Connect with us

Video Stories

അഫ്ഗാനില്‍ സമാധാന പ്രതീക്ഷ

Published

on

 

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തില്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ പ്രഖ്യാപനം വഴിത്തിരിവാകുമെന്ന് തീര്‍ച്ച. നാല് പതിറ്റാണ്ട് കാലത്തോളമായി നിലനില്‍ക്കുന്ന സംഘര്‍ഷവും ആഭ്യന്തര യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാന്‍, അശ്‌റഫ് ഗനിയുടെ നീക്കം ആത്മാര്‍ത്ഥയുള്ളതെങ്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. താലിബാനുമായി നിരുപാധിക ചര്‍ച്ചക്കുള്ള അഫ്ഗാന്‍ സര്‍ക്കാറിന്റെ സന്നദ്ധത നാളിതുവരെ തുടര്‍ന്നുവന്ന നയ സമീപനത്തില്‍ പ്രകടമായ മാറ്റമാണ്. കീഴടങ്ങലിന്റെ സ്വരം അഷ്‌റഫ് ഗനിയുടെ പ്രസ്താവനയിലുണ്ടെങ്കിലും അഫ്ഗാന്‍ ജനതയുടെ സമാധാന ജീവിതത്തിന് ആര് ജയിച്ചാലും തോറ്റാലും സഹോദരര്‍ക്കിടയിലെ ഒത്തുതീര്‍പ്പ് എന്ന് വിലയിരുത്താം. ബാഹ്യശക്തികള്‍ അവസാനം അട്ടിമറിക്കാതിരുന്നാല്‍ സമീപ ഭാവിയില്‍ സമാധാനം പുനസ്ഥാപിക്കാം. അങ്ങനെ സംഭവിച്ചാല്‍ മേഖലയിലാകെ പ്രതിഫലിക്കുന്നതായിരിക്കും സമാധാന തരംഗം.
അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും അധികാരത്തില്‍ പ്രതിഷ്ഠിച്ച പാവ സര്‍ക്കാറുമായി നേരിട്ട് ചര്‍ച്ചക്ക് തയ്യാറില്ലെന്ന മുന്‍ നിലപാടില്‍ താലിബാന്‍ നയത്തില്‍ മാറ്റം വന്നിട്ടില്ല. അധികകാലം അവര്‍ക്കും സമാധാനത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല. സഹോദരര്‍ക്കിടയില്‍ ചോരച്ചാലുകള്‍ ഇനിയും സൃഷ്ടിക്കരുതെന്ന നിര്‍ബന്ധബുദ്ധി താലിബാന്‍ നേതൃത്വത്തിനുണ്ടെന്ന് അവരുടെ പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചക്ക് താലിബാന്‍ സന്നദ്ധമാണത്രെ.
താലിബാനുമായി യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്താന്‍ അഫ്ഗാന്‍ ഭരണകൂടം തയാറായത് നിര്‍ബന്ധിതാവസ്ഥയിലാണെന്ന് രാഷ്ട്രീയ ചിന്തകര്‍ വിലയിരുത്തുന്നു. തലസ്ഥാനമായ കാബൂളില്‍ അതീവ സുരക്ഷാവലയത്തിലുള്ള കേന്ദ്രങ്ങളില്‍ പോലും കഴിഞ്ഞ മാസങ്ങളില്‍ കടന്നുകയറി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഭരണ നേതൃത്വം അസ്വസ്ഥരാണ്. താലിബാന്‍ നിരന്തരം നടത്തുന്ന ആക്രമണവും ചാവേര്‍ പോരാട്ടവുമൊന്നും തടയാന്‍ അഫ്ഗാന്‍ – നാറ്റോ സേനകള്‍ക്ക് സാധിക്കുന്നില്ല. ജനുവരിയില്‍ ബി.ബി.സി പുറത്തുവിട്ട സ്ഥിതി വിവരമനുസരിച്ച് അഫ്ഗാന്റെ 70 ശതമാനം പ്രദേശവും താലിബാന്‍ പ്രവര്‍ത്തന പരിധിയിലാണത്രെ. മൊത്തം വരുന്ന 263 ജില്ലകളില്‍ നാല് ജില്ലകള്‍ പൂര്‍ണ്ണമായും അവരുടെ ഭരണത്തിനു കീഴിലാണ്. 2017 ഒക്‌ടോബറില്‍ നാറ്റോ റിപ്പോര്‍ട്ടില്‍ 15 മില്യണ്‍ ജനങ്ങള്‍ ‘താലിബാന്‍ ഭരണ നിയന്ത്രണ’ത്തിലാണെന്നും അവര്‍ പ്രബല ശക്തിയാണെ’ന്നും വിവരിക്കുന്നുണ്ട്. അഫ്ഗാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 122 ജില്ലകളിലും താലിബാന് കടന്നുകയറാന്‍ കഴിവുണ്ടത്രെ. താലിബാന് പുറമെ, മുമ്പില്ലാത്ത വിധം 30 ജില്ലകളില്‍ ഐ.എസ് സാന്നിധ്യം കാണുന്നത് വലിയ ഭീഷണിയായി നാറ്റോ വിലയിരുത്തുന്നുണ്ട്. ഇതിനു പുറമെ, നാറ്റോ സഖ്യസേനയെ അന്ധമായി വിശ്വസിക്കാന്‍ അഫ്ഗാന്‍ ഭരണ നേതൃത്വം ഇപ്പോള്‍ തയാറില്ല. മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ് പരസ്യമായി ഇക്കാര്യം ആരോപിക്കുന്നു. അഫ്ഗാനില്‍ ഐ.എസിന് പ്രവര്‍ത്തിക്കാന്‍ സൗകര്യം നല്‍കിയത് അമേരിക്ക ആണെന്നാണ് കര്‍സായ് ആരോപിച്ചത്. അമേരിക്കയുടെ വ്യോമാക്രമണ വിവരം നേരത്തെ ഐ.എസ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതായി കര്‍സായ് കുറ്റപ്പെടുത്തുന്നു. കര്‍സായ് തെളിവ് സഹിതം ഇങ്ങനെ ആരോപണം ഉയര്‍ത്തുമ്പോള്‍ സംശയിക്കാവുന്നതാണ്. തുടര്‍ച്ചയായി രണ്ട് തവണ അമേരിക്കയുടെ പിന്തുണയോടെ അഫ്ഗാന്‍ പ്രസിഡന്റായ കര്‍സായ് ഇപ്പോള്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് വിചിത്രവും അതേസമയം ഗൗരവമേറിയതുമാണ്.
2001ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരര്‍ ആക്രമിച്ചതോടെയാണ് അമേരിക്ക അഫ്ഗാന് എതിരെയുള്ള യുദ്ധ പ്രഖ്യാപനം. 2001 ഒക്‌ടോബര്‍ ഏഴിന് അമേരിക്കയുടെ നേതൃത്വത്തില്‍ കാനഡ, ബ്രിട്ടന്‍ തുടങ്ങി 40 രാജ്യങ്ങള്‍ അഫ്ഗാന്‍ യുദ്ധത്തില്‍ അണിനിരന്നു. 1996 മുതല്‍ അഫ്ഗാനില്‍ ഭരണം നടത്തിവന്ന താലിബാന്‍, അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വന്‍ യുദ്ധ സന്നഹാത്തോടെ, താലിബാന്‍ വിരുദ്ധരായ ‘വടക്കന്‍ സഖ്യ’ ത്തിന്റെ (പ്രതിപക്ഷ പാര്‍ട്ടി സഖ്യം) തലസ്ഥാനമായ കാബൂള്‍ കീഴടക്കാന്‍ എത്തുന്നതിന് മുമ്പ് മുല്ല മുഹമ്മദ് ഉമറും അനുയായികളും ഒഴിഞ്ഞുപോയി. വളരെ ആഹ്ലാദപൂര്‍വം ഭരണം കയ്യടക്കുമ്പോള്‍ താലിബാന്റെ പിന്‍മാറ്റത്തിന്റെ പിന്നിലെ നിഗൂഡതയെ കുറിച്ച് അവര്‍ വേണ്ടത്ര ബോധവാന്‍മാരായിരുന്നില്ല. സുമാര്‍ 40,000 വരുന്ന സൈന്യം താലിബാനുണ്ടായിരുന്നു. ആയുധ സജ്ജരായ ഇവരുടെ പിന്‍മാറ്റത്തെകുറിച്ച് പിന്നീടാണ് അമേരിക്കയും സഖ്യരാഷ്ട്രങ്ങള്‍ക്കും ബോധ്യമായത്. അഫ്ഗാന്റെ മലമടക്കുകളിലെ ഒളിത്താവളങ്ങളില്‍ നിന്ന് താലിബാന്‍ പോരാട്ടം തുടര്‍ന്നു. 17 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും താലിബാന്റെ പോരാട്ടവീര്യം ചോര്‍ന്നില്ലെന്ന് പാശ്ചാത്യ ശക്തികള്‍ തിരിച്ചറിഞ്ഞു. അധിനിവേശം എക്കാലവും നിലനിര്‍ത്താനാവില്ലെന്ന് അമേരിക്കയുടെ ഭരണകൂടം വിലയിരുത്തുന്നു. ഭൂരിപക്ഷം സൈനികരെയും തിരിച്ചുകൊണ്ടുപോയി, സഖ്യരാഷ്ട്രങ്ങളില്‍ മിക്കവയുടെയും സൈനികര്‍ പൂര്‍ണ്ണമായും പിന്‍മാറി. നിരന്തരം അഫ്ഗാനെ ഞെട്ടിച്ച് താലിബാന്‍ നടത്തുന്ന ആക്രമണവും ചാവേര്‍ സ്‌ഫോടനങ്ങളും ട്രംപ് ഭരണകൂടത്തിന്റെ പുനരാലോചനക്ക് കാരണമായി. 2017 വര്‍ഷം മാത്രം കൊല്ലപ്പെടുകയോ പരിക്കേല്‍പിക്കപ്പെടുകയോ ചെയ്ത സംഖ്യ പതിനായിരത്തോളമാണ്. ദരിദ്ര രാജ്യമായ അഫ്ഗാന് ഇവയൊന്നും താങ്ങാനുള്ള കരുത്തില്ല. ഇതര രാഷ്ട്രങ്ങളുടെ ഔദാര്യവും സംഭാവനയുമാണ് അഫ്ഗാന്റെ പ്രധാന ‘വരുമാനം’. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് കാബൂളില്‍ അഫ്ഗാന്‍ ഭരണകൂടം സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ 25 രാഷ്ട്ര പ്രതിനിധികള്‍ സംബന്ധിച്ചുവെങ്കിലും മുന്‍കാലങ്ങളിലെ പോലെ പ്രതീക്ഷിച്ച ‘സംഭാവന’ ലഭ്യമായില്ല.
അഷ്‌റഫ് ഗനിയുടെ സമാധാന നീക്കത്തിന് പിന്നില്‍ അമേരിക്ക ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രങ്ങളുടെ പിന്തുണയുണ്ട്. ഇതിനകം ഒന്നര ലക്ഷത്തോളം മരണം സംഭവിച്ചു. വിദേശ രാഷ്ട്രങ്ങളിലെ ‘ഇടപെടല്‍’ അവസാനിപ്പിക്കുകയാണ് അമേരിക്കയുടെ പുതിയ ‘ട്രംപ് നയം’. താലിബാനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാമെന്നും കാബൂളില്‍ ഉള്‍പ്പെടെ ഓഫീസ് അനുവദിക്കാമെന്നും തടവുകാരെ കൈമാറാമെന്നും കരിമ്പട്ടികയില്‍ നിന്ന് നീക്കാമെന്നും അഷ്‌റഫ് ഗനി വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയുടെ സംഖ്യരാഷ്ട്രങ്ങള്‍ക്കും അഫ്ഗാന്‍ ദൗത്യം മതിയായി കാണും. താലിബാനെ അല്ല, മറിച്ച് അവര്‍ സംരക്ഷിച്ചിരുന്ന ഉസാമാ ബിന്‍ ലാദനെയും അല്‍ ഖാഇദയേയുമാണ് ലക്ഷ്യംവെച്ചതെന്നും അവരെ തകര്‍ത്തുവെന്നും അമേരിക്ക അവകാശപ്പെടുന്നു. ഉസാമയെ കൊലപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ അല്‍ഖാഇദയുടെ മറവില്‍ ഐ.എസ് ലോകമാകെ ഭീകരത സൃഷ്ടിക്കുന്നുണ്ടെന്ന വസ്തുത പാശ്ചാത്യ ശക്തികള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നത് വിചിത്രമായ വിരോധാഭാസമാണ്.
അഫ്ഗാന്‍ ജനതക്ക് 1979 മുതല്‍ സമാധാനം നഷ്ടപ്പെട്ടുവെന്നാണ് ചരിത്രം. 1973ല്‍ രാജവാഴ്ച തകര്‍ത്ത് സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ അധികാരം കയ്യടക്കി രാജ്യത്തെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. 1978 ഏപ്രില്‍ 28ന് ദാവൂദിനെ പുറത്താക്കി കമ്യൂണിസ്റ്റ് ഭരണം. നൂര്‍ മുഹമ്മദ് തറാക്കി പ്രസിഡന്റായി. 1979ല്‍ തറാക്കിയെ വധിച്ച് ഹഫീസുല്‍ അമീന്‍ പ്രസിഡന്റായി. ഇങ്ങനെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ തമ്മിലടിച്ച് പരസ്പരം വധിച്ചു. അഫ്ഗാനിലെ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ യോജിച്ച പോരാട്ടത്തിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ പുറത്താക്കി. അവരെ താങ്ങിനിര്‍ത്തിയ സോവ്യറ്റ് ചെമ്പട 1989ല്‍ അഫ്ഗാനില്‍ നിന്ന് പിന്‍മാറിയതോടെ 1992ല്‍ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ അധികാരം കയ്യടക്കി. അധികാരത്തില്‍ എത്തിയ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ അധികാര വടംവലി രൂക്ഷമായി. നാല് വര്‍ഷത്തിനിടെ നിരവധി പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും. സോവ്യറ്റ് പടയെ ഓടിച്ച ശേഷം അധികാരം കയ്യടക്കിയ മുജാഹിദീന്‍ നേതാക്കളുടെ അധികാര തര്‍ക്കത്തില്‍ അസ്വസ്ഥരായ അഫ്ഗാന്‍ സമൂഹത്തിലേക്കാണ് ‘താലിബാന്‍’ (മത വിദ്യാര്‍ത്ഥികള്‍) പോരാളികള്‍ കടന്നുവന്നതും കാബൂള്‍ കയ്യടക്കി ഭരണം തുടങ്ങിയതും. 1996ല്‍ അധികാരമേറ്റ താലിബാന്‍ അഞ്ച് വര്‍ഷം തുടര്‍ന്നു. അമേരിക്കയുടെ അധിനിവേശത്തോടെയാണ് താലിബാന്‍ പുറത്താവുന്നത്.
അഫ്ഗാന്‍ ജനതക്ക് നാല്‍പത് വര്‍ഷമായി സമാധാന ജീവിതമില്ല. ബോംബ് വര്‍ഷം, ചാവേര്‍ ആക്രമണം, ഒളിപ്പോര്, – സമാധാന ജീവിതം അവര്‍ക്ക് സങ്കല്‍പം. താലിബാന്‍ എഴുതി തള്ളാവുന്ന ശക്തിയല്ല. അവരെ കൂടി അഫ്ഗാന്‍ പുനര്‍ നിര്‍മ്മിതിയില്‍ പങ്കാളികളാക്കിയെങ്കില്‍ മാത്രമേ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും താലിബാന്‍ കൂടി അഫ്ഗാന്‍ മുഖ്യധാരയിലെത്തണം. അഷ്‌റഫ് ഗനിക്കും ഹമീദ് കര്‍സായിക്കും അഫ്ഗാന്‍ ജനതയില്‍ വലിയ സ്വാധീനമില്ല. അമേരിക്കന്‍ സൈനിക പിന്‍ബലത്തില്‍ കഴിയുക, എത്രനാള്‍. യാഥാര്‍ത്ഥ്യ ബോധത്തോടെ, അഫ്ഗാന്റെ വിശാല താല്‍പര്യം സംരക്ഷിക്കാന്‍ താലിബാന്‍ പങ്ക് വഹിക്കാനുള്ള സാധ്യത വിദൂരമല്ല. അഫ്ഗാന്‍ ജനതക്ക് സമാധാന ജീവിതം തിരിച്ചുനല്‍കുന്നതില്‍ അമേരിക്ക, ഇന്ത്യ, പാക്കിസ്താന്‍ തുടങ്ങിയ ലോക രാഷ്ട്രങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. പ്രതീക്ഷയോടെ കാത്തിരിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.