Connect with us

Article

കോവിഡ് മരണത്തിലെ കള്ളക്കണക്കുകള്‍

Published

on

മാരക പ്രഹരശേഷിയുള്ള കോവിഡ് 19 മഹാവ്യാധി നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകവ്യാപകമായി തലമുറകള്‍ക്ക് സാമ്പത്തികമായും സാമൂഹ്യപരമായും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതിന് കാരണമാകുന്ന കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് അതിന്റെ മൂന്നാം തരംഗത്തിലേക്ക് കടക്കുന്ന വാര്‍ത്തകള്‍ക്കിടയിലും നിലവില്‍ ആഗോളതലത്തില്‍ തന്നെ രോഗികളുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസകരമാണ്. പക്ഷേ ഇന്ത്യയിലെ ജനസംഖ്യയുടെ നാല് ശതമാനം മാത്രമുള്ള കേരളത്തിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആക്റ്റീവ് കേസുകളുടെ പത്ത് ശതമാനവും കേരളത്തിലാണ് എന്നത് അതീവ ഗൗരവതരമായി കാണണം. മരണ നിരക്കിലും കേരളം ഏറെ മുന്നിലാണ്.

കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന്റെ എല്ലാ നടപടികളോടും മുന്‍കരുതലുകളോടും കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൂര്‍ണമായും സഹകരിക്കുന്നുണ്ട്. എന്നാല്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങളും പ്രതിരോധത്തിലെ വീഴ്ചകളുമൊക്കെ ചര്‍ച്ചചെയ്യാതിരിക്കാനുമാവില്ല. രോഗികളുടെ എണ്ണത്തിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്നേ മതിയാകൂ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ അതിഭീകരമായി പൂഴ്ത്തിവെക്കുകയാണ്. ജൂലൈ 15 വരെ 4,12,019 മരണങ്ങള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 14,938 മരണമാണ് കേരളത്തിലെ സര്‍ക്കാര്‍ കണക്ക്. ആരോഗ്യ വിദഗ്ധരുടെ കണക്ക്പ്രകാരം സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് കോവിഡ് മരണം. 2021 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്പ്രകാരം 4,395 കോവിഡ് മരണങ്ങളാണ് നടന്നത്. എന്നാല്‍ ഇതേ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക്പ്രകാരം മരണ സംഖ്യ 10,602 ആണ്. അതായത് 2.4 ഇരട്ടി കൂടുതല്‍. അങ്ങനെ നോക്കുമ്പോള്‍ 20,913 മരണമാണ് സര്‍ക്കാര്‍ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പെടുത്താതെ ഇത്രയുംനാള്‍ പൂഴ്ത്തിവച്ചത്.

കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് ഐ.സി. എം.ആര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് തയാറാക്കുന്നത്. മരണസംഖ്യ മറച്ചുവെക്കുന്നതിലൂടെ ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കോവിഡാനന്തര മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. മാരകമായ പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അതിന്റെ പ്രഹരശേഷി എത്രത്തോളമുണ്ടെന്ന് മനസിലാക്കണമെങ്കില്‍ മരണങ്ങള്‍ എത്ര നടന്നു എന്നതിന് കൃത്യമായ കണക്കുകള്‍ വേണം. രോഗം ഏത് അവയവങ്ങളെ ബാധിക്കുന്നു, ഏത് പ്രായക്കാരെയാണ് ബാധിക്കുന്നത് എന്നതൊക്കെ മനസ്സിലാകണമെങ്കില്‍ ശരിയായ മരണത്തെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ അനിവാര്യമാണ്. അതുകൊണ്ടാണ് ഐ.സി.എം.ആറും ഡബഌു.എച്ച്.ഒയും കൃത്യവും വിപുലവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടറാണ് മരണം സാക്ഷ്യപ്പെടുത്തേണ്ടത്. എന്നാല്‍ ഇവിടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ആണ് മരണം കണക്കാക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇതില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് ജില്ലാതലത്തിലേക്ക് മാറ്റുകയാണ് ചെയ്തത്.

കോവിഡ് മരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആണെന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികക്കാണ് കൂടുതല്‍ ആധികാരികത. മെയ് 2021 ല്‍ ഇടുക്കി ജില്ലയില്‍ 40 മരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടികയിലുള്ളത്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക്പ്രകാരം 278 കോവിഡ് മരണങ്ങളാണ് നടന്നത്. അതായത് സര്‍ക്കാര്‍ കണക്കിനേക്കാള്‍ 6.9 ഇരട്ടി. കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ കണക്ക്പ്രകാരം 173 മരണങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് ഇത് 895 മാണ്. സര്‍ക്കാര്‍ കണക്കിനേക്കാള്‍ 5.17 ഇരട്ടിയാണിത്. കാസര്‍കോട് സര്‍ക്കാര്‍ കണക്കനുസരിച്ച് 39 മരണങ്ങളും യഥാര്‍ഥ കണക്ക് 143 മാണ്. 3.67 ഇരട്ടിയാണ് വ്യത്യാസം. കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 187 മരണങ്ങള്‍മാത്രം നടന്നപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് 821 മരണങ്ങളാണ് നടന്നത്, 3.67 ഇരട്ടി വ്യത്യാസം. എല്ലാ ജില്ലകളിലും കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ട്. 35,851 കോവിഡ് മരണങ്ങള്‍ നടന്നപ്പോഴാണ് സര്‍ക്കാര്‍ കണക്കില്‍ ഇത് 14938 ആയി കുറഞ്ഞത്. ഈ കള്ളക്കളിക്ക് സര്‍ക്കാര്‍ മറുപടി പറയണം.

കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍ എവിടെയെത്തി എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇപ്പോള്‍ പുറത്തുവരുന്ന കോവിഡ് കണക്കുകള്‍. കോവിഡ് ആദ്യ തരംഗം ഉണ്ടാകും മുമ്പുതന്നെ കോവിഡിനെ പിടിച്ചുകെട്ടി എന്ന രാഷ്ട്രീയ പ്രചാരണമാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. നാല്‍പ്പത്തിയൊന്നോളം ദേശീയ മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇത്തരം പ്രചാരണം നടത്തിയത്.

എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ജൂലൈ 15 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 61,81,247 കേസുകളുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 31,03,310 കേസുകളാണ് കേരളത്തില്‍. ഇന്ത്യയിലെ 3,09,86,807 കേസുകളില്‍ പത്ത് ശതമാനവും കേരളത്തിലാണ്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം മാത്രമുള്ള കേരളത്തിലാണ് പത്ത് ശതമാനം ആക്റ്റീവ് കേസുകള്‍. ജൂലൈ 15 ലെ കണക്കനുസരിച്ച് 41,751 കേസുകളാണ് ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍മാത്രം ഇത് 15,637 ആണ്. ഇന്ത്യയിലെ ആകെ ആക്റ്റീവ് കേസുകളില്‍ 37.4 ശതമാനവും കേരളത്തിലാണെന്നത് ഞെട്ടിക്കുന്നതാണ്.

2021 മെയ് 19 മുതല്‍ പ്രതിദിന മരണം നൂറില്‍ കൂടുതലാണ്. ഇതിനുശേഷം നാല് ദിവസം മാത്രമാണ് മരണം നൂറില്‍ താഴെ എത്തിയത്. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 13 വരെ ആറ് ദിവസത്തോളം 200 ല്‍ കൂടുതലായിരുന്നു പ്രതിദിന മരണം. ജൂണ്‍ ആറിനാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 227. തമിഴ്‌നാട്ടില്‍ ജൂണ്‍ ഒന്നുമുതല്‍ 10 വരെ ശരാശരി 394 മരണങ്ങളാണ് നടന്നത്. ജൂലൈ അഞ്ച് മുതല്‍ 13 വരെ ഇത് 57 മരണങ്ങളായി കുറഞ്ഞു. ഇതേ കാലഘട്ടത്തില്‍ കേരളത്തില്‍ 182 മരണങ്ങള്‍ 122 മാത്രമായാണ് കുറഞ്ഞത്. ജൂലൈ ഏഴു മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) രണ്ട് ശതമാനവും മഹാരാഷ്ട്രയില്‍ നാല് ശതമാനവുമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിനുമുകളിലാണ്. ഇന്ത്യയിലാകെ ഇതേ കാലയളവില്‍ 2.3 ശതമാനം മാത്രമാണ് ടി.പി.ആര്‍.
ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കാസില്‍ (ദക്ഷിണ, ഉത്തര അമേരിക്ക) ജൂണ്‍ 7 ന് 31,904 മരണങ്ങള്‍ ഉണ്ടായിരുന്നത് ജൂലൈ 12 ആയപ്പോഴേക്കും 11,569 ആയി കുറഞ്ഞു. ഇതേ കാലയളവില്‍ യൂറോപ്പില്‍ 7314 ല്‍ നിന്ന് 3012 ആയും ദക്ഷിണപൂര്‍വ ഏഷ്യയില്‍ 26,324 ല്‍ നിന്ന് 7,470 ആയും കുറഞ്ഞു. ഇതേ കാലയളവില്‍ അമേരിക്കാസില്‍ 11,48,965 കേസുകളില്‍ നിന്ന് 4,72,228 കേസുകളായും യൂറോപ്പില്‍ 3,44,599 കേസുകളില്‍ നിന്ന് 3,20,671 ആയും ദക്ഷിണ പൂര്‍വ ഏഷ്യയില്‍ 7,63,305 ല്‍ നിന്ന് 7,12,210 ആയും കുറഞ്ഞപ്പോള്‍ ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഒന്ന് മാത്രമായ കേരളത്തില്‍മാത്രം കേസുകള്‍ കൂടുകയാണ്.

ജൂലൈ മൂന്ന് മുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇതിലും കള്ളക്കളിയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ സംഗ്രഹം എന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും പഴയ മരണങ്ങള്‍ തിരുകികയറ്റിയാണ് പട്ടിക പുറത്തുവിടുന്നത്. ആദ്യ ദിവസം (ജൂലൈ 3) പുറത്തുവിട്ട പട്ടികയില്‍ 33 ശതമാനവും പഴയ മരണം തിരുകിക്കയറ്റിയതാണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഏറ്റവുമൊടുവില്‍, ജൂലൈ 15 ന് പുറത്തുവിട്ട കണക്കിലും പഴയ മരണങ്ങള്‍ തിരുകിക്കയറ്റിയിട്ടുണ്ട്. കോവിഡ് രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനവും പ്രതിരോധരംഗത്തെ പാളിച്ചകളും മരണ കണക്കിലെ അവ്യക്തതകളുംമൂലം കേരളത്തില്‍ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ദുരഭിമാനവും പിടിവാശിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പി.ആര്‍ പ്രചാരണങ്ങളിലൂടെ മാരക പ്രഹരശേഷിയുള്ള മഹാവ്യാധിയെ നിയന്ത്രിക്കാമെന്ന മിഥ്യാധാരണ സര്‍ക്കാര്‍ ഉപേക്ഷിക്കണം.
സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ച കോവിഡ് മരണങ്ങള്‍ കണ്ടുപിടിക്കാന്‍ കോവിഡ് 19 ‘കൗണ്ട് എവെരി ഡെത്ത്’ എന്ന പേരില്‍ ജനകീയ പ്രചാരണം ആരംഭിക്കുകയാണ്. എന്റെ ഔദ്യോഗിക എഫ്.ബി പേജില്‍ ഇതിനായി പ്രചാരണം തുടങ്ങും. ഇത് സംബന്ധിച്ച എഫ്.ബി പേജിലെ പോസ്റ്റിനും വീഡിയോക്കും താഴെ കോവിഡ് മരണമെന്ന് ഉറപ്പുള്ളതും സര്‍ക്കാര്‍ കണക്കില്‍പെടാത്തതുമായ മരണങ്ങള്‍ കമന്റായി അറിയിക്കാം.

ജനങ്ങള്‍ക്ക് അവരുടെ ചുറ്റുമുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ പൂഴ്ത്തിവച്ച കോവിഡ് മരണങ്ങള്‍ രേഖകളുടെ പിന്‍ബലത്തോടെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കാം. വിവരങ്ങള്‍ നേരിട്ടറിയിക്കുന്നതിനായുള്ള ഫോണ്‍ നമ്പറുകളും ഹെല്‍പ്‌ലൈന്‍ നമ്പറുകളും ഉടന്‍ പ്രസിദ്ധപ്പെടുത്തും. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിമൂലം 20, 000 ലേറെ പേര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടും. സര്‍ക്കാര്‍ പൂഴ്ത്തിവെച്ച മരണങ്ങള്‍ പുറത്തു കൊണ്ടുവന്ന് ഇവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്‌വേണ്ടിയാണ് ഈ ക്യാമ്പയിന്‍. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ച കോവിഡ് മരണങ്ങളുടെ ശരിയായ കണക്ക് പുറത്തുകൊണ്ടുവരികയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിലൂടെ അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാന്‍, വേണ്ടിവന്നാല്‍ നിയമപോരാട്ടം തന്നെ നടത്തും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Article

അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.

Published

on

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.

ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.

Continue Reading

Article

ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.

Published

on

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.

1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.

കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.

ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.

സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം

എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.

ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.

ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.

വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Continue Reading

Article

പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

Published

on

By

ടി.എച്ച് ദാരിമി

മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.

ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.

ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.

ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.

ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.

തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.

വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.

 

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.