Connect with us

Video Stories

കേരളം പിന്നെ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്

Published

on

പി.കെ സലാം

കോണ്‍ഗ്രസിനും യു.ഡി.എഫിനുമല്ലെങ്കില്‍ കേരളം ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്? ഇടതുപക്ഷത്തിനോ? അതോ ബി.ജെ.പി.ക്കോ? ഇടതുപക്ഷത്തുനിന്ന് ഏതാനും പേര്‍ കൂടി ജയിച്ചിരുന്നെങ്കില്‍ കേരളം ഇന്ത്യക്ക് നല്‍കുമായിരുന്ന സന്ദേശം എന്താകുമായിരുന്നു. ഇപ്പോള്‍ ജനവിധി സ്പഷ്ടമാണ്. കേരളം മതേതരത്വത്തിനും ജനാധിപത്യത്തിനും ഒപ്പം അടിയുറച്ചുനില്‍ക്കുന്നു. കേരളം എന്നൊരു നാട് ഉണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
ശരിയാണ്, കേരളം ആഗ്രഹിച്ച പോലെ വോട്ട് ചെയ്ത പോലെ ആയില്ല ഇന്ത്യ. പ്രതിപക്ഷത്തെ പ്രധാനമന്ത്രി മോഹികള്‍ യു.പിയില്‍നിന്നും ബംഗാളില്‍നിന്നും രാഹുലിനെയും കോണ്‍ഗ്രസിനെയും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടലില്‍ പകുതി സീറ്റെങ്കിലും വാരി നൂറ്റമ്പതിലെങ്കിലും എത്തിനില്‍ക്കും കോണ്‍ഗ്രസ് എന്ന് പ്രതീക്ഷിച്ചു. അത് അതിമോഹമായിരുന്നില്ല. സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് രാഹുലായിരുന്നല്ലോ. യു.പിയിലും ബംഗാളിലും തമിഴ്‌നാട്ടിലും പ്രതിപക്ഷ കക്ഷികള്‍ക്ക് വിജയമുണ്ടാകുകയും ചെയ്യുമെന്നും പ്രതീക്ഷിച്ചു.
മോദി വിജയത്തിന് കാരണമെന്തെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ വിലയിരുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പുല്‍വാമ ആക്രമണവും തുടര്‍ന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും ഭീകരതയും രാജ്യ സുരക്ഷയും കൂട്ടിക്കുഴച്ച ആക്രാമിക ദേശീയതയെ പ്രതിരോധിക്കാന്‍ കഴിയാത്തതാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ട്വീറ്റ് ചെയ്തു: രാഹുല്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. തോറ്റത് രാഹുലല്ല, രാജ്യമാണ്.
ഇതൊക്കെ യാഥാര്‍ഥ്യമായിരിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷം സ്വന്തം തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്തു തിരുത്താതെ മുന്നോട്ടേക്ക് കുറുക്കുവഴികള്‍ തേടുകയാണ്. അതിലൊന്നാണ് മോദിയുടെ വിജയത്തിന് കാരണം രാഹുലും കോണ്‍ഗ്രസുമാണെന്ന പ്രചാരണം. 20ല്‍ 19 സീറ്റിലും താന്‍ പ്രതിനിധാനം ചെയ്ത മുന്നണി തോല്‍ക്കുകയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണി ജയിക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ വലിപ്പം വിശദീകരിക്കാനാണ് ശ്രമിച്ചത്. ഇതിന് പുറമെയാണ് കേരളത്തിലെ ന്യൂനപക്ഷ സമുദായ വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചതെന്ന പ്രചാരണം. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ന്യൂനപക്ഷങ്ങള്‍ക്ക് അബദ്ധം പറ്റിയെന്ന പ്രചാരണം.
കേരളത്തിലെ ന്യൂനപക്ഷങ്ങളടങ്ങുന്ന മതേതര വിശ്വാസികള്‍ ഇടതുപക്ഷത്തിനാണ് വോട്ടു ചെയ്തിരുന്നതെങ്കില്‍ ഈ മോദിക്കാലത്ത് എന്ത് വ്യത്യാസമാണുണ്ടാവുക? സി.പി.എമ്മിന്റെ ലോക്‌സഭയിലെ കക്ഷി നില മൂന്നില്‍ നിന്ന് എട്ടോ ഒമ്പതോ ആകുമായിരുന്നു. കോണ്‍ഗ്രസിന് അത്രയും കുറയുകയും ചെയ്യും. രാജ്യത്ത് എന്തെങ്കിലും മാറ്റത്തിന്റെ സൂചനയായി ഇടതുപക്ഷത്തിന്റെ ഈ രണ്ടക്കം തികയാത്ത സംഖ്യ കൊണ്ട് എന്തു സംഭവിക്കാനാണ്. ദേശീയ തലത്തില്‍ തമ്മില്‍ ഭേദമുള്ള ശക്തിയെ തന്നെയാണ് കേരളം പിന്തുണച്ചത്. ദിശാബോധം വ്യക്തമാണ്.
സി.പി.എം അതിന്റെ ചരിത്രത്തിലെ ദയനീയ തോല്‍വി ചോദിച്ച് വാങ്ങിയതാണ്. 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളില്‍ നിന്നും 20 വര്‍ഷം ഭരിച്ച ത്രിപുരയില്‍നിന്നും സി.പി.എമ്മിന് വേണ്ടി ആരും എഴുന്നേറ്റുവന്നില്ലല്ലോ. ആരാണ് അതിന് ഉത്തരവാദി? പശ്ചിമ ബംഗാളില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ലെന്ന് വിലപിക്കുന്ന സി.പി.എം അതിന്റെ പോളിറ്റ് ബ്യൂറോയില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തത് കോണ്‍ഗ്രസുമായി സഹകരിക്കാമോ എന്നാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്ന രേഖ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു തോല്‍പിക്കാന്‍ മുന്‍ സെക്രട്ടരി പ്രകാശ് കാരാട്ടിന് പിന്തുണ നല്‍കുകയായിരുന്നു പിണറായിയും ടീമും. 2014ല്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും രണ്ടു വീതം സീറ്റായിരുന്നു ബംഗാളിലെ സമ്പാദ്യം. അവ സംരക്ഷിക്കുന്ന കാര്യത്തിലെ തര്‍ക്കത്തില്‍ സഖ്യം നടന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് 2014ലെ രണ്ടു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ സി.പി.എം സംപൂജ്യരായി. 6.28 ശതമാനം വോട്ടാണ് സി.പി.എമ്മിന് ബംഗാളിലുള്ളത്. കേരളത്തെ ബംഗാളാക്കുമെന്ന് ഭയപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു. ത്രിപുരയില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം അവിടെ കോണ്‍ഗ്രസിനും പിന്നില്‍ 17.3 ശതമാനം വോട്ടും പൂജ്യം സീറ്റുമായി നില്‍ക്കുന്നു.
കേരളത്തിനോട് ചേര്‍ന്ന തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- മുസ്‌ലിംലീഗ് സഖ്യത്തിന്റെ ഭാഗമായിരുന്ന സി.പി.എമ്മിനും സി.പി.ഐ ക്കും രണ്ടുവീതം സീറ്റ് കിട്ടി ജയിക്കാനുമായതാണ് ഇന്ത്യയിലെ മേല്‍വിലാസം. വടകര പാര്‍ലമെന്റ് മണ്ഡലത്തിനകത്ത് വരുന്ന മാഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സി.പി.എം രാഹുല്‍ ഗാന്ധിയെ ഇനി പറയാത്ത തെറിയുണ്ടോ. പേരിടാന്‍ ശ്രമിച്ച ബി.ജെ.പി പോലും ഉപേക്ഷിച്ച ആക്ഷേപ വാക്കുകള്‍ ദേശാഭിമാനി പത്രത്തില്‍ സി.പി.എം രാഹുലിനെതിരെ പ്രയോഗിച്ചു. മധുരയില്‍ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വോട്ട് പോടണം എന്ന് അഭ്യര്‍ഥിച്ചു വന്ന രാഹുലിനെ, അതും രണ്ടു തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിച്ചുവന്ന മണ്ഡലമായ വയനാട്ടില്‍ തോല്‍പിക്കാന്‍ ഇന്നുവരെ കേരളത്തില്‍ നടത്താത്ത കര്‍ഷക മാര്‍ച്ച് വരെ സംഘടിപ്പിച്ചു. തീര്‍ച്ചയായും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കണം, രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ വലിയ വിജയം ജനാധിപത്യ മുന്നണിക്ക് ഉണ്ടാക്കുമെന്ന്.
ഇനി ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരു നായകനുണ്ട്. ഒരു കാവല്‍ ഭടനുണ്ട്. കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞതുപോലെ നാം 52 പേരുണ്ട്. ബി.ജെ.പി യോട് നാം ദിവസവും പോരാടും. ഏറ്റവും സമര്‍ഥമായാണ് രാഹുല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത്. ദിശ വ്യക്തമാക്കുന്ന ഒരു മാനിഫെസ്റ്റോ അവതരിപ്പിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത രാഹുല്‍ 2019ലെ തെരഞ്ഞെടുപ്പിനെ രാഹുല്‍ – മോദി ഏറ്റുമുട്ടലെന്ന് വിശേഷിപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്നത് തന്നെ 2014നെ വെച്ചുനോക്കുമ്പോള്‍ വളരെ വലുതാണ്. കോര്‍പറേറ്റുകളെ പരസ്യമായി വെല്ലുവിളിക്കുന്ന ദേശീയ നേതാവ് തന്നെ രാജ്യത്തിന് പുതിയതാണ്. തൊഴിലില്ലായ്മയെ പറ്റി പാവങ്ങളെ പറ്റി കൃഷിക്കാരെ പറ്റി യുവാക്കളെ പറ്റി അഴിമതിയെ പറ്റി രാഹുല്‍ സംസാരിച്ചു. പുല്‍വാമ കൊണ്ട് എല്ലാം അട്ടിമറിക്കാനായിരുന്നു ബി.ജെ.പി ശ്രമം. തല്‍ക്കാലം വിജയിച്ചത് മോദിയാണ്. പക്ഷേ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കോണ്‍ഗ്രസും നായകനുമുണ്ട്. പോരാട്ടം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.
കേരളത്തില്‍ പിണറായി ചെയ്തത് മറ്റൊരു പുല്‍വാമയായിരുന്നു- ശബരിമല. സ്ത്രീകള്‍ കയറാന്‍ ശബരിമലയില്‍ സൗകര്യമൊരുക്കാന്‍ വേണ്ടിയെന്ന പേരിലെങ്കിലും ഒരു സാവകാശ ഹര്‍ജി കൊടുക്കാമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ സാമുദായിക തെരഞ്ഞെടുപ്പ് ഓപറേഷന് കച്ച മുറുക്കുകയായിരുന്നു മുഖ്യമന്ത്രി. 1980ന്റെ മധ്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെ മുന്‍നിര്‍ത്തി ഇ.എം.എസ് ഓപറേഷന്‍ നടത്തിയിരുന്നു. ഭൂരിപക്ഷ വോട്ടുകളായിരുന്നു അന്നത്തെ ലക്ഷ്യം. അത് പരിധിവരെ വിജയിക്കുകയും ചെയ്തു. അത് ഇ.എം.എസ്, കാലം എണ്‍പതുകള്‍. അവിടെയാണ് ബി.ജെ.പിക്ക് സുവര്‍ണാവസരം നല്‍കി യു.ഡി.എഫിനെ തകര്‍ക്കുകയെന്ന ഓപറേഷന്‍ ആര്‍ത്തവവുമായി പിണറായി ഇറങ്ങുന്നത്. ഭൂരിപക്ഷ സമുദായക്കാര്‍ കോണ്‍ഗ്രസില്‍നിന്ന് ഒഴുകി ബി.ജെ.പിയിലേക്കും സംഘ്പരിവാര്‍ കലാപം ഭയന്ന് ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിലേക്കും ചേക്കേറുന്ന മധുരമനോജ്ഞ സ്വപ്‌നം പങ്കുവെക്കുകയായിരുന്നു പിണറായിയും ശ്രീധരന്‍പിള്ളയും. ഇനി കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രമെന്ന് യുഗ്മമ സ്വപ്‌നം. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കേണ്ടിവരുന്ന അവസ്ഥ വന്നു. പാര്‍ട്ടി നേതാക്കളുടെ വീട്ടിലെ സ്ത്രീകള്‍ പോലും വോട്ട് ചെയ്തത് താമരക്കും കൈപ്പത്തിക്കുമാണ്. പക്ഷേ ബി.ജെ.പിയെ മുന്‍നിര്‍ത്തിയുള്ള ഓപറേഷന്‍ തുടരുമെന്നു തന്നെയാണ് പിണറായി നല്‍കുന്ന സൂചന. അതങ്ങനെയല്ലേ സംഭവിക്കാവൂ!

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.