്നെ നടത്തി. പത്രപ്രവര്‍ത്തകര്‍ ആകാംക്ഷയോടെ അതെല്ലാം കേട്ടിരുന്നു. ഭാര്യയുടെ കൈക്കുമ്പിളില്‍ കുഞ്ഞെന്നപോലെ ചേര്‍ന്നു കിടക്കുന്ന ഒരാള്‍ വലിയ ശാസ്ത്രകാര്യങ്ങള്‍ വിശദീകരിക്കുന്നു. സഞ്ചാര ശേഷിയില്ലെങ്കിലും യുക്തിഭദ്രമായി കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നു. ദേശീയദിനപ്പത്രങ്ങളില്‍ അടക്കം വിശദമായ വാര്‍ത്തകള്‍ വന്നു. മലിനീകരണമോ താപപ്രസരണമോ ഇല്ലാത്ത എല്‍.ഇ.ഡി. ബള്‍ബുകള്‍ ഭാവിയുടെ പ്രകാശമായി വാര്‍ത്തകളില്‍ നിറഞ്ഞു.
വലിയ പ്രതീക്ഷയോടെയാണ് തിരിച്ചെത്തിയത്. ജില്ലാ വ്യവസായകേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരസ്‌ക്കരിക്കപ്പെട്ടു. കെട്ടിട ലൈസന്‍സിനുള്ള അനുമതി അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും അവഗണിച്ചു. ഒടുവില്‍ കോടതിയില്‍. കേസ് പരിഗണിച്ച ഹൈക്കോടതി പഞ്ചായത്ത് സെക്രട്ടറിയെ അതിനിശിതമായി വിമര്‍ശിച്ചു. വികലാംഗനായ ഒരാള്‍ക്ക് തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിച്ചത് വലിയ തെറ്റായി കോടതി കണ്ടു. അനുമതി ഉടന്‍ കൊടുക്കാന്‍ ഉത്തരവായി. അക്കാര്യം കോടതിയെ ഉടന്‍ അറിയിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചു. മറ്റു യാതൊരു പോംവഴിയുമില്ലാതെ പഞ്ചായത്ത് അധികൃതര്‍ ഒടുവില്‍ യൂണിറ്റ് ആരംഭിക്കാനുള്ള കെട്ടിടത്തിന് അനുമതി കൊടുക്കുക തന്നെ ചെയ്തു.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. എല്‍.ഇ.ഡി. ബള്‍ബുകളുടെ വലിയ ശേഖരത്തിനു മുന്നില്‍ ജോണ്‍സണ്‍ ഇപ്പോള്‍ ഏറെക്കുറെ സ്വസ്ഥനായിരിക്കുന്നു. സീറോ വാട്ട് ബള്‍ബ് മുതല്‍ തെരുവ് വിളക്കുകള്‍ വരെ അതില്‍പ്പെടും. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍ ആണ് ഏറ്റവും പുതിയ ഉല്‍പ്പന്നം. സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ വിവിധ തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിവിധ വലുപ്പത്തിലുള്ള സോളാര്‍ പാനലുകള്‍ വേറെ.
എന്തിനുമേതിനും സഹായത്തിന് മിടുക്കന്‍മാരായ രണ്ട് കുട്ടികള്‍. ഒരാള്‍ പ്ലസ് വണ്ണിനും രണ്ടാമന്‍ ഏഴാം തരത്തിലും പഠിക്കുന്നു. നിഴലുപോലെ ഉഷ എപ്പോഴും കൂടെത്തന്നെയുണ്ട്.
ജോണ്‍സണ്‍ തിരക്കിലാണ്. ചിരിക്കാന്‍ മറന്നുപോയ ആ മുഖത്ത് അത്യപൂര്‍വമായി വിടരുന്ന ഒരു ചിരിയുണ്ട്. ഒരുകാലത്ത് തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണത്. പ്രത്യാശകളുടെ ഒടുങ്ങാത്ത സന്ദേശങ്ങള്‍ക്കായി ഇത് ഇവിടെ നോക്കൂ, ഇങ്ങനെയൊരാള്‍ കൂടി ഇവിടുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമാകും ചിലപ്പോള്‍ അത്.
Health
സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.
നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.
സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.
ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Health
ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.
Education
career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം
ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.
ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.
ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.
ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി
മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.
ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി
എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.
ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി
ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.
സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ