Connect with us

Video Stories

വിലക്കയറ്റത്തിന്റെ നിത്യ ഇരകള്‍

Published

on


അഹമ്മദ്കുട്ടി ഉണ്ണികുളം
കേരള ജനതക്ക് എന്നും ഇരുട്ടടിയാണ്. ഒരു ദിവസം കേന്ദ്ര ഭരണത്തിന്റെത്. അടുത്ത ദിവസം പിണറായിയുടെത്. ചിലപ്പോള്‍ രണ്ടു കൂട്ടരുടെതും ഒന്നിച്ച്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയ ബജറ്റിലൂടെ ഷോക്കേറ്റ മലയാളിക്ക് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തി പിണറായിയുടെ വക കൂറ്റന്‍ പ്രഹരം. 6.8 ശതമാനമാണ് ശരാശരി വൈദ്യുതി നിരക്ക് വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.4 ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് 42 രൂപയും അധികമാവും. 200 യൂണിറ്റുകാര്‍ക്ക് 97 രൂപയും 300 യൂണിറ്റുകാര്‍ക്ക് 110 രൂപയും 400 യൂണിറ്റുകാര്‍ക്ക് 200 രൂപയും 500 യൂണിറ്റുകാര്‍ക്ക് 250 രൂപയുമാണ് വര്‍ധിക്കുക. റഗുലേറ്ററി കമ്മീഷന്റെ കണക്കനുസരിച്ച് ഉപയോഗിച്ചാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 18 രൂപ മുതല്‍ 254 രൂപ വരെ വര്‍ധനവുണ്ടാവും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 175നുപകരം 193 രൂപ, 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 260നു പകരം 295, 100 യൂണിറ്റ് വരെ 345നുപകരം 387, 125ന് യൂണിറ്റിന് നിലവിലുള്ള 458നുപകരം 518, 150 യൂണിറ്റിന് 570ന് പകരം 637, 175 യൂണിറ്റിന് 723ന് പകരം 813, 200 യൂണിറ്റിന് 875നുപകരം 972, 511 യൂണിറ്റിന് 3913ന് പകരം 4167 രൂപ എന്നിങ്ങനെയാണ് കുത്തനെയുള്ള നിരക്ക് വര്‍ധന.
രാജാവിനെക്കാള്‍ വലിയ രാജ ഭക്തി എന്നു പറയും പോലെയാണ് റഗുലേറ്ററി കമ്മീഷന്റെ നിലപാട്. വൈദ്യുതി ബോര്‍ഡും സ്വകാര്യ വൈദ്യുതി ഉത്പാദകരും ചേര്‍ന്ന് അന്യായമായി നിരക്ക് കൂട്ടുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ റഗുലേറ്ററി കമ്മീഷന്‍ രൂപീകരിച്ചത്. വേലി തന്നെ വിള തിന്നും പോലെ റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതിനെക്കാള്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 50 യൂണിറ്റ് വരെ ഉപയോഗമുള്ളവര്‍ക്ക് 2.90 രൂപയുടെ അധിക നിരക്ക് ബോര്‍ഡ് നിര്‍ദ്ദേശിച്ചപ്പോള്‍ കമ്മീഷന്‍ 3.15 രൂപ കൂട്ടിക്കൊടുത്തു. 51-100 യൂണിറ്റിന് 3.50 രൂപ ബോര്‍ഡ് ശിപാര്‍ശ ചെയ്തപ്പോള്‍ കമ്മീഷന്‍ 3.70 രൂപയാക്കി കൊടുത്തു. മന്ത്രി എം.എം മണിക്കാവട്ടെ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം കേട്ടപ്പോള്‍ പായസം കുടിച്ച സന്തോഷം. സംസ്ഥാനത്തെ ചികിത്സാപദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു. കാരുണ്യ ബെനവലന്റ് പദ്ധതി നശിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തയ്യാറാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ശവക്കുഴി തോണ്ടി. റിലയന്‍സിനെയാണ് ഇടതു സര്‍ക്കാര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ആനുകൂല്യം നല്‍കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി.
എസ്.എഫ്.ഐക്കാര്‍ മൂക്കിന് മുന്നില്‍ അഴിഞ്ഞാടുമ്പോള്‍ മുഖം നഷ്ടപ്പെട്ട് വിളറിയിരിക്കയാണ് പിണറായി. അക്രമ രാഷ്ട്രീയം പഠിപ്പിച്ച നേതാക്കള്‍ക്ക് അരുമ ശിഷ്യന്മാര്‍ വളര്‍ന്നു വന്നിരിക്കുന്നു. ത്രിപുരയിലെ തൊണ്ണൂറ് ശതമാനം പഞ്ചായത്തുകളും ബി.ജെ.പിക്കാര്‍ കയ്യിലാക്കിയപ്പോഴും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും പറഞ്ഞ് ഇളകിയാടുകയാണ് മുഖ്യമന്ത്രി. വലംകയ്യായ പാര്‍ട്ടി സെക്രട്ടറി ജീവച്ഛവമായപ്പോള്‍ തന്നില്‍നിന്ന് ജനശ്രദ്ധ തിരിഞ്ഞുവന്ന ചാരിതാര്‍ത്ഥ്യം എത്രനാള്‍ അദ്ദേഹത്തെ നിലനിര്‍ത്തും.
ചതിക്കാത്ത ചങ്കരനാണ് പിണറായിയും മോദിയും. കോര്‍പറേറ്റുകള്‍ക്ക് പ്രത്യുപകാരം നല്‍കുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പെന്‍ഷന്‍ മേഖല വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് തുറന്ന്‌കൊടുക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരമാനമെടുത്തു. സാമൂഹിക ഓഹരി കമ്പോളം വഴി സാമൂഹിക പ്രവര്‍ത്തന മേഖല വാണിജ്യവത്കരിക്കുന്നു. 44 തൊഴില്‍ നിയമങ്ങള്‍ക്ക് പകരം നാല് കോഡുകള്‍ മതിയെന്ന് കേന്ദ്ര ക്യാബിനറ്റ് തീരുമാനമെടുത്തു. ഇനിയുള്ള ദിവസങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ചുട്ടെടുക്കാനുള്ള തിരക്കിലാവും. പൊതുമേഖലാ സ്ഥാപന ഓഹരികള്‍ വിറ്റ് 1.05 ലക്ഷം കോടി ഉടനെ സമാഹരിക്കും. പണ്ഡിറ്റ് നെഹ്‌റു നെഞ്ചോടു ചേര്‍ത്തുപിടിച്ച് പ്രഖ്യാപിച്ച മഹാരത്‌ന, നവരത്‌ന കമ്പനികള്‍ വില്‍പനക്ക് വിളംബരമായി. ഒ.എന്‍.ജി.സിയും ഐ.ഒ.സിയും ഗെയിലും എന്‍.ടി.പി.സിയും ഭാരത് പെട്രോളിയവും എഞ്ചിനീയേഴ്‌സ് ഇന്ത്യാ ലിമിറ്റഡും പവര്‍ഗ്രിഡ് കോര്‍പറേഷനും സ്വകാര്യ ഡയരക്ടര്‍ ബോര്‍ഡിന് കീഴിലേക്ക് പോവുകയാണ്. ഓഹരി മൂല്യമുള്ളതും വന്‍ ലാഭമുള്ളതുമായ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍നിന്ന് താഴെയാക്കി, കൂറ്റന്‍ കോര്‍പറേറ്റിന്റെ കയ്യിലെത്തുകയാണ്. ആദ്യ ഘട്ടത്തില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവ് 8.99 ലക്ഷം കോടിയാണ്.
ഇന്ത്യയുടെ രണ്ട് സുപ്രധാന മുഖങ്ങളായിരുന്നു ഭരണഘടനയും ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളും. രണ്ടും ആടിയുലയുകയാണ്. 13 ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ക്ക് പകരം 134 സെക്ഷന്‍ മാത്രമുള്ള ഒ.എസ്.എച്ച് എന്ന കോഡാണ് നടപ്പാക്കുന്നത്. ദ ഒക്കുപേഷണല്‍, സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിങ് കണ്ടീഷന്‍ കോഡ് അഥവാ തൊഴിലിട സുരക്ഷാ ചട്ടം എന്നാണ് ഓമനപ്പേര്. നേരത്തെ നാല് തൊഴില്‍ നിയമം ലയിപ്പിച്ച് വേജ് കോഡ് ബില്‍ അഥവാ വേതനചട്ടം കൊണ്ടുവന്നിരുന്നു. ജോലി സമയം 14 മണിക്കൂറാക്കല്‍, 10ല്‍ കുറവ് തൊഴിലാളികളെ വെക്കുന്നവര്‍ക്കും നിയമം ബാധകമാക്കല്‍, ഫാക്ടറി ഇന്‍സ്‌പെക്ടര്‍മാര്‍ക്കുപകരം ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കല്‍, തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിബന്ധന ഒഴിവാക്കല്‍, ഉടമകളെ ഒരു കാര്യത്തിലും ശിക്ഷിക്കാതിരിക്കല്‍, ദേശീയ മിനിമം കൂലിയായ 178 രൂപയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് മിനിമം കൂലി നിശ്ചയിക്കാന്‍ അനുമതി നല്‍കല്‍, ഒ.എസ്.എച്ചിന് ദേശീയ തലത്തില്‍ ഭരണ ബോര്‍ഡ്, സംസ്ഥാന തലത്തില്‍ ബോര്‍ഡ്- അങ്ങനെ എന്തെല്ലാം കോപ്രായങ്ങള്‍. ബി.എം.എസ് പ്രസിഡണ്ട് സജി നാരായണന്‍ പോലും തൊഴിലാളി വിരുദ്ധ കോഡ് എന്നാണ് ഒ.എസ്.എച്ചിനെ വിശേഷിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില വര്‍ധന ആദ്യം രണ്ട് രൂപയും പിന്നീട് മൂന്ന് രൂപയും കൂട്ടി. കോര്‍പറേറ്റുകള്‍ക്ക് 25 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യയടക്കം നാല് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണെന്ന അറിയിപ്പും വന്നു. ഇന്‍ഷൂറന്‍സില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയായി. ചില്ലറ വ്യാപാര രംഗത്തുപോലും വിദേശ കമ്പനികള്‍ക്ക് സമ്മതം നല്‍കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 1000 കോടി വെട്ടിക്കുറച്ചു. ഇസ്രാഈലി ജലസേചന പദ്ധതികള്‍ക്കും സമ്മതം നല്‍കി. പൊതുമേഖലയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു. കേന്ദ്രത്തിന്റെ പുതിയ തീരുമാനങ്ങള്‍ക്കൊരു പ്രത്യേക പേരുണ്ട്- എല്‍ഡറാഡോ (എല്ലാവരും അതിസമ്പന്നരായ പ്രദേശം) ഇന്ത്യയെ എല്‍ഡറാഡോ ആക്കാനാണ് കോര്‍പറേറ്റ് വത്കരണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ, വിശിഷ്യാ മോദിയുടെ ബജറ്റ് പ്രഖ്യാപനം.
ഒ.എസ്.എച്ച് കോഡിന് വേണ്ടി വിഴുങ്ങിയ തൊഴില്‍ നിയമങ്ങളുടെ എണ്ണം പതിമൂന്ന്. ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, ഫാക്ടറീസ് ആക്ട്, കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട്, ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ആക്ട്, സിനി വര്‍ക്കേഴ്‌സ്-സിനിമാതിയേറ്റര്‍ വര്‍ക്കേഴ്‌സ് ആക്ട്, ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്‌മെന്‍ ആക്ട്, സെയില്‍സ് പ്രൊമോഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട്, ബീഡി വര്‍ക്കേഴ്‌സ് ആക്ട്, പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, മൈന്‍സ്, ഡോക് വര്‍ക്കേഴ്‌സ് ആക്ട്- അങ്ങനെ പതിമൂന്നെണ്ണം. എന്തിനാണ് ഇക്കൂട്ടത്തില്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടും ന്യസ്‌പേപ്പര്‍ എംപ്ലോയീസ് ആക്ടും ഉള്‍പ്പെടുത്തിയതെന്ന ചോദ്യമുണ്ടാവും. അതിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഇന്ത്യയിലെ മറ്റേതൊരു സംവിധാനവും പോലെ മാധ്യമ രംഗത്തിന്റെ കുത്തകയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കയ്യിലായി. മാധ്യമരംഗത്ത് തൊഴിലാളികള്‍ക്ക് ആകെയുള്ള സുരക്ഷിതത്വം ഒന്നോ രണ്ടോ നിയമങ്ങളായിരുന്നു. അതും കോഡിന്റെ വരുതിയിലായി. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗംഗവാറും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറും കോഡുകളെക്കുറിച്ച് മാത്രമാണ് ഇടക്കിടെ സംസാരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനില്‍ നിന്നകന്ന് കോഡിനെ തുണച്ച ബി.എം.എസിന് പോലും മനം മാറ്റമുണ്ടാകണമെങ്കില്‍ സ്ഥിതിഗതി എത്ര രൂക്ഷമാണെന്ന് പറയേണ്ടതില്ലല്ലോ.
പുതിയ കോര്‍പറേറ്റ്‌വത്കരണത്തിന്റെ പ്രധാന ഇരകളിലൊന്ന് കേരളത്തിലെ ക്ഷേമ ബോര്‍ഡുകള്‍ ആയിരിക്കും. മാറി മാറി വന്ന ഗവണ്‍മെന്റുകളുടെ കാലത്ത് ക്ഷേമ ബോര്‍ഡുകളുടെ സുവര്‍ണ കാലമായിരുന്നു. ഏതെങ്കിലും ഒരാനുകൂല്യം സര്‍ക്കാരില്‍നിന്നു പറ്റാത്ത തൊഴിലാളി വിഭാഗത്തെ കേരളത്തില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ കോഡുകളിലൂടെ കേന്ദ്രം കത്തിവെക്കുന്നത് ഇത്തരം സാമൂഹ്യക്ഷേമ സംവിധാനങ്ങളെ ആയിരിക്കും എന്ന കാര്യത്തിലും സന്ദേഹപ്പെടേണ്ട കാര്യമില്ല.
തൊഴിലാളി സംഘടനകള്‍ ഉശിരോടെ പ്രതിഷേധിക്കേണ്ട സംഗതികളാണിത്. പലരും നിസ്സംഗത പാലിക്കുന്നു. രാഷ്ട്രീയ പരാജയങ്ങള്‍ ആവാം ചില പാര്‍ട്ടികളെയും ട്രേഡ് യൂണിയനുകളെയും നിസ്സംഗതയിലെത്തിച്ചത്. എന്നാല്‍ എസ്.ടി.യുവിന് പ്രതികരിക്കാതെ കഴിയില്ല. ജനവിരുദ്ധ ബജറ്റിനും വൈദ്യുതി ചാര്‍ജ് വര്‍ധനവിനും കേന്ദ്രത്തിന്റെ തൊഴില്‍ നിയമ കശാപ്പിനുമെതിരെ 14 ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് എസ്.ടി.യു പ്രതിഷേധ പ്രകടനം നടത്തുകയാണ്.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.