Article
സ്‌കോളര്‍ഷിപ്പിലും വിവേചനം
വി പി സെതലവി
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ലക്ഷ്യംവെച്ചുഈയിടെയായി കുപ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്നാണ് വിദ്യാഭ്യാസരംഗത്ത് മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളുടെയും മറ്റും രൂപത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നുണ്ട് എന്നത്. 2011 ല്‍ രൂപീകൃതമായ ന്യൂനപക്ഷക്ഷേമ വകുപ്പ് 2001 മുതല്‍ മുസ്ലിംകള്‍ കൈകാര്യം ചെയ്യുന്നു എന്ന കള്ളപ്രചാരണവും മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നു നികുതിപ്പണം ഉപയോഗിച്ച് ശമ്പളം നല്‍കുന്നു എന്ന കളവും കേരളത്തിലെ സാമുദായിക സൗഹൃദ അന്തരീക്ഷത്തില്‍ പടര്‍ന്നുപിടിച്ചിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടാതെ ഗുരുതരമായ മൗനം പാലിച്ചു.
എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം ദുഷ്പ്രചാരണങ്ങളോ അല്ലെങ്കില്‍ വസ്തുതകളെ മറച്ചുവെച്ചുള്ള ആരോപണങ്ങളോ മാത്രമാണെന്ന് ഔദ്യോഗിക വിവരങ്ങളും കണക്കുകളും ബോധ്യപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷക്ഷേമ വകുപ്പ് ആരോപണവിധേയമായതോടെ 80:20 അനുപാത വിഷയത്തിലെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു ഹൈക്കോടതി ഈ ആനുകൂല്യങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. മദ്രസ അധ്യാപക ക്ഷേമനിധിയും കോടതിയുടെ പരിഗണനയിലാണ്. സര്‍ക്കാരിനോട് കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. സൗഹാര്‍ദ്ദത്തിനു കേളികേട്ട കേരളത്തിലെ മണ്ണില്‍ ദുഷ്പ്രചാരണം നടന്നാല്‍ വര്‍ഗീയ ചെരിവിലൂടെ വോട്ട് ലാഭിക്കാം എന്ന അജണ്ടയോടെ കണക്കുകള്‍ പുറത്തുവിടാതെ മൗനം പാലിച്ച നയം തന്നെയാണ് മദ്രസാധ്യാപക ക്ഷേമനിധി വിഷയത്തിലും സര്‍ക്കാര്‍ തുടരുന്നത്.
സ്വാതന്ത്ര്യത്തിന്ശേഷം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം നേരിടുന്ന സാമൂഹികസാമ്പത്തിക രാഷ്ട്രീയ പിന്നാക്കാവസ്ഥയുടെ വെളിച്ചത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സച്ചാര്‍ കമ്മീഷന്‍ പഠന സംഘങ്ങളെ നിയോഗിക്കുന്നത്. ഇതേതുടര്‍ന്ന് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതികള്‍ പോലെയുള്ള കര്‍മ പരിപാടികളിലൂടെയും രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇപ്പോള്‍ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട പല സ്‌കോളര്‍ഷിപ്പുകളും ഇത്തരത്തില്‍ കേന്ദ്രം നേരിട്ട് നടപ്പിലാക്കുകയും സംസ്ഥാനം ഇതിന്റെ വിതരണദൗത്യം നിര്‍വഹിക്കുന്നതുമായ സ്‌കോളര്‍ഷിപ്പുകളാണ് എന്നതാണ് യാഥാര്‍ഥ്യം.
ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍സെക്കണ്ടറി തലത്തിലും ന്യൂനപക്ഷ ക്ഷേമവകുപ്പിന് പൊതു സ്‌കോളര്‍ഷിപ്പുകള്‍ ഇല്ല. എന്നാല്‍ മുഴുവന്‍ എപ്ലസ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക്മാത്രം മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലത്തില്‍ മുന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 2000, 4000 എന്നിങ്ങനെ ‘സമുന്നതി’ സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുമ്പോള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പൊതു സ്‌കോളര്‍ഷിപ്പുകളൊന്നും നിലവിലില്ല. ഇതിന് പകരം, ഫുള്‍ എപ്ലസ് നേടുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്മാത്രം (പൊതു അല്ല) ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് നിലവിലുള്ളത്. പ്രൊഫഷണല്‍ നോണ്‍ പ്രൊഫഷണല്‍ ഡിഗ്രി, പി.ജി തുടങ്ങിയ തലങ്ങളിലെല്ലാം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് മുന്നാക്കക്കാര്‍ക്ക് ലഭിക്കുന്നത്.
എന്‍.ഐ.ടി പോലെയുള്ള ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന മുന്നാക്കക്കാര്‍ക്ക് 50,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നിലവിലുള്ളപ്പോള്‍ പിന്നാക്കക്കാരായ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം പദ്ധതികളൊന്നും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. എം.ഫില്‍, പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പുകളുടെ അവസ്ഥയും ഇതുതന്നെയാണ്. 25,000 രൂപ വെച്ച് എം.ഫിലോ പി.എച്ച്.ഡിയോ ചെയ്യുന്ന മുന്നാക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇതിന് തതുല്യമായ യാതൊരു സ്‌കോളര്‍ഷിപ്പും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടില്ല. എന്നാല്‍, ഇത്തരത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെയും അല്ലെങ്കില്‍ ആശ്ചര്യം ജനിപ്പിക്കുന്ന കണക്കുകളെയും മറച്ചുവെച്ചുള്ള വിദ്വേഷ വര്‍ഗീയ പ്രചാരണങ്ങളുടെ പല വാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് വസ്തുതാവിശകലനങ്ങളിലൂടെ ബോധ്യപ്പെടും.
ഹിന്ദു സമുദായത്തില്‍നിന്ന് നായര്‍, നമ്പൂതിരി തുടങ്ങിയ വിഭാഗങ്ങളും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ലത്തീന്‍ പരിവര്‍ത്തിത വിഭാഗങ്ങളും ഒഴിച്ച് ബാക്കി മുഴുവന്‍ ക്രിസ്ത്യാനികളും മുന്നാക്ക വിഭാഗത്തില്‍പെടുന്നവരാണ്. അതുകൊണ്ടുതന്നെ മുന്നാക്ക വികസന കോര്‍പറേഷന്റെ സമുന്നതി സ്‌കോളര്‍ഷിപ്പിന് ക്രിസ്ത്യന്‍ വിഭാഗം അര്‍ഹരാണ്. ഒരേസമയം മുന്നാക്ക വികസന കോര്‍പറേഷന്റേയും ന്യൂനപക്ഷ വകുപ്പിന്റെയും ആനുകൂല്യങ്ങള്‍ ക്രൈസ്തവര്‍ക്ക്മാത്രം ലഭിക്കുന്നു. മുന്നാക്ക വികസന കോര്‍പറേഷന്‍ ഔദ്യോഗിക വെബ്സൈറ്റായ ംംം.സംെരളര.ീൃഴയില്‍ രേഖപ്പെടുത്തിയ കണക്കുകളനുസരിച്ച് 2017-18 വര്‍ഷത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 2000 രൂപ വെച്ച് 20829 ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ മുന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 3000 രൂപ വെച്ച് (ഇപ്പോള്‍ 4000 രൂപയാക്കി ഉയര്‍ത്തി)15015 പേര്‍ക്ക് നല്‍കിയപ്പോള്‍ നോണ്‍ പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപവെച്ച് 4989 പേര്‍ക്ക് നല്‍കി. പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 7000 രൂപ വെച്ച് 2657 പേര്‍ക്ക് നല്‍കി. എന്‍.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായി യഥാക്രമം 50000, 10000, 6000 രൂപ വീതം നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തിന് പുറത്തുള്ള ആര്‍ക്കും ഈ ഫണ്ടില്‍നിന്നും ഒരു പൈസ പോലും ലഭിക്കില്ല.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്കുകള്‍ കൂടുതല്‍ ബോധ്യമാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ ഉര്‍ദു സ്‌കോളര്‍ഷിപ്പ് ഒഴിച്ച് പ്രധാനമായും ഏഴ് സ്‌കോളര്‍ഷിപ്പുകളാണുള്ളത്. ഇതില്‍ സി.എച്ച് മുഹമ്മദ്കോയ സ്‌കോളര്‍ഷിപ്പ് ഒഴികെ ബാക്കി ആറിലും മുഴുവന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്കും അര്‍ഹതയുണ്ട്. അതായത് മുന്നാക്ക വിഭാഗത്തിലെ സമുന്നതി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ് എന്നര്‍ത്ഥം. സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് മുസ്ലിം ലാറ്റിന്‍ മറ്റു പരിവര്‍ത്തിത ക്രിസ്ത്യന്‍സ് വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന്പുറമേ, രണ്ടു വര്‍ഷത്തേക്ക് 20000 രൂപയും ഒരു വര്‍ഷത്തേക്ക് 10000 രൂപയും നല്‍കുന്ന ഐ.ടി.സി റീ ഇമ്പേഴ്സ്മെന്റ് സ്‌കോളര്‍ഷിപ്പ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വീസ് പരീക്ഷക്ക് ട്യൂഷന്‍ ഫീസായി നല്‍കുന്ന 20,000 രൂപയുടേയും ഹോസ്റ്റല്‍ ഫീസായി നല്‍കുന്ന 10,000 രൂപയുടേയും സ്‌കോളര്‍ഷിപ്പ്, 80 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ ന്യൂനപക്ഷ വിഭാഗത്തിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും 75 ശതമാനം മാര്‍ക്ക് വാങ്ങിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും 15,000 രൂപ വീതം നല്‍കുന്ന ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, നഴ്സിങ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 15000 രൂപ പ്രതിവര്‍ഷം നല്‍കുന്ന മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുന്ന എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് എന്നിവയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള മറ്റു സ്‌കോളര്‍ഷിപ്പുകള്‍. ഇവയെല്ലാം ക്രൈസ്തവര്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
സച്ചാര്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലായ വകുപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്ന് പേര് നല്‍കിയപ്പോള്‍ മുസ്ലിംകള്‍ വിവാദങ്ങളുണ്ടാക്കിയില്ല. പാലോളി കമ്മിറ്റിയുടെ പ്രഥമ സിറ്റിങില്‍ സമിതി അംഗമായ കെ.ഇ ഇസ്മയിലിന്റെ ചോദ്യം പ്രസക്തമായിരുന്നു. പൊതുവായ ന്യൂനപക്ഷ പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണോ അതോ മുസ്ലിം വിഭാഗത്തിന്റെമാത്രം പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണോ കമ്മിറ്റിയുടെ രൂപീകരണം എന്നതായിരുന്നു ചോദ്യം. മുസ്ലിം പ്രശ്നങ്ങള്‍മാത്രം പഠിക്കുന്നതിന് എന്ന് സമിതി ചെയര്‍മാനായ പാലോളിയുടെ ഉത്തരത്തില്‍ നിന്നുള്ള ടേംസ് ഓഫ് റഫറന്‍സ് മനസ്സിലാക്കിയത്കൊണ്ടാണ് സമിതി അംഗമായ വില്‍സണ്‍ പോലും തന്റെ സമുദായത്തിന്റെ കാര്യം കമ്മിറ്റിയില്‍ ഉന്നയിക്കാത്തിരുന്നത്. പൂര്‍ണ്ണമായും മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ മറ്റു വിഭാഗങ്ങള്‍ക്ക്കൂടി നല്‍കാന്‍ തീരുമാനിച്ചതും കോച്ചിങ്സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്ന പേര് മാറ്റി കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കിയതും പോലെ സ്‌കോളര്‍ഷിപ്പുകളില്‍ രണ്ടെണ്ണത്തിന് ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് എന്നും മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് എന്നും പേരു നല്‍കിയത് വലിയ ദുഷ്പ്രചാരണത്തിന് ഇടയാക്കി.
ഈ സ്‌കോളര്‍ഷിപ്പുകള്‍പോലും 20 ശതമാനം മാത്രം മറ്റുള്ളവര്‍ക്ക് നല്‍കി 80 ശതമാനം ‘മുസ്ലിംകള്‍ അനധികൃതമായി അടിച്ചെടുക്കുന്നു’ എന്ന ദുഷ്പ്രചാരണമാണ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിച്ചത്. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെങ്കിലും അവരില്‍ ആറ് ശതമാനം മാത്രമാണ് പിന്നാക്കക്കാരുള്ളത്. അതുകൊണ്ട്തന്നെ മുന്നാക്ക വിഭാഗത്തിന്റെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും പിന്നാക്ക പരിവര്‍ത്തിത വിഭാഗത്തിന്റെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒരേയൊരു വിഭാഗമാണ് ക്രിസ്ത്യന്‍ സമുദായം. എന്നാല്‍ മുസ്ലിം വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍നിന്ന് മാത്രമാണ്. 100 ശതമാനം അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ മറ്റു വിഭാഗങ്ങളുമായി പങ്കുവെച്ചിട്ടും എല്ലാം അനധികൃതമായി നേടിയെടുക്കുന്നു എന്ന പ്രചാരണം നടത്തി കോടതിയുടെ ഇടപെടലിലൂടെ ആ ആനുകൂല്യങ്ങളും ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നു. മുന്നാക്ക വികസന കോര്‍പറേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് പേരിനു മാത്രമുള്ള വകുപ്പാണെന്ന് മനസ്സിലാകും. കേരളത്തില്‍ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെയര്‍മാന് ക്യാബിനറ്റ് പദവിയില്ല. വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍പോലും ന്യൂനപക്ഷക്ഷേമ വകുപ്പ് ചെയര്‍മാന് ക്യാബിനറ്റ് പദവിയുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിനും ഹജ്ജ് കമ്മിറ്റിക്കും വകുപ്പ് സെക്രട്ടറി പോലുമില്ലാതെ റവന്യൂ വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ സംവിധാനങ്ങളോ സൗകര്യങ്ങളോ വഖഫ് ബോര്‍ഡിനും ഹജ്ജ് കമ്മിറ്റിക്കും ഇല്ലെങ്കില്‍പോലും മുസ്ലിംകള്‍ അനധികൃതമായി എല്ലാം കയ്യടക്കുന്നു എന്നതാണ് പ്രചാരണം.
Article
അമരത്ത് അലങ്കാരമായിരുന്നു-പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
ആത്മീയ കേരളത്തിന്റെ അനിഷേധ്യ അമരക്കാരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞു. അറിവും ആത്മീയ ഉല്‍ക്കര്‍ഷവും കൊണ്ട് സമുദായ നേതൃനിരയില്‍ ജ്വലിച്ചുനിന്ന നക്ഷത്രമാണ് കണ്ണടച്ചത്. ആറു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ ദീനീ രംഗത്തും നമ്മുടെ മഹത്തായ സ്ഥാപനങ്ങളുടെ നേതൃനിരയിലും സാമൂഹിക രാഷ്ട്രീയ രംഗത്തും എല്ലാവരും ആദരിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായും നേതൃത്വമായും ശോഭിക്കാന്‍ അല്ലാഹു പ്രത്യേകം തൗഫീഖ് നല്‍കിയ സയ്യിദാണ് നമ്മളോട് വിട പറഞ്ഞിരിക്കുന്നത്. വന്ദ്യരായ തങ്ങളുടെ വേര്‍പാട് ഉമ്മത്തിന് തീരാനഷ്ടമാണ്. അത്രമേല്‍ മഹത്വമേറിയ സേവനങ്ങളാണ് മഹാനായ തങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യക്തിപരമായി നീണ്ട പതിറ്റാണ്ടുകളുടെ ബന്ധം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി എനിക്കുണ്ട്. നിരവധി സ്ഥാപനങ്ങളിലും സംഘടനാ നേതൃത്വങ്ങളിലും തങ്ങളോട് കൂടെ സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ സ്ഥാപിത കാലം മുതല്‍ക്കുതന്നെ പാണക്കാട് കുടുംബം ഈ സ്ഥാപനവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മഹാനായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഈ സ്ഥാപനത്തിന്റെ എല്ലാമെല്ലാം ആയിരുന്നു. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളും ജാമിഅയെ അളവറ്റ് സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു. ജാമിഅ സ്ഥാപിച്ച കാലഘട്ടത്തില്‍ തന്നെയാണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്.
ഉമറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ നിന്ന് ബിരുദമെടുത്ത പുറത്തിറങ്ങി അധികം താമസിയാതെതന്നെ പ്രിയപ്പെട്ട ഹൈദരലി ശിഹാബ് തങ്ങളും ജാമിഅയിലെ ഒരു വിദ്യാര്‍ഥിയായി പ്രവേശനം നേടിയിരുന്നു. ജാമിഅയുടെ ആ സുവര്‍ണ കാലഘട്ടത്തില്‍ ശൈഖുന ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും മറ്റു പ്രഗല്‍ഭരായ നമ്മുടെ ഉലമാക്കളുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ ബഹുമാനപ്പെട്ട തങ്ങള്‍ക്ക് സൗഭാഗ്യം ലഭിച്ചുവെന്നുമാത്രമല്ല വിദ്യാര്‍ഥിയായിരിക്കെ തന്നെ മഹാന്മാരായ ഉസ്താദുമാരുടെ ആദരവ് നേടാനും തങ്ങള്‍ക്ക് തൗഫീഖുണ്ടായി. ശംസുല്‍ ഉലമ (ന: മ ) പല വേദികളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിരുന്നു. ഒരു പതിറ്റാണ്ടിലധികമായി ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രസിഡന്റ് പദവിയിലിരുന്ന് ജാമിഅക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ കരങ്ങളില്‍ നിന്ന് നൂറുകണക്കിന് ഫൈസിമാരാണ് സനദ് സ്വീകരിച്ച് പ്രബോധന വീഥിയില്‍ സഞ്ചരിക്കുന്നത്. അതുപോലെ സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റായി തങ്ങള്‍ സേവനം ചെയ്തു കൊണ്ടിരിക്കെ തങ്ങളോടൊപ്പം ജനറല്‍ സെക്രട്ടറിയായി ധാരാളം വര്‍ഷം സേവനം ചെയ്യാനുള്ള സൗഭാഗ്യവുമുണ്ടായി. സ്ഥാപനങ്ങളുടെയും സംഘടനയുടെയും അധ്യക്ഷ പദവികള്‍ കേവലമായി അലങ്കരിക്കുക എന്നതായിരുന്നില്ല തങ്ങളുടെ രീതി, ഓരോ കാര്യങ്ങളിലും സൂക്ഷ്മമായി ഇടപെടുകയും യോഗങ്ങളിലും നയപരമായ തീരുമാനങ്ങളിലും കൃത്യമായി നിലപാടെടുക്കുകയും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ സജീവമായി കാര്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന ശൈലിയാണ് തങ്ങള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ യോഗങ്ങളിലും മറ്റും തങ്ങളുടെ തീരുമാനമാണ് അന്തിമമായി പരിഗണിക്കപ്പെടുക. അത് എല്ലാവര്‍ക്കും സ്വീകാര്യമായ നീതിയുക്തമായ തീരുമാനം ആയിരിക്കും.ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തി കൊടുക്കട്ടെ. ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂടാന്‍ അല്ലാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.
Article
ബാപ്പാന്റെ ആറ്റപ്പൂ-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തില്‍ പകച്ചുനിന്നപ്പോള്‍ ആശ്വാസമായിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. ഇപ്പോള്‍ ആ അത്താണിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് ചെറുപ്പം തൊട്ടുള്ള ഓര്‍മ്മകളാണുള്ളത്.
1975 ലാണ് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരിക്കുന്നത്. അതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് സുഖമില്ലാതാവുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. ഹൈദരലി ശിഹാബ് തങ്ങള്‍ അപ്പോള്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയമാണ്. ആ സമയത്ത് പിതാവിനെ ശുശ്രൂഷിക്കുന്നതില്‍ ഹൈദരലി തങ്ങളായിരുന്നു ശ്രദ്ധ പുലര്‍ത്തിയിരുന്നത്. ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളുമൊക്കെ മറ്റ് തിരക്കുകളിലായിരുന്ന സമയത്ത് പിതാവിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു.
കൃത്യസമയത്ത് മരുന്നുകളൊക്കെ എടുത്തുകൊടുക്കുന്നതിലും ഭക്ഷണം കൊടുക്കുന്ന കാര്യങ്ങളുമെല്ലാം ശ്രദ്ധിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ബാപ്പയെ ബോംബെയിലേക്ക് ചികിത്സക്ക് കൊണ്ടുപോയ സന്ദര്‍ഭത്തില്‍ അന്ന് ഹൈദരലി തങ്ങളും ചാക്കീരി അഹമ്മദ് കുട്ടിയും ബാപ്പയുടെ സന്തത സഹചാരി പാണക്കാട് അഹമ്മദാജിയും മറ്റുമായിരുന്നു കൂടെ പോയിരുന്നത്. അന്ന്, ബാപ്പാന്റെ ആഗ്രഹപ്രകാരമാണ് ഹൈദരലി തങ്ങള്‍ കൂടെ പോയിരുന്നത്. ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടില്‍ വിശ്രമിക്കുമ്പോഴും പുറത്തൊന്നും പോകാതെ ഹൈദരലി തങ്ങള്‍ ബാപ്പാന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ബാപ്പാക്കും ഹൈദരലി തങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഞാനും അനിയന്‍ അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് വലിയ ഇടവേളയുണ്ടായിരുന്നു. അപ്പോള്‍ ഹൈദരലി തങ്ങളായിരുന്നു ഇളയ മകന്‍. ആ നിലക്കും ബാപ്പാക്ക് വലിയ സ്‌നേഹമായിരുന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ഹൈദരലി തങ്ങള്‍ക്ക് അങ്ങോട്ടും ബാപ്പാനെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയായിരുന്നു.
ഹൈദരലി തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മദ്രസ പഠനത്തിന്റെ കാര്യത്തിലും ബാപ്പാക്ക് പ്രത്യേക ശ്രദ്ധയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം അറബി കോളജിലാണ് ആദ്യകാലത്തെ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് എം.എം ഹൈസ്‌കൂളിലായിരുന്നു. ഉമറലി തങ്ങളും ശിഹാബ് തങ്ങളുമൊക്കെ എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ബാപ്പാന്റെ സഹോദരിയെ വിവാഹം ചെയ്തയച്ചിരുന്നത് കോഴിക്കോട്ടേക്കായിരുന്നു. കോഴിക്കോട് ഇടിയങ്ങരയിലെ ശൈഖ് പള്ളിയുടെ അടുത്തായിരുന്നു അമ്മായി താമസിച്ചിരുന്നത്. ഹൈദരലി തങ്ങളും ശിഹാബ് തങ്ങളും ഉമറലി തങ്ങളുമെല്ലാം അവിടെ താമസിച്ചാണ് പഠിച്ചത്. നാട്ടില്‍ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത കാലമായിരുന്നു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ബാപ്പ ഇവരെ കോഴിക്കോട്ടേക്കയച്ചത്. കോഴിക്കോടുമായി ഹൃദയ ബന്ധമാണുള്ളത്. ധാരാളം കുടുംബ ബന്ധമുണ്ട് കോഴിക്കോട്ട്. മുന്‍ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അടുത്ത ബന്ധുവാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഹൈദരലി തങ്ങള്‍ പൊന്നാനിയിലെത്തി മഊനത്തില്‍നിന്ന് ബിരുദമെടുത്തു. പീന്നീട് പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്ന് ഫൈസി ബിരുദവും കരസ്ഥമാക്കി. പിതാവിന്റെ മരണശേഷം ശിഹാബ് തങ്ങള്‍ രംഗത്തേക്ക് വന്നു. മലപ്പുറം ജില്ലാ നേതൃ പദവി ഏറ്റെടുത്തുകൊണ്ടാണ് ഹൈദരലി തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അതിനു മുമ്പു തന്നെ യോഗങ്ങളിലും മറ്റും സംബന്ധിക്കാറുണ്ടായിരുന്നു. സമസ്തയുടെ യോഗങ്ങളിലും സജീവമായിരുന്നു.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എസ്.എസ്.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ സജീവ പങ്ക് വഹിച്ചിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫിന് മുമ്പുണ്ടായിരുന്ന സമസ്തയുടെ കീഴ് ഘടകമായിരുന്നു എസ്.എസ്.എഫ്. ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അതിന്റെ പ്രഥമ പ്രസിഡന്റ്. ആ കാലത്ത് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹൈദരലി തങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ കേന്ദ്രമായായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ് എസ്.കെ.എസ്.എസ്.എഫില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. സംഘാടനം, സംഘടനാ പ്രവര്‍ത്തനം
എന്നിവയിലൊക്കെ നല്ല പരിചയ സമ്പത്ത് നേടിയെടുക്കാന്‍ ഇതിലൂടെ സാധിച്ചു. സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എസ്.എസ്.എഫില്‍ നിന്ന് രാജിവെക്കുകയാണുണ്ടായത്. പിന്നീടാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെടുന്നത്. ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗിന്റെ അമരത്തേക്ക് ഹൈദരലി തങ്ങളെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടിലേറെ ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വം അലങ്കരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശിഹാബ് തങ്ങളുടെ മരണം വരെ പദവിയില്‍ തുടര്‍ന്നു. മലപ്പുറം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കെ.പി.എ മജീദായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മലപ്പുറം ജില്ലാ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടം നവീകരിച്ചായിരുന്നു തുടക്കം കുറിച്ചത്.
ശിഹാബ് തങ്ങളുടെ മരണത്തെതുടര്‍ന്ന് സംസ്ഥാന മുസ്്‌ലിംലീഗിന്റെ നേതൃപദവി അദ്ദേഹമെറ്റെടുത്തു. അതോടൊപ്പം നിരവധി മഹല്ലുകളുടെ തലപ്പത്തിരിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിതാവിന്റെ കാലം മുതല്‍ തുടര്‍ന്നുപോരുന്ന ഖാളി സ്ഥാനമാണ് ശിഹാബ് തങ്ങളുടെ മരണ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് മഹല്ലുകളുടെ ഖാളി സ്ഥാനം ഇപ്പോള്‍ അലങ്കരിക്കുന്നുണ്ട്.
ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വമാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിഹാബ് തങ്ങളില്‍നിന്ന് ഹൈദരലി തങ്ങളില്‍ എത്തിയപ്പോള്‍ അതിന് മാറ്റമൊന്നും ഉണ്ടായില്ല. ആത്മീയ നേതാവും രാഷ്ട്രീയ നേതാവും എന്ന നിലയില്‍ തന്നെയാണ് ഹൈദരലി തങ്ങളും അറിയപ്പെട്ടത്. ജനങ്ങളും ആ നിലക്കുതന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. മുസ്്‌ലിംലീഗ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും സമസ്തയിലും സജീവമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായിരുന്നു. മുസ്്‌ലിംലീഗിനെയും സമസ്തയേയും യോജിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സമസ്തയുടെ ബഹുമുഖ പണ്ഡിതന്മാരായ ഇ.കെ അബൂബക്കര്‍ മുസ്്‌ല്യാരെ പോലുള്ളവര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു. കുമരംപുത്തുരിലെ മുഹമ്മദ് മുസ്‌ലിയാരായിരുന്നു പൊന്നാനിലെ പഠന കാലത്തെ പ്രധാന ഗുരുനാഥന്‍. സമസ്തയുടെ വലിയ സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റ് പദവിയും ഹൈദരലി തങ്ങളിലേക്ക് എത്തുകയായിരുന്നു. സമസ്തയുടെ കീഴിലുള്ള അനവധി സ്ഥാപനങ്ങളുടെ പ്രസിഡന്റാണ്.
വിദ്യാഭ്യാസം, സാമൂഹികം, സംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച അദ്ദേഹത്തിന്റെ നിറഞ്ഞ ജീവിതത്തെ കാണാനാവുന്നത്. സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു. കഴിഞ്ഞ റമസാന്‍ മാസത്തിന് ശേഷമാണ് രോഗാതുരനായി മാറിയത്. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കത്തിലെ അനുഭവപ്പെട്ടത്. ജീവന്‍ തരുന്നവന്‍ മരണത്തെയും തരുന്നുണ്ടല്ലൊ. ഹൈദരലി തങ്ങളും ആ വിധിക്ക് കീഴടങ്ങിയിരിക്കുകയാണ്. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.
Article
പ്രവാചകനും പ്രബോധന വിജയത്തിന്റെ രഹസ്യവും
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും
കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു പോലും ഇറങ്ങിയത്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടംകൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.
ടി.എച്ച് ദാരിമി
മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.
ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.
ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.
ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.
ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.
തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ