Connect with us

Video Stories

ആലപ്പാട് ഉയരുന്നത് കേരളത്തിന്റെ രോദനം

Published

on

കൊല്ലം ജില്ലയിലെ ചവറ കടല്‍തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്‍ ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന കരിമണല്‍ ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്‍സമായൊരു ആപത്‌സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്‍ക്കും പ്രകൃതിക്കും ഗുണത്തിനല്ലാതെ ദോഷകരമാകരുതെന്ന തത്വത്തിന്റെ നിരാസമാണ് ഇവിടെ ദൃശ്യമാകുന്നത്. കഴിഞ്ഞ 75 ദിവസമായി തദ്ദേശവാസികള്‍ നടത്തിവരുന്ന സത്യഗ്രഹ സമരത്തെ തള്ളിപ്പറഞ്ഞും ഖനനം തുടരുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചും ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ചോദ്യംചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും. ഇതിനെതിരെ പ്രതികരിക്കുന്നവരെ അപഹസിക്കുന്ന നിലപാടാണ് നവോത്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമെന്ന് പിണറായി വിജയന്‍ വാദ്ഗാനം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരാണ് ആലപ്പാട്ടെ ജനതയുടെമേല്‍ ഇപ്പോള്‍ മുഷ്ടിയുടെ ഭാഷ പ്രയോഗിക്കുന്നതെന്നത് വലിയ വൈരുധ്യമായിരിക്കുന്നു.
പൊതുമേഖലാസ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സും (ഐ.ആര്‍.ഇ) കേരള മിനറല്‍സ് ആന്റ് മെറ്റല്‍സു( കെ.എം.ആര്‍.എല്‍)മാണ് ആലപ്പാട്ഗ്രാമത്തെ ഈവിധം നാമാവശേഷമാക്കിയത്. കൊല്ലം നീണ്ടകര മുതല്‍ ആലപ്പുഴയിലെ കായംകുളംവരെയുള്ള കടല്‍തീരം കരിമണല്‍കൊണ്ട് സമ്പന്നമാണ്. 1965ലാണ് ഐ.ആര്‍.ഇ ഇവിടെ ഖനനം തുടങ്ങിയത്. കെ.എം.ആര്‍.എല്‍ 1972ലും. അത്യപൂര്‍വമായ രാസധാതുക്കള്‍ അടങ്ങിയ മണലാണ് ഈ തീരത്തുള്ളതെന്നതാണ് ഇവിടെ ഇരു സ്ഥാപനങ്ങളുടെയും വരവിന് വഴിവെച്ചത്. 1911ല്‍ തന്നെ ഇവിടെ ബ്രിട്ടീഷുകാര്‍ ഖനനം ആരംഭിച്ചിരുന്നു. അന്നൊന്നും വലിയൊരു ധാതുസമ്പത്ത് ഇവിടെ ഉണ്ടെന്നോ അതുമൂലം തൊഴില്‍ കിട്ടുമെന്നോ അല്ലാതെ തങ്ങളുടെ ഭാവിജീവിതം അസ്തമിക്കുമെന്നൊന്നും ജനങ്ങള്‍ കരുതിയിരുന്നില്ല. കാലപ്പഴക്കത്താല്‍ തീരം പതുക്കെപ്പതുക്കെ ഇടിഞ്ഞില്ലാതായതും 2004ലെ സുനാമിയുമാണ് ഇന്നത്തെ ദു:സ്ഥിതിയിലേക്ക് വഴിവെച്ചത്. കരിമണലിലെ ഇല്‍മനൈറ്റ് ആദ്യകാലത്ത് പെട്രോമാക്‌സ് വിളക്കിലെ മാന്റില്‍ ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചതെങ്കില്‍ പിന്നീട് പെയിന്റ്, പ്ലാസ്റ്റിക് എന്നിവക്കുവേണ്ടിയായി ഖനനം. രാജ്യത്തിന്റെ പ്രതിരോധ സാമഗ്രികളായ ബോംബുള്‍പ്പെടെയുള്ളവ നിര്‍മിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ആര്‍.ഇയുടെ വരവോടെയാണ് വ്യാപകമായ ഖനനത്തിന് തുടക്കമായത്. അമ്പതാണ്ടുകള്‍ കഴിയുമ്പോള്‍ സംഭവിച്ചിരിക്കുന്നത് അറബിക്കടലിനും ദേശീയ പാതക്കും ഇടയിലുണ്ടായിരുന്ന അഞ്ചു കിലോമീറ്റര്‍ പ്രദേശം 50 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ഇവിടെയുണ്ടായിരുന്ന പൊന്മനപ്പാടം, അഴീക്കല്‍ മാധവപുരംചന്ത, പണ്ടാത്തുരുത്ത് പെസഹചന്ത, അഴീക്കല്‍ അങ്ങാടി എന്നിവ ഇതിനകം അപ്രത്യക്ഷമായി. ഈയിടെയുണ്ടായ മഹാപ്രളയകാലത്ത് കടലിനേക്കാള്‍ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടില്‍നിന്ന് വെള്ളം കടലിലേക്ക് സുഗമമായി ഒഴുകാന്‍ തടസ്സമായി നിന്നത് ഈ ഖനനംകൊണ്ടായിരുന്നുവെന്നാണ് പഠനം പറയുന്നത്. സുനാമിയില്‍ തമിഴ്‌നാട്, കേരള തീരത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഖനനം തുടരുന്ന മണവാളക്കുറുച്ചിയിലും ആലപ്പാടുമാണ്. 1955ലെ ലിത്തോമാപ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന ആലപ്പാട് പ്രദേശമിപ്പോള്‍ പത്തു ശതമാനത്തില്‍ താഴെ (7.6) ആയി ചുരുങ്ങിയിരിക്കുന്നു. 1994ല്‍ നടന്ന റീസര്‍വേയില്‍ 7200 ഹെക്ടര്‍ പ്രദേശത്ത് കരംപിരിക്കേണ്ടെന്ന് തീരുമാനിച്ചതുതന്നെ അത്രയും ഭൂമി കടലെടുത്തുവെന്നതിന്റെ തെളിവാണ്. ഇതൊക്കെ തിരിച്ചറിഞ്ഞ ജനതയാണ് സമരവുമായി രണ്ടു പതിറ്റാണ്ടുമുമ്പേ രംഗത്തിറങ്ങിയത്.
കുറച്ചുപേരെ കുടിയേറിപ്പാര്‍പ്പിച്ചും മറ്റു ചിലര്‍ക്ക് കമ്പനികളില്‍ തൊഴില്‍ നല്‍കിയും മുന്നോട്ടുപോയവര്‍ ഇനിയും അതേരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നാണ് വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്‍, ജില്ലയുടെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നടത്തുന്ന നിരാഹാരത്തെ തള്ളിപ്പറയാന്‍ സി.പി.എമ്മുകാരിയായ വനിതാപഞ്ചായത്ത് അധ്യക്ഷ തയ്യാറാകുന്നുവെന്നത് ആരുടെ മടിയിലാണ് കനം എന്ന് വിളിച്ചുപറയുന്നു. ആലപ്പാട്ട് ജീവിതത്തിനും പരിസ്ഥിതിക്കും വേണ്ടി പൊരുതുന്ന ജനതയെയും അവരെ പിന്തുണക്കുന്ന മനുഷ്യസ്‌നേഹികളെയും നോക്കി സമരക്കാര്‍ മലപ്പുറത്തുകാരാണ് എന്ന് പ്രഖ്യാപിച്ച മന്ത്രി ജയരാജന്റെ സാമാന്യബോധത്തെക്കുറിച്ച് പരാമര്‍ശംപോലും അര്‍ഹിക്കുന്നില്ല. മലപ്പുറത്ത് കടലില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ഇതിന്റെ വിലയറിയാത്തത് എന്ന മറ്റൊരു വിഡ്ഢിത്തംകൂടി ഇന്നലെയും അദ്ദേഹം തട്ടിവിട്ടത് മൊത്തം മലയാളിയുടെയും നാണക്കേടാണ്. ഏതായാലും ഇതിലൂടെ മലപ്പുറത്തുകാരെ പരിസ്ഥിതി സ്‌നേഹികളാണെന്ന് വ്യംഗ്യമായെങ്കിലും സമ്മതിച്ചതിന് നന്ദി. ഭാഗ്യവശാല്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്റെ നിലപാട് പ്രതീക്ഷക്ക് വകനല്‍കുന്നു.
വ്യവസായവും വികസനും ഒന്നും ആരും വേണ്ടെന്ന് പറയില്ല. വിലപ്പെട്ട ധാതുസമ്പത്ത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല. എന്നാല്‍ ആലപ്പാട് നിവാസികളുടെ പ്രശ്‌നം അതിലൊക്കെ എത്രയോ വിദൂരത്താണ്. അവരുടെ ജീവിതത്തിനും ജീവനുമാണ് കരിമണല്‍ ഖനനം കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് സമരക്കാരുമായി സംവദിച്ച് രമ്യമായ പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. 16ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗത്തില്‍ പ്രശ്‌നപരിഹാരം കാണുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്. പക്ഷേ സമരക്കാരെ വിളിക്കാതെ നടത്തുന്ന ചര്‍ച്ചകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല. സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ മുമ്പ് പറഞ്ഞത് മുഖ്യമന്ത്രി അറിയാതെയാണോ? തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പറയുന്ന ന്യായീകരണത്തൊഴിലാളികള്‍ ഇവിടത്തെ ധാതുവിന്റെ മൂല്യവും തൊഴിലാളികളുടെ ശമ്പളവുംതമ്മില്‍ കണക്കുകൂട്ടി ടാലി ചെയ്ത് തരാന്‍ തയ്യാറുണ്ടോ? ജീവന്റെ ആധാരമായ പരിസ്ഥിതിയെ ലളിതമായി കാണുന്നതാണ് നിര്‍ഭാഗ്യവശാല്‍ ഇന്നിന്റെ വ്യാജഇടതുപക്ഷം. കരിമണല്‍ഖനനവിരുദ്ധജനകീയസമിതിയുടെ ‘സേവ് ആലപ്പാട’് സമരത്തിന് മലപ്പുറത്തെ മാത്രമല്ല മനുഷ്യസ്‌നേഹികളായ മുഴുവന്‍ ജനതയും പിന്തുണയുമായി രംഗത്തുണ്ട്. കരുനാഗപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്. കാവ്യയുടെ വേദനയാണത്. ഇതേഇടതുപക്ഷം നല്‍കിയ ഗ്രീന്‍ചാനലിലൂടെവന്ന് പാലക്കാട്ടെ പ്ലാച്ചിമട എന്ന ആദിവാസി പിന്നാക്ക ഗ്രാമത്തെ ഊഷരമാക്കിപ്പോയ ലോകഭീമന്‍ കൊക്കകോളയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിലൂടെ കെട്ടുകെട്ടിച്ച നാടാണിതെന്ന് ജയരാജാധികാരികള്‍ മറക്കരുത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.