Connect with us

Video Stories

നവോത്ഥാന വഴികളില്‍ കുറുകെ കെട്ടിയ മതില്‍

Published

on

മുഫീദ തെസ്‌നി

കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ കീഴാള സ്ത്രീകളടക്കമുള്ളവര്‍ നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്‍ കാണാം. ചാന്നാര്‍ ലഹളയിലൂടെ മാറു മറയ്ക്കാന്‍ സാധിച്ചതും സതി നിര്‍ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ തുടങ്ങിയതും സംബന്ധം പോലുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കപ്പെടാനുമെല്ലാം കാരണമായത് പോലെ വലിയ മുന്നേറ്റങ്ങള്‍ രാജ്യത്തെ നവോത്ഥാന ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഇടംപിടിച്ചതാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ ഇത്തരം സംഭവങ്ങള്‍ക്കായിട്ടുണ്ട്. പക്ഷേ ഈ സമരങ്ങളുടെയൊക്കെ പിന്നില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്ന അവരുടെ വ്യാജ ന്യായവാദം സ്ഥാപിച്ചെടുക്കാനുള്ള കുടില തന്ത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഒത്താശയോടെ അവര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലും അതിനുശേഷവും നടന്ന വിവിധ ജാതികളില്‍പെട്ട സ്ത്രീ സമൂഹത്തിന്റെ അവകാശ സമരങ്ങള്‍ കാലേക്കൂട്ടി തയ്യാറാക്കിയ നാടകത്തിലൂടെ തങ്ങളുടെ നവോത്ഥാനമാക്കി മാറ്റുക. അതിന്റെ പേരാണ് വനിതാ മതിലും എന്ന് സ്ഥാപിച്ചെടുക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഇന്നലെ കേരളത്തില്‍ കണ്ടത്. നവോത്ഥാന നായകര്‍ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. എതിര്‍ക്കപ്പെടുന്നവര്‍ പ്രാകൃത ചിന്താഗതിക്കാരായും പിന്തിരിപ്പുകാരായും വെളിച്ചം വരാന്‍ ആഗ്രഹിക്കാത്തവരായും മുദ്ര കുത്തുന്നു. വര്‍ഗീയപരമായി മനുഷ്യരെ മതിലുകെട്ടി രണ്ടു തട്ടിലാക്കുന്ന സമീപനം കൊണ്ട് തന്നെയാണ് വനിതാമതിലിനെ വര്‍ഗീയ മതിലെന്നു വിളിക്കാന്‍ പ്രേരിപ്പിച്ചത്. അധികാരത്തില്‍ കെട്ടിതൂങ്ങുന്നതിനായി ഇന്നലെ വരെ അകറ്റിനിര്‍ത്തിയിരുന്ന ജാതി സംഘടനകളെ കൂട്ട്പിടിച്ചു വര്‍ഗീയ മതില്‍ ഉയര്‍ത്തിയപ്പോള്‍ ഈ നാടിന്റെ മതേതര വിശ്വാസങ്ങളെയും ബഹുസ്വരതയെയും മുഖ്യമന്ത്രിയും പരിവാരങ്ങളും മറന്നു. ആരോ മെനഞ്ഞുകൊടുത്ത അജണ്ടകള്‍ക്ക്‌വേണ്ടി സാമുദായിക സംഘടനകളുമായി ചേര്‍ന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചേരിതിരിവിന്റെ ജാതി മതില്‍ കെട്ടി മനുഷ്യരെ വിഭജിക്കുകയാണ്. അതിന്റെ തലതൊട്ടപ്പന്മാരായി മാന്‍ഹോളില്‍ വീണ നൗഷാദില്‍ വര്‍ഗീയത കണ്ടെത്തിയ വെള്ളാപ്പള്ളിയെയും ബാബരിയുടെ കല്ലിളക്കിയ സുഗതനേയും ഇരുത്തിയത് മുതലാണ് കേരളത്തിലെ മതേതര വിശ്വാസികള്‍ വര്‍ഗീയ മതില്‍ എന്ന് പ്രഖ്യാപിച്ചത്.
സ്ത്രീ അബലയല്ല പ്രബലയാണെന്നും ഭരിക്കപ്പെടേണ്ടവളല്ല ഭരിക്കേണ്ടവളാണ് എന്ന് പറയുമ്പോഴും പൂമുഖ സങ്കല്‍പ്പങ്ങളെ പൊളിച്ചടക്കി ലിംഗ സമത്വത്തെ കുറിച്ചും സാമൂഹ്യ പുരോഗമനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും ഒരു സ്ത്രീ പോലുമില്ലാത്ത വനിതാമതിലിന്റെ സംഘാടക സമിതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ അവരെന്ത് ചെയ്താലും കൈയുംകെട്ടി ന്യായീകരിക്കുക മാത്രമാണ് വിധി എന്നോര്‍ത്തു പല്ലും നഖവും മിനുക്കി കാത്തുനില്‍ക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. അല്ലെങ്കില്‍ ഹാദിയ എന്ന വനിതയെ പരസ്യമായി അധിക്ഷേപിച്ച സി.പി സുഗതനെ വനിതാമതിലില്‍ ഉള്‍പ്പെടുത്തുമായിരുന്നോ. ശബരിമലയില്‍ വനിതകളെ തടയാന്‍ മുന്നിലുണ്ടായിരുന്ന സുഗതനുമായി എന്ത് കൂറാണ് ഇടതു പക്ഷത്തിനുള്ളത് എന്ന് വ്യക്തമാക്കണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി നടേശന് വനിതാമതിലിലെ നവോത്ഥാനവുമായി എന്താണ് ബന്ധം.
വനിതാനേതാവിന്റെ പരാതിയില്‍ പാര്‍ട്ടി കോടതിയില്‍നിന്ന് വന്ന വിധി കണ്ടു കണ്ണടച്ചവര്‍ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് കൊടുക്കാത്ത നീതിക്ക് വേണ്ടിയാണ് തെരുവിലിറങ്ങിയത്. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞു അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് സി.പി.എം. മറ്റേത് പാര്‍ട്ടിക്കാരെക്കാളും സ്ത്രീ സുരക്ഷാവിഷയത്തില്‍ നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും കൊടുക്കാന്‍ പറ്റാതെ എന്ത് സാമൂഹ്യ നീതിയാണിവിടെ മതില്‍ കെട്ടി പൊക്കിയതിലൂടെ ഉറപ്പുവരുത്തിയത്.
പൊളിച്ചു മാറ്റേണ്ടിയിരിക്കുന്ന പല മേല്‍ക്കോയ്മയുടെയും മുകളില്‍ വീണ്ടും അതേ നാണയത്തില്‍ മതില് കെട്ടി ഉറപ്പിക്കുമ്പോള്‍ അത് നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും മറ പിടിച്ചു ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. രാജാറാം മോഹന്‍ റോയ് തുടങ്ങി വെച്ച, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും സി.എച്ചും സീതി സാഹിബുമെല്ലാം ഉയര്‍ത്തിയ നാവോത്ഥാന സമരങ്ങളില്‍ തീയില്‍ കുരുത്ത പ്രഖ്യാപനങ്ങളുണ്ടായിരുന്നു, മൂല്യങ്ങളുടെ വെളിച്ചമുണ്ടായിരുന്നു, മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു ആ സമരങ്ങള്‍ക്ക്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയോരത്ത് നിര്‍ത്തി പ്രതിജ്ഞ ചൊല്ലിപ്പിച്ചാല്‍ വരുന്നതാണോ നവോത്ഥാനം. ഇങ്ങനെ കൊണ്ടുവന്ന് മതിലില്‍ നിര്‍ത്തിയ പലര്‍ക്കും തിരിച്ച് കയറിച്ചെല്ലാന്‍ അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലെന്ന് മേസ്തിരിമാര്‍ ഓര്‍ക്കണമായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന ആയിരങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ധാര്‍ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും മതിലാണ് ഇന്നലെ കേരളക്കരയില്‍ പണിതത്. പ്രളയം സമ്മാനിച്ച ദുരന്തം തരണം ചെയ്യാന്‍ ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച നാടാണ് കേരളം. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവെക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്ന വേളയില്‍തന്നെയാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള മതില്‍മാമാങ്കം. ആഘോഷങ്ങള്‍ പരമാവധി മാറ്റിവെച്ചു ഓരോ നാണയ തുട്ടുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍ കലോത്സവങ്ങള്‍ വരെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍, വെട്ടിച്ചുരുക്കിയാണ് നടത്തിയത്. പൊതു ജനത്തിന് പ്രാഥമിക സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രളയാനന്തര കേരളത്തിലാണ് നാമിപ്പോഴും. എന്നിട്ടും വനിതാമതില്‍ എന്ന പേരിലുള്ള വിവരക്കേടിന് ലക്ഷങ്ങള്‍ ചിലവ് വരുന്ന ആശയവുമായി അതേ സര്‍ക്കാര്‍ തന്നെയാണ് മുന്നിട്ടുവന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.