Connect with us

Video Stories

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ ?

Published

on

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പുരപ്പുറത്തുകയറി പ്രസംഗിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങ് അധികാരമില്ലാത്തവര്‍ക്കു നേരെയുള്ള ബൂര്‍ഷ്വാവര്‍ഗത്തിന്റെ ഉപകരണമാണെന്ന് കാറല്‍മാര്‍ക്‌സ് പറയുന്നു. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, പി.കെ വാസുദേവന്‍നായര്‍, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍വരെയെത്തി നില്‍ക്കുന്നു കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പൂര്‍വകാല പട്ടിക. അവരിലൂടെയൊന്നും കേരളം കാണാത്ത രീതിയാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിനിപ്പോള്‍ പിണറായി വിജയനിലൂടെ അനുഭവപ്പെടുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് സി.പി.എമ്മും ബി. ജെ.പി-ആര്‍.എസ്.എസ് നേതാക്കളുമായി പിണറായി വിജയന്‍ നടത്താനിരുന്ന സമാധാനചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനും ചിത്രങ്ങളെടുക്കാനുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഏറെ വേദനാജകം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ചര്‍ച്ചക്കുമുമ്പ് മാധ്യമ പ്രവര്‍ത്തകരെ ഹോട്ടലിലെ ഹാളില്‍കണ്ട പിണറായി ഇന്നോളം ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ രാഷ്ട്രീയ നേതാവോ പോലും പറയാന്‍ അറയ്ക്കുന്ന വാചകമാണ് പുറത്തെടുത്തത്. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് രോഷത്തോടെ ആക്രോശിക്കുന്ന പിണറായി വിജയന്റെ ഭാവവും സ്വരവും അതേ മാധ്യമ പ്രവര്‍ത്തകര്‍തന്നെ കാമറകളില്‍ ഒപ്പിയെടുത്തു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടുത്തുനില്‍ക്കെയാണ് പിണറായി മാധ്യമ പ്രവര്‍ത്തകരോട് ധാര്‍ഷ്ട്യപ്രകടനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ‘പറഞ്ഞിരുന്നു’ എന്നു കോടിയേരിതന്നെ പിണറായിയോട് പറയുന്നതും അതിന്, ‘എന്ത് പറഞ്ഞിരുന്നു’ എന്ന് പിണറായി തട്ടിക്കയറുന്നതും കോടിയേരി ജാള്യനാകുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം, കേള്‍ക്കാം. മാധ്യമ പ്രവര്‍ത്തകരെ യോഗത്തിന് ക്ഷണിച്ചിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ന്യായം വിചിത്രമായിരിക്കുന്നു. മുഖ്യമന്ത്രിയുടേത് ഗ്രാമ ഭാഷയാണെന്നാണ് സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്‍ പറയുന്നത്. ക്ഷണിച്ചിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകളെടുക്കാന്‍ പോകുന്നതെന്നത് ജനാധിപത്യരീതിയല്ലെന്നും ആ പ്രസ്താവനക്ക് സ്വേഛാധിപത്യത്തിന്റെ സംസ്‌കൃത ഭാഷയാണെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവിടെ പ്രവേശനമില്ലെന്ന് ആരും മുന്‍കൂട്ടി അറിയിച്ചതുമില്ല. പിന്നീട് ഇക്കാര്യത്തില്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രിയില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? അഥവാ ബി.ജെ.പിക്കാരും പിണറായിയും കൂടിയിരിക്കുന്ന ചിത്രം പുറത്തുവന്നാലെന്ത് കുഴപ്പമാണ് നാടിനുണ്ടാകുക? ഇതേ നാണയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചിരുന്നെങ്കിലോ.? ഇത്തരമൊരു നേതാവിനെങ്ങനെയാണ് അക്രമികളായ അണികളെ നിയന്ത്രിക്കാനാവുക?
യഥാര്‍ത്ഥത്തില്‍ എന്താണിതിന് പ്രചോദനവും പ്രകോപനവും? സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് തുടര്‍ച്ചയായി ഉണ്ടായ സംഘട്ടനങ്ങളും കല്ലേറും വാഹനങ്ങള്‍ തകര്‍ക്കലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധവുമെല്ലാം മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ മൂക്കിന്‍തുമ്പിലാണ് തുടര്‍ച്ചയായി നാലു ദിവസം അക്രമപ്പേക്കൂത്ത് അരങ്ങേറിയത്. ഞായറാഴ്ച മുഖ്യമന്ത്രിയെയും സംസ്ഥാനപൊലീസ് മേധാവിയെയും ഗവര്‍ണര്‍ നേരിട്ടുവിളിച്ചുവരുത്തി വിശദീകരണം തേടുകയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് പിണറായി വിജയനെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇവിടെയൊക്കെ പ്രതിരോധത്തിലായ പിണറായി ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് തന്റെ അസ്വസ്ഥത കരഞ്ഞുതീര്‍ക്കുകയായിരുന്നു എന്ന് കരുതുന്നതാവും യുക്തി. രാജാവ് നഗ്നനാണ് എന്നുപറയാന്‍ മന്ത്രിമാരോ പ്രജകളോ തയ്യാറായെന്നുവരില്ല. സത്യം പറയുന്ന കുട്ടിയുടെ സ്ഥാനമാണ് മാധ്യമങ്ങള്‍ക്ക് സമൂഹത്തിലുള്ളത്. ജനാധിപത്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ കണ്ണിയാണ് മാധ്യമങ്ങള്‍. അവരിലൂടെയാണ് ജനങ്ങളും സര്‍ക്കാരും സമൂഹത്തിലെ ഓരോ ചലനവും മനസ്സിലാക്കുന്നതും തദനുസൃതമായി നിലപാടുകളും പരിപാടികളും നടപടികളും സ്വീകരിക്കാന്‍ കഴിയുന്നതും. നിര്‍ഭാഗ്യവശാല്‍ ഡൊണാള്‍ഡ് ട്രംപ് മുതല്‍ പോള്‍പോട്ട് വരെയുള്ള അധികാരികളൊന്നും ഇതൊന്നും വകവെച്ചുകൊടുക്കുന്നില്ല. പകരം കൃത്യനിര്‍വഹണത്തിനിടെ പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ അവഹേളനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വരെ വിധേയരാകുന്നു. പൊതുസേവനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന ജോലിയെ മാനിച്ചില്ലെങ്കിലും ഭത്‌സിക്കാതിരിക്കുക എന്ന സാമാന്യനീതിയെങ്കിലും മുഖ്യമന്ത്രിയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്ന ഒന്നാണ്. ഇതൊക്കെ അറിയാത്തയാളാണോ പിണറായിവിജയന്‍. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് നാഴികക്ക് നാല്‍പതുവട്ടം സംഘ്പരിവാര്‍ ഫാസിസത്തെക്കുറിച്ച് പെരുമ്പറ കൊട്ടുന്നത്.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെ തന്റെ പിറന്നാളാഘോഷത്തിന്റെ ലഡുവുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട പിണറായി പഴയ വൈരാഗ്യമെല്ലാം അടക്കിവെച്ചെന്ന പ്രതീതിയാണ് അന്നുണ്ടാക്കിയത്. എന്നാല്‍ ആഴ്ചയിലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താസമ്മേളനം വേണ്ടെന്നുവെച്ചതും മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് വെളിപ്പെടുത്താനാവില്ലെന്ന് അറിയിച്ചതും കാര്യങ്ങള്‍ ആശങ്കപ്പെട്ടതുപോലെതന്നെ എന്നുവന്നു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ തല്ലാനും തല്ലുകൊള്ളാനുമായി ഹൈക്കോടതിയിലേക്ക് പോകേണ്ടെന്ന വിചിത്രമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. സംസ്ഥാന സെക്രട്ടറിയായിരിക്കെ മാധ്യമ പ്രവര്‍ത്തകരെ മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ച് ആക്ഷേപിച്ചതും ഇതേ വിജയനായിരുന്നു. ഭരണത്തിലേറിയതു മുതല്‍ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് വലിയ പ്രതിരോധത്തിലാണ് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതും തൃശൂര്‍ നെഹ്‌റു കോളജില്‍ പാര്‍ട്ടിക്കാരനായ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹമരണവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ യു.എ.പി.എ ചുമത്തി പൊലീസ് തുറുങ്കിലടച്ചതുമെല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായാണ് സ്വാഭാവികമായും വിലയിരുത്തപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും നിയമസഭയിലും വരെ പിണറായിക്ക് തന്റെ പിഴവ് പരസ്യമായി സമ്മതിക്കേണ്ടിവന്നു. ഇടക്കാലത്ത് തന്റെ വലംകൈയായിരുന്ന കണ്ണൂര്‍ ലോബിയിലെ പ്രമുഖനായ ഇ.പി ജയരാജന് ബന്ധു നിയമനക്കേസില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചുപോകേണ്ടിയുംവന്നു. കോടിയേരിയാകട്ടെ പല ഘട്ടത്തിലും മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചില്ല എന്ന വിലയിരുത്തലുമുണ്ടായി. അധികാരി അമാനുഷനൊന്നുമല്ല. ഈര്‍ഷ്യയും അസ്‌ക്യതയും സ്വാഭാവികം. എന്നാല്‍ ഭരമേല്‍പിക്കപ്പെട്ട അധികാരത്തിന്റെ വജ്രായുധം വിവേകപൂര്‍വം വിനിയോഗിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യവും പൗരസ്വാതന്ത്ര്യവുമൊക്കെ പരിപൂര്‍ണമായി ജനത്തിന് വേദ്യമാകുക. അതല്ലെങ്കില്‍ അതീ നാടിനുതന്നെ ദുരന്തമാകും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.