Connect with us

Video Stories

ഇവിടെ പ്രാണവേദന, അവിടെ വീണവായന

Published

on

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ക്യൂ നിന്ന ജനത എന്ന ഖ്യാതി അടുത്ത കാലത്തൊന്നും ഇന്ത്യക്കാര്‍ മറ്റാര്‍ക്കും വിട്ടു നല്‍കില്ല. ആദ്യമത് വോട്ടിനായിട്ടായിരുന്നു. ഇപ്പോഴത് നോട്ടിനായി. ആധാര്‍ കാര്‍ഡിന് ക്യൂ, റേഷന്‍ കാര്‍ഡില്‍ സറീനക്കു പകരം സറീന വില്യംസും കെ ഇന്ദിരാമ്മക്കു പകരം കിണ്ടി രമയുമൊക്കെ അടിച്ച് വിട്ട് തിരുത്തും തിരുത്തലിന്‍മേല്‍ തിരുത്തുമൊക്കെയായി മുന്‍ഗണന ലിസ്റ്റിലേക്ക് ചാടിക്കടക്കുന്നതിനായുള്ള കടമ്പ കയറാന്‍ നാളുകളോളം ക്യൂ നിന്ന് വെന്തവരോട് കേന്ദ്രത്തിലെ അണ്ണന്‍മാര്‍ ഇപ്പോള്‍ ചെയ്ത ചെയ്ത്താണ് ചെയ്ത്ത്. നേരം ഇരുട്ടി വെളുക്കുവോളം എല്ലുമുറയെ പണിയെടുത്ത് നേടിയ അഞ്ഞൂറും ആയിരവുമൊക്കെ രാത്രിയായതോടെ വെറും കടലാസാക്കി മാറ്റിയ മാജിക്.

രണ്ടു നാള്‍ കൂലിവാങ്ങാതെ മൂന്നാം നാള്‍ കൂലി വാങ്ങിയവനൊക്കെ സംഘികളുടെ കണക്കില്‍ കള്ളപ്പണം വെളുപ്പിക്കാനിറങ്ങിയവരായി. 500 ഉം 1000വുമൊക്കെ കയ്യില്‍ വെച്ച് ഒരു നേരത്തെ അന്നത്തിനായി കേഴുന്ന ജനങ്ങളെല്ലാം വെള്ളപ്പണമില്ലാത്തവര്‍ മാത്രം. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നത് നാളിതുവരെ പഴഞ്ചൊല്ല് മാത്രമായി കരുതിയവരൊക്കെ അനുഭവിച്ചു തന്നെ അറിയുന്നു. ഒരു ചെയ്ഞ്ചിനു വേണ്ടി മോദിക്കും ബി.ജെ.പിക്കും വോട്ടു നല്‍കിയവനൊക്കെ ഇപ്പം സ്വന്തം പോക്കറ്റിലുള്ള പൈസ മാറി കിട്ടാന്‍ നെട്ടോട്ടമോടി നക്ഷത്രമെണ്ണുകയാണ്. അധ്വാനിച്ചുണ്ടാക്കിയ പണം നികുതിയായി നല്‍കി അതിന്റെ പ്രതിഫലമായി അപമാനം പേറുന്നവരായി സാധാരണ ജനം മാറുമ്പോള്‍ പെരുമ്പറയടിച്ചു രസിക്കുന്നു ഒരു കൂട്ടര്‍. ഇന്നലെ ബാങ്കിലടച്ച പണം തിരി്ച്ചു കിട്ടാനായി അവര്‍ ഇന്ന് പണി മുടക്കി പൊരിവെയിലില്‍ ക്യൂ നില്‍ക്കുന്നു. ഇന്‍ക്രഡിബിള്‍ ഇന്ത്യ. വോട്ടു ചെയ്തതിന് ഇത്രയൊക്കെയല്ലേ ചെയ്യാനൊക്കൂ.

സ്വിസ് ബാങ്കിലെ കള്ളപ്പണം ഓരോരുത്തരുടെ അക്കൗണ്ടിലും 15 ലക്ഷം വീതം കൊണ്ടു നിറക്കുമെന്ന് പറഞ്ഞവര്‍ അക്കൗണ്ടിലുള്ള പൈസക്കു പോലും പണി കളഞ്ഞ് വരി നില്‍ക്കണമെന്ന് തിരുത്തി പറയുന്നു. ആസ്പത്രിയില്‍ ജീവന്‍ രക്ഷിക്കാനായി ഓപറേഷന്‍ തിയേറ്ററിനു മുന്നില്‍ നോട്ടിനു പകരം നാണയത്തുട്ടുകള്‍ എണ്ണിത്തീര്‍ത്ത് അവധിക്കായി കേഴുന്നവനാണല്ലോ കള്ളപ്പണക്കാര്‍. എന്തും ഏതും നടത്താന്‍ പറ്റിയ തുരുപ്പ് ചീട്ട് രാജ്യ സുരക്ഷയും രാജ്യസ്‌നേഹവുമായതിനാല്‍ ആര്‍നബ് ഗോസ്വാമിയെ പോലുള്ള രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് ചാനല്‍ മുറികളില്‍ നിന്നും അടിച്ചു നല്‍കുന്നവരെ പേടിച്ച് ഒന്നും മിണ്ടാതെ പൊതു ജനം ഓച്ഛാനിച്ചു നില്‍ക്കുന്നു. നല്ല കാര്യത്തിനല്ലേ എത്ര വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നു വീമ്പു പറയുന്ന സംഘിക്കുഞ്ഞുങ്ങള്‍ നിരവധി. പക്ഷേ ലവന്‍മാരൊന്ന് ക്യൂവില്‍ നിന്നും മാറി നിന്നിരുന്നേല്‍ ആസ്പത്രിയില്‍ ഡിസ്ജാര്‍ജായിട്ടും കാശടക്കാന്‍ 500, 1000 നോട്ടുകള്‍ ദയവായി സ്വീകരിക്കൂവെന്ന് കെഞ്ചുന്ന കാശിന് അത്യാവശ്യമുള്ളവര്‍ക്കെങ്കിലും ഉപകരിക്കുമായിരുന്നു.

പൊതുജനം ഐ.ഡികാര്‍ഡും ഫോട്ടോസ്റ്റാറ്റെടുത്ത് ബാങ്കായ ബാങ്കുകളിലെല്ലാം കയറി ഇറങ്ങി നിരാശരാകുമ്പോ അമിട്ട് ഷാജി ഡല്‍ഹിയിലിരുന്നു പറയുന്നു സാധാരണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നില്ലെന്ന്. കള്ളപ്പണക്കാര്‍ക്കാണത്രേ ദുരിതം പേറേണ്ടി വരുന്നത്. ഒരു ജനതയുടെ അഭിമാനമെല്ലാം ചവിട്ടിയരച്ച് തെരുവില്‍ നോട്ടിനായി തെണ്ടാന്‍ വിട്ടാണോ കള്ളപ്പണം പിടിക്കുന്നത്. ബുദ്ധിമുട്ട് മുഴുവന്‍ പേറുന്നത് കള്ളപ്പണക്കാരായതോണ്ടാവാം ആദ്യം ഇതിനെതിരെ പരാതിയുമായി ഹൈക്കോടതിയില്‍ പോയത് ഗുജറാത്ത് സര്‍ക്കാറായത്. ഇക്കണ്ട തുഗ്ലക് പരിഷ്‌കാരമെല്ലാം നടത്താനിറങ്ങിയവന്‍മാര്‍ ദി കിംഗ് സിനിമയില്‍ മമ്മൂട്ടി പറഞ്ഞപോലെ ആദ്യം ഇന്ത്യയെന്തെന്നറിയണമായിരുന്നു. 9000 കോടി ബാങ്കുകളില്‍ നിന്നും ഒരു ഉളുപ്പുമില്ലാതെ മുക്കി വിദേശത്ത് സുഖവാസം നടത്തുന്ന മല്യമാരൊക്കെ മാന്യന്മാരും അത്താഴപ്പട്ടിണിക്കാരന്റെ കുത്തിനു പിടിച്ച് വരിയില്‍ നിര്‍ത്തി കള്ളപ്പണ പരിശോധനയും ബലേ ഭേഷ്.

ഒരു ബാങ്ക് പോലുമില്ലാത്ത 6.5 ലക്ഷം ഗ്രാമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നിരക്ഷരരായ ഗ്രാമീണ ഇന്ത്യക്കാര്‍ക്ക് ബാങ്കുകളെ കുറിച്ചോ ബാങ്കുകളിലെ ഇടപാടുകളെ കുറിച്ചോ ഒരു ചെറിയ ധാരണ പോലുമില്ല എന്നതാണ് സംഘികള്‍ക്കു മനസിലാകാത്ത നഗ്ന സത്യം. അവരുടെ നിത്യ വേതനങ്ങള്‍ പോലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികളില്‍ ആണ് ലഭിക്കുന്നത്. ഈ തീരുമാനം വഴി കഷ്ടപ്പെടുന്നത് പണക്കാരേക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ ആണെന്ന് മനസിലാക്കാന്‍ വ്യാജ ബിരുദം കറസ്‌പോണ്ടന്‍സ് വഴി നേടി കേന്ദ്രമന്ത്രിയാവേണ്ട കാര്യമൊന്നുമില്ല. അല്‍പം കോമണ്‍സെന്‍സ് ഉപയോഗിച്ചാല്‍ മാത്രം മതി. നോട്ട് പിന്‍വലിച്ച വകയില്‍ മോദിക്ക് സിന്ദാബാദ് വിളിച്ച സംഘിക്കുട്ടികള്‍ രണ്ടാം നാള്‍ സ്വന്തമായി മരുന്നു വാങ്ങാന്‍ പോലും കാശില്ലാതെ പെരുവഴിയില്‍ അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കേണ്ടി വന്നപ്പോഴാണ് വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന സഖാക്കളുടെ പദം ഇത്ര ലളിതമാണെന്നു മനസിലാവുന്നത്. ഒരു ദിവസം ബാങ്കും പരമാവധി രണ്ടു ദിവസം എ ടി എമ്മും അടഞ്ഞു കിടക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചവനൊക്കെ മൂന്നുദിവസം കഴിഞ്ഞതോടെ ഇതെന്തു നാട് ഇതെന്തു വാക്കെന്ന് സ്വയം ചോദിക്കയാണിപ്പോള്‍.

ചൊവ്വയില്‍ പേടകമെത്തിക്കാന്‍ കെല്‍പുള്ള രാജ്യത്തിന് അതേ പേടകത്തിന്റെ പടമടിച്ച കടലാസുകള്‍ അത്യാവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കാന്‍ പറഞ്ഞ സമയവും അതിലപ്പുറവും കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. പുലിമുരുകന്‍ ഓടുന്ന തിയേറ്ററിനു മുന്നിലെ ക്യൂ കണ്ട് ആഹ്ലാദിച്ചവരൊക്കെ കയ്യിലുള്ള നോട്ടുമായി ബാങ്കുകളില്‍ ചെന്നപ്പോള്‍ നീണ്ട ക്യൂ കണ്ട് സാക്ഷാല്‍ മുരുകനെ വിളിക്കുമ്പോഴാണ് ഇനി ഒരു 50 നാള്‍ കൂടി സഹിക്കണമെന്ന അരുളിപ്പാട്. കേള്‍ക്കാന്‍ സുഖമുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഈ സര്‍ക്കാര്‍ ഒഴിവാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രേം അറം പറ്റുമെന്ന് ആരും നിനച്ച് കാണില്ല. നേരം വെളുത്താല്‍ മനുഷ്യര്‍ നെട്ടോട്ടം ഓടുന്നു ഉള്ളവനും ഇല്ലാത്തവനും. വ്യായാമം ചെയ്യാനുള്ള ത്വര കൊണ്ടോ, അമേരിക്കയില്‍ ട്രംപ് വന്നതിലുള്ള ഭീതി കൊണ്ടോ, ഹിലരി തോറ്റതിലുള്ള പരിഭവം കൊണ്ടോ അല്ല. ചൈന തര്‍ക്ക ദ്വീപുകളില്‍ ആണവ പരീക്ഷണം നടത്തുന്നതോ, ഉത്തര കൊറിയയില്‍ കിം ജോങ് ഉല്‍ വിമാനം പറത്തിയോ തുടങ്ങിയ വലിയ വലിയ കാര്യങ്ങള്‍ അന്വേഷിക്കാനൊന്നുമല്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു ചിലവാക്കാന്‍, അവര്‍ സമ്പാദിച്ച പണത്തില്‍നിന്നു കുറച്ചു കിട്ടാന്‍.

തലേ ദിവസം വരെ ആയിരം എന്നു നോക്കി സായൂജ്യമണഞ്ഞവര്‍ വെറും കടലാസായെന്നറിഞ്ഞപ്പോള്‍ ഉണ്ടായ ആധിക്ക് അറുതി വരുത്താന്‍ വേണ്ടിയാണി നെട്ടോട്ടം. ഈ കടലാസുമായി വരുന്ന ആളിന് അതിലെഴുതിയിരിക്കുന്ന തുകയ്ക്ക് തുല്യമായ മൂല്യം ഉറപ്പുതരുന്നു എന്നെഴുതി കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റിയുടെ മേല്‍ കേന്ദ്രബാങ്കിന്റെ അധികാരിയുടെ ഒപ്പുമായി ലഭിച്ച കടലാസുമായാണ് അവരുടെ ഓട്ടം. ഇനി കാത്തിരുന്നു… കാത്തിരുന്നു… നോട്ടു മെലിഞ്ഞു പുതിയതെത്തി കിട്ടയവന്റെ അവസ്ഥയോ അതി ദയനീയം. 2000 രൂപ കിട്ടിയവന്‍ ചില്ലറയാക്കാന്‍ എത്തുമ്പോള്‍ വീണ്ടും കിട്ടുന്നു വെറും കടലാസാക്കി മാറ്റിയ ആയിരവും അഞ്ഞൂറും തന്നെ. പുതുമാരനായി എത്തിയ 2000ന്റെ നോട്ടില്‍ ചിപ്പ്, നാനോ ജി.പി.എസ് സംവിധാനം, ഇന്‍ബില്‍റ്റ് മെമ്മറി, 120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍ കണ്ടെത്താനാകുന്ന സാങ്കേതിക വിദ്യ പിന്നെ എന്തൊക്കെ തള്ളാന്‍ പറ്റുമോ അതൊക്കെ. ഒടുവില്‍ എല്ലാം സംഘികളുടെ പതിവ് തള്ളല്‍ പോലെ തന്നെ. ഒന്നാം സ്വാതന്ത്ര്യ സമരവും രണ്ടാം സ്വാതന്ത്ര്യ സമരവും വായിച്ചറിഞ്ഞും കേട്ടറിഞ്ഞും പരിചയിച്ച പുതിയ തലമുറ മൂന്നാം സ്വാതന്ത്ര്യ സമരം എന്തിന് വേണ്ടിയെന്ന് ഇനി ആരോടും ചോദിക്കാനും ഇടയില്ല. 100 കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന വലിയ തീരുമാനങ്ങളുടെ വരുംവരാഴികയെക്കുറിച്ച് ചിന്തിക്കാന്‍ കെല്‍പുള്ളവര്‍ ആരുമുണ്ടായിരുന്നില്ലേ എന്ന് ആരേലും ചോദിച്ചാല്‍ അവനെ രാജ്യദ്രോഹിയാക്കാന്‍ ചാനല്‍ പുംഗവന്‍മാര്‍ എത്തുമെന്നതിനാലാവാം എല്ലാം പേറി വീണ്ടും ക്യൂവിലെത്തുന്നത്.

ചോദ്യം ചോദിക്കുന്നവരും കണ്ണു തുറിച്ചു നോക്കുന്നവനുമൊക്കെ കള്ളന്‍മാരും കള്ളപ്പണക്കാരുമാണെന്നാണ് അമിട്ട് ഷാജി മുതല്‍ ഇങ്ങേ തലക്കല്‍ പുകള്‍പ്പെറ്റ മൊഴിമാറ്റ വിദ്വാന്‍ ഉള്ളി സുരു വരെ പറയുന്നത്. മരുന്നിനു പോലും പണമില്ലാതെ കുട്ടികള്‍ മരിക്കുകയും അന്നം കിട്ടാതെ നാട്ടുകാര്‍ കടകള്‍ കൊള്ളയടിക്കുയും ചെയ്ത ഒരു ദുരന്താവസ്ഥ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. സംഘികള്‍ക്കു കുഴലൂതിയിരുന്ന എഴുത്തുകാരന്‍ ചേതന്‍ ഭഗത് പോലും പറയുന്നത് രണ്ടാം ലോകമഹായുദ്ധ സമയത്ത് റേഷനു ക്യൂനിന്നവരെ പോലെയാണിപ്പോ ഇന്ത്യക്കാരെന്നാണ്. 2014ല്‍ 2005 ന് മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വാളും പരിചയുമായി ഇറങ്ങിയിരുന്ന ബി.ജെ.പിക്കാരൊക്കെ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്തോ. നിവരാനാകാതെ കുനിഞ്ഞു നില്‍ക്കേണ്ടി വരുന്ന കോടികളുടെ ഭരണാധിപന്‍മാരായതില്‍ ഇനി നിങ്ങള്‍ക്ക് ശരിക്കും അഭിമാനിക്കാം ആഹ്ലാദിക്കാം. കൂടെക്കിടന്നവനേ രാപ്പനി അറിയൂ എന്ന് പണ്ടുള്ളവര്‍ പറഞ്ഞതു അറിഞ്ഞു തന്നെയാവാം. എന്തോ.

പണ്ടിതുപോലെ താമരക്കു വേണ്ടി പേന ചലിപ്പിക്കുകയും വാജ്‌പേയി മന്ത്രിസഭയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനായി മന്ത്രിപ്പണി ഒപ്പിച്ചെടുക്കുകയും ചെയ്ത പഴയ വീര ശൂര പരാക്രമിയായ അരുണ്‍ ഷൂറി ഇപ്പോള്‍ പറയുന്നത് ശ്ശി കട്ടിയുള്ള വാക്കുകളാണ്. ആള് മുഹമ്മദ്ബിന്‍ തുഗ്ലക്കിനെ കുറിച്ചൊക്കെ അത്യാവശ്യം പഠിച്ചയാളായതിനാലാവാം ഇത്ര കട്ടിയില്‍ നോട്ടിനായി നെട്ടോട്ടമോടുന്ന കള്ളപ്പണക്കാരോടായി ടിയാന്‍ പറയുന്നത് ഇനി അടുത്ത തവണയെങ്കിലും ഒരാളെ പ്രധാനമന്ത്രിയാക്കുകയാണേല്‍ ഭാര്യയും കുടുംബവുമൊക്കെയുള്ള ആളെ ആക്കണമെന്നാണ്. അപ്പോള്‍ മാത്രമാണത്രേ കുടുംബത്തിന്റേയും വീട്ടുകാരുടേയുമൊക്കെ പ്രാരാബ്ധമറിയൂ. അല്ലാതെ അനുവദിച്ചതെല്ലാം തിരിച്ചെടുക്കുന്ന വിഡ്ഢികളെയാവരുതെന്നാണ് മേപ്പടിയാന്‍ പറയുന്നത്. പക്ഷേ എന്‍.ഡി.ടി.വി ഇന്ത്യയുടെ എഡിറ്റര്‍ രാവിഷ് ചോദിച്ചതു പോലെ ഇക്കണ്ട ക്യൂ മുഴുവന്‍ ഇന്ത്യാ മഹാരാജ്യത്തുണ്ടായിട്ടും ഐ.പി.എസുകാരോ, ഐ.എ.എസ്‌കാരോ, ഒരു ബി.ജെ.പി എം.എല്‍.എയേയോ എം.പിയോ മന്ത്രിയോ ഒന്നും അതില്‍ കാണാത്തതെന്തേ ആവോ?.

അതോ ജനങ്ങള്‍ക്കു നേരെയുള്ള ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെകുറിച്ച് നോട്ട് വെറും കടലാസാകുന്നതിനു മുമ്പ് കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ച ബംഗാളിലെ ബി.ജെ.പി ഘടകത്തിനും ഉത്തരേന്ത്യയിലെ ചില പത്രക്കാര്‍ക്കും മുന്‍കൂട്ടി അറിയാന്‍ പറ്റിയതു പോലെ വല്ല മാന്ത്രിക ശക്തിയും ഇവര്‍ക്കും ലഭിച്ചിരുന്നോ ആവോ. അതോ പതിവു പോലെ നൂറിന്റെ നോട്ടായിരുന്നോ ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്തായാലും പണത്തിനായി ക്യൂവില്‍ നില്‍ക്കാന്‍ ഇന്നാട്ടിലെ പിണങ്ങള്‍ക്ക് ജീവിതം ഇനിയും ബാക്കിയുണ്ട. ആയതിനാല്‍ മീനവിയല്‍ പരുവത്തില്‍ അടുത്തതായി ക്യൂവില്‍ നിര്‍ത്താനുള്ള തീരുമാനത്തിനായി രാജ്യസ്‌നേഹികള്‍ കാത്തിരിക്കുന്നു.

ലാസ്റ്റ് ലീഫ്:
രാജ്യത്തെ അഴിമതി തുടച്ചു നീക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കണമെന്ന് ഐസിഐജെ പുറത്തുവിട്ട കള്ളപ്പണക്കാരുടെ(വിദേശത്ത് പണം ഒളിപ്പിച്ചവര്‍) പട്ടികയില്‍ പേരുള്ള ഐശ്വര്യ റായി. ക്യൂ നില്‍ക്കാത്തവരുടെ രാജ്യസ്‌നേഹം വരുന്ന ഓരോ വഴികളേയ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.