Connect with us

Video Stories

ജിന്നയെ പാപമുക്തനാക്കേണ്ട സമയം

Published

on

 

ശര്‍ജീല്‍ ഇമാം

വിവ: ഫര്‍സീന്‍ അലി പി.വി

വാര്‍ത്തകളില്‍ മുഹമ്മദലി ജിന്ന കടന്ന് വരുമ്പോഴൊക്കെയും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കൊരു പതിവുണ്ട്; ഹൈന്ദവരായ സഹദേശവാസികളുടെ അരക്ഷിതാവസ്ഥയെ പ്രീതിപ്പെടുത്താനുള്ള വെമ്പലില്‍ അവര്‍ പാക്കിസ്ഥാന്റെ സ്ഥാപകനെ, സമുദായത്തോടും ദേശത്തോടും ചെയ്ത ദ്രോഹങ്ങളെയെണ്ണി അവര്‍ വിമര്‍ശിക്കും. എല്‍.കെ അദ്വാനി 2005ല്‍ ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ച സമയത്ത് അതു സംഭവിച്ചു. ഒരു പതിറ്റാണ്ടിനുശേഷം അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സംഭവത്തില്‍ ഇതാ അത് ആവര്‍ത്തിക്കുന്നു.
കടുപ്പം കുറച്ചാണെങ്കില്‍ ആധുനിക ഇന്ത്യന്‍ മനോഭാവവും ജിന്നയുമായുള്ള ബന്ധം വളരെ സങ്കീര്‍ണ്ണമാണെന്ന് പറയാം. എന്നാല്‍ ജിന്നയുടെ ദേശീയവാദീ പശ്ചാത്തലം കൂടി കണക്കിലെടുത്ത് വളരെ ആഴത്തിലുള്ള അമര്‍ഷവും വിലാപമനസ്ഥിതിയും പ്രത്യേകിച്ച് ഹൈന്ദവര്‍ക്കിടയില്‍ ഉണ്ട്.
അധികാരമോഹം മൂത്ത് വര്‍ഗീയവാദികളുടെ ക്യാമ്പിലേക്ക് വീണുപോയി രാജ്യത്തെ വിഭജിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒരു വ്യക്തിയായിട്ടാണ് ജിന്ന വീക്ഷിക്കപ്പെടുന്നത്. എന്നാല്‍ തലമുറകളോളമുള്ള മസ്തിഷ്‌കപ്രക്ഷാളനത്തിന് ശേഷവും ഇന്ത്യന്‍ മുസ്‌ലിംകള്‍ വിഭജനത്തിന്റെയും ജിന്നയുടെയും ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നു. വിഭജനത്തിന്റെ കര്‍ത്താവെങ്കില്‍ കൂടി, ലക്ഷക്കണക്കിന് മുസ്‌ലിംകളെ ഒരുമിച്ച് കൂട്ടിയ, കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം ലീഗിനെ ഒരു ദേശീയ പാര്‍ട്ടിയാക്കി പരിവര്‍ത്തിപ്പിച്ച, ബ്രിട്ടീഷ് ഇന്ത്യയിലെ ”മുസ്‌ലിം ഇന്ത്യ”യുടെ മഹാനായ നേതാവാണ് അവര്‍ക്ക് ജിന്ന.
ജിന്നയെക്കുറിച്ചുള്ള കടകവിരുദ്ധങ്ങളായ ഈ സങ്കല്‍പങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ അതില്‍ ലീനമാകുന്ന സംഘര്‍ഷങ്ങള്‍, ഇപ്പോള്‍ അലിഗഢില്‍ സംഭവിച്ചപോലെ കാലാകാലങ്ങളില്‍ മറനീക്കിയിട്ടുണ്ട്. ”മുസ്‌ലിം ഇന്ത്യ”യുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളെന്ന നിലക്കുള്ള സവിശേഷമായ ഒരു അംഗീകാരം ജിന്നക്കുണ്ടായിരുന്നു എന്നുള്ളത് നമ്മെ ഓര്‍മിപ്പിച്ച് ജിന്നയുടെ ഛായാപടം 1938 മുതല്‍ അവിടെയുണ്ട്. വിഭജനത്തിന് മുമ്പുള്ള സംഭവബഹുലമായ ആ വര്‍ഷങ്ങളിലെ സംവാദങ്ങളെക്കുറിച്ചോ, പാക്കിസ്താന്റെ രൂപീകരണത്തിനായുള്ള പ്രസ്ഥാനത്തെക്കുറിച്ചോ ഇന്ത്യന്‍ പൊതുജനത്തിന് പൂര്‍ണമായ ധാരണയില്ലെന്നും, സംഘടിതപ്രചാരവേലകളും ദേശീയതയ്ക്കായി അധരസേവനം നടത്തേണ്ടതിന്റെ സാമൂഹികോത്തരവാദത്തവും അവരെ ചൂഴ്ന്നുനില്‍ക്കുന്നുവെന്നും കൂടി ഈ വൈരുധ്യങ്ങളും വിസ്‌ഫോടനങ്ങളും ബോധ്യപ്പെടുത്തുന്നു.
ജിന്നയെ സംബന്ധിച്ചുള്ള നിഗൂഢതകള്‍ അവസാനിപ്പിക്കാനും ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാനും വിഭജനത്തെ സംബന്ധിച്ചുള്ള പൂര്‍ണാര്‍ഥത്തിലുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാവേണ്ടതുണ്ട്. പക്ഷെ വിഭജനത്തിന്റെ ഹിംസകളെ അദ്ദേഹത്തിനുമേല്‍ കെട്ടിവെച്ചതുകാരണം ആ ചരിത്രവ്യക്തിത്വത്തെ അറിയുക അസാധ്യമായിരിക്കുന്നു. ആനുപാതിക രാഷ്ട്രീയ പ്രാതിനിധ്യത്തിനായുള്ള രാജ്യത്തെ മുസ്‌ലിംകളുടെ ന്യായമായ ആവശ്യങ്ങളും അഭിലാഷങ്ങളെയും ഉള്‍ക്കൊള്ളുന്നതില്‍ തങ്ങള്‍ക്കുണ്ടായ പരാജയം മറച്ചുവെക്കാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമമായിരുന്നു ഇത്.

കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസ് സ്വാഭാവികമായി തന്നെ ‘ഒരൊറ്റ ദേശം’ (വണ്‍ നാഷന്‍) എന്ന മുദ്രാവാക്യത്തെ സ്വയരക്ഷക്കായി മുറുകെപ്പിടിക്കുമെന്നുള്ളതും ദേശം, സമുദായം, ജനാധിപത്യം എന്നിവയിന്മേലുള്ള സൂക്ഷ്മഭേദങ്ങളെ പരിഗണിച്ചുള്ള ആഴത്തിലുള്ള ഏതു ചര്‍ച്ചകളെയും അസാധ്യമാക്കുകയും ചെയ്യുമെന്നുള്ളത് തീര്‍ച്ചയാണ്. മുസ്‌ലിം പ്രാതിനിധ്യം, പ്രത്യേക നിയോജകമണ്ഡലങ്ങള്‍, കേന്ദ്രവും പ്രവിശ്യകളും തമ്മിലുള്ള ബന്ധം തുടങ്ങിയവയായിരുന്നു കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുണ്ടായിരുന്ന പ്രധാന തര്‍ക്കങ്ങള്‍. രണ്ടു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളൊക്കെ തന്നെയും കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പാവശ്യപ്പെട്ട വിഷയങ്ങളും ഇത് തന്നെയായിരുന്നു.
ലണ്ടനില്‍നിന്ന് 1934ല്‍ മടങ്ങി മുസ്‌ലിം ലീഗിന്റെ ചുമതല ഏറ്റെടുത്തശേഷമെങ്കിലും ഈ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഒരു കരാറില്‍ എത്തിച്ചേരാമെന്ന് ജിന്ന പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇച്ഛാഭംഗം ഉണ്ടാക്കാത്ത വിധത്തില്‍ ഒരു ധാരണയിലെത്താം എന്നുള്ള വിശ്വാസത്താല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രത്യാശ കണ്ടെത്താന്‍ ജിന്ന ശ്രമിച്ചിരുന്നു. എന്നാല്‍ വിഭജനവുമായി ബന്ധപ്പെട്ട ഈ മൂന്നു തലങ്ങളും വളരെ വിരളമായാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടാറ്; പകരം, വര്‍ഗീയത, ‘പാന്‍ ഇസ്ലാമിസം’, ‘പുതിയ മദീന’തുടങ്ങിയ മായാവിഷയങ്ങള്‍ക്ക് വിഭജനത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ആഖ്യാനത്തില്‍ നല്ല ശ്രദ്ധ കിട്ടുകയും ചെയ്യാറുണ്ട്. നിയമനിര്‍മാണസഭകളിലും സൈന്യത്തിലും സര്‍ക്കാരുദ്യോഗത്തിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നായിരുന്നു മിക്ക മുസ്‌ലിം പാര്‍ട്ടികളും ആവശ്യപ്പെട്ടത്. ഭരണനിര്‍വഹണത്തിലെ പങ്കിന്റെ കാര്യത്തിലുള്ള ഉറപ്പ് തേടിയത് വിവേചനങ്ങള്‍ മൂലമുണ്ടായേക്കാവുന്ന പിന്നാക്കം ഇല്ലാതാക്കാന്‍ വേണ്ടിയായിരുന്നു. ആവര്‍ത്തിച്ചുള്ള മുസ്‌ലിം വിരുദ്ധ ആള്‍ക്കൂട്ട ഹിംസയുടെ പാശ്ചാത്തലത്തില്‍ ആ വിവേചനം അന്ന് തൊട്ടുമുമ്പിലുള്ള ഒരു യാഥാര്‍ഥ്യമായിരുന്നു.
മുഅ്മിന്‍ കോണ്‍ഫറന്‍സിനെപ്പോലുള്ള പല പിന്നാക്കമുസ്‌ലിം പാര്‍ട്ടികളും പിന്നാക്കവിഭാഗങ്ങള്‍ക്ക് മുസ്‌ലിം ഇടത്തില്‍ തന്നെ അധിക സംവരണവും വ്യവസ്ഥയും ആവശ്യപ്പെട്ടു. രാഷ്ട്രീയാവകാശങ്ങള്‍ വരുന്നത് രാഷ്ട്രീയമായ ശക്തിയില്‍ നിന്നാണെന്ന് വിശ്വസിച്ച ജിന്ന മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ടെന്ന നിലക്ക് സൈന്യത്തിലെ മുസ്‌ലിം പ്രാതിനിധ്യം ഭരണഘടനപരമായി തന്നെ വ്യവസ്ഥ ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസിന് മുന്നില്‍ വെച്ചു. രണ്ട് സമുദായങ്ങള്‍ തമ്മില്‍ ‘അന്യോന്യം ബഹുമാനിക്കാനും ഭയക്കാനും’ പഠിക്കുന്നത് വരെ, ഒരു ധാരണയ്ക്കും ഒരു കരാറിനും കടലാസിന്റെ വിലപോലുമുണ്ടാവില്ല.
മൂന്നാമത്തെ സുപ്രധാനവിഷയം, ഭാവി ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിനുള്ള ആപേക്ഷികപ്രാധാന്യമായിരുന്നു. കൂടുതല്‍ അധികാരങ്ങള്‍ക്കായി മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഡല്‍ഹി കേന്ദ്രമാക്കിയുള്ള ശക്തമായ ഒരു ഭരണകൂടമായിരുന്നു കോണ്‍ഗ്രസിന് വേണ്ടിയിരുന്നത്. ഈ കേന്ദ്ര-പ്രവിശ്യാ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു വീറ്റോ പ്രശ്‌നം. പാര്‍ലമെന്റില്‍ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ആനുപാതം മൂന്നിന്ന് ഒന്ന് എന്ന നിലയിലാവുകയും, ഏതെങ്കിലും ഒരു ബില്‍ അവതരിപ്പിക്കുന്ന പക്ഷം ഹിന്ദു സാമാജികര്‍ മുഴുവന്‍ അനുകൂല വോട്ട് ചെയ്യുകയും മുസ്‌ലിം സാമാജികര്‍ മുഴുവന്‍ വിട്ടുനില്‍ക്കുകയും ചെയ്താലും, നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ബില്‍ അനായാസം പാസാവുമായിരുന്നു. അതായത്, മുസ്‌ലിം പ്രതിനിധികള്‍ വിട്ടുനിന്നാല്‍ പോലും ഈ വിശാല ഉപഭൂഖണ്ഡത്തിലെ മുഴുവന്‍ സംവിധാനത്തെയും ബാധിക്കുന്ന ഒരു നിയമം പാസ്സാക്കാവുന്നതാണ്. ഇത് ആനുപാതിക ജനാധിപത്യമല്ലെന്ന് ജിന്ന വിശ്വസിച്ചു. ബാലറ്റ് പെട്ടിയിലൂടെ ഒരു ദേശം മറ്റൊന്നിനെ കീഴടക്കുന്ന അവസ്ഥയുടെ ഉദാഹരണമാണിതെന്ന് വിശ്വസിച്ച ജിന്ന, ലെജിസ്ലേറ്റീവ് അസംബ്ലികളില്‍ കൂടി മുസ്‌ലിം സമുദായത്തിന് വീറ്റോ അധികാരം ഉണ്ടാവുക വഴിയേ ഈയവസ്ഥ ഒഴിവാക്കാനാവൂയെന്ന് വിശ്വസിച്ചു.
സാമുദായികാവകാശങ്ങളുമായി (കമ്യൂണല്‍ റൈറ്റ്‌സ്) ബന്ധപ്പെട്ടാണ് മേല്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍. ആ വാക്കിന്റെ പഴയതും യുക്തിപൂര്‍വകവുമായ അര്‍ഥം നാം മറക്കുന്ന വിധത്തില്‍ കോണ്‍ഗ്രസ് ആ പദത്തെ ദുഷിപ്പിച്ചു. കമ്യൂണല്‍ എന്നത് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട ഒരു സംഗതിയാണ്. കോളോണിയല്‍ കാലത്തെ ചിന്തകരും രാഷ്ട്രീയക്കാരും ഈയൊരു അര്‍ഥത്തിലാണ് ഈ പദം ഉപയോഗിച്ചതും. ‘കമ്യൂണല്‍’ എന്നുള്ളത് അപരത്തോട് വിദ്വേഷവും മുന്‍വിധിയും കൊണ്ടുനടക്കുകയെന്നല്ല, മറിച്ച്, സ്വന്തം സമുദായവുമായി താദാത്മ്യപ്പെടുക എന്നതാണ്.
ന്യൂനപക്ഷ അവകാശങ്ങള്‍

പരസ്പരം വിവാഹം ചെയ്യാത്ത, കുത്തനെയും കുറുകെയും വിഭജിക്കപ്പെട്ട അസംഖ്യം സമുദായങ്ങളായിരുന്നു ബ്രിട്ടീഷ് ഇന്ത്യയില്‍ വസിച്ചിരുന്നത്. അതില്‍ തന്നെ മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം വിഭജിക്കപ്പെട്ടിരുന്നെങ്കിലും കുറുകെയുള്ള ജാതിവിഭജനങ്ങള്‍ വേറെയുമുണ്ടായിരുന്നു. ബെനഡിക്ട് ആന്‍ഡേഴ്‌സന്റെ ‘ഇമാജിന്‍ഡ് കമ്മ്യൂണിറ്റീസ്’ എന്ന അക്കാദമികാര്‍ഥത്തില്‍ നാമിപ്പോഴും ഒരു ദേശമല്ല. ന്യൂനപക്ഷസമുദായത്തിന് സുരക്ഷിതത്വം തോന്നുമ്പോള്‍ മാത്രമേ നമുക്ക് ഒരു ദേശമാകാന്‍ കഴിയുകയുള്ളൂ എന്ന് ജിന്ന വാദിച്ചു. ന്യൂനപക്ഷത്തിനുവേണ്ടി വാദിക്കുന്ന ഒരു പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണ്. കമ്യൂണല്‍ എന്നതിന്റെ അര്‍ഥത്തെ കോണ്‍ഗ്രസ് വളച്ചൊടിക്കുകയും ആ സംജ്ഞയെ തന്നെ ഒരു അധിക്ഷേപമാക്കുകയും ചെയ്തു. മതേതരത്വം എന്ന പദത്തെയും സമാനമായി കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയും, അതിന് പുതിയൊരു അര്‍ഥം നല്‍കുകയും, ഭരണഘടനാപരമായ അധികാരങ്ങളും അവകാശങ്ങളും മുസ്‌ലിംകള്‍ക്ക് നിഷേധിക്കുന്നതിനുള്ള ഒരു ഉപകരണമാക്കുകയും ചെയ്തു. ആയതിനാല്‍ തന്നെ, പരമാധികാരവുമായി ബന്ധപ്പെട്ട ഈ വിഷയങ്ങള്‍, ദേശവും സമുദായവുമായി തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംവാദങ്ങള്‍, ഖൌം എന്നുള്ള പദം അര്‍ഥമാക്കുന്നത് സമുദായത്തെയാണോ രാഷ്ട്രത്തെയാണോ തുടങ്ങിയ കാര്യങ്ങള്‍ വിഭജനസംവാദത്തിന്റെ ഹൃദയത്തില്‍ തന്നെയുണ്ട്.
ഒരയയല്‍ക്കാരന് അവന്‍ എന്റെ അയല്‍ക്കാരനാണ് എന്നതുകൊണ്ടുമാത്രം ഉപാധികളോ പരിമിതിയോ കൂടാതെ എനിക്കുവേണ്ടി നിയമങ്ങള്‍ ഉണ്ടാക്കാന്‍ അവകാശമുണ്ടോ ? മിശ്രഭോജനവും മിശ്രവിവാഹവും നടത്താത്ത രണ്ട് സമുദായങ്ങള്‍ ചേര്‍ന്നാല്‍ ഒരു രാഷ്ട്രമാകാന്‍ കഴിയുമോ ? ഭൂരിപക്ഷസാന്നിധ്യത്തില്‍ സദാ മുന്‍വിധികളുടെ ഇരകളായ ന്യൂനപക്ഷത്തിന്, ഭൂരിപക്ഷ നേതാക്കളുടെ വ്യാജ ഉറപ്പുകളെ മാത്രം ആധാരമാക്കി തങ്ങളുടെ എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിന് മുമ്പില്‍ അടിയറ വെക്കാന്‍ കഴിയുമോ? ഈ വലിയൊരു ഉപഭൂഖണ്ഡത്തില്‍ ന്യൂനപക്ഷത്തിന് വീറ്റോ അധികാരം പോലുമില്ലാത്ത വിധം നാലില്‍ മൂന്ന് ഭൂരിപക്ഷമുള്ള ഒരു സമുദായത്തിന് മേല്‍ക്കയ്യുള്ള ശക്തമായ കേന്ദ്രത്തെ അനുവദിച്ചുകൊടുക്കാമോ? നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ട് എന്നതുകൊണ്ടുമാത്രം ഭൂരിപക്ഷത്തിന് ഏകപക്ഷീയമായി ഭരണഘടനയെ ഭേദഗതി വരുത്താന്‍ അനുവദിക്കാമോ? വടക്കുപടിഞ്ഞാറന്‍, കിഴക്കന്‍ പ്രവിശ്യകള്‍ വിട്ട് പോയതുപോലെ, അനീതിയും പക്ഷഭേദവും ഭയന്ന് വേറെ ചില പ്രവിശ്യകള്‍ക്ക് കൂടി അങ്ങനെ തീരുമാനിക്കാന്‍ കഴിയുമോ? ഈ ചോദ്യങ്ങളൊക്കെ ഉയര്‍ന്നുവന്നപ്പോള്‍ ഏറ്റവും ഉദാരവാദികളായ വ്യക്തികള്‍ പോലും കടുത്ത ദേശീയവാദികളായി മാറുകയും ഇന്ത്യയുടെ അഖണ്ഡതയെക്കുറിച്ചും ജനകോടികളുടെ സാഹോദര്യത്തെക്കുറിച്ചും സംസാരിച്ചു തുടങ്ങുകയുമാണ് ചെയ്തത്. എന്നിരുന്നാലും, ഈ ചോദ്യങ്ങള്‍ ഒരു വലിയ സംവാദത്തിന്റെ തുടക്കം മാത്രമാണ്. ഇന്ത്യന്‍ മുസ്ലിങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളില്‍ വീണ്ടും വീണ്ടും അനിവാര്യമായി സംഭവിക്കേണ്ടുന്ന, ഉയര്‍ന്നുവന്ന വിപുലമായ സംവാദത്തിന്റെ പ്രാരംഭബിന്ദുക്കളായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്.

ജിന്നയും മുസ്‌ലിം ലീഗും

ജിന്നയിലേക്ക് തിരിച്ചുവരാം; മുസ്‌ലിം ലീഗിന്റെ ചുമതല ഏറ്റെടുത്ത ശേഷം ജിന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിച്ചു. എഴുപത് ശതമാനത്തോളം ഹൈന്ദവ വോട്ടുകള്‍ 1937 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംഭരിച്ചു. പക്ഷെ മുസ്‌ലിം വോട്ടുകള്‍ യൂണിയണിസ്റ്റ് പാര്‍ട്ടി, മുസ്‌ലിം ഇന്‍ഡിപെന്റന്റ് പാര്‍ട്ടി, കൃഷക് പ്രജാ പാര്‍ട്ടി തുടങ്ങി പല പ്രാദേശിക പാര്‍ട്ടികളിലായി ചിതറി. എന്നിരുന്നാലും പത്ത് ശതമാനം മുസ്‌ലിം വോട്ടുകള്‍ ലഭിച്ച മുസ്‌ലിം ലീഗിന് മാത്രമാണ് അഖിലേന്ത്യ തലത്തില്‍ വോട്ടുകള്‍ സമാഹരിക്കാനായത്. ഈ ഘട്ടത്തില്‍ ഒരുപാട് കോണ്‍ഗ്രസ്, ജംഇയ്യത്ത് മുസ്‌ലിംകള്‍ മുസ്‌ലിം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് എഴുതിയെങ്കിലും അതിനുള്ള എല്ലാ സാധ്യതകളും കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. മുസ്‌ലിം ന്യൂനപക്ഷ പ്രദേശങ്ങളായ ബീഹാര്‍, യുപി തുടങ്ങിയ പ്രവിശ്യകളിലെ രണ്ടുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് മുസ്‌ലിം വിരുദ്ധ അക്രമങ്ങളില്‍ വര്‍ധനവുണ്ടായി. മുസ്‌ലിം സമുദായത്തിനിടയില്‍ മുസ്‌ലിം ലീഗിന് പിന്തുണ വര്‍ധിച്ചു. മുസ്‌ലിം ലീഗിനെ സംബന്ധിച്ച് മറ്റ് മുസ്‌ലിം പാര്‍ട്ടികളെ കൂടി എതിര്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നത് ഇവിടെ പ്രസ്താവ്യമാണ്.കാരണം, കോണ്‍ഗ്രസിന് അപൂര്‍വ്വമായേ മുസ്‌ലിം വോട്ടുകള്‍ ലഭിച്ചിരുന്നുള്ളൂ. ഈ കാലയളവില്‍ ജാര്‍ഖണ്ഡ് പോലുള്ള സ്ഥലങ്ങളിലെ ഗോത്രവര്‍ഗപാര്‍ട്ടികളുമായും ബി.ആര്‍.അംബേദ്ക്കറെ പോലുള്ള പട്ടികജാതി പ്രതിനിധികളുമായും ജിന്ന സഖ്യത്തിലേര്‍പ്പെട്ടു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോകാന്‍ തയ്യാറെടുക്കുന്ന 1946 കാലത്ത് മുസ്‌ലിം ഇലക്ടറേറ്റ് ജിന്നക്ക് പിന്നില്‍ അണിനിരക്കുകയും ഇന്ത്യയിലാകെയുള്ള മുസ്‌ലിം വോട്ടര്‍മ്മാരില്‍ എണ്‍പത് ശതമാനത്തിനടുത്തുള്ളവരുടെ പിന്തുണ മുസ്‌ലിം ലീഗിന് ലഭിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭയന്നിരുന്ന ഒരു സാധ്യതയായിരുന്നു അത്. മുസ്‌ലിം വോട്ടുകളൊന്നും കിട്ടിയില്ലെങ്കിലും മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. ഇതൊക്കെ കാരണം, എല്ലാ മുസ്‌ലിം രാഷ്ട്രീയകക്ഷികളുടെയും ഒരേയൊരു നേതാവായിക്കഴിഞ്ഞിരുന്ന ജിന്ന അവസാന ചര്‍ച്ചയില്‍ ദശകങ്ങളായി മേശപ്പുറത്തുണ്ടായിരുന്ന ആവശ്യങ്ങള്‍ ആവര്‍ത്തിച്ചു. ഈ ആവശ്യങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സിന് സ്വീകാര്യമായിരുന്നില്ല. കാബിനറ്റ് മിഷന്‍ പദ്ധതിയെ അംഗീകരിച്ച കോണ്‍ഗ്രസ് തന്നെ അതിനെ തള്ളിക്കളഞ്ഞു. ഈ വസ്തുത മൌലാനാ അബുല്‍കലാം ആസാദ് തന്റെ ‘ഇന്ത്യ വിന്‍സ് ഫ്രീഡം’ എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഈയൊരു പാശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ആഭ്യന്തരയുദ്ധം അല്ലെങ്കില്‍ വിഭജനം എന്നിവയല്ലാത്ത ഒരു ചോയ്‌സ് മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു എന്നു വാദിക്കാന്‍ കഴിയില്ല.

വിഭജനത്തിനു ശേഷമുള്ള ജിന്ന

വിഭജനത്തിനു ശേഷമുള്ള ജിന്നയെക്കുറിച്ചുള്ള ചര്‍ച്ചകളിലെ സ്ഥിരം അലങ്കാരങ്ങള്‍ അദ്ദേഹത്തിന്റെ മതമില്ലായ്മ, വര്‍ഗീയത, എങ്ങനെയാണ് ഭിന്നിപ്പിച്ച് ഭരിപ്പിക്കല്‍ തന്ത്രത്തിന് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് ഉപകാരപ്പെട്ടത്, ഇന്ത്യന്‍ മുസ്‌ലിംകളെ എങ്ങനെയാണ് അദ്ദേഹം വീണ്ടും അബലമാക്കി ദ്രോഹിച്ചത് എന്നീ കാര്യങ്ങളില്‍ കറങ്ങി. മാനസികാവസ്ഥകളെ അളക്കുന്നതിനുള്ള കോലുകളില്ലാത്തതിനാല്‍ മതമില്ലായ്മ എന്ന ആരോപണം നിലനില്‍ക്കില്ല. നിയമനിര്‍മാണസഭകളിലെ ദീര്‍ഘകാലസേവനത്തിനിടയില്‍ അദ്ദേഹം മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങള്‍, നടത്തിയ പ്രസംഗങ്ങള്‍ എന്നിവ മാത്രം ഇസ്‌ലാമിക നിയമത്തെയും, ഇസ്‌ലാം ഉരുവം കൊള്ളിക്കുന്ന സാമൂഹികക്രമത്തെയും, മുസ്‌ലിം ദേശങ്ങളുടെ ഭൌമരാഷ്ട്രീയത്തെക്കുറിച്ചും ജിന്നയ്ക്കുള്ള ധാരണ മനസിലാക്കാന്‍ മതിയാവും. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വഴിദൂരത്തിന്റെ കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത് അദ്ദേഹത്തിന് ലഭിച്ച കൊളോണിയല്‍ വിദ്യാഭ്യാസമണ്. പക്ഷെ, ഉന്നതങ്ങളിലുള്ള മിക്കവാറും രാഷ്ട്രീയക്കാര്‍ വിദേശത്താണ് പഠിച്ചിരുന്നത് എന്നുള്ളത് ഈ വാദത്തിന്റെ മുനയൊടിക്കുന്നു.
ജിന്നയുടെ കമ്മ്യൂണലിസം മുകളില്‍ ചര്‍ച്ച ചെയ്ത പോലെ നിര്‍മാണാത്മകമായിരുന്നു എന്നു നാം മനസ്സിലാക്കണം. കമ്മ്യൂണലിസത്തിന്റെ സമകാലികാര്‍ഥം കൊണ്ടല്ല അതിനെ വിലയിരുത്തേണ്ടത്. ‘ഭൂഖണ്ഡം’, ‘ഉപഭൂഖണ്ഡം’ എന്നീ പദങ്ങളാണ് ജിന്ന പതിവായി ഉപയോഗിച്ചിരുന്നത് എന്നതില്‍ നിന്നുതന്നെ ഇന്ത്യയെ ഒരു ദേശമായി അദ്ദേഹം പരിഗണിച്ചില്ല എന്ന് വ്യക്തമാണ്. സമുദായങ്ങളുടെ മഹാസമുദ്രത്തില്‍ ഒരു സമുദായത്തെ പ്രതിനിധീകരിച്ച ജിന്ന, ആ പ്രക്രിയക്കിടയില്‍ അംഗസംഖ്യ കുറഞ്ഞ സകലസമുദായങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു ചെയ്തത്.
മറ്റുപലതിന്റെയും കൂട്ടത്തില്‍, പ്രത്യേക നിയോജകമണ്ഡലങ്ങളെക്കുറിച്ചും ഒരുപാട് ആരോപണങ്ങളും ചോദ്യങ്ങളും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. സെപ്പറേറ്റ് ഇലക്റ്ററേറ്റുകള്‍ എന്ന ഇവയെക്കുറിച്ച് മുകളിലും ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എടുത്തു കളഞ്ഞതിന് ശേഷം മുഅ്മിന്‍ കോണ്‍ഫറന്‍സിന്ന് പോലും നിലനില്‍ക്കാനായില്ല എന്നുള്ള കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. സുരക്ഷാ ഉറപ്പുകള്‍ -സേഫ്ഗാര്‍ഡുകള്‍പോയശേഷം മുസ്‌ലിം പിന്നാക്കസംഘടനകളൊക്കെയും തന്നെ തകര്‍ന്നു. മറുവശത്ത്, പ്രഥമ കിഴക്കന്‍ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ പ്രത്യേക ഇലക്റ്ററേറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ മുപ്പതിലേറെ സീറ്റുകള്‍ പാകിസ്ഥാന്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കുന്നതില്‍ അതിയായ താല്‍പര്യമുള്ളവരായിരുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണെങ്കില്‍ കൂടി, പ്രത്യേക നിയോജകമണ്ഡലങ്ങളെയും പരമാധികാരത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്
ഒരടിസ്ഥാനവുമില്ല എന്നും ഇതൊക്കെ തന്നെയും അധികാരത്തിനായുള്ള വരേണ്യരുടെ തിരിപ്പുകളായിരുന്നുവെന്നും അതിനര്‍ഥമില്ല.

ഇന്ത്യന്‍ മുസ്‌ലിംകള്‍

ഏറ്റവും അവസാനമായുള്ളത് വിഭജനം കൊണ്ട് അബലമായിപ്പോയ ഇന്ത്യന്‍ മുസ്‌ലിംകളുടെ പരാതികളാണ്. വിഭജനം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വളരെ ദോഷകരമായിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ അതിന്റെ പാപം ജിന്നയുടെയും മുസ്‌ലിം ലീഗിന്റെയും മേല്‍ കെട്ടിവെക്കുന്നത് കൃത്യമായ ഒരു ചരിത്ര വായനയല്ല. അധികാരം കുത്തകയാക്കാനുള്ള സകലസംവിധാനങ്ങളും അവരുടെ കയ്യിലുള്ളപ്പോള്‍ നമ്മള്‍ പതിനഞ്ചോ ഇരുപത്തിയഞ്ചോ ശതമാനം ഉണ്ടോ എന്നുള്ളതല്ല ചോദ്യമെന്നും മതിയായ രക്ഷാകവചങ്ങളുണ്ടോ എന്നുള്ളതാണെന്നും ജിന്ന വാദിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ ഹിന്ദുക്കള്‍ക്ക് മേല്‍ക്കയ്യുള്ള കേന്ദ്രീകൃത ഇന്ത്യയില്‍ തുടരുന്നതിനു പകരം വിട്ടുപോവാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്നെ വിഭജനത്തിന് അവര്‍ മാത്രമല്ല ഉത്തരവാദിയെന്നും കോണ്‍ഗ്രസ് കൂടി ചേര്‍ന്നു സൃഷ്ടിച്ച അരക്ഷിതത്വമാണ് അവരെ അതിലേക്ക് നയിച്ചത് എന്നും മനസ്സിലാക്കാന്‍ കഴിയും.
രണ്ടാമത്, വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിച്ച ദുരിതങ്ങള്‍ ജിന്നയുടെ പ്രവര്‍ത്തനഫലമായിരുന്നില്ല. ഇന്ത്യയില്‍ മുസ്‌ലിംകളെ കൊന്നുതള്ളിയത് വലതുപക്ഷ ഹിന്ദു തീവ്രവാദികളും, തുടക്കം തൊട്ടേ സമസ്തമേഖലകളിലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം നിഷേധിച്ച മര്‍ദകഭരണകൂടവുമാണ്. ജിന്നയുടെ പാകിസ്താനില്‍ ഹിന്ദുക്കള്‍ക്കായുണ്ടായിരുന്ന പ്രത്യേക ഇലക്റ്ററേറ്റ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെട്ടു. ജിന്നയല്ല നമ്മെ ദ്രോഹിച്ചത്, മറിച്ച് കോണ്‍ഗ്രസ്സും അവരുടെ പിന്‍ഗാമികളായ ബിജെപിയുമായിരുന്നു മര്‍ദകര്‍.
ദുരവസ്ഥയ്ക്കും പരാധീനതകള്‍ക്കും ജിന്നയായിരുന്നില്ല, കോണ്‍ഗ്രസും അവരുടെ പിന്‍ഗാമികളായ മര്‍ദിത ഭരണകൂടങ്ങളുമായിരുന്നു യഥാര്‍ത്ഥ കാരണക്കാര്‍.
ഇന്നും പ്രസക്തമായ നിരവധി ചോദ്യങ്ങളാണ് ജിന്ന ഉയര്‍ത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മതന്യൂനപക്ഷമെന്ന നിലയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍, ഭൂരിപക്ഷ ജനാധിപത്യത്തിന്റെ പ്രധാന ഇരകളാണ്. വലയം ചെയ്യപ്പെട്ട ഈ കോടിക്കണക്കിന് മുസ്‌ലിംകളുടെ രാഷ്ട്രീയപ്പോരാട്ടമാണ് വരും നൂറ്റാണ്ടുകളില്‍ ബഹുസ്വരജനാധിപത്യത്തിന്റെ അര്‍ഥം നിര്‍വചിക്കുക.
അലിഗഢിലെ ജിന്നയുടെ ആ ഛായാപടം അവിടെത്തന്നെ നില്‍ക്കണം. അതിന്റെ ആയിരക്കണക്കിന് പകര്‍പ്പുകളുടെ ആവശ്യം ഇനിയും വേണ്ടേ എന്നുള്ളത് മാത്രമാണ് ചോദ്യം.
(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മോഡേണ്‍ ഹിസ്റ്ററിയില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്ന ശര്‍ജീല്‍ ഇമാം, വിഭജനം-മുസ്‌ലിം രാഷ്ട്രീയം എന്നീ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വേലംശൃല.ശി (ദ് വയര്‍ ഡോട്ട് ഇന്‍ ) വെബ്‌സൈറ്റില്‍ വന്നതാണ് ഇതിന്റെ അസ്സല്‍. )

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.