Connect with us

Video Stories

മന്‍മോഹന്റെ വാക്കും മോദിയുടെ പോക്കും

Published

on

 
നിറകുടം തുളുമ്പില്ല എന്ന പഴമൊഴി ചേരുക ഇപ്പോള്‍ രാജ്യത്തെ രണ്ടു നേതാക്കള്‍ക്കാണ്. അതിലൊരാള്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും രണ്ടാമത്തെയാള്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഒരാള്‍ സാമ്പത്തിക-ധനതത്വശാസ്ത്രത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നതെങ്കില്‍ മറ്റേയാളുടെ ഡോക്ടറേറ്റ് വങ്കത്തരത്തിലാണെന്ന വ്യത്യാസമേയുള്ളൂ. ഗുജറാത്തിലെ മൂന്നാം തവണത്തെ വിജയം ഉണ്ടാക്കിയ പൊലിമയില്‍ പാര്‍ട്ടിയിലെ തീവ്രവാദികളുടെ പിന്തുണയില്‍ ഡല്‍ഹിയിലെ സിംഹാസനത്തിലേക്ക് വണ്ടികയറിയ ആര്‍.എസ്.എസുകാരനല്ല പഞ്ചാബില്‍ ജനിച്ച് ഓക്‌സ്ഫഡ് അടക്കമുള്ള ഉന്നത സര്‍വകലാശാലകളില്‍ നിന്ന് സാമ്പത്തികശാസ്ത്രങ്ങള്‍ പഠിച്ചും അന്താരാഷ്ട്ര നാണയനിധി പോലുള്ള വന്‍കിട ധനകാര്യ സ്ഥാപനങ്ങളില്‍ അവ അഭ്യസിച്ചും പയറ്റിത്തെളിഞ്ഞ കോണ്‍ഗ്രസുകാരന്‍. ഇരുവരും വ്യത്യസ്തരാകുന്നത് രണ്ട് സാമ്പത്തിക സ്‌കൂളുകളെ പ്രതിനിധീകരിക്കുന്നുവെന്നതിനാല്‍ മാത്രമല്ല, രാഷ്ട്ര തന്ത്രജ്ഞതയുടെ രണ്ട് ഭിന്നമുഖങ്ങള്‍കൊണ്ടുകൂടിയാണ്. കാരുണ്യം തുടങ്ങുന്നത് വീട്ടില്‍ നിന്നാണെന്ന് പറയുന്നതുപോലെ, ഒരാള്‍ ഏതു സ്‌കൂളിലാണ് പഠിച്ചത് എന്നതും ഇവിടെ പ്രസക്തമാകുന്നു. ഇവിടെ പ്രതിനിധാനം ചെയ്യുന്നത് ഇവരുടെ രാഷ്ട്രീയം മാത്രമല്ല, ഇന്ത്യയുടെ പരമ്പരാഗതവും സനാതനവുമായ ഒട്ടേറെ മൂല്യങ്ങളാണ് ഒരു വശത്തെങ്കില്‍ മറുവശത്ത് എല്ലാറ്റിനെയും നശിപ്പിക്കുന്ന വൈരനിര്യാതന ബുദ്ധിയുടെ പ്രകടനമാണ്. രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം ഇന്ത്യയില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷ സര്‍ക്കാരുകളെ നയിച്ച നേതാവാണ് ഡോ. മന്‍മോഹന്‍.
‘ഇന്ത്യയെ രക്ഷിക്കാന്‍’ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട നോട്ടു നിരോധനം അങ്ങനെയാവുന്നത് അതിന്റെ മണ്ടത്തരത്താലാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്ന നാളുകളിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ഇയ്യിടെ മോദി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഗാധ തലങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. ബി.ജെ.പിയും മോദി സര്‍ക്കാരും 2016 നവംബര്‍ എട്ടിന് രാത്രിമുതല്‍ കൊട്ടിഘോഷിച്ചുനടത്തിയ സാമ്പത്തിക പരിഷ്‌കാരം അതിന്റെ സകല ദോഷങ്ങളും ആവാഹിച്ച് രാജ്യത്തെയാകെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴാണ് മോണുമെന്റല്‍ ബ്ലണ്ടര്‍ അഥവാ ചരിത്രപരമായ ഭീമാബന്ധം എന്ന വാക്കിനെക്കുറിച്ച് നാം ഓര്‍ക്കേണ്ടത്. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങാണ് നോട്ടുനിരോധനത്തെ ഈ രണ്ടുവാക്കുകളുപയോഗിച്ച് പാര്‍ലമെന്റിനകത്തും പുറത്തുമായി മിതഭായ ഭാഷയിലും എന്നാല്‍ അതിരൂക്ഷമായ അര്‍ത്ഥത്തിലും വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ അച്ചട്ടായിരിക്കുന്നു.
ഇതിനായി ചില കണക്കുകള്‍ നോക്കാം. 2016 ല്‍ നോട്ടുനിരോധനത്തിനു മുമ്പുണ്ടായിരുന്ന സാമ്പത്തികസ്ഥിതിയില്‍ നിന്ന് ഒന്‍പതുമാസത്തിനുശേഷം രാജ്യം പൂര്‍ണ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു. 7.9 ശതമാനമായിരുന്ന മൊത്തആഭ്യന്തര വളര്‍ച്ച (ജി.ഡി.പി) തുടര്‍ച്ചയായ പതിമൂന്നു പാദങ്ങള്‍ക്കുശേഷം (മൂന്നുമാസത്തെ സാമ്പത്തിക ഘട്ടങ്ങള്‍ വീതം) കുത്തനെ 5.7 ലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. 2016-17ന്റെ അവസാനപാദത്തില്‍ ഉണ്ടായിരുന്ന 6.1ല്‍ നിന്നാണ് കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലത്ത് ഇതിലേക്ക് താഴ്ന്നിരിക്കുന്നത്. 2015 ന്റെ ആദ്യ പാദത്തില്‍ അനുഭവപ്പെട്ട 9.1 വളര്‍ച്ചാനിരക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ കൂപ്പുകുത്തലിന്റെ ഭീകരത ബോധ്യമാകുക. നോട്ടു നിരോധനത്തിന്റെ മുമ്പ് 2015 ഡിസംബറില്‍ 7.2 ആയിരുന്ന ജി.ഡി.പി 2016 മാര്‍ച്ചില്‍ 9.1 ആയെന്നത് വാസ്തവം തന്നെ. ഈ വളര്‍ച്ചാനിരക്കാണ് പടിപടിയായി ഇത്തരമൊരു അക്കത്തിലേക്ക് വീണിരിക്കുന്നത്. 2016 മാര്‍ച്ചില്‍ നിന്ന് ഓരോ പാദത്തിലും ഉണ്ടായ ജി.ഡി.പി തകര്‍ച്ച നോക്കുക. 2016 ജൂണ്‍ -7.9, സെപ്തംബര്‍ 7.5, ഡിസംബര്‍-7.0, 2017 മാര്‍ച്ച് 6.1, ജൂണ്‍-5.7. ഇത് ഇനി വരുംമാസങ്ങളിലും കൂടി കീഴ്‌പോട്ട് പോയാലത്തെ സ്ഥിതിയെന്താകും. ഒരു ശതമാനം ജി.ഡി.പി എന്നാല്‍ 1500 കോടി രൂപയാണ് എന്ന് കണക്കാക്കുമ്പോഴാണ് ഈ തകര്‍ച്ചയുടെ വ്യാപ്തിയറിയുക. വ്യവസായവളര്‍ച്ച കഴിഞ്ഞ വര്‍ഷം 7.4 ആയിരുന്നത് കുത്തനെയിടിഞ്ഞ് 1.6 ശതമാനമായി താഴ്ന്നതിന്റെ ഉത്തരവാദിത്തവും പ്രതിപക്ഷത്തിനാവില്ലല്ലോ. ഡോ. മന്‍മോഹന്‍സിങിന്റെയും സോണിയാഗാന്ധിയുടെയും നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയവരെ ആ സര്‍ക്കാരിന്റെ കാലത്ത് രാജ്യം എത്ര ഉന്നതിയിലായിരുന്നുവെന്ന സാമ്പത്തിക സത്യമാണ് ഇപ്പോള്‍ നമ്മെ സ്മര്യപ്പെടുത്തുന്നത്. ചരക്കുസേവന നികുതി വ്യവസായ രംഗത്ത് മാന്ദ്യം സൃഷ്ടിച്ചുവെന്നാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ ന്യായീകരിക്കുന്നത്. അതായത് നോട്ടുനിരോധനമല്ല, ജി.എസ്.ടി ആണ് ഉത്തരവാദി എന്നുവരുത്താനുള്ള ശ്രമം. എന്നാല്‍ നോട്ടുനിരോധനം നടപ്പാക്കിയതു മുതലുള്ള എട്ടുപാദങ്ങളിലും ജി.ഡി.പി താഴോട്ടുപോയതിന് എങ്ങനെയാണ് മോദിയും ജയ്റ്റ്‌ലിയും ന്യായീകരിക്കുക. പ്രധാനമന്ത്രിയുടെ അമ്പത്തഞ്ചിഞ്ച് നെഞ്ച് ചുരുങ്ങിച്ചുരുങ്ങി ജി.ഡി.പിയുടെ അവസ്ഥയിലായിരിക്കുകയാണെന്ന തിരിച്ചറിവ് ബി.ജെ.പിക്കാര്‍ക്ക് എപ്പോഴാണിനി ഉണ്ടാകുക.
വ്യവസായ വളര്‍ച്ച തളര്‍ന്നതാണ് ജി.ഡി.പിയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാലെന്താണീ വ്യവസായ തളര്‍ച്ചക്ക് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ മോദിയുടെ വിദഗ്ധരേക്കാള്‍ നന്നായി ഇത് ഇന്ത്യയിലെ സാധാരണക്കാരന് ബോധ്യമാകും. എണ്‍പതു ശതമാനം കറന്‍സിനോട്ടും പിന്‍വലിച്ചതിനെതുടര്‍ന്ന് രാജ്യത്തെ 80 ശതമാനത്തോളം പേരും തൊഴിലിടങ്ങളില്‍ നിന്ന് ബാങ്കുകളിലെ ക്യൂവിലേക്ക് പോയി. പണമില്ലാതെ വ്യവസായികളും വ്യാപാരികളും ഉപഭോക്താക്കളും നട്ടംതിരിഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ന ഞെട്ടലിലായിരുന്നു ജനത. രാജ്യം തകര്‍ച്ചയിലേക്ക് നീക്കുകയാണ് മോദിസര്‍ക്കാരെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരില്‍ പ്രമുഖരായ അമര്‍ത്യസെന്‍, ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവര്‍ ജനങ്ങളെ ഉണര്‍ത്തി. 0.22 ശതമാനം മാത്രമാണ് ഇന്ത്യയിലെ നോട്ടടിസ്ഥാനത്തിലുള്ള കള്ളപ്പണമെന്നും മറ്റുള്ളതെല്ലാം വസ്തുവകകളിലാണെന്നും പലരും ഓര്‍മിപ്പിച്ചിട്ടും ആറ്റിലേക്ക് എടുത്തുചാടുകയായിരുന്നു മോദി. ഇവിടെ സ്വയമല്ല, ഇന്ത്യയിലും വിദേശങ്ങളിലുമുള്ള നൂറ്റിമുപ്പതുകോടി പൗരന്മാരെയുമായാണ് മോദി ചാടിയത് എന്ന വ്യത്യാസമേയുള്ളൂ.
ചെറുകിട വ്യവസായ മേഖല, കാര്‍ഷിക മേഖല, വസ്ത്ര നിര്‍മാണം തുടങ്ങിയവയൊക്കെ ഏതാണ്ട് നിശ്ചലമായി. എട്ടുമാസത്തിനകം ജൂലൈയില്‍ ജി.എസ്.ടി കൂടി വന്നതോടെ പ്രധാനപ്പെട്ട വ്യവസായ മേഖലകളും വ്യാപാരരംഗവും കടുത്ത അനിശ്ചിതത്വത്തിലായി. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാവീണു എന്ന അവസ്ഥയായി ചരക്കുസേവന നികുതിയും എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വിദേശത്തെ കള്ളപ്പണം കൊണ്ടുവന്ന് നിക്ഷേപിച്ചുകൊടുക്കുമെന്ന് പറഞ്ഞ മോദിയും കൂട്ടരും ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് ഞഞ്ഞാപ്പിഞ്ഞ പറഞ്ഞുനടക്കുന്ന കാഴ്ച ദയനീയം തന്നെ. 15 ലക്ഷം പോയിട്ട് ഉള്ള വരുമാനവും സമ്പാദ്യവും പോലും നഷ്ടമായ അവസ്ഥ. ഡിജിറ്റല്‍ സംവിധാനത്തിലേക്കും ആദായ നികുതി വല വികസിപ്പിക്കാനും കഴിഞ്ഞുവെന്ന വാദങ്ങളും പൊള്ളയായി. നോട്ടു നിരോധനത്തിന്റെ അക്കം വെച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താന്‍ ഈ ഡിജിറ്റല്‍ യുഗത്തിലും 300 ദിവസമെടുത്ത സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പലതും മറച്ചുവെക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്‍വലിച്ച 15.44 ലക്ഷം കോടിയില്‍ അഞ്ചു ലക്ഷം കോടി തിരിച്ചുവരില്ലെന്നുപറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി തിരിച്ചെത്തിയത് 16 കോടിയൊഴികെ 99 ശതമാനവുമാണ് എന്ന റിസര്‍വ ്ബാങ്കിന്റെ കണക്കും പുതിയ നോട്ടടിക്കാനായി ചെലവഴിച്ച 7600 കോടി രൂപയുടെ കണക്കും ചേര്‍ത്തുവെച്ച് നോക്കുമ്പോള്‍ ജനങ്ങളുടെ മേലുള്ള കൊള്ള എന്ന മന്‍മോഹന്‍സിങിന്റെ തന്നെ മറ്റൊരു വാക്കും മോദിയുടെ കുറിക്കുകൊള്ളുന്നതായിരിക്കുന്നു. രാഷ്ട്രീയക്കാരനുവേണ്ട രാഷ്ട്രീയാംശം ഡോ. മന്‍മോഹന്‍സിങില്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. രണ്ടു ഘട്ടമായി ഒരു പതിറ്റാണ്ടുകാലം ഇന്ത്യയെ നയിച്ചയാളാണ് അദ്ദേഹം. ധനകാര്യ മന്ത്രിയെന്ന നിലയില്‍ മുമ്പ് അഞ്ചുകൊല്ലവും. അതും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം കടുത്ത പ്രതിസന്ധികള്‍ അനുഭവപ്പെടുന്ന കാലഘട്ടത്തില്‍.
ഡോ. മന്‍മോഹന്‍സിങ് പറഞ്ഞത് അക്ഷരംപ്രതി ശരിയായിരിക്കുന്നുവെന്നാണ് ഇപ്പോള്‍ രാജ്യവും ലോകവും ചര്‍ച്ചചെയ്യുന്നത്. പാര്‍ലമെന്റിലെ പ്രസംഗത്തില്‍ ഡോ. മന്‍മോഹനിലെ സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞ ജി.ഡി.പിയിലെ രണ്ടു ശതമാനത്തിന്റെ കൂപ്പുകുത്തല്‍ ഇതാ നമ്മുടെ കണ്‍മുമ്പില്‍ തെളിഞ്ഞുവന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ പ്രസംഗത്തിന് കാതോര്‍ത്തിരുന്ന ലോക്‌സഭയിലെ അംഗങ്ങളെല്ലാം അന്ന് സിങിന്റെ വാക്കുകള്‍ക്കെതിരെ ഉരിയാടാതിരുന്നത് ആ ദുരന്തം സംഭവിച്ചേക്കുമോ എന്ന സന്ദേഹത്തിലായിരുന്നുവെങ്കില്‍ ഇന്നിതാ ബി.ജെ.പിക്കാരടക്കം മനസ്സാ ആ മഹാസാമ്പത്തിക ശാസ്ത്രജ്ഞനെ വാഴ്ത്തിപ്പാടുകയാണ്. ഡോ. സിങിന്റെ നാവില്‍ മധുരം ഇട്ടുകൊടുക്കണമന്നാണ് കാര്യങ്ങള്‍ പഠിക്കുന്ന ഏതൊരു ദേശാഭിമാനിയായ പൗരനും തോന്നുക.
ബി.ജെ.പിയെയും മോദിയെയും കുറ്റപ്പെടുത്തുന്നതിനെക്കാളുപരി രാജ്യം ഇന്ന് ചെന്നെത്തിപ്പെട്ടിട്ടുള്ള തെറ്റായ ദിശയെ ഓര്‍ത്ത് കുണ്ഠിതപ്പെടുന്നവര്‍ നിരവധി. അതിലുമെത്രയോ വേദനയാണ് തൊഴില്‍ നഷ്ടപ്പെട്ട ലക്ഷങ്ങളുടെ കഥ. ബി.ജെ.പിയുടെ സ്വന്തം ട്രേഡ് യൂണിയന്‍ സംഘടനയായ ബി.എം.എസ് തന്നെ പറയുന്നത്, മോദി സര്‍ക്കാര്‍ നോട്ടു നിരോധനം മൂലം 1.52 ലക്ഷം പേര്‍ക്ക് പുതുതായി ജോലിനല്‍കിയെന്നാണ്. എന്നാല്‍ അതേ ബി.എം. എസ് തന്നെ പറയുന്നത് ഈ സര്‍ക്കാര്‍ 20 ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയെന്നും. ഇതിനെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ.
ഭരണത്തില്‍ കയറി രണ്ടു വര്‍ഷത്തോളം കാര്യമായ നേട്ടങ്ങളില്ലാതെ വന്നതോടെയാണ് മേക്ക് ഇന്‍ ഇന്ത്യ, സ്വച്ച് ഭാരത് പോലുള്ള വാക്കുകള്‍കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും എങ്ങനെയും ജനമനസ്സുകളില്‍ പിടിച്ചുനില്‍ക്കാനുള്ള മോദിയുടെ പാഴ്ശ്രമമെങ്കില്‍ പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം രാഷ്ട്രീയമായോ സാമ്പത്തികമായോ ഉള്ള കാര്യങ്ങളില്‍ മൗനം ഭജിച്ചിരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍സിങ്. എന്നാല്‍ രാജ്യത്തെ തകര്‍ക്കാനാണ് മോദിയും കൂട്ടരും പുറപ്പെട്ടിരിക്കുന്നുവെന്ന സത്യം അദ്ദേഹം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് രണ്ടു മാസം മുമ്പുതന്നെ പറഞ്ഞിരുന്നു.
അദ്ദേഹം പ്രധാനമന്ത്രി പദവിയിലെ അവസാന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാകുകയാണ്: ‘മോദി പ്രധാനമന്ത്രിയായാല്‍ അത് ഇന്ത്യയുടെ ദുരന്തമാകും’. മുമ്പ് വി.പി. സിങിനെ പ്രധാനമന്ത്രിയാകാന്‍ ജനത-ഇടതുപക്ഷ സഖ്യം തീരുമാനിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും. പ്രധാനമന്ത്രിപദം എന്നെ സംബന്ധിച്ചിടത്തോളം പരാജയമായിരിക്കും. അത്രയും വിനയവും മഹാമനസ്‌കതയും മോദിയില്‍ നിന്നോ തീവ്ര വര്‍ഗീയതയുടെ വിഷം വഹിക്കുന്ന ബി.ജെ.പിയില്‍ നിന്നോ പ്രതീക്ഷിക്കുക സാധ്യമേയല്ലല്ലോ.
നോട്ടു നിരോധനമല്ല ഈ തകര്‍ച്ചക്ക് കാരണമെന്നാണിപ്പോള്‍ ഭരണക്കാര്‍ അവകാശപ്പെടുന്നത്. മുമ്പുതന്നെ സാമ്പത്തിക തളര്‍ച്ചയിലായിരുന്നു ഇന്ത്യയെന്നാണ് അവരുടെ വാദം. എന്നാല്‍ അങ്ങനെയെങ്കില്‍ ലോകത്ത് 2008ല്‍ അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യം പല രാജ്യങ്ങളെയും തരിപ്പണമാക്കിയപ്പോള്‍ ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ രാജ്യത്തെ വന്‍ തകര്‍ച്ചയില്‍നിന്ന ്പിടിച്ചുനിര്‍ത്തിയെന്നത് കണക്കുകള്‍ തന്നെ വ്യക്തമാക്കിയതാണ്. അക്കാലത്ത് 7.9ല്‍ നിന്ന് ജി.ഡി.പി 6.8 ലേക്ക് താഴ്ന്നുവെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിനെതിരായ ആരോപണമെങ്കില്‍ നോട്ടുനിരോധനം വഴി അതിനെ കൂടുതല്‍ ആഴക്കയങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു മോദിയെന്നതാണ് വസ്തുത.
അമ്പതുദിവസം തരൂ. അതിനകം താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ തന്നെ ജീവനോടെ കത്തിച്ചോളൂ എന്നായിരുന്നു മോദിയുടെ നോട്ടു നിരോധന കാലത്തെ വീരവാദം. ഇതേ പ്രധാനമന്ത്രിയുടെ തന്നെ സര്‍ക്കാര്‍ പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുമ്പോള്‍ ഇദ്ദേഹത്തില്‍നിന്ന് ഒരു പ്രസ്താവന പോലും കേള്‍ക്കാന്‍ കിട്ടുന്നില്ല. മാപ്പു പറയാനുള്ള ആര്‍ജവം ബി.ജെ.പിക്കാരനില്‍ നിന്ന് പ്രതീക്ഷിക്കാനുമാവില്ല. രാജാവ് തെറ്റുചെയ്താല്‍ അദ്ദേഹത്തിന്റെ ഉപദേശകരെല്ലാം തെറ്റുചെയ്തുവെന്ന സിദ്ധാന്തം വെച്ച് നീതിആയോഗ്, റിസര്‍വ് ബാങ്ക് തലവന്മാരുടെ രാജികള്‍ ഇതുമായി ബന്ധപ്പെട്ടു കാണാവുന്നതാണ്. എന്നാല്‍ എല്ലാത്തിനും ഉത്തരവാദിയായ മോദി അതേ സ്ഥാനത്ത് തുടരുന്നത് എന്ത് ന്യായീകരണത്തിന്റെ അടിസ്ഥാനത്തിലാണ്?

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.