Connect with us

Video Stories

സാമൂഹിക കാഴ്ചപ്പാടില്‍ ബാധിച്ച വൈറസ്

Published

on


സുഫ്‌യാന്‍ അബ്ദുസ്സലാം


പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാവുകയും ചെയ്തപ്പോള്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെപോയ ആത്മഹത്യയായിരുന്നു കൊല്ലത്തെ വിദ്യാര്‍ത്ഥി ഖായിസ് റഷീദിന്റേത്. രണ്ടു ആത്മഹത്യകളുടെയും പശ്ചാത്തലങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും കേരളീയ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലെ വൈകല്യങ്ങളാണ് രണ്ടിന്റെയും യഥാര്‍ത്ഥ കാരണമെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പണി പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതെങ്കില്‍ താല്‍പര്യമില്ലാതെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്ക് നിര്‍ബന്ധിക്കപ്പെട്ട കാരണത്താലാണത്രെ ഖായിസ് ജീവനൊടുക്കിയത്. സാജന്റെ ആത്മഹത്യക്ക് നഗരസഭയും സര്‍ക്കാര്‍ സംവിധാനങ്ങളും കാരണമാകുന്നതുകൊണ്ട് അത് രാഷ്ട്രീയ പ്രശ്‌നമായി മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിയമനിര്‍മ്മാണ സഭകളും ഏറ്റെടുത്തിരിക്കുകയാണ്. ഖായിസിന്റെ ആത്മഹത്യ എവിടെയും ചര്‍ച്ചയാവാത്തത് അതിനു രാഷ്ട്രീയ പ്രാധാന്യം ഇല്ലാത്തതുകൊണ്ടും മതരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പൊതുസമൂഹം തന്നെ അതിനുത്തരവാദികള്‍ ആയതുകൊണ്ടുമാണ്.
കര്‍ഷക ആത്മഹത്യകളും പ്രണയ നൈരാശ്യം, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാലുള്ള ആത്മഹത്യകളും കടം മൂലമുള്ള ജീവനൊടുക്കലുകളും കേരളത്തെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. രാജ്യത്ത് ആത്മഹത്യാനിരക്കുകളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. സാക്ഷരതയും വിദ്യാഭ്യാസവും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടുതലായിരുന്നിട്ടുപോലും ആത്മഹത്യാപ്രവണത വര്‍ധിക്കുന്നത് കണ്ണുകള്‍ തുറപ്പിക്കേണ്ടതുണ്ട്. പെരുകുന്ന ആത്മഹത്യക്ക് പരിഹാരം നിശ്ചയിക്കുന്നതിന് സര്‍ക്കാരുകള്‍ക്കോ സംഘടനകള്‍ക്കോ മാധ്യമങ്ങള്‍ക്കോ സാധിക്കുന്നില്ല. നേരത്തെ കുറ്റകൃത്യമായിരുന്ന ആത്മഹത്യ 2018 മെയ് 29 മുതല്‍ കുറ്റകൃത്യമല്ലാതായിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളാണ് മിക്ക ആത്മഹത്യക്കും കാരണമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാനസികാരോഗ്യ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് ആത്മഹത്യക്ക് ശ്രമിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കുന്നതിന്പകരം അവരെ സംരക്ഷിക്കാനാവശ്യമായ നടപടികളാണ് വേണ്ടതെന്ന നിരീക്ഷണത്തില്‍ അധികാരികള്‍ എത്തിയത്.
വ്യക്തി, കുടുംബം, സമൂഹം എന്നീ അടിസ്ഥാന ഘടകങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വളരെയേറെ മാറിക്കഴിഞ്ഞു. പഴയകാലങ്ങളിലുണ്ടായിരുന്ന വ്യക്തി ബന്ധങ്ങള്‍ക്കും കുടുംബ സംവിധാനങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വ്യക്തി കുടുംബ ബന്ധങ്ങളെകുറിച്ച് വലിയ പ്രഘോഷണങ്ങള്‍ നടക്കാറുണ്ടെങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടനകളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതോടെ പ്രഭാഷണങ്ങളും എഴുത്തുകളും അവയില്‍ ചുരുങ്ങുകയും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാതെപോവുകയും ചെയ്യുന്നു. കേരളസംസ്ഥാനം രൂപംകൊണ്ടശേഷം നടപ്പാക്കിയ ഭൂപരിഷ്‌കരണ നയങ്ങള്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയെ പ്രതികൂലമായാണ് ബാധിച്ചത്. കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അവലംബിച്ച് ജീവിച്ചിരുന്ന കുടുംബങ്ങളെ ഇത് സാരമായി ബാധിച്ചതോടെ കൂട്ടുകുടുംബ വ്യവസ്ഥിതിക്ക് കോട്ടംതട്ടി. ഉന്നതവിദ്യാഭ്യാസം വഴി വ്യക്തികള്‍ വലിയ സമ്പന്നരായെങ്കിലും കുടുംബ വ്യവസ്ഥതിയില്‍ അത് സാരമായ വിള്ളലുകള്‍ സൃഷ്ടിച്ചു. കൂട്ടുകുടുംബങ്ങള്‍ക്ക്പകരം അണു കുടുംബങ്ങളായി. വളരെ അടുത്ത രക്തബന്ധങ്ങള്‍പോലും അന്യരാവുന്ന അവസ്ഥ സംജാതമായി. അയല്‍പക്കങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ നിര്‍മ്മിക്കപ്പെട്ടു. കടുത്ത മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍പോലും ആളുകളില്ലാതെ അന്തര്‍മുഖരായിത്തീര്‍ന്നു. പഴയ തലമുറയിലെ കാരണവന്മാര്‍വഴി പകര്‍ന്നുകിട്ടിയ ദൈവവിശ്വാസത്തിലധിഷ്ഠിതമായ അറിവുകള്‍ ഉപയോഗപ്പെടുത്തി ജീവിതത്തെ ക്രമപ്പെടുത്തിയവര്‍ക്ക് പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കുറെയൊക്കെ സാധിച്ചുവെങ്കിലും ദൈവ വിശ്വാസികളിലെതന്നെ പുതുതലമുറയില്‍ സംഭവിച്ച വികലമായ ജീവിതകാഴ്ചപ്പാടുകള്‍ അവരെ ആത്മഹത്യയടക്കമുള്ള കടുത്ത അവസ്ഥകളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
ഗള്‍ഫിലേക്കുള്ള കുടിയേറ്റം മലയാളിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി. ജീവിതയോധനത്തിനായി കഷ്ടപ്പെട്ടിരുന്ന മിക്ക കുടുംബങ്ങളും കരകയറിയത് ഗള്‍ഫ് കൊണ്ടായിരുന്നു. ഇടത്തരക്കാരായ പലരും ധനികരായി. പക്ഷേ അത് താല്‍ക്കാലികമാണെന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി അവര്‍ കൈവരിച്ചിരുന്നില്ല. പലരും ഉയര്‍ന്ന ജീവിത ശൈലികളിലേക്ക് മാറി. കാറും ബംഗ്ലാവും ആഡംബര ജീവിതവുമാണ് ഔന്നത്യത്തിന്റെ അടയാളമായി അവരിലധികപേരും കണ്ടിരുന്നത്. ഉപഭോഗ സംസ്‌കാരം വര്‍ധിച്ചു. ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ചെലവ് ചെയ്തിരുന്ന പഴയ തലമുറയില്‍നിന്നും മാറി ആഡംബരങ്ങള്‍ക്കും ധൂര്‍ത്തിനുമായി സമ്പാദ്യങ്ങള്‍ ചിലവിട്ടു. മിച്ചംവെച്ചിരുന്ന സമ്പത്ത് പണമിരട്ടിപ്പുകാര്‍ക്കും ബിസിനസുകാര്‍ക്കും നല്‍കി വലിയ മോഹങ്ങള്‍ കൊണ്ടുനടന്നു. ഗള്‍ഫുകാരന്റെ അജ്ഞത കൈമുതലാക്കി ബിസിനസുകാര്‍ തഴച്ചുവളര്‍ന്നു. ചിലര്‍ രക്ഷപ്പെട്ടുവെങ്കിലും പലരും വഞ്ചിക്കപ്പെട്ടു.
വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ അടയാളമായിരുന്നു മലയാളിക്ക്. ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ഉയര്‍ന്ന മൂല്യങ്ങളും ഉന്നത സംസ്‌കാരവും പകര്‍ന്നുനല്‍കിയിരുന്നത്. അധ്യാപനം തൊഴിലായല്ല, സാമൂഹിക പുരോഗതിയുടെ ഉപകരണമായായിരുന്നു കണ്ടിരുന്നത്. ഉയര്‍ന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ നിലവാരവും കേരളത്തെ വ്യത്യസ്തമാക്കിയ ഘടകങ്ങളാണ്. എന്നാല്‍ സമീപ കാലത്തുണ്ടായ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തെ കേവലമൊരു ധനസമ്പാദന മാര്‍ഗമാക്കി മാറ്റി. അയഥാര്‍ത്ഥമായ ജോലിമോഹങ്ങള്‍ സംഘര്‍ഷഭരിതമായ യുവ മനസ്സുകളെ സൃഷ്ടിച്ചു. വിദ്യാഭ്യാസം കുടുംബത്തിന്റെ അഭിമാനത്തിന്റെ അടയാളമായി ചുരുങ്ങി. വെറുതെ കിട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിനുപോലും അഭിമാനത്തിന്റെ പേരില്‍ അലക്ഷ്യമായി രക്ഷിതാക്കള്‍ ചിലവിടാന്‍ തുടങ്ങി. ഈ ചെലവുകളുടെ പേരില്‍ കുടുംബങ്ങളില്‍ മക്കളും രക്ഷിതാക്കളും തമ്മില്‍ കലഹങ്ങള്‍ രൂപപ്പെട്ടു. ചെലവഴിച്ച പണം തിരിച്ചുപിടിക്കാനുള്ള ഉപകരണങ്ങളായി കുട്ടികള്‍ മാറി. അതോടെ കുട്ടികള്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വിഷാദങ്ങള്‍ക്കും അടിമകളായി മാറി.
നമ്മുടെ സാമൂഹിക കാഴ്ചപ്പാടുകളില്‍ വലിയ വൈറസുകള്‍ ബാധിച്ചിരിക്കുന്നുവെന്നതാണ് സാജന്‍ പാറയിലിന്റെയും ഖായിസിന്റെയുമെല്ലാം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സാജന്‍ ജനിച്ചത് സമ്പന്ന കുടുംബത്തിലല്ല. ആന്തൂരിലെ കൊറ്റാളി അരയമ്പേത്ത് ലക്ഷ്മണന്റെയും മൈഥിലിയുടെയും നാലാമത്തെ മകനായ സാജന്‍ കഠിനാധ്വാനത്തിലൂടെയാണ് സമ്പന്നനായത്. ബികോം ബിരുദധാരിയായ സാജന്‍ എട്ടു വര്‍ഷം മുംബൈയിലും പിന്നീട് നൈജീരിയയിലുമാണ് പ്രവാസ ജീവിതം നയിച്ചത്. നൈജീരിയയിലെ കൊള്ളക്കാരുടെ അക്രമങ്ങള്‍ക്കും കവര്‍ച്ചകള്‍ക്കുമിടയില്‍ വളരെ കഷ്ടപ്പെട്ടാണ് സാജന്‍ ബിസിനസ് നടത്തിയിരുന്നത്. ജീവന്‍പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള സാഹചര്യങ്ങളെ അതിജയിച്ചാണ് സാജന്‍ മുമ്പോട്ടുപോയത്. ചുമട്ടുകാരന്‍ മുതല്‍ മാനേജിങ് ഡയറക്ടര്‍ വരെയുള്ള ജോലികള്‍ ചെയ്തിട്ടുണ്ട്. ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനുള്ള ശരാശരി പ്രവാസിയുടെ മാനസികാവസ്ഥയാണത്. മുപ്പത് വര്‍ഷത്തെ സമ്പാദ്യവുമായി നാട്ടില്‍ വന്നു ഷോപ്പിങ് കോംപ്ലക്‌സ് തുടങ്ങാന്‍ പത്തുകോടിയിലധികം നിക്ഷേപം നടത്തി. ചുവപ്പുനാടയില്‍ കുരുങ്ങിയ കോംപ്ലക്‌സ് മോഹം സാജനെ മറ്റൊരു നാടയില്‍ ജീവിതം കുരുക്കാന്‍ പ്രേരിപ്പിച്ചു. സാജനും ഭാര്യ ബീനയും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതായിരുന്നു. ‘ഒരു പ്രവാസിയുടെ പണവും സഹായവും എപ്പോഴും എല്ലാവര്‍ക്കും ആവശ്യമായിരുന്നു. എന്നാല്‍ ഒരു പ്രശ്‌നമുണ്ടായപ്പോള്‍ കൂടെനില്‍ക്കാന്‍ ആരും ഉണ്ടായില്ലെന്ന് അദ്ദേഹത്തിനു തോന്നി. നെഞ്ചിലേറ്റി കൊണ്ടുനടന്നവര്‍തന്നെ സഹായിച്ചില്ല എന്ന തോന്നലായിരുന്നു സാജനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്’ ബീന മാധ്യമങ്ങളോട് പറഞ്ഞു. ഒരു സംരംഭകനോട് അധികാരികള്‍ കാണിച്ച വിമുഖതയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സാധാരണക്കാര്‍ നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും അധികാരി വര്‍ഗത്തിന്റെയും ഹുങ്കുകള്‍ക്ക് ഇരയാവുന്നത് നാട്ടുനടപ്പായിരിക്കുന്നു. ഇവിടെ അത്യാവശ്യം വലിയ സംഖ്യ മുതല്‍മുടക്കിയ പ്രവാസി സംരംഭകന്‌പോലും ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നുവെന്നത് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നു. ‘ക്രേസി ബ്യുറോ’കളുടെ ഉദ്യോഗസ്ഥ ഭ്രാന്തുകളാണ് ഇന്ന് ബ്യുറോക്രസിയെ നയിക്കുന്നത്. അവരും അധികാരിവര്‍ഗവും തമ്മിലുള്ള അവിഹിത ബാന്ധവങ്ങളാണ് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. സാജന്‍ രണ്ടു വര്‍ഷംമുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞതായി കാണാം: ‘സംരംഭകന്റെ കയ്യില്‍ പണം ഉണ്ടായതുകൊണ്ടുമാത്രം പോരാ. നമ്മുടെ നഗരസഭകളിലും ടൗണ്‍ പ്ലാനിങ് ഓഫിസുകളിലും ഓരോ രേഖകളുടെ പേരു പറഞ്ഞ് അനാവശ്യമായി സംരംഭകനെ ബുദ്ധിമുട്ടിക്കുകയാണ്. എന്ത് ആവശ്യത്തിനുചെന്നാലും വലിയ കാലതാമസമുണ്ടാകുന്നു. ഈ സ്ഥിതി മാറണം’.
പദ്ധതികള്‍ പരാജയപ്പെടുമ്പോള്‍ ജീവിതം അവസാനിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ ബോധവത്കരണം അനിവാര്യമാണ്. ജീവിതം നിരവധി പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും കേദാരമാണ്. വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളുമാണ്. എല്ലാം നഷ്ടപ്പെട്ടിട്ടും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ എത്രയോ വ്യക്തിത്വങ്ങളുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ഉയര്‍ന്ന ജീവിതം നയിച്ചിരുന്ന പലരും എല്ലാം നഷ്ടപ്പെട്ടപ്പോള്‍ ചെറിയ ജോലികള്‍ ചെയ്തു ജീവിതം മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്. അമിതമോഹങ്ങളെയും അത്യാഗ്രഹങ്ങളെയും ആശനിരാശകളെയും നിയന്ത്രിച്ച് ഉള്ളതില്‍ തൃപ്തിപ്പെട്ട് ജീവിക്കാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുകയും എല്ലാം സര്‍വശക്തനില്‍ ഭരമേല്‍പിക്കുകയുമാണ് വേണ്ടത്.
പറക്കമുറ്റും മുമ്പ് ജീവിതം നഷ്ടപ്പെട്ട ഖായിസ് റഷീദ് വികലമായ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ ഇരയാണ്. പത്താം ക്ലാസ് വരെ ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളില്‍ എല്ലാ വിഷയങ്ങളിലും എ വണ്‍ വാങ്ങി വിജയിച്ച ഖായിസ് കോട്ടയത്തെ സ്വകാര്യ സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത് 96 ശതമാനം മാര്‍ക്ക് നേടിയാണ്. ‘ഡോക്ടറോ എഞ്ചിനീയറോ’ ആക്കുന്നതിന്റെ ഭാഗമായാണ് രക്ഷിതാക്കള്‍ അവനെ പാലായിലെ കോച്ചിങ് സെന്ററില്‍ ചേര്‍ത്തിരുന്നത്. ഖായിസിന്റെ അഭിരുചിക്കും താല്‍പര്യത്തിനും വിരുദ്ധമായായിരുന്നു അവനെ കോച്ചിങ് സെന്ററില്‍ ചേര്‍ത്തതെന്ന് പറയപ്പെടുന്നു. വിദ്യാഭ്യാസം നല്ല കാഴ്ചപ്പാടും സംസ്‌കാരവും വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണെന്ന പഴയ ധാരണകളെ അട്ടിമറിച്ചുകൊണ്ട് പണസമ്പാദനത്തിനുള്ള ഉപാധി മാത്രമായി ആധുനിക സമൂഹം കാണുന്നതിന്റെ പ്രത്യക്ഷോദാഹരണം മാത്രമാണ് ഖായിസിന്റെ സംഭവം. മാതാപിതാക്കളെ തെരുവിലുപേക്ഷിക്കുന്ന മക്കളുടെ കഥകള്‍ ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിത്യവര്‍ത്തകളാണ്. വിദ്യാഭ്യാസം പുതുതലമുറക്ക് ഉത്തരവാദിത്വബോധം നല്‍കുന്നില്ലെന്ന് മാത്രമല്ല സ്വന്തം മാതാപിതാക്കളോട് പോലും ശത്രുതയോടെ പെരുമാറാനാണ് അവരെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെയെങ്കില്‍ എന്തിനീ വിദ്യാഭ്യാസം? ബംഗ്ലാവും കാറും എസിയും മറ്റു കുറെ അത്യാധുനിക സൗകര്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന കാല്‍പനിക ലോകവുമാണ് ജീവിതമെന്ന കാഴ്ചപ്പാടിലേക്കാണ് പുതുതലമുറയെ നാം നയിച്ചുകൊണ്ടിരിക്കുന്നത്. വിവേകവും വികാരവുമില്ലാത്ത ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കളടങ്ങുന്ന മുതിര്‍ന്ന തലമുറക്ക് തന്നെയാണെന്ന് മനസ്സിലാക്കണം. അണുകുടുംബങ്ങളായി മാറിയ ആധുനിക കുടുംബസംവിധാനത്തില്‍ പൊറുതിമുട്ടുന്ന കുട്ടികള്‍ക്ക്‌മേല്‍ അമിതമായ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ചുമത്തിക്കൊണ്ടിരിക്കുന്നത്. ദേഹമാസകലം മുറിവേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഖായിസ് പിന്നീട് കൗണ്‍സിലിങിനിടയിലാണ് ആസ്പത്രിയുടെ നാലാം നിലയില്‍ നിന്നും ചാടി മരിച്ചത്. ഇത്രമാത്രം കലുഷിതവും ഭീതിതവുമായ ഒരു മനസ്സ് ആ കുട്ടിയില്‍ എങ്ങനെ രൂപപ്പെട്ടുവെന്നത് അന്വേഷിക്കേണ്ടതുതന്നെയാണ്.
പുതിയ തലമുറയിലെ കുട്ടികള്‍ തോല്‍ക്കാന്‍ പഠിച്ചിട്ടില്ല എന്നതാണ് അവരനുഭവിക്കുന്ന പ്രതിസന്ധികളുടെ മര്‍മ്മം. വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടപ്പോള്‍ ഓരോ സ്‌കൂളുകളും അവര്‍ മികച്ച വിദ്യാഭ്യാസമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ബൗദ്ധിക നിലവാരം മറച്ചുപിടിച്ചു ഉദാരമായി മാര്‍ക്ക് നല്‍കുകയും വിദ്യാര്‍ത്ഥികളില്‍ അമിതപ്രതീക്ഷ വളര്‍ത്തുകയും അങ്ങനെ രക്ഷിതാക്കളുടെ പ്രീതി കരസ്ഥമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. രക്ഷിതാക്കളാവട്ടെ ഏതുസമയവും കുട്ടികള്‍ക്ക് മീതെ വട്ടമിട്ടു പറക്കുന്ന ഹെലികോപ്റ്ററുകളാവുകയും ചെയ്യുന്നു. മഴയും വെയിലുമറിയാത്ത കളിയും ചിരിയും ശീലമില്ലാത്ത സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചോ കുടുംബ ബന്ധങ്ങളെ കുറിച്ചോ തിരിച്ചറിവില്ലാത്ത ജീവച്ഛവങ്ങളോ പരീക്ഷണ വസ്തുക്കളോ ആയി അവര്‍ മാറുന്നു. അവര്‍ മാതാപിതാക്കളെ തെരുവില്‍ വലിച്ചെറിയുകയോ വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നുവെങ്കില്‍ അതൊരു സ്വാഭാവിക പരിണിതി മാത്രമാണ്. രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ ഇരിക്കുന്ന, സിവില്‍ സര്‍വീസ് പരീക്ഷകളില്‍പോലും ഉന്നത വിജയം നേടിയ പലരും രക്ഷിതാക്കളുടെ സമ്മര്‍ദ്ദങ്ങളില്‍ വളര്‍ന്നു വലുതായവരല്ല. ‘ഹെലികോപ്റ്റര്‍ പേരന്റിങിന്റെ’ നോവറിയാതെ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞും ബന്ധങ്ങളുടെ വിലയെറിഞ്ഞും വളര്‍ന്നുവലുതായി വിദ്യാഭ്യാസത്തെ സാംസ്‌കാരിക കവചമായി സ്വീകരിച്ചവരായിരുന്നു അവര്‍.
മത്സര ലോകത്തിന്റെ ഇരകളാണ് സ്വയം ജീവനൊടുക്കി ഈ ലോകത്തോട് വിട പറഞ്ഞവര്‍. റോഡുകളില്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകളുടെ മരണപ്പാച്ചില്‍പോലെ തന്നെയാണ് സംരംഭകന്റെയും വിദ്യാര്‍ത്ഥിയുടേയുമെല്ലാം അവസ്ഥകള്‍. ‘മുതലാളികള്‍ക്ക്’വേണ്ടി ടാര്‍ജെറ്റുകള്‍ പൂര്‍ത്തിയാക്കാനുള്ള ഉപകരണങ്ങളായിട്ടാണ് സമൂഹം അവരെ കാണുന്നത്. ഖായിസുമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ സ്ഥിതി മാറിയേ തീരൂ. മുതിര്‍ന്നവരുടെ ഇച്ഛകള്‍ക്കനുസരിച്ചല്ല, മറിച്ച് സ്വന്തം നിലവാരവും കഴിവും അഭിരുചിയും തിരിച്ചറിഞ്ഞു ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള ഇച്ഛാശക്തി നേടിയെടുക്കാന്‍ പുതുതലമുറയെ പര്യാപ്തമാക്കുകയാണ് വേണ്ടത്. സമ്പാദ്യം സമൂഹത്തിനും കുടുംബത്തിനും ഉപകരിക്കാനുള്ളതാണെന്ന തിരിച്ചറിവിലൂടെ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് സ്വപ്‌നങ്ങള്‍ക്ക് അമിത പ്രതീക്ഷ നല്‍കാതെ, യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞു ജീവിക്കാന്‍ ബിസിനസ് രംഗത്തുള്ളവരും തയ്യാറാവേണ്ടതുണ്ട്. മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ ധനം. അത് നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള വിജ്ഞാനവും കരുത്തും പകര്‍ന്നുനല്‍കിയാല്‍ ആത്മഹത്യകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.