Connect with us

Sports

മാന്യം

Published

on

ഒരു കായിക താരത്തെ മഹാനാക്കുന്ന മുഖ്യ ഘടകമെന്താണ്…? മൈതാനത്തെ മികവോ, അതോ മാന്യമായ പെരുമാറ്റമോ….. മൈതാനത്ത് മികവ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായി പെരുമാറാനും കഴിയുമ്പോഴാണ് ഒരു സൂപ്പര്‍ താരം മഹാതാരമായി മാറുന്നത്. ഇവിടെയാണ് റോജര്‍ ഫെഡ്‌റര്‍ എന്ന താരത്തിന്റെ പ്രസക്തി. ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ അദ്ദേഹം ഇരുപതിലെത്തി നില്‍ക്കുന്നു. ടെന്നിസ് മൈതാനത്ത് അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റാരുമില്ലാത്ത അവസ്ഥയും സംജാതമാവുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തലക്കനത്തിന്റെ ലാഞ്ചനയില്ല, ചിരിയില്‍ അഹങ്കാരത്തിന്റെ സ്പര്‍ശമില്ല, സംസാരത്തില്‍ അനാവശ്യ ജാഡകളുമില്ല. മാന്യതയിലൂടെ മഹാനാവുന്ന ഈ പ്രതിഭയുടെ പ്രായം 36 ആണ്-ടെന്നിസ് മൈതാനത്ത് യുവരക്തങ്ങള്‍ മിന്നിതിളങ്ങുമ്പോള്‍ അവര്‍ക്ക് മുഖം നല്‍കാതെ സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ കുതിക്കുകയാണ്.
സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ടെന്നിസ് താരങ്ങളും ശകുനത്തില്‍ വിശ്വസിക്കുന്നവരായതിനാല്‍ സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ആരും മുടക്കില്ലെന്ന് മാത്രമല്ല എല്ലാവരും കിരീടവും ഉന്നമിടും. റഫേല്‍ നദാലും നോവാക് ദ്യോക്യോവിച്ചും മരീന്‍ സിലിച്ചും കൊറിയക്കാരന്‍ ചാംഗുമെല്ലാമുണ്ടായിരുന്നല്ലോ ഇത്തവണ. പക്ഷേ ഫെഡ്‌റര്‍ ആകെ വിട്ടുകൊടുത്തത് ഒരു സെറ്റ് മാത്രമാണെന്ന സത്യത്തിലുണ്ട് പ്രായത്തിന്റെ പരിചയസമ്പത്തിന്റെ കൈക്കരുത്ത്. അതും ഫൈനലില്‍ മാത്രം. മൂന്നാഴ്ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിരന്തരം മല്‍സരങ്ങളാണ്. വിശ്രമത്തിന് അവസരമില്ല. നദാലിനെ പോലെ ഒരാള്‍ പരുക്കുമായി മടങ്ങിയത് കളിയുടെ തീവ്രത കൊണ്ടാണ്. ചാംഗ് സെമിയില്‍ തോറ്റതിന് ശേഷം പറഞ്ഞത് ഇത്ര വേഗത്തില്‍ ഈ വലിയ ചാമ്പ്യന്‍ഷിപ്പ് പിന്നിടാന്‍ കഴിയില്ലെന്നാണ്. കലാശപ്പോരാട്ടത്തില്‍ സിലിച്ച് എന്ന ക്രോട്ടുകാരന്‍ ഫെഡ്‌ററെ വിറപ്പിച്ചു എന്നത് സത്യം. 36 ല്‍ നില്‍ക്കുന്ന ഒരു സീനിയര്‍ താരത്തെ താരതമ്യേന ജൂനിയറായ ഒരു താരം വിറപ്പിക്കുന്നതില്‍ അതിശയമൊന്നുമില്ല. പക്ഷേ അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒരിക്കല്‍ പോലും ഫെഡ്‌റര്‍ തല താഴ്ത്തിയില്ല. നെഞ്ച് വിരിച്ചുളള ഈ ഗെയിമില്‍ തല താഴ്ത്താന്‍ അവസാനം യുവതാരം നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതായിരുന്നു നീതി. കാലത്തിനൊപ്പം സഞ്ചരിക്കുന്നു ഫെഡ്‌റര്‍. കാലത്തിന് അതീതനാണ് താനെന്ന് അദ്ദേഹത്തിന് തോന്നാറില്ല-ഇന്നലെ മെല്‍ബണിലെ ഫോട്ടോ ഷൂട്ട് പോലും ആ താരത്തിന്റെ മാന്യതക്കുള്ള തെളിവ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ പരമ്പരാഗതമായി ജേതാക്കള്‍ അടുത്ത ദിവസം മെല്‍ബണിലെ ഗവണ്‍മെന്റ്് ഹൗസില്‍ ഫോട്ടോ ഷൂട്ടിനെത്തും. എല്ലാ ഫോട്ടോഗ്രാഫര്‍മാരും ആ വരവ് കാത്തിരിക്കും. നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ താരത്തിനോട് പോസ് ചെയ്യാന്‍ പറയാനുള്ള അധികാരം അവിടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കില്ല. പക്ഷേ ഫെഡ്‌ററോട് എല്ലാവര്‍ക്കും എന്തും നിര്‍ദ്ദേശിക്കാം. അദ്ദേഹം പോസ് ചെയ്തു തരും, വിശാലമായി സംസാരിക്കും-ജാഡകളില്ലാതെ സെല്‍ഫിക്ക് പോലും പോസ് ചെയ്തു തരും.ഫെഡ്‌ററുടെ എത്രയോ മല്‍സരങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. റിയോ ഒളിംപിക്‌സില്‍ അദ്ദേഹത്തെ കാണാമെന്ന് കരുതിയെങ്കില്‍ അവസാന സമയം കാല്‍മുട്ടിലെ വേദനയില്‍ അദ്ദേഹം വരാതിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ അദ്ദേഹത്തിന്റെ ഫൈനല്‍ മറക്കാനാവില്ല. വിംബിള്‍ഡണ്‍ മൈതാനത്ത് ഇരിപ്പിടം പോലുമില്ലാതെ റിപ്പോര്‍ട്ട് ചെയ്ത ആ ഫൈനല്‍ ആന്‍ഡി മുറെ സ്വന്തമാക്കിയെങ്കിലും ഫെഡ്‌റര്‍ പാലിച്ച മാന്യത ബ്രിട്ടിഷുകാരായ കാണികള്‍ പോലും മറന്ന് കാണില്ല. ചുവന്ന കുപ്പായത്തിലായിരുന്നു അന്ന് ഫെഡ്‌റര്‍. നീല കുപ്പായത്തില്‍ കാണികളുടെ നിര്‍ലോഭ പിന്തുണയില്‍ കളിച്ച ആതിഥേയ താരമായ മുറെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ കാണികളോട് ആദ്യം നന്ദി പറയാനെത്തിയത് സ്വിസുകാരനായിരുന്നു. അദ്ദേഹത്തിന് വേണ്ടി അവരാരും കൈയ്യടിച്ചിരുന്നില്ല. പക്ഷേ ടെന്നിസ് എന്ന ഗെയിമിന്റെ മാന്യത പോലെ മഹാനായി നിന്നു അവിടെയും ഫെഡ്‌റര്‍. മഹത്വമെന്നത് മൈതാനത്തിന്റെ സംഭാവനയല്ല-സ്വയം ആര്‍ജ്ജിക്കുന്ന മൈതാന സത്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാത് കോലിയുടെ ആക്രോശങ്ങള്‍ കാണുന്നവര്‍ ഇത്ര വേണ്ടിയിരുന്നോ എന്ന് ചോദിക്കാറുണ്ട്. മാന്യന്മാരുടെ ഗെയിമായ ക്രിക്കറ്റില്‍ എന്തിനിത്ര അസഹിഷ്ണുത എന്നതും ചോദ്യമാണ്. നായകനാണെങ്കിലും താരമാണെങ്കിലും അവര്‍ ഗെയിമിനെയും ഗെയിമിലെ നിയമങ്ങളെയും കാണികളെയും ബഹുമാനിക്കണം. ഇവിടെയാണ് ഫെഡ്‌റര്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ഗെയിമിനെ അദ്ദേഹം സ്‌നേഹിക്കുന്നു. കാണികളെ സ്‌നേഹിക്കുന്നു

 

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.