Connect with us

Indepth

യു.എ.പി.എ: മൗലികതയും ദുര്‍വിനിയോഗവും

രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം നേതാവ് സിദ്ദീഖ് കാപ്പന്‍ ലേഖനങ്ങളിലൂടെ പ്രകോപനം സൃഷ്ടിച്ചുവെന്നും മുസ്‌ലിംകളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നുമാണ് യു.പി പൊലീസ് പ്രത്യേക ദൗത്യ സേന (എസ്.ടി.എഫ്) കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രത്തില്‍ സിദ്ദീഖ് ഒരു ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകനെ പോലെയല്ല എഴുതുന്നതെന്നും മാവോയിസ്റ്റുകളുമായി അനുഭാവം പുലര്‍ത്തുന്നയാളാണെന്നും എസ്.ടി.എഫ് ആരോപിക്കുന്നു. ഒരു വര്‍ഷമായി യു.പി ജയിലില്‍ മൃഗീയ പീഡനങ്ങള്‍ക്ക് വിധേയനായ സിദ്ദീഖിനെതിരെ യു.എ.പി.എ കുറ്റങ്ങളാണ്ചുമത്തപ്പെട്ടിട്ടുള്ളത്. വ്യക്തമായ എഫ്. ഐ.ആര്‍ പോലുമില്ലാത്ത, എന്തിനാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് വിശദീകരിക്കാന്‍ പോലും സാധിക്കാത്ത കേസില്‍ ചികിത്സാസമയത്ത് പോലും ഭാര്യക്കോ അടുത്ത ബന്ധുക്കള്‍ക്കോ സന്ദര്‍ശനാനുമതി നിഷേധിച്ച് തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് യു.പി പൊലീസ് തുടക്കംമുതല്‍ അനുവര്‍ത്തിച്ചുവന്നത്.

യു.എ.പി.എ അഥവാ ‘നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം വിവാദ നിയമമാണ്. മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നതിനു ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കാരണംകൂടാതെ ആളുകളെ തടങ്കലില്‍ വയ്ക്കാനും അവരുടെ സ്വാതന്ത്ര്യം ഹനിക്കാനും അവര്‍ക്ക് ഭീകരമുഖം ചാര്‍ത്തിക്കൊടുക്കാനുമുള്ള ഉപകരണമായി അത് മാറിയിരിക്കുന്നു. എന്നാല്‍ യു.എ.പി.എ ആവിഷ്‌കരിച്ചത് ജനങ്ങളെ അനാവശ്യമായി തടങ്കലില്‍ വയ്ക്കാനോ അവരുടെ മനുഷ്യാവകാശത്തെ ലംഘിക്കാനോ വേണ്ടിയായിരുന്നില്ല. കുറേക്കാലം കുറെ മനുഷ്യരെ കാരാഗൃഹങ്ങളുടെ ഇരുട്ടറകള്‍ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ വേണ്ടിയുമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും തകര്‍ക്കുന്ന വിഘടന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു. 1961 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ദേശീയോദ്ഗ്രഥനത്തിന് വേണ്ടി അദ്ദേഹം ആരംഭിച്ച നടപടിക്രമങ്ങളാണ് 1967 ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് യു.എ.പി.എ എന്ന നിയമം ആവിഷ്‌കരിക്കുന്നതിലേക്ക് നയിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംഘടനാപ്രതിഷേധ സ്വാതന്ത്ര്യങ്ങളുടെയും മറവില്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് പോറലേല്‍പ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തമിഴ്‌നാട്, പഞ്ചാബ്, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കുവേണ്ടിയുള്ള വിഘടന മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഇന്ത്യ- ചൈന യുദ്ധത്തെതുടര്‍ന്ന് ചൈനയെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യത്തിന്റെ അകത്തുനിന്നും പ്രത്യക്ഷപ്പെട്ടു. വിഘടനവാദങ്ങള്‍ക്കെതിരെ രാഷ്ട്രനായകര്‍ രംഗത്തുവന്നു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി അഖണ്ഡതക്കും പരമാധികാരത്തിനും വിരുദ്ധമായി സംസാരിക്കാനോ പ്രകടനങ്ങള്‍ നടത്താനോ പാടില്ലെന്ന് അവര്‍ പ്രസ്താവിച്ചു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെന്നും ഭരണഘടനയുടെ 19ാം അനുച്ഛേദം അത് അനുവദിച്ചതാണെന്നുമായിരുന്നു മറുവാദം. ഭരണഘടനയിലെ ഒരു അനുച്ഛേദം രാജ്യത്തിന്റെ പരമാധികാരത്തെതന്നെ തകിടംമറിക്കുന്നവിധത്തില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ പ്രസ്തുത അനുച്ഛേദം ഭേദഗതി ചെയ്യുക മാത്രമേ നിര്‍വാഹമുള്ളൂ എന്ന് അവര്‍ കണ്ടെത്തി. അതിന്റെ പ്രാരംഭ നടപടിയായിരുന്നു ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ രൂപീകരണം.

വര്‍ഗീയത, ജാതീയത, പ്രാദേശികവാദം, ഭാഷാസങ്കുചിതത്വം തുടങ്ങിയ പ്രതിലോമ ചിന്തകളെ തടയുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ദേശീയോദ്ഗ്രഥന കൗണ്‍സിലിന്റെ ദൗത്യമായി നിശ്ചയിക്കപ്പെട്ടിരുന്നത്. സമിതി സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശം ഉറപ്പിക്കുന്ന ഭരണഘടനയുടെ 19ാം അനുച്ഛേദം ഭേദഗതി ചെയ്യണമെന്നതായിരുന്നു. അഭിപ്രായസംഘടനാസ്വാതന്ത്ര്യങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരായി ഉപയോഗപ്പെടുത്തുന്നത് തടയുക എന്നതായിരുന്നു സമിതിയുടെ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം. തദടിസ്ഥാനത്തില്‍ 1963 ഒക്ടോബര്‍ അഞ്ചിന് ഭരണഘടനയുടെ പതിനാറാം ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു.

19ാം അനുച്ഛേദത്തില്‍ പൗരന്റെ മൗലികാവകാശമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായും ആയുധങ്ങളേന്താതെയും സംഘം ചേരാനുള്ള അവകാശം, സംഘടനകളോ യൂണിയനുകളോ രൂപീകരിക്കാനുള്ള അവകാശം എന്നീ അവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു പ്രസ്തുത ഭേദഗതി. മൗലികാവകാശമായ 19ാം അനുച്ഛേദത്തില്‍ ഭരണകൂടങ്ങള്‍ക്ക് ഭേദഗതി വരുത്താമെന്നു വന്നതോടെയാണ് 1967 ല്‍ ‘നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം’എന്ന വിവാദനിയമം രൂപംകൊണ്ടത്. ഇതോടെ വിഘടനവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാറുകള്‍ക്ക് സാധ്യമായിത്തുടങ്ങി.

ഈ ഭേദഗതി രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കിലും പൗര സ്വാതന്ത്ര്യത്തിന്മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതുകൂടിയായി അത് മാറി. എന്നാല്‍ സര്‍ക്കാറുകള്‍ ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുകയും ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് വഴി മാറാതിരിക്കുകയും ചെയ്യുന്നിടത്തോളം ഭേദഗതി കൊണ്ട് പൗരസ്വാതന്ത്ര്യത്തിന് പോറലേല്‍ക്കില്ല. എന്നാല്‍ ഒരു സര്‍ക്കാര്‍ ഫാസിസ്റ്റ് സ്വഭാവം കൈവരിച്ചു കഴിഞ്ഞാല്‍ അവര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ മുഴുവന്‍ അടിച്ചൊതുക്കുകയും അവരുടെ ജനാധിപത്യപരമായ ശബ്ദങ്ങളെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എതിര്‍ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഏതൊരാള്‍ക്കെതിരെയും യു.എ.പി.എ ചുമത്തുന്ന സ്ഥിതി സംജാതമായി.

വിഘടനവാദം പോലെയുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് യു. എ.പി.എ ആവിഷ്‌കരിച്ചത്. ‘അണ്‍ലോഫുള്‍ ആക്ടിവിറ്റിസ്’ (നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍) തടയുന്നതിന് വേണ്ടിയുണ്ടാക്കിയ നിയമം എന്ന പേരില്‍ നിന്നുതന്നെ അത് വ്യക്തമാണ്. വര്‍ഗീയത, ജാതീയത, പ്രാദേശികവാദം, ഭാഷ സങ്കുചിതത്വം എന്നിവയുടെ പേരിലുണ്ടാകുന്ന വിഘടന പ്രവര്‍ത്തനങ്ങളെയായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് എന്നതും വ്യക്തമാണ്. ഭീകരത ആയിരുന്നില്ല. 1967 ല്‍ ഇറങ്ങിയ യു.എ.പി.എയുടെ മൂലമാതൃകയില്‍ ‘ഭീകരത’ എന്ന പ്രയോഗം ഉണ്ടായിരുന്നില്ല.

ഭീകരതക്കെതിരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഇന്ത്യയില്‍ ആദ്യമായി നിയമം ആവിഷ്‌കരിക്കപ്പെടുന്നത് 1985 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. അതായിരുന്നു ടാഡ എന്നാല്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും നിജപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പത്തുവര്‍ഷം കഴിഞ്ഞു അത് പിന്‍വലിക്കേണ്ടിവന്നു. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് പിന്‍വലിച്ചത്. എന്നാല്‍ 2002ല്‍ വാജ്‌പേയി സര്‍ക്കാര്‍ പുതിയൊരു ഭീകരവിരുദ്ധ നിയമം കൊണ്ടുവന്നു. അതായിരുന്നു പോട്ട എന്നാല്‍ നിയമത്തിന്റെ ദുരുപയോഗം കാരണം 2004 ല്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ വന്ന യു.പി.എ സര്‍ക്കാര്‍ അത് പിന്‍വലിച്ചു. 2004 വരെ യു.എ.പി.എ ഒരു ‘ടെറര്‍’ നിയമമായിരുന്നില്ല. എന്നാല്‍ 2004 ഡിസംബറില്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ ‘ഭീകരത’ കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്‌ശേഷം യു.എ. പി.എ നിയമങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതി കൊണ്ടുവന്നു. 90 ദിവസമെന്ന കസ്റ്റഡി കാലാവധി 180 ദിവസമെന്നാക്കി. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരുടെ കസ്റ്റഡി കാലാവധി ആസ്‌ട്രേലിയയില്‍ 24 മണിക്കൂറും യു.എസ്സില്‍ 48 മണിക്കൂറും യു.കെയില്‍ 28 ദിവസവുമാണ്. ‘മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന’ കാരണങ്ങള്‍ ഉണ്ടാകണമെന്നതിന്പകരം ‘വിശ്വസനീയമായ കാരണം’ എന്നാക്കി മാറ്റിയതോടെ കോടതി ഉത്തരവ് കൂടാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാമെന്നായി. മാത്രമല്ല, ഏതൊരു കേസിലും കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണല്ലോ. എന്നാല്‍ യു.എ.പി.എ കേസുകളില്‍ കുറ്റം തെളിയിക്കുക എന്നതിന്പകരം കുറ്റാരോപിതര്‍ അയാളുടെ നിരപരാധിത്വം തെളിയിക്കുക എന്ന അവസ്ഥയാണുള്ളത്. മറ്റൊന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യത്തിന് തടസ്സം നിന്നാല്‍ ജഡ്ജിക്ക് ജ്യാമം അനുവദിക്കാന്‍ പറ്റില്ല എന്നതാണ്.

2004 ല്‍ ഭീകര സംഘടനകളെ മാത്രമായിരുന്നു യു.എ.പി.എയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 2019 ആഗസ്റ്റ് 2 ന് വ്യക്തികളെ കൂടെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നുകൊണ്ടുള്ള ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാസാക്കി. ‘ഭീകരന്‍’ എന്ന് പൊലീസോ ഭരണകൂടമോ മുദ്രകുത്തുന്ന ഏതൊരു വ്യക്തിയെയും ഇതിന്റെയടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനും അവരുദ്ദേശിക്കുന്ന കാലമത്രയും തടങ്കലില്‍ വയ്ക്കാനും സാധിക്കുന്നു. ഇവരുടെ കേസുകള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. നാല് മാസം കൊണ്ട് തീര്‍പ്പു കല്‍പ്പിക്കാമെന്ന് കോടതികളില്‍ വാക്കു നല്‍കിയ കേസുകള്‍ പലതും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തീര്‍പ്പാക്കുന്നില്ല. ജാമ്യം പോലും അനുവദിക്കാതെ കുറ്റാരോപിതരെ വര്‍ഷങ്ങളോളം പീഡിപ്പിക്കുന്നു. ഒരു മനുഷ്യന് നല്‍കേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും നല്‍കാതെ, അവരുടെ ബന്ധുക്കളെ കാണാന്‍ പോലും അനുവദിക്കാതെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സര്‍ക്കാര്‍ അവര്‍ക്ക് സമ്മാനിക്കുന്നത്.
പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് നേരെ അയാള്‍ ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യമെന്തെന്ന് തെളിയിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വിവിധ സംഭവങ്ങളില്‍ ഇരകള്‍ക്ക് അനുകൂലമായി എഴുതിയ ലേഖനങ്ങള്‍ തെളിവായി സമര്‍പ്പിക്കുന്നത് ഭരണകൂടം ഇരുട്ടില്‍ തപ്പുന്നതിന്റെ അടയാളമാണ്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ സംസാരിക്കുകയോ എഴുതുകയോ സംഘടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉപയോഗിക്കേണ്ട യു.എ.പി.എ ഭരണകൂടത്തെയോ പൊലീസിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കുന്ന വിധത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നുവെങ്കില്‍ പ്രസ്തുത നടപടികളാണ് ഭീകരമായിത്തീരുന്നത്. രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഒരു നിയമത്തെ രാജ്യത്തെ പൗരന്മാരെ വേട്ടയാടുന്ന വിധത്തിലേക്ക് വക്രീകരിക്കുന്നത് ക്രൂരവും പൈശാചികവുമാണ്.

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Features

ഭരണകൂടങ്ങള്‍ നീതിയുടെ പക്ഷത്താവണം-പ്രൊഫ: പി. കെ. കെ തങ്ങള്‍

മനുഷ്യനും മനുഷ്യത്വത്തിനും അതിന്റെ തനതായ വില കുറഞ്ഞുവരികയോ, കുറച്ചു കൊണ്ടു വരികയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും കുറ്റവാളികളെ കൂടുതല്‍ പിന്താങ്ങുന്ന പ്രവണത ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നത്.

Published

on

അക്രമം (കലാപം) ‘ഉറങ്ങിക്കിടക്കുന്ന ഒരു ഹിംസ്ര ജന്തുവാണ്. അതിനെ വിളിച്ചുണര്‍ത്തരുത് ‘ എന്ന മൊഴി ചരിത്രത്തിലൂടെ തുടര്‍ന്ന് പോരുന്ന അര്‍ത്ഥവത്തായ ആശയമാണ്. തൊട്ടുണര്‍ത്തിയാല്‍ എന്തുമാവാം സംഭവിക്കുന്നത്. കലാപം തുറന്ന് വിട്ടുള്ള മനുഷ്യക്കുരുതിയാവാം, നാടാകെ പടര്‍ന്നു കത്തുന്ന മഹാവിപത്താകാം. അതിനെ ആരെങ്കിലും അഥവാ ഏതെങ്കിലും ഒരു കേന്ദ്രം തൊട്ടുണര്‍ത്തി ഇളക്കിവിട്ടാല്‍ അത്തരക്കാര്‍ ചെയ്യുന്നത് ഒരാളെ കൊന്നാല്‍ മനുഷ്യരാശിയെ മുഴുവന്‍ കൊന്നൊടുക്കിയതിന് സമാനമായ അപരാധമാണ്. അഗ്‌നി ഒരു കണിക മതി ആളിപ്പടര്‍ന്ന് എല്ലാം ചാമ്പലാക്കാന്‍.

ഇതിനൊരു മറുവശവുമുണ്ട് അതായത് ഒരാളെ രക്ഷിച്ചാല്‍ മനുഷ്യരാശിയെ മുഴുവന്‍ രക്ഷിച്ചതിന് സമമാണെന്ന ദിവ്യ പാഠം. എന്ന് വെച്ചാല്‍ രണ്ടും പ്രതീകാത്മകം; കുറ്റവും ശിക്ഷയും ആനുപാതികവും. എതിര്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നേടത്ത് വെച്ച് തന്നെ ഇല്ലായ്മ ചെയ്യാനുള്ള ബുദ്ധിപൂര്‍വകമായ സമീപനവും നടപടികളുമാണ് ഉത്തരവാദപ്പെട്ടവരില്‍ നിന്നും സന്ദര്‍ഭോജിതമായി ഉണ്ടാവേണ്ടത്. ചുരുക്കത്തില്‍ സമൂഹത്തിന്റെ, ഭരണത്തിന്റെ നേതൃത്വത്തില്‍ അതിലുപരിയായി ദീര്‍ഘ ദര്‍ശനമുള്ള വ്യക്തികളെയാണ് അവരോധിക്കേണ്ടത് എന്ന് സാരം. നമ്മുടെ രാജ്യത്തെ നിലവിലെ നീതിന്യായ, ക്രമസമാധാന മണ്ഡലങ്ങള്‍ വേണ്ടത്ര സുതാര്യതയോടെയാണോ നിലപാടുകളെടുക്കുന്നതെന്ന കാര്യം സംശയാസ്പദമാണ്. കേസുകള്‍ വഴി തിരിച്ചുവിടുന്നതിലോ, വാദിയെ പ്രതിയാക്കുന്നതിലോ, ചിലപ്പോള്‍ പ്രതികളെ തലോടുന്നതിലോ പോലും അധികാര മേഖലകള്‍ കൈകടത്തുന്നോ എന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ടായാല്‍ അതിനര്‍ത്ഥം അധികാരികളുടെ നിലപാടുകള്‍ സുതാര്യമല്ലെന്നുള്ളതാണ്. അവിടം തൊട്ടാണ് ഭീകരത, താന്‍പോരിമ, ഏകച്ഛത്രാധിപത്യം (ഡസ്‌പോട്ടിസം) എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന നീതി നിഷേധം ഉടലെടുക്കുന്നത്. വാക്കിലും ഭാവത്തിലും പ്രവൃത്തിയിലുമെല്ലാം അത് അങ്ങിനെത്തന്നെ. ആത്യന്തികമായി അത് ഫാസിസത്തിലെത്തിച്ചേരുന്നു. നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഏറെക്കുറെ അതിന്റെ അലയൊലികള്‍ എത്തിക്കൊണ്ടിരിക്കുന്നതാണല്ലോ അടുത്തിടെയായി നാം കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നത്.

കുറ്റകൃത്യങ്ങളെ നിസാരവല്‍ക്കരിച്ച് ശിക്ഷയില്‍ തുടര്‍ച്ചയായി അയവുവരുത്തി നിയമവ്യസ്ഥയില്‍ വെള്ളം ചേര്‍ക്കുന്ന അവസ്ഥയും കണ്ടു വരുന്നുണ്ട്. മൗലിക ശിക്ഷാ രീതി മാനവികതക്കെതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മൂലം സംഭവിക്കുന്നത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന വിപരീത നീതി (നെഗറ്റീവ് ജസ്റ്റിസ്) നടപ്പിലാക്കുക എന്നുള്ളതാണ്. അത് തികച്ചും മാനവികതക്കെതിരാണ്. കുറ്റവാളിയെ സന്തോഷിപ്പിക്കുകയും ഇരയെ നിരാശപ്പെടുത്തി വേദനിപ്പിക്കുകയും ചെയ്യുക. ഭരണകൂടങ്ങള്‍ ഇത്തരം പ്രവണതകള്‍ക്ക് കര്‍മികളായാല്‍ രാജ്യത്ത് ക്രമേണ സംഭവിക്കുന്നതെന്തായിരിക്കും? തികഞ്ഞ നിയമരാഹിത്യ (ലോലസ്‌നസ്) മല്ലേ അരാജകത്വത്തോടൊപ്പം അരങ്ങേറുക? ശിക്ഷ കുറ്റവാളിക്കുള്ളതാണെങ്കിലും അതുള്‍ക്കൊള്ളുന്ന പാഠം എക്കാലത്തെയും മനുഷ്യസമൂഹത്തിനുള്ളതാണെന്ന നൈതിക വശം ഭരണകൂടവും നീതിന്യായ സംവിധാനവും തിരിച്ചറിയേണ്ടതാണ്. ?ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെ?ന്ന ആദര്‍ശം അംഗീകരിക്കുമ്പോള്‍ തന്നെ, കുറ്റം നിസംശയം സമൂഹത്തിന് മുന്നില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ ശിക്ഷിക്കപ്പെടരുതെന്ന് പറയാനാകുമോ? അങ്ങിനെ വന്നാല്‍ നിയമത്തിലുള്ള സമൂഹത്തിന്റെ വിശ്വാസവും ബഹുമാനവും എവിടെയെത്തും? കുറ്റവും കുറ്റക്കാരെയും വ്യക്തമായി തിരിച്ചറിഞ്ഞാല്‍ പോലും മൃദു സമീപനത്തിലൂടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്ന ഭരണകൂട സാരഥികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് അധാര്‍മിക പ്രവൃത്തി തന്നെയാണ്. മഹാരാജാവ് നഗ്‌നനാണേ എന്ന് അനുയായികള്‍ വിളിച്ച് കൂവുമാറ് ഭരണാധികാരി നീതിയുടെയും സത്യത്തിന്റെയും ധര്‍മത്തിന്റെയും പ്രതീകമായിരിക്കണം. ഒന്നും ഒളിച്ചുവെക്കേണ്ടതായുണ്ടാവരുത്. എന്നു വെച്ചാല്‍ ഭരണ നീതി നിര്‍വ്വഹണത്തില്‍ കുറ്റങ്ങളോ കുറവുകളോ പാളിച്ചകളോ സ്വജനപക്ഷ വാദമോ ഒന്നും വിരോധികള്‍ക്ക് പോലും കണ്ടെത്താനാവാത്തവിധം സുതാര്യത പുലര്‍ത്തണമെന്നര്‍ത്ഥം. സത്യവും, നീതിയും, ധര്‍മ്മവുമെല്ലാം തലകീഴായ് മറിഞ്ഞു കൊണ്ടിരിക്കുന്ന നവയുഗത്തില്‍ നീതിന്യായ സംവിധാനമെങ്കിലും കീഴ്‌മേല്‍ മറിയാതിരുന്നെങ്കില്‍ എന്നുള്ളത് ഇന്നത്തെ സാധാരണ പൗരന്റെ ജീവിതാഭിലാഷമാണ്.

തോരാത്ത പട്ടിണി കാരണം മോഷണം, പിടിച്ചുപറി, പോക്കറ്റടി എന്നീ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ സമൂഹത്തിലുണ്ട്. അങ്ങിനെ പിടിക്കപ്പെടുന്നവര്‍ നിശ്ചിത കാലയളവ് ശിക്ഷ അനുഭവിക്കുന്നതായും കണ്ടു വരുന്നുണ്ട്. അപ്രകാരം തന്നെ അബദ്ധവശാല്‍ കുറ്റത്തില്‍ ചെന്ന് വീഴുന്നവരുമുണ്ട്. നിസാര കാര്യത്തിന് ഭാര്യയോട് വഴക്കിട്ട് ‘ഒന്നു കൊടുക്കാന്‍’ മാത്രം ഉദ്ദേശിച്ച് വടി തിരഞ്ഞ വ്യക്തി മുന്നില്‍ കണ്ടത് വാക്കത്തിയായിരുന്നു. ജ്വലിക്കുന്ന കോപത്തില്‍ അതെടുത്ത് ഭാര്യയെ വെട്ടി, ഒപ്പം ഓടിയെത്തിയ രണ്ടു കുഞ്ഞുങ്ങളെയും വെട്ടി മൂന്ന് പേരും മലര്‍ന്നടിച്ചു മരിച്ചു വീണു. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളി കോടതിയില്‍ നിറഞ്ഞു നിന്ന കാഴ്ചക്കാരില്‍ ചിലര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് ‘ആദ്യത്തെ വെട്ടല്‍ എനിക്കോര്‍മ്മയുണ്ട്, അതിന് ശേഷം സംഭവിച്ചതൊന്നും എനിക്കറിയില്ല’ എന്നായിരുന്നു.അതായത് സംഭവിച്ചത് മനഃപൂര്‍വ്വമല്ലാത്ത കൊലപാതകങ്ങള്‍. ഇനിയുമുണ്ട് മറ്റൊരു കൂട്ടര്‍. അവര്‍ അറിഞ്ഞുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍. അത്തരക്കാര്‍ കൊള്ളയും, കവര്‍ച്ചയും, കൊലയും എല്ലാം തൊഴില്‍ പോലെ നിര്‍വ്വഹിക്കുന്നവര്‍. നേര്‍ ജീവിതമെന്നൊന്ന് അവരുടെ ജീവിതചര്യയില്‍ കാണാനാവില്ല. മറ്റൊരു വിഭാഗം അവര്‍ കുറ്റവാളികള്‍ക്കിടയിലെ ചാണക്യന്മാരായിരിക്കും. തത്വചിന്താപരമായി കൊലപാതകങ്ങള്‍, കവര്‍ച്ച, കെണിയില്‍ വീഴ്ത്തല്‍ എന്നിവയെല്ലാം എങ്ങിനെ നിര്‍വ്വഹിക്കാമെന്ന് ലളിത മാര്‍ഗങ്ങള്‍ മുഖേന, മറ്റുള്ളവര്‍ക്കായി പ്രതിഫലത്തിന് നിര്‍വ്വഹിച്ച് കൊടുക്കുന്നവര്‍, പഠിപ്പിച്ചു കൊടുക്കുന്നവര്‍. അവരില്‍ പലരും സമൂഹത്തിലെ ഉന്നസ്ഥാനീയരുമായി അറിവും ബന്ധവുമുള്ളവരും ആയിരിക്കും. ചടുലമായ എല്ലാ തിരിമറികള്‍ക്കും കഴിവുള്ളവരുമായിരിക്കും. അത്തരക്കാര്‍ പലപ്പോഴും കുറ്റവാളി സമൂഹത്തിന്റെയും ചിലപ്പോള്‍ ഭരണകൂടത്തിന്റെ തന്നെയും അനിവാര്യരായി നിലകൊള്ളുന്നുണ്ട്. കൊള്ളക്കാരും കൃത്രിമക്കാരുമായ പല കുറ്റവാളികളുടെയും ഉറ്റ സുഹൃത്തുക്കളായി ഒന്നാം കിട നിയമപാലകരെയും, ഭരണപങ്കാളികളെയും ചിലപ്പോഴൊക്കെ നമ്മുടെ കണ്‍ മുന്‍പില്‍ നാം കാണാറില്ലേ? ‘യഥാ രാജ, തഥാപ്രജ’ എന്ന തത്വത്തിലേക്ക് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നോ?

അധര്‍മങ്ങളോടും, കുറ്റകൃത്യങ്ങളോടും, തിന്മകളോടും വിട്ടു വീഴ്ചക്ക് തയ്യാറാവുന്നതാണോ ആധുനിക സമൂഹം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ തിന്മകളോട് വിട്ട് വീഴ്ചാമനോഭാവം പുലര്‍ത്തുകയും മാനവികത പുലര്‍ത്തിപ്പോന്ന നന്മകളെയും സദ്‌വൃത്തികളെയും അവജ്ഞതയോടെ നോക്കിക്കാണുകയും ചെയ്ത പ്രവണതക്കാണിന്ന് വര്‍ദ്ധിത സ്വീകാര്യത കണ്ടുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളോടും അനീതികളോടും ഒരു ചായ്‌വ് പൊതുവെ നിലനില്‍ക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. മനുഷ്യനും മനുഷ്യത്വത്തിനും അതിന്റെ തനതായ വില കുറഞ്ഞുവരികയോ, കുറച്ചു കൊണ്ടു വരികയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും കുറ്റവാളികളെ കൂടുതല്‍ പിന്താങ്ങുന്ന പ്രവണത ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നത്.

Continue Reading

Features

സൈന്യത്തെ വെറുതെ വിടൂ-എഡിറ്റോറിയല്‍

ചുരുക്കത്തില്‍ കാവിവല്‍കരണത്തിന്റെ സൈനികപതിപ്പായി ഇതിനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 12 കോടി തൊഴില്‍കൂടി നഷ്ടപ്പെടുത്താനായെങ്കില്‍, ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലെന്നതിനെയും 2024ലേക്കുള്ള കണ്‍കെട്ടു വിദ്യയായേ കാണാനാകൂ.

Published

on

അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്റെ ആത്മവീര്യമാണ് ഒരു രാജ്യത്തിന്റെ അഖണ്ഡതയും അസ്തിത്വവും നിശ്ചയിക്കുന്നത്. ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ജനസംഖ്യാരാഷ്ട്രവുമായ ഇന്ത്യയുടെ അഭിമാനമാണ് അതിന്റെ സൈന്യം. സൈനികന്റെ ആത്മബലമാണ് ഓരോപൗരന്റെയും കരുത്ത്. രാജ്യത്തെ ഏതാണ്ടെല്ലാമേഖലകളെയും കരാര്‍ വല്‍കരണത്തിലേക്കും സ്വകാര്യവല്‍കരണത്തിലേക്കും കൊണ്ടുപോയപ്പോഴും ഇന്ത്യന്‍ സൈനികരംഗം അതിന്റെ അസ്തിത്വവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണിന്നും. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 14ന് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയൊരു പ്രഖ്യാപനം രാജ്യത്തെ സൈന്യത്തിന്റെ ആത്മവീര്യത്തെ തകര്‍ക്കുന്നതായിപ്പോയെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ‘അഗ്നിപഥ്’ പദ്ധതി പ്രകാരമായിരിക്കും കര, വ്യോമ, നാവിക സേനകളിലേക്ക് ഇനിമുതല്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുക. പത്താം ക്ലാസ് പാസായതും പതിനേഴര മുതല്‍ 21 വരെ പ്രായമുള്ളതുമായ യുവാക്കളെ പദ്ധതിയനുസരിച്ച് നാലു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാകും നിയമിക്കുക. പ്രതിമാസം 30,000 മുതല്‍ 40,000 വരെ രൂപ വേതനം നല്‍കും. ഇതില്‍നിന്ന് സര്‍ക്കാരിന്റേതടക്കം നിശ്ചിത വിഹിതം പിടിച്ചെടുത്ത് പിരിയുമ്പോള്‍ 11. 71 ലക്ഷം രൂപ മൊത്തമായി നല്‍കും. സേവന കാലാവധിക്കുള്ളില്‍ പത്താം തരക്കാരാണെങ്കില്‍ പ്ലസ്ടുവും പ്ലസ്ടുക്കാര്‍ക്ക് ബിരുദവും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നല്‍കും. നാലു വര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന യുവാവിന് പൊലീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും തൊഴില്‍ സംവരണം അനുവദിക്കും. വര്‍ഷം 46,000 പേരില്‍ 25 ശതമാനം പേരെ മാത്രമാണ് സ്ഥിരമായി നിയമിക്കുക. ശമ്പള-പെന്‍ഷന്‍ ഇനത്തിലെ ലാഭമാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്.

നല്ലൊരു തൊഴില്‍ ദാന-സൈനിക പദ്ധതിയായി ആദ്യകേള്‍വിയില്‍ തോന്നുമെങ്കിലും ഇതിനകത്ത് പതിയിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൈന്യത്തില്‍നിന്ന് വിരമിച്ച പ്രഗല്ഭ വ്യക്തിത്വങ്ങള്‍തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞിട്ടുണ്ട്. വളരെയധികം ആലോചിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും അല്ലെങ്കിലത് സൈന്യത്തിന്റെ പ്രൊഫഷണലിസം നഷ്ടപ്പെടുത്തുമെന്നും മേജര്‍ ജനറല്‍ (റിട്ട.) ജി.ഡി ബക്ഷി ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന് സമാന്തരമായി പദ്ധതി നടപ്പാക്കണമെന്ന് വാദിക്കുന്ന പ്രമുഖരെയും കണ്ടു. ഏറ്റവും വലിയ വിമര്‍ശനം പദ്ധതി മറ്റെന്തിനേക്കാളുപരി സൈന്യത്തിന്റെ അനിവാര്യമായ ശേഷിയും സൈനികരുടെ ആത്മവീര്യവും തകര്‍ക്കുമെന്നതാണ്. പ്രമുഖ സംവിധായകന്‍കൂടിയായ റിട്ട. മേജര്‍രവിയും പദ്ധതി സൈന്യത്തിന്റെ കാര്യശേഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന യുവാവിന് പരിശീലനവും അവധിയും കഴിഞ്ഞാല്‍ ലഭിക്കുന്ന മൂന്നു വര്‍ഷത്തെ സൈനിക സേവനംകൊണ്ട് യുദ്ധമുഖത്ത് ചെന്നാലത്തെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ ആവില്ലെന്ന് അദ്ദേഹം പറയുന്നു. നിരന്തരം അതിര്‍ത്തി ഭീഷണി നേരിടുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ വാദങ്ങള്‍ കണക്കെടുക്കാതിരിക്കാനാവില്ലതന്നെ.

പ്രഖ്യാപിച്ചയുടന്‍തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും യുവാക്കള്‍ പദ്ധതിക്കെതിരെ അക്രമാസക്തരായി രംഗത്തുവന്നത് രാജ്യത്തെ ഭരണാധികാരികളെ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്. അടുത്ത കാലത്ത് കര്‍ഷകസമരത്തില്‍ കണ്ട പ്രക്ഷോഭ രീതിക്കും ഉപരിയായ അക്രമശൈലിയാണ് ഇതില്‍ കാണുന്നത്. ട്രെയിനുകളും റെയില്‍വെസ്റ്റേഷനുകളും പൊതുസ്ഥാപനങ്ങളും തീവെച്ചുള്ള സമരമാണ് ഉത്തരേന്ത്യയില്‍ പലയിടത്തും നടക്കുന്നത്. ബി. ജെ.പിക്ക് സ്വാധീനശേഷിയുള്ള യു.പി, ബീഹാര്‍, ഹരിയാന, തെലുങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. സെക്കന്തരാബാദില്‍ യുവാവ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അഗ്നിവീര്‍ പദ്ധതിയെ അഗ്നികൊണ്ടാണ് തൊഴിലില്ലാപ്പട നേരിടുന്നത്. പ്രധാന രാഷ്ട്രീയകക്ഷികളുടെയൊന്നും പിന്തുണയില്ലാതെയാണ് ഇത്തരത്തിലൊരു പ്രക്ഷോഭം രാജ്യത്ത് അലയടിക്കുന്നത്. ഇതില്‍നിന്ന് പാഠം പഠിക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതിയുടെ ഗുണവശങ്ങള്‍ വാതോരാതെ പ്രസംഗിച്ചുനടക്കുകയാണ് സര്‍ക്കാരും സൈനിക മേധാവികളും. ഏതായാലും സര്‍ക്കാര്‍ ഒന്നനങ്ങിയെന്നതിന് തെളിവാണ് പരമാവധി പ്രായം 21ല്‍നിന്ന് 23 ആക്കിയുയര്‍ത്തിയത്. എന്നാല്‍ അപ്പോഴും 23 കഴിഞ്ഞ് ജീവിതത്തിന്റെ നല്ല കാലത്ത് തൊഴിലില്ലാപ്പടയിലൊരംഗമായി മാറുന്ന യുവാവിനെ സംബന്ധിച്ച് ഇതൊട്ടും പ്രോല്‍സാഹനജനകമല്ല.

കോവിഡിന്റെ പേരു പറഞ്ഞ് രണ്ടു കൊല്ലമായി നിര്‍ത്തിവെച്ചിരുന്ന സേനാറിക്രൂട്ട്‌മെന്റ് ഉടന്‍ പുനരാരംഭിക്കുമെന്ന പ്രത്യാശയില്‍ വേഴാമ്പലിനെപോലെ കാത്തിരുന്ന ഉദ്യോഗാര്‍ഥിയുടെ ശിരസിനാണ് മോദി സര്‍ക്കാര്‍ ‘അഗ്നിപഥ’ത്തിന്റെ ഇടിത്തീ എറിഞ്ഞിരിക്കുന്നത്. പുറത്തുവരുന്ന ‘അഗ്നിവീറു’കള്‍ ഭാവിയില്‍ തീവ്രവാദ സംഘടനകളില്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതയും നിഷേധിക്കാനാവില്ല. നാഗ്പൂരില്‍ നിന്നുത്ഭവിച്ച ആശയമാണിതെന്നും ആര്‍.എസ്.എസിന് സൗജന്യ പരിശീലനം നല്‍കലാണ് ലക്ഷ്യമെന്നുമുള്ള ആരോപണങ്ങളെയും പ്രതിരോധിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ചുരുക്കത്തില്‍ കാവിവല്‍കരണത്തിന്റെ സൈനികപതിപ്പായി ഇതിനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 12 കോടി തൊഴില്‍കൂടി നഷ്ടപ്പെടുത്താനായെങ്കില്‍, ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലെന്നതിനെയും 2024ലേക്കുള്ള കണ്‍കെട്ടു വിദ്യയായേ കാണാനാകൂ.

Continue Reading

Features

വാലാട്ടികളാകുന്ന ചാനല്‍ തൂണുകാര്‍-എഡിറ്റോറിയല്‍

കടമകള്‍ വിസ്മരിച്ചുകൊണ്ട് പണച്ചാക്കുകള്‍ക്കു കഴുത്ത് വെച്ചുകൊടുക്കുകയും ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് തുള്ളുന്ന കളിപ്പാവകളായി ചുരുങ്ങുകയും ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Published

on

ഇറാഖിലെ തെരുവില്‍ അപ്പാഷെ ഹെലികോപ്ടര്‍ ഉപയോഗിച്ച് അമേരിക്കന്‍ സേന സാധാരണക്കാരെ വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ ലോകത്തിന് മുന്നിലെത്തിച്ചത് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയാണ്. 39 മിനുട്ട് ദൈര്‍ഘ്യമുള്ള ആ വീഡിയോ കണ്ട് ലോകം ഞെട്ടി. യു.എസ് സേന രഹസ്യമായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് വീഡിയോകളിലും രേഖകളിലും ഒന്ന് മാത്രമായിരുന്നു അത്. ഇറാഖിലും അഫ്ഗാനിസ്താനിലും ഗ്വാണ്ടനാമോ തടവറയിലും അമേരിക്ക നടത്തിയ അതിഭീകര മനുഷ്യാവകാശ ധ്വംസനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ലക്ഷത്തോളം രേഖകള്‍ വേറെയും വിക്കിലീക്‌സ് പുറത്തുവിട്ടു. മനുഷ്യാവകാശ ചരിത്രത്തിലെ വിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന രഹസ്യ ചോര്‍ച്ചകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അസാന്‍ജെ അമേരിക്കയുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും കണ്ണില്‍ കൊടും കുറ്റവാളിയാണ്. അമേരിക്കയുടെ ഭീകരമുഖം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയ അദ്ദേഹത്തെ പിന്തുണക്കാനും പ്രകീര്‍ത്തിക്കാനും വന്‍ശക്തികളാരും മുന്നോട്ടുവന്നില്ല. രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ അമേരിക്കക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ് അസാന്‍ജിനെ കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്. ആയുഷ്‌കാല തടവറയാണ് യു.എസില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്.

യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിക്കിലീക്‌സും സ്ഥാപകന്‍ അസാന്‍ജും ചില താരതമ്യങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. അവര്‍ ചോര്‍ത്തിയത് റഷ്യന്‍ രേഖകളായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അസാന്‍ജിനെ മനുഷ്യാവകാശത്തിന്റെ കാവല്‍ഭടനായി വാഴ്ത്താനും നിലംതൊടാതെ കൊണ്ടുനടക്കാനും പാശ്ചാത്യ ശക്തികള്‍ മത്സരിക്കും. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെയും ധീരതയേയും ലോകമാധ്യമങ്ങള്‍ വാര്‍ത്തകളിലൂടെ ആഘോഷിക്കും. അസാന്‍ജ് ചോര്‍ത്തിയത് അമേരിക്കന്‍ രേഖകളും അതില്‍നിന്ന് ഉറ്റിവീഴുന്ന ചോര വെള്ളക്കാരന്റേത് അല്ലെന്നതുകൊണ്ടുമാണ് അദ്ദേഹം തെരുവു പട്ടിയെപ്പോലെ വേട്ടയാടുന്നത്. ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലും സിറിയയിലും ലക്ഷക്കണക്കിന് ആളുകള്‍ നിര്‍ദയം കൊല്ലപ്പെട്ടപ്പോള്‍ കണ്ടിട്ടില്ലാത്ത മനുഷ്യാവകാശം ഒരു യൂറോപ്യന്‍ രാജ്യത്ത് ബാധകമാകുന്നതിന്റെ യുക്തി ചില മുന്‍വിധികളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും ആലോചിക്കേണ്ടതില്ല.

ഇനി ഇന്ത്യയിലേക്ക് മടങ്ങാം. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പുതുതായി ഡല്‍ഹിയിലും ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ ഉരുണ്ടു നീങ്ങുകയാണ്. അനധികൃതമെന്ന് മുദ്ര കുത്തി ഒരു പ്രത്യേക വിഭാഗത്തിന്റെ സ്ഥാപനങ്ങളും കടകളുമാണ് ഇടിച്ചുനിരത്തുന്നത്. പക്ഷേ, അതിനെതിരെ പ്രതികരിക്കാനോ ചര്‍ച്ച നടത്താനോ നീതിയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന പലരെയും മുന്നോട്ടു കാണുന്നില്ല. നടന്‍ ദിലീപിന്റെ സ്വകാര്യതയെ വലിച്ചുകീറി പാതിരാചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ തുലയ്ക്കുന്ന ദൃശ്യമാധ്യമങ്ങളില്‍ ഉത്തരേന്ത്യയിലെ പൊളിക്കല്‍ വാര്‍ത്തക്ക് അര മിനുട്ടിലേറെ ദൈര്‍ഘ്യം കിട്ടിയതുമില്ല. പൈങ്കിളിയിലൂടെ പ്രേക്ഷകരെ ഇക്കിളിപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ഭരണകൂടത്തിന്റെ ബുള്‍ഡോസറുകളില്‍ അരഞ്ഞുതീരുന്നവരെ കാണാതെ പോയത് എന്തുകൊണ്ടാണ്? ഇടിച്ചുനിരത്തുന്നത് അനധികൃത സ്ഥാപനങ്ങളും വീടുകളുമാണെന്ന് സ്ഥാപിക്കാന്‍ ദേശീയ മാധ്യമങ്ങളില്‍ ചിലര്‍ പാടുപെടുന്നതും കണ്ടു. ബീഫ് വാങ്ങിപ്പോകുന്ന പാവപ്പെട്ടവനെ നിഷ്ഠൂരം തല്ലിക്കൊന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് ആട്ടിറിച്ചിയാണോ ബീഫാണോ എന്ന ചോദ്യത്തിലേക്ക് ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ട് മാധ്യമ ധര്‍മ്മത്തിന്റെ കഴുത്തറുത്തതും മറക്കാന്‍ സമയമായിട്ടില്ല. കോട്ടിട്ട രാജാക്കന്മാരുള്ള മലയാളം ചാനലുകളും തഥൈവ. അസഭ്യം പറയുന്ന ചര്‍ച്ചക്കരാണ് അവരുടെ വിനോദം. ജഹാംഗിര്‍പുരിയില്‍ ബുള്‍ഡോസര്‍ വാണ ദിനത്തില്‍ മലയാളത്തിലെ രണ്ട് പ്രബല ചാനലുകളിലെ ചര്‍ച്ച ഇ.പി ജയരാജന്റെ തമാശയായിരുന്നു.

പൊതുജനാഭിപ്രായ രൂപീകരണത്തെ ഔദ്യോഗിക സംവിധാനങ്ങളും മാധ്യമങ്ങളും സ്വന്തം വഴിയിലേക്ക് പിടിച്ചുവലിക്കുകയാണ്. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാനും മര്‍ദ്ദിതന്റെ വിലാപങ്ങള്‍ക്ക് ശബ്ദം പകരാനും സത്യം വിളിച്ചുപറയാനും ധൈര്യം കാണിക്കുന്നിടത്താണ് മാധ്യമപ്രവര്‍ത്തനം ഉദാത്തമാകുന്നത്. അടിയന്താരാവസ്ഥയുടെ കാലത്ത് കുനിഞ്ഞുനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞുവെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രധാന പരാതി. അവരിപ്പോള്‍ ഭരണകൂടത്തിന്റെ വാലാട്ടികളായി മാറിയിരിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ അജണ്ടകളോടെ മാത്രം സംസാരിക്കുകയും ചില ശബ്ദങ്ങളെയും സംഭവങ്ങളെയും തമസ്‌കരിക്കുകയും ചെയ്യുന്ന ദാസ്യപ്പണിയാണ് ചിലര്‍ ഏറ്റെടുത്തിരിക്കുന്നത്. വാര്‍ത്തകളുടെ അവതരണത്തിലും അഭിപ്രായ രൂപീകരണത്തിലും സാമൂഹിക ഉത്തരവാദിത്തം പ്രധാനമാണ്. കടമകള്‍ വിസ്മരിച്ചുകൊണ്ട് പണച്ചാക്കുകള്‍ക്കു കഴുത്ത് വെച്ചുകൊടുക്കുകയും ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് തുള്ളുന്ന കളിപ്പാവകളായി ചുരുങ്ങുകയും ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.