Connect with us

Video Stories

സി.പി.ഐക്കാരുടെ നടക്കാത്ത മനോഹര സ്വപ്നം

Published

on


റസാഖ് ആദൃശ്ശേരി
സി.പി.ഐ പുതിയ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ചുമതലയേറ്റ ഉടന്‍ തന്റെ ആഗ്രഹം വിളിച്ചു പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണമായിരുന്നു അത്. ഈ ആവശ്യം അദ്ദേഹം ശക്തമായി ഉയര്‍ത്തികൊണ്ടുവരുമത്രെ. ഡി.രാജ പൂതി മനസ്സിലിട്ടു താലോലിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകുന്ന സ്വപ്‌നവുമായി നടക്കുമ്പോഴാണ് പാര്‍ട്ടി ശക്തികേന്ദ്രമായ കേരളത്തില്‍ പിണറായി വിജയന്റെ പൊലീസ് സി.പി.ഐക്കാരെ തല്ലിച്ചതക്കുന്നത്. തല്ലിച്ചതച്ചുവെന്നു പറഞ്ഞാല്‍ ശരിയാവില്ല. വളഞ്ഞിട്ട് അടിച്ചു നിലംപരിശാക്കി. പൊലീസ് അടിച്ചു കൈ ഒടിച്ചത് സാധാരണക്കാരെയല്ല. ഒന്ന് പാര്‍ട്ടി എം.എല്‍.എ എല്‍ദോ എബ്രഹാമാണ്. പിന്നെ സി.പി.ഐ എറണാകുളം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.എന്‍ സുഗതന്‍. ജില്ലാ സെക്രട്ടറി പി.രാജുവിന്റെ തലയാണ് അടിച്ചുപൊളിച്ചത്. പരിക്കുകളോടെ കുറേ പേര്‍ ആസ്പത്രിയിലുമാക്കി.
സി.പി.ഐകാര്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ട് എന്തിനായിരുന്നു? വൈപ്പിന്‍ കോളജിലെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ടു ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറക്കല്‍ സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ച്ചായിരുന്നു തല്ലിന് കാരണം. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷി സി.പി.ഐ. ഒന്നാം കക്ഷിയുടെ പൊലീസ് രണ്ടാം കക്ഷിയെ പൊതിരെ തല്ലുന്നത് മര്യാദയാണോ? അതുകൊണ്ടാണ് മുഖ്യമന്ത്രിയെ കണ്ടു പരാതി പറയാന്‍ സി.പി.ഐയുടെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്നെ ചെന്നത്. ഇതിനിടയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു: ‘പൊലീസ് നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ ലക്കില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്’. പിണറായി വിജയന്റെ പൊലീസ് നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ കണ്ണില്‍ കണ്ടതെല്ലാം കൊത്തി പെറുക്കി പരക്കം പായുകയാണ്. കൊച്ചിയില്‍ മാത്രമല്ല. തിരുവനന്തപുരത്തും കണ്ണൂരും എല്ലായിടത്തും അങ്ങനെ തന്നെ. കൂട്ടത്തില്‍ ഉരുട്ടി കൊലയും. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ചു.
എല്‍.ഡി. എഫിലെ രണ്ടാം കക്ഷിയെന്നതൊന്നും കേരള പൊലീസിനു പ്രശ്‌നമല്ല. വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ഐ. വൈ.എഫ് പ്രവര്‍ത്തകരെ ആസ്പത്രിയിലെത്തി കണ്ടു മടങ്ങുമ്പോള്‍ പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐക്കാര്‍ തടഞ്ഞപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഞാറക്കല്‍ സി.ഐ അതില്‍ ഇടപെട്ടില്ല. സി.പി.എം നേതാക്കള്‍ ഇടപെടേണ്ട എന്നു വിളിച്ചു പറഞ്ഞിട്ടുണ്ടാവും.
സി.പി.ഐയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി പറഞ്ഞ ഒരു കാര്യം ഓര്‍മ്മയില്‍ വെക്കണം. ‘എസ്.എഫ്.ഐയെ കയറൂരി വിടുന്നവര്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരും’ എന്നതായിരുന്നു ആ വാക്യം. എസ്.എഫ്.ഐയെ കയറൂരിവിട്ടതിന്റെ തിക്തഫലം കണ്ടല്ലോ തിരുവനന്തപുരത്ത്. യുണിവേഴ്‌സിറ്റി കോളജില്‍ സഹ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത് എസ്.എഫ്.ഐ നേതാവു തന്നെ. സ്വന്തം തറവാട് പോലെ കോളജില്‍ നേതാക്കള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ഇടിച്ചു കളിയ്ക്കാന്‍ ‘ഇടിമുറി’ കളിച്ചുരസിക്കാന്‍ യൂണിയന്‍ ഓഫീസ്. ഉത്തരക്കടലാസുകളും വ്യാജ സീലുകളും ഇഷ്ടം പോലെ. പി.എസ്.സി പരീക്ഷയില്‍ നേതാക്കള്‍ക്ക് റാങ്കുകള്‍. എല്ലാം ബഹുകേമം. അതിനിടയില്‍ എല്‍.ഡി. എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ സഖാവിന്റെ പുതിയ കണ്ടുപിടുത്തം. അത് ഉത്തരക്കടലാസല്ലെന്ന്.
പരീക്ഷാപേപ്പര്‍ മോഷ്ടിക്കാനും സീല്‍ ഉണ്ടാക്കാനും സഹപാഠിയെ കുത്തി മലര്‍ത്താനും ആരാണിവര്‍ക്ക് ധൈര്യം കൊടുക്കുന്നത്? ഈ കുട്ടി നേതാക്കന്മാര്‍ വിലസുന്നത് അധികാരത്തിന്റെ പിന്‍ബലത്തിലല്ലേ. യുണിവേഴ്‌സിറ്റി കോളജ് അതിക്രമത്തിലെ ഒന്നാം പ്രതി യൂണിറ്റ് എസ്.എഫ്. ഐ മുന്‍ പ്രസിഡന്റ് ശിവരജ്ഞിത്ത് പൊലീസ് നിയമനത്തിനുള്ള പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഒന്നാമതെത്തി എന്ന വസ്തുത കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്.എ.ഐ.എസ്.എഫുകാരെ ഡി. വൈ.എഫ്.ഐ, എസ്.എഫ്.ഐ ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞത് ഇതായിരുന്നു. ‘കൂടെയുള്ളവരെ തന്നെ കുത്തി വീഴ്ത്തുന്നവര്‍ പിന്നെ സി.പി.ഐക്കാരും ഇടതുപക്ഷമാണെന്നു ചിന്തിക്കുമോ?’ ഹൃദയത്തില്‍ തട്ടേണ്ട ഒരു ചോദ്യമാണത്. പക്ഷെ ഈ ചോദ്യം എസ്.എഫ്.ഐക്കാരോടു ചോദിച്ചിട്ടുകാര്യമില്ല. സി. പി.ഐ തങ്ങളുടെ ശത്രുക്കളാണെന്നു അവര്‍ കണ്ടും കേട്ടും പഠിച്ചത് അവരുടെ മാതൃസംഘടനയില്‍നിന്നു തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലം മുതല്‍ പരസ്പരം തെറിയഭിഷേകങ്ങള്‍, കാലുവാരലുകള്‍, ഇകഴ്ത്തലുകള്‍ കൊലയും നടത്തിയിട്ടുണ്ട്. അപ്പോഴും സി.പി.ഐ ഇടതുപക്ഷം തന്നെയായിരുന്നല്ലോ. കാലം ഏറെ കടന്നു പോയിട്ടും ഇന്നും ഇടതുപക്ഷ ചിന്തയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണവും മനസ്സില്‍ കൊണ്ടുനടക്കുന്ന ഡി. രാജയടക്കമുള്ള സി.പി.ഐ സഖാക്കള്‍ മറക്കാന്‍ സാധ്യതയില്ലാത്ത കുറെ ഓര്‍മ്മകളുണ്ട്. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്നും അഭിപ്രായവ്യത്യാസത്തെതുടര്‍ന്നു 32 പേര്‍ ഇറങ്ങിപ്പോയി. അവര്‍ സി. പി.ഐ (എം) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘വര്‍ഗസമരം’ എന്ന കമ്യൂണിസ്റ്റ് സിദ്ധാന്തത്തിനുപകരം സി.പി.ഐയുടെ ഔദ്യോഗിക നേതൃത്വം ഏതാനും വര്‍ഷമായി വര്‍ഗ സഹകരണം നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് ഭിന്നിപ്പിന്റെ അടിസ്ഥാന കാരണമെന്നു സി.പി.എം. ‘ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിവില്ലാത്തവര്‍’ എന്നു ഇറങ്ങിപ്പോയവരെകുറിച്ചു സി.പി.ഐ. ഭിന്നിപ്പിനെതുടര്‍ന്നു കേരളത്തില്‍ വലിയ കോലാഹലമായിരുന്നു. അന്തരീക്ഷം തെറിയഭിഷേകം കൊണ്ടു നിറഞ്ഞു. നഗരങ്ങളില്‍ അന്നുണ്ടായിരുന്ന ചൈനീസ് റസ്റ്റാറന്റുകള്‍ ‘മലയാ’ റസ്റ്റാറന്റുകളും ‘ജാപ്പനീസ്’ റസ്റ്റാറന്റുകളുമായി രൂപാന്തരപ്പെടുന്ന കാലം. നേതാക്കള്‍ കൂടുതലും സി.പി.ഐയില്‍. അണികള്‍ കൂടുതലും സി. പി.എമ്മില്‍. പാര്‍ട്ടി ഓഫീസുകളും മറ്റും പരസ്പരം കയ്യേറുന്നു. ‘ദേശാഭിമാനി’ പത്രം സി.പി. എം പിടിച്ചടക്കി. ഇരുകൂട്ടരും തങ്ങളുടെ ശക്തി തെളിയിക്കാനുള്ള മത്സരം നാടുനീളെ അരങ്ങേറുന്നു. എല്ലായിടത്തും പ്രകടനങ്ങളും പൊതുയോഗങ്ങളും. ഇ.എം.എസ് നമ്പൂതിരിപ്പാട് സി. പി.ഐക്കാരെ അവസരവാദികളും കോണ്‍ഗ്രസിന്റെ വാലാട്ടികളും എന്നു വിശേഷിപ്പിച്ചു.’വലതുപക്ഷക്കാര്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരാണ്. തൊഴിലാളി വര്‍ഗത്തിന്റെ ശത്രുക്കളാണ്. അവരുമായി ഒരു സഹകരണവും സാധ്യമല്ല’. ഇ.എം.എസ് പറഞ്ഞു.
ഇ.എം.എസിന്റെ 1967 ലെ കൂട്ടു മന്ത്രിസഭ നിലംപതിച്ചു. കേരളത്തില്‍ ഒരു പുതിയ സഖ്യം നിലവില്‍വന്നു. നേതൃത്വം സി.പി.ഐ ഏറ്റെടുത്തു. സി. അച്യുതമേനോനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടെത്തി. സി.പി.ഐയുടെ വസന്തത്തിന്റെയും സി.പി.എമ്മിന്റെ അസംതൃപ്തിയുടെയും ആരംഭമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വം. മന്ത്രിസഭക്ക് പി.എസ്.പിയില്‍ നിന്നു ഭീഷണി. മന്ത്രിസഭ പിരിച്ചുവിടുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ദിരാകോണ്‍ഗ്രസ് മുന്നണിയില്‍ ചേരുന്നു. 1970 ലെ തെരഞ്ഞെടുപ്പില്‍ മുന്നണി കേവല ഭൂരിപക്ഷം നേടുന്നു. മന്ത്രിസഭ രൂപീകരിക്കുന്നു. കടുത്ത പകയോടുകൂടി സി.പി.എം പ്രതിപക്ഷത്തിരിക്കുന്നു. അധികാരത്തിലിരിക്കുന്ന ജനതാപാര്‍ട്ടി ശിഥിലമാകുന്നു. കോണ്‍ഗ്രസി (ഐ) നും മറ്റു പാര്‍ട്ടികള്‍ക്കും ബദലായി ഇടതു ജനാധിപത്യ പാര്‍ട്ടികളുടെ വിശാല ഐക്യത്തിനുവേണ്ടിയുള്ള സാധ്യതകളെ കുറിച്ചു ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു ഇടതു പാര്‍ട്ടികളും ആരായുന്നു. ഇതിനുവേണ്ടി സി.പി.ഐ കേരളത്തില്‍ ഭരണ സഖ്യം വിടണമെന്നു സി.പി.എം നിബന്ധനവെക്കുന്നു. അങ്ങനെ പി.കെ വാസുദേവന്‍ നായര്‍ അന്നുവരെ സി.പി.എമ്മില്‍നിന്നും കേട്ട എല്ലാ ശകാരവര്‍ഷങ്ങളും മര്‍ദ്ദനങ്ങളും മറന്നു, ഇടതുപക്ഷ കക്ഷികളുടെ വിശാല ഐക്യത്തിനുവേണ്ടി മുഖ്യമന്ത്രി പദവി ഒഴിഞ്ഞു സി.പി.എമ്മിന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറായി.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിനു വേണ്ടി സി.പി.ഐ നേതാവ് പി.കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം ബലികഴിച്ചിട്ടും അവര്‍ ഒന്നായില്ല. ഈ ത്യാഗമൊന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പ്രീതിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല. 1964 ലെ സംഭവങ്ങള്‍ക്കും അന്നുമുതല്‍ തുടര്‍ന്നുപോന്ന നയസമീപനങ്ങള്‍ക്കും സി.പി. ഐ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം ‘കമ്യൂണിസ്റ്റ് ഐക്യം’ എന്ന വാക്ക് ഉച്ചരിക്കുക പോലും ചെയ്യരുതെന്നുമായിരുന്നു സി.പി.എം നേതാക്കളുടെ ഉഗ്രശാസന. പിന്നീടുള്ള കാലം മുതല്‍ സി.പി.എമ്മിന്റെ ഘടകകക്ഷിയായി ഇടതു മുന്നണിയില്‍ തുടര്‍ന്നു. സി.പി.എമ്മിന്റെ ‘വല്യേട്ടന്‍’ കളി സഹിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. എത്രയെത്ര പൊട്ടലുകള്‍, ചീറ്റലുകള്‍. എല്ലാം സഹിച്ചു. ഇടക്ക് കമ്യൂണിസ്റ്റ് ഐക്യം പറഞ്ഞു നോക്കും. അപ്പോള്‍ വല്യേട്ടന്‍ കണ്ണുരുട്ടും. പിന്നെ കിട്ടിയതില്‍ തൃപ്തിപ്പെട്ടു കഴിയും. എല്ലാ അപമാനങ്ങളും സഹിച്ചു, ഇടതുപക്ഷ ചിന്തയുമായി, ആട്ടി തുപ്പലുകളേല്‍ക്കുമ്പോള്‍ അത് തുടച്ചു വീണ്ടും ഒട്ടിനില്‍ക്കും. എന്നാല്‍ ചില സമയങ്ങളില്‍ സി.പി.ഐ നേതാക്കള്‍ സത്യം വിളിച്ചു പറയും. ഒരുപക്ഷേ അത് നിവര്‍ത്തികേട് കൊണ്ടാവാം. അത്തരത്തിലൊന്നാണ് ഇപ്പോള്‍ കേരളത്തില്‍ കേള്‍ക്കുന്നത്. ഈ തിരക്കിനിടയില്‍ ഡി. രാജ സഖാവിന്റെ ആഗ്രഹം അങ്ങനെ തന്നെയിരിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.