Connect with us

kerala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കെ.പി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം

മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. രാജ്യദ്രോഹക്കുറ്റമാണ് ഇവിടെ ആരോപിക്കപ്പെടുന്നത്

Published

on

1. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക് ഉണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമാകുന്നത്. ഇത് സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യ മൊഴിയിലെ വിവരങ്ങള്‍ ആണ്.

2. ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. രാജ്യദ്രോഹക്കുറ്റമാണ് ഇവിടെ ആരോപിക്കപ്പെടുന്നത്.

3. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി, അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ട് രണ്ട് മാസത്തില്‍ ഏറെയായി. എന്നിട്ടും മുഖ്യമന്ത്രിക്കും, മറ്റ് മറ്റ് മന്ത്രിമാര്‍ക്കും എതിരെ എന്ത് കൊണ്ട് ഇത് വരെ ഒരു നടപടിയും ഉണ്ടായില്ല.

4. ഞെട്ടിക്കുന്ന ഈ തെളിവ് കയ്യില്‍ ഉണ്ടായപ്പോഴും, അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്.

5. ഇത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ്? മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ്, കേസ് അപ്പാടെ മരവിപ്പിക്കപ്പെട്ടത്.

6. ഇത് മുഖ്യമന്ത്രിയും, ബി ജെ പി യും തമ്മില്‍ ഉള്ള ഒത്തുകളിയാണ്.

7. സംസ്ഥാനത്ത് സി പി എമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തു വന്നതോടെ അത് മറച്ച് പിടിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

8. ബി ജെ പിയുമായുള്ള സിപിഎമ്മിന്റെ ബാന്ധവം മറച്ചു പിടിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ മേല്‍ അദ്ദേഹം കുതിര കയറാന്‍ ശ്രമിക്കുന്നത്.

9. ബിജെപിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ഞാനെന്നാണ് അദ്ദേഹം പറയുന്നത്.

10. കട കാലിയാക്കലല്ല, കേരളത്തെ തന്നെ കാലിയാക്കുന്ന വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയന്‍?

11. 5000 കോടി രൂപയ്ക്കാണ് കേരളത്തിന്റെ മത്സ്യ സമ്പത്ത് ആകെ ഒരു അമേരിക്കന്‍ കമ്പനിക്ക് അദ്ദേഹം വില്‍ക്കാന്‍ നോക്കിയത്.

12. മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാന്‍ മാത്രമല്ല, കേരളീയരുടെ ഇഷ്ടവിഭവമായ മല്‍സ്യത്തെ ചില്ലറ കാശിന് നാടുകടത്താനും ശ്രമിച്ചയാളാണ് അദ്ദേഹം.

13. കേരളത്തില്‍ കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ കേരളീയരുടെ ആരോഗ്യവിവരം മറ്റൊരു അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് രഹസ്യമായി മറിച്ച് വില്‍പ്പന നടത്താന്‍ നോക്കിയ ആളാണല്ലോ അദ്ദേഹം? അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലയ്ക്ക് വിറ്റുകളയും.

14. അങ്ങിനെ കട കാലിയാക്കല്‍ വില്‍പ്പനയില്‍ മികവ് തെളിയിച്ച ആളാണ് മുഖ്യമന്ത്രി.

15. കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് അദ്ദേഹം വിലപിക്കുന്നത്. പുതച്ചേരിയുടെ കാര്യം അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു.

16. എന്നാല്‍ പശ്ചിമബംഗാളിന്റെ കാര്യം അദ്ദേഹം എന്താണ് മറന്നു പോയത്? മറവി രോഗം മുഖ്യമന്ത്രിക്ക് പിടിപെട്ടിട്ടുണ്ടോ? പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അങ്ങിനെ തന്നെ ബി ജെ പി ഓഫീസുകളായില്ലേ?

17. പശ്ചിമ ബംഗാളില്‍ സി പിഎം എം എല്‍ എ മാര്‍ ബി ജെ പിയില്‍ ചേരാന്‍ ക്യു നില്‍ക്കുകയാണ്.

18. അമിത്ഷായുടെ റാലിയില്‍വച്ചാണ് സി പി എമ്മിന്റെ എം എല്‍ എ ഹല്‍ദാ തപ്‌സിക്കും അനുയായികളും ആഘോഷപൂര്‍വ്വം ബി ജെ പിയില്‍ ചേര്‍ന്നത്.

19. സ്വദേശ് നായക് എന്ന മറ്റൊരു സിപിഎം എം എല്‍ എ 1000 പ്രവര്‍ത്തകരുമായാണ് ഈസ്റ്റ് മിഡ്‌നാപ്പൂരില്‍ ബിജെപിയില്‍ ചേര്‍ന്നത്.

20. മുന്‍ സിപിഎം എംഎല്‍എ നികുഞ്ച് പയ്കിന്റെ നേതൃത്വത്തില്‍ മൂവായിരം സി പിഎം പ്രവര്‍ത്തകര്‍ ബിജെ പി ആസ്ഥാനത്ത് ചെന്നാണ് മെമ്പര്‍ഷിപ്പ് എടുത്തത്.

21. ജ്യോതിര്‍ മയി സിക്ദര്‍ എന്ന സിപിഎമ്മിന്റെ എം പി ഇപ്പോള്‍ എവിടെയാണ്? ജൂണില്‍ അവര്‍ ബി ജെ പിയിലേക്ക് പോയില്ലേ?

22. നാല്‍പ്പത് വര്‍ഷം സി പി എം നേതാവായിരുന്ന ഖഗേന്‍ മര്‍മ്മു ബി ജെ പിയില്‍ ചേര്‍ന്നത് പിണറായി അറിഞ്ഞില്ലന്നുണ്ടോ. അദ്ദേഹമിപ്പോള്‍ നോര്‍ത്ത് മാള്‍ഡയിലെ ബി ജെ പി എം പിയാണ്.

23. തൃപുരയിലാണെങ്കില്‍ സി പിഎം നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയായാണ്. ഹാല്‍ദിയ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ താപസി മണ്ഡല്‍ , സി പി എമ്മിന്റെ സീനിയര്‍ നേതാവും മുന്‍ എം എല്‍ എയുമായ ബിശ്വജിത്ത് ദത്ത, മുന്‍ അസംബ്‌ളി സ്പീക്കര്‍ ജിതേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവരെല്ലാം ബി ജെ പിയിലേക്ക് ചുവട് മാറിക്കഴിഞ്ഞവിവരവും പിണറായി അറിഞ്ഞില്ലേ? ഇവരെല്ലാം പിണറായിപ്പോലെ തന്നെ സീനയര്‍ ആയ സിപിഎം നേതാക്കളാണെന്നോര്‍ക്കണം.

24. അപ്പോള്‍ ബി ജെ പിയിലേക്ക് കടകാലിയാക്കാല്‍ വില്‍പ്പന നടത്തുന്നത് ആരാണെന്ന് വ്യക്തമായല്ലോ.?

25. എന്തിന് പശ്ചിമ ബംഗാളില്‍ പോകണം. ഇവിടെ ഈ തലസ്ഥാനത്ത് സിപിഎമ്മിന്റെ കോവളം ഏരിയ കമ്മിറ്റിക്ക് കീഴിയിലെ രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ അപ്പാടെ ബിജെപിയില്‍ ചേര്‍ന്നില്ലേ?

26. സി.പി.എമ്മിന്റെ തോട്ടം, വെള്ളിക്കുന്ന് ബ്രാഞ്ച് കമ്മിറ്റികളാണ് അപ്പാടെ ബിജെപിയില്‍ ചേര്‍ന്നത്. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി ജെ പി കാര്യാലയമായി മാറി. പെയിന്റ് മാറിയടിക്കേണ്ട കാര്യം പോലുമുണ്ടായില്ല.

27. ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചക്ക് സിപിഎം നല്‍കിയ സംഭാവനകള്‍ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

28. 1989 ല്‍ രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സിപിഎമ്മും ഇടതു കക്ഷികളും, ബിജെപിയും അന്നത്തെ വി പി സിംഗിന്റെ ജനതാദളുമായി ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ നടത്തിയ ഗൂഡാലോചനയാണ് ഇന്ത്യയില്‍ ബിജെപി യെ വന്‍ശക്തിയാക്കി മാറ്റിയത്. ഡല്‍ഹിയിലെ അന്നത്തെ അത്താഴ വിരുന്നുകളിലും അന്തിചര്‍ച്ചകളിലും വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്ന് പുറം തള്ളാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് സി.പി.എം നേതാക്കളായിരുന്നു.

29. ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു അന്ന് ഇഎംഎസിന്റെ വാദം. അതിനായി അന്നവര്‍ കൂട്ടുപിടിച്ച ചെകുത്താന്‍ ഇന്ന് ഇന്ത്യയയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.

30. 84 ല്‍ കേവലം രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് 1989 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 88 സീറ്റായിരുന്നു. സിപിഎമ്മും ഇടതു കക്ഷികളും വി പി സിംഗിന്റെ ജനതാദളും ചേര്‍ന്നുണ്ടാക്കിയ ദേശീയ മുന്നണിയാണ് ബി.ജെ.പിയുടെ തേരോട്ടത്തിന് ഇന്ത്യയില്‍ മൈതാനമൊരുക്കിക്കൊടുത്തത്. ആര്‍ എസ് എസും സിപിഎമ്മും പുറത്ത് നിന്ന് പിന്തുണച്ച സര്‍ക്കാരായിരുന്നു ആ സര്‍ക്കാര്‍.

31. 1977 ല്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അന്നത്തെ ജനസംഘം ലയിച്ച് ചേര്‍ന്ന ജനതാപാര്‍ട്ടിയുമായായിരുന്നു സി പി എമ്മിന് സഖ്യം. അങ്ങനെയാണ് കൂത്തുപറമ്പില്‍ 77 ലെ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് വേണ്ടി കെ ജി മാരാര്‍ അടക്കമുള്ള ആര്‍.എസ്.എസ് നേതാക്കള്‍ വോട്ട് പിടിച്ചത്.

32. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വോട്ട് വാങ്ങി ജയിച്ച പിണറായി ഇപ്പോള്‍ ഇതൊക്കെ പറയുന്നത് തമാശയാണ്.

33. ഇപ്പോള്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന സഖ്യവും ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്.

34. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തറപറ്റിക്കുന്നതിനാണ് സിപിഎം ബിജെപിയുമായി കൈകോര്‍ത്തിരിക്കുന്നത്.

35. മുസ്‌ളീം ലീഗിനെ സി.പി.എം നേതാക്കള്‍ വര്‍ഗ്ഗീയത കലര്‍ത്തി ആക്രമിക്കുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം.

36. ആര്‍.എസ്.എസിന്റെയും സിപിഎമ്മിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സ്വാമിക്ക് തിരുവനന്തപുരം നഗരത്തില്‍ നാല് ഏക്കര്‍ സ്ഥലം നല്‍കിയത് പിണറായിയുടെ ആര്‍ എസ് എസ് പ്രീണനത്തിന് തെളിവാണ്.

37. 17.5 കോടി രൂപയുടെ ഭൂമിയാണ് പിണറായി നല്‍കിയത്.

38. എന്നിട്ടും കോണ്‍ഗ്രസിന് മേല്‍ പഴിചാരാന്‍ ശ്രമിക്കുന്ന പിണറായിയുടെ തൊലിക്കട്ടി സമ്മതിക്കണം.

39. കിഫ്ബിയുടെ മസാല ബോണ്ടിന്‍ മേല്‍ ഇപ്പോള്‍ ഇ ഡി നടത്തുന്ന അന്വേഷണം സിപിഎം ബിജെപി ബാന്ധവത്തിന്റെ തുടര്‍ച്ച തന്നെയാണ്.

40. ‘ഇതാ കേരളത്തിന്റെ വികസനത്തെ അട്ടിമറിച്ചേ’ എന്ന് ഈ തിരഞ്ഞെടുപ്പ് കാലത്ത് നിലവിളിക്കാന്‍ സി പിഎമ്മിന് അവസരമുണ്ടാക്കിക്കൊടുക്കാനുള്ള ഒത്തു കളിയാണ്.

41. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്ന് വര്‍ഷം മുമ്പ് തന്നെ കോണ്‍ഗ്രസും യുഡിഎഫും ചൂണ്ടിക്കാട്ടിയിരുന്നതാണ്.

42. നിയമസഭക്ക് അകത്തും പുറത്തും തെളിവ് സഹിതം ഞങ്ങള്‍ അത് പറഞ്ഞു. അന്ന് കേന്ദ്ര സര്‍ക്കാരോ ഇ ഡി യോ അനങ്ങിയോ?

43. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വെളിപാടുണ്ടായത് പോലെ ഇ ഡി അന്വേഷണവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഗൂഡ ഉദ്ദേശത്തോടെയാണ്.

44. പിണറായി സര്‍ക്കാര്‍ ഭരണഘടന ലംഘിക്കുന്നത് ഇതാദ്യമല്ല. സ്പ്രിംഗ്‌ളര്‍ ഇടപാടിലും നടന്നത് ഭരണഘടനാ ലംഘനം തന്നെയായിരുന്നു. ലൈഫ്മിഷനില്‍ വടക്കാഞ്ചേരി പദ്ധതിയില്‍ ഭരണഘടാനാ ലംഘനമാണ് നടന്നത്. യുഎഇ കോണ്‍സുലേറ്റിലെ മന്ത്രിമാരുടെ ഇടപാടുകളില്‍ ടന്നത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ?

45. എന്നിട്ട് കേന്ദ്ര സര്‍ക്കാരോ കേന്ദ്ര ഏജന്‍സികളോ എന്തെങ്കിലും ചെയ്‌തോ?

മറ്റേതെങ്കിലും ബി.ജെ.പി ഇതര സര്‍ക്കാരായിരുന്നെങ്കില്‍ ഇവരെ വച്ചേക്കുമായിരുന്നോ?

46. അതാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. നിരന്തരം ഭരണ ഘടന ലംഘിക്കുന്ന, നിരന്തരം അഴിമതി നടത്തുന്ന കേരളത്തിലെ ഇടതു സര്‍ക്കാരിനോട് കേന്ദ്ര ഏജന്‍സികള്‍ക്ക് എന്താണ് എത്ര മൃദുസമീപനമെന്ന് ഇന്ത്യയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ഇവിടെ മെല്ലാപ്പോക്കാണ് നടത്തുന്നത്.

47. സ്വര്‍ണ്ണക്കടത്ത് കേസും ഡോളര്‍ കടത്തുകേസുമെല്ലാം ഇപ്പോള്‍ എവിടെ വരെയായി? വടക്കാഞ്ചേരി ലൈഫ് പദ്ധതി കേസില്‍ അന്വേഷണം എന്തുകൊണ്ടാണ് മുകളിലേക്ക് പോകാതിരിക്കുന്നത്?

48. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്ന ഘട്ടമെത്തിയപ്പോഴല്ലേ നിലച്ചുപോയത്? അത് എന്തുകൊണ്ട്?

49. ലാവ്‌ലിന്‍ കേസ് എത്ര തവണയാണ് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ മാറ്റി വയ്പ്പിച്ചത്. 28 തവണ മാറ്റിയില്ലേ? ഇന്ത്യയില്‍ മറ്റേതെങ്കിലും ബി.ജെ.പി. ഇതര രാഷ്ട്രീയ നേതാവിനോട് സി.ബി.ഐ. ഇങ്ങനെ മൃദുസമീപനം സ്വീകരിക്കുമോ?

50. സിപി.എം ബി.ജെ.പിയുമായി ഉണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമാണ് ഇതെല്ലാം.

51. മോദിക്കെതിരെ കഴിഞ്ഞ വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും പിണറായി ഒരക്ഷരം ഉരിയാടിയട്ടുണ്ടോ? പകരം മോദിയുടെ അതേ ഭാഷയില്‍ രാഹുലിനെ വിമര്‍ശിക്കുയല്ലേ ഇപ്പോള്‍ ചെയ്യുന്നത്.

52. കിഫ്ബിയുടെ മേലുള്ള ഇ.ഡി.യുടെ ഇപ്പോഴത്തെ അന്വേഷണ നാടകവും ഒത്തുകളി തന്നെയാണ്.

53. പിണറായിയുടെയും തോമസ് ഐസക്കിന്റെയും വെല്ലുവളിയൊക്കെ തമാശയാണ്.

54. ലൈഫ് മിഷനിലെ മസാല ബോണ്ടിലെ ഭരണഘടനാ ലംഘനത്തെക്കുറിച്ച് അന്വേഷിച്ചാല്‍ കേരളത്തിന്റെ വികസനം അട്ടിമറിക്കപ്പെട്ടുപോവും എന്ന തരത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും തോമസ് ഐസക്കും നിലവിളിക്കുന്നത്.

55. കിഫ്ബി വരുന്നതിന് മുന്‍പ് ഇവിടെ വികസനമൊന്നും ഉണ്ടായിട്ടില്ലെന്ന് തോന്നും ഇപ്പോഴത്തെ പ്രചാരണം കണ്ടാല്‍. ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആശുപത്രികളും റോഡുകളും പാലങ്ങളുമെല്ലാം കിഫ്ബി വരുന്നതിന് മുന്‍പ് ഉണ്ടായവയാണ്.

56. കിഫ്ബി ഇത് വരെ ചെയ്തത് എന്താണെന്ന് നോക്കാം. 65000 കോടിരൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. കിഫ്ബിയ്ക്ക് ആകെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് 13000 കോടിരൂപ മാത്രമാണ്. അതില്‍ തന്നെ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് പണി നടത്തിയത് വെറും 7000 കോടി രൂപയുടേതും.

57. സാധാരണഗതിയില്‍ തന്നെ പൊതുമരാമത്ത് വകുപ്പിലും മറ്റുമായി ഇതില്‍ കൂടുതല്‍ പണി നടക്കുന്നതാണ്.

58. പൊതുമരാമത്ത് വകുപ്പ് വഴി നടക്കുന്ന റോഡ് ടാര്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ളവ കിഫ്ബിയിലേക്ക് മാററിയിട്ടാണ് വലിയ കേമത്തരമെന്ന് എഴുന്നെള്ളിക്കുന്നത്.

59. കിഫ്ബി എന്നാല്‍ ബകനെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

60. യു.ഡി.എഫ് വികസനത്തിന് എതിരല്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വികസനത്തെ തുരങ്കം വയ്ക്കുകയും ഭരണപക്ഷത്തു വരുമ്പോള്‍ മാത്രം വികസനത്തിന്റെ വക്താക്കളുമാകുന്ന ഇടതുമുന്നണിക്കാരെ പോലെയല്ല യു.ഡി.എഫുകാര്‍.

61. ഇവിടെ ഞങ്ങള്‍ എതിര്‍ക്കുന്നത് മസാല ബോണ്ടിന്റെ പേരില്‍ നടന്ന അഴിമതിയെയാണ്.

62. 9.732 ശതമാനം കൊള്ളപ്പലിശയ്ക്ക് എന്തിന് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയില്‍നിന്ന് 2150 കോടിരൂപ മസാല ബോണ്ട് വില്പന നടത്തി പണം വാങ്ങി എന്ന ചോദ്യമാണ് യു.ഡി.എഫ്. ഉയര്‍ത്തുന്നത്.

63. ഇതില്‍ ആര്‍ക്കൊക്കെ എത്ര രൂപ കമ്മീഷന്‍ കിട്ടി.

64. പഴയ ലാവ്‌ലിന്‍ കൂട്ടുകാര്‍തന്നെയല്ലേ ഈ കള്ളക്കച്ചവടത്തിനും പിന്നില്‍?

65. ഇതാണ് യു.ഡി.എഫ്. ചോദിക്കുന്നത്.

66. കളളം പറയാന്‍ ഒരു മടിയുമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

67. ലൈഫ് പദ്ധതിയില്‍ വലിയ നേട്ടേെമേന്താ ഉണ്ടാക്കിയെന്നാണ് പിണറായി പറയുന്നത്.

68. രണ്ടരലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം വച്ചു കൊടുത്തു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.

69. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ 4.43 ലക്ഷം വീടുകളാണ് പണിത കൊടുത്തത്. ഇന്ദിരാ ആവാസ് യോജന എന്ന ഒറ്റ പദ്ധതിയില്‍ മാത്രം 2.75 ലക്ഷം വീടുകള്‍ യു.ഡി.എഫ്. പണിത് നല്‍കിയെന്ന് 16.5.2017 ല്‍ നിയമസഭയില്‍ നല്കിയ മറുപടിയില്‍ തദ്ദേശസ്വയംഭരണമന്ത്രിയായിരുന്ന കെ.ടി. ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. .

70. അതായത് ഈ സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ആകെ വച്ചുകൊടുത്തതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ഒറ്റ പദ്ധതിയില്‍ തന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ വച്ചുകൊടുത്തു.

71. ഇതേപോലെ ഊതിപ്പെരുക്കിയ ഇമേജ് മാത്രമേ ഈ സര്‍ക്കാരിനുള്ളു.

72. ഈ തിരഞ്ഞെടുപ്പില്‍ ജനം ഈ ബലൂണ്‍ കുത്തിപ്പൊട്ടിക്കും.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.