Connect with us

Video Stories

സീസറുടെ ഭാര്യയും സംശയാതീതയാകണം

Published

on

പൊലീസ് ഭവനനിര്‍മാണ കോര്‍പറേഷന്‍ മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസിനെ ഇടതുമുന്നണി സര്‍ക്കാര്‍ വന്നയുടന്‍ വിജിലന്‍സ് മേധാവിയായി അവരോധിച്ചത് ഏറെ കൊട്ടിഘോഷിച്ചായിരുന്നു. ഇദ്ദേഹവും സംസ്ഥാനത്തെ ഐ.എ.എസ് മോധാവികളും തമ്മില്‍ നടക്കുന്ന ചേരിപ്പോര് സംസ്ഥാന ഭരണത്തെ തന്നെ സ്തംഭിപ്പിക്കുന്ന അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം സംസ്ഥാന ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കെതിരെയും തൊഴില്‍ വകുപ്പു സെക്രട്ടറിക്കെതിരെയും വിജിലന്‍സ് നടത്തിയ റെയ്ഡും അവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും. സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടോ എന്നു തോന്നിപ്പിക്കുന്ന വിധമുള്ള അധികാരകൊത്തളങ്ങളിലെ ചക്കളത്തിപ്പോരാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്റെ അഴിമതി പിഴുതെറിയുമെന്ന നിലപാട് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ പൊള്ളത്തരം വെളിവാക്കുന്നതായിരിക്കുന്നു .അഴിമതിക്കെതിരെ സീറോ ടോളറന്‍സും ക്രിയേറ്റീവ് വിജിലന്‍സും പറഞ്ഞ് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും പ്രദര്‍ശിപ്പിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിരട്ടിയ ഐ.പി.എസ് ഉദ്യോഗസ്ഥനു നേര്‍ക്കുതന്നെ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെ മാത്രമല്ല, ജനങ്ങളെയും ചെറുതായൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്.

ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ ക്വാര്‍ട്ടേഴ്‌സില്‍ അദ്ദേഹം സ്ഥലത്തില്ലാത്ത സമയം നോക്കി, ഭാര്യ മാത്രമുള്ളപ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ വിട്ട് റെയ്ഡ് നടത്തിയത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലെ കുടിപ്പകയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കറകളഞ്ഞ ഉദ്യോഗസ്ഥനായാണ് എബ്രഹാം അറിയപ്പെടുന്നത്. തൊഴില്‍ വകുപ്പു സെക്രട്ടറി ടോം ജോസിന്റെ ക്വാര്‍ട്ടേഴ്‌സുകളിലും ഇന്നലെ വിജിലന്‍സ് റെയ്ഡ് നടത്തുകയുണ്ടായി. ഐ.എ.എസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ടോം ജോസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന്റെ എം.ഡിയും റിയാബ് സെക്രട്ടറിയുമായിരുന്ന കെ.പത്മകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ച ശേഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ഏറെ വിവാദമായിരുന്നു. മലബാര്‍ സിമന്റ്‌സിനെ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് പാളത്തിലെത്തിച്ച ഉദ്യോഗസ്ഥനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
2009ല്‍ ഉപരിപഠനത്തിനായി ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ചട്ടം ലംഘിച്ച് സ്വകാര്യ കോളജില്‍ ജോലി ചെയ്ത് പ്രതിഫലം വാങ്ങിയതും 2012-2013 കാലത്ത് തുറമുഖ വകുപ്പില്‍ ഡയറക്ടറായിരിക്കെ നടത്തിയ വഴിവിട്ട പര്‍ച്ചേസുകളും ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്കേറ്റ കനത്ത പ്രഹരങ്ങളാണ്. ടെന്‍ഡര്‍ ക്ഷണിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ സോളാര്‍ പാനലുകള്‍ വാങ്ങുകയും ധനകാര്യവിഭാഗം നടത്തിയ പരിശോധനയെതുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ വിഭാഗം ശിപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുകയാണ്. കര്‍ണാടകയിലെ കുടകില്‍ ഭാര്യയുമൊത്ത് 151 ഏക്കര്‍ വനഭൂമി വാങ്ങിയതായും ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. ലോകായുക്തയും ഇദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുറമുഖ വകുപ്പിലെ അഴിമതികള്‍ പുറത്തുവന്നതോടെ രാജിവെക്കാന്‍ തയ്യാറാണെന്ന് ഡി.ജി.പി പരോക്ഷമായി പ്രഖ്യാപിച്ചെങ്കിലും അതൊരു പൊടിക്കൈ മാത്രമാണെന്ന് പിന്നീട് ബോധ്യമായി. മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഫലത്തില്‍ വെട്ടിലായത്. സ്വജനപക്ഷപാതത്തെതുടര്‍ന്ന് മന്ത്രി രാജിവെച്ച ഘട്ടത്തില്‍ വിജിലന്‍സ് മേധാവി രാജിവെക്കുന്നത് ക്ഷീണം ചെയ്യുമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജന്‍ നടത്തിയ വഴിവിട്ട നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കാന്‍ തുടങ്ങിയതോടെ വിജിലന്‍സ് മേധാവി മാറുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും തിരിച്ചറിഞ്ഞാണ് ആ നീക്കം തള്ളിയത്. ഇതോടെ തന്റെ ഫോണും ഇ-മെയിലും ചിലര്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ഇതേ ഡി.ജി.പി രംഗത്തെത്തി.

വിജിലന്‍സ് മേധാവിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കയാണെന്നും വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സ്വതന്ത്രയായി വിഹരിക്കുന്ന തത്തക്ക് എന്തും ചെയ്യാമെന്നാണോ എന്ന് റെയ്ഡിനെതിരെ രംഗത്തുവന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. ചീഫ് സെക്രട്ടറിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കുകയും ചെയ്തിരിക്കുകയുമാണ്. മറ്റുള്ളവരുടെ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഏറ്റവും കുറഞ്ഞത് അഴിമതിക്കേസുകളെങ്കിലും ഇല്ലാതിരിക്കേണ്ടതല്ലേ. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്ന ചൊല്ല് ഇവിടെ അന്വര്‍ഥമാകുകയാണ്. അവധിയെടുത്ത് സ്വകാര്യ ജോലിയില്‍ ശമ്പളം വാങ്ങിയതിന് ഇതേ പൊലീസ് മേധാവി പറയുന്ന ന്യായവും വിചിത്രമല്ലേ. താന്‍ ആ ശമ്പളം തിരിച്ചുകൊടുത്തുവെന്നാണ് പറയുന്നത്. കട്ട മുതല്‍ തിരികെ നല്‍കിയാല്‍ പ്രശ്‌നം തീരുമെങ്കില്‍ പിന്നെ നിയമത്തിന്റെ ആവശ്യം തന്നെയില്ലല്ലോ. സ്വന്തം കാര്യത്തില്‍ സ്വീകരിക്കുന്ന ഈ നിലപാട് മറ്റുള്ളവരുടെ കാര്യത്തില്‍ വേണ്ടെന്ന് പറയുന്നത് ഒരു വിജിലന്‍സ് മേധാവിക്ക് ചേര്‍ന്നതാണോ. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കയാണ്. എന്നാല്‍ സി.ബി.ഐക്കെതിരെയും ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നു.

തനിക്കെതിരെ തുറമുഖ വകുപ്പിലെ അഴിമതിവിരങ്ങള്‍ പുറത്തുവിട്ടത് കെ.എം എബ്രഹാമാണെന്നാണ് വിജിലന്‍സ് മേധാവി കരുതുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതത്രെ. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് റെയ്‌ഡെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും വെറും വൈരനിരാതബുദ്ധിയാണോ ഇതിനുപിന്നിലെന്ന് പരിശോധിക്കണം. അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുമൊന്നും സര്‍ക്കാരിന്റെ ആനുകൂല്യം ഒരു രൂപയെങ്കിലും പറ്റുന്നവരില്‍ ഉണ്ടാകാന്‍ പാടില്ലതന്നെ. അതേസമയം ഇതിനെതിരെ കാടടച്ചുവെടിവെക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ കേസെടുത്ത് ജയിലിലടക്കുന്നതും വൈരനിരാതന ബുദ്ധിയായേ കാണാന്‍ കഴിയൂ. ജനാധിപത്യത്തില്‍ ജനങ്ങളും എക്‌സിക്യൂട്ടീവുമാണ് എല്ലാത്തിനും മേലെ നില്‍ക്കേണ്ടത്. അതിനുപകരം ഒരു ഉദ്യോഗസ്ഥന് താരപരിവേഷം നല്‍കി അനര്‍ഹമായി കൊണ്ടുനടക്കുന്നത് ഭൂഷണമല്ല. വെറും പബ്ലിസിറ്റി മാനിയയെന്ന് പറഞ്ഞ് തള്ളാവുന്നതാണോ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ ഈ പരസ്യമായ ചേരിപ്പോരിനെ. ഇനി ധനകാര്യവകുപ്പും പൊതുഭരണവകുപ്പും തമ്മില്‍ എന്തെങ്കിലും ശീതയുദ്ധമുണ്ടെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവുമോ. ഈ സംഭവവികാസങ്ങള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ നിരാശ സൃഷ്ടിച്ചെങ്കില്‍ അതിന്റെ പ്രതിഫലനം കാണുക അവരുടെ ജോലിയിലായിരിക്കും. സംസ്ഥാനത്തിനാകട്ടെ ഇത് താങ്ങാന്‍ കഴിയുന്നതുമല്ല. ജനങ്ങള്‍ വെച്ചുനീട്ടിയ അധികാരക്കസേര മര്യാദക്ക് ഉപയോഗിക്കുന്നതിനുപകരം ഗാലറിയുടെ കയ്യടിക്കുവേണ്ടി അഴിമതി അന്വേഷണവും ഉദ്യോഗസ്ഥര്‍ക്കെതിരായ റെയ്ഡുകളും കൊണ്ട് എത്രനാള്‍ ഒരു ഭരണസംവിധാനത്തിന് മുന്നോട്ടുപോകാനാകും?

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.