Connect with us

More

‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി പി.സി വിഷ്ണുനാഥ്

Published

on

തിരുവനന്തപുരം: ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഒരു ട്രെയിലര്‍ കണ്ടുമാത്രം മെക്‌സിക്കന്‍ അപാരതയെ വിലയിരുത്താനാകില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും ഉണ്ടെന്നത് വ്യക്തമാണെന്ന് വിഷ്ണുനാഥ് പറയുന്നു. ഫേസ്ബുക്കിലാണ് ചിത്രത്തിന് വിമര്‍ശനവുമായി വിഷ്ണുനാഥ് എത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു മെക്‌സിക്കന്‍ അപാരത’ തിയറ്ററുകളില്‍ എത്തുന്നു; രാഷ്ട്രീയ സിനിമകള്‍ ഒരുപാട് വന്നുപോയ നാടാണ് കേരളം. ഈനാട്, മീനമാസത്തിലെ സൂര്യന്‍, പഞ്ചവടിപ്പാലം, ലാല്‍സലാം, സന്ദേശം, പിറവി, മാന്യമഹാജനങ്ങളെ, അറബിക്കഥ തുടങ്ങി നിരവധിയെണ്ണം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ പട്ടികയില്‍ എണ്ണം പിടിച്ചിട്ടുണ്ട്. നല്ല പ്രമേയമാണെങ്കില്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെ പ്രബുദ്ധ പ്രേക്ഷകര്‍ക്കുള്ളത്.

ഒരു ട്രെയ്‌ലര്‍ കണ്ടതുകൊണ്ട് ‘മെക്‌സിക്കന്‍ അപാരത’യെ വിലയിരുത്താന്‍ പറ്റില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേര്‍ത്തിട്ടുണ്ട്. ‘സ്‌റ്റേജിന്റെ പിറകിലേക്ക് വാടാ’ എന്നൊക്കെയുള്ള ഡയലോഗില്‍ നിന്ന് ഈ സിനിമയുടെ സഞ്ചാരപഥമുള്‍പ്പെടെ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നത്. ഇനി മറിച്ചാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും, കാണാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതിനാല്‍ കാഴ്ചക്കാരുടെ ആസ്വാദനശേഷിക്ക് വിടും; ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരുവിധ അസഹിഷ്ണുതയുമില്ലെന്ന് ആദ്യമേ പറയട്ടെ.
പക്ഷെ മെക്‌സിക്കന്‍ അപാരതയുമായ് ബന്ധപ്പെട്ട് അതിന്റെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍, ഇതാണോ രാഷ്ട്രീയ സിനിമ എന്ന ചോദ്യമുയരുന്നു. അതിന് മറുപടി പറയാന്‍ ആദ്യം ചരിത്രം പഠിക്കണം. ചരിത്രം അറിയില്ലെങ്കില്‍ അത് തമസ്‌കരിക്കുകയല്ല, പഠിക്കുക തന്നെവേണം.

മഹാരാജാസിന്റെ ചരിത്രമല്ല ഈ സിനിമയെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. മഹാരാജാസിന്റെ ചരിത്രം എ കെ ആന്റണിയുടെയും വയലാര്‍ രവീന്ദ്രന്‍ എന്ന വയലാര്‍ രവിയുടെയും ചരിത്രമാണ്. ആ ചരിത്രത്തില്‍ നിന്നാണ് ഐക്യ കേരളത്തോളം ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയുണ്ടായത്‌കേരള വിദ്യാര്‍ത്ഥി യൂണിയന്‍.
ആ സംഘടനയുടെ ചരിത്രത്തിലാണ് അധ്യാപകര്‍ക്ക് ഡയറക്ട് പേയ്‌മെന്റിനുവേണ്ടി സമരം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് ഡിറ്റന്‍ഷനെതിരായ പ്രക്ഷോഭം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് 53 ദിവസം നീണ്ടുനിന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരായ ഏറ്റവും വലിയ വലിയ സമരം ആരംഭിച്ചത്. ആ സംഘടനയുടെ രണസ്മരണകള്‍ നെഞ്ചേറ്റിയാണ് ഫീസുകള്‍ ഏകീകരിക്കാനും സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കാനും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്; ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സിന്‍ഡിക്കേറ്റ് അംഗമായി ചിറ്റാര്‍ രാജന്‍ കടന്നുവന്നത്. ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി തലേക്കുന്നില്‍ ബഷീര്‍ സ്ഥാനമേറ്റത്. അങ്ങനെ ആ സംഘടനയ്ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പ്രഥമ ഇടം ഉണ്ടായിരുന്നു. ആ സംഘടനയാണ് കെ എസ് യു. അല്ലാതെ കെ എസ് എയുവിന്റെ ചരിത്രം ഏതെങ്കിലും ഒരു കോളജിന്റെ പശ്ചാത്തലത്തില്‍ വികലമാക്കി എഴുതാന്‍ ആരു വിചാരിച്ചാലും നടക്കില്ല.

കേരളത്തിലെ ക്യാംപസില്‍ ഇന്ന് കത്തുന്ന ഒരുപാട് രാഷ്ട്രീയ വിഷയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. അത് സ്വാശ്രയ ക്യാംപസുകളിലെ ഇടിമുറികളില്‍ കൊല്ലപ്പെട്ട ജിഷ്ണുപ്രണോയിയുടെ കഥ ഇത്തരം സിനിമകള്‍ സംസാരിക്കുന്നുണ്ടോ എന്നറിയില്ല; രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വന്നതിന്റെ പേരില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാവുന്ന ആണ്‍ കുട്ടയുടെ കഥ, ‘നീ നായരല്ലേ താഴ്ന്ന ജാതിക്കാരോട് സംസാരിക്കുന്നത് ശരിയാണോ’ എന്ന് ചോദിക്കുന്ന പ്രിന്‍സിപ്പല്‍മാരുടെ അടുക്കളയില്‍ ജോലി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ ഗതികേട്… അതൊക്കെയാണ് ഇന്നത്തെ ക്യാംപസിലെ രാഷ്ട്രീയം. ക്യാംപസ് പശ്ചാത്തലത്തില്‍ എടുത്തെന്ന് അവകാശപ്പെടുന്ന മെക്‌സിക്കന്‍ അപാരത മേല്‍പ്പറഞ്ഞ ക്യാംപസിന്റെ തീക്ഷ്ണ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് നമുക്ക് നോക്കാം; അതല്ല കണ്ണില്‍പൊടിയിടുന്ന പൈങ്കിളി മുദ്രാവാക്യവും ആക്രോശവുമാണെങ്കില്‍ അതിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിലാവും.

ഞാന്‍ ഏറ്റവും അടുത്തുകണ്ട മികച്ച രാഷ്ട്രീയ സിനിമ വെട്രിമാരന്റെ ‘വിസാരണെ’യാണ്; വ്യാജ ഏറ്റുമുട്ടലുകളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള പ്രമേയം. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി നേടിയ ചിത്രം. അത്തരം ഉള്‍ക്കാമ്പുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയ്ക്കിടയില്‍ പൈങ്കിളി പ്രമേയവും ചരിത്രവധവുമാടി തീര്‍ക്കാന്‍ ശ്രമിക്കുന്നത്, കാലഘട്ടത്തിനോടും ഒരു തലമുറയോടും ചെയ്യുന്ന അപരാധമാണ്.

കേരളത്തിലെ ക്യാംപസുകളില്‍ എസ് എഫ് ഐ ആകെ നാണം കെട്ടു നില്‍ക്കുന്ന അവസ്ഥയിലാണ്; ലോ അക്കാദമി സമരത്തില്‍ പ്രിന്‍സിപ്പലിനോടും അവരുടെ അടുക്കള ഭരണത്തോടും എസ് എഫ് ഐ കാണിച്ച കൂറ് നാം മറക്കില്ല; സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ആലേഖനം ചെയ്ത കൊടി ഉപയോഗിച്ച് കോളജ് അധികാരികളുടെ തീന്‍മേശ തുടയ്ക്കുന്ന കാര്‍ട്ടൂണ്‍വരച്ചത് മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റാണ്; കേരള സര്‍വകലാശാലയില്‍ സദാചാര ഗുണ്ടായിസത്തിനും മടപ്പള്ളി കോളജിലുള്‍പ്പെടെ ക്വാട്ടേഷന്‍ അക്രമണങ്ങള്‍ക്കും നേതൃത്വം കൊടുത്ത ഈ സംഘടന വിദ്യാര്‍ത്ഥി സമൂഹത്തിന് മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ആകെ നാണംകെട്ടു നില്‍ക്കുന്ന അവസ്ഥയില്‍ എസ് എഫ് ഐക്ക് കച്ചിത്തുരുമ്പാകാന്‍ ചലച്ചിത്ര കസര്‍ത്തുക്കളാല്‍ സാധിക്കുമോ? ഇല്ലെന്ന് നിസംശയം പറയാം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.