Connect with us

Video Stories

വിഭജനത്തിന്റെ ഇടതു മതില്‍

Published

on

 

പി.ഇസ്മായില്‍ വയനാട്

കേരളീയ നവോത്ഥാനത്തിന്റെ പിതൃത്വം സ്വന്തമാക്കാനുള്ള മത്സരമാണിപ്പോള്‍ പിണറായി സര്‍ക്കാരും വിശിഷ്യാ സി പി എം പ്രസ്ഥാനവും അടിക്കടി നടത്തി കൊണ്ടിരിക്കുന്നത്. ഭാഷ.ഭക്ഷണം. വേഷം. തുടങ്ങിയ ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ ഇവിടം ജാതീയത കൊടികുത്തി വാഴുകയുണ്ടായി. തൊട്ടുകൂടായ്മയുടെയും തീണ്ടി കൂടായ്മയുടെയും പേരില്‍ ജാതീയതയുടെ കണ്ണുനീര്‍ കുടിക്കേണ്ടി വന്ന ഹതഭാഗ്യരെ കണ്ടപ്പോഴാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ആരാധനാ സ്വാതന്ത്ര്യം. സഞ്ചാരസ്വാതന്ത്ര്യം. വിദ്യാഭ്യാസ അവകാശം. സ്വത്തവകാശം എന്നിവയെല്ലാം കീഴാള വിഭാഗത്തെ സംബന്ധിച്ചടുത്തോളം അന്ന് കിട്ടാക്കനികളായിരുന്നു.പുതിയ മനുഷ്യനെയും സമൂഹത്തെയും സൃഷ്ടിച്ചെടുക്കുന്നതിനായി മാറ്റാനും മാറാനും ആഹ്വാനം ചെയ്തുകൊണ്ടാണ് നിരവധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ അക്കാലത്ത് ഉടലെടുത്തത്. ജാതീയതയുടെ നാരായവേരുകള്‍ പിഴുതെറിയും വിധം ശ്രീ നാരായണ ഗുരുവിന്റെ കാര്‍മികത്വത്തില്‍ നടമാടിയ അരവിപ്പുറം ഈഴവശിവ പ്രതിഷ്ഠ. അയിത്തജാതിക്കാര്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ലങ്കില്‍ പാടങ്ങളില്‍ പുല്ലു കിളിര്‍ക്കാതെ വരുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള അയ്യന്‍കാളിയുടെ കാര്‍ഷിക വിദ്യാഭ്യാസ വിപ്ലവം. സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യന്‍കാളി തന്നെ നടത്തിയ വില്ലുവണ്ടി സമരം. സഹോദരന്‍ അയ്യപ്പന്റെ മിശ്രഭോജനം. മന്നത്ത് പത്മനാഭന്‍ നടത്തിയ പന്തിഭോജനം.കുമാരനാശാന്റെയും പണ്ഡിറ്റ് കറുപ്പന്റെയും അക്ഷരവിപ്ലവം. ഗുരുവായൂര്‍ സത്യാഗ്രഹം.വൈക്കം സത്യാഗ്രഹം.അങ്ങിനെയുള്ള ചെറുതും വലുതുമായ ഒട്ടനവധി ചെറുത്ത് നില്‍പിലൂടെയാണ് ഭ്രാന്താലയത്തെ സ്‌നേഹാ ലയമാക്കി തീര്‍ത്തത്.
കേരളത്തെ മാറ്റിപ്പണിത നവോത്ഥാന മുന്നേറ്റത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കാഴ്ചക്കാരുടെ റോള്‍ പോലുമുണ്ടായിട്ടില്ല.അവരാണിപ്പോള്‍ ഒന്ന് വീതം മുന്ന് നേരം നവോത്ഥാനത്തെ കുറിച്ച് വാചാലരാവുന്നത്.ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെയും പേരില്‍ പാര്‍ട്ടി അംഗങ്ങളോട് വിശദീകരണം ആരാഞ്ഞവര്‍ തന്നെയാണ് ഏതാനും വാരങ്ങള്‍ക്കപ്പുറം ക്ഷേത്ര പ്രവേശന വിളംബരം കൊണ്ടാടിയത്. ഭരണഘടനാ ദിനത്തില്‍ സ്‌കൂളുകളില്‍ നവോത്ഥാന പാഠശാലയും സംഘടിപ്പിക്കുകയുണ്ടായി.കേരളം ഭ്രാന്താലയമാക്കരുത് എന്ന ശീര്‍ഷകത്തില്‍ ഏറ്റവും ഒടുവിലായി വനിതാ മതില്‍ എന്ന പ്രഖ്യാപനവും കൂടി പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുകയാണ്.സ്ത്രീ സമത്വവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമാണ് വനിതാ മതിലിന്റെ മുഖ്യ ലക്ഷ്യമായി പറയപ്പെടുന്നത്. ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ ധ്യതി കൂട്ടിയ സര്‍ക്കാരിനെതിരായി ലക്ഷകണക്കിന് സ്ത്രീകളാണ് നാമജപയാത്രയില്‍ പങ്കാളികളായത്. വിശ്വാസിനികളുടെ മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന സര്‍ക്കാര്‍ വിരോധം മറികടക്കാനായിട്ടാണ് വനിതാ മതിലെന്ന ആശയവുമായി ഇടതുപക്ഷം രംഗത്തെത്തിയിട്ടുള്ളത്. എറണാകുളം ജില്ലയില്‍ ചൂണ്ടി ഭജനമഠം ക്ഷേത്രത്തിന് മുന്നില്‍ ദളിതുകള്‍ക്ക് നേരെ അയിത്തത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ജാതിയ മതിലിനു ഭരണത്തിന്റെ തണലില്‍ സംരക്ഷണം നല്‍കിയവരും അത് പൊളിച്ചതിന്റെ പേരില്‍ സ്ത്രീകളടക്കം നിരവധി ദളിതുകളുടെ പേരില്‍ കേസ്സെടുക്കുകയും ചെയ്തവരാണിപ്പോള്‍ നവോത്ഥാന മതില്‍ നിര്‍മാണത്തിനായി കല്ലുകള്‍ പൊട്ടിക്കുന്നതും കട്ടയേന്തുന്നതും. സ്ത്രീ സമത്വത്തിന്റെ വിളംബരമായി കൊട്ടിഘോഷിക്കുന്ന വനിതാ മതിലിന്റെ കൂടിയാലോചനായോഗത്തില്‍ ഒരു വനിതയും പങ്കെടുത്തതായി അറിവില്ല.650 കിലോ മിറ്റര്‍ ദൂരത്തില്‍ സ്യഷ്ടിക്കപ്പെടുമെന്ന് പറയുന്ന വനിതാമതിലിന്റെ സംഘാടക സമിതി ചെയര്‍മാനും കണ്‍വീനറടക്കമുള്ള എല്ലാ പദവികളിലും പുരുഷ കേസരിമാര്‍ മാത്രമാണുള്ളത്.
വനിതാ മതിലിന്റെ മേല്‍നോട്ടക്കാരായി മാര്‍ക്ക്‌സിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച വെള്ളാപ്പള്ളി നടേശനും സി. പി സുഗതനും മലയാളികളുടെ സ്‌നേഹ പൊയ്കയില്‍ പല ഘട്ടങ്ങളിലായി വര്‍ഗ്ഗീയ വിഷം ചീറ്റിയവരാണ്. കോഴിക്കോട് നഗരത്തിലെ മാന്‍ഹോളില്‍ കുടുങ്ങിയ അയല്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ നിര്‍ധന കുടുംബത്തിന് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുണ്ടായി. ജാതി ചോദിക്കരുതെന്ന് ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാരനായ വെള്ളാപ്പള്ളി നാടുനീളെ നൗഷാദിന് ജന്മം നല്‍കിയ മതത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. പിണറായി സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ കൈമാറിയപ്പോഴും പച്ചയായി സ്വജനപക്ഷപാതം കാട്ടിയപ്പോഴും ഒരക്ഷരം മറുത്ത് പറയാന്‍ വെള്ളാപ്പള്ളി തയാറായിട്ടുമില്ല. അച്ചന്റെ കാല്‍ മാര്‍ക്‌സിസ്റ്റ് വഞ്ചിയിലാണെങ്കില്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാലുള്ളത് ബി ജെ പിയുടെ വഞ്ചിയിലാണ്.സി പി എമ്മിനുംആര്‍ എസ്സ് എസ്സിനുമിടയില്‍ വര്‍ഷങ്ങളോളമായി പാലമായി വര്‍ത്തിക്കുന്നത് വത്സന്‍ തില്ലങ്കേരിയാണെങ്കില്‍ അവിഹിത ബന്ധത്തിന്റെ പുതിയ ഇടമായിട്ടാണ് വെള്ളാപ്പളിയുടെ ഇപ്പോഴത്തെ സ്ഥാനാരോഹണത്തെ കണക്കാക്കേണ്ടത്. ബാബരി മസ്ജിദ് തകര്‍ക്കാനായി കര്‍സേവയില്‍ പങ്കെടുത്ത ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സി.പി സുഗതനെയാണിപ്പോള്‍ സി പി എമ്മുകാര്‍ നവോത്ഥാനത്തിന്റെ അവതാര പുരുഷനായി എഴുന്നള്ളിപ്പിച്ചിട്ടുള്ളത്. കര്‍സേവയില്‍ പങ്കെടുത്തത് പക്വത വരാത്ത പ്രായത്തിലാണെന്നാണ് പിണറായിക്കായി നടത്തിയ കുമ്പസാര നാടകത്തില്‍ സുഗതന്‍ ഏറ്റു പറിച്ചല്‍ നടത്തിയത്. ഹാദിയയുടെ അച്ചന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളെ കൊന്ന് ജയിലില്‍ പോകുമെന്നും അവളെ പരസ്യമായി ഭോഗിക്കണമെന്നുമുള്ള സുഗതന്റെ വാ മൊഴിയും വരമൊഴിയും ഏത് നവോത്ഥാനത്തിന്റെ കണക്ക് പുസ്തകത്തിലാണ് പിണറായിയും കൂട്ടരും വരവു വെച്ചിട്ടുള്ളതെന്ന് ഇനിയെങ്കിലും വിശദീകരിക്കേണ്ടതുണ്ട്. നൂറ്റാണ്ട് സാക്ഷ്യം വഹിച്ച പ്രളയക്കെടുതികള്‍ മണിക്കൂറുകളോളം ലോകത്തിന് മുന്നില്‍ അറിയിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി സമാഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത എന്‍.ടി.ടിവിയുടെ റിപ്പോര്‍ട്ടര്‍ സ്‌നേഹ മേരി കോശിക്കെതിരായി ശബരിമലയില്‍ വെച്ച് ഭരണിപ്പാട്ട് നടത്തിയ സുഗതനെയാണിപ്പോള്‍ വനിതാ മതിലില്‍ സ്ത്രീകള്‍ക്ക് സാരോപദേശം നല്‍കാന്‍ സര്‍ക്കാര്‍ നാടുനീളെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
എന്‍ എസ്സ് എസ്സ്.ക്ഷത്രീയ ക്ഷേമസഭ. യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുണ്ടായി. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത അന്‍പതില്‍പരം സംഘടനകള്‍ വനിതാ മതിലിന്റെ നടത്തിപ്പില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ശ്രീ നാരായണ ധര്‍മവേദിയെ പ്രതിനിധീകരിച്ച് സി.കെ വിദ്യാസാഗറിനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്യുകയുണ്ടായി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി ജാതീയ സംഘടനകളുടെ മാത്രം യോഗം വിളിച്ചു ചേര്‍ത്തതിനെതിരായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിമര്‍ശന മതിലിന് ആദ്യമായി ശില പാകിയത് മറ്റാരുമല്ല സാക്ഷാല്‍ വി.എസ് അച്ചുതാനന്ദനാണ്. ജാതി സംഘടനകളെ വിളിച്ചു ചേര്‍ത്തത് മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്ന ശൈലിയല്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്. കേരളീയ നവോത്ഥാനത്തിന് ഹൈന്ദവതയുടെ നിറം ചാര്‍ത്തി കൊടുക്കാനാണ് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ ശ്രമം. പള്ളികളോടൊപ്പം പള്ളിക്കൂടമെന്ന ആശയവും സാധാരണ കുട്ടികള്‍ക്കായി പിടിയരി സംരംഭവും നാനാ ജാതി മതസ്ഥരെ ഒരേ ക്ലാസ്സിലിരുത്തി വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ചാവറയച്ചന്റെ സംഭാവനകള്‍ അവിസ്മരണീയമാണ്. ഭയ കൗടില്യ ലോപങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി പത്രവും കേരളത്തിന്റെ ഇരുണ്ട കാലം മാറ്റി മറിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ക്രൈസ്തവ മിഷണറിമാരും മുസ്‌ലിം നവോത്ഥാന നായകരുടെയുമെല്ലാം സ്ഥാനം പിണറായിയുടെ മതിലിനു പുറത്താണ്.
ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ ചിലങ്ക കെട്ടിയവരുടെയും ദഫ്മുട്ടിയവരുടെയും കൈകകളില്‍ കിരീടമോ ട്രോഫി യോ കാണാന്‍ കഴിഞ്ഞിട്ടില്ല. അവിടെ കലോത്സവത്തിനായി പന്തല്‍ കെട്ടിയതും പായസം കാച്ചിയതും ഭക്ഷണം വിളമ്പിയതും സര്‍ക്കാര്‍ ചിലവിലുമായിരുന്നില്ല. സാമ്പത്തിക ക്ലേശത്തിന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലും മെഡലുകളുടെ വിതരണവും നടന്നിരുന്നില്ല. പഞ്ചായത്ത് തലങ്ങളില്‍ കേരളോത്സവവും ഉപേക്ഷിക്കുകയുണ്ടായി. പ്രളയാനന്തര കേരളത്തില്‍ ഒരു വര്‍ഷത്തേക്ക് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക അവധി പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ തന്നെയാണ് ഒളിച്ചോട്ടം നടത്തുന്നത്. സാമ്പത്തിക പരാധീനതയുടെ പേരില്‍ സ്‌കൂള്‍ കലോത്സവത്തിന് പോലും പണം നിഷേധിച്ചവരാണിപ്പോള്‍ വനിതാ മതിലിനായി കോടികള്‍ തുലക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍. ആശ അങ്കണ്‍വാടി വര്‍ക്കേഴ്‌സ് .കുടുംബശ്രീ പ്രവര്‍ത്തകര്‍.വനിതാ ഉദ്യോഗസ്ഥര്‍. തുടങ്ങിയ എല്ലാവരെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീ സംരക്ഷണത്തിനായി ശബ്ദിക്കുന്ന സി പി എമ്മുകാര്‍ തന്നെയാണ് പലപ്പോഴും സ്ത്രീ പീഡന വിഷയങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ കോടതിയായും സെക്രട്ടറിമാരെ ജഡ്ജിമാരുമായും പോളിറ്റ് ബ്യുറോ മെമ്പര്‍മാരെ അന്വേഷണ കമ്മീഷന്‍മാരുമായി പ്രഖ്യാപിക്കാറുള്ളത്- സ്വന്തം താല്‍പര്യ സംരക്ഷണത്തിനായി സി പി എമ്മുകാര്‍ വനിതാ കമ്മീഷനെ പോലും നോക്കി കുത്തിയാക്കിയ എത്രയോ സംഭവങ്ങള്‍ക്കാണ് ഇയ്യിടെ കേരളം സാക്ഷിയായിട്ടുള്ളത്.പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്ന് തീണ്ടാപ്പാടകലെ സ്ത്രികളെ മാറ്റിനിര്‍ത്തിയ വര്‍ വിഭാഗീയതയുടെയും വര്‍ഗ്ഗീയതയുടെയും മതിലുകളാണ് കെട്ടിപ്പൊക്കുന്നതെന്ന് ഉറക്കെ പറയാന്‍ സാംസ്‌കാരിക കേരളത്തിനാവണം. ദുരാചാരത്തിന്റെ പേരില്‍ മതാചാരങ്ങളെ സര്‍ക്കാര്‍ ചിലവില്‍ തെരുവോരങ്ങളില്‍ പരിഹസിക്കപ്പെടാനുള്ള നീക്കങ്ങള്‍ ഒട്ടും ഭൂഷണമല്ല.
വിശ്വാസികള്‍ക്കിടയിലെ പോരായ്മകള്‍ തിരുത്തേണ്ടതിന്റെ ഉത്തരവാദിത്വം വിശ്വാസികളുടേതാണ്. നിരീശ്വരവാദികളും അവിശ്വാസികളും അതിന് തുനിയുന്നത് തിരിച്ചടിയാകും.കോഴിമുട്ട അകത്ത് നിന്ന് സ്വയം പൊട്ടുമ്പോള്‍ കുഞ്ഞായി തീരുകയും പുറത്ത് നിന്ന് പൊട്ടിക്കുമ്പോള്‍ അതിന് ജീവന്‍ നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്.ഈ യാഥാര്‍ത്ഥ്യം മതനവീകരണത്തിനായി ഇറങ്ങി തിരിച്ച ഭൗതീകതയുടെ വക്താക്കളായ പിണറായിയും ഭരണകൂടവും തിരിച്ചറിയേണ്ടതുണ്ട്. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ നഷ്ടപരിഹാരം നാളിതുവരെയായിട്ടും വിതരണം ചെയ്യാതെയും റോഡും പാലവും പുനര്‍നിര്‍മിക്കാതെയുമുള്ള ധൂര്‍ത്തു പുത്രന്‍മാരുടെ ചെയ്തികള്‍ തുറന്നു കാട്ടാനും പ്രതിപക്ഷത്തിനും കഴിയണം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.