Connect with us

Video Stories

ഒപ്പം പറക്കുക ചേര്‍ത്തുപിടിക്കുക

Published

on


പ്രൊഫ. സി. രവീന്ദ്രനാഥ്
(വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

അറിവ് വെളിച്ചമാണെങ്കില്‍ അജ്ഞതയുടെ അന്ധകാരം നീക്കാന്‍ അത് തെളിക്കുക എന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളവരാണ് അധ്യാപകര്‍. എന്താണ് അറിവ് എന്ന ചോദ്യവും ഇവിടെ വളരെ പ്രസക്തമാണ്. പാഠപുസ്തകങ്ങളില്‍ അച്ചടിച്ചുവെച്ചിരിക്കുന്ന അക്ഷരക്കൂട്ടങ്ങളും അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളും മാത്രമല്ല വിജ്ഞാനം. അത് ഒരു സാമൂഹ്യ ഉത്പന്നമാണ്. വിജ്ഞാനത്തെ തലമുറകളിലൂടെ വികസിപ്പിച്ചെടുക്കാനും പുരോഗമന സ്വഭാവമുള്ള സമൂഹ സൃഷ്ടിക്കായി വിനിയോഗിക്കാനുമുള്ള ദൗത്യമാണ് അധ്യാപകര്‍ ഏറ്റെടുക്കുന്നത്. സമൂഹത്തെ മുന്നോട്ട് നയിക്കുന്ന ഊര്‍ജവും നേതൃത്വവുമാണ് അധ്യാപകര്‍. നേര്‍വഴി എന്നത് എത്രതന്നെ ആപേക്ഷികമായ ആശയമായാലും അതിലേക്ക് പുതുതലമുറയെ നയിക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ജൈവബന്ധം അത്യാവശ്യമാണ്. ലഭ്യമായ ജ്ഞാനസ്രോതസുകളിലേക്ക് കുട്ടിയെ ആനയിക്കുകയും അറിവിന്റെ ജനാധിപത്യവത്കരണത്തിന് പരമാവധി തുറസുകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഇത് സാധ്യമല്ല. ആധുനിക ഇന്ത്യ ജന്മം കൊടുത്ത മഹാനായ ഗുരുനാഥന്‍ സര്‍വേപള്ളി രാധാകൃഷ്ണനെ അനുസ്മരിച്ചു അധ്യാപകദിനം കൊണ്ടാടുമ്പോള്‍ ഉള്ളില്‍ ആവര്‍ത്തിച്ചുറപ്പിക്കേണ്ട ആശയവും മറ്റൊന്നല്ല.
‘ഒരു കുരുന്ന് ഇതാ എന്റെ അധ്യാപകന്‍ എന്ന് എന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ എന്റെ ഹൃദയം സംഗീതം പൊഴിക്കുന്നു’ എന്ന് പ്രമുഖ അമേരിക്കന്‍ നോവലിസ്റ്റ് പാറ്റ് കോണ്‌റോസയ് പറയുകയുണ്ടായി. അധ്യാപകനായിത്തീരുക എന്നത് അത്രമേല്‍ ആനന്ദകരമായ ഒരവസ്ഥയാണ്. അത് വെറും ഒരു തൊഴിലോ സേവനമോ അല്ല. അധ്യാപകരില്‍ ഒട്ടേറെ ഗുണഗണങ്ങള്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. വിജ്ഞാനം, വിവേകം, നേതൃത്വം, കാരുണ്യം, സത്യസന്ധത, സമഭാവന തുടങ്ങിയ ഗുണങ്ങളുടെയെല്ലാം സമന്വയമായാണ് അധ്യാപകരെ സമൂഹം വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് സംഭവിക്കുന്ന നേരിയ അപഭ്രംശം പോലും വലിയ മൂല്യത്തകര്‍ച്ചയായി കരുതപ്പെടുന്നത്.
കുട്ടികളോട് സ്വപ്‌നം കാണാന്‍ പറയാറുണ്ട്. കുട്ടികളുടെ സ്വപ്‌നം എവിടെയാണ് തുടങ്ങുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. തീര്‍ച്ചയായും അവരില്‍ വിശ്വാസമര്‍പ്പിക്കുന്ന, അവരെ ചേര്‍ത്തുപിടിക്കുന്ന, അവരോടൊപ്പം നില്‍ക്കുന്ന അധ്യാപകരിലൂടെയും രക്ഷാകര്‍ത്താക്കളിലൂടെയുമാണ് ഓരോ കുട്ടിയിലും സ്വപ്‌നങ്ങള്‍ ഉണ്ടാകുന്നത്. മഹാന്മാരായ അധ്യാപകര്‍ എപ്പോഴും മഹാന്മാരായ സാമൂഹ്യനായകര്‍കൂടി ആയിത്തീരുന്നത് അവര്‍ സമൂഹം കൂട്ടായി കാണുന്ന സ്വപ്‌നങ്ങളുടെ ഉറവിടമായി തീരുന്നതുകൊണ്ടാണ്.
നമ്മുടെ രാജ്യം ഉന്നതശീര്‍ഷരായ അധ്യാപകരുടെ മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവരെല്ലാം ഔപചാരികമായി വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയവരോ അധ്യാപനം ജീവിതവൃത്തിയാക്കിയിട്ടുള്ളവരോ ആവണമെന്നില്ല. സ്വാമി വിവേകാനന്ദനെപോലുള്ളവര്‍ മനുഷ്യസമൂഹത്തിന് എത്രയോ ഉന്നതമായ അറിവുകളാണ് പകര്‍ന്നുതന്നിട്ടുള്ളത്. വിദ്യാഭ്യാസത്തെ മനുഷ്യന്റെ ആന്തരപൂര്‍ണതയുടെ ആവിഷ്‌കാരമായി കണ്ടു അദ്ദേഹം. അയ്യങ്കാളി വിദ്യാഭ്യാസത്തിന്റെ ആ മഹത്വം തിരിച്ചറിഞ്ഞ നവോത്ഥാന നായകനാണ്. അധഃസ്ഥിതരെന്നു വിളിക്കപ്പെട്ട, ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി അദ്ദേഹം പ്രക്ഷോഭം നടത്തി. മലയാളക്കരയിലാദ്യമായി ഒരു പണിമുടക്ക് സമരം നടന്നത് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയായിരുന്നു എന്നത് കേവലം യാദൃച്ഛികതയല്ല. കേരള നവോത്ഥാനത്തിന്റെ രാജശില്‍പി എന്നു വിശേഷിപ്പിക്കാവുന്ന ശ്രീനാരായണഗുരു ഉന്നതശീര്‍ഷനായ അധ്യാപകനാണ്. നാണു ആശാനായി ജീവിതം തുടങ്ങിയ അദ്ദേഹം അറിവ് എന്ന പേരില്‍ ഒരു കവിത തന്നെ രചിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ച സാവിത്രി ഫൂലെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സവര്‍ണ മേലാളന്മാരുടെ എതിര്‍പ്പുകളെ ചെറുത്ത് ഇന്ത്യയിലാദ്യമായി പെണ്‍കുട്ടികള്‍ക്കായി വിദ്യാലയം ആരംഭിച്ചത് അവരാണ് 1848 ല്‍. പൂനയില്‍ ഇത്തരം മൂന്ന് വിദ്യാലയങ്ങള്‍ അവര്‍ നടത്തിയിരുന്നു. സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നത് അചിന്തനീയമായിരുന്ന അക്കാലത്ത് സാമൂഹ്യബഹിഷ്‌കരണവും സവര്‍ണ വിഭാഗക്കാരുടെ കല്ലേറുകളും നേരിട്ട് കാലത്തിന്റെ നിയോഗം ഏറ്റെടുത്ത സാവിത്രി ഫൂലെ അധ്യാപക സമൂഹത്തിന് നിത്യപ്രചോദനമാണ്. വിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ പുതിയ മാറ്റങ്ങളുടെ ചാലകശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്ന സമകാലിക അധ്യാപക സമൂഹം സമ്പന്നമായ സാമൂഹ്യനവീകരണ പാരമ്പര്യത്തിന്റെ അവകാശികളാണ് എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി പൊതുവിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സാര്‍ത്ഥകമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. പ്രീപ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്ററി വരെ ഉള്ളടക്കത്തിലും വിനിമയത്തിലും അധ്യാപക പരിശീലനത്തിലുമെല്ലാം കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നു. പുതിയ കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് പഴയ രീതിശാസ്ത്രങ്ങള്‍ പോരാതെ വരും. അതുകൊണ്ടാണ് വിദ്യാഭ്യാസത്തെ പൂര്‍ണമായും ഹൈടെക് ആക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്. അതോടൊപ്പംതന്നെ വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ തയ്യാറായി. അധ്യാപകര്‍ക്കാവശ്യമായ ഡിജിറ്റല്‍ പഠനസാമഗ്രികള്‍ ലഭ്യമാക്കുക മാത്രമല്ല, അവ തയ്യാറാക്കുന്നതിന് അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തു. ഹയര്‍സെക്കന്ററി മേഖലയില്‍ നടത്തിയ അധ്യാപകപരിശീലന പദ്ധതി മൗലികതയും ഗുണമേന്മയും കൊണ്ട് ദേശീയ ശ്രദ്ധ നേടി. പരിശീലനം എന്നതിനപ്പുറം ‘ടീച്ചര്‍ ട്രാന്‍സ്‌ഫൊമേഷന്‍’ എന്ന കാഴ്ചപ്പാടാണ് ഇതിലൂടെ മുന്നോട്ട്‌വെച്ചത്. അധ്യാപകക്ഷേമത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധചെലുത്തി. അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ‘സമന്വയ’ പോര്‍ട്ടല്‍ ആരംഭിച്ചതിലൂടെ എയ്ഡഡ് മേഖലയിലെ വലിയൊരു പ്രശ്‌നത്തിന് പരിഹാരം കണ്ടു.
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ പഠനരീതിയുടെ പ്രത്യേകതകള്‍ നിരന്തര പരിശീലനത്തിലൂടെ അധ്യാപക സമൂഹം സ്വായത്തമാക്കിക്കഴിഞ്ഞു. ഇതിന്റെകൂടി പശ്ചാത്തലത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പാഠ്യപദ്ധതി കാലാനുസൃതമാകണം എന്ന് നിരന്തരം കേള്‍ക്കാറുണ്ട്. അതിനുമപ്പുറം വരുംകാലത്തെ മുന്നില്‍ കണ്ടാകണം പാഠ്യപദ്ധതി ഉണ്ടാകേണ്ടത്. ഗവേഷണ മേഖലയെയും സാമൂഹ്യചലനങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടല്ലാതെ ഭാവിലോകത്തെ സാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന പാഠ്യപദ്ധതി തയ്യാറാക്കാനാവില്ല. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ ലോകത്ത്‌സജീവവും സക്രിയവുമായി ഇടപെടുമ്പോള്‍ അവര്‍ക്ക് അറിവിന്റെയും ശേഷികളുടെയും കരുത്തുണ്ടാകത്തക്കവിധം വിദ്യാഭ്യാസത്തെ മാറ്റിതീര്‍ക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ കേരളം ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. എങ്കിലും ഇതാണ് പൂര്‍ണ്ണത എന്ന് കരുതി വിശ്രമിക്കാനാവില്ല. റോബര്‍ട്ട് ഫ്രോസ്റ്റ് പാടിയതുപോലെ ‘താണ്ടുവാനുണ്ടേറെ ദൂരം’.
പ്രപഞ്ചത്തിന് അതിരില്ല എന്ന നിഗമനത്തിലാണ് ഇന്ന് ശാസ്ത്രലോകം എത്തിനില്‍ക്കുന്നത്. അനുക്ഷണം വികസിക്കുകയാണ് പ്രപഞ്ചം. അതുപോലെ തന്നെയാണ് അറിവിന്റെ ലോകവും. വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു പറക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. പറക്കുന്നത് എങ്ങനെയെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുക; പറക്കാന്‍ പ്രേരിപ്പിക്കുക; കുരുന്നു ചിറകുകള്‍ തളരുമ്പോള്‍ ഒന്ന് ചെറുതായി താങ്ങാവുക അത്രമാത്രം. അതിനെയാണ് മെന്ററിംഗ് എന്ന് പറയുന്നത്. വരുംകാല അധ്യാപകര്‍ മികച്ച മെന്റകര്‍മാരായി മാറുമെന്ന പ്രതീക്ഷയാണുള്ളത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.