Features
കോവിഡ് കാലത്തും പുലര്‍ച്ചെ വന്നു നില്‍ക്കണം; ഒന്നര കിലോമീറ്റര്‍ കടന്നുവേണം കിട്ടാന്‍-ബിരിയാണി ക്യൂവില്‍ അന്തംവിട്ട് സോഷ്യല്‍ മീഡിയ
22 വര്‍ഷം മുമ്പാണ് ഞങ്ങള്‍ ഈ സ്റ്റാള്‍ തുറന്നതെന്ന്, ഭക്ഷണശാലയുടെ ഉടമ ആനന്ദ് പ്രതികരിച്ചു. ഒരു തരത്തിലുള്ള അസംസ്‌കൃത വസ്തുക്കളും ഞങ്ങള്‍ ബിരിയാണിയില്‍ ചേര്‍ക്കുന്നില്ല. ഒരു ദിവസം ആയിരം കിലോഗ്രാമില്‍ കൂടുതല്‍ ബിരിയാണി വിളമ്പുന്നുണ്ടിവിടെ, ആനന്ദ് പ്രതികരിച്ചു.
ബംഗളൂരു: കോവിഡ് രൂക്ഷമാവുന്ന കാലത്തും പുലര്‍ച്ചെ വന്നു സ്ഥാനം പിടിച്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരിനിന്നു ബിരിയാണിക്കായി കാത്തുനില്‍ക്കുതയാണ് ഭക്ഷണപ്രേമികള്‍. എല്ലാ ദിവസവും രാവിലെ ഹോസ്‌കോട്ടിലെ പ്രശസ്ത റെസ്റ്റോറന്റിന് ഇരുഭാഗത്തുമായി ആളുകള്‍ ബിരിയാണി വാങ്ങാന്‍ അണിനിരക്കുന്നതിന്റെ ക്യൂ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
എത്ര കഷ്ടപ്പെട്ടും കാത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന ആ ബിരിയാണി ഏതെന്ന് അറിയാനാണ് ആളുകള്‍ പരതുന്നത്. ബിരിയാണി കഴിക്കാനായി എത്തിയവരുടെ നീണ്ട നിര ഒന്നര കിലോമീറ്റര്‍ പിന്നിട്ടതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Queue for biryani at Hoskote, Bangalore. Send by @ijasonjoseph
Tell me what biryani this is and is it free? pic.twitter.com/XnUOZJJd2c— Kaveri 🇮🇳 (@ikaveri) September 26, 2020
പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ആരംഭിക്കുന്ന ക്യൂ കര്‍ണാടകയിലെ ഹാസ്‌കോട്ടെയിലെ പ്രശസ്തമായ ആനന്ദ് ദം ബിരിയാണി വില്‍പനശാലക്ക് മുന്നിലാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തുകൊണ്ടാണ് ഇത്രയും ദൂരം ആളുകള്‍ ക്യൂ നില്‍ക്കുന്നതെന്ന ചോദ്യമാണ് കമന്റുകളില്‍ നിറയെയുള്ളത്. കോവിഡ് ലോക്ക്‌ഡൌണ്‍ ഇളവുകളുടെ ഭാഗമായി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കര്‍ണാടകയില്‍ അനുമതി നല്‍കിയത് അടുത്തിടെയാണ്. ഇതോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി. ദൂരെ ദേശങ്ങളില്‍നിന്നുപോലും ബിരിയാണി കഴിക്കാനായി ഇവിടെ എത്തുന്നുണ്ട്.
‘ഞാന്‍ പുലര്‍ച്ചെ 4 മണിക്ക് ഇവിടെയെത്തി, പക്ഷേ ബിരിയാണിക്കായി നീണ്ട ക്യൂവുണ്ടായിരുന്നു അപ്പോഴും. രാവിലെ 6:30 നാണ് എന്റെ ഓര്‍ഡര്‍ ലഭിച്ചത്. അപാര ടെയ്സ്റ്റാണ് ഈ ബിരിയാണിക്ക്. എത്ര കാത്തിരുന്നു വാങ്ങിയാലും മുതലാവും, ഒരു ഉപഭോക്താവ് എഎന്‍ഐയോട് പറഞ്ഞു.
#WATCH Karnataka: People queue up at an eatery in Hoskote to buy biryani.
A customer says, "I came here at 4 am, but got my order at 6:30 am, as there's a long queue of about 1.5 km for biryani. The food is too delicious, it's worth the wait." pic.twitter.com/ThiT3zmEM6
— ANI (@ANI) October 11, 2020
‘ധാരാളം ആളുകള്‍ അവരുടെ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ ഞാന്‍ ഏകദേശം രണ്ട് മണിക്കൂറോളം ക്യൂവില്‍ നിന്നു. ആദ്യമായാണ് ഞാനിടെ, പക്ഷേ ഇവിടെ തയ്യാറാക്കിയ ബിരിയാണിയെക്കുറിച്ച് ഞാന്‍ വളരെയധികം കേട്ടിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയിലും പ്രശസ്തമാണ്, മറ്റൊരു ഉപഭോക്താവ് പറഞ്ഞു,
22 വര്‍ഷം മുമ്പാണ് ഞങ്ങള്‍ ഈ സ്റ്റാള്‍ തുറന്നതെന്ന്, ഭക്ഷണശാലയുടെ ഉടമ ആനന്ദ് പ്രതികരിച്ചു. ഒരു തരത്തിലുള്ള അസംസ്‌കൃത വസ്തുക്കളും ഞങ്ങള്‍ ബിരിയാണിയില്‍ ചേര്‍ക്കുന്നില്ല. ഒരു ദിവസം ആയിരം കിലോഗ്രാമില്‍ കൂടുതല്‍ ബിരിയാണി വിളമ്പുന്നുണ്ടിവിടെ, ആനന്ദ് പ്രതികരിച്ചു.
മട്ടണ്‍ ബിരിയാണിക്കാണ് ഇവിടെ ആവശ്യക്കാര്‍ കൂടുതലെന്നും ഞായറാഴ്ച ദിവസങ്ങളിലാണ് തിരക്ക് കൂടുതലെന്നും കടയുടമ പറയുന്നു. തലേദിവസം തന്നെ തയ്യാറാക്കുന്ന ബിരിയാണി കഴിക്കാനാണ് പുലര്‍ച്ചെ മുതല്‍ ഇവിടെ ക്യൂ നില്‍ക്കുന്നത്. പ്രാതലിനുള്ള ഇഷ്ട വിഭവമാണ് ആനന്ദിലെ മട്ടണ്‍ ബിരിയാണി. ലോക്ക്‌ഡൌണിന് മുമ്പുള്ളതില്‍ നിന്ന് വില്‍പന 25 ശതമാനം കൂടിയിട്ടുണ്ടെന്ന് കടയുടമ പറയുന്നു.
columns
യുക്രെയ്‌നെ കൈവിട്ട് മാളത്തിലൊളിച്ചവര്‍-എഡിറ്റോറിയല്‍
ഏറ്റുമുട്ടലിന്റെയും ഭീഷണിയുടെയും ഭാഷ ഒഴിവാക്കി പകത്വയോടെ സംസാരിക്കാന്‍ ഇനിയും സമയമുണ്ട്. അതിന് ഇനി ആര് മുന്‍കയ്യെടുക്കുമെന്നതാണ് പ്രധാന ചോദ്യം.
കയ്യൂക്കുള്ളവര്‍ ദുര്‍ബലരെ കടന്നാക്രമിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പുതുമയുള്ള കാര്യമല്ല. ഇറാഖും അഫ്ഗാനിസ്താനും അതിന്റെ ദുരന്തസാക്ഷികളാണ്. ഇരു രാജ്യങ്ങളിലും അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ അധിനിവേശം നടന്നപ്പോള്‍ ആരും എതിര്‍ക്കാനുണ്ടായില്ല. സാമ്പത്തികമായും ആയുധ ശേഷികൊണ്ടും ഏറെ പിന്നിലുള്ള ആ രാജ്യങ്ങളെ അമേരിക്കക്ക് അനായാസം കീഴ്‌പ്പെടുത്താന്‍ സാധിച്ചു. പാവപ്പെട്ട ഇറാഖികളെയും അഫ്ഗാനികളെയും കൊന്നു തള്ളി അമേരിക്ക ജേതാവിനെപ്പോലെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇപ്പോള്‍ റഷ്യയുടെ വായില്‍ കിടന്ന് യുക്രെയ്ന്‍ നിലവിളിക്കുമ്പോള്‍ സഹായത്തിന് ഒരാളും എത്തിനോക്കുന്നില്ല. യുദ്ധം തുടങ്ങിയതോടെ അമേരിക്കയും നാറ്റോയുമെല്ലാം മാളത്തിലേക്ക് വലിഞ്ഞിരിക്കുന്നു. റഷ്യയെപ്പോലൊരു വമ്പനോട് ഏറ്റുമുട്ടി തടി കേടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം നിലനില്‍പ്പും താല്‍പര്യങ്ങളുമാണ് അവര്‍ക്ക് വലുത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെതിരെ പോര്‍വിളി നടത്താനും സംഘര്‍ഷം ആളിക്കത്തിക്കാനും ഇതുവരെ അമേരിക്കയും നാറ്റോയുമുണ്ടായിരുന്നു. ഇപ്പോള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവും റഷ്യയുടെ കാല്‍കീഴില്‍ വരുമ്പോള്‍ പാശ്ചാത്യ ശക്തികള്‍ ഒളിച്ചോടുകയാണ്.
യുക്രെയ്ന്‍ പ്രതിസന്ധി യുദ്ധമായി വളര്‍ത്തിയതില്‍ അമേരിക്കക്കും സഖ്യരാജ്യങ്ങളും വലിയ പങ്കുണ്ട്. നയതന്ത്ര ശ്രമങ്ങള്‍ക്കിടെ റഷ്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നാറ്റോ സഖ്യം പുറംകാല്‍ കൊണ്ട് തട്ടിമാറ്റുകയാണ് ചെയ്തത്. യുക്രെയ്‌ന് നാറ്റോ അംഗത്വം കൊടുക്കരുതെന്ന് പുടിന്‍ ആവശ്യപ്പെട്ടപ്പോള്‍ പാശ്ചാത്യ ശക്തികള്‍ പ്രതികരിച്ചത് അല്‍പം ധിക്കാരത്തോടെയായിരുന്നു. ആരൊയൊക്കെ തള്ളണമെന്നും കൊള്ളണമെന്നും തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗിന്റെ മറുപടി. ഒന്നര ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ നടത്തിയ അത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുടിന് ഊര്‍ജം നല്‍കുകയാണ് ചെയ്തത്. യുദ്ധത്തിന് കോപ്പുകൂട്ടിയ അദ്ദേഹത്തിന് യുക്രെയ്‌നെ കടന്നാക്രമിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും അവസരം തുറന്നുകൊടുക്കുകയായിരുന്നു. സോവിയറ്റ് തകര്‍ച്ചക്കു ശേഷം കിഴക്കന്‍ യൂറോപ്പില്‍ വേരുറപ്പിക്കാനാണ് നാറ്റോ ശ്രമിച്ചത്. 1989ല്‍ അന്നത്തെ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന് അമേരിക്ക നല്‍കിയ വാഗ്ദാനം നാറ്റോ ലംഘിക്കുകയായിരുന്നു. 1994ലും 1997ലും ഒപ്പുവെച്ച കരാറുകള്‍ പ്രകാരം റഷ്യക്ക് ഒരുതരത്തിലും ഭീഷണി സൃഷ്ടിക്കില്ലെന്ന് നാറ്റോ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളെ ആയുധമണിയിക്കാനും അവര്‍ക്ക് നാറ്റോയില്‍ അംഗത്വം നല്‍കാനും പാശ്ചാത്യ ശക്തികള്‍ ധൃതികാട്ടിയത് റഷ്യ മുതലെടുത്തെങ്കില്‍ അത്ഭുതപ്പെടാനില്ല. യുക്രെയ്‌നില്‍നിന്നുള്ള നാറ്റോ മിസൈലുകള്‍ക്ക് മോസ്‌കോയിലെത്താന്‍ അഞ്ചു മിനുട്ടു മതി. ഇതൊക്കെയും ചൂണ്ടിക്കാട്ടിയാണ് പുടിന്‍ യുക്രെയ്‌നെ മുന്നില്‍ വെച്ച് വില പേശിയത്. പക്ഷേ, റഷ്യയുടെ തന്ത്രങ്ങള്‍ തിരിച്ചറിയുന്നതില്‍ അമേരിക്കയും ബ്രിട്ടനും നാറ്റോ രാജ്യങ്ങളും പരാജയപ്പെട്ടു.
അധിനിവേശത്തിന് ഒരുങ്ങിപ്പുറപ്പെട്ട റഷ്യ പാശ്ചാത്യ നീക്കങ്ങള്‍ എന്താണെന്ന് പരിശോധിച്ചു മനസ്സിലാക്കിയ ശേഷമാണ് യുക്രെയ്‌നെ കടന്നാക്രമിച്ചത്. റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ യൂറോപ്പില്‍ ആര്‍ക്കും ചങ്കുറപ്പില്ലെന്ന് പുടിന്‍ തിരിച്ചറിഞ്ഞിരുന്നു. റഷ്യയെ തൊട്ടാലുള്ള സ്ഥിതി ഇറാഖിനെയും അഫ്ഗാനിസ്താനെയും ചുട്ടെരിച്ചതുപോലെ ആയിരിക്കില്ല. നാറ്റോ അംഗങ്ങളില്‍ ദുര്‍ബലരായ ലിത്വാനിയയും ഡെന്മാര്‍ക്കും പോര്‍വിമാനങ്ങള്‍ അയച്ച് എരിതീയില്‍ എണ്ണയൊഴിച്ചതല്ലാതെ ബുദ്ധിപരമായി നീങ്ങിയില്ല. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെക്കാള്‍ യുദ്ധത്തെക്കുറിച്ച് സംസാരിച്ചത് യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ്. ആദ്യമൊക്കെ വീരവാദങ്ങള്‍ മുഴക്കിയ അമേരിക്കയും ബ്രിട്ടനും ഉപരോധങ്ങളേര്‍പ്പെടുത്തുമെന്ന് പറഞ്ഞ് പത്തി മടക്കിയത് പുടിന് ആത്മബലം നല്‍കുകയാണ് ചെയ്തത്. ഭീഷണികള്‍ക്കപ്പുറം ഉപരോധങ്ങള്‍ പോകില്ലെന്ന് അദ്ദേഹത്തിന് അറിയാം. റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ അന്താരാഷ്ട്ര തലത്തിലുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ ലോകത്തെ മുഴുക്കെയും ബാധിക്കുമെന്ന് ഉറപ്പാണ്. ക്രൂഡോയില്‍ വില കുതിച്ചുയരുന്നതോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം യു.എസിനെയും കുരുക്കിലാക്കും.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് പ്രധാന കാരണക്കാരന്‍ ബൈഡനാണെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. അവസാന നിമിഷം വരെയും യുക്രെയ്‌നോടൊപ്പം നിന്ന യു.എസ് അടിയന്തര ഘട്ടത്തില്‍ കൈവിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൗനം പാലിച്ചിരുന്ന ചൈന ഇപ്പോള്‍ റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വാഭാവികമായും വന്‍ശക്തികള്‍ ഇരുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തിന്റെ ഗതി എന്താകുമെന്ന് പറയാന്‍ സാധിക്കില്ല. രണ്ടാം ലോക യുദ്ധത്തിന് ശേഷം യൂറോപ്പ് ഇത്തരൊരു പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ആദ്യമാണ്. യുക്രെയ്‌നെ വിഴുങ്ങാന്‍ തന്നെയാണ് റഷ്യയുടെ തീരുമാനം. അതില്‍നിന്ന് അവരെ തടയാന്‍ ബാഹ്യശക്തികള്‍ നടത്തുന്ന ഏതൊരു സായുധ ഇടപെടലും വന്‍ ദുരന്തമാണ്ടാക്കും. ഏറ്റുമുട്ടലിന്റെയും ഭീഷണിയുടെയും ഭാഷ ഒഴിവാക്കി പകത്വയോടെ സംസാരിക്കാന്‍ ഇനിയും സമയമുണ്ട്. അതിന് ഇനി ആര് മുന്‍കയ്യെടുക്കുമെന്നതാണ് പ്രധാന ചോദ്യം.
Features
കാസര്‍കോട് വെടിവെപ്പിന് 12 വര്‍ഷം
ആകാശംമുട്ടെ ആവേശവുമായി ഹൃദയത്തില്‍ കൂടുകെട്ടിയ പ്രിയ നേതാക്കളെ കാണാനും അവരെ കേള്‍ക്കാനുമാണ് കാസര്‍കോട് ജില്ലയുടെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ ജനസഞ്ചയത്തിന് നേരെ പൊലീസ് അകാരണമായി നിറയൊഴിച്ചതിന്റെ സ്മരണങ്ങള്‍ ഇന്നും മനസ്സില്‍ മായാതെയുണ്ട്.
അഡ്വ എം ടി പി എ കരീം
പന്ത്രണ്ടു വര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് സമൂഹ മന:സാക്ഷിയെ പിടിച്ചുലച്ച കാസര്‍കോട് വെടിവെപ്പ് നടന്നത്. ആകാശംമുട്ടെ ആവേശവുമായി ഹൃദയത്തില്‍ കൂടുകെട്ടിയ പ്രിയ നേതാക്കളെ കാണാനും അവരെ കേള്‍ക്കാനുമാണ് കാസര്‍കോട് ജില്ലയുടെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ ജനസഞ്ചയത്തിന് നേരെ പൊലീസ് അകാരണമായി നിറയൊഴിച്ചതിന്റെ സ്മരണങ്ങള്‍ ഇന്നും മനസ്സില്‍ മായാതെയുണ്ട്.മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായി വീണ്ടും അവരോധിതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും 2009 നവംബര്‍ 15ന് വൈകിട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ സമ്മേളനത്തിനെത്തിയ ജനകൂട്ടത്തിന് നേര്‍ക്കാണ് ഇടത് ഭരണകൂടത്തിന്റെ വര്‍ഗീയ മുഖം മൂടിയണിഞ്ഞ കാക്കി വേഷധാരികള്‍ തലങ്ങും വിലങ്ങും നിറയൊഴിച്ചത്.
സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച ലീഗണികളുടെ ഒഴുക്കാണ് സമ്മേളത്തിലുടനീളം ദൃശ്യമായത്. ഇതില്‍ അസ്വസ്ഥരായത് കാസര്‍കോട്ടെ സംഘ് പരിവാരങ്ങള്‍ മാത്രമല്ല ,സംഘി മനസ്സും കാക്കി യൂണിഫോമും ധരിച്ച ജില്ലാ പൊലീസ് മേധാവി രാംദാസ് പോത്തന്‍ കൂടിയായിരുന്നു.പ്രിയ നേതാക്കളെ കാണാനും ,അവരുടെ പ്രസംഗം ശ്രവിക്കാനും പ്രത്യേക വാഹനത്തില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ ചെറുവത്തൂര്‍ കൈതക്കാട്ടെ ഷഫീഖിനെ യാതൊരു പ്രകോപനവുമില്ലാതെയാണ് ക്രമസമാധാനം കാക്കാന്‍ ബാധ്യതയുള്ള ജില്ലാ പൊലീസ് മേധാവി വെടിവെച്ചു കൊലപ്പെടുത്തിയത്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നാലുപാടും ചിതറിയോടിയ പ്രവര്‍ത്തകരില്‍ ഒരാളായ ആരിക്കാടിയിലെ അസ്ഹറിനെ നഗരത്തിലെ ബി ജെ പി കേന്ദ്രമായ കറന്തക്കാട് വെച്ച് സംഘ് പരിവാര്‍ ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്തയും അല്പം കഴിഞ്ഞെത്തി. രണ്ടു കുടുംബങ്ങളുടെ അത്താണികളായിരുന്ന വിലപ്പെട്ട രണ്ട് ജീവനുകളാണ് സംഘി മനസ്സുള്ള പൊലീസ് ചീഫും സംഘ് പരിവാര്‍ ഗുണ്ടകളും കൂടി കവര്‍ന്നെടുത്തത്. ഭരണകൂടത്തിന്റെ ജനാധിപത്യ അവകാശ നിഷേധത്തിനും ഔദ്യോഗിക തലത്തിലുള്ളവരുടെ കുടില മനസിനുമെതിരെ കൂടുതല്‍ ഐക്യപ്പെടാന്‍ ഷഫീഖ്- അസ്ഹര്‍ ഓര്‍മദിനം പ്രചോദനമാകണം. ഇളംപ്രായത്തില്‍ ഞെട്ടറ്റ് പോയ പ്രിയ സോദരരുടെ മരിക്കാത്ത ഓര്‍മകള്‍ ഭരണകൂടത്തിന്റെ നെറികേടുകള്‍ക്കെതിരെയുള്ള തീജ്വാലയായി എന്നും അവശേഷിക്കുക തന്നെ ചെയ്യും.
Article
ജീവിതം പഠിപ്പിക്കുന്ന അധ്യാപകര്‍
അജ്ഞതയുടെ അന്ധകാരം നീക്കി മനസ്സില്‍ വെളിച്ചം തെളിക്കുന്ന ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ലോക തലത്തില്‍ അറിയപ്പെടുന്ന പല മഹാ ന്മാരെയും കണ്ടെത്തിയത് അധ്യാപകരാണ്. ജീവിതം തന്നതിന് മാതാപിതാക്കളോടും ജീവിക്കാന്‍ പഠിപ്പിച്ചതിന് അധ്യാപകനോടും കടപ്പെട്ടിരിക്കുന്നുവെന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പ്രസ്താവ്യം എക്കാലത്തെയും മികച്ച അധ്യാപകര്‍ക്കുള്ള അംഗീകാരപത്രം കൂടിയാണ്. മാനവരാശിക്ക് ദിശാബോധം നല്‍കിയ പ്രവാചകന്മാര്‍ ഉള്‍പ്പെടെയുള്ള മഹത് വ്യക്തികള്‍ മികച്ച അധ്യാപകര്‍കൂടിയായിരുന്നു. ഇന്ത്യയെ കെട്ടിപ്പടുത്ത ഒട്ടേറെ ധിഷണാശാലികളും അധ്യാപകവൃത്തിയില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയവരാണ്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനനുമായ എ.പി.ജെ അബ്ദുല്‍കലാം വിവിധ യൂണിവേഴ്‌സിറ്റികളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. രാഷ്ട്രപതി പദവിയില്‍നിന്നും വിരമിച്ചതിന്‌ശേഷവും അധ്യാപക ലോകത്തേക്കാണ് അദ്ദേഹം മടങ്ങിയത്. ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കലാമിന്റെ മരണം പോലും സംഭവിച്ചത്. പ്രധാനമന്ത്രി, ധനകാര്യ മന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തുടങ്ങിയ പദവിയിലെത്തുന്നതിനുമുമ്പ് ഡോ. മന്‍മോഹന്‍സിങ് പഞ്ചാബ് സര്‍വകലാശാലയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിന്റെ യശസ് ലോകത്തോളം ഉയര്‍ത്തിയ മുന്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായിരുന്ന കെ.ആര്‍ നാരായണന്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയും അലങ്കരിച്ചിരുന്നു. മുന്‍ രാഷ്ട്രപതിയും ഓക്‌സ്‌ഫോര്‍ഡ് സര്‍വ കലാശാലയിലെ കേളികേട്ട അധ്യാപകന്‍കൂടിയായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചാണ് ഇന്ത്യയില്‍ ദേശീയ അധ്യാപകദിനമായി കൊണ്ടാടുന്നത്.
അജ്ഞതയുടെ അന്ധകാരം നീക്കി മനസ്സില്‍ വെളിച്ചം തെളിക്കുന്ന ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്. കുട്ടികളെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്നത് അധ്യാപകരാണ്. അധ്യാപനം കേവലം ഒരു തൊഴിലല്ല. സാമൂഹ്യ നായകത്വ പദവിയാണ്. ഒരു ശില്‍പി തന്റെ കയ്യില്‍ കിട്ടിയ കളിമണ്ണ് കുഴച്ച് ശില്‍പം നിര്‍മിക്കുമ്പോള്‍ അത് ജീവസ്സുറ്റതായി മാറണമെങ്കില്‍ അതീവ ശ്രദ്ധയും കരുതലും ആവശ്യമാണ്. അതേ വിധം തങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ഓരോ അധ്യാപകനും ശ്രദ്ധാലുവാകണം. ക്ലാസ് മുറികളിലെ കുട്ടികള്‍ ഒരേ അച്ചില്‍ വാര്‍ത്തവരല്ല. അവരുടെ അഭിരുചികള്‍ വ്യത്യസ്തമാണ്. പഠനത്തില്‍ മികവു പുലര്‍ത്തുന്നവരെയും പാഠ്യേതര വിഷയങ്ങളില്‍ ശോഭിക്കാന്‍ കഴിയുന്നവരെയും ലക്ഷണങ്ങള്‍ വഴി ഓരോ അധ്യാപകനും തിരിച്ചറിയണം. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ളവരും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍പെട്ടവരുമായ വിദ്യാര്‍ത്ഥികളെ തലോടുന്നതില്‍ ഒട്ടും തന്നെ പിശുക്ക് പാടില്ല.
ഏകാധിപതികളെ പോലെ പെരുമാറുന്നതിന് പകരം ഗുരുനാഥന്മാര്‍ ജനാധിപത്യ ശൈലിയും ശീലിക്കണം. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ശിഷ്യര്‍ തെറ്റു ചെയ്താല്‍ കണ്ണടക്കുകയും അതേ തെറ്റു മറ്റുള്ളവര്‍ ചെയ്താല്‍ ആക്രോശിക്കുകയും ചെയ്യുമ്പോള്‍ സൃഷ്ടിക്കുന്ന വിവേചനത്തിന്റെയും അനീതിയുടെയും മുറിവുണക്കാന്‍ വൈദ്യശാസ്ത്രത്തിലെ ലേപനം മതിയാവില്ല. അധ്യാപകരുടെ അഭിനന്ദനം ടോണിക്കിന് സമമാണ്. മിടുക്കനെന്നോ മിടുക്കിയെന്നോ അധ്യാപകര്‍ പറയുന്ന വാക്കുകളോട് കിടപിടിക്കുന്ന ഒരാവാര്‍ഡും ലോകത്തിലില്ല.
വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ ക്ലാസ്മുറികളിലെ അധ്യാപകനു കഴിയുന്നില്ലെങ്കില്‍ അവരും ഗൂഗിള്‍ മീറ്റും വാട്‌സാപ്പും സൂമും വെര്‍ച്ചല്‍വൈറ്റ് ബോര്‍ഡും ഉപയോഗിച്ച് അധ്യാപനം നടത്തുന്ന ക്യാമറ ക്ലാസിലെ അധ്യാപകരും തമ്മില്‍ തുല്യരായിമാറും. അറിവുകള്‍ അധ്യാപകരില്‍നിന്നു മാത്രമല്ല നൂതന സാങ്കേതിക വിദ്യകള്‍ വഴിയും കരഗതമാക്കാന്‍ സാധിക്കും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, പരിശീലന കേന്ദ്രങ്ങള്‍ എല്ലാം രണ്ടു വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ അധ്യയനമോ പരീക്ഷയോ അനുമോദന ചടങ്ങുകളോ മുടങ്ങിയിട്ടുമില്ല. സാങ്കേതിക മികവിന്റെ സഹായത്താല്‍ ക്ലാസ്മുറികള്‍ സൃഷ്ടിക്കാനും പാഠ്യവിഷയങ്ങള്‍ പഠിതാവിന്റെ കൈവെള്ളയിലോ മേശപ്പുറത്തോ എത്തിക്കാനും വീടുകള്‍ വിദ്യാലയമാക്കാനും വിവിധ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എവിടെയും എപ്പോഴും പഠിക്കാമെന്ന ഓണ്‍ലൈന്‍ ആശയത്തിന്റെ സാധ്യതകള്‍ ഭാവിയിലും തള്ളികളയാനാവില്ല. നാല്‍പ്പതു പേര്‍ക്കു ക്ലാസുകള്‍ നല്‍കിയിരുന്ന അധ്യാപകന്റെ സ്ഥാനം നൂറ് കണക്കിനാളുകളുടെ സാന്നിധ്യമുളള വെര്‍ച്വല്‍ പ്രതലത്തിലേക്ക് മാറുമ്പോള്‍ തന്നെ മാനവീകതക്ക് ക്ഷതം സൃഷ്ടിക്കുന്ന പ്രവണതകള്‍ തലപൊക്കി തുടങ്ങിയതും ആശങ്കാജനകമാണ്.
മനുഷ്യന്റെ നിലനില്‍പ്പിന് യന്ത്രങ്ങളുടെ കോഡുകള്‍ മാത്രം മതിയാവില്ലന്ന പാഠം കൂടിയാണ് കൊറോണ വൈറസ് മനുഷ്യനെ പഠിപ്പിച്ചത്. കേരളത്തില്‍പോലും 160 ലേറെ വിദ്യാര്‍ത്ഥികള്‍ കോവിഡ് കാലയളവില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. പഠനത്തില്‍ മുന്‍പന്തിയിലുള്ളവര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ ഉള്‍പ്പെട്ടവര്‍, രാഷ്ട്രപതി മെഡല്‍ നേടിയവര്‍വരെ ആത്മഹത്യ ചെയ്തതായാണ് ശ്രീലേഖ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. നിരാശ, ഒറ്റപ്പെടല്‍, സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് കുട്ടികളെ നയിച്ചത്. കനിവിന്റെ ഭാഷ കൈവശമുള്ള അധ്യാപകരുടെ അസാന്നിധ്യവും കൂട്ടുകാരുമായുള്ള സഹവാസത്തിന്റെ വാതിലുകള്‍ അടഞ്ഞതുമാണ് ആത്മഹത്യക്ക് കാരണമായി മനശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അക്ഷരങ്ങളും അക്കങ്ങളും ശരീരത്തിന്റെ ഘടനയും ഭൂമിയുടെ കിടപ്പും മാത്രമല്ല സ്‌കൂളുകളില്‍വെച്ച് അധ്യാപകര്‍ പഠിപ്പിക്കാറുള്ളത്. നൈതികത , ക്ഷമ, കാരുണ്യം, ആര്‍ദ്രത, നേതൃത്വ ഗുണം, വിട്ടുവീഴ്ച, സാഹോദ്യര്യം, വിനയം, സഹിഷ്ണുത, മതേതരത്വം, ജനാധിപത്യ ബോധം തുടങ്ങി സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ ജീവിത പാഠങ്ങള്‍ കൂടിയാണ് ഓരോ അധ്യാപകരും ക്ലാസ്മുറികളില്‍ വെച്ച് പഠിപ്പിക്കാറുള്ളത്. സ്‌കൂളില്‍ പോകാനും ഗുരുനാഥന്മാരുടെ തലോടലിനുമായി കുരുന്നു ഹൃദയങ്ങള്‍ രണ്ട് വര്‍ഷമായി പ്രാര്‍ത്ഥനയിലാണ്. ഇതാ എന്റെ അധ്യാപകന്‍ എന്ന് ഒരു കുരുന്ന് എന്നെ ചൂണ്ടികാട്ടുമ്പോള്‍ എന്റെ ഹൃദയം സംഗീതം പൊഴിക്കുന്നു. അമേരിക്കന്‍ നോവലിസ്റ്റ് പാറ്റ് കോണ്‍ റോയ് അഭിപ്രായപ്പെട്ടതു പോലെ തന്റെ ജീവിതത്തില്‍ ദിശാബോധം നല്‍കിയ മഹാനായ അധ്യാപകനാണെന്ന് ശിഷ്യഗണങ്ങള്‍ ഏറ്റുപറയാന്‍ പാകത്തിലേക്ക് ഉയരാനും ഓരോ അധ്യാപകനും കഴിയേണ്ടതുണ്ട്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ