Connect with us

Culture

ഗാന്ധിയും അംബേദ്കറും അര്‍ബന്‍ നക്‌സല്‍ കാലത്തായിരുന്നെങ്കില്‍

Published

on

അഹമ്മദ് ഷരീഫ് പി.വി

അര്‍ബന്‍ നക്‌സലുകളെന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നും ഗൗതം നവ്‌ലകയെ ഡല്‍ഹിയില്‍ നിന്നും വെര്‍നന്‍ ഗോണ്‍സാല്‍വസിനെയും അരുണ്‍ ഫെരേരയേയും മുംബൈയില്‍നിന്നുമാണ് അറസ്റ്റു ചെയ്തത്. ഇവരെ എന്തിന് അറസ്റ്റു ചെയ്യുന്നുവെന്നതിന്റെ ഉത്തരമാണ് ഇവരെല്ലാം ‘അര്‍ബന്‍ നക്‌സലുകളാണെന്നത്’. ആരാണ് അര്‍ബന്‍ നക്‌സല്‍, എവിടന്ന് വന്നു ഈ പദം എന്ന് നാം അറിയേണ്ടതുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെടുക്കുന്നവരെ മുദ്രകുത്താന്‍ വേണ്ടി കണ്ടെത്തിയ പദാവലിയാണോ ഇത്. അല്ല, ഇതിനു പിന്നിലും കൃത്യമായ ആസൂത്രണമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോളജ് അധ്യാപകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തി പൊലീസ് അറസ്റ്റു ചെയ്തത്. സിനിമാക്കാരനായ വിവേക് അഗ്നിഹോത്രി ആര്‍.എസ്.എസ് അനുകൂല മാസികയായ സ്വരാജില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ എഴുതിയ ലേഖനത്തിലാണ് ആദ്യമായി അര്‍ബന്‍ നക്‌സലുകള്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. നഗരങ്ങളിലെ ബുദ്ധിജീവികളേയും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്നവരെയും ഉദ്ദേശിച്ചാണ് അഗ്നിഹോത്രി ഇത്തരമൊരു പ്രയോഗം നടത്തിയത്. ഇത്തരം ആളുകള്‍ ഇന്ത്യയുടെ അദൃശ്യരായ ശത്രുക്കളാണെന്ന് അദ്ദേഹം ലേഖനത്തിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു.

പിന്നീടങ്ങോട്ട് ഈ വാക്കിന് നല്ല സ്വാധീനം നല്‍കാനായി ദേശവിരുദ്ധരെന്ന വാക്കിനു പകരമായി ബി.ജെ.പി അനുകൂല മാധ്യമങ്ങള്‍ അര്‍ബന്‍ നക്‌സലുകള്‍ എന്ന പദത്തെ ഉപയോഗിക്കാന്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്ര പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതും പൊലീസ് റിമാന്റില്‍ വെക്കുന്നതും ചോദ്യം ചെയ്ത് റൊമീള ഥാപ്പര്‍, പ്രഭാത് പട്‌നായിക് തുടങ്ങി രാജ്യത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും ചരിത്രകാരന്മാരും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ തന്നെ സമീപിച്ചു. ഇതേതുടര്‍ന്ന് സുപ്രീംകോടതി ഇവരെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇവരുടെ അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. അഭിപ്രായ ഭിന്നതകള്‍ ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വുകളാണെന്നും ഇത് അടച്ചുവെക്കാന്‍ ശ്രമിക്കുന്നത് പൊട്ടിത്തെറിക്കു കാരണമാകുമെന്നും കോടതി പറഞ്ഞത് മോദി സര്‍ക്കാറിനും മഹാരാഷ്ട്ര പൊലീസിനും ഒരുപോലെ കിട്ടിയ അടിയാണ്. മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം അഭിഭാഷക വേഷമണിഞ്ഞ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കോടതിയില്‍ എത്തുമായിരുന്നെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ ദുഃഖം പ്രകടിപ്പിച്ചു ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറഞ്ഞത്. നിലവിലെ ഭരണകൂടം ഗാന്ധി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തേയും അറസ്റ്റ് ചെയ്യാന്‍ മടിക്കില്ലെന്നും ഗുഹ പറഞ്ഞത് സര്‍ക്കാറിന്റെ പോക്ക് എങ്ങോട്ടെന്നതിന്റെ സൂചന കൂടിയാണ്.

നിലവിലെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലേക്ക് എത്തിനോക്കിയാല്‍ സമാനമായ അറസ്റ്റുകള്‍ കാണാന്‍ കഴിയും. 1922ല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ ആറു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. മൂന്ന് കുറ്റങ്ങളാണ് ഗാന്ധിക്കെതിരെ ബ്രിട്ടീഷുകാര്‍ ആരോപിച്ചത്. ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ അസംതൃപ്തി ഉണര്‍ത്താന്‍ ശ്രമിച്ചു, ബ്രിട്ടീഷുകാരുടെ വിശ്വസ്തതക്ക് ഭംഗം വരുത്തുന്നു തുടങ്ങിയവയായിരുന്നു ആരോപണം. ഗാന്ധിയെ അറസ്റ്റു ചെയ്യുകയും കാരാഗ്രഹത്തില്‍ അടക്കുകയും ചെയ്തു. മറ്റൊരാളെ 1921ല്‍ ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്തത് വിചിത്രമായ കുറ്റം ആരോപിച്ചായിരുന്നു. ബ്രിട്ടീഷുകാരുടെ നയം കാരണം ഇന്ത്യയില്‍ വരള്‍ച്ച ഉണ്ടാകുന്നുവെന്ന് പ്രചരിപ്പിച്ചെന്നായിരുന്നു കുറ്റം. ഇതെല്ലാം ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഒരു ശതകം പിന്നിടുമ്പോള്‍ സമാന കുറ്റം ആരോപിച്ചാണ് ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. ബി.ജെ.പി നേതാക്കള്‍ ടി.വി ചര്‍ച്ചകളില്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് അര്‍ബന്‍ നക്‌സലുകള്‍ ഭരണത്തിനെതിരെ പേനയുന്തുന്നുവെന്നാണ്. വനത്തില്‍ സായുധരായ നക്‌സലുകള്‍ ചെയ്യുന്നതിന് സമാനമായ ജോലിയാണിതെന്നും അവര്‍ ആണയിടുന്നു. അര്‍ബന്‍ നക്‌സലിസത്തിന് ഉദാഹരണമായി രാംജാസ് കോളജില്‍ ബസ്തര്‍ മാംഗെ ആസാദി (ബസ്തര്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു) എന്ന് മുദ്രാവാക്യം വിളിച്ചെന്നാണ് പറയുന്നത്. സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന്‍ ആര് പേനയെടുത്താലും അവരൊക്കെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തപ്പെടുകയാണിപ്പോള്‍. ഇത്തരത്തില്‍ അറസ്റ്റിലായ ഒരാളോട് പൊലീസിന്റെ ചോദ്യം പോലും വിചിത്രമായിരുന്നു. എന്തിന് അംബേദ്കറിനെ വായിക്കുന്നുവെന്നായിരുന്നു പൊലീസുകാരന് അറിയേണ്ടത്. എന്തുകൊണ്ടാണ് ദൈവങ്ങളുടെ ചിത്രത്തിന് പകരം ജ്യോതിഭ ഫൂലെയുടേയും അംബേദ്കറിന്റേയും ചിത്രങ്ങള്‍ ചുമരില്‍ തൂക്കുന്നു എന്ന ചോദ്യം വര്‍ത്തമാന കാലത്ത് പൊലീസ് സേന പോലും ഏതുവിധത്തില്‍ വര്‍ഗീയവത്കരിക്കപ്പെട്ടുവെന്നതിന്റെ നേര്‍സാക്ഷ്യമാണ്.

നരേന്ദ്ര ദാബോള്‍ക്കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയവരെ വധിക്കാന്‍ സ്‌പോണ്‍സര്‍മാരായ സനാതന്‍ സന്‍സ്ത പോലുള്ള സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയും മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലിടുകയും ചെയ്യുന്ന രാജ്യം നമ്മുടേത് മാത്രമേ ഉണ്ടാകൂ. അഹിംസയുടെ സമൂഹത്തില്‍ സത്യഗ്രഹത്തിനും പ്രതിരോധത്തിനും അവസരമുണ്ടെന്ന് രാഷ്ട്ര പിതാവും വിദ്യാഭ്യാസം നേടൂ, സംഘടിക്കൂ, പ്രതിഷേധിക്കൂവെന്ന് ഭരണഘടന ശില്‍പി ഡോ. ബാബ സാഹിബ് അംബേദ്കറും പറഞ്ഞ നാട്ടിലാണിതൊക്കെ നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനാവിരുദ്ധമായത് നടപ്പിലായാല്‍ അരാജകത്വമായിരിക്കുമെന്ന ഗാന്ധിയുടെ വാക്കുകള്‍ ഇന്നിന്റെ സാഹചര്യത്തില്‍ ഓര്‍ത്തെടുക്കേണ്ടത് തന്നെയാണ്. അരാജകത്വത്തിന്റേതായ അന്തരീക്ഷം ഭരണക്കാര്‍ തന്നെ സൃഷ്ടിക്കുമ്പോള്‍ ഇനി ഏകാധിപത്യത്തിന്റേതായ ചുവടുകളാണ് വെക്കുന്നതെന്ന് നിസംശയം പറയാം. വിദ്യാഭ്യാസം, സംഘാടനം, പ്രതിഷേധം എന്നിവ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണെന്ന് പറഞ്ഞ അംബേദ്കറെ തങ്ങളുടെ വോട്ട് രാഷ്ട്രീയത്തിനായുള്ള ഇവന്റ് മാനേജ്‌മെന്റ് സംവിധാനത്തില്‍ ഉപയോഗിക്കുന്ന ബി.ജെ.പി പക്ഷേ അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ അര്‍ബന്‍ നക്‌സലുകളാക്കുന്നു. ഭരണഘടയോടുള്ള ധാര്‍മികത എന്നാല്‍ ഭരണഘടനയേയും ഇത് പ്രകാരം സ്ഥാപിതമായ സ്ഥാപനങ്ങളെയും ബഹുമാനിക്കുകയാണെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. നവംബര്‍ 26 ഭരണഘനാദിനമാക്കി പ്രഖ്യാപിച്ചത് നിലവിലെ സര്‍ക്കാറാണ്. അതേ സര്‍ക്കാര്‍ തന്നെ ഭരണഘടനാപരമായി വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നവരെ നക്‌സലുകളാക്കി മുദ്രകുത്തുകയും ചെയ്യുന്നു. ജനാധിപത്യ തത്വങ്ങളെപോലും മാനിക്കാതെ മനുഷ്യാവകാശ പ്രവര്‍ത്തകരെ അര്‍ബന്‍ നക്‌സലുകളാക്കി മുദ്രകുത്താനുള്ള പൊലീസിന്റേയും ഭരണകൂടത്തിന്റേയും നീക്കത്തെ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അടക്കമുള്ള ജഡ്ജിമാര്‍ തള്ളിപ്പറഞ്ഞത് ജനാധിപത്യത്തില്‍ എതിരഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നതിനാല്‍ തന്നെയാണ്. എന്തിന്‌വേണ്ടി എതിരഭിപ്രായങ്ങളെ കൊല്ലണം. ഇവിടെയാണ് ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എയായ ജിഗ്നേഷ് മേവാനി പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാവുന്നത്. ബി.ജെ.പിയുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക.

ബി.ജെ.പിയുടേയും അവരുടെ പാര്‍ട്ടി അംഗങ്ങളുടേയും ചില മാധ്യമങ്ങളുടേയും സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റേയും വാദത്തില്‍ മാവോയിസ്റ്റുകള്‍ എന്നാരോപിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ പദ്ധതി തയാറാക്കി എന്നാണ് ഇപ്പോഴത്തെ ആരോപണമെങ്കില്‍ ഏത് മാവോയിസ്റ്റ് നേതാവ് അല്ലെങ്കില്‍ ഭീകരവാദിയാണ് ഇത്രയും ബാലിശമായി കൊലപാതക പദ്ധതി തയാറാക്കി മറ്റൊരു മാവോയിസ്റ്റിന് കത്തെഴുതുക. അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ കത്ത് സൂക്ഷിക്കുക. ഇതുപോലൊരു തന്ത്രം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടത്തിയിരുന്നുവെന്ന് മേവാനി പറയുന്നു. വൈബ്രന്റ് ഗുജറാത്ത് എന്ന വികസന വാദം ഗുജറാത്തിലെ ബഹുഭൂരിപക്ഷവും ചെവികൊടുക്കാതിരുന്ന സമയത്ത് പിന്നീട് സംസ്ഥാനത്ത് കണ്ടത് തുടരെ തുടരെ വ്യാജ ഏറ്റുമുട്ടലുകളായിരുന്നു. ഇതിലൂടെ മോദിയുടെ ജീവന്‍ വലിയ അപകടത്തിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. സമാനമായ സാഹചര്യം നിലവിലെ സാഹചര്യത്തിലും സൃഷ്ടിക്കുന്നു. അന്ന് നടന്ന ഇഷ്‌റത്ത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച കേസുകള്‍ ഇപ്പോഴും നടക്കുകയാണ്. എന്നാല്‍ മുഫ്തി അബ്ദുല്‍ ഖയ്യൂം എന്നയാളുടെ അവസ്ഥ നോക്കുക. അക്ഷര്‍ധാം ക്ഷേത്രത്തില്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജയിലിലായ ഖയ്യൂമിനെ 2014ല്‍ സുപ്രീം കോടതി വെറുതെ വിട്ടു. വിലപ്പെട്ട 11 വര്‍ഷമാണ് ആ മനുഷ്യന് നഷ്ടമായത്. ഗുജറാത്തിലെ കീഴ്‌ക്കോടതികള്‍ തീവ്രവാദത്തിന്റെ പേരില്‍ അദ്ദേഹത്തെ ശിക്ഷിച്ചു. ഇന്നലെ അതു ഖയ്യൂമായിരുന്നുവെങ്കില്‍ നാളെ അത് മറ്റൊരാളാവാം. വിത്തുകള്‍ നേരത്തെ തന്നെ ഗുജറാത്തില്‍ വിതച്ചതാണ്. ഇനി ഇതേ വിത്തുകള്‍ രാജ്യം മുഴുവനും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മേവാനി പറയുന്നു. ബി.ജെ.പി പേടിക്കുന്നു കാരണം തൊഴിലില്ലായ്മ, ഉയരുന്ന പീഡനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, നോട്ട് നിരോധനത്തിന്റെ ദയനീയ പരാജയം, സര്‍ക്കാറിനെതിരായ വ്യാപകമായ അസംതൃപ്തി ഇതിനൊന്നും തന്നെ മോദിക്ക് ഉത്തരമില്ല. അതുകൊണ്ട് തന്നെ എല്ലാം വെട്ടിത്തുറന്ന് പറയുന്നവരേയും അവരെ പിന്തുണക്കുന്നവരേയും അര്‍ബന്‍ നക്‌സലുകള്‍ എന്ന് വിളിക്കുന്നു. പദ്ധതികള്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി നടത്തുന്ന ദയനീയ ശ്രമമാണിതെന്ന് മേവാനി പറയുന്നു.

മേവാനിയെ തള്ളാം കൊള്ളാം. പക്ഷേ രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഭീതി വിതച്ച് കൊയ്യലാണ്. നിലവിലെ ഭരണ കക്ഷിക്കെതിരായ ഏത് നീക്കത്തേയും രാജ്യദ്രോഹത്തിന്റേയും ദേശ വിരുദ്ധതയുടേയും ലേബലില്‍ പൊതിഞ്ഞ് ആരേയും ഒതുക്കാമെന്ന രീതിയിലേക്ക് മാറുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കസ്റ്റഡി തടഞ്ഞുകൊണ്ട് സുപ്രീംകോടതി പറഞ്ഞ വാക്കുകള്‍ പ്രതീക്ഷയുടെ നേരിയ രശ്മികളെങ്കിലും ഇപ്പോഴും ബാക്കിയാക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം രാജ്യം ആഘോഷിക്കാനിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കവെ ഗാന്ധി പറഞ്ഞു സ്വരാജ് എന്നാല്‍ തെറ്റില്‍ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണ്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ എതിരഭിപ്രായങ്ങളെ തല്ലിക്കെടുത്തിയാകുമോ രാഷ്ട്രപിതാവിന്റെ ജന്മദിനാഘാഷമെന്ന് പോലും കാത്തിരുന്നു കാണേണ്ടതാണ്. ന്യൂനപക്ഷങ്ങളെ കേള്‍ക്കാത്ത ഭൂരിപക്ഷ ഭരണമെന്നത് അപരിഷ്‌കൃത സമൂഹത്തിന്റേതാണ്. എന്നാല്‍ ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്നത് വിവിധങ്ങളായ അഭിപ്രായങ്ങള്‍ പ്രകടപ്പിക്കാനുള്ള അവസരമാണ്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ ആവശ്യപ്പെടുന്നത് ഗാന്ധിയും അംബേദ്കറും മുന്നോട്ടു വെച്ച ആശയങ്ങളുടെ സങ്കലനമാണ്. ഇതിനായി എതിരഭിപ്രായങ്ങളും ജനാധിപത്യത്തില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.