Connect with us

Video Stories

ജനാധിപത്യത്തെ നിഷ്പ്രഭമാക്കുന്ന പണാധിപത്യം

Published

on


എ. റഹീംകുട്ടി
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യ എന്നാണ് നാം അഭിമാനപുരസ്സരം അവകാശപ്പെട്ട് പോരുന്നത്. ശക്തമായ ജനാധിപത്യ സംവിധാനത്തിന് അടിവേരിടുന്ന ഭരണഘടനയുടെ പിന്‍ബലത്തിലാണ് ഇന്ത്യയില്‍ ജനാധിപത്യം മുന്നോട്ടു പോകുന്നത്. താഴെ തട്ടില്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ മുതല്‍ ദേശീയതലത്തില്‍ കേന്ദ്രഭരണ സിരാകേന്ദ്രമായ പാര്‍ലമെന്റ് വരെ വ്യാപകമായി ജനാധിപത്യ പ്രക്രിയ പരിപാലിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. സഹകരണ മേഖല തൊട്ട് വിവിധ സംഘടനാ സംവിധാനങ്ങളിലും, വിദ്യാര്‍ത്ഥിഭരണസമിതികളില്‍ വരെ ജനാധിപത്യ സംവിധാനം നിലകൊള്ളുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നിരവധി ഘട്ടങ്ങളില്‍ നമ്മുടെ പുകല്‍പറ്റ ജനാധിപത്യം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണപ്രക്രിയയില്‍ മാത്രമല്ല രാഷ്ട്രീയ ജീവിത പ്രവര്‍ത്തന സരണികളിലും ഒരു വ്രതനിഷ്ഠപോലെ ജനാധിപത്യ സംസ്‌കാരം പരിപാലിക്കാന്‍ നമ്മുടെ പ്രഥമപ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നിഷ്ഠപുലര്‍ത്തി പോന്നിട്ടുള്ളതായി നമ്മുക്ക് കാണാന്‍ കഴിയും. മന്ത്രി സഭയ്ക്കുള്ളിലും, പാര്‍ലമെന്റിലും, പൊതുമണ്ഡലങ്ങളിലും എതിര്‍ ശബ്ദങ്ങളേയും അഭിപ്രായങ്ങളേയും സഹിഷ്ണതയോടുകൂടി കാതോര്‍ക്കാനും ഉള്‍ക്കൊള്ളാനും മാനിക്കാനും അദ്ദേഹം കാട്ടിയ മഹനീയത ചരിത്രപരമാണ്. അപ്രകാരം ജനാധിപത്യ സംസ്‌കൃതിയ്ക്ക് മാതൃക സൃഷ്ടിക്കുവാനും അടിത്തറ പാകാനുമുള്ള ദൗത്യം തികഞ്ഞ ജനാധിപത്യവാദിയായി നിലകൊണ്ടു നെഹ്‌റു നിറവേറ്റി പോന്നിട്ടുണ്ട്. പൊതുവെ നല്ലൊരളവ് വരെ ജനാധിപത്യ അന്തഃസത്തയും, മൂല്യങ്ങളും അക്കാലഘട്ടത്തില്‍ സംരക്ഷിക്കപ്പെട്ടതായി വിലയിരുത്താന്‍ കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ നെഹ്‌റു സമ്പൂര്‍ണ്ണ വിജയം നേടിയതായി സത്യസന്ധമായി ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും വിലയിരുത്താനും സാധ്യമല്ല. ജനാധപത്യ പ്രക്രിയ ഉള്‍ക്കൊണ്ട് ബാലറ്റിലൂടെ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1957ല്‍ അധികാരത്തില്‍ വന്നത് കേരളത്തിലാണ്. ലോകത്തുതന്നെ ബാലറ്റിലൂടെ അധികാരത്തിലേറിയ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്ന പ്രത്യേകതയും ഇ.എം.എസ്. ന്റെ നേത്യത്വത്തിലുള്ള പ്രസ്തുത സര്‍ക്കാരിനുണ്ട്. വിമോചനസമരം കൊടുമ്പിരികൊണ്ട സന്ദര്‍ഭത്തില്‍ ഇ.എം.എസ്. സര്‍ക്കാരിനെ ഭരണകാലാവധി പകുതി ഘട്ടം പിന്നിട്ടപ്പോള്‍ നെഹ്‌റു പിരിച്ചുവിട്ടു. സ്വന്തം പാര്‍ട്ടിയുടെയും മത-ജാതിമേധാവിത്വ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ ജനാധിപത്യ ധ്വംസനം നടത്താന്‍ നെഹ്‌റു നിര്‍ബന്ധിതനായത്. ഇതിലൂടെ തന്റെ മഹനീയ ജനാധിപത്യ യശോധാവള്യത്തിലും മഹത്തായ ജീവിത ഏടുകളിലും സ്വയം വരുത്തിയ കറുത്ത പാട് ഒരു തീരാകളങ്കമായി ചരിത്രത്തില്‍ എന്നും അവിശേഷിക്കും. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ പ്രകടമായ ജനാധിപത്യ ധ്വംസനമായി ഈ നടപടി ഒരു പക്ഷേ ആലേഖനം ചെയ്യപ്പെടാവുന്നതാണ്. തുടര്‍ന്ന് ഇന്ദിരാഗാന്ധിയില്‍ എത്തുമ്പോള്‍ ഒട്ടേറെ ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടതായും വന്നു. വിവിധ ഘട്ടങ്ങളില്‍ ഹിതകരമല്ലാത്ത ഒട്ടേറെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ മതിയായ കാരണം കൂടാതെ അവര്‍ പിരിച്ചുവിട്ടു. ഇക്കൂട്ടത്തില്‍ ആന്ധ്രാപ്രദേശിലെ എന്‍.ടി.രാമറാവു സര്‍ക്കാരിനെ പിരിച്ചുവിട്ട തീരുമാനം ശക്തമായ ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നതും ചരിത്ര വസ്തുതയാണ്. ഇതിലൂടെ രാജ്യത്തെ ഭരണഘടനാ ദത്തമായ ഫെഡറലിസത്തെ തകര്‍ക്കുന്ന സമീപനമാണ് ഇന്ദിരാഗാന്ധി സ്വീകരിച്ചതെന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ. ഇന്ദിരാഗാന്ധി 1975-ല്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്ത് ഏകാധിപത്യ ഭരണനുകത്തില്‍ ഇന്ത്യയെ കെട്ടുന്ന സ്ഥിതി സംജാതമാക്കി. രാജ്യം ഒട്ടാകെ ഭരണകൂട ഭീകരതയുടെ കരാളഹസ്തത്തില്‍ അകപ്പെട്ടു. ജനാധിപത്യം അസ്തമിച്ചു! ഇതിനെതിരെ പോരാടിയവരെ ഉരുക്കുമുഷ്ടിക്കൊണ്ട് നേരിട്ടു. ജനാധിപത്യത്തിന്റെ പ്രാണവായുവായ സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ ഇനി ഉയിര്‍കൊള്ളുമോയെന്നു പോലും ഏവരും ആശങ്കപ്പെട്ടു. എന്നാല്‍ അടിയന്തിരാവസ്ഥയുടെ നടുവില്‍ ഒരു രചിതരേഖപോലെ 1977 ല്‍ പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ബന്ധിതമായി. കോണ്‍ഗ്രസ്സ് ഈ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി അധികാരത്തില്‍ നിന്ന് ഭ്രഷ്ഠമാക്കപ്പെട്ടു. അടിയന്തിരാവസ്ഥയുടെ പ്രോക്താവും, ഇന്ത്യയുടെ ഉരുക്കു വനിതയുമായ സാക്ഷാല്‍ ഇന്ദിരാഗാന്ധിപോലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അന്നത്തെ പ്രതിപക്ഷനിരയിലെ നിരവധി പാര്‍ട്ടികള്‍ ഒന്നിച്ച് രൂപമാര്‍ജിച്ച സങ്കര ഉല്പന്നമായ ജനതാപാര്‍ട്ടി മൊറാജി ദേശായുടെ നേതൃത്വത്തില്‍ അധികാരത്തിലേറി. ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ പോരാടി അധികാരത്തില്‍ വന്ന ഈ സര്‍ക്കാരും ജനാധിപത്യവിരുദ്ധ നടപടി സ്വീകരിക്കുന്നതാണ് ഇന്ത്യ പിന്നീട് ദര്‍ശിച്ചത്. ഭരണത്തിലേറിയ ഉടന്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതു സംസ്ഥാന സര്‍ക്കാരുകളെ അവര്‍ ഒറ്റയടിക്ക് പിരിച്ചുവിട്ടു. അവരും ഇന്ദിരാഗാന്ധിയുടെ പാത പിന്‍തുടര്‍ന്നു. ഈ ദുഷ്പ്രവണതകള്‍ക്കെല്ലാം നിദാനമായി തീര്‍ന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ അധീശ്വത്വം കൂടുതല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു. ഇതോടൊപ്പം സമാന്തരമായി രാഷ്ട്രീയ അനുകൂലികളല്ലാത്ത സംസ്ഥാന സര്‍ക്കാരുകളെ അധികാരമോഹികളെ സ്വാധീനിച്ച് അട്ടിമറിക്കുന്ന പ്രക്രിയയും അനുസ്യൂതം തുടര്‍ന്നുപോന്നു. അപ്രകാരം ‘അയാറാം ഗയാറാം’ എന്ന കാലുമാറ്റ കുതിരകച്ചവടം ഇന്ത്യയില്‍ എമ്പാടും അരങ്ങ് തകര്‍ത്തു. ജനാധിപത്യ കശാപ്പായ ഈ പ്രക്രിയയ്ക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ വേണ്ടിയാണ് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വരുത്തിയത്. എന്നാല്‍ ഈ നിയമത്തിലെ പഴുതുകള്‍ ദുരുപയോഗം ചെയ്ത് ജനാധിപത്യ ധ്വംസനം നടത്തുന്ന പ്രവണതയാണ് പിന്നീട് അരങ്ങേറിക്കൊണ്ടിരുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ നിക്ഷ്പക്ഷവും നീതിപൂര്‍വ്വവും പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട പദവിയാണ് സ്പീക്കറുടേത്. എന്നാല്‍ സ്പീക്കറെ ഉപയോഗിച്ചും കൂറുമാറ്റത്തെ തങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമാക്കാന്‍ ഭരണപക്ഷം ദുരുപയോഗം ചെയ്യുന്ന ദുരവസ്ഥയാണ് മിക്കപ്പോഴും നടമാടിയിട്ടുള്ളത്. അടുത്ത കാലത്ത് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ യഥേഷ്ടം പിരിച്ചുവിടുന്ന പ്രവണതയ്‌ക്കെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചത് ജനാധിപത്യത്തിന് കുറെയേറെ ശുഭോദാര്‍ഹമായി മാറിയിട്ടുണ്ട്. നിലവില്‍ പല സര്‍ക്കാരുകളുടെയും ആയുസ്സ് നിലനിര്‍ത്താന്‍ സാധ്യമാകുന്നത് തന്നെ കോടതിയുടെ ഈ നിലപാട് കൊണ്ടാണ്. ഈ സാഹചര്യത്തിലാണ് പണവും, പദവികളും വാഗ്ദാനം ചെയ്ത് ജനഹിതത്തെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ വലിയ തോതില്‍ നടന്നുവരുന്നത്. ഇതിന്റെ പ്രതിഫലനം ഗോവയില്‍ നാം കണ്ടു. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വിളിക്കാതെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയ്ക്കും അവസരം നല്‍കി. കുതിരകച്ചവടത്തിലൂടെ അവര്‍ക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ അവസരം സൃഷ്ടിച്ചു. കര്‍ണ്ണാടകത്തിലും ഇതേ പാത തന്നെ പിന്തുടര്‍ന്നു. ഭൂരിപക്ഷം ഉറപ്പുള്ള കോണ്‍ഗ്രസ്സ്-ജനദാതള്‍ സഖ്യത്തെ ക്ഷണിക്കാതെ ഭൂരിപക്ഷം ഉറപ്പില്ലാത്ത ബി.ജെ.പി. എന്ന പാര്‍ട്ടിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവിടെ ഗവര്‍ണ്ണര്‍ അവസരം ഒരുക്കികൊടുത്തു. കോടിക്കണക്കിന് രൂപയും, പദവിയും വാഗ്ദാനം നല്‍കി ജനപ്രതിനിധികളെ വിലയ്‌ക്കെടുത്ത് ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബി.ജെ.പി. നേതാവായ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പ്രസ്തുത സര്‍ക്കാര്‍ ആവത് ശ്രമിച്ചു. എം.എല്‍.എ.മാരെ സുരക്ഷിത താവളത്തിലും, റിസോര്‍ട്ടിലും താമസിപ്പിച്ചാണ് ഈ നീക്കത്തെ എതിര്‍വിഭാഗം നേരിട്ട് പരാജയപ്പെടുത്തിയത്. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട യെദ്യുരപ്പ സര്‍ക്കാര്‍ പുറത്തുപോകുകയും കോണ്‍ഗ്രസ്സ്- ദള്‍ സംഖ്യസര്‍ക്കാര്‍ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അവിടെ അധികാരത്തില്‍ എത്തുകയും ചെയ്തു. എന്നിട്ടും പ്രസ്തുത സര്‍ക്കാരിനെ താഴെയിറക്കാന്‍ പണവും മറ്റു പ്രലോഭനങ്ങളും ഉപയോഗിച്ച് ബി.ജെ.പി.യും യെദ്യൂരപ്പയും ശ്രമം നടത്തിപ്പോരുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി സര്‍ക്കാരിനെ എം.എല്‍.എ.മാരെ വിലയ്‌ക്കെടുത്ത് താഴെ ഇറക്കുമെന്ന് അദ്ദേഹം ആണയിട്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ആം ആദ്മീപാര്‍ട്ടിയിലെ എം.എല്‍.എ.മാരെ വിലയ്‌ക്കെടുത്ത് മന്ത്രി സഭ മറിച്ചിടാന്‍ ബി.ജെ.പി. ശ്രമം നടത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രീവാളും വിലാപം ഉയര്‍ത്തുന്നു. ഇതോടൊപ്പമാണ് ഗുജറാത്തിലെ ദളിത് നേതാവും ജിഗ്‌നേഷ് മേവാനിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെ ജനാധിപത്യലോകം ശ്രവിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഒപ്പം കൂട്ടാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ആയിരത്തി ഇരുന്നൂറ് കോടി രൂപയും പദവിയും വാഗ്ദാനം ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി! അതിലേറെ ഞെട്ടല്‍ ഉളവാക്കിയ കാര്യമാണ് മുന്‍കര്‍ണ്ണാടക മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പിലൂടെ പുറംലോകം അറിഞ്ഞത്. മുഖ്യമന്ത്രി പദവി ലഭിക്കാന്‍ സ്വന്തം പാര്‍ട്ടിയ്ക്കും നേതാക്കാന്മാര്‍ക്കും ആയിരത്തിഎണ്ണൂറ് കോടി രൂപ നല്‍കിയത് അക്കമിട്ട് നിരത്തിയ സ്ഥിതിവിവരകണക്കാണ് ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തപ്പെട്ടത്. അപ്രകാരം അധികാരത്തില്‍ വന്നതിന് ശേഷം ഈ തുകയുടെ എത്ര മടങ്ങ് അദ്ദേഹം ഖജനാവില്‍ നിന്നും കൊള്ളയടിച്ചുകാണും. ഇതെല്ലാം ജനാധിപത്യത്തെ ഇന്ന് ഗ്രസിച്ചുകൊണ്ടിരിക്കുന്ന അപചയം എത്രമാത്രം ഗുരുതരമാണെന്നാണ് വ്യക്തമാക്കുന്നത്. ഇതിന് പുറമെയാണ് ജനാധിപത്യത്തിന്റെ കറക്ടീവ് ഫോഴ്‌സുകളായ ഭരണഘടന സ്ഥാപനങ്ങളെ നിര്‍വീര്യമാക്കാനും ഹൈജാക്ക് ചെയ്യാനും ബോധപൂര്‍വ്വം കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന അപകടസ്ഥിതി ജനാധിപത്യ വ്യവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്രകാരം സി.ബി.ഐ., റിസര്‍വ്വ് ബാങ്ക്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ആദായനികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നടത്തപ്പെട്ട കൈകടത്തലുകള്‍ക്കെല്ലാം ഇന്നു നാം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. എന്തിനേറെ സുപ്രീംകോടി മുന്‍ ചീഫ് ജസ്റ്റിസ് ഭഗവത് പദവിയിലിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ വലയില്‍ വീഴ്ത്തി കോടതി നടപടികളില്‍ പോലും അവഹിത ഇടപെടല്‍ നടത്തിയ വസ്തുതയും വെളിച്ചത്തുവന്നു. സീനിയര്‍ സുപ്രീംകോടതി ജഡ്ജിമാരായ നാലുപേര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ ചരിത്രത്തില്‍ ആദ്യമായി പത്ര സമ്മേളനം നടത്തി ജനാധിപത്യം അപകടത്തിലാണെന്ന് വിളിച്ചു പറയുന്ന ദുരവസ്ഥപോലും രാജ്യത്തുണ്ടായി. ഇതിനെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി നേരിടണമെന്ന് അവര്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ഇതില്‍പെട്ട ഒരു ജഡ്ജി രഞ്ജന്‍ ഗൊഗോയിയാണ് പിന്നീട് ഇന്ത്യന്‍ ചീഫ് ജസ്റ്റീസ് ആയി ഉയര്‍ത്തപ്പെട്ടത്. ഇദ്ദേഹത്തെ അവിഹിത ഏര്‍പ്പാടിന് കിട്ടില്ലെന്നും സ്വാധീനത്തില്‍ പെടുത്താന്‍ കഴിയില്ലെന്നും ബോധ്യമുള്ളതിനാല്‍ പ്രസ്തുത സ്ഥാനത്തുനിന്നും തെറിപ്പിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള നീക്കമാണ് പിന്നീട് അണിയറയില്‍ നടത്തപ്പെട്ടതെന്ന് കരുതേണ്ടിവരുന്നു. അതാണ് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായി നീതിപീഠത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയെ സ്ത്രീ പീഡന ആരോപണത്തില്‍ അകപ്പെടുത്തിയതെന്ന് അനുമാനിക്കേണ്ടി വരുന്നത്. ഇത് വന്‍ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി തന്നെ ഇതിനകം അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഗൂഢാലോചനയാണെങ്കില്‍ കൂടി സംഭവത്തില്‍ ആരോപണ വിധേയനായ ഇന്ത്യന്‍ ചീഫ് ജസ്റ്റിസില്‍ നിന്നുമുണ്ടായ ആദ്യ പ്രതികരണവും പരമോന്നത കോടതി സ്വീകരിച്ച നടപടിക്രമങ്ങളും അത്ര മാതൃകാപരവും അനുകരണീയവും അല്ലെന്ന അഭിപ്രായം ജനാധിപത്യ ഇന്ത്യയില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതേപോലെയാണ് നിലവില്‍ ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളും. ഇന്ന് ഇലക്ഷന്‍ കമ്മീഷന്‍ പോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ട അവസ്ഥയിലാണല്ലോ! സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ പക്ഷപാത നിലപാട് സ്വീകരിക്കുന്നതായി ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷകക്ഷികളെല്ലാം തന്നെ പരസ്യമായി അഭിപ്രായപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടു. തികഞ്ഞ ആദരവോടും ഭയഭക്തിബഹുമാനത്തോടും കാണേണ്ട രണ്ടു ഭരണഘടനാ സ്ഥാപനങ്ങളാണ് ഇപ്രകാരം ജനമധ്യത്തില്‍ വിമര്‍ശന ബുദ്ധിയാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടി വരുന്നത് ഒട്ടും അഭിലക്ഷണീയമായ കാര്യമല്ല. വളരെ സുതാര്യവും, നിക്ഷ്പക്ഷവും, നീതിപൂര്‍വ്വവും, ഒപ്പം ധീരമായും പ്രവര്‍ത്തിക്കേണ്ട രണ്ടു ഭരണഘടനാ സ്ഥാപനങ്ങളുടെയും പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് അവര്‍ തന്നെയാണന്നുള്ളതാണ് പരമപ്രധാനമായിട്ടുള്ളത്. വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികത പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇതോടൊപ്പമാണ് ദലിത്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട മൂന്നു കോടി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തുവെന്ന് ഗുരുതര ആരോപണവും ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. കൂടാതെ അധികാരത്തിലിരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളും തങ്ങള്‍ക്കാവുംവിധം ഹിതകരമല്ലാത്ത വോട്ടുകള്‍ വെട്ടിമാറ്റുന്ന പ്രക്രിയയും നടത്തുന്നു. കള്ളവോട്ടുകള്‍ തരംപോലെ നടത്തപ്പെടുന്നു. പണം നല്‍കി വോട്ടുകള്‍ വിലയ്ക്കു വാങ്ങുന്നു. കണക്കിലധികം തുക യാതൊരു നിയന്ത്രണവും കൂടാതെ ഒഴുക്കി തെരഞ്ഞെടുപ്പ് പ്രചരണ മാമാങ്കം അരങ്ങ് തകര്‍ക്കുന്നു. പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിക്ക് പരമാവധി എഴുപത് ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് ചെലവായി വിനിയോഗിക്കാന്‍ അര്‍ഹതയുള്ളു. എന്നാല്‍ ഇതിന്റെ 10 മുതല്‍ 100 ഉം അതിലധികവും ഇരട്ടി തുക ചെലവിടുന്ന രീതിയാണ് മിക്ക സ്ഥാനാര്‍ത്ഥികളിലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വര്‍ക്ഷീയ ധ്രുവീകരണം ലക്ഷ്യമാക്കി പ്രസംഗങ്ങളും, അഭിപ്രായ പ്രകടനങ്ങളും അണിയറ പ്രവര്‍ത്തനങ്ങളും നടത്തപ്പെടുന്നു. ഇതെല്ലാം ഇലക്ഷന്‍ പ്രഹസനമാക്കുന്നതോടൊപ്പം ജനാധിപത്യത്തിന്റെ അര്‍ത്ഥമില്ലാതാക്കുന്നതുമാണ്. ഈവിധ ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ മിക്കതും നടമാടുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കാവലാളാകേണ്ട, ഒരു മാലാഖയെപ്പോലെ പരിശുദ്ധിയോടുകൂടി പരിപാലിക്കാന്‍ ബാധ്യതപ്പെട്ട ഉന്നത ഭരണസാരിഥ്യത്തിന്റെ അറിവോടും മൗനാനുവാദത്തോടും, ആശീര്‍വാദത്തോടുകൂടിയാണെന്നതാണ് ഏറെ വിചിത്രമായിട്ടുള്ളതും നമ്മെ ആകുലപ്പെടുത്തുന്നതും. ഇതിന്റെ അവസാനത്തെ പ്രത്യക്ഷ ഉദാഹരണമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്നും നാം അടുത്തിടെ കേട്ടത്. പശ്ചിമബംഗാളിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പരസ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്രകാരം പറയുകയുണ്ടായി. അവിടുത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും 60 എം.എല്‍.എ.മാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേക്കേറുമെന്നാണ് വെളിപ്പെടുത്തിയത്. ഒരു മൂന്നാംകിട രാഷ്ട്രീയ നേതാവിന്റെ ലാഘവത്തോടെ ഇത്തരം കൂറുമാറ്റത്തിലൂടെയുള്ള കുതിരകച്ചവടത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഊറ്റം കൊള്ളുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് യാതൊരു ഉളുപ്പും അനുഭവപ്പെട്ടില്ല. എത്രമാത്രം നമ്മുടെ ജനാധിപത്യ വ്യവസ്ഥ അധഃപതിച്ചു എന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുകയാണ്. ഇപ്രകാരം ജനാധിപത്യത്തിന്റെ പുറംചട്ടയണിഞ്ഞ് സ്വന്തം താല്പര്യത്തിനുവേണ്ടി ജനാധിപത്യത്തെ ഹനിക്കുന്ന നടപടികളാണ് ഏറെ ഉത്തരവാദിത്വപ്പെട്ട ഇവര്‍ നടത്തിപ്പോരുന്നത്. ഇതിലൂടെ അന്തഃസത്തയും മൂല്യങ്ങളും നഷ്ടപ്പെട്ട ഒരു പുറംതോട് മാത്രമായി ജനാധിപത്യ വ്യവസ്ഥ മാറ്റപ്പെട്ടിരിക്കുന്നു. ഇപ്രകാരം പണാധിപത്യത്താലും മറ്റു പ്രകാരത്താലും തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ ശക്തവും പഴുതുകളില്ലാത്തതും സമഗ്രവുമായ നിയമം അനിവാര്യമാണ്. ജീവിച്ചിരിക്കുന്ന ഒരു ഇന്ത്യന്‍ പൗരന്റേയും വോട്ട് വെട്ടിമാറ്റുകയോ, നിഷേധിക്കുകയോ ചെയ്യുന്ന അവസ്ഥ മേലില്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന വ്യവസ്ഥ വേണം. അതാത് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടു ചെയ്യുന്ന ജനപ്രതിനിധികളുടെ വോട്ട് പ്രസ്തുത നിമിഷം മുതല്‍ നിയമപരമായി അസാധുവാക്കപ്പെടുന്നതിനും അംഗത്വം എന്ന അവകാശം പൂര്‍ണ്ണമായും നിഷേധിക്കപ്പെടുന്നതിനും വ്യവസ്ഥ വേണം. പുതിയ ജനവിധി തേടിവേണം പ്രസ്തുത അംഗത്തിന് ഈ അവകാശം വീണ്ടും ആര്‍ജിക്കാന്‍. ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് റിട്ടയര്‍മെന്റിനുശേഷം മറ്റ് യാതൊരു സര്‍ക്കാര്‍ പദവികളും നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ ഉണ്ടാവണം. കേന്ദ്ര തെരഞ്ഞടുപ്പില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിനേയും, സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനലിനേയും മോണിറ്റ് ചെയ്യാന്‍ ചുമതലപ്പെടുത്താന്‍ വ്യവസ്ഥ വേണം. ഇപ്രകാരമുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണം നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവന്നു ജനാധിപത്യത്തെ സംരക്ഷിക്കാന്‍ സത്വരനടപടി സ്വീകരണമെന്നാണ് ജനാധിപത്യ ലോകമെന്ന് ആഗ്രഹിക്കുന്നത്. അതിന് ഇടവരട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.